നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ സൗകര്യങ്ങളുടെ പിന്നിലെ ശാസ്ത്രതത്വങ്ങള്‍ എന്തെന്ന് പലപ്പോഴും നാമാരും ആലോചിക്കാറില്ല. അറിയാന്‍ ശ്രമിക്കാറുമില്ല. അതിലൊന്നാണ് ഫ്രിഡ്ജ്, എയര്‍ കണ്ടീഷണര്‍ തുടങ്ങിയവ എങ്ങിനെ പ്രവര്‍ത്തിക്കുന്നു, എങ്ങനെയാണത് തണുപ്പിക്കുന്നത് എന്നുള്ള കാര്യം. നമുക്കിത്തവണ അത് തന്നെ ചര്‍ച്ച ചെയ്യാം. നമ്മള് വളരെ വിയര്‍ത്തിരിക്കുമ്പോള്‍ ഒരു ഫാനിന്റെ കീഴിലിരുന്നാല്‍ എന്തൊരു സുഖമാണല്ലേ. അതെന്താ അങ്ങനെ. വിയര്‍ത്തിരിക്കുന്ന ശരീരത്തില്‍ നിന്ന്, വിയര്‍പ്പ് ബാഷ്പീകരിക്കപ്പെടുമ്പോള് ആണ് ആ തണുപ്പ് അനുഭവപ്പെടുന്നത്. വായു പ്രവാഹം ബാഷ്പീകരണത്തെ വേഗത്തിലാക്കുമ്പോള്‍ ശരീരത്തിലെ ജലാംശം, ശരീരത്തിന്റെ ചൂട് ആഗിരണം ചെയ്ത് ബാഷ്പീകരിക്കപ്പെടും. ശരീരത്തിന്റെ ചൂട് കുറയുമ്പോള്‍ നമുക്ക് തണുപ്പ് അനുഭവപ്പെടും.
ഇത് തന്നെയാണ് എല്ലാ തണുപ്പിക്കല്‍ സാങ്കേതികവിദ്യയുടെയും പിന്നിലുള്ള അടിസ്ഥാന ശാസ്ത്രം.
ഒരു റെഫ്രിജറേറ്ററിന്റെ പിന്നില്‍ വളഞ്ഞു പുളഞ്ഞു ചുരുണ്ടുപോകുന്ന ഒരു പൈപ്പ് ലൈന്‍ കാണാം. ഏറ്റവും താഴെ ഒരു കംപ്രസ്സറും. ഈ പൈപ്പില്‍ ഫ്രിയോണ്‍ എന്ന വാതകം ദ്രാവകരൂപത്തിലാക്കിയിരിക്കുകയാണ്. അതിവേഗം ബാഷ്പീകരിക്കപ്പെടുന്ന ഒന്നാണ് ഫ്രിയോണ്‍. ദ്രാവകരൂപത്തിലെ ഫ്രിയോണ്‍ ഫ്രിഡ്ജിനുള്ളിലെ ചൂടിനെ ആഗിരണം ചെയ്ത് വാതകമായി മാറും. അപ്പോള്‍ ഫ്രിഡ്ജിനുള്ളില് ചൂട് കുറയും. വാതകമായ ഫ്രിയോണിനെ കംപ്രസ്സര്‍ ഉയര്‍ന്ന മര്‍ദ്ദം പ്രയോഗിച്ച് വീണ്ടും ദ്രാവകമാക്കി പൈപ്പിനുള്ളിലേക്കയക്കും. അത് വീണ്ടും ഫ്രിഡ്ജിനുള്ളിലെ ചൂട് വലിച്ചെടുത്ത് വാതകമാകും. അങ്ങനെയങ്ങനെ ഈ പ്രക്രിയ തുടര്‍ന്ന് കുറച്ചു കഴിയുമ്പോള്‍ ഫ്രിഡ്ജിനുള്ളില് നല്ല തണുപ്പാകും. ഫ്രിഡ്ജിന്റെ ഐസ് ഉണ്ടാക്കുന്ന ഭാഗം അഥവാ ഫ്രീസര്‍ ഘടിപ്പിച്ചിരിക്കുന്നത് എപ്പോഴും മുകളിലായിരിക്കും. ഫ്രീസര്‍ ഭാഗമാണ് ഏറ്റവും തണുക്കുക. കാരണം അതിനെ ചുറ്റിവരിഞ്ഞാണ് ഫ്രിയോണ്‍ പൈപ്പുകള്‍ പോവുക. തണുത്ത വായുവിന് ഭാരം കൂടുതല്‍ ആണ്,അപ്പോള്‍ അത് താഴേക്ക് വരുകയും താഴെ നിന്ന് തണുപ്പ് കുറഞ്ഞ വായു മുകളിലേക്ക് പോവുകയും ചെയ്യും. അവിടെ അത് വീണ്ടും തണുപ്പിച്ചു താഴേക്കയക്കും. ഇങ്ങനെയുള്ള വായു പ്രവാഹമാണ് ഫ്രിഡ്ജിന്റെ ഉള്ളില്‍ മുഴുവന്‍ വളരെ കുറഞ്ഞ താപനില നിലനിര്‍ത്തുന്നത്.
