- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- ”എന്നേയും ലേലം ചെയ്യൂ!” ( ആദ്യത്തെ അഗ്നിപരീക്ഷ 24 )
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
ബറാര്‍ (വിദര്‍ഭ) പ്രാന്തത്തിലെ മെഹ്കര്‍ താലൂക്കില്‍നിന്ന് സത്യഗ്രഹികളുടെ പശു, കാള, ധാന്യം, കൃഷി ഉപകരണങ്ങള്‍ എന്നുമാത്രമല്ല സ്ത്രീകളുടെ ആഭരണങ്ങള്‍ സഹിതം ജപ്തി ചെയ്ത് പിഴയടക്കാനുള്ള പൈസ വസൂലാക്കാനെന്ന പേരില്‍ ലേലം ചെയ്തു. അകോലയിലെ ദേവരാജ് ലോടേ എന്ന സത്യഗ്രഹിയുടെ വിധവയാ യ അമ്മയെ ഇടയ്ക്കിടെ സമീപിച്ച് പിഴയടക്കാനുള്ള തുകയ്ക്കുവേണ്ടി അവരെ ബുദ്ധിമുട്ടിക്കാന്‍ ഒരുങ്ങിയപ്പോള്‍ ആ വയോവൃദ്ധ ഗതികെട്ട് ”എന്റെ കയ്യില്‍ പണമില്ല. പിഴ വസൂലാക്കുന്നതിന് ന്യായത്തിന്റെ പിന്‍ബലമുണ്ടെന്നും കരുതുന്നില്ല. എന്നിട്ടും നിങ്ങള്‍ പോലീസ്‌രാജ് നടപ്പിലാക്കാനാണ് ഭാവമെങ്കില്‍ നിങ്ങള്‍ എന്നെത്തന്നെ ലേലം ചെയ്ത് നിങ്ങളുടെ തുക വസൂലാക്കുക” എന്ന് പറഞ്ഞു.
♦ വര്‍ദ്ധ ജില്ലയില്‍ ഏകദേശം നൂറിലധികം സത്യഗ്രഹികളില്‍ നിന്ന് പിടിച്ചെടുക്കലും ജപ്തിയും നടന്നു. ഇത്തരം വസ്തു പിടിച്ചെടുക്കലും ജപ്തി ചെയ്യലുമെല്ലാം സംഘനിരോധനം പിന്‍വലിച്ചതിനും സത്യഗ്രഹികളുടെ ശിക്ഷകള്‍ റദ്ദാക്കിയതിനും ശേഷവും നടന്നു. ഉമ്‌റേഡിലെ രണ്ടു സത്യഗ്രഹികള്‍ ദാണിയും കാളെയും പിഴയടയ്ക്കുന്നതിനുപകരം കൂടുതല്‍ കാലം തടവു ശിക്ഷ അനുഭവിച്ചശേഷവും പിഴയുടെ തുകയ്ക്കുവേണ്ടി അവരുടെ ഗൃഹോപകരണങ്ങള്‍ ജപ്തി ചെയ്യുകയുണ്ടായി.
പഞ്ചാബില്‍ പിഴയായി പശുവും കാളയും
♦ പഞ്ചാബില്‍ നാദോണ്‍ ജില്ലയില്‍ ജയിലിലടയ്ക്കപ്പെട്ട ഒരു സത്യഗ്രഹിയുടെ പശുവിനെയും കാളയേയും പോലീസുകാര്‍ അഴിച്ചുകൊണ്ടുപോയി. അതുകൊണ്ട് വീട്ടുകാര്‍ പിഴയടയ് ക്കാന്‍ നിര്‍ബന്ധിതരായി. വാസ്തവത്തില്‍ ഇത്തരം പിഴയടയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു. അത് തികച്ചും നിയമവിരുദ്ധമായ നടപടിയായിരുന്നു.
