സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചുകൊണ്ടാണ് പ്രൊഫ. പി. മാധവന്‍പിള്ള നമ്മെ വിട്ടുപിരിഞ്ഞത്. പ്രതിഭാധനനായ സാഹിത്യകാരന്‍, ഉജ്ജ്വല പ്രഭാഷകന്‍, ശ്രേഷ്ഠനായ അദ്ധ്യാപകന്‍, ഭാരതീയ വിചാരകേന്ദ്രം കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിനിന്നിരുന്ന ഒരു ബഹുമുഖ പ്രതിഭയായിരുന്നു പ്രൊഫ. പി. മാധവന്‍പിള്ള.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ സാഹിത്യരചനയില്‍ തല്പരനായിരുന്ന മാധവന്‍പിള്ള മലയാളത്തിലും ഹിന്ദിയിലും കഥകളും കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. ഹിന്ദിസാഹിത്യത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നും ബി.എയും എം.എയും ഫസ്റ്റ് ക്ലാസ് ഫസ്റ്റ് റാങ്കോടെ വിജയിച്ചതിനുശേഷം ചങ്ങനാശേരി എന്‍.എസ്.എസ് ഹിന്ദുകോളേജില്‍ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. വിവിധ എന്‍.എസ്.എസ് കോളേജുകളിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ശാന്തനും സൗമ്യനും സ്‌നേഹസമ്പന്നനും ആയ അദ്ദേഹത്തിന്റെ ക്ലാസുകള്‍ വിജ്ഞാനത്തോടൊപ്പം ഉന്നത ജീവിതാദര്‍ശങ്ങളും ഉല്‍കൃഷ്ടമായ മൂല്യങ്ങളും പകര്‍ന്നു നല്‍കുന്നവയായിരുന്നു. ”ദുര്‍ലഭം സ ഗുരോര്‍ ലോകേ ശിഷ്യചിത്താപഹാരക” എന്നു പറയാറുണ്ടെങ്കിലും ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ലാളിത്യവും പണ്ഡിതോചിതവും നര്‍മ്മരസപ്രധാനവുമായ ആഖ്യാനശൈലികൊണ്ടു ശിഷ്യരുടെ എല്ലാവരുടേയും മനസില്‍ ചിരപ്രതിഷ്ഠ നേടാന്‍ അദ്ദേഹത്തിനു സാധിച്ചു.
കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രാലയത്തിന്റെ ഹിന്ദി ഉപദേശകസമിതി അംഗം, മഹാത്മാഗാന്ധി സര്‍വകലാശാല പോസ്റ്റ് ഗ്രാജ്വേറ്റ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാരതീയ വിചാരകേന്ദ്രം എന്ന ബൗദ്ധികപ്രസ്ഥാനത്തെ അടുത്തറിയുന്നതിനും പരിപാടികളില്‍ ഭാഗഭാക്കാകുന്നതിനും മാധവന്‍പിള്ളസാര്‍ ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി പരിപാടികളില്‍ ഉദ്ഘാടകനായും പ്രഭാഷകനായും മോഡറേറ്ററായും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ദീര്‍ഘകാലം ഭാരതീയവിചാരകേന്ദ്രത്തിന്റെ പരിപാടികളില്‍ നിറസാന്നിദ്ധ്യവും ആയിരുന്നു. 2019 മുതല്‍ കോട്ടയം ജില്ലാ പ്രസിഡന്റ്, സ്വര്‍ഗീയ പി.പരമേശ്വര്‍ജി അനുസ്മരണ സമിതി അദ്ധ്യക്ഷന്‍, ജില്ലാ അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
പ്രശസ്ത മറാഠി സാഹിത്യകാരനായ വി.എസ്. ഖാണ്ഡേക്കറുടെ ജ്ഞാനപീഠം അവാര്‍ഡു നേടിയ പ്രസിദ്ധമായ ‘യയാതി’ എന്ന നോവലിന്റെ തര്‍ജ്ജമയിലൂടെയാണ് പ്രൊഫ.പി.മാധവന്‍പിള്ള വിവര്‍ത്തനത്തിലേയ്ക്ക് രംഗപ്രവേശം ചെയ്തത്. വെറുമൊരു പദാനുപദ തര്‍ജ്ജമ ആയിരുന്നില്ല അത്. ‘യയാതി’ക്കു ലഭിച്ച അംഗീകാരവും ആസ്വാദകലോകവും പ്രശംസയും ഏതൊരു കൃതിയും പരിഭാഷപ്പെടുത്താനുള്ള ആത്മവിശ്വാസം അദ്ദേഹത്തിനു നല്‍കി. പണ്ഡിതനായ ഖാണ്ഡേക്കറുടെ ദര്‍ശനങ്ങളും ആധികാരികതയും ഒട്ടും ചോരാതെയുള്ള ആ വിവര്‍ത്തനം ഒന്നുകൊണ്ടുതന്നെ പ്രസിദ്ധിയുടെ ഉത്തുംഗശൃംഗങ്ങളിലേയ്ക്ക് നടന്നുകയറുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ‘യയാതി’യുടെ ആദ്യപതിപ്പു പുറത്തുവന്നപ്പോള്‍ സാഹിത്യനിരൂപകനായ പ്രൊഫ. എം.കൃഷ്ണന്‍നായര്‍ മാധവന്‍പിള്ള സാറിനെഴുതിയ കത്തില്‍ പറയുന്നതിങ്ങനെ. ”സാധാരണ ഞാന്‍ വെട്ടുകത്തികൊണ്ട് വെട്ടാറെയുള്ളു. ഏറ്റവും ഉല്‍കൃഷ്ടമായ ഒരു കൃതി ഏറ്റവും ഉല്‍കൃഷ്ടമായ വിധത്തില്‍ പരിഭാഷപ്പെടുത്തിയ താങ്കള്‍ എനിക്ക് അദരണീയനായി ഭവിച്ചിരിക്കുന്നു”. സാഹിത്യലോകത്തെ വിവര്‍ത്തന ചക്രവര്‍ത്തി എന്നൊരു വിശേഷണവും അദ്ദേഹം മാധവന്‍പിള്ള സാറിനു ചാര്‍ത്തിക്കൊടുത്തു. ‘യയാതി’ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ബി.എ മലയാളത്തിനും ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എം.എ മലയാളത്തിനും പാഠപുസ്തകമായിരുന്നു.