ഒരു എയര്‍ കണ്ടീഷണര്‍ അഥവാ എസിയില്‍ ഇതേ സാങ്കേതികവിദ്യ കുറച്ചുകൂടി വിപുലമായിട്ടാണ് ഉപയോഗിക്കുന്നത്. ഒരു മുറിക്കുള്ളിലെ വായുവിനെ വലിച്ചെടുത്ത് പുറത്തേക്ക് കളഞ്ഞു, പുറത്തുള്ള വായുവിനെ ഉള്ളിലേക്ക് എടുത്ത് മുകളില്‍ പറഞ്ഞ സാങ്കേതികവിദ്യ ഉപയോഗിച്ച് ആവശ്യത്തിന് തണുപ്പിച്ച് മുറിക്കുള്ളിലേക്ക് അയക്കും. ഇങ്ങനെ വായുവിലെ ഊഷ്മാവ് വലിച്ചെടുക്കുമ്പോള്‍ കുറെയധികം ജലാംശവും കൂടി വലിച്ചെടുക്കും. അതാണ് എസി മുറിയില്‍ ഏറെ നേരം ഇരിക്കുമ്പോള്‍ ചുണ്ടുകള്‍ വരണ്ടുപോകുന്നത്.
എസിക്ക് രണ്ടു ഭാഗങ്ങളുണ്ട്. വായുവിനെ വലിച്ചെടുക്കാനും അകത്തേക്ക് പ്രവഹിപ്പിക്കാനുമുള്ള ഒരു ഭാഗം, വലിച്ചെടുത്ത വായുവിനെ പുറത്തേക്ക് കളയാനും പുറത്തുനിന്നുള്ള വായുവിനെ താപനില ക്രമീകരിച്ച് അകത്തേക്ക് അയക്കാനുമുള്ള ഭാഗം. പണ്ടൊക്കെ ജനലില്‍ വെയ്ക്കുന്ന വിന്‍ഡോ എസിയില്‍ ഇതെല്ലം ഒരൊറ്റ യൂണിറ്റ് ആയിരുന്നു എങ്കില്‍ ഇപ്പോള്‍ മുറിക്കുള്ളില്‍ വെയ്ക്കുന്ന ഭാഗം മുറിക്ക് പുറത്ത് വെയ്ക്കുന്ന ഭാഗം എന്നിങ്ങനെ ആണ് വരുന്നത്. അതുകൊണ്ടാണ് അവയെ സ്പ്ലിറ്റ് എസി എന്ന് പറയുന്നത്.
എസി മുറിയില്‍ ഇരിക്കുന്നതും ഉറങ്ങുന്നതും നല്ല സുഖകരമായ കാര്യമാണ്. എങ്കിലും ഇവ പരിസ്ഥിതിക്ക് ചെറുതല്ലാത്ത ദോഷം ചെയ്യുന്നുണ്ട്. ഫ്രിയോണിന്റെ ബാഷ്പീകരണ, കംപ്രസ്സിങ് പ്രക്രിയകളില്‍ കാര്‍ബണ്‍ മോണോക്സൈഡ് പുറത്ത് വരുന്നുണ്ട്. അത് ഓസോണ്‍ പാളിക്ക് വലിയ ദോഷം ചെയ്യുന്നവയാണ്. എസിയുടെ പൈപ്പ് ലൈനില്‍ എന്തെങ്കിലും തകരാര്‍ ഉണ്ടങ്കില്‍ ഈ കാര്‍ബണ്‍ മോണോക്സൈഡ് മുറിയില്‍ വ്യാപിക്കുകയും, ജീവഹാനി വരെ സംഭവിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ എസി കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തി സൂക്ഷിച്ചുപയോഗിക്കേണ്ടത് പരിസ്ഥിതിക്കും സുരക്ഷയ്ക്കും വളരെ അത്യാവശ്യമാണ്.