”ഈ സ്ഥലം ഏതാണ്
ശര്‍മാജി?”
”കാശിയാണ് മാതാജി, ബനാറസ്.”
”ശരിക്കും?”
”അതെ മാതാജി. സംശയമില്ല.”
ഈ ദൂരത്തുനിന്ന് നോക്കുമ്പോള്‍ മുഴുവന്‍ കാശിയെയും പിടിമുറുക്കിയിരിക്കുന്ന ഭീമാകാരമായ ഒരു മുഷ്ടിയെപ്പോലെ ആകാശം മുട്ടിനില്‍ക്കുന്ന മസ്ജിദ് കാണാം. അതിന്റെ പ്രബലമായ സാന്നിധ്യം കാശിയിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പു തന്നെ ഓരോ സന്ദര്‍ശകന്റെയും കാഴ്ചയെ നിയന്ത്രിക്കുന്നു.
മസ്ജിദിനു താഴെ തീര്‍ത്ഥ ഘട്ടുകളിലേക്കുള്ള ഒരു വഴി കണ്ടുപിടിക്കാന്‍ അവള്‍ക്കു കഴിഞ്ഞു. അതിന്റെ വലതുവശത്ത് മറ്റൊരു മസ്ജിദ് നില്‍ക്കുന്നു. വളരെ ഉയര്‍ന്നതും കാഴ്ചയെ അപഹരിക്കുന്നതും.
”ശര്‍മാജി, മസ്ജിദുകള്‍ മാത്രമാണല്ലോ എനിക്ക് കാണാന്‍ കഴിയുന്നത്. എവിടെയാണ് വിശ്വനാഥ ക്ഷേത്രം?”
”ഓ! അത് നിങ്ങള്‍ക്ക് അറിയില്ലെ മാതാജി? ഈ മസ്ജിദ് നോക്കൂ, അതിന്റെ ഇടതുഭാഗത്ത്…” അയാള്‍ വിരല്‍ചൂണ്ടി. ”ഉയര്‍ന്നതും തടിച്ചതുമായ ആ മസ്ജിദ് അടക്കിപ്പിടിച്ച് ചിരിക്കുന്നതുപോലെ തോന്നുന്നില്ലേ? കാരണം അത് കാശിയിലെ ഏറ്റവും വലിയ മസ്ജിദാണ്. യഥാര്‍ത്ഥ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സ്ഥാനത്താണ് ആ മസ്ജിദ് നില്‍ക്കുന്നത്.”
”വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് ഔറംഗസീബ് നിര്‍മിച്ച മസ്ജിദിന് നമ്മുടെ സര്‍ക്കാര്‍ കമ്പിവേലികള്‍ കെട്ടുകയും, നമ്മുടെ സൈനികര്‍ അതിന് കാവല്‍ നില്‍ക്കുകയുമാണ്” ശര്‍മ പറഞ്ഞു.
ഇസ്ലാമിക ആക്രമണകാരികള്‍ ഭാരതത്തിന്റെ ചരിത്രത്തോടും സംസ്‌കാരത്തോടും പുണ്യക്ഷേത്രങ്ങളോടും ചെയ്ത അനീതികള്‍ക്കെതിരെ ധീരമായി വിരല്‍ചൂണ്ടുന്ന, ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത എസ്.എല്‍. ഭൈരപ്പയുടെ ‘ആവരണ’ എന്ന നോവലിലെ ഒരു ഭാഗമാണിത്. നോവലില്‍ നായികയായ ലക്ഷ്മി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സഹപാഠി അമീറിനെ പ്രണയിച്ച് റസിയ എന്ന പേരു സ്വീകരിക്കുന്നു. തിരക്കഥാകൃത്തായ അവള്‍ ഒരു നോവല്‍ രചിക്കുന്നതിന്റെ ഭാഗമായി കാശി സന്ദര്‍ശിക്കുമ്പോള്‍ ഗൈഡുമായുള്ള സംഭാഷണമാണ് മുകളില്‍ ചേര്‍ത്തത്. ഒരു ജനതയുടെ പൈതൃകത്തെ പരിഹസിക്കുകയും അഭിമാനത്തെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാശിയിലെ ‘ഗ്യാന്‍വാപി മസ്ജിദ്’ നല്‍കുന്നത്. ഇതില്‍നിന്നുള്ള മോചനം ഭാരതത്തെയും അതിന്റെ സംസ്‌കാരത്തെയും സ്‌നേഹിക്കുന്ന ഏതൊരാളും ആഗ്രഹിക്കുന്നു. മതേതര കാപട്യംകൊണ്ട് മറച്ചുപിടിക്കാവുന്നതോ, കൃത്രിമമായി മതമൈത്രിയുടെ പേരില്‍ നീട്ടിവയ്ക്കാവുന്നതോ അല്ല ഈ വിമോചനം. മാറിയ കാലം അതിന് നിന്നുതരുമെന്നും തോന്നുന്നില്ല.