ബംഗാളില്‍നിന്ന് ആശാപൂര്‍ണദേവിയുടെ പ്രഥമ പ്രതിശ്രുതി, സുവര്‍ണലത, ബകുളിന്റെ കഥ, ഒറിയയില്‍നിന്ന് പ്രതിഭാറായിയുടെ ദ്രൗപദി, ശിലാപത്മം, ഹിന്ദിയില്‍നിന്ന് ഭീഷ്മസാഹ്നിയുടെ തമസ്, മയ്യാദാസിന്റെ മാളിക, കന്നഡയില്‍നിന്ന് യു.ആര്‍. അനന്തമൂര്‍ത്തിയുടെ മൗനി തുടങ്ങി ഏതാണ്ട് 25 ഓളം കൃതികള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു. ഇന്ത്യന്‍ സാഹിത്യത്തിലുള്ള മികച്ച കൃതികളെല്ലാം ഇന്നും ആദ്യം എത്തുന്നത് ഹിന്ദിയിലാണ്. എല്ലാ പുസ്തകങ്ങളും ഹിന്ദിയില്‍നിന്നുമാണ് തര്‍ജ്ജമ നിര്‍വഹിച്ചിട്ടുള്ളത്.
പരിഭാഷയ്ക്കുള്ള കൃതികള്‍ തിരഞ്ഞെടുക്കുമ്പോള്‍ മികവിനും ഗുണനിലവാരത്തിനും മികച്ച പരിഗണന നല്‍കിയിരുന്നതുകൊണ്ട് ജ്ഞാനപീഠപുരസ്‌കാരം നേടിയതോ തത്തുല്യമായ യോഗ്യതയുള്ളതോ ആയവ മാത്രമേ അദ്ദേഹം പരിഭാഷക്കു സ്വീകരിച്ചിരുന്നുള്ളു. ഒരു വിവര്‍ത്തകന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പ്രഫ.മാധവന്‍പിള്ള പറയുന്നതിങ്ങനെ: ”മൂലഭാഷയേക്കാള്‍ സാഹിത്യകൃതികള്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ കടന്നുവരുന്ന വലിയ പ്രശ്‌നം സംസ്‌കാരത്തിന്റെ വിനിമയമാണ്. സന്ധ്യാദീപം, നിലവിളക്ക്, നിറപറ, തറവാട് തുടങ്ങിയ പദങ്ങളെടുത്തുനോക്കൂ. ഇവയൊക്കെ കേവല പദങ്ങള്‍ മാത്രമാണോ? ഒരു സംസ്‌കാരത്തിന്റെ ഈടുവെപ്പുകൂടി ആ പദങ്ങളില്‍ അടങ്ങിയിട്ടില്ലേ? ഒരു സംസ്‌കാരത്തെ എങ്ങനെ തര്‍ജ്ജമ ചെയ്യുമെന്നുള്ളതാണ് ഒരു വിവര്‍ത്തകന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി”.
