ഉഷ്ട്രം എന്നാല്‍ ഒട്ടകം. മനുഷ്യന് ഏറെ ഉപകാരിയായ ഒരു മൃഗമാണ് ഒട്ടകം. മനുഷ്യന് നടക്കാനാവാത്ത മരുഭൂമിയിലൂടെ ഒട്ടകം നടക്കും. അതിന് ദിവസങ്ങളോളം കുടിക്കാന്‍ വേണ്ട വെള്ളം സൂക്ഷിക്കാന്‍ അതിന്റെ ശരീരത്തില്‍ തന്നെ അറകളുണ്ട്. ഏതു പരിതഃസ്ഥിതിയെയും നേരിട്ടു മുന്നോട്ടു പോവുക എന്ന സന്ദേശമാണ് ഒട്ടകം തരുന്നത്.
ചെയ്യുന്ന വിധം
വജ്രാസനത്തിലിരിക്കുക. സാവധാനത്തില്‍ മുട്ടില്‍ നിവര്‍ന്നു നില്ക്കുക. കാലുകള്‍ ചേര്‍ന്നു നില്ക്കും. അല്പം അകത്തിയും ആവാം. പിന്നോട്ടു വളഞ്ഞ് കൈപ്പത്തികള്‍ കാല്‍പ്പത്തികളില്‍ ചേര്‍ക്കുക. അരക്കെട്ടു മുന്നോട്ടു തള്ളി തുടകള്‍ ഭൂമിക്കു ലംബമാക്കുക. തല പിന്നോട്ടു തൂക്കിയിടുക. ശരീരം തളര്‍ത്തിയിടുക. ദേഹഭാരം കൈകളിലും കാലിലും തുല്യമായിരിക്കും. അല്പ സമയം സ്ഥിതിയില്‍ തുടര്‍ന്ന ശേഷം തിരിച്ചു വരിക.
ഗുണങ്ങള്‍
ദഹന വ്യവസ്ഥയ്ക്കും പ്രജനന വ്യവസ്ഥയ്ക്കും ഗുണകരമാണ് ഈ ആസനം. മലബന്ധം തടയും. നട്ടെല്ലിനു വഴക്കം കൊടുക്കും. തൈറോയ്ഡ് ഗ്രന്ഥികള്‍ക്ക് ഇത് ഒരു തടവല്‍ സുഖം പകരും.