♦ പഞ്ചാബിലെ അമൃത്‌സറില്‍ 200 സത്യഗ്രഹികളുടെ വീട്ടില്‍നിന്ന് പിഴ ഈടാക്കുകയുണ്ടായി. അംബാലയില്‍ നാല് വീടൊഴിച്ച് ബാക്കി എല്ലാ സത്യഗ്രഹികളുടെയും വീട്ടില്‍നിന്ന് അടുക്കളയിലെ പാത്രങ്ങളടക്കം സര്‍വ്വസാധനങ്ങളും ജപ്തിചെയ്തുകൊണ്ടുപോയി. നാല് പേര്‍ പിഴത്തുക നേരത്തേ അടച്ചിരുന്നു. ചില വീടുകളിലെ സ്ത്രീകള്‍ക്ക് ധരിക്കാനുള്ള വസ്ത്രങ്ങളും ജപ്തിയില്‍ ഉള്‍പ്പെട്ടിരുന്നു.
♦ ബീഹാറിലെ ബാങ്കാ നഗരത്തിന് സമീപമുള്ള കൃഷ്ണഡീഹ എന്ന ചെറുഗ്രാമത്തില്‍നിന്ന് 13 കര്‍ഷകര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തിരുന്നു. അവര്‍ക്കെല്ലാം ജയില്‍ ശിക്ഷയ്ക്കു പുറമേ 200 രൂപാവെച്ച് പിഴയും ശിക്ഷിച്ചിരുന്നു. പോലീസ് പിഴ വസൂ ലാക്കാനായി വീടുകളില്‍ പോയപ്പോള്‍ ഒന്നും കിട്ടാഞ്ഞതിനാല്‍ അവരുടെ കുടിലുകള്‍ പൊളിച്ചുകളഞ്ഞു. ചില വീടുകളില്‍ നിന്ന് സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രങ്ങളും കിടക്കാനുള്ള വിരികളും മറ്റും കൊണ്ടുപോയി. ചില വീട്ടുകാരുടെ പശുവിനേയും കാളയെയും ജപ്തി ചെയ്തുകൊണ്ടുപോയി.
♦ രോഷഗിരി എന്ന സത്യഗ്രഹി ആര്യപുരി പച്ചക്കറിച്ചന്തയില്‍ തന്റെ അകന്ന ബന്ധുവിന്റെ കൂടെയാണ് താമസിച്ചിരുന്നത്. പിഴ ഈടാക്കാന്‍ പോലീസ് ഈ വീട്ടിലെത്തി. വിഭജനകാലത്ത് പശ്ചിമപഞ്ചാബില്‍നിന്നും സര്‍വ്വതും നഷ്ടപ്പെട്ടു ഓടിരക്ഷപ്പെട്ടുവന്ന ആളായിരുന്നു ആ സാധുമനുഷ്യന്‍. അയാളുടെ കൈവശം പണമുണ്ടായിരുന്നില്ല. താണുകേണപേക്ഷിച്ചിട്ടും പോലീസ് തെല്ലുപോലും കരുണ കാണിക്കാന്‍ സമ്മതരായില്ല. അവസാനം ഗതികെട്ട് ആ പാവം ഭാര്യയുടെ ആഭരണം അടുത്ത വീട്ടില്‍ പണയംവെച്ച് പോലീസിന് 400 രൂപ കൊടുത്തു. പോലീസ് അത് സ്വന്തം കീശയിലാക്കി സ്ഥലംവിട്ടു.
സത്യഗ്രഹത്തില്‍ കോണ്‍ഗ്രസുകാരും
സംഘത്തിനുനേരേയുള്ള അന്യായമായ നിരോധനം നീക്കുന്നതിനായി സംഘം അതിന്റെ ശക്തിയനുസരിച്ച് പ്രക്ഷോഭം നടത്തുകയായിരുന്നു. എന്നാല്‍ ഒട്ടനവധി സാധാരണ ജനങ്ങള്‍ മാത്രമല്ല പല കോണ്‍ഗ്രസുകാരും സത്യഗ്രഹത്തില്‍ പങ്കാളികളായി.