ഭീഷ്മസാഹ്നിയുടെ ‘മയ്യാദാസിന്റെ മാളിക’ എന്ന നോവലിന്റെ പരിഭാഷയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും പ്രതിഭാറായിയുടെ ‘ശിലാപത്മം’ എന്ന നോവലിന്റെ വിവര്‍ത്തനത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും കൂടാതെ, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സാഹിത്യപുരസ്‌കാരം, സംസ്ഥാനബാലസാഹിത്യപുരസ്‌കാരം, എം.എന്‍.സത്യാര്‍ത്ഥി പുരസ്‌കാരം, കണ്ണശസ്മാരക പുരസ്‌കാരം തുടങ്ങി 22-ഓളം പുരസ്‌കാരങ്ങളും ലഭിച്ചു. ഹിന്ദിയില്‍നിന്നും മലയാളത്തിലേക്കു മാത്രമല്ല മലയാളത്തില്‍നിന്ന് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട് മാധവന്‍പിള്ളസാര്‍. ജി.ശങ്കരപ്പിള്ളയുടെ ഭരതവാക്യം, മന്നത്തുപത്മനാഭന്റെ ലഘുജീവചരിത്രം, ജോണ്‍ കുന്നപ്പള്ളിയുടെ കുരുന്നുകളേ മാപ്പ് എന്നിവ കൂടാതെ കാരൂര്‍, ലളിതാംബിക അന്തര്‍ജനം, ടി.പത്മനാഭന്‍, സുഗതകുമാരി, മാധവിക്കുട്ടി, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഏറ്റുമാനൂര്‍ സോമദാസന്‍, മുതലായ പലരുടേയും രചനകള്‍ ഹിന്ദിയിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കൂടാതെ മലയാളം, ഹിന്ദി, ഹിന്ദി-മലയാളം, ഹിന്ദി-ഇംഗ്ലീഷ്-മലയാളം എന്നിങ്ങനെ ദ്വിഭാഷാ-ത്രിഭാഷാ നിഘണ്ടുക്കളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആര്‍.എസ്.എസ്. രണ്ടാം സര്‍സംഘചാലക് ആയ ഗുരുജി ഗോള്‍വല്‍ക്കറുടെ ജന്മശതാബ്ദിയേടനുബന്ധിച്ച് അദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികള്‍ (12വോള്യം) ഹിന്ദിയില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. അതില്‍ 2 വോള്യം മാധവന്‍പിള്ള സാര്‍ ആയിരുന്നു തര്‍ജ്ജമ ചെയ്തത്.
മഹാത്മാഗാന്ധി സര്‍വ്വകാലാശാല മുന്‍ വൈസ്ചാന്‍സലറും, ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ.സിറിയക് തോമസ് പറയുന്നതിങ്ങനെ: ”സന്യാസമനസ്സും അനാസക്തിയോഗവുമായിരുന്നു മാധവന്‍പിള്ളസാറിനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സത്യത്തില്‍ ഒരു യഥാര്‍ത്ഥ ആത്മീയനായിരുന്നു മാധവന്‍പിള്ളസാറെന്നതാണ് ശരി. കുട്ടികളെപ്പോലെ നിര്‍മലനെന്നും പറയാമായിരുന്നു. സ്‌നേഹനിര്‍ഭരമായ പ്രസന്നതയായിരുന്നു സാറിന്റെ മുഖമുദ്ര. നമ്മുടെ മനസ്സില്‍ പതിഞ്ഞിട്ടുള്ളതും മറ്റൊന്നുമല്ലല്ലോ. അദ്ദേഹം കാലത്തെ കടന്നുപോയതും എത്ര ശാന്തമായിട്ടാണ്.”
തന്റെ സാഹിത്യജീവിതം അനായാസം മുന്നോട്ടുപോകുവാന്‍ ഏറ്റവും അധികം സഹായകമായത് സഹധര്‍മിണി യമുനയുടെ പ്രോത്സാഹനവും പിന്തുണയുമാണെന്നും മാധവന്‍പിള്ളസാര്‍ പറയുന്നു. കൊറോണ വൈറസിന്റെ ഭീഷണയില്‍ ലോകം മുഴുവനും വിറങ്ങലിച്ചുനിന്നപ്പോഴും മാധവന്‍പിള്ളസാര്‍ മുഴുവന്‍ സമയവും കര്‍മനിരതനായിരുന്നു. രണ്ടു പുസ്തകങ്ങളുടെ പരിഭാഷ കഴിഞ്ഞ് അവ പ്രകാശനത്തിനു തയ്യാറായിക്കൊണ്ടിരിക്കുന്നു.
അനിവാര്യമായ ഒരു സത്യമാണ് മരണം എന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും അത് സംഭവിക്കുന്നത് ആര്‍ക്കാണെങ്കിലും നമ്മള്‍ ദുഃഖിതരാകും. നമ്മുടെ ബന്ധുജനങ്ങളോ, സുഹൃത്തുക്കളോ ഗുരുക്കന്മാരോ ഒക്കെ ആകുമ്പോള്‍ പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ പ്രഫ.മാധവന്‍പിള്ളയുടെ ആകസ്മിക വിയോഗം അദ്ദേഹത്തിന്റെ ആരാധകരെയെല്ലാം ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു.
(ലേഖകന്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ് ഹിന്ദുകോളേജ് മുന്‍ പ്രിന്‍സിപ്പല്‍. ഇപ്പോള്‍ ഭാരതീയ വിചാരകേന്ദ്രം ചങ്ങനാശ്ശേരി സ്ഥാനീയസമിതി അദ്ധ്യക്ഷന്‍).