അധിനിവേശ ശക്തികളെ മഹത്വവല്‍ക്കരിക്കുന്ന ചരിത്രത്തിന് വിട നല്‍കുക! സ്വാതന്ത്ര്യാനന്തരം ഭാരതത്തിന്റെ ബൗദ്ധിക-അക്കാദമിക മേഖലകളെ കയ്യടക്കിയിരുന്ന കോക്കസ്സുകളുടെ കാലം കഴിഞ്ഞിരിക്കുന്നു. ഡല്‍ഹി സുല്‍ത്താന്മാരും മുഗളന്മാരും ടിപ്പുവും നിറഞ്ഞു നിന്നിരുന്ന ചരിത്ര പാഠപുസ്തകങ്ങള്‍ ഇന്ന് തിരുത്തലുകള്‍ക്ക് വിധേയമാകുന്നു. അതുപോലെ തന്നെ ജനപ്രിയ മാധ്യമം എന്ന നിലയില്‍ ദേശീയത പ്രതിപാദിക്കുന്ന ചലച്ചിത്രങ്ങളും പുറത്തുവരുന്നു. ആ ഗണത്തില്‍ പെടുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത് അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘സമ്രാട്ട് പൃഥ്വിരാജ്’. ചാന്ദ് ബര്‍ദായി പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിച്ച ‘പൃഥ്വിരാജ് രസോ’ എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കഥാ വിവരണം
മുഹമ്മദ് ഗോറിയുടെ സഹോദരന്‍ മിര്‍ ഹുസൈന്‍ അജ്മീര്‍ രാജാവായ പൃഥ്വിരാജ് ചൗഹാനോട് രാഷ്ട്രീയ അഭയം അഭ്യര്‍ഥിക്കുന്നതില്‍ നിന്നാണ് കഥയുടെ തുടക്കം. മുഹമ്മദ് ഗോറിക്ക് അയാളുടെ അടിമയായ ‘കുത്തബുദ്ദീന്‍ ഐബക്’ കാഴ്ച്ചവെച്ച ചിത്രലേഖ എന്ന നര്‍ത്തകിയുമായി മിര്‍ ഹുസൈന്‍ പ്രണയത്തിലായിരുന്നു. ഇതില്‍ കുപിതനായ മുഹമ്മദ് ഗോറി അവര്‍ രണ്ടുപേരെയും വകവരുത്താന്‍ പദ്ധതിയിടുന്നു. പൃഥ്വിരാജ് ഹുസൈന് അഭയം നല്‍കി എന്നറിയുന്ന ഗോറി കുത്തബുദ്ദീന്‍ ഐബക്കിനെ പൃഥ്വിരാജിന്റെ കൊട്ടാരത്തിലേക്ക് അയക്കുന്നു. ഗോറിയുടെ വെല്ലുവിളി സ്വീകരിച്ച് യുദ്ധത്തിനിറങ്ങുന്ന അജ്മീറിന്റെ സൈന്യം ഗോറിയുടെ പടയാളികളെ നിഷ്പ്രഭരാക്കുന്നു. ഗോറിയെ തടവില്‍ വെയ്ക്കുന്ന പൃഥ്വിരാജ് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അയാളെ മോചിപ്പിക്കുന്നു.
ഡല്‍ഹിയുടെ രാജാവായി പൃഥ്വിരാജ് ചൗഹാന്‍ സ്ഥാനം ഏറ്റെടുക്കുന്നത് എതിര്‍ത്തിരുന്ന കനൗജിന്റെ അധിപന്‍ ജയചന്ദ് തന്റെ പുത്രി സന്‍യോഗിതയ്ക്ക് വേണ്ടി ഒരു സ്വയംവരം ഒരുക്കുന്നു. തന്റെ സാമ്രാജ്യത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ ഒരു രാജസൂയ യജ്ഞവും അയാള്‍ നടത്തുന്നു. രാജ്യത്തിന്റെ പകുതി വിട്ടുനല്‍കാനുള്ള ജയചന്ദിന്റെ ആവശ്യം പൃഥ്വിരാജ് നിരസിക്കുന്നു. സ്വയംവരവേളയില്‍ സന്‍യോഗിത പൃഥ്വിരാജിന്റെ പ്രതിമയില്‍ മാല ചാര്‍ത്തി അദ്ദേഹത്തെ പതിയായി സ്വീകരിക്കുന്നു. ഈ സമയത്ത് പൃഥ്വിരാജ് പടയാളികളുമായെത്തി സന്‍യോഗിതയെ കൂട്ടിക്കൊണ്ട് പോകുന്നു.
അപമാനിതനായ ജയചന്ദ് പൃഥ്വിരാജിനോട് പ്രതികാരം ചെയ്യാനായി അദ്ദേഹത്തിന്റെ ഗൗഡ്‌കോട്ട പിടിച്ചെടുക്കുന്നു. കോട്ട തിരിച്ചുപിടിക്കുന്ന വേളയില്‍ കാക്ക കന്‍ഹ (സഞ്ജയ് ദത്ത്) കൊല്ലപ്പെടുന്നു. ജയചന്ദിനെ ആക്രമിക്കരുതെന്ന് പൃഥ്വിരാജിനോട് കാക്ക കന്‍ഹ മരിക്കുന്നതിന് മുന്നേ ആവശ്യപ്പെട്ടിരുന്നതിനാല്‍ പൃഥ്വിരാജ് ജയചന്ദിനെ വെറുതെവിടുന്നു.
ഈ സമയത്ത് പൃഥ്വിരാജിനെ ആക്രമിക്കാന്‍ ജയചന്ദ് ഗോറിയോട് ആവശ്യപ്പെടുന്നു. പകരമായി ഗോറി ആവശ്യപ്പെടുന്ന എന്തും നല്‍കാമെന്ന വാഗ്ദാനവും ജയചന്ദ് നല്‍കുന്നു. രണ്ടാം തറൈന്‍ യുദ്ധത്തില്‍ യുദ്ധമര്യാദകള്‍ എല്ലാം ലംഘിച്ചുകൊണ്ട് രാത്രിയില്‍ ഉറങ്ങിക്കിടന്ന പൃഥ്വിരാജിന്റെ സൈന്യത്തെ ഗോറിയുടെ പടയാളികള്‍ കശാപ്പുചെയ്യുന്നു. പൃഥ്വിരാജിനെയും അവര്‍ തടവിലാക്കുന്നു. ഗോറിയുടെ സൈന്യം ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ തന്നെ സന്‍യോഗിതയും മറ്റ് രജപുത്ര സ്ത്രീകളും ജൗഹര്‍ അനുഷ്ഠിക്കുന്നു. മകളുടെ വിയോഗത്തില്‍ ജയചന്ദ് ദുഖിക്കുന്നു.
പൃഥ്വിരാജിനെ ഗസ്‌നിയിലേക്ക് കൊണ്ടുപോകുന്ന ഗോറിയുടെ പടയാളികള്‍ പൃഥ്വിരാജിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നു. അദ്ദേഹത്തെ വകവരുത്താനായ് മൂന്ന് സിംഹങ്ങളെ പൃഥ്വിരാജിന്റെ അടുത്തേയ്ക്ക് വിടുന്നുണ്ടെങ്കിലും അവ മൂന്നിനേയും പൃഥ്വിരാജ് വകവരുത്തുന്നു. പൃഥ്വിരാജ് ഒടുവില്‍ ഒറ്റയ്ക്ക് പോരാടാന്‍ ഗോറിയെ വെല്ലുവിളിക്കുന്നു. വെല്ലുവിളി സ്വീകരിക്കുന്ന ഗോറിയെ അന്ധനായ പൃഥ്വിരാജ് അമ്പെയ്തു വീഴ്ത്തുന്നു. ഈ സമയത്ത് ഗോറിയുടെ പടയാളികള്‍ പൃഥ്വിരാജിന് നേരെ ശരങ്ങള്‍ തൊടുക്കുന്നു. പൃഥ്വിരാജിന്റെ ചേതനയറ്റ ശരീരം സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്ന രജപുത്ര സൈനികരുടെ ഷോട്ടോടെ ചലച്ചിത്രം അവസാനിക്കുന്നു.
