വിമാനയാത്ര എന്നത് ഇന്നൊരു സര്‍വ്വസാധാരണമായ കാര്യമാണ്. പക്ഷേ എങ്ങനെയാണ് ഒരു വിമാനം ആകാശത്തേക്ക് ഉയരുന്നത്. അപ്പോഴുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്. ഇതൊന്നും സാധാരണഗതിയില്‍ ആര്‍ക്കും അറിയില്ല.
മനുഷ്യന്‍ പറക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. ചൂടുവായുവും പിന്നീട് ഹൈഡ്രജനും ഒക്കെ നിറച്ച വലിയ ബലൂണുകളില്‍ ആദ്യമായി പറക്കുന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ്. 1895ല്‍ മുംബൈ കടപ്പുറത്ത് ശിവ്കര്‍ ബാപുജി തല്‍പാദേ മെര്‍ക്കുറി ബാഷ്പം ഇന്ധനമാക്കി ഒരു ആളില്ലാ പറക്കല്‍ നടത്തിയിരുന്നു.
എന്നാല്‍ പക്ഷികള്‍ പറക്കുന്നത് പോലെ ചിറക് വിടര്‍ത്തി, എയ്റോ ഡൈനാമിക് നിയമങ്ങള്‍ പാലിച്ച്, മെക്കാനിക്കല്‍ ബലം ഉപയോഗിച്ച് ആദ്യമായി മനുഷ്യന്‍ പറക്കുന്നത് കഷ്ടിച്ച് ഒരു നൂറ്റാണ്ട് മുമ്പാണ്്. റൈറ്റ് സഹോദരന്മാര്‍ ആണ് അത് പറത്തിയത്.
അതിവേഗത്തില്‍ മുന്നോട്ട് കുതിക്കുമ്പോള്‍ വിടര്‍ന്നു നില്‍ക്കുന്ന രണ്ടു ചിറകുകളുടെ മുകളിലും താഴെയുമായി, ബെര്‍ണോലി പ്രഭാവം മൂലമുള്ള മര്‍ദ്ദവ്യത്യാസം ഉണ്ടാവുകയും താഴെയുള്ള ഉയര്‍ന്ന മര്‍ദ്ദം കാരണം വിമാനം മുകളിലേക്ക് ഉയരുകയും ചെയ്യും. ഇങ്ങനെ ഉയരാനാവശ്യമായ ലിഫ്റ്റ് ഉണ്ടാക്കാന്‍ ചിറകുകളുടെ മുകളിലും താഴെയും അതിശക്തമായ വായു പ്രവാഹം ഉണ്ടാകണം. അതിനുവേണ്ടി വിമാനം നേര്‍രേഖയില്‍ അതിവേഗതയില്‍ സഞ്ചരിക്കണം. വേഗത കൂടിക്കൂടി ഒരു ഘട്ടമെത്തുമ്പോള്‍ വിമാനത്തെ ഉയര്‍ത്താനാവശ്യമായ ലിഫ്റ്റ് ഉണ്ടാവുകയും വിമാനം വായുവിലൂടെ ഉയര്‍ന്നു പറക്കുകയും ചെയ്യും.
വേഗത…വേഗത തന്നെയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പക്ഷികള്‍ ഈ ലിഫ്റ്റ് ഉണ്ടാക്കുന്നത് ചിറക് അടിച്ചാണ്. അങ്ങനെ ഉയര്‍ന്നു കുറെ മുകളിലെത്തിയാല്‍ ചിറകുകള്‍ വിടര്‍ത്തിവെച്ച് വായുവില്‍ ഒഴുകി നീങ്ങാന്‍ കഴിയും. അങ്ങനെയാണ് പരുന്തുകള്‍ നീങ്ങുന്നത്. എന്നാല്‍ ഇത്ര ശക്തമായി ചിറകടിക്കാന്‍ വിമാനത്തിന് സാധിക്കാത്തത് കൊണ്ടാണ് റണ്‍വേയിലൂടെ അതിവേഗതയില്‍ പാഞ്ഞ് ലിഫ്റ്റ് ഉണ്ടാക്കേണ്ടി വരുന്നത്.