കേവലം സാങ്കല്‍പികമായ ഒരു കഥ പറച്ചിലല്ല ‘ആവരണ’യില്‍ നാം കാണുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ സ്വാനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ഭൈരപ്പ ഈ നോവല്‍ രചിച്ചിട്ടുള്ളത്. നോവലിലെ കഥാപാത്രങ്ങള്‍ പലരും ജീവിതത്തില്‍നിന്ന് കയറിവന്നവരും ഭൈരപ്പയുടെ സമകാലികരുമാണ്. പുരോഗമന മുഖംമൂടി ധരിക്കുകയും, സ്വന്തം ജീവിതത്തില്‍ യാഥാസ്ഥിതികത്വം കൊണ്ടുനടക്കുകയും ചെയ്യുന്ന ശാസ്ത്രി എന്ന കഥാപാത്രം പ്രശസ്ത നോവലിസ്റ്റും അക്കാദമിഷ്യനുമായിരുന്ന യു.ആര്‍. അനന്തമൂര്‍ത്തിയുടെ പകര്‍പ്പാണെന്ന വിമര്‍ശനം ഉയരുകയുണ്ടായി. അതുപോലെ മുഖ്യകഥാപാത്രമായ ലക്ഷ്മി-റസിയ സര്‍ക്കാര്‍ നിയോഗിച്ച പാഠപുസ്തക സമിതിയോട് ഏറ്റുമുട്ടുന്നുണ്ട്. ഇതിലുള്‍പ്പെടുന്ന മന്ത്രി കോണ്‍ഗ്രസ്സ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗിനോട് സാദൃശ്യം പുലര്‍ത്തുന്നു. നോവലില്‍ കാശിയിലെ ക്ഷേത്രധ്വംസനം കടന്നുവന്നതിന്റെ പശ്ചാത്തലം വിമര്‍ശകര്‍ക്ക് മറുപടി പറയുമ്പോള്‍ ഒരിക്കല്‍ ഭൈരപ്പ വിവരിക്കുകയുണ്ടായി. ”ഇതില്‍ പരാമര്‍ശിക്കുന്ന ചരിത്രവസ്തുതകളൊന്നും എന്റെ ഭാവനാ സൃഷ്ടികളല്ല. ഞാന്‍ പറയുന്നതിന് ചരിത്രപരമായ അടിസ്ഥാനവും തെളിവുമുണ്ട്” എന്ന് ഭൈരപ്പ തന്നെ പറയുന്നുണ്ട്.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1969-70 ല്‍ നെഹ്‌റുകുടുംബത്തിന്റെ വിശ്വസ്തനായിരുന്ന നയതന്ത്രജ്ഞന്‍ ജി. പാര്‍ത്ഥസാരഥിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചു. വിദ്യാഭ്യാസത്തിലൂടെ ദേശീയോദ്ഗ്രഥനം ശക്തിപ്പെടുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അന്ന് എന്‍സിഇആര്‍ടിയില്‍ ഉണ്ടായിരുന്ന ഭൈരപ്പയും ഈ അഞ്ചംഗ സമിതിയില്‍ ഉള്‍പ്പെട്ടു. സമിതിയുടെ ആദ്യ യോഗത്തില്‍ തന്നെ പാര്‍ത്ഥസാരഥി ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ”ദേശീയോദ്ഗ്രഥനത്തിന് വിഘാതം സൃഷ്ടിക്കുന്ന മുള്‍വിത്തുകള്‍ കുട്ടികളുടെ മനസ്സില്‍ പാകുകയല്ല നമ്മള്‍ ചെയ്യേണ്ടത്. ചരിത്ര കോഴ്‌സുകളില്‍ ഇത്തരം മുള്‍വിത്തുകള്‍ കാണാം. ചിലപ്പോഴൊക്കെ ഭാഷാ പഠനങ്ങളിലും സയന്‍സ് കോഴ്‌സുകളിലും ഇത് കയറിക്കൂടുന്നു. നമുക്ക് അത് പറിച്ചുകളയേണ്ടതുണ്ട്. കുട്ടികളുടെ മനസ്സില്‍ ദേശീയോദ്ഗ്രഥനത്തെ ഉറപ്പിക്കുന്ന ചിന്തകളാകണം വളര്‍ത്തിയെടുക്കേണ്ടത്. ഇത്തരമൊരു മഹത്തായ ദൗത്യമാണ് ഈ സമിതിക്ക് നിര്‍വഹിക്കാനുള്ളത്.”
സമിതിയിലെ നാലംഗങ്ങളും ഈ വിശദീകരണം അനുസരണയോടെ ശരിവച്ചപ്പോള്‍ ഭൈരപ്പ വിയോജിച്ചു. ”സര്‍, എനിക്ക് താങ്കള്‍ പറയുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ല. താങ്കള്‍ക്ക് ചില ഉദാഹരണങ്ങള്‍ പറയാമോ?” ചെയര്‍മാന്‍ ഉടന്‍ പ്രതികരിച്ചു. ”ഗസ്‌നി മുഹമ്മദ് സോമനാഥ ക്ഷേത്രം കൊള്ളചെയ്തു. ഔറംഗസീബ് കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങള്‍ തകര്‍ത്ത് മസ്ജിദുകള്‍ നിര്‍മിക്കുകയും, ഹിന്ദുക്കള്‍ക്കുമേല്‍ ജസിയ എന്ന മതനികുതി ചുമത്തുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരം ഉപയോഗശൂന്യമായ വസ്തുതകള്‍ പ്രചരിപ്പിച്ചുകൊണ്ട് ശക്തമായ ഭാരതം കെട്ടിപ്പടുക്കാനാവുമോ? വെറുപ്പുണ്ടാക്കാമെന്നല്ലാതെ മറ്റെന്തു പ്രയോജനമാണ് അത് ചെയ്യുക?”
ഭൈരപ്പ വിട്ടുകൊടുത്തില്ല. ”പക്ഷേ അവ ചരിത്രസത്യങ്ങളല്ലേ?”
അപ്പോള്‍ പാര്‍ത്ഥസാരഥി പറഞ്ഞു. ”വസ്തുതകള്‍ എത്ര വേണമെങ്കിലുമുണ്ട്, ഈ വസ്തുതകള്‍ നീതിപൂര്‍വം ഉപയോഗിക്കുകയാണ് ചരിത്രം പഠിപ്പിക്കാനുള്ള ശരിയായ വഴി.” പാര്‍ത്ഥസാരഥി ഇങ്ങനെ പറഞ്ഞതിനെയും സമിതിയംഗങ്ങള്‍ ശരിവച്ചു. ഭൈരപ്പ പിന്നെയും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ”കാശിയുടെയും മഥുരയുടെയും ഉദാഹരണങ്ങള്‍ താങ്കള്‍ തന്നെ പറഞ്ഞല്ലോ. ഇന്നുപോലും രാജ്യത്തിന്റെ എല്ലാ കോണുകളില്‍നിന്നും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ഈ പുണ്യകേന്ദ്രങ്ങളിലെത്തുന്നത്. ഒരുകാലത്ത് ക്ഷേത്രത്തിന്റെ ഭാഗമായിരുന്ന അടിത്തറയും ഭിത്തിയും തൂണുകളും ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള കൂറ്റന്‍ മസ്ജിദ് അവര്‍ക്ക് കാണാം. മസ്ജിദിന്റെ പുറകിലായി പരിതാപകരമായ സ്ഥിതിയിലുള്ള ക്ഷേത്രവും കാണാം. ഇതില്‍ തീര്‍ത്ഥാടകര്‍ നിരാശരാണ്. വീട്ടില്‍ മടങ്ങിയെത്തുന്ന തീര്‍ത്ഥാടകര്‍ ക്ഷേത്രങ്ങളുടെ ദുര്‍ഗതിയെക്കുറിച്ച് ബന്ധുക്കളോട് പറയുന്നു. ഇത് ദേശീയോദ്ഗ്രഥനം സൃഷ്ടിക്കുമോ? സ്‌കൂളിലെ ചരിത്ര പാഠപുസ്തകങ്ങളില്‍നിന്ന് നിങ്ങള്‍ക്കിത് മറച്ചുപിടിക്കാം. പഠനയാത്രകള്‍ക്കു പോകുന്ന വിദ്യാര്‍ത്ഥികള്‍ ഇത് നേരിട്ടു കണ്ടാലോ? ഭാരതത്തിലെ 30000 ലേറെ തകര്‍ന്ന ക്ഷേത്രങ്ങളുടെ പട്ടിക ഗവേഷകര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവയെല്ലാം നമുക്ക് മറച്ചുപിടിക്കാനാവുമോ?”
ഇത്രയുമായപ്പോള്‍ ഭൈരപ്പയെ തടസ്സപ്പെടുത്തിക്കൊണ്ട് പാര്‍ത്ഥസാരഥി ചോദിച്ചു. ”താങ്കള്‍ ഫിലോസഫി പ്രൊഫസറാണ്. ചരിത്രത്തിന്റെ പ്രയോജനമെന്താണെന്ന് ദയവായി ഒന്നു പറയൂ?” ഭൈരപ്പ അതിനും മറുപടി നല്‍കി. ”ചരിത്രത്തിന്റെ പ്രയോജനം എന്തെന്ന് ആര്‍ക്കും നിര്‍വചിക്കാനാവില്ല. ഭാവിയില്‍ ശാസ്ത്രസാങ്കേതിക വിദ്യയ്ക്കുണ്ടാകുന്ന വികാസം കണക്കിലെടുക്കുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയൊക്കെ രൂപപ്പെടുമെന്ന് നമുക്കറിയില്ല. ചില പാശ്ചാത്യ ചിന്തകര്‍ ചരിത്രത്തിന്റെ തത്വശാസ്ത്രം എന്തൊക്കെ പറയുന്നുണ്ട്. പക്ഷേ അത്തരം ചിന്തകള്‍ നിഷ്പ്രയോജനമാണ്. ചരിത്രം പഠിപ്പിക്കുന്നതിന്റെ പ്രയോജനം എന്താണ് എന്നതായിരിക്കണം നമ്മുടെ ചര്‍ച്ചാ വിഷയം. ഭൂതകാല സംഭവങ്ങളുടെ സത്യം അന്വേഷിക്കുന്നതും, ശിലാലിഖിതങ്ങളും രേഖകളും സാഹിത്യകൃതികളും കരകൗശല വസ്തുക്കളും മറ്റും പഠിച്ച് പ്രാചീന മനുഷ്യ ജീവിതത്തെക്കുറിച്ച് അറിയുന്നതുമാണ് ചരിത്രം. മുന്‍ഗാമികള്‍ ചെയ്തുകൂട്ടിയ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള വിവേകവും നമുക്കുണ്ടാവണം. അവരുടെ സല്‍ഗുണങ്ങള്‍ ആവര്‍ത്തിക്കുകയും വേണം. ഇക്കാര്യങ്ങളൊക്കെ പഠിക്കാന്‍ ചരിത്ര സത്യങ്ങള്‍ നമ്മെ സഹായിക്കും.”
ഭൈരപ്പ പറയുന്നത് പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ പാര്‍ത്ഥസാരഥി വീണ്ടും ഇടപെട്ടു. ”സത്യത്തിനുവേണ്ടിയുള്ള ഈ അന്വേഷണം മതന്യൂനപക്ഷങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിച്ചാലോ? സമൂഹത്തെ നാം വിഭജിക്കാമോ? നാം വിഷവിത്തുകള്‍ പാകാന്‍ പാടു ണ്ടോ?” ഇതിനു മറുപടിയായി ഭൈരപ്പ ഇങ്ങനെ പറഞ്ഞു: ”സര്‍, ഭൂരിപക്ഷ-ന്യൂനപക്ഷ വേര്‍തിരിവു തന്നെ സമൂഹത്തെ വിഭജിക്കാനുള്ളതാണ്. കുറഞ്ഞപക്ഷം വിഭജനത്തിലേക്ക് നയിക്കും. ‘വിഷവിത്തുകള്‍’ എന്ന ആശയം തന്നെ മുന്‍വിധിയാണ്. എന്തുകൊണ്ടാണ് ഗസ്‌നി മുഹമ്മദിനെയും ഔറംഗസീബിനെയും സ്വന്തം ആളുകളായും നായകന്മാരായും ന്യൂനപക്ഷങ്ങള്‍ കരുതുന്നത്? ഔറംഗസീബിന്റെ മതഭ്രാന്താണ് മുഗള്‍സാമ്രാജ്യം തകര്‍ത്തത്? മതമൈത്രികൊണ്ട് അക്ബറിന്റെ കാലത്ത് മുഗള്‍ സാമ്രാജ്യം അത്യുന്നതിയിലെത്തിയിരുന്നു. ചരിത്ര സത്യങ്ങള്‍ മൂടിവയ്ക്കാതെ ഇത്തരം പാഠങ്ങള്‍ കുട്ടികളെ പഠിപ്പിച്ചുകൂടെ? ചരിത്രത്തില്‍നിന്ന് പാഠം പഠിക്കണമെന്ന് പറയുന്നതിന് മുന്‍പ് ചരിത്ര സത്യങ്ങള്‍ വിശദീകരിച്ചുകൊടുക്കേണ്ടതില്ലേ? യഥാര്‍ത്ഥ ചരിത്രം മൂടിവയ്ക്കുന്നത് രാഷ്ട്രീയപ്രേരിതമാണ്. ഈ പ്രവണത നീണ്ടുനില്‍ക്കില്ല. വൈകാരിക പക്വതയോടെ സത്യങ്ങളെ അഭിമുഖീകരിക്കാതെയുള്ള വിദ്യാഭ്യാസം അര്‍ത്ഥശൂന്യവും അപകടകരവുമായിരിക്കും.”
പാര്‍ത്ഥസാരഥിക്ക് ഇത് അംഗീകരിക്കേണ്ടി വന്നു. ഭൈരപ്പയുടെ പാണ്ഡിത്യത്തെയും ശരിയായി ചിന്തിക്കാനുള്ള കഴിവിനെയും അഭിനന്ദിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോള്‍ പാര്‍ത്ഥസാരഥി പറഞ്ഞു. ”താങ്കള്‍ പറയുന്നത് അക്കാദമിക്കലായി ശരിയാണ്. അതിനെക്കുറിച്ച് താങ്കള്‍ ഒരു ലേഖനമെഴുതൂ. പക്ഷേ രാഷ്ട്രത്തിന് മുഴുവന്‍ ബാധകമാവുന്ന ഒരു നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കുമ്പോള്‍ എല്ലാവരുടെയും താല്‍പര്യങ്ങള്‍ കണക്കിലെടുക്കേണ്ടിവരും. ബുദ്ധിപരമായി ശരിയായ സത്യങ്ങള്‍ ഒരു പ്രയോജനവും ചെയ്യില്ല.”
പിറ്റെദിവസം സമിതി ചേര്‍ന്നപ്പോഴും ഭൈരപ്പ നിലപാടുകള്‍ ആവര്‍ത്തിച്ചു. സത്യത്തെ അടിസ്ഥാനപ്പെടുത്തിയല്ലാത്ത ചരിത്രം നിഷ്ഫലവും അപകടകരവുമാണെന്ന് പാര്‍ത്ഥസാരഥിയുടെ അതൃപ്തി വകവയ്ക്കാതെ തന്നെ വീണ്ടും വാദിച്ചു. അങ്ങനെ രാവിലത്തെ യോഗത്തില്‍ പൊതുധാരണയിലെത്തിച്ചേരാന്‍ കഴിഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ് സമിതി വീണ്ടും യോഗം ചേര്‍ന്നു. അതില്‍ ഭൈരപ്പ ഉണ്ടായിരുന്നില്ല. പുനഃസംഘടിപ്പിക്കപ്പെട്ട സമിതിയില്‍നിന്ന് ഭൈരപ്പയെ ഒഴിവാക്കുകയായിരുന്നു. ഇടതുപക്ഷക്കാരനായ അര്‍ജുന്‍ ദേവിനെ പകരക്കാരനായെടുത്തു. പാര്‍ത്ഥസാരഥിയുടെ കാഴ്ചപ്പാടനുസരിച്ചുള്ള എന്‍സിഇആര്‍ടി ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങള്‍ക്ക് അര്‍ജുന്‍ ദേവിന്റെ നേതൃത്വത്തില്‍ രൂപംകൊടുത്തു. കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും നേതൃത്വം നല്‍കിയ സംസ്ഥാന സര്‍ക്കാരുകള്‍ ഈ പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചു.
അയോധ്യയുടെയും കാശിയുടെയും മഥുരയുടെയും പ്രശ്‌നങ്ങള്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച് ആദ്യവര്‍ഷം തന്നെ പരിഹരിക്കാന്‍ കഴിയുന്നതായിരുന്നു. പരിഹരിക്കേണ്ടതുമായിരുന്നു. അതിന് കഴിയാതെ പോയത് ചരിത്രസത്യങ്ങളെ അംഗീകരിക്കാന്‍ ഭരണാധികാരികള്‍ കാണിച്ച വൈമുഖ്യമാണ്. അയോധ്യയിലെ തര്‍ക്കമന്ദിരത്തില്‍ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടപ്പോള്‍ അതെടുത്ത് നദിയിലെറിയാനാണ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോട് ആജ്ഞാപിച്ചതത്രേ. അത്രയ്ക്കുണ്ടായിരുന്നു ഹിന്ദുവിരോധം. ഇതേ മനോഭാവം തന്നെയാണ് ഇസ്ലാമിക കടന്നാക്രമണകാരികള്‍ പലവട്ടം തകര്‍ത്ത സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിക്കുന്നതിനെ നെഹ്‌റു എതിര്‍ക്കാന്‍ കാരണം. കാശിയിലും മഥുരയിലും ഹിന്ദുക്കളുടെ പുണ്യക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നു. മതപരമായ അസഹിഷ്ണുതയുടെയും സാംസ്‌കാരികമായ അധിനിവേശത്തിന്റെയും പ്രത്യക്ഷ ഉദാഹരണങ്ങളായിരുന്നിട്ടും മന്ദിര്‍-മസ്ജിദ് സഹവര്‍ത്തിത്വത്തിന്റെയും മതമൈത്രിയുടെയും പ്രതീകങ്ങളായി ഇവ ചിത്രീകരിക്കപ്പെട്ടു! ചരിത്രപരമായ അശ്ലീലം തന്നെയായിരുന്നു ഇത്. ചരിത്രത്തില്‍ എന്നോ സംഭവിച്ച തെറ്റുകള്‍ ആധുനിക കാലത്ത് തിരുത്താന്‍ ശ്രമിക്കുന്നതിന്റെ യുക്തിരാഹിത്യമാണ് പലരും മുന്നോട്ടുവച്ചത്.
