ശബ്ദത്തിനേക്കാള്‍ വേഗതയില്‍ സഞ്ചാരം സാധ്യമായിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. ലണ്ടന്‍ ന്യൂയോര്‍ക്ക് യാത്ര വെറും നാലു മണിക്കൂറിനുള്ളില്‍ സാധ്യമാക്കിയ കോണ്‍കോര്‍ഡ് വിമാനങ്ങള്‍ നിലത്തിറക്കിയിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. പക്ഷേ വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രം അത്യാഡംബരപൂര്‍വ്വം ചിന്തിക്കാന്‍ കഴിയുന്ന ഒന്നാണ് കോണ്‍കോര്‍ഡ് യാത്രകള്‍. ഭൂമിയിലൂടെത്തന്നെ വിമാനവേഗത്തിലോ അതിലധികമോ വേഗതയില്‍ യാത്ര ചെയ്യാനുള്ള ഒരു സംവിധാനത്തെക്കുറിച്ച് മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
എന്തുകൊണ്ടാണ് ഭൂനിരപ്പിലൂടെ വലിയ വേഗതയില്‍ സഞ്ചാരം സാധ്യമല്ലാത്തത്. ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിന്‍ വേഗത പോലും മണിക്കൂറില്‍ 400 കിലോമീറ്റര്‍ ആണ്.
കാരണം വേറൊന്നുമല്ല. ഭൂനിരപ്പിലെ വായു സാന്ദ്രതയും അതുയര്‍ത്തുന്ന പ്രതിരോധവും തന്നെ. ഒരു വിമാനം റണ്‍വേ വിട്ടുയരുമ്പോള്‍ അതിന്റെ വേഗത മണിക്കൂറില്‍ 350 -400 കിലോമീറ്റര്‍ ആയിരിക്കും. അത് പറന്ന് മുപ്പതിനായിരം -നാല്‍പ്പതിനായിരം അടി മുകളിലെത്തുമ്പോള്‍ മാത്രമേ 700 -800 കിലോമീറ്റര്‍ വേഗത ആര്‍ജ്ജിക്കാന്‍ കഴിയൂ. കാരണം ഈ ഉയരത്തില്‍ വായുസാന്ദ്രത ഭൂനിരപ്പിനേക്കാള്‍ പല മടങ്ങ് കുറവാണ്. അതുകൊണ്ടുതന്നെ അതുയര്‍ത്തുന്ന പ്രതിരോധവും തീരെ കുറവാണ്.
അപ്പോള്‍, നാല്പതിനായിരം അടി മുകളിലുള്ള ഒരു അന്തരീക്ഷനില ഭൂമിയില്‍ സൃഷ്ടിച്ചാല്‍ അതിലൂടെ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാനാവില്ലേ? സ്പേസ് എക്‌സ് മേധാവിയും വിപ്ലവകരമായ ആശയങ്ങളുടെ രാജാവുമായി ഇലോണ്‍ മസ്‌ക് ആണ് ഏകദേശം രണ്ടു പതിറ്റാണ്ട് മുമ്പ് ഈ ആശയവും മുന്നോട്ട് വെച്ചത്.
രണ്ടു സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഒരു വലിയ കുഴല്‍. സാധാരണ കാണുന്ന റെയില്‍വേ തുരങ്കങ്ങളുടെ ഒക്കെ വലിപ്പത്തില്‍. ഇതില്‍ സഞ്ചരിക്കാനുള്ള പ്രത്യേക പോഡുകള്‍ തയ്യാറാക്കുന്നു. കൂറ്റന്‍ കംപ്രസ്സറുകളും പമ്പുകളും ഉപയോഗിച്ച് കുഴലിനുള്ളിലെ വായുവിനെ വലിച്ചെടുത്ത് മര്‍ദ്ദം തീരെ കുറക്കുന്നു. മുമ്പ് പറഞ്ഞതുപോലെ നാല്‍പ്പതിനായിരം അടി ഉയരത്തിലെ അവസ്ഥ. സഞ്ചരിക്കാനുള്ള പോഡ്, കാന്തികശക്തി ഉപയോഗിച്ച് ഉയര്‍ത്തുന്നു. ഒരു കാന്തത്തിന്റെ സമാനധ്രുവങ്ങള്‍ പരസ്പരം വികര്‍ഷിക്കും എന്ന തത്വമാണ് ഇവിടെ ഉപയോഗിക്കുന്നത്.
