പതിമൂന്നു ബില്യണ്‍, അതായത് ഏതാണ്ട് 1400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇനിയും മനസ്സിലായിട്ടില്ലാത്ത ഏതോ അജ്ഞാത കാരണങ്ങളാല്‍ ഒരു പ്രപഞ്ചവസ്തു പൊട്ടിത്തെറിച്ചുണ്ടായതാണ് ഇന്നത്തെ ദൃശ്യപ്രപഞ്ചം എന്നത് ശാസ്ത്രലോകം ഏറക്കുറെ സ്ഥിരീകരിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ നിഗമനത്തിലേക്ക് എത്തിയ വഴികള്‍ ഒന്ന് ചര്‍ച്ച ചെയ്താലോ.
1919 ലാണ് എഡ്വിന്‍ ഹബിള്‍ തന്റെ 100 ഇഞ്ച് നീളമുള്ള ദൂരദര്‍ശിനിയിലൂടെ നിരീക്ഷണം നടത്തവേ, നക്ഷത്രങ്ങളും ഗ്യാലക്‌സികളും പരസ്പരം അകന്നു പോവുകയാണ് എന്ന ഒരു നിഗമനത്തിലെത്തിയത്. അന്ന് ലഭ്യമായിരുന്ന സാങ്കേതിക വിദ്യകളിലൂടെയും തുടര്‍ച്ചയായ, ശ്രമകരമായ നിരീക്ഷണങ്ങളിലൂടേയും പഠനങ്ങളിലൂടേയും അദ്ദേഹം അത് ഉറപ്പിക്കുകയും ചെയ്തു. അതെ പ്രപഞ്ചം വികസിക്കുകയാണ്.
പിന്നീടാണ് ചുവപ്പുനീക്കം എന്ന പ്രതിഭാസത്തിലൂടെ പ്രപഞ്ചവികാസം അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടത്.
തരംഗങ്ങള്‍ക്ക് ഡോപ്ലര്‍ പ്രഭാവം (Doppler effect) എന്നൊരു സ്വഭാവമുണ്ട്. അതായത്, ഒരു പ്രഭവകേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട് മറ്റൊരിടത്ത് സ്വീകരിക്കുമ്പോള്‍ ആണല്ലോ നാം തരംഗങ്ങളെ തിരിച്ചറിയുന്നത്. രണ്ടു കേന്ദ്രങ്ങളും സ്ഥായിയായി നില്‍ക്കുകയാണെങ്കില്‍ ആ തരംഗങ്ങളുടെ ദൈര്‍ഘ്യവും (Wave Length)സ്ഥായിയായിരിക്കും. എന്നാല്‍ തരംഗ ശ്രോതസ്സ് അകന്നുപോവുകയാണെങ്കിലോ അടുത്തുവരുകയാണെങ്കിലോ സ്വീകരിക്കുന്ന സ്ഥലത്ത് തരംഗദൈര്‍ഘ്യം വ്യത്യാസപ്പെടും.
മനസ്സിലായില്ല അല്ലെ? പറയാം. ഒരു ട്രെയിന്‍ ചൂളം വിളിച്ചുകൊണ്ട് അതിവേഗം നമ്മെ സമീപിക്കുന്നു എന്ന് കരുതുക. അടുത്തുവരുന്തോറും ചൂളം വിളിയുടെ കരുത്ത് കൂടി വരും. അത് അടുത്ത് വരുന്നത് കൊണ്ട് മാത്രമല്ല. പ്രധാനമായും, ട്രെയിന്‍ എന്ന തരംഗ ശ്രോതസ്സ് അതിവേഗം നമ്മെ സമീപിക്കുമ്പോള്‍ ശബ്ദതരംഗങ്ങളുടെ തരംഗദൈര്‍ഘ്യം കുറയുകയും ആവൃത്തി (frequency) കൂടുകയും ചെയ്യും. അപ്പോള്‍ ശബ്ദത്തിനു കൂടുതല്‍ മൂര്‍ച്ചയുണ്ടാകും. അകന്നു പോകുമ്പോള്‍ തരംഗദൈര്‍ഘ്യം കുറയുകയും ശബ്ദം അലിഞ്ഞു ഇല്ലാതാവുകയും ചെയ്യും.
ഇത് പ്രകാശമടക്കമുള്ള, വൈദ്യുതകാന്തികതരംഗങ്ങള്‍ക്കും ബാധകമാണ്. ദൃശ്യപ്രകാശത്തിന്റെ സ്‌പെക്ട്രത്തില്‍ ചുവപ്പ് മുതല്‍ വയലറ്റ് വരെയുള്ള ദൃശ്യപ്രകാശത്തില്‍ ചുവപ്പ് നിറത്തിന്റെ ഭാഗം തരംഗദൈര്‍ഘ്യം ഏറ്റവും കുറവും വയലറ്റിനു കൂടുതലുമാണ്.
നക്ഷത്രങ്ങളില്‍ നിന്നുള്ള വൈദ്യുതകാന്തിക സിഗ്‌നലുകള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു വിശകലനം ചെയ്തപ്പോള്‍ തെളിഞ്ഞ പ്രധാനകാര്യം ഇവ തരംഗദൈര്‍ഘ്യം കുറയുന്ന പ്രവണത കാണിക്കുന്നു എന്നതാണ്. അതായത് ഒരു സ്‌പെക്ട്രത്തില്‍ തരംഗദൈര്‍ഘ്യം കുറവുള്ള ചുവപ്പ് ഭാഗത്തേക്ക് പോകാനുള്ള ഇഷ്ടം. അതുകൊണ്ടുതന്നെ ഈ പ്രതിഭാസത്തിനു ചുവപ്പുനീക്കം (Red shift) എന്ന് തന്നെ പേരിട്ടു. ഈ ചുവപ്പുനീക്കത്തിന്റെ വേഗതയും നിര്‍ണ്ണയിച്ചിട്ടുണ്ട്. ഏതാണ്ട്, പ്രകാശവേഗതയുടെ അടുത്ത് വരും അത്.
അതായത്, സര്‍വ്വ പ്രപഞ്ചവസ്തുക്കളും അതിവേഗതയില്‍ അകന്നകന്നു പോവുകയാണ്. അപ്പോള്‍ കുറേക്കാലം മുമ്പ് അവ അടുത്തായിരുന്നില്ലേ, അതിനും കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറേക്കൂടി അടുത്തായിരുന്നില്ലേ…അങ്ങനെയങ്ങനെ കണക്കാക്കി കണക്കാക്കി വന്നപ്പോള്‍ പതിമൂന്ന് ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രപഞ്ചം എന്ന് പറയുന്നത് ഒറ്റ വസ്തുവായി ചേര്‍ന്നിരുന്നതാണ് എന്ന വിപ്ലവകരമായ വസ്തുതയാണ് അനാവരണം ചെയ്യപ്പെട്ടത്.
ഈ കണ്ടെത്തലിനു കാരണമായ എഡ്വിന്‍ ഹബിളിന് ഒരിക്കലും ഒരു നോബല്‍ സമ്മാനം ലഭിച്ചില്ല എന്നത് ശാസ്ത്രലോകത്തെ ഏറ്റവും വലിയ ഒരു നാണക്കേട് ആയി തുടരുന്നു. എങ്കിലും 1989ല്‍ വിക്ഷേപിച്ചു പ്രപഞ്ചവിസ്മയങ്ങളുടെ ജാലകങ്ങള്‍ മാനവരാശിക്ക് തുറന്നു നല്‍കിയ ബഹിരാകാശ ടെലസ്‌കോപ്പിനു ഹബിള്‍ ടെലിസ്‌കോപ്പ് എന്ന് പേര് നല്‍കി ആ ജ്യോതിശാത്രജ്ഞനെ നാം ആദരിച്ചു.
Comments