തെറ്റിന് ആനുപാതികമായി ശിക്ഷിക്കപ്പെടണം. കുറ്റം ചെയ്ത സമയത്ത് രക്ഷപ്പെട്ടയാളെ പിന്നീട് പിടികൂടുകയോ ശിക്ഷിക്കുകയോ വേണ്ടെന്ന് പറയുന്നത് ആര്‍ക്കാണ് അംഗീകരിക്കാനാവുക? തെറ്റു ചെയ്തയാള്‍ മരിച്ചുവെന്നിരിക്കട്ടെ, അപ്പോള്‍ അയാള്‍ ചെയ്ത തെറ്റ് തിരുത്തപ്പെടേണ്ടതല്ലേ? ഇങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ നീതി എന്നതിന്റെ അര്‍ത്ഥമെന്താണ്? നിയമവാഴ്ച എങ്ങനെ നിലനില്‍ക്കും? അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നതിലേക്ക് സ്ഥിതിഗതികളെ നയിച്ചത് ചരിത്രത്തിലെ തെറ്റുകള്‍ അംഗീകരിക്കാനും തിരുത്താനും സന്നദ്ധത പ്രകടിപ്പിക്കാത്തതുകൊണ്ടാണ്. ആസ്ട്രിയന്‍ സാഹിത്യകാരനായ സ്റ്റെഫാന്‍ സ്വെയ്ഗ് പറയുന്നതുപോലെ ”ബോധത്തില്‍ നിലനില്‍ക്കുന്നിടത്തോളം ഒരു തെറ്റും വിസ്മരിക്കപ്പെടുന്നില്ല.” ഒരു സഹസ്രാബ്ദക്കാലം കടന്നാക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും വിഭജിക്കപ്പെടുകയും ചെയ്ത ഒരു സമൂഹത്തിന്റെ ചരിത്രം വിസ്മരിക്കപ്പെടണമെന്ന് ആരെങ്കിലും വാദിച്ചാല്‍ അത് ഒരിക്കലും വിലപ്പോവില്ല. ഹിന്ദുക്കളിലൊരു വിഭാഗം പ്രത്യേകിച്ച് വിദ്യാസമ്പന്നര്‍ സ്വത്വബോധത്തെക്കുറിച്ച് ആശയക്കുഴപ്പമുള്ളവരായിരിക്കും. സ്വന്തം സംസ്‌കാരത്തെ പ്രതിരോധിക്കുന്നതിലും സംരക്ഷിക്കുന്നതിലും അവര്‍ വലിയ താല്‍പര്യം കാണിച്ചെന്നു വരില്ല. ചരിത്രത്തിന്റെ കാര്യം വരുമ്പോള്‍ ഇക്കൂട്ടരെ ‘സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം’ പിടികൂടും. മുഗള്‍ഭരണത്തോടും ബ്രിട്ടീഷ് വാഴ്ചയോടുമുള്ള ആരാധന ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. (തങ്ങളെ ദീര്‍ഘകാലം തടവിലാക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നവരോട് ആളുകള്‍ക്ക് തോന്നുന്ന അനുകൂല വികാരമാണ് സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം എന്നറിയപ്പെടുന്നത്.)
കാശിയിലെ മഹാക്ഷേത്രം തകര്‍ത്ത് നിര്‍മിച്ച മസ്ജിദ് ഹിന്ദുക്കളുടെ സഹിഷ്ണുതയുടെയും സഹനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും തെളിവായി തുടര്‍ന്നും അവിടെ നിലനില്‍ക്കണമെന്ന് ശഠിക്കുന്നവര്‍ ചരിത്രത്തിലെ മുറിവുകള്‍ ഉണങ്ങണമെന്ന് ആഗ്രഹിക്കുന്നവരല്ല. നൂറ്റാണ്ടുകളോളം തങ്ങളുടെ ആരാധനാ കേന്ദ്രങ്ങളും പുണ്യക്ഷേത്രങ്ങളും ആക്രമിച്ച് നശിപ്പിച്ചതിനോട് ഹിന്ദുജനത പൊരുത്തപ്പെടണമെന്ന് പറയുന്നത് അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇനിയുള്ള കാലം അവര്‍ അതിന് നിന്നുതരില്ല. കാശി പുണ്യഭൂമിയാണ്. പുതിയ ജന്മം തേടുന്ന ആത്മാക്കളുടെ ആവാസ സ്ഥലവുമാണ്. സാക്ഷാല്‍ സംഹാര രുദ്രന്റെ അധിവാസ കേന്ദ്രം. സംഹരിക്കപ്പെടുന്നത് കര്‍മബന്ധങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത കെട്ടുപാടുകളാണ്. ഒരു ജന്മത്തിന്റെ ജീര്‍ണശരീരം ഉപേക്ഷിച്ച് ആത്മാവിന്റെ തലത്തിലെ ആത്യന്തിക മഹിമയിലേക്കുയരാന്‍. കാശിക്കും പഴയതുപോലെ തുടരാനാവില്ല. ആ പുണ്യഭൂമിയുടെ സമ്പൂര്‍ണ മഹത്വം വീണ്ടെടുക്കേണ്ടതുണ്ട്. കാലം സമാഗതമായിരിക്കുന്നു.
(അവസാനിച്ചു)