സോളാപൂരിലെ കോണ്‍ഗ്രസ് കമ്മറ്റിയിലെ പ്രധാന കാര്യകര്‍ത്താവായ ഗണേഷ് ബാപുജി ശിന്‍കര്‍ ഡിസംബര്‍ 12 ന് കടുത്തഭാഷയില്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചശേഷം കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ച് സത്യഗ്രഹത്തില്‍ പങ്കാളിയായി. അദ്ദേഹം തന്റെ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു:- ”ഞാന്‍ 1942 ല്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്തയാളാണ്. അന്ന് മുതലാളിമാരും കര്‍ഷകരും സര്‍ക്കാറിനെ ഭയന്നിരുന്നു. നമുക്ക് അവരില്‍നിന്ന് ഒരു സഹായവും കിട്ടിയിരുന്നില്ല. അതുകൊണ്ട് നാം സംഘത്തിന്റെ കാര്യകര്‍ത്താക്കളെയാണ് ശരണം പ്രാപിച്ചത്. നമുക്കുവേണ്ടി എല്ലാ വ്യവസ്ഥകളും ചെയ്ത് അവര്‍ സഹായിച്ചിരുന്നു. നമ്മില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ സംഘത്തിന്റെ ഡോക്ടര്‍മാര്‍ ചികിത്സയും മരുന്നും എല്ലാംതന്ന് നമ്മെ രക്ഷിച്ചിരുന്നു. സംഘത്തിലെ വക്കീലന്മാര്‍ ധൈര്യപൂര്‍വ്വം മുന്നോട്ടുവന്ന് നമുക്കാവശ്യമായ നിയമസഹായങ്ങളും ചെയ്തിരുന്നു. അവരുടെ ആദര്‍ശനിഷ്ഠയും ദേശഭക്തിയും പ്രശംസനീയമാണ്. എല്ലാ കോണ്‍ഗ്രസ്സുകാരും കോണ്‍ഗ്രസ് പത്രവും അന്യായം നിറഞ്ഞ അടിസ്ഥാനരഹിതമായ ആരോപണ ങ്ങളുന്നയിച്ച് സംഘനിരോധനത്തെ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാരും ശരിയായ അന്വേഷണം നടത്താതെ വിദേശികളായ ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയ കരിനിയമങ്ങളുപയോഗിച്ച് 1948 ല്‍ ഗുരുജി ഗോള്‍വല്‍ക്കറെ തടവിലാക്കിയിരിക്കുന്നു. ഈ അന്യായങ്ങള്‍ക്കെതിരെയും പാപങ്ങള്‍ കഴുകിക്കളയാനുമായി ഞാന്‍ കോണ്‍ഗ്രസ്സില്‍നിന്ന് രാജിവെയ്‌ക്കേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.”
”സംഘത്തിന്റെ മേല്‍ ചുമത്തിയിട്ടുള്ള നിരോധനം ഭാരതത്തിന് കളങ്കമാണ്” എന്നുപറഞ്ഞ് ബോംബെയില്‍ ഗോസ്വാമി ജീവന്‍ജി മഹാരാജ് ഡിസംബര്‍ 15ന് സത്യഗ്രഹത്തില്‍ പങ്കെടുത്തു.
വിദര്‍ഭപ്രാന്തത്തിലെ അകോലവിഭാഗില്‍ സംഘസത്യഗ്രഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ്സുകാരും നിഷ്പക്ഷരുമായ മറ്റ് പ്രമുഖ വ്യക്തികളുടേയും പേരുവിവരങ്ങള്‍ പൂണെയിലെ ‘ദൈനിക്’ പത്രത്തില്‍ ജനുവരി 12 ലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. അതനുസരിച്ച് അനവധി വര്‍ഷമായി കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുകയും 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ജയിലില്‍ പോവുകയും ചെയ്ത സുപ്രസിദ്ധ കോണ്‍ഗ്രസ് നേതാക്കളായ ദാദാസാഹേബ് സോമണ്‍, ചിഖലി താലൂക്ക് കോണ്‍ഗ്രസ് കമ്മറ്റി മുന്‍ സെക്രട്ടറി ഡോ. ദേവ്കാളെ, ചിഖലി കിസാന്‍ സംഘ് അദ്ധ്യക്ഷന്‍ നാരായണ്‍ റാവ് ദേശ്മുഖ്, മന്‍കാപൂര്‍ താലൂക്ക് കിസാന്‍ സംഘം അദ്ധ്യക്ഷന്‍ അപ്പാസാഹേബ് മേത്ക്കര്‍, ബുള്‍ഡാന ജില്ലാ കിസാന്‍ സംഘ് ഉപാദ്ധ്യക്ഷന്‍ അവസ്തി, സമ്പത്ത്‌റാവു ചോപ്‌ഡേ, വിദര്‍ഭ കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി ഗോഖലെയുടെ മകനായ വിദ്യാധര്‍റാവ് ഗോഖലെ, ഖാംഗാവ് നഗരപാലികയുടെ അദ്ധ്യക്ഷനായ ബാളാസാഹേബ് സാഠേ, സാരോളയിലെ ബേല്‍സിംഗ് പാട്ടീല്‍, ലഖന്‍വാഡയിലെ ഭഗവാന്‍ പാട്ടീല്‍ തുടങ്ങിയ പ്രമുഖരെല്ലാം അതില്‍പെടുന്നു. ഹര്‍ദായിലെ കോണ്‍ഗ്രസ് മണ്ഡലാദ്ധ്യക്ഷനായ ഛോട്ടുഭയ്യാ സഹസ്രബുദ്ധേ രണ്ടുപ്രാവശ്യം സത്യഗ്രഹമനുഷ്ഠിച്ചു.
വിദേശത്തുനിന്നുള്ള സഹകരണം
സംഘനിരോധനത്തിന്റെ കാലത്ത് സംഘത്തിനോട് താത്പര്യം വെച്ചുപുലര്‍ത്തുന്ന സംഘടനകളൊന്നും തന്നെ വിദേശത്തുണ്ടായിരുന്നില്ല, അതിനാല്‍ വിദേശത്തുനിന്ന് യാതൊരു സഹായവും പ്രതീക്ഷിച്ചതുമില്ല. എന്നാല്‍ വിദേശത്ത് താമസിക്കുന്ന സംഘ സ്‌നേഹികളും സംഘത്തിന്റെ മുന്‍ കാര്യകര്‍ത്താക്കളുമെല്ലാം സംഘനിരോധനം നീക്കാന്‍ നടന്നുകൊണ്ടിരിക്കുന്ന സത്യഗ്രഹയജ്ഞത്തില്‍ അവരുടെ ആഹുതിയും അര്‍പ്പിക്കാന്‍ സന്നദ്ധരായി.
ഇംഗ്ലണ്ടില്‍ വസ്ത്രവ്യാപാരത്തിനായി പോയിരുന്ന സംഘ അനുഭാവി രാമചന്ദ്രകുമാറിന്റെ ഉദാഹരണം എടുത്തുപറയേണ്ടതാണ്. സംഘത്തിനെതിരെയുള്ള അന്യായം നീക്കാനായി സത്യഗ്രഹപരിപാടി ആരംഭിച്ചിരിക്കുന്നു എന്നറിഞ്ഞ ഉടനെ അദ്ദേഹം അതില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നു. അദ്ദേഹത്തോടൊപ്പം മറ്റുചിലര്‍ കൂടി വരാന്‍ ആഗ്രഹിച്ചെങ്കിലും വിസ കിട്ടാനുള്ള വിഷമം കാരണം അവര്‍ക്ക് വരാന്‍ കഴിഞ്ഞില്ല. രാമചന്ദ്രകുമാര്‍ അമൃത്‌സറില്‍ ഒരു സംഘം സത്യഗ്രഹികളുടെ ഒപ്പം പങ്കാളിയായി.
കിഴക്കനാഫ്രിക്കയിലെ സംഘാനുകൂലികളായ ജനങ്ങള്‍ ഭാരതത്തില്‍ അന്ന് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന സംഘസാഹിത്യം പോലെ അവിടെയും ‘ഹിന്ദുസന്ദേശ്’ എന്ന മാസിക പ്രസിദ്ധീകരിച്ചുതുടങ്ങി; അതിന്റെ ആയിരംപ്രതികള്‍ വിതരണം ചെയ്തിരുന്നു. ചക്രത്തിന്റെ അടയാളത്തോടുകൂടിയ ആ മാസികയില്‍ സംഘത്തിന്റെ വിശദമായ വിവരങ്ങള്‍ നല്‍കിയിരുന്നു. അതോടൊപ്പം സംഘത്തിനെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാന്‍ ഭാരതസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവിടുത്തെ ഭാരതീയസമൂഹത്തോട് ആഹ്വാ നം ചെയ്യുന്ന ലേഖനങ്ങളുമുണ്ടായിരുന്നു. അക്കാലത്തെ ജമ്മു-കാശ്മീരിലെ മുന്‍പ്രചാരക് ബല്‍രാജ് മധോക്ക് എഴുതിയ ‘എ പ്ലീ ടു പോജ് ആന്റ് പോണ്‍ടര്‍ – മിസ് അണ്ടര്‍സ്റ്റാന്റിങ്ങ് എബൗട്ട് ആര്‍.എസ്.എസ്. ക്ലാരിഫൈസ്’ എന്ന പുസ്തകം ആയിരക്കണക്കിന് കോപ്പി അച്ചടിപ്പിച്ച് വിതരണം ചെയ്തു. കാരണം ഭാരതസര്‍ക്കാര്‍ സംഘത്തിനെതിരായ പ്രചാരം നടത്തി അവിടുത്തെ ജനങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ കാര്യമായ ശ്രമം നടത്തിയിരുന്നു.
വിരോധം അവസാനിച്ചു
ബിക്കാനീറിലെ സംഘകാര്യകര്‍ത്താക്കളെ സുരക്ഷാനിയമമനുസരിച്ച് തടവിലാക്കിയതിനെതിരെ ബിക്കാനീറിലെ സകലമാനജനങ്ങളും കടകളടച്ച് ബന്ദ് നടത്തി പ്രതിഷേധിച്ചു. ഈ ശക്തമായ പ്രതിഷേധത്തെക്കുറിച്ച് പൂണെയിലെ ‘ഭാരത്’പത്രത്തില്‍ വന്ന ലേഖനം ”സംഘത്തിന്റെ കാര്യകര്‍ത്താവ് എന്ന അപരാധം ചുമത്തി മന്‍ഹര്‍ മെഹ്ത്താ, കോടക് എന്നിവരെ സുരക്ഷാ നിയമമനുസരിച്ച് തടവിലാക്കിയതിനെതിരെ ബിക്കാനീറിലെ സകല കടക്കാരും സ്വയം കടകളടച്ച് ബന്ദ് ആചരിച്ചു. അടുത്തുള്ള ഗ്രാമത്തിലെ ജനങ്ങ ളും വിഭിന്നരീതിയില്‍ അവരുടെ രോഷം പ്രകടമാക്കി.” അതേപോലെ ഡിസംബര്‍ 11 ന് ശിക്കാര്‍പൂരില്‍ (രാഹത്‌വാഡ) നിരോധിച്ച സംഘടനയുടെ പ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് 11 വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ആ വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും ബന്ദ് ആചരിച്ചു.
♦ ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ഡിസംബര്‍ 10 ന് 12 യുവാക്ക ന്മാര്‍ സത്യഗ്രഹം നടത്തി. അവരെ പോലീസ് അറസ്റ്റുചെയ്തുകൊണ്ടുപോയെങ്കിലും പ്രശ്‌നം അവിടെ അവസാനിച്ചില്ല. സത്യഗ്രഹസ്ഥലത്ത് സന്നിഹിതരായിരുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രകടനമായി ഓരോ വിദ്യാലയത്തിലേയ്ക്കും പോയിത്തുടങ്ങി. പരീക്ഷ നടക്കുന്ന ദിവസമായിരുന്നു. എന്നാല്‍ മുദ്രാവാക്യം വിളി കേട്ട നിമിഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെന്ന് ചിന്തിക്കാതെ ക്ലാസുകള്‍ വിട്ട് പ്രകടനത്തില്‍ പങ്കാളികളായിച്ചേര്‍ന്നു. ഘോഷയാത്ര രാജാ സ്‌കൂളിലെത്തിയപ്പോഴും വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുത്ത് നിര്‍ത്തി പ്രകടനത്തില്‍ പങ്കാളികളായി. അത് വമ്പിച്ച ഒരു പ്രകടനമായി രൂപാന്തപ്പെട്ടു. അവര്‍ സര്‍ക്കാര്‍ വിദ്യാലയത്തിലെത്തി. അവരും പ്രകടനത്തില്‍ ചേര്‍ന്നു. ഒരുതരത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഒരു മഹാസത്യഗ്രഹമായി അത് പരിണമിച്ചു.
♦ ബംഗാളില്‍ മാല്‍ഡയില്‍ ഡിസംബര്‍ 20 ന് സത്യഗ്രഹികളുടെ നേരേ പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പട്ടണം മുഴുവന്‍ ബന്ദ് നടത്തി. ഭരണാധികാരികള്‍ കച്ചവടക്കാരെ ഭയപ്പെടുത്താനും സമ്മര്‍ദ്ദം ചെലുത്താനുമെല്ലാം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബേല്‍ ഡാംഗ തുടങ്ങിയ സ്ഥലങ്ങളിലും അറസ്റ്റിനെതിരെ ഹര്‍ത്താല്‍ ആചരിച്ചു.
സെക്രട്ടേറിയറ്റ് ശൂന്യമായി
1949 ജനുവരി 9 ന് ഡല്‍ഹിയിലെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സത്യഗ്രഹസമയത്തെ ജനങ്ങളുടെ പ്രതികരണത്തില്‍നിന്ന് അവര്‍ക്ക് സംഘത്തോടുള്ള താത്പര്യം എത്രയെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നതായിരുന്നു. സത്യഗ്രഹികളുടെ മുദ്രാവാക്യം കേള്‍ക്കുന്നതോടെ സെക്രട്ടേറിയേറ്റിലെ ജോലിക്കാര്‍ ജോലിയെല്ലാം മാറ്റിവെച്ച് അവിടെ വന്നെത്തുമായിരുന്നു. സത്യഗ്രഹികളോടൊപ്പം എല്ലാ ജോലിക്കാരും ഗീതം ഏറ്റുപാടിക്കൊണ്ടിരുന്നു. പരിപാടി പത്തിരുപതുമിനുട്ട് നീണ്ടുനിന്നു. വിശ്രമസമയം കഴിഞ്ഞുവെന്ന കാര്യം ആരുംതന്നെ കണക്കിലെടുത്തില്ല. പോലീസ് സത്യഗ്രഹികളെ അറസ്റ്റുചെയ്ത് ട്രക്കില്‍ കയറ്റി. എന്നാല്‍ ജോലിക്കാര്‍ ട്രക്കിനു പുറകില്‍ മുദ്രാവാക്യം മുഴക്കി നീങ്ങിത്തുടങ്ങി. സെക്രട്ടറിയേറ്റ് ശൂന്യമായി. ഇതുകാരണം അടുത്ത ദിവസം സത്യഗ്രഹം കാണാന്‍ സെക്രട്ടറിയറ്റ് ജോലിക്കാര്‍ ആരും പോകരുതെന്ന് അധികാരികള്‍ ഉത്തരവു പുറപ്പെടുവിച്ചു. എന്നാല്‍ ജോലിക്കാര്‍ അത് തങ്ങളുടെ അവകാശത്തോടുള്ള വെല്ലുവിളി എന്ന നിലയ്‌ക്കെടുത്തു. അതുകൊണ്ട് ഉത്തരവിറക്കിയശേഷവും സെക്രട്ടേറിയറ്റിനുമുന്നില്‍ സത്യഗ്രഹം നടക്കുമ്പോഴെല്ലാം അവിടുത്തെ ജോലിക്കാര്‍ നേരത്തെതന്നെ അത്യുത്സാഹത്തോടെ അവിടെ എത്തിത്തുടങ്ങി. ഉത്തരവിന് പുല്ലുവിലയായി.
ജനങ്ങള്‍ രക്ഷാകവചമായി
കല്‍ക്കത്തയില്‍ അറസ്റ്റ് ചെയ്യപ്പെട്ട 250 സത്യഗ്രഹികളെ അടുത്ത ദിവസം മറ്റു ക്രിമിനല്‍ തടവുകാരോടൊപ്പം കോടതിയില്‍ കൊണ്ടുപോകാന്‍ ഒരുങ്ങിയപ്പോള്‍ സത്യഗ്രഹികള്‍ അതിനെ എതിര്‍ത്തു. പോലീസ് സത്യഗ്രഹികള്‍ക്കെതിരെ ബലം പ്രയോഗിക്കാന്‍ ഒരുങ്ങി യപ്പോള്‍ അവിടെയുണ്ടായിരുന്ന പൊതുജനങ്ങള്‍ അതിനെ തടയാനായി മുന്നോട്ടു വന്നതോടെ പോലീസ് ശാന്തമായി ക്ഷമ പറഞ്ഞ് തെറ്റ് തിരുത്താന്‍ സന്നദ്ധരായി. അങ്ങനെ ജനങ്ങള്‍ സത്യഗ്രഹികള്‍ക്ക് രക്ഷാകവചമായിത്തീര്‍ന്നു.
കല്‍ക്കത്തയിലെ ബാഗ്ബജാറില്‍ സത്യഗ്രഹികള്‍ക്ക് പ്രാര്‍ത്ഥന മുഴുവന്‍ ചൊല്ലാനുള്ള അനുവാദംപോലും പോലീസ് കൊടുക്കാതിരുന്ന സന്ദര്‍ഭത്തില്‍ അവിടെ സന്നിഹിതയായിരുന്ന ഒരമ്മ വളരെ കോപത്തോടെ മുന്നോട്ടുവന്ന് ഹൃദയസ്പര്‍ശിയായ പ്രസംഗം നടത്തി. അതുകേട്ടുനിന്ന പോലീസുദ്യോഗസ്ഥന്റെപോലും കണ്ണില്‍ വെള്ളം നിറഞ്ഞു. കൂടിനിന്നിരുന്ന ജനങ്ങള്‍ പോലീസിനെതിരെ ശക്തമായി തിരിഞ്ഞു. അവസാനം പോലീസിന് മുട്ടുകുത്തേണ്ടിവന്നു. സംഘപ്രാര്‍ത്ഥന കഴിഞ്ഞശേഷം മാത്രമേ പോലീസ് സത്യഗ്രഹികളെ അറസ്റ്റ് ചെയ്തുള്ളൂ.
കുങ്കുമതിലകം
മഹാരാഷ്ട്രത്തില്‍ പൂണെ പോലെയുള്ള നഗരങ്ങളില്‍ സത്യഗ്രഹ ആരംഭം മുതല്‍തന്നെ അവരെ അനുഗ്രഹിക്കാനായി വലിയ സംഖ്യയില്‍ ജനക്കൂട്ടം സന്നിഹിതരാകാറുണ്ടായിരുന്നു. അവരെ നിയന്ത്രിക്കാനായി പ്രത്യേകം ചില കാര്യകര്‍ത്താക്കളെ നിയോഗിക്കേണ്ടതായും വന്നിരുന്നു. സത്യഗ്രഹികളെ അനുഗ്രഹിക്കാന്‍ പലപ്പോഴും പുരുഷന്മാരേക്കാള്‍ സ്ത്രീകളായിരുന്നു ഉപസ്ഥിതരായിരുന്നത്. അമ്മമാരും സഹോദരിമാരും സത്യഗ്രഹികള്‍ക്ക് ആരതി ഉഴിഞ്ഞ് കുങ്കുമതിലകം ചാര്‍ത്തിയും അനുഗ്രഹിക്കുമായിരുന്നു. പ്രസാദരൂപത്തില്‍ നാളികേരവും പഴവുമെല്ലാമുണ്ടായിരുന്നു. പ്രകടനമായി പോകുമ്പോള്‍ പലസ്ഥലത്തും അവര്‍ക്ക് സ്വാഗതമരുളുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തിരുന്നു. പല സ്ഥലങ്ങളിലും സത്യഗ്രഹികള്‍ക്ക് കുടിക്കാന്‍ പാല്‍ നല്‍കിയിരുന്നു. ഒരുതരത്തില്‍ ഇവിടെയെല്ലാം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ‘സംഘക്കാര്‍ ഗാന്ധിഘാതകരാണ്’, ‘ഗാന്ധിഘാതകരെ തൂക്കിക്കൊല്ലുക’ എന്ന മുദ്രാവാക്യം മുഴക്കിയ സ്ഥലങ്ങളായിരുന്നു.