വായുപ്രതിരോധം തീരെ ഇല്ലാത്ത, ഒരിടത്തും സ്പര്‍ശിക്കാതെ ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥയില്‍ എത്ര വേഗം വേണമെങ്കിലും ആര്‍ജ്ജിക്കാന്‍ കഴിയും. രണ്ടു ഇടങ്ങളെ ഒരു ട്യൂബ് വഴി ബന്ധിപ്പിക്കുന്നത് കൊണ്ട് ഇതിനു ഹൈപ്പര്‍ ലൂപ്പ് എന്ന പേരുമിട്ടു.
വലിയ ദൂരത്തില്‍ ഒരു ട്യൂബിനുള്ളില്‍ ശൂന്യത സൃഷ്ടിക്കുക, അത് തുടര്‍ച്ചയായി നിലനിര്‍ത്തുക എന്നതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. അതുപോലെ, സഞ്ചരിക്കാനുള്ള പോഡ്, അമിതവേഗതയില്‍ പോകുമ്പോഴുള്ള സംതുലനം, മനുഷ്യര്‍ക്കുണ്ടാകാവുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍, സുരക്ഷിതത്വം. എന്നിങ്ങനെ നൂറു നൂറു പ്രശ്‌നങ്ങള്‍ ഇവിടെ അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്.
ലോകം മുഴുവന്‍ ഇപ്പോള്‍ ഏറ്റവുമധികം ഗവേഷണങ്ങള്‍ നടക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ഹൈപ്പര്‍ ലൂപ്പ്. അമേരിക്കയിലെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് കമ്പനിയാണ് ഇതില്‍ ഏറെ മുന്നേറിയിരിക്കുന്നത്.
കുറഞ്ഞ ഊര്‍ജ്ജത്തില്‍ കൂടുതല്‍ വേഗതയിലുള്ള സഞ്ചാരം എന്നതും ട്രെയിനുകളെപ്പോലെയോ വിമാനങ്ങളെപ്പോലെയോ ഫോസില്‍ ഇന്ധനങ്ങള്‍ കൊണ്ടുള്ള അന്തരീക്ഷ മലിനീകരണം തീരെയില്ല എന്നതുമൊക്കെക്കൊണ്ട് ഇന്ത്യന്‍ റെയില്‍വേ ഹൈപ്പര്‍ലൂപ്പ് പദ്ധതിയില്‍ ഏറെ താല്പര്യം കാണിക്കുന്നുണ്ട്. റെയില്‍വേയും ചെന്നൈ ഐഐടിയിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ സംഘവും ചേര്‍ന്ന്, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ് എന്നൊരു സംയുക്ത സംരംഭം പ്രവര്‍ത്തനമാരംഭിക്കുകയും ഏറെ മുന്നേറുകയും ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നടന്ന, പോഡ് ഡിസൈനിങ്ങിനുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്ത ഏക ഏഷ്യന്‍ കമ്പനി ആവിഷ്‌കര്‍ ആണ്. ഏകദേശം 2030 ആവുമ്പോഴേക്കും ചെന്നൈ – ബാംഗ്ലൂര്‍ റൂട്ടില്‍ ഹൈപ്പര്‍ ലൂപ്പ് പ്രാവര്‍ത്തികമാക്കുക എന്നതാണ് അവരുടെ ഉദ്ദേശ്യം.
Comments