മലയാള സിനിമയുടെ ഒരു കാലമായിരുന്നു ജോണ്‍പോള്‍, ഓര്‍മ്മകളുടെയും. സിനിമയെഴുതുന്ന കാലത്ത് ജോണ്‍ പോള്‍ നിരന്തരം എഴുതിക്കൊണ്ടേയിരുന്നു. കഥകള്‍ പറയുവാനായിരുന്നു കൂടുതല്‍ ഇഷ്ടം. സിനിമയുടെ അപ്ലൈഡ് റൈറ്റിങ്ങിലായിരുന്നു താത്പര്യം. അതിനപ്പുറത്ത് സാഹിത്യപരമായ വഴികളിലേക്ക് തനിക്ക് ഇണങ്ങിച്ചേരാനാകുമോ എന്ന് അദ്ദേഹത്തിന് സംശയവുമുണ്ടായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് അദ്ദേഹം എഴുതിയ പുസ്തകങ്ങളും നടത്തിയ പ്രഭാഷണങ്ങളും എല്ലാം ജോണ്‍പോളില്‍ അന്തര്‍നിഹിതമായിരുന്ന സാഹിത്യകാരനെ സ്പഷ്ടമാക്കി.
എണ്‍പതുകളുടെ തിരക്കഥാകാരനായിരുന്നു ജോണ്‍പോള്‍. സിനിമ അന്ന് കൃത്യമായൊരു കഥയുടെ കേന്ദ്രബിന്ദുവില്‍ തളയ്ക്കപ്പെട്ടിരുന്ന കാലമായിരുന്നു. കുടുംബ പ്രേക്ഷകരായിരുന്നു, ടെലിവിഷന്റെ സാര്‍വത്രികതയ്ക്കു മുമ്പുള്ള ആ കാലത്ത് സിനിമയുടെ വിധികര്‍ത്താക്കള്‍. കുടുംബസദസ്സുകളെ തീയറ്ററുകളിലേക്ക് ആനയിക്കുന്നതിലായിരുന്നു അന്നത്തെ സിനിമകള്‍ മത്സരിച്ചിരുന്നത്. എം.ടി, പത്മരാജന്‍, തോപ്പില്‍ ഭാസി, എസ്.എല്‍.പുരം, ആലപ്പി ഷെരീഫ്, ടി.ദാമോദരന്‍ തുടങ്ങി ജനകീയ സിനിമകളുടെ വക്താക്കളായിരുന്നു അന്നത്തെ പ്രധാന തിരക്കഥാകൃത്തുക്കള്‍. ആ കാലത്താണ് കൊച്ചിയിലെ ഒരു ബാങ്കുദ്യോഗസ്ഥനായിരുന്ന ജോണ്‍പോള്‍ സിനിമയിലേക്കെത്തുന്നത്. ബാലകൃഷ്ണന്‍ മങ്ങാടിന്റെ ‘ജാലകങ്ങളിലെ സൂര്യന്‍’ എന്ന നോവലെറ്റിനെ കഥയുടെ മേലാപ്പായി മാത്രം സ്വീകരിച്ചുകൊണ്ട്, അന്നത്തെ യുവത്വത്തിന്റെ ക്ഷുഭിതപ്രണയഭാവങ്ങളുടെ തീക്ഷ്ണത ആവിഷ്‌ക്കരിച്ച ‘ചാമര’മായിരുന്നു ആദ്യ സിനിമ. പ്രമേയഘടനയില്‍ പുതുവഴക്കങ്ങള്‍ തേടിക്കൊണ്ടിരുന്ന ഭരതനായിരുന്നു സംവിധായകന്‍. തുടര്‍ന്ന് മോഹന്‍, സേതുമാധവന്‍, പി.ജി.വിശ്വംഭരന്‍, ഐ.വി.ശശി, സത്യന്‍ അന്തിക്കാട്, ജേസി, കമല്‍, പി.എന്‍.മേനോന്‍, ബാലു മഹേന്ദ്ര തുടങ്ങി അന്നത്തെ മുഖ്യധാരാ സംവിധായകരെല്ലാം ജോണ്‍പോളിനെക്കൊണ്ട് തിരക്കഥകളെഴുതിച്ചു. അങ്ങനെ ജോണ്‍പോള്‍ എണ്‍പതുകളുടെ പ്രിയ തിരക്കഥാകാരനായിത്തീര്‍ന്നു. ഒരുവര്‍ഷം മൂന്നും നാലും തിരക്കഥകള്‍പോലും അദ്ദേഹമെഴുതി. കഥപറയുന്നതിലെ ഒഴുക്കും കഥാപാത്രരൂപീകരണത്തിലെ സൂക്ഷ്മതയും ജോണ്‍പോള്‍ രചനകളുടെ പ്രത്യേകതകളായി വിലയിരുത്തപ്പെട്ടു. ചാമരത്തിലെ വിനോദ് മുതല്‍ ചമയത്തിലെ എസ്തപ്പനാശാരി വരെ മലയാളികള്‍ ഇപ്പോഴും ഓര്‍ത്തുവെയ്ക്കുന്ന നിരവധി കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു.
പത്രപ്രവര്‍ത്തകനാകാനായിരുന്നു ജോണ്‍പോളിന്റെ ആഗ്രഹം. പഠിക്കുന്നകാലത്ത് പാര്‍ട്‌ടൈം പത്രപ്രവര്‍ത്തകനായിട്ടുമുണ്ട്. എങ്കിലും സിനിമയോട് ശക്തമായ അഭിനിവേശമുണ്ടായിരുന്നു. ജീവിതത്തില്‍ ഒരു കഥപോലും സിനിമയ്ക്ക് പുറത്ത് എഴുതിയിട്ടില്ലെങ്കിലും കഥ മികച്ച രീതിയില്‍ പറഞ്ഞുഫലിപ്പിക്കുന്നതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഈ കഴിവിന്റെ പിന്‍ബലത്തിലാണ് സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങി ജോണ്‍പോള്‍ സിനിമയുടെ എഴുത്തുവഴിയിലെത്തുന്നത്. മങ്കട രവിവര്‍മ്മയുടെ ‘കൂടിയാട്ടം’ ആയിരുന്നു ആദ്യ തിരക്കഥ. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. സിനിമ ഉപേക്ഷിക്കപ്പെട്ടു. തുടര്‍ന്ന് ഐ.വി.ശശിയുടെ ‘ഞാന്‍ ഞാന്‍ മാത്രം’ എന്ന സിനിമയ്ക്ക് വേണ്ടി കഥയെഴുതുകയും ആന്റണി ഈസ്റ്റ്മന്റെ ഇണയെത്തേടി എന്ന സിനിമയുടെ തിരക്കഥയെഴുതുകയും ചെയ്തുവെങ്കിലും ചാമരത്തിലൂടെയാണ് ജോണ്‍പോള്‍ തിരക്കഥാകാരനായി രംഗപ്രവേശം ചെയ്യുന്നത്. തന്റെയും, തനിക്കു മുമ്പുള്ളതുമായ കാലത്തെയും സംഭവങ്ങള്‍ ഓര്‍ത്തുവെയ്ക്കുകയും തന്റെതായ ശൈലിയില്‍ വ്യാഖ്യാനിച്ചെടുക്കുകയും ചെയ്യുകയെന്നത് ജോണ്‍പോളിന്റെ പ്രത്യേകതയായിരുന്നു. പിന്നീട് ഇത്തരം പ്രത്യേക സംഭവങ്ങളെയും വ്യക്തികളെയും കഥയുടെ മേലാപ്പിലേക്കു ചേര്‍ത്തിണക്കുവാന്‍ ജോണ്‍പോള്‍ വിരുത് കണ്ടെത്തി. ഉത്സവപ്പിറ്റേന്നും മാളൂട്ടിയുമെല്ലാം ഇത്തരം ചില യഥാര്‍ത്ഥ സംഭവങ്ങളെ പിന്തുടര്‍ന്ന് സൃഷ്ടിച്ച കഥകളാണ്. പിന്നീട് കഥപറച്ചിലില്‍നിന്നും മറ്റുവഴികളിലേക്ക് നടന്നുകയറിയപ്പോള്‍ ചരിത്രമുഹൂര്‍ത്തങ്ങളെ അനുഭവങ്ങളുമായി കൂട്ടിയിണക്കി നാടകീയമായി പുനരാഖ്യാനം നടത്തുവാന്‍ ഇത്തരം വിരുതുകള്‍ അദ്ദേഹത്തിന് സഹായകമായിത്തീര്‍ന്നു. സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലൂടെ അദ്ദേഹത്തിന് നിരവധി ആരാധകരുണ്ടായി. തന്റെ ദേശത്തിന്റെ മാത്രമല്ല, കേരളത്തിന്റെ മുഴുവന്‍ ഇന്നലെകളിലൂടെ ഗൃഹാതുരനായൊരു നാവികനെപ്പോലെ അദ്ദേഹം തുഴഞ്ഞുനടന്നു. അതില്‍ പ്രശസ്തരും അപ്രശസ്തരുമായ നിരവധി വ്യക്തികളും സംഭവങ്ങളും അനുഭവങ്ങളും ഉണ്ടായിരുന്നു.
നൂറില്‍പ്പരം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയെങ്കിലും അര്‍ഹമായ അംഗീകാരങ്ങളൊന്നും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായില്ല. ഉത്സവപ്പിറ്റേന്ന്, രചന, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഇളക്കങ്ങള്‍, യാത്ര, ഉണ്ണികളേ ഒരു കഥപറയാം, കാതോടുകാതോരം എന്നിങ്ങനെ പുരസ്‌കാരലബ്ധിയ്ക്ക് അര്‍ഹമായ നിരവധി രചനകള്‍ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലുണ്ടായിരുന്നു. ഈ തിരക്കഥകളൊന്നും തന്റെതുമാത്രമായ കഴിവുകളല്ലെന്ന് അദ്ദേഹം വിനീതനാകുമായിരുന്നു. അപ്പോഴെല്ലാം കഥപറച്ചിലിന് സഹായകമായ സംവിധായകരെയും സഹസംവിധായകരെയും കൂട്ടുകാരെയുമെല്ലാം അദ്ദേഹം ഓര്‍ത്തെടുത്ത് പരിഗണിക്കുമായിരുന്നു. ഒരു നാടകകലാകാരന്റെ സര്‍ഗ്ഗസംഘര്‍ഷങ്ങളും ആവിഷ്‌കാരനിര്‍വൃതിയുമെല്ലാം അടയാളപ്പെടുത്തിയ ചമയം ഒരു കടലോരഗ്രാമത്തിലെ കുറച്ച് നാടകജീവിതങ്ങളുടെ കഥയാണ് പറഞ്ഞത്. ചിലപ്പോഴെല്ലാം എഴുത്തുവഴിയില്‍ എസ്തപ്പനാശാരിയില്‍നിന്നും തന്റെ ജീവിതത്തിലേക്ക് ദൂരം വളരെ കുറവാണെന്ന് ജോണ്‍പോള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജോണ്‍പോളിന്റെ ഏറ്റവും ശ്രദ്ധേയമായ ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ വാര്‍ദ്ധക്യത്തിലേക്ക് നടന്നുനീങ്ങുന്ന ഒറ്റപ്പെട്ട ദമ്പതികളുടെ സ്‌നേഹപാരസ്പര്യത്തെയായിരുന്നു ആവിഷ്‌ക്കരിച്ചത്. താന്‍ നേരിട്ട് സാക്ഷ്യം വഹിച്ച മാതാപിതാക്കളുടെ സ്‌നേഹപാരസ്പര്യവും നിര്‍വൃതിയുമാണ് കഥാവഴിയില്‍ ഈ ഭരതന്‍ചിത്രത്തിന് മാതൃകയായതെന്ന് അദ്ദേഹം പറയാറുണ്ട്. തകരുന്ന നാലുകെട്ടിന്റെയും ജീവിതങ്ങളുടെയും കഥ പറഞ്ഞ ‘ഉത്സവപ്പിറ്റേന്ന്’ ഭൂപരിഷ്‌ക്കരണത്തിനുശേഷമുള്ള വ്യവസ്ഥിതി മാറ്റത്തിന്റെ അനന്തരഫലങ്ങളുടെ നേര്‍ക്കാഴ്ച കൂടിയായിരുന്നു. തനിക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു പശ്ചാത്തല വിന്യാസമായിരുന്നിട്ടുകൂടി ജോണ്‍പോള്‍ അതൊരു മിഴിവുറ്റ രചനയാക്കി മാറ്റി. ഭരത്‌ഗോപിയുടെ രോഗശയ്യയില്‍ നിന്നുമുള്ള ഉയര്‍ച്ചയും കലാജീവിതത്തിലേക്കുള്ള തിരിച്ചുവരവും കൂടിയായ ആ സിനിമ ഗോപിയുടെ സംവിധാനമികവും രചനയുടെ ലാളിത്യവും കൊണ്ട് ജനപ്രീതി നേടി. കാത്തിരിപ്പിന്റെ പ്രണയനൊമ്പരം ആവിഷ്‌ക്കരിച്ച യാത്ര ബാലുമഹേന്ദ്രയുടെ പ്രതിഭാസ്പര്‍ശം അടയാളപ്പെടുത്തിയ സിനിമയായിരുന്നു. പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെയാണ് യാത്രയിലെ അവസാനരംഗത്തെ തുളസിയെന്ന കഥാപാത്രത്തിന്റെ ചിരാതുകളൊരുക്കിക്കൊണ്ടുള്ള കാത്തിരിപ്പിനെ സ്വീകരിച്ചതും ആഘോഷിച്ചതും. ഊമയായ ശില്പിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആംഗ്ലോപെണ്‍കുട്ടിയുടെ ജീവിതവും ദുരന്തവും ഇതിവൃത്തമായ ഓര്‍മ്മയ്ക്കായി, നിരവധിപേരെ വധശിക്ഷയ്ക്ക് വിധിച്ച ജഡ്ജിയുടെ മനസ്സിന്റെ താളംതെറ്റലുകളെ പകര്‍ത്തിയ സന്ധ്യമയങ്ങും നേരം, മലയോര ഗ്രാമത്തിലേക്ക് ജീവിതം തേടിയെത്തുന്ന ലൂയിസും അയാളെ സ്‌നേഹിച്ച കുട്ടന്റെയും അമ്മയുടെയും കഥ പറഞ്ഞ കാതോടുകാതോരം, നക്‌സലൈറ്റായ മകന്‍ കൊല്ലപ്പെടുന്നതോടെ മനോനില തെറ്റിയ അമ്മയുടെ ജീവിതം പറഞ്ഞ ഇത്തിരിപ്പൂവേ ചുവന്ന പൂവേ ഇങ്ങനെയെത്രയെത്ര കഥാപാത്രങ്ങളും പ്രമേയങ്ങളുമാണ് ജോണ്‍പോള്‍ അഭ്രപാളികളിലേക്ക് ആവാഹിച്ചത്.
1980 ല്‍ പുറത്തിറങ്ങിയ ചാമരം മുതല്‍ 2019 ല്‍ റിലീസ് ചെയ്ത പ്രണയമീനുകളുടെ കടല്‍ വരെയായിരുന്നു ജോണ്‍പോളിന്റെ ചലച്ചിത്രപര്‍വം. ദീര്‍ഘകാലം അദ്ദേഹം എഴുത്തുവഴിയില്‍നിന്നും മാറി ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക ജനറല്‍സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയുണ്ടായി. രണ്ട് ചിത്രങ്ങളുടെ നിര്‍മ്മാണപങ്കാളിത്തം വഹിക്കുകയുണ്ടായെങ്കിലും അതത്ര സുഖകരമായ അനുഭവമായിരുന്നില്ല. എം.ജി.സോമനുമായി ചേര്‍ന്ന് ഭൂമികയും (1991), ഏഷ്യാനെറ്റുമായി ചേര്‍ന്ന് ഒരു ചെറുപുഞ്ചിരിയും (2000) ആയിരുന്നു ആ നിര്‍മ്മാണസംരംഭങ്ങള്‍. എം.ടി. വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ഒരു ചെറുപുഞ്ചിരി’ നിരവധി അന്തര്‍ദേശീയ അംഗീകാരങ്ങളും പരിസ്ഥിതിസംരക്ഷണസന്ദേശത്തിനുള്ള ദേശീയ പുരസ്‌കാരവും നേടി.
സിനിമയെന്ന മാധ്യമത്തെക്കുറിച്ച് ജോണ്‍പോളിന് കൃത്യമായ ധാരണയും അവബോധവുമുണ്ടായിരുന്നു. സിനിമ സംവിധായകന്റെ കലയാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. സംവിധായകന്റെ മനസ്സാണ് തിരക്കഥാകാരന്‍ എന്ന് നിര്‍വചിച്ചുകൊണ്ട് അദ്ദേഹം സിനിമയില്‍ തന്റെ ഇടത്തെ കൃത്യമായി മനസ്സിലാക്കുകയും ചെയ്തിരുന്നു. അവസാന ചര്‍ച്ചയ്ക്കുശേഷം, എഴുതിത്തീര്‍ത്ത കഥയുടെ ക്ലൈമാക്‌സില്‍ നിന്നും പുറകോട്ട് കഥയെ പൂര്‍ണ്ണമായും പൊളിച്ചെഴുതേണ്ടി വന്ന അനുഭവങ്ങളും ഉണ്ടായിട്ടുള്ളതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഓര്‍മ്മയ്ക്കായി അത്തരമൊരു രചനയായിരുന്നു. എഴുത്തിന്റെ ഏത് തലത്തിലും ഏത് വിതാനത്തിലേക്കും പ്രമേയത്തെ പരിവര്‍ത്തിപ്പിക്കാവുന്നവിധം സര്‍ഗ്ഗാത്മകമായ ജാഗ്രത ജോണ്‍പോളിനുണ്ടായിരുന്നുവെന്നു സാരം.
സിനിമയുടെ തിരക്കുപിടിച്ച കാലത്തിനുശേഷവും ജോണ്‍പോള്‍ സര്‍ഗ്ഗാത്മകമായി ഏറെ സജീവമായിരുന്നു. പൂര്‍ണ്ണമായും എഴുത്തുകാരനാവുകയും നിരന്തരം സര്‍ഗ്ഗാത്മക ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന കാലമായിരുന്നു ഇത്. വിവിധ സിനിമാപാഠശാലകളില്‍ അദ്ധ്യാപകനായും സാംസ്‌കാരികവേദികളില്‍ പ്രഭാഷകനായും ടെലിവിഷന്‍പരിപാടികളില്‍ അവതാരകനായും മാധ്യമങ്ങളില്‍ കോളമിസ്റ്റായും ജൂറി അംഗമായുമെല്ലാം ജോണ്‍ പോള്‍ ആ കാലമത്രയും തിരക്കിലമര്‍ന്നു. ജോണ്‍പോള്‍ രചിച്ച ഭരതനെക്കുറിച്ചുള്ള ഒരു കടംകഥപോലെ ഭരതന്‍, ഭരത് ഗോപിയെക്കുറിച്ചുള്ള അടയാളനക്ഷത്രമായി ഗോപി, മധുവിനെക്കുറിച്ചുള്ള മധു ജീവിതം ദര്‍ശനം, പി.എന്‍.മേനോനെക്കുറിച്ചുള്ള വിഗ്രഹഭഞ്ജകര്‍ക്കൊരു പ്രതിഷ്ഠ, എം.ടി. വാസുദേവന്‍ നായരെക്കുറിച്ചുള്ള കഥയിതു വാസുദേവം തുടങ്ങിയ പുസ്തകങ്ങള്‍ അതാത് പ്രതിഭകളിലേക്കുള്ള സമഗ്രസൂചികകള്‍ കൂടിയായിരുന്നു. കൂടാതെ, സിനിമാജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും സമൃദ്ധമായ തന്റെ സ്മൃതികളിലൂടെ കടന്നുപോകുന്ന നിരവധി പുസ്തകങ്ങളും ചില പാചകസംബന്ധമായ രചനകളും അദ്ദേഹം നടത്തുകയുണ്ടായി.
വ്യക്തിയോ കാലമോ സംഭവങ്ങളോ എന്തുമാകട്ടെ, അക്കാദമിക് സ്വഭാവമുള്ളതോ അല്ലാത്തതോ ആയ ഏത് രചനയിലും ഭാഷാഭംഗിയുടെ സൂക്ഷ്മവൈചിത്ര്യംകൊണ്ടും നക്ഷത്രശോഭകൊണ്ടും അവയെല്ലാം ആകര്‍ഷകമായ വായനാനുഭവമാക്കിത്തീര്‍ക്കുവാന്‍ ജോണ്‍പോള്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ ജോണ്‍പോളിനെകേള്‍ക്കുവാനും വായിക്കാനും നിരവധിപേരുണ്ടായിരുന്നു. സിനിമയിലും സിനിമയ്ക്കപ്പുറത്തുമുള്ളതുമായ ഒരുകാലത്തെ സശ്രദ്ധം വീക്ഷിച്ചുകൊണ്ട് അതത്രയും സൂക്ഷ്മഭംഗിയോടെ രേഖപ്പെടുത്തിവെയ്ക്കാനുള്ള ഒരു ചരിത്രകുതുകിയുടെ വൈഭവം അദ്ദേഹം പുലര്‍ത്തിയിരുന്നു. മരിക്കുന്നതിന് മുമ്പ് കൊച്ചിയുടെ ഇന്നലെകളിലൂടെയുള്ള ഒരു സഞ്ചാരം എന്നൊരു പുസ്തകത്തിനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. സഹായകഗ്രന്ഥങ്ങളും വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞിരുന്നു. മനസ്സില്‍ പൂര്‍ത്തിയാക്കിയ ഈ പുസ്തകത്തെക്കുറിച്ച് അദ്ദേഹം ദീര്‍ഘമായി സംസാരിക്കാറുള്ളതോര്‍ക്കുന്നു.
ജീവിതത്തെ പിന്തുടര്‍ന്ന സാമ്പത്തിക അനിശ്ചിതാവസ്ഥയോ, മരണത്തെക്കുറിച്ചുള്ള വാര്‍ദ്ധക്യകാല വേവലാതിയോ അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ജീവിതത്തിന്റെ അങ്ങേയറ്റത്തെ ഉയര്‍ച്ചതാഴ്ചകളിലൂടെ ഒരുപോലെ കടന്നുപോയതുകൊണ്ടാകാം ആത്മീയമായൊരു നിര്‍മ്മമത്വം അദ്ദേഹത്തില്‍ ഗാഢമായിരുന്നു. ബന്ധങ്ങളെ സൂക്ഷിക്കുന്നതിലും സംഭവങ്ങളെ വീക്ഷിക്കുന്നതിലും ഈ ആത്മീയഭാവം അദ്ദേഹം സൂക്ഷിക്കുകയുണ്ടായി. അടുത്തിടെ പുറത്തിറങ്ങിയ ഒരു പുസ്തകത്തിനുവേണ്ടി സംസാരിക്കുമ്പോള്‍ മരണത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി:
”മരണത്തെക്കുറിച്ച്, ഞാന്‍ പക്ഷെ ചിന്തിച്ചിട്ടുണ്ട്. ഞാനില്ലാതാകുന്ന ഒരു അവസ്ഥയെക്കുറിച്ചുള്ള ആളല്‍ എന്നെ ബാധിക്കുന്നില്ല. ജനനമരണങ്ങള്‍ക്കപ്പുറം ചില ബന്ധങ്ങളുടെ നേര്, നെറിവ്… ആ സ്‌നേഹത്തിന്റെ മസൃണത… അത് തുടരുന്നുണ്ടെന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താവല്ലേ ഞാന്‍! ഞാന്‍ മരിച്ചുകഴിഞ്ഞാലും ഈ ലോകം മുന്നോട്ടുപോകും അതേപോലെ. ഒരു ചലനവും ഒരു വിടവും എന്റെ മരണം സൃഷ്ടിക്കില്ല. എന്നായാലും മരിക്കും. മരിച്ചേ മതിയാകൂ… പിന്നെ ഭയന്നിട്ടെന്തിന്?!
പാവം എന്റെ ഭാര്യ… ഞാനില്ലാത്ത ഒരു ലോകത്ത് അവരെങ്ങനെ ഒറ്റയ്ക്ക്, അതിനുള്ള സാമ്പത്തികഭദ്രതപോലും ഞാന്‍ കരുതിവെച്ചിട്ടില്ലല്ലോ…. ജോലിയെടുത്ത് അവര്‍ക്ക് സ്വയം പോറ്റാനാവില്ല. മകള്‍ക്ക് അവളുടെ വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ക്കിടയില്‍നിന്നുകൊണ്ട് സംരക്ഷണം ഏറ്റെടുക്കാനുള്ള സാഹചര്യമുണ്ടാവില്ലല്ലോ. ആ കാലഘട്ടമൊക്കെ പണ്ടായിരുന്നില്ലേ..
ഞാനഥവാ വീണുപോയാല്‍, എന്റെ ഭാര്യ ഒറ്റയ്‌ക്കെങ്ങനെ എന്നെ താങ്ങും. എന്റെ ഭാര്യയ്‌ക്കെന്തെങ്കിലും വന്നുപോയാല്‍ ഞാനെങ്ങനെ അവരെ ശുശ്രൂഷിക്കും? പരസഹായം കൂടാതെ മുന്നോട്ട് പോകാനാവാത്ത സന്ധികളിലൂടെ ജീവിതം മുന്നേറുമ്പോള്‍ ഞാനെത്ര നിസ്സഹായനാണ്, നിസ്സാരനാണ് എന്നുകൂടി ഞാന്‍ തിരിച്ചറിയുന്നു!
ജീവിതം ഇങ്ങനെയാണ്. എത്ര പഠിച്ചാലും തീരാത്ത അര്‍ത്ഥഭാഗങ്ങളുള്ള പാഠങ്ങളാണ് മുന്നില്‍. എത്ര മറികടന്നാലും പിന്നെയും ബാക്കിവരുന്ന പ്രതിസന്ധികളാണ് മുന്നില്‍.”
‘ചമയ’ത്തിലെ, അരങ്ങില്‍വച്ച് വേഷത്തോടെ മരണമാഗ്രഹിക്കുന്ന എസ്തപ്പനാശാരിയെപ്പോലെ എഴുത്തുമേശയുടെ മുന്നില്‍നിന്നാണ് അദ്ദേഹം ആശുപത്രിയിലേക്കിറങ്ങിപ്പോകുന്നത്. ബോധം മറയുന്നതുവരെയും അദ്ദേഹം എഴുതാനുള്ളതിനെക്കുറിച്ചും പറയാനുള്ളതിനെക്കുറിച്ചുമൊക്കെ ചിന്തിച്ചുകൊണ്ടിരുന്നു. പലതും പങ്കുവെച്ചുകൊണ്ടിരുന്നു. ആവിഷ്‌കാരങ്ങളുടെ ആശയലോകം അദ്ദേഹത്തില്‍ അത്രമാത്രം സമൃദ്ധമായിരുന്നു. കലാത്മകമായൊരു ചൈതന്യത്തെ ആത്മീയമായി സ്പന്ദിപ്പിച്ചുകൊണ്ടാണ് തന്റെ ശാരീരികമായ പരിമിതികളെ മറികടക്കുവാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത്. തന്റെ എഴുത്തില്‍, പ്രഭാഷണങ്ങളില്‍, ചിന്തകളില്‍ എല്ലാംതന്നെ ഈ ചൈതന്യം അദ്ദേഹം കാത്തുസൂക്ഷിക്കുകയും പ്രസ്ഫുരിപ്പിക്കുകയും ചെയ്തിരുന്നു. താന്‍ ഭാഗഭാക്കാകുന്ന ഏതൊരു കലാപ്രക്രിയയിലും അത്രമാത്രം അദ്ദേഹം പൂര്‍ണ്ണതയോടെ സമര്‍പ്പിതനായിരുന്നു. അതുകൊണ്ടുതന്നെ ജോണ്‍പോള്‍ എന്ന അദ്ധ്യായം ഒരിക്കലും അവസാനിക്കുന്നില്ല.
Comments