കേരളം പതിവുപോലെ ഇടവപ്പാതി കാലവര്‍ഷത്തിലൂടെ കടന്നുപോവുകയാണ്. കൃത്യമായ കാല ഇടവേളയില്‍ പെയ്യുന്ന മഴ എന്ന അര്‍ത്ഥത്തിലാണ് കാലവര്‍ഷം എന്ന പേര് കൈവന്നത്.
ജൂണ്‍ – ആഗസ്റ്റ്് കാലത്ത് പെയ്യുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍, ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലെ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എന്നിവയാണ് കേരളത്തിലെ കാലവര്‍ഷങ്ങള്‍. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം തുടങ്ങുന്നത് മലയാള മാസത്തിലെ ഇടവം മധ്യത്തിലായത് കൊണ്ട് അത് ഇടവപ്പാതി എന്നും വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ തുടങ്ങുന്നത് തുലാമാസത്തില്‍ ആയത് കൊണ്ട് തുലാവര്‍ഷം എന്നും പറയും.
ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടാകുന്ന നിരവധി ഉഷ്ണജലപ്രവാഹങ്ങള്‍ ഉണ്ട്. ഇത് സമുദ്രോപരിതലത്തിലെ ചൂടില്‍ വരുത്തുന്ന മാറ്റങ്ങള്‍ അന്തരീക്ഷത്തില്‍ മര്‍ദ്ദ വ്യത്യാസങ്ങള്‍ ഉണ്ടാക്കുകയും കുറഞ്ഞ മര്‍ദ്ദമുള്ളിടത്തേക്ക് വന്‍തോതിലുള്ള വായുപ്രവാഹം സംഭവിക്കുകയും ചെയ്യും. തെക്കുപടിഞ്ഞാറ് ദിശയില്‍ നിന്നും വടക്കുകിഴക്കോട്ടുള്ള ഈ വായുപ്രവാഹം അതിന്റെ മാര്‍ഗ്ഗത്തിലുള്ള മേഘശകലങ്ങളെ ഒന്നായി തടുത്തുകൂടി വളരെയധികം ജലാംശമുള്ള മഴമേഘങ്ങള്‍ ആക്കി മാറ്റും. ഈ മഴമേഘങ്ങളെ, കേരളത്തിന്റെ കിഴക്ക് കോട്ട പോലെ ഉയര്‍ന്നു നില്‍ക്കുന്ന പശ്ചിമഘട്ട മലനിരകള്‍ തടുത്തു നിര്‍ത്തി, കേരളം മുഴുവന്‍ വ്യാപകമായി മഴ പെയ്യിക്കുകയും ചെയ്യും.
മണിക്കൂറില്‍ പത്തോ പതിനഞ്ചോ കിലോമീറ്ററില്‍ ഒഴുകുന്ന ഈ വായു പ്രവാഹം പശ്ചിമഘട്ടവും കടന്ന് മുന്നോട്ടു പോകും. അങ്ങനെ ഏതാണ്ട് നാല്പത്-അമ്പത് ദിവസം കൊണ്ട് അത് ഉത്തര ഭാരതത്തില്‍ എത്തും. ഈ മാര്‍ഗ്ഗങ്ങളില്‍ ഒക്കെ മഴ പെയ്യുമെങ്കിലും പശ്ചിമഘട്ടം പോലെ നെടുനീളത്തിലുള്ള ഒരു കോട്ട ഇല്ലാത്തത് കൊണ്ട് കേരളത്തിലെ പോലെ വ്യാപകമാവില്ല.
ഇതില്‍ നിന്നും തുലോം വ്യത്യസ്തമാണ് തുലാവര്‍ഷം. ബംഗാള്‍ ഉള്‍ക്കടലിലെ സമുദ്രജലപ്രവാഹങ്ങള്‍ സൃഷ്ടിക്കുന്ന വായുപ്രവാഹം തെക്കോട്ട് പ്രവഹിച്ച്, പശ്ചിമഘട്ടത്തിന്റെ വിടവുകളിലൂടെ ഇറങ്ങി കേരളത്തില്‍ മഴമേഘങ്ങള്‍ നിറച്ച് പെയ്യുന്ന മഴയാണത്.ഇത് കഷ്ടിച്ച് രണ്ടു മാസത്തോളം നില്‍ക്കും.
ഇടവപ്പാതി കണ്ടു ഇറങ്ങുന്നവനും തുലാവര്‍ഷം കണ്ടു നില്‍ക്കുന്നവനും വിഡ്ഢികളാണ് എന്നൊരു ചൊല്ലുണ്ട്. ഈ രണ്ടു മഴയുടെയും സ്വഭാവത്തിലുള്ള വ്യത്യാസമാണത് സൂചിപ്പിക്കുന്നത്. ഇടവപ്പാതി കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതും മഴപെയ്യുന്നതും വളരെ വേഗത്തിലാണ്. മഴക്കാറ് കണ്ട്, എന്നാല്‍ മഴക്ക് മുന്നേ പോയേക്കാം എന്ന് കരുതി ഇറങ്ങിയാല്‍ ഉറപ്പായും മഴ നനയേണ്ടി വരും. എന്നാല്‍ തുലാവര്‍ഷമേഘങ്ങള്‍ മണിക്കൂറുകള്‍ എടുത്താണ് മഴക്ക് തയ്യാറെടുക്കുന്നത്. മഴ കഴിയട്ടെ എന്ന് കാത്തിരുന്നു മടുത്ത് ഇറങ്ങുമ്പോഴായിരിക്കും മഴ വീഴുന്നത്.
ഇടവപ്പാതി മഴ പതിഞ്ഞ താളത്തില്‍, കാറ്റോ ബഹളമോ ഒന്നുമില്ലാതെയാണ് പെയ്തു പോവുക. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ രോഷവും പേറി, പശ്ചിമഘട്ട ചുരങ്ങളില്‍ക്കൂടി ഞെരുങ്ങിയിറങ്ങിവരുന്ന തുലാവര്‍ഷം ഗംഭീരമായ കാറ്റിന്റെയും, ഇടിമിന്നലിന്റെയും അകമ്പടിയോടെ ആണ് വരിക. പശ്ചിമഘട്ടം കടക്കുന്ന വേളയില്‍ മേഘതന്മാത്രകള്‍ കൂടുതല്‍ അടുക്കുകയും ഘര്‍ഷണം ഉണ്ടാവുകയും ചെയ്യുന്നത് മൂലം, മേഘങ്ങളില്‍ വൈദ്യുത ചാര്‍ജ്ജ് വളരെ അധികമായിരിക്കും. അതുകൊണ്ടാണ് ഇടിമിന്നലുകള്‍ ഇക്കാലത്ത് ധാരാളമായി ഉണ്ടാകുന്നത്. ഈ കാലത്ത് നാശനഷ്ടങ്ങളും വളരെയധികമായിരിക്കും.
രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ലാണ് മണ്‍സൂണ്‍. നല്ല മഴ കിട്ടിയാല്‍ വിളവ് വളരെയധികമായിരിക്കും. ഒരു കാര്‍ഷിക സാമ്പത്തികവ്യവസ്ഥയില്‍ ഇത് വളരെ പ്രധാനമാണ്. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച, ഓഹരിവിപണി തുടങ്ങി സമസ്ത മേഖലകളെയും നിയന്ത്രിക്കുന്നത് ഈ രണ്ടു വര്‍ഷപാതങ്ങളാണ് എന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയല്ല.
Comments