അധിനിവേശത്തിന്റെ ചരിത്രം
എ.ഡി 711-ല്‍ മുഹമ്മദ് ബിന്‍ കാസിമാണ് ഭാരതത്തിലെ ഇസ്ലാമിക അധിനിവേശത്തിന് തുടക്കം കുറിച്ചത്. രാജ്യത്തെ കൊള്ളയടിക്കാനും ക്ഷേത്രങ്ങള്‍ തകര്‍ക്കാനും സ്ത്രീകളെ അടിമകളാക്കി കടത്തിക്കൊണ്ട് പോകാനും അധിനിവേശങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരുന്നു. എ.ഡി പതിനൊന്നാം നൂറ്റാണ്ടില്‍ മുഹമ്മദ് ഗസ്‌നിയുടെ അധിനിവേശങ്ങളില്‍ പല തവണ സോമനാഥ ക്ഷേത്രം തകര്‍ക്കപ്പെട്ടു. അയാള്‍ ശിവലിംഗം കഷ്ണങ്ങളാക്കി പലയിടങ്ങളിലേക്ക് അയച്ചു. അതിന്റെ ഒരു കഷ്ണം ഗസ്‌നിയിലെ അയാളുടെ കൊട്ടാരത്തിന്റെ നടവഴിക്ക് അടിയില്‍ കുഴിച്ചിട്ടു എന്നും ചരിത്രം പറയുന്നു. പിന്നീട് ഗോറിയും അധിനിവേശങ്ങള്‍ നടത്തി. 1206 -ല്‍ അടിമ സാമ്രാജ്യം നിലവില്‍ വന്നു. മൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം മുഗള്‍ സാമ്രാജ്യവും, പിന്നീട് യൂറോപ്യന്‍ ശക്തികളും ഇവിടെ അധിനിവേശം നടത്തി. രാഷ്ട്രത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കാന്‍ 1947 വരെ കാത്തിരിക്കേണ്ടിവന്നു.
സമ്രാട്ട് പൃഥ്വിരാജിന്റെ പ്രസക്തി
അലക്‌സാണ്ടറേയും അക്ബറേയും മഹാന്മാര്‍ എന്ന് വിളിച്ചുശീലിച്ച ഒരു തലമുറയ്ക്ക് മുന്നിലേക്കാണ് ഒരു വെള്ളിടി പോലെ പൃഥ്വിരാജ് എത്തുന്നത്. മികച്ച സംവിധാനവും സാങ്കേതിക വിദ്യയുടെ ഉപയോഗവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. ഭാരതത്തിന്റെ യഥാര്‍ത്ഥ ചരിത്രം അറിയണം എന്ന് ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചലച്ചിത്രമാണ് സമ്രാട്ട് പൃഥ്വിരാജ്. അക്ഷയ് കുമാര്‍, സഞ്ജയ് ദത്ത്, സോനു സൂദ്, മാനുഷി ചില്ലര്‍ തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ഭാരതത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ അവിടെ ആഘോഷിക്കപ്പെടേണ്ട വ്യക്തിത്വം തന്നെയാണ് പൃഥ്വിരാജ് ചൗഹാന്‍. ഒരുപക്ഷെ ആദ്യ തറൈന്‍ യുദ്ധത്തില്‍ ഗോറി സമ്രാട്ട് പൃഥ്വിരാജിന്റെ കൈകള്‍ കൊണ്ട് കൊല്ലപ്പെട്ടിരുന്നെങ്കില്‍ ഈ മണ്ണിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.