പണ്ടൊക്കെ, ചിറകില്‍ ഘടിപ്പിച്ച രണ്ടോ നാലോ അതിശക്തമായ പ്രൊപ്പല്ലറുകള്‍ കറക്കി മുന്നിലും പിന്നിലും വലിയ അളവില്‍ മര്‍ദ്ദവ്യത്യാസം ഉണ്ടാക്കിയാണ് വിമാനങ്ങള്‍ വേഗതയും ലിഫ്റ്റും ഉണ്ടാക്കിയിരുന്നത്. ഇന്നും ഇങ്ങനെയുള്ള വിമാനങ്ങള്‍ ധാരാളം ഉണ്ട്. ഉയര്‍ന്നു കഴിഞ്ഞും വായുവിലൂടെ പറക്കാനും ഇതേ പ്രൊപ്പല്ലറുകള്‍ തന്നെയാണ് ഉപയോഗിക്കുക. ഈ വിമാനങ്ങള്‍ക്ക് വേഗത കുറവാണ്. ഒരുപാട് ഉയരത്തില്‍ പറക്കാന്‍ കഴിയില്ല. താഴ്ന്ന അന്തരീക്ഷനിലകളില്‍ പറക്കുന്നത് കൊണ്ട് വായുവിന്റെ പ്രതിരോധം കൂടുതല്‍ ആണ്, അതുകൊണ്ടുതന്നെ ഇന്ധനച്ചെലവും കൂടുതലാണ്. ഹവായ് ദ്വീപില്‍ നിന്ന് പറന്നെത്തി ഹിരോഷിമയില്‍ അണുബോംബിട്ടു ഒറ്റയടിക്ക് മടങ്ങിയ എനോല ഗേ എന്ന വിമാനം പ്രൊപ്പല്ലര്‍ ആയിരുന്നു എന്നത് മറക്കുന്നില്ല.
എന്നാല്‍ ജെറ്റ് വിമാനങ്ങളുടെ വരവോടെ വ്യോമചരിത്രം തന്നെ മാറി. എന്‍ജിനിലെ പ്രൊപ്പല്ലറുകള്‍ വലിച്ചെടുക്കുന്ന വായുവിനെ മുറിച്ച്, അരിച്ച് ഇന്ധനവുമായി കലര്‍ത്തി കത്തിച്ചുണ്ടാകുന്ന നീരാവിയും വാതകങ്ങളും പിന്നിലെ നോസിലില്‍ കൂടി അതിശക്തമായി പുറത്തേക്ക് വിടുമ്പോള്‍ ഉണ്ടാകുന്ന പ്രതിപ്രവര്‍ത്തനമാണ് ജെറ്റ് വിമാനങ്ങള്‍ക്ക് വേഗതയും ലിഫ്റ്റും എല്ലാം നല്‍കുന്നത്. ജെറ്റ് വിമാനങ്ങളുടെ വേഗത വളരെ കൂടുതലാണ്. ഇന്നത്തെ ഏതാണ്ട് എല്ലാ യാത്രാവിമാനങ്ങളും ജെറ്റ് സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. ശരാശരി നാല്പതിനായിരം അടി അഥവാ പത്തു കിലോമീറ്റര്‍ ഉയരത്തിലാണ് അവ സഞ്ചരിക്കുന്നത്. അവിടെ വായുമര്‍ദ്ദം തീരെ കുറവാണ്. അതുകൊണ്ടുതന്നെ താപനിലയും വളരെ താഴ്ന്നതാണ്. വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ പുറത്തെ താപനില പറയാറുണ്ട്. മിക്കവാറും അത് പൂജ്യത്തിനു താഴെ -40 ഡിഗ്രി ആയിരിക്കും. ഈ ഉയരത്തില്‍ വായുവിന്റെ പ്രതിരോധം കുറവായത് കൊണ്ട് ഇന്ധനച്ചെലവ് പ്രൊപ്പല്ലര്‍ വിമാനങ്ങളേക്കാള്‍ കുറവാണ്. അതുപോലെ വേഗതയും ഭാരവാഹകശേഷിയും കൂടുതലുമാണ്.
ഇത്ര കുറഞ്ഞ വായുമര്‍ദ്ദത്തില്‍ വിമാനം സഞ്ചരിക്കുമ്പോള്‍ ഉള്ളില്‍ അത് അനുഭവപ്പെടാതിരിക്കേണ്ടത് അത്യാവശ്യമാണല്ലോ. ഉള്ളില്‍ കൃത്യമായ താപനിലയും വായുവും ക്രമീകരിച്ചു നിര്‍ത്തുക എന്നതാണ് വലിയ യാത്രാവിമാനങ്ങളിലെ ഏറ്റവും നിര്‍ണ്ണായകമായ കാര്യം. സത്യത്തില്‍ രണ്ട് എഞ്ചിനുകളില്‍ ഒന്നിന്റെ ധര്‍മ്മം ഇതാണ്. വിമാനത്തിനുള്ളിലേക്ക് ആവശ്യമായ വായു, മര്‍ദ്ദം എന്നതൊക്കെ ഉറപ്പാക്കുക. ഒരു എഞ്ചിന്റെ ബലത്തിലാണ് വിമാനം പറക്കുന്നത്.
എങ്കിലും ഉയരത്തില്‍ പറക്കുന്ന വിമാനത്തിന്റെ ഉള്ളിലെ വായുമര്‍ദ്ദം ഭൂനിരപ്പിനേക്കാള്‍ കുറവായിരിക്കും. വിമാനം താഴുമ്പോള്‍ പലപ്പോഴും നമുക്ക് ശക്തമായ ചെവി വേദന അനുഭവപ്പെടാറില്ലേ. താഴ്ന്ന വായുമര്‍ദ്ദത്തില്‍ നിന്ന് കൂടിയമര്‍ദ്ദത്തിലേക്ക് പെട്ടെന്ന് വരുമ്പോള്‍ ശരീരത്തിന് അതുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും. നമ്മുടെ ചെവിയിലെ കര്‍ണ്ണപുടത്തിലാണ് ഈ ബാലന്‍സിങ്ങിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. പെട്ടന്നുള്ള മര്‍ദ്ദവ്യതിയാനം ശരിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നമുക്ക് വേദന അനുഭവപ്പെടുന്നത്.
ചില സമയങ്ങളില്‍ മാത്രം വിമാനം കടന്നുപോകുമ്പോള്‍ ആകാശത്തില്‍ നീണ്ട ഒരു വെള്ള വര കാണാറുണ്ടല്ലോ. എന്‍ജിന്റെ നോസിലില്‍ നിന്ന് പുറത്തേക്ക് പോകുന്ന നീരാവിയും വാതകങ്ങളും അന്തരീക്ഷത്തിലേക്ക് ലയിച്ചുപോകാന്‍ സമയമെടുക്കുമ്പോള്‍ അങ്ങനെ തങ്ങി നില്‍ക്കുന്നതാണ് ആ കാണുന്നത്. അന്തരീക്ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ ജലാംശം ഉണ്ടാകുമ്പോള്‍ ആണ് ഈ പ്രതിഭാസം കാണുക. അല്ലാത്തപ്പോള്‍ പുറത്തുവരുന്ന വാതകങ്ങള്‍ അങ്ങനെതന്നെ വായുവില്‍ ലയിച്ചു ചേരും.
ജെറ്റ് സാങ്കേതികത അത്യന്തം സങ്കീര്‍ണ്ണമാണ്. അതുകൊണ്ടുതന്നെ ലോകത്തില്‍ തന്നെ ജെറ്റ് ടെക്നോളജി ഉള്ളത് അമേരിക്കക്കും ഫ്രാന്‍സിനും റഷ്യക്കും മാത്രമാണ്. ഭാരതം അതിനായി കിണഞ്ഞു ശ്രമിക്കുന്നു. ലോകത്തില്‍ ഉപയോഗത്തിലുള്ള ഏതാണ്ട് മുഴുവന്‍ യാത്രാവിമാനങ്ങളും ഒന്നുകില്‍ ഫ്രാന്‍സിലെ എയര്‍ബസ്, അെല്ലങ്കില്‍ അമേരിക്കയിലെ ബോയിങ് ആണ്. എത്രയോ പതിറ്റാണ്ടുകള്‍ എടുത്താണ് അവര്‍ ഈ സാങ്കേതികവിദ്യയില്‍ വൈദഗ്ദ്ധ്യം നേടിയത്.
ഇങ്ങനെ ആയിരമായിരം സങ്കീര്‍ണ്ണപ്രക്രിയകളിലൂടെയാണ് മനുഷ്യന്‍ പറക്കുന്നത്. ടിക്കറ്റെടുത്ത് കയറി മണിക്കൂറുകള്‍ മാത്രമെടുത്ത് ദല്‍ഹിയിലും ദുബായിലും ലണ്ടനിലുമൊക്കെ ചെന്നിറങ്ങുമ്പോള്‍ നാം ഓര്‍ക്കാറുണ്ടോ ഇതിനുപിന്നിലെ മനുഷ്യാധ്വാനങ്ങളുടെയും വൈദഗ്ദ്ധ്യങ്ങളുടെയും സ്ഥിരോത്സാഹത്തിന്റെയുമൊക്കെ കഥകള്‍.