ധനവര്‍ഷവും
പഞ്ചാബില്‍ അമൃത്‌സര്‍, ജലന്ധര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സത്യഗ്രഹം നടക്കുന്ന സ്ഥലത്ത് തടിച്ചുകൂടുന്ന ജനക്കൂട്ടത്തിന്റെ ആധിക്യം കാരണം സത്യഗ്രഹികളുടെ പ്രസംഗസമയത്ത് ഉച്ചഭാഷിണി ഏര്‍പ്പാടുചെയ്യേണ്ട അവസ്ഥയുണ്ടായി. സത്യഗ്രഹികളുടെമേല്‍ പുഷ്പവൃഷ്ടിയോടൊപ്പം പല സ്ഥലത്തും പണത്തിന്റെ വൃഷ്ടിയുമുണ്ടായി. അമൃത്‌സറില്‍ ആദ്യദിവസം തന്നെ ജനക്കൂട്ടം സത്യഗ്രഹികളുടെ മേല്‍ രൂപായുടെ വൃഷ്ടി നടത്തി. സാമാന്യം എല്ലാ നഗരങ്ങളിലും സ്ത്രീകളും ബാലന്മാരും സ്വപ്രേരണയോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടുള്ള പ്രകടനങ്ങള്‍ നടത്തി.
ഉത്തരപ്രദേശില്‍ തലസ്ഥാനമായ ലഖ്‌നൗവില്‍ സത്യഗ്രഹ സമയത്ത് ജനങ്ങളുടെ പിന്തുണ അത്യപൂര്‍വമായിരുന്നു. സത്യഗ്രഹം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് അമിനാബാദ് പാര്‍ക്കിനുചുറ്റും ആയിരക്കണക്കിന് ജനങ്ങള്‍ എത്തുമായിരുന്നു. സത്യഗ്രഹികള്‍ വരുന്നതിനു മുമ്പുതന്നെ അവര്‍ സംഘത്തിന് പിന്തുണ നല്‍കുന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. ജനങ്ങളെ ഭയപ്പെടുത്താന്‍ പോലീസ് സത്യഗ്രഹികളോടൊപ്പം ചില പ്രമുഖ വ്യക്തികളെയും പിടികൂടാന്‍ ആരംഭിച്ചു. എന്നാല്‍ അത്തരം ശ്രമങ്ങളെല്ലാം വിഫലമായി. ജനങ്ങളുടെ ആവേശം വര്‍ദ്ധിച്ചുതന്നെ വന്നു.
ഡിസംബര്‍ 10 ന് ഡല്‍ഹിയില്‍ കരോള്‍ബാഗിനടുത്ത് രണ്ടുസ്ഥലത്തായി നിരന്തരമായ സത്യഗ്രഹം നടത്തിക്കൊണ്ടിരുന്നു. പോലീസിന്റെ അത്യാചാരം തുടര്‍ന്നു. ജനങ്ങള്‍ വലിയ സംഖ്യയില്‍ ഉപസ്ഥിതരായിരുന്നു. പോലീസിന്റെ അതിക്രമം കണ്ട് ജനങ്ങള്‍ ഇളകിവശായി. ”സംഘമാണ് നമ്മുടെ മാനവും ജീവിതവും എല്ലാം രക്ഷിക്കുന്നത്. സംഘപ്രവര്‍ത്തകരെ നിങ്ങള്‍ക്ക് ജയിലിലടക്കണമെങ്കില്‍ ഞങ്ങളേയും ജയിലിലാക്കൂ” ഒരമ്മ ഉറക്കെ നിലവിളിച്ചുകൊണ്ട് മുന്നോട്ടുവന്നു. വികാരഭരിതയായ ഒരു സഹോദരി സത്യഗ്രഹികളെ കൊണ്ടുപോകുന്ന ട്രക്കില്‍ തന്റെ കൊച്ചുകുഞ്ഞിനെയും വെച്ച് ‘ഇതിനെയും കൊണ്ടുപോയി ജയിലിലടയ്ക്കൂ’ എന്നു പറഞ്ഞു. ഈ രോമാഞ്ചജനകമായ ദൃശ്യം കണ്ട ജനതയാകമാനം ആവേശഭരിതരായി. അവസാനം പോലീസ് ശാന്തരായി തങ്ങളുടെ നിസ്സഹായാവസ്ഥ പറഞ്ഞു മനസ്സിലാക്കി കുഞ്ഞിനെ മടക്കിയെടുപ്പിച്ച് സത്യഗ്രഹികളേയും കൊണ്ടുപോയി.