വിതര്‍ക്കശ്ച വിചാരശ്ച
വിവേകശ്ചോപജായതേ
മുനേ: സമാദധാനസ്യ
പ്രഥമം യോഗം ആദിത:
ഒന്നാമത്തെ (സമ്പ്രജ്ഞാതം) യോഗം ചെയ്യുന്ന മുനി ക്രമത്തില്‍ (ആദിത:) വിതര്‍ക്കവും വിചാരവും കഴിഞ്ഞ് വിവേകം (അസ്മിത ) നേടും.
സ്ഥൂല, സൂക്ഷ്മ, ആനന്ദങ്ങള്‍ ദോഷം നിറഞ്ഞതാണെന്നു തിരിച്ചറിഞ്ഞ് അതില്‍ വൈരാഗ്യമുണ്ടായി, ആലംബനത്തില്‍ വിവേകബുദ്ധ്യാ ആത്മാവിനെ സാക്ഷാത്കരിക്കുന്നതാണ് അസ്മിത. ധ്യേയവസ്തു സ്ഥൂലങ്ങള്‍ ആണ് സവിതര്‍ക്ക നിര്‍വിതര്‍ക്ക സമാധികളില്‍. ധ്യേയ വസ്തു സൂക്ഷ്മമാണ്, സവിചാര നിര്‍വിചാര സമാധികളില്‍. അഞ്ചാം ഘട്ടത്തില്‍ ആനന്ദമാണ് ആലംബനമായി വരുന്നത്. ഇതിലൂടെ ഞാന്‍ ദേഹമല്ല എന്നറിയുന്നു. ആത്മജ്ഞാനം തന്നെ പരമം. ഇതു തന്നെ അസ്മിതാനുഗത സമ്പ്രജ്ഞാത സമാധി. ഇതിന്റെ പരമകാഷ്ഠയാണ് ധര്‍മമേഘ സമാധി.
അസ്മിതയില്‍ തന്നെ രണ്ടു വിഷയങ്ങള്‍ വരും.
ചതുര്‍വിംശതി തത്വേഭ്യ:
ഖ്യാതോ യ: പഞ്ചവിംശക:
വിവേകാത് കേവലീഭൂത:
ഷഡ്വിംശം സോനുപശ്യതി.
24 തത്വങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആത്മാവും 25 തത്വങ്ങളില്‍ നിന്നും വ്യതിരിക്തമായ (ഇരുപത്തിയാറാമതായി) പരമാത്മാവും. ഭൗതികന്‍, സാംഖ്യന്‍, അത്യാശ്രമി എന്നിങ്ങനെ യോഗികള്‍ 3 തരം. ഭൗതിക വസ്തുക്കളെ ധ്യാനിക്കുന്നവന്‍ ഭൗതികന്‍. ജീവാത്മാവിനെ ധ്യാനിക്കുന്നവന്‍ സാംഖ്യന്‍. പരമാത്മാവിനെ ധ്യാനിക്കുന്നവന്‍ അത്യാശ്രമി. മൂന്നാമത്തെ തരമാണ് മഹായോഗം എന്ന് കൂര്‍മപുരാണം പറയുന്നു. വിതര്‍ക്ക – വിചാര – ആനന്ദ – അസ്മിത എന്നീ സംപ്രജ്ഞാതങ്ങള്‍ക്ക് സമാപത്തി എന്നാണ് സാങ്കേതികനാമം.
ഇവയെല്ലാം സമ്പ്രജ്ഞാത യോഗങ്ങളാണ്; സാലംബന യോഗങ്ങളാണ്; സബീജ യോഗങ്ങളാണ്. കാരണം അവ ധ്യേയരൂപത്തെ അവലംബിക്കുന്നുണ്ട്; അവ വൃത്തികളുടെ ബീജമായ സംസ്‌കാരം ഉണ്ടാക്കുന്നുണ്ട്. സമ്പ്രജ്ഞാതയോഗികള്‍ക്ക് നാല് അവസ്ഥകളുണ്ട്. ശബ്ദാര്‍ഥജ്ഞാന വികല്പങ്ങളെ കൊണ്ടു നടക്കുന്ന സവിതര്‍ക്ക സമാപത്തിക്കാരനെ പ്രാഥമികന്‍ അഥവാ പ്രഥമ കല്പികന്‍ എന്നു വിളിക്കും.
