ആയിരം ദളങ്ങളുള്ള താമരപ്പൂവാണ് മൂര്‍ധാവിലിരിക്കുന്നത്. അതുകൊണ്ട് ഇതിന് സഹസ്രാരപത്മമെന്ന പേരു വന്നു.
മുണ്ഡവ്യമോസ്ഥ പത്മേ ദശശത ദളകേ കര്‍ണ്ണികാചന്ദ്രസംസ്ഥാം
രേതോനിഷ്ഠാം സമസ്തായുധകലിതകരാം സര്‍വതോ വക്ത്രപത്മാം
ആദിക്ഷാന്താര്‍ണ്ണശക്തി പ്രകടപരിവൃതാം സര്‍വ വര്‍ണാം ഭവാനീം
സര്‍വാന്നാസക്തചിത്താം പരശിവ രസികാം യാകിനീം ഭാവയാമ
ഈ സഹസ്രദളപത്മത്തിന്റെ ചന്ദ്രരൂപിയായ കര്‍ണികാ മണ്ഡലത്തില്‍ യാകിനീ ദേവി ഇരിക്കുന്നു. ശുക്ലമാണ് ഇവിടെ ധാതു. സര്‍വായുധങ്ങളും ധരിച്ച് സര്‍വദിക്കുകളിലും ദൃഷ്ടി വെച്ചിരിക്കുന്നു. അ മുതല്‍ ക്ഷ വരെയുള്ള അക്ഷരങ്ങള്‍ നിറഞ്ഞതാണ് ദളങ്ങള്‍. ആ ശക്തിദേവതകള്‍ ഇവിടെ സേവാ വൃത്തി ചെയ്യുന്നു. എല്ലാ നിറങ്ങളും ഇവിടെ നിറഞ്ഞിരിക്കുന്നു. എല്ലാത്തരം ഭോജനങ്ങളും ഇവിടെ രുചികരങ്ങള്‍ തന്നെ. പരമശിവന്റെ ഭക്തയുമാണ് യാകിനി.
അണ്ണാക്കിന്റെ മേല്‍ഭാഗത്ത് മസ്തിഷ്‌കത്തില്‍ ബ്രഹ്‌മരന്ധ്രത്തോടു ചേര്‍ന്നാണ് സഹസ്രാര ചക്രം. ഇതൊരു ശക്തികേന്ദ്രമാണ്. ഇത് തത്വാതീതമാണ്. അതിന്റെ ബീജം വിസര്‍ഗമാണ്(:) ഇത് സത്യലോകത്തെ പ്രതിനിധീകരിക്കുന്നു. പരബ്രഹ്‌മം തന്നെ ദേവത. ചിത്തത്തിന്റെ സ്ഥാനമാണിത്. ആത്മാവിന്റെ ജ്ഞാന പ്രകാശം അഥവാ പ്രതിബിംബം പതിക്കുന്ന സ്ഥലം. ഇവിടെ പ്രാണനും മനസ്സും ഉറപ്പിച്ചാല്‍ മനസ്സിലെ സര്‍വ വൃത്തികളും നിരോധിക്കപ്പെടും. അസമ്പ്രജ്ഞാത സമാധിയാണ് ഫലം.
ഇദം സ്ഥാനം ജ്ഞാത്വാ നിയതനിജചിത്തോ നരവരോ
ന ഭൂയാത് സംസാരേ പുനരപി ന ബദ്ധസ്ത്രിഭുവനേ
സമഗ്രാ ശക്തി: സ്യാന്നിയതമനസസ്തസ്യ കൃതിന:
സദാ കര്‍ത്തും ഹര്‍ത്തും ഖഗതിരപി വാണീ സുവിമലാ.
സഹസ്രാരത്തെ അറിഞ്ഞ, ഏകാഗ്രചിത്തനായ നരശ്രേഷ്ഠന് പുനര്‍ജന്മമില്ല; സംസാരബന്ധനവുമില്ല. ആ സുകൃതിക്ക് സമഗ്ര ശക്തിയുമുണ്ട്. മേല്‍ ഗതിയുണ്ട്; നിര്‍മലമായ വാക്കുകളുമുണ്ട്.
