പത്തൊന്‍പതാം നൂറ്റാണ്ടില്‍ മനുഷ്യപുരോഗതിയെ അടിമുടി മാറ്റിമറിച്ചത് രണ്ട് സാങ്കേതികവിപ്ലവങ്ങളാണ്. ഒന്ന് വൈദ്യുതിയും രണ്ട് വയര്‍ലെസും. വൈദ്യുതിയെക്കുറിച്ചും ചാര്‍ജിനെക്കുറിച്ചുമൊക്കെയുള്ള അറിവുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഉണ്ടായിരുന്നു എങ്കിലും കാന്തികമണ്ഡലത്തില്‍ ഒരു ചാലകം തുടര്‍ച്ചയായി ചലിപ്പിച്ച് ഒഴുകുന്ന വൈദ്യുതിയുടെ തുടര്‍ച്ച ഉണ്ടാക്കുന്നത് 1831 ല്‍ മൈക്കല്‍ ഫാരഡെ ആണ്. തുടര്‍ന്നാണ് വ്യാപകമായി വൈദ്യുതി ഉപയോഗിക്കാന്‍ തുടങ്ങിയതും വ്യവസായികരംഗം പലമടങ്ങ് കുതിച്ചതും.
വൈദ്യുതി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ഒഴുകിപ്പോകാന്‍ ചാലകം ആവശ്യമാണ്. അതാണ് നാം നാടുനീളെ കാണുന്ന വൈദ്യുതി ലൈനുകള്‍. ലൈനുകള്‍ ഇല്ലാതെ, ഒരിടത്തുണ്ടാകുന്ന വൈദ്യുതിയെ വയര്‍ലെസ്സ് ആയി മറ്റൊരിടത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന ചിന്ത അന്നേ തുടങ്ങിയതാണ്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഭാരതീയനായ ജെ.സി.ബോസ് ആദ്യമായി മൈക്രോ തരംഗങ്ങള്‍ ഉപയോഗിച്ച് വയര്‍ലെസ്സ് ആദ്യമായി സാധ്യമാക്കിയത്. പക്ഷെ തന്റെ കണ്ടെത്തല്‍ കൃത്യമായി പേറ്റന്റ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാത്തതിനാല്‍ വയര്‍ലെസിന്റെ കണ്ടെത്തല്‍ മാര്‍ക്കോണിയുടെ പേരിലായി. അറിവിനെ കുത്തകയാക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന ഉന്നതമായ ധാര്‍മ്മികചിന്ത പലപ്പോഴും ഭാരതീയ കണ്ടുപിടുത്തങ്ങള്‍ക്ക് വിനയായിട്ടുണ്ട്.
വയര്‍ലെസ്സിലൂടെ നടക്കുന്നത് ഊര്‍ജ്ജ വിനിമയം തന്നെയാണ്. അന്തരീക്ഷത്തിലൂടെ പ്രവഹിക്കുന്ന മൈക്രോവേവുകള്‍ ഒരു ആന്റിനയില്‍ സ്പര്‍ശിക്കുമ്പോള്‍ അവ വൈദ്യുതസിഗ്‌നലുകള്‍ ആയി മാറുക എന്നതാണ് ഇവിടെ സംഭവിക്കുന്നത്. പക്ഷേ ഇത് വളരെ വളരെ ചെറിയ തോതിലുള്ള വൈദ്യുതി മാത്രമാണ്.
ശാസ്ത്രലോകം കണ്ട ഏറ്റവും വലിയ ജീനിയസ്സുകളില്‍ ഒരാളായിരുന്ന നിക്കോളാസ് ടെസ്ലയുടെ സ്വപ്‌നപദ്ധതിയായിരുന്നു ഇത്. രണ്ടു ചാലകങ്ങള്‍ പരസ്പരം സ്പര്‍ശിക്കാതെ അതുണ്ടാക്കുന്ന കാന്തികമണ്ഡലം മാത്രമുപയോഗിച്ച് വൈദ്യുതിയെ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്ന കിറൗരലേിരല സാങ്കേതികവിദ്യ അദ്ദേഹത്തിന്റെ സംഭാവനയാണല്ലോ.അങ്ങനെയാണ് ട്രാന്‍സ്‌ഫോര്‍മറുകളും മോട്ടോറുകളും ഒക്കെ പ്രവര്‍ത്തിക്കുന്നത്. പക്ഷേ ഇത് വളരെ അടുത്തുള്ള ചാലകങ്ങള്‍ തമ്മിലേ നടക്കുകയുള്ളൂ. മൈക്രോവേവുകള്‍ വളരെ ദൂരം സഞ്ചരിക്കുന്നവയാണ്. ഇതിലൂടെ പവര്‍ പോകുന്നുണ്ടെങ്കിലും വളരെ കുറഞ്ഞ നിലയിലേ സാധ്യമാകൂ. മൈക്രോവേവുകള്‍ വഴി വലിയതോതിലുള്ള വൈദ്യുതി വയര്‍ലെസ്സ് ആയി പ്രസരിപ്പിച്ച് മറ്റൊരിടത്തേക്ക് എത്തിക്കാനുള്ള പരീക്ഷണഗവേഷണങ്ങള്‍ കഴിഞ്ഞ നൂറിലധികം വര്‍ഷങ്ങളായി നടക്കുകയാണ്. ടെസ്ല കൂടി ശാസ്ത്രഗവേഷണത്തില്‍ സജീവമായി ഉണ്ടായിരുന്നെങ്കില്‍ ഈ ടെക്‌നോളജി പണ്ടേ സാധ്യമായേനെ എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നുണ്ട്. മൈക്രോവേവുകള്‍ക്ക് പുറമെ ലേസര്‍ രശ്മികള്‍ ഉപയോഗിച്ചുള്ള ഗവേഷണങ്ങളും ഇപ്പോള്‍ സജീവമാണ്. ഏറെ മുന്നോട്ട് പോയ ഗവേഷണങ്ങള്‍ ഇപ്പോള്‍ വിജയത്തിലേക്ക് അടുക്കുന്ന വാര്‍ത്തകളാണ് വരുന്നത്.
ഇത് യാഥാര്‍ഥ്യമായാല്‍ വൈദ്യുത ഉല്‍പ്പാദനരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് നടക്കുക. 36000 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുന്ന വന്‍ സോളാര്‍ പാനലുകളില്‍ നിന്നുള്ള വൈദ്യുതി, മൈക്രോവേവുകള്‍ വഴിയോ ലേസറുകള്‍ വഴിയോ ഭൂമിയില്‍ സ്വീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതി നാസ തയ്യാറാക്കിക്കഴിഞ്ഞു. ഇത്രയും ഉയരത്തില്‍ എപ്പോഴും സൂര്യന് അഭിമുഖമായി നില്‍ക്കുന്നത് കൊണ്ട് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ വൈദ്യുതി ലഭിച്ചുകൊണ്ടേ ഇരിക്കും. ഭൂമിയിലുള്ളതിനേക്കാള്‍ പതിനഞ്ചു മടങ്ങു കൂടുതല്‍ വൈദ്യുതി ബഹിരാകാശ പാനലുകള്‍ ഉണ്ടാക്കുകയും ചെയ്യും. അതോടെ അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന വൈദ്യുതിനിലയങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകും.

കൃത്രിമ ഉപഗ്രഹങ്ങളിലെ ബാറ്ററികള്‍ തീരുമ്പോഴാണ് അവയുടെ ജീവിതവും അവസാനിക്കുക. ഈ ബാറ്ററികള്‍ ദൂരെയിരുന്നു ചാര്‍ജ്ജ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഉപഗ്രഹങ്ങളുടെ ആയുസ്സ് പല മടങ്ങ് വര്‍ധിക്കും. സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുന്ന വൈദ്യുതി വാഹനങ്ങള്‍ ഇതുപോലെ ചാര്‍ജ്ജ് ചെയ്യാന്‍ സാധിച്ചാലുള്ള സൗകര്യം ഒന്ന് ഓര്‍ത്തു നോക്കൂ.
അങ്ങിനെയങ്ങിനെ അനന്തമായ സാധ്യതകളാണ് വയര്‍ലെസ്സ് വൈദ്യുതി എന്ന മഹാവിപ്ലവം മനുഷ്യനായി ഒരുക്കിക്കൊണ്ടിരിക്കുന്നത്.