രണ്ടാമത്തേത് മധുമതി – നിര്‍വിതര്‍ക്ക സമാപത്തിമാന്‍. തേന്‍ കുടിച്ചതുപോലെ തൃപ്തി തരുന്നതാണ് ഈ അവസ്ഥ. ഇവിടെ ഋതംഭരപ്രജ്ഞ ലഭിക്കും. അസത്തിന്റെ കണിക പോലും ഇവിടെ ഉണ്ടാവില്ല. പിന്നീട് ക്രമത്തില്‍ നിര്‍വിചാര സമാപത്തിയില്‍ ഉറപ്പു വന്നാല്‍ പ്രകൃതി വരെയുള്ളതിനെ ജയിക്കുന്ന പ്രജ്ഞാ ജ്യോതി എന്ന ഭൂമികയില്‍ എത്തും. ഇതില്‍ തന്നെ ആനന്ദാനുഗത യോഗ നിഷ്പത്തിയും. പിന്നെ അസ്മിതാനുഗത യോഗ സമാപത്തിയില്‍ നാലാമത്തെ ഭൂമിക – അതിക്രാന്ത ഭാവനീയം. സിദ്ധി കാമനയില്ലാത്ത സര്‍വജ്ഞത്വം ലഭിക്കുന്ന ധര്‍മം വര്‍ഷിക്കുന്ന ധര്‍മ മേഘ സമാധി ഇവിടെ ലഭിക്കും. ഇത് ജീവന്മുക്താവസ്ഥ തന്നെ. ഇനി അസമ്പ്രജ്ഞാതം. ഇത് ചിത്തത്തിലെ സര്‍വ വൃത്തികളുടെയും നിരോധമാണ്. അപ്പോള്‍ സംസ്‌കാരം മാത്രമേ ശേഷിക്കൂ.
ഇത് രണ്ടു തരമുണ്ട്. ഉപായപ്രത്യയവും ഭവപ്രത്യയവും. ശാസ്ത്ര വിധിപ്രകാരമുള്ള അനുഷ്ഠാനങ്ങളാല്‍ ഈ ലോകത്തില്‍ തന്നെ ലഭിക്കുന്ന അസമ്പ്രജ്ഞാതമാണ് ഉപായ പ്രത്യയം. ഉപായപ്രത്യയമെന്നാല്‍ ഉപായം കാരണമായി വരുന്നത് എന്നര്‍ത്ഥം. ശ്രദ്ധാ – വീര്യ- സ്മൃതി – സമാധി – പ്രജ്ഞകള്‍ തന്നെ ഉപായങ്ങള്‍. യോഗത്തിലുളള ഇഷ്ടമാണ് ശ്രദ്ധ. ചിത്തത്തിന്റെ ധാരണാശക്തിയാണ് വീര്യം. സ്മൃതി ധ്യാനം തന്നെ. സമാധി അഷ്ടാംഗത്തില്‍ അവസാനത്തേത്. പ്രജ്ഞ, സമ്പ്രജ്ഞാത സാക്ഷാത്കാരം.
ഈശ്വരപ്രണിധാനവും അതില്‍ നിന്നു കിട്ടുന്ന ഭഗവദനുഗ്രഹവും കൊണ്ട് ഇത് എളുപ്പത്തില്‍ നേരിട്ട് കരഗതമാവും. മുജ്ജന്മത്തിലെ അനുഷ്ഠാനങ്ങളാല്‍ ലഭിച്ച ജ്ഞാന വൈരാഗ്യങ്ങള്‍ കാരണം വിദേഹന്മാര്‍ക്കും പ്രകൃതി ലയന്മാര്‍ക്കും യഥേഷ്ടം അസമ്പ്രജ്ഞാത സമാധി ലഭിക്കും. ