ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നര്‍മ്മദേ സിന്ധു കാവേരി
ജലേസ്മിന്‍ സന്നിധിം കുരു
ഗംഗ മുതലായ ഏഴു നദികള്‍ എന്റെ മുന്നിലുള്ള കിണ്ടിയിലെ ജലത്തില്‍ വന്നു ചേരണേ എന്നാണ് പ്രാര്‍ഥന.
ഗംഗാദ്യാ: സര്‍വ തീര്‍ഥാ: സന്നിഹിതാ: സന്തു
ഗംഗ മുതലായ എല്ലാ തീര്‍ഥങ്ങളും ഇതില്‍ എത്തിച്ചേരട്ടെ എന്നും പ്രാര്‍ഥിക്കുന്നു.
ഭാരതത്തിലെങ്ങും പൂജകളുടെ ആരംഭത്തില്‍ അതിലുപയോഗിക്കുന്ന ജലത്തെ ഇത്തരത്തില്‍ തീര്‍ഥമാക്കും.
ഇതൊരു തരം തീര്‍ഥയാത്ര തന്നെ. മനസ്സുകൊണ്ട് സപ്ത തീര്‍ഥങ്ങളിലും സ്‌നാനം ചെയ്ത അനുഭവം.
മനുഷ്യന്‍ ഓര്‍മ്മകളുടെ കൂമ്പാരമാണ്. ഓര്‍മ്മ നഷ്ടപ്പെട്ടാല്‍ ആ വ്യക്തി ഒരു ജീവനുള്ള മാംസപിണ്ഡം മാത്രമാണ്. അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചാല്‍ വ്യക്തി അങ്ങിനെയാകും.
രാഷ്ട്രത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. അതിലെ ഓരോ സ്ഥലവും, ഓരോ തരി മണ്ണും പ്രിയപ്പെട്ടതാകുന്നത് പൂര്‍വികസ്മരണ കൊണ്ടാണ്. തീര്‍ഥയാത്രയിലൂടെ ഇതാണ് സാധിക്കുന്നതും – വ്യക്തിപരമായാലും, രാഷ്ട്രപരമായാലും.
തരതി പാപാദികം യസ്മാത് –
ഏതിനാല്‍ പാപാദികളെ തരണം ചെയ്യാന്‍ സാധിക്കുമോ അതിനെ തീര്‍ഥം എന്നു പറയുന്നു. പുണ്യസ്ഥാനാദികളെയാണ് തീര്‍ഥം എന്നു വിളിക്കുന്നത്. കൈലാസം, കാശി, ശബരിമല മുതലായവ മാത്രമല്ല തീര്‍ഥ സ്ഥാനങ്ങള്‍.
ശരീരത്തിലെ പലസ്ഥാനങ്ങളെയും തീര്‍ഥമായി കാണുന്നുണ്ട്. കൈവിരലുകളുടെ അറ്റം ദേവ തീര്‍ഥമായും ചെറുവിരലിന്റെ കടയ്ക്കല്‍ ഋഷി തീര്‍ഥമായും പെരുവിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയിലുള്ള ഭാഗം പിതൃ തീര്‍ഥമായും പ്രസിദ്ധമാണ്.
മൂന്നു തരം തീര്‍ഥങ്ങളുണ്ട്. ജംഗമം, മാനസം, സ്ഥാവരം. ജംഗമമെന്നാല്‍ സഞ്ചരിക്കുന്നത്. ബ്രാഹ്‌മണാ: ജംഗമം തീര്‍ഥം. വേദജ്ഞരും ബ്രഹ്‌മജ്ഞരുമായ ശ്രേഷ്ഠജനങ്ങള്‍, സഞ്ചരിക്കുന്ന തീര്‍ഥങ്ങളാണ്. അവരുടെ വാക്കുകള്‍ മാലിന്യത്തെ ദുരീകരിക്കും.
‘കണ്ഠാവരോധ രോമാഞ്ചാശ്രുഭി: പരസ്പരം ലപമാനാ പാവയന്തി കുലാനി പൃഥിവീം ച’
(നാ. ഭ. സൂ- 78 )
ഭക്തി നിര്‍വൃതി പൂണ്ട ഗദ്ഗദ, രോമാഞ്ച, അശ്രുക്കളോടു കൂടി പരസ്പരം ഭഗവത് കഥകള്‍ പറഞ്ഞു രസിക്കുന്ന ഭക്തന്മാര്‍ തന്റെ കുലത്തെയും ഭൂമിയേയും പാവനമാക്കുന്നു. ഇവര്‍, സഞ്ചരിക്കുന്ന തീര്‍ഥങ്ങള്‍ തന്നെ.
‘തീര്‍ഥീകുര്‍വന്തി തീര്‍ഥാനി സുകര്‍മ്മീകുര്‍വന്തി കര്‍മാണി
സച്ഛാസ്ത്രീകുര്‍വന്തി ശാസ്ത്രാണി.’ (79)
ഇവര്‍ തീര്‍ഥങ്ങളെ സുതീര്‍ത്ഥങ്ങളാക്കിത്തീര്‍ക്കുന്നു. കര്‍മ്മങ്ങളെ സല്‍ക്കര്‍മ്മങ്ങളാക്കുന്നു. ശാസ്ത്രങ്ങളില്‍ നന്മ നിറക്കുന്നു. ഒരേ തീര്‍ഥ (ഗുരു) ത്തില്‍ നിന്ന് വിദ്യ നേടുന്നവരാണ് സതീര്‍ഥ്യര്‍.
ഇനി മാനസ തീര്‍ഥങ്ങള്‍. സത്യം തീര്‍ഥമാണ്; ക്ഷമ തീര്‍ഥമാണ്. ഇന്ദ്രിയനിഗ്രഹം, സര്‍വഭൂതദയ, ദാനം മുതലായവയെല്ലാം തീര്‍ഥം തന്നെ. ബ്രഹ്‌മചര്യം പരം തീര്‍ഥം. മന:ശുദ്ധിയും മഹത്തായ തീര്‍ഥമാണ്.
ഇനി സ്ഥാവരമായ അതായത് ഭൂമിയിലെ തീര്‍ഥങ്ങള്‍. സ്ഥലത്തിന്റെ അത്ഭുതകരമായ പ്രഭാവം കൊണ്ടോ, ജലത്തിന്റെ തേജസ്സു കൊണ്ടോ, മുനിമാരുടെ സാന്നിദ്ധ്യം കൊണ്ടോ, മഹാക്ഷേത്രങ്ങളുടെ സാമീപ്യം കൊണ്ടോ ഭൂമിയിലെ ചിലയിടങ്ങള്‍ തീര്‍ഥമായി മാറുന്നു. ഗംഗാ മുതലായ നദികളും അയോധ്യ, മഥുര, മായാ, കാശി, കാഞ്ചി, അവന്തിക, പുരി, ദ്വാരക മുതലായവയും മോക്ഷദായികകളായ തീര്‍ഥങ്ങള്‍ തന്നെ. ശങ്കരാചാര്യരുടെ ജന്മം കൊണ്ട് മാത്രം കാലടി പവിത്രവും തീര്‍ഥവും ആയി. തീര്‍ഥ സ്‌നാനം അഥവാ തീര്‍ഥാടനം കൊണ്ട് പുണ്യം നേടാം.
മഹാഭാരതത്തില്‍ ആരണ്യപര്‍വ (വനപര്‍വം ) ത്തില്‍ 80 – മുതല്‍ 156 വരെ അധ്യായങ്ങള്‍ക്ക് തീര്‍ത്ഥയാത്രാ പര്‍വം എന്നാണ് പേര്. പല കോണുകളിലൂടെ തീര്‍ഥയാത്രയുടെ വിശദാംശങ്ങള്‍ ഈ 75 അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യുന്നു.
കാലും കൈയും മനസ്സും നിയന്ത്രണത്തിലുള്ള, വിദ്യാ – തപസ്സ് – കീര്‍ത്തി ഇവയാല്‍ സമ്പന്നരായവര്‍ തീര്‍ഥയാത്ര ചെയ്യണം. ദാനം വാങ്ങാത്ത, ഉള്ളതു കൊണ്ടു തൃപ്തിപ്പെടുന്ന, അഹങ്കാരമില്ലാത്ത, അല്പാഹാരിയായ, ജിതേന്ദ്രിയനായ, കോപിക്കാത്ത, പുണ്യവാനായ, സത്യശീലനായ, എല്ലാവരെയും തന്നെപ്പോലെ കാണുന്ന, ആളിനാണ് തീര്‍ഥ ഫലം കിട്ടുക. അതായത് തീര്‍ഥയാത്രികര്‍ വ്രതികളാവണം. തീര്‍ഥയാത്ര ഒരു തരം തപസ്സു തന്നെയാണ്.
യാഗാദി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ ധാരാളം ധനവും ഒരുക്കൂട്ടുകളും അദ്ധ്വാനവും വേണം. എന്നാല്‍,
‘അഗ്‌നിഷ്ടോമാദിഭിര്‍ യജ്ഞൈ:
ഇഷ്ട്വാ വിപുല ദക്ഷിണെ:
ന തത്ഫലമവാപ്‌നോതി
തീര്‍ഥാഭിഗമനേന യത്.’
ധാരാളം ദക്ഷിണ കൊടുത്തു കൊണ്ടു ചെയ്യുന്ന സോമയാഗാദികള്‍ക്കു പോലും തീര്‍ഥാടനത്തിന്റെ ഫലമില്ല. എന്നാല്‍ ദരിദ്രന്മാര്‍ക്കുപോലും തീര്‍ഥം പ്രാപ്യമാണ്.
അര്‍ജ്ജുനന്‍ ലോമശമുനിയോടു പറഞ്ഞയക്കുന്നത് തീര്‍ഥ മാഹാത്മ്യ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. എത്രയോ വര്‍ഷത്തെ തീര്‍ഥാടനത്തിന്റെ അനുഭവങ്ങള്‍ നേടിയവനാണ് അര്‍ജുനന്‍.
തേന സംയോജയേഥാസ്ത്വം
തീര്‍ഥ പുണ്യേന പാണ്ഡവാന്‍
ധര്‍മപുത്രര്‍ക്ക് അങ്ങയുടെ തീര്‍ഥയാത്രാ പുണ്യം കൊടുക്കണം എന്ന്.
ഞാന്‍ രണ്ടു തവണ ലോകം മുഴുവനുമുള്ള തീര്‍ഥങ്ങള്‍ കണ്ടവനാണ്; മൂന്നാമത്തെ തവണ നിന്റെ കൂടെ ഞാന്‍ വരാം എന്ന് ലോമശ മഹര്‍ഷി ധര്‍മജനോടു പറയുന്നുണ്ട്. പോകുമ്പോള്‍ രണ്ടു വ്രതങ്ങള്‍ എടുക്കണം.
ഒന്നു മാനുഷ വ്രതം, അതായത് ശരീരശുദ്ധി നിയമങ്ങള്‍. രണ്ട് ദൈവ വ്രതം, അതായത് മനസ്സിലൂടെ ശുദ്ധീകരിച്ച ബുദ്ധി – എല്ലാ പ്രാണികളോടും മൈത്രീ ബുദ്ധി. നഗന്‍, ശിബി, ഭഗീരഥന്‍, വസുമനന്‍, ഗയന്‍, പുരു മുതലായ രാജാക്കന്മാര്‍ തപസ്സ്യാ പൂര്‍വകമായ തീര്‍ഥയാത്രയിലൂടെ ധനവും കീര്‍ത്തിയും നേടിയവരാണ് എന്ന അനുഭവവും ലോമശന്‍ ചൂണ്ടിക്കാട്ടുന്നു.
പര്യടന്‍ പൃഥിവീം സര്‍വാം ഗുണാന്വേഷണ തത്പര: (പഞ്ചതന്ത്രം.)
ഗുണങ്ങള്‍ നേടണമെന്നുള്ളവര്‍ ഭൂമിയില്‍ മുഴുവന്‍ പര്യടനം ചെയ്യുക. സഞ്ചാരത്തിലൂടെ, ലോക പരിചയത്തിലൂടെ നേടുന്ന അറിവാണ് ഏറ്റവും പ്രായോഗികമായത്. മനസ്സിന് പക്വത നേടാന്‍, ബുദ്ധി സംസ്‌കാരസമ്പന്നമാവാന്‍, അഹങ്കാരം ഇല്ലാതാവാന്‍ യാത്രകള്‍ ഫലപ്രദമാണ്. യാത്രയില്‍ നാം സഹയാത്രികര്‍ക്കു തുല്യരാണ്. അഹങ്കാരത്തിനും പൊങ്ങച്ചത്തിനും സ്ഥാനമാനങ്ങള്‍ക്കും അവിടെ പ്രസക്തിയില്ല. പുറത്തു നിന്നും ആര്‍ഭാട ഭക്ഷണം കഴിക്കാന്‍ കഴിവുള്ളവരും അന്നപ്രസാദം കഴിച്ചു നിര്‍വൃതിയടയും.
ചരൈവേതി ചരൈവേതി – എന്ന് ഐതരേയം പറയുന്നു. എപ്പോഴും ചരിച്ചു കൊണ്ടിരിക്കണം; സഞ്ചരിച്ചു കൊണ്ടിരിക്കണം. ഒഴുക്കു വെള്ളത്തില്‍ അഴുക്കില്ല.
ചരന്തി വസുധാം കൃത്സ്‌നാം
വാവദൂകാ ബഹുശ്ശ്രുതാ:
ബഹുശ്ശ്രുതരായ പണ്ഡിതന്മാര്‍ മറ്റുള്ളവര്‍ക്ക് ധര്‍മ്മം പറഞ്ഞു കൊടുത്തു കൊണ്ട് ലോകം മുഴുവന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു
യസ്തു സഞ്ചരതേ ദേശാന്‍
യസ്തു സേവേത പണ്ഡിതാന്‍
തസ്യ വിസ്താരിതാ ബുദ്ധി:
തൈലബിന്ദുരിവാംഭസി.
ദേശസഞ്ചാരം ചെയ്യുന്നവന്റെയും പണ്ഡിത സേവ ചെയ്യുന്നവന്റെയും ബുദ്ധി വികസിച്ചു കൊണ്ടിരിക്കും. വെള്ളത്തില്‍ ഉറ്റിവീണ എണ്ണത്തുള്ളി പോലെ. ദേശവും പണ്ഡിതനും തീര്‍ഥങ്ങള്‍ തന്നെ. രണ്ടും തീര്‍ഥാടനം തന്നെ.