സുധാധാരാസാരം നിരവധി വിമുഞ്ചന്നതിതരാം
യതേ: സ്വാത്മജ്ഞാനം ദിശതി ഭഗവാന്‍ നിര്‍മലമതേ:
സമസ്‌തേ സര്‍വേശ: സകല സുഖസന്താന ലഹരീ
പരീവാഹോ ഹംസ: പരമ ഇതി നാമ്‌നാ പരിചിത:
ഭഗവാന്‍ അമൃത് ഒഴുക്കിക്കൊണ്ട് നിര്‍മല ബുദ്ധികളായ ഇത്തരം യതികള്‍ക്ക് ആത്മജ്ഞാനം നല്കി അനുഗ്രഹിക്കുന്നു. പരമഹംസനായ ആ സര്‍വേശന്‍ സകല സുഖങ്ങളെയും നല്കുന്നു.
ശരീരത്തില്‍ ജീവാത്മാവിന്റെ സ്ഥാനമെവിടെയാണ്? ചിത്തമാണ് ആത്മ പ്രതിബിംബം പതിക്കുന്ന സ്ഥലം. ചിത്തം തന്നെ കാരണശരീരം. ഈ കാരണശരീര ബന്ധത്താലാണ് ആത്മാവിന് ജീവാത്മാവെന്നു പേരു വരുന്നത്. കാരണശരീരം സൂക്ഷ്മ ശരീരത്തില്‍ വ്യാപ്തമാണ്. സൂക്ഷ്മ ശരീരം സ്ഥൂല ശരീരത്തിലും. അങ്ങിനെ നോക്കിയാല്‍ ജീവാത്മാവ് ശരീരം മുഴുവന്‍ വ്യാപ്തമാണ്. എങ്കിലും കാര്യ ഭേദത്താല്‍ അതിന് പല സ്ഥാനങ്ങളും പറയപ്പെടുന്നു.
യത്രൈഷ ഏതത് സുപ്‌തോഭൂത്
യ ഏഷ വിജ്ഞാനമയ: പുരുഷ:
തദേഷാം പ്രാണാനാം വിജ്ഞാനേന
വിജ്ഞാനമാദായ യ ഏഷോന്തര്‍ഹൃദയ
ആകാശ സ്തസ്മിഞ്‌ഛേതേ
(ബൃ. ഉ)
ജീവാത്മാവ് സുഷുപ്തി അവസ്ഥയില്‍ ഹൃദയാകാശത്തില്‍ ശയിക്കുന്നു എന്ന് താല്പര്യാര്‍ഥം. ഹൃദയമാണ് ശരീരത്തിലെ മുഖ്യ സ്ഥാനം. ഇവിടെ നിന്നാണ് ശരീരത്തിലേക്ക് നാഡികള്‍ എല്ലാം വ്യാപിക്കുന്നത്. സ്വപ്‌നാവസ്ഥയില്‍ ജീവന്റെ സ്ഥാനം കണ്ഠത്തിലാണ്. ജാഗ്രത് അവസ്ഥയില്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തതിന്റെ സംസ്‌കാരം അതി സൂക്ഷ്മരൂപത്തില്‍ കണ്ഠത്തിലെ ഹിതാ എന്നു പേരായ നാഡിയില്‍ ഇരിക്കുന്നു എന്നു പറയപ്പെടുന്നു. അതുകൊണ്ട് അവയുടെ സ്വപ്‌നാവസ്ഥയിലുള്ള ജ്ഞാനം കണ്ഠത്തിലാണ്.
ജാഗ്രദവസ്ഥയില്‍ ജീവാത്മാവ് ബാഹ്യേന്ദ്രിയങ്ങളിലൂടെ ബാഹ്യവിഷയങ്ങളെ കാണും. ഇന്ദ്രിയങ്ങളില്‍ പ്രധാനം നേത്രം തന്നെ. അതുകൊണ്ട് ജാഗ്രത്തില്‍ ജീവാത്മാവ് കണ്ണില്‍ ഇരിക്കുന്നു (യ ഏഷോ ളക്ഷിണി പുരുഷോ ദൃശ്യത ഏഷ ആത്മേതി) എന്ന് ഛാന്ദോഗ്യോപനിഷത് പറയുന്നു.
സമ്പ്രജ്ഞാത സമാധിയില്‍ ജീവാത്മാവ് ദിവ്യദൃഷ്ടിയുടെ സ്ഥാനമായ ആജ്ഞാചക്രത്തിലും അസമ്പ്രജ്ഞാതത്തില്‍ ബ്രഹ്‌മരന്ധ്രത്തിലുമാണ് ഇരിക്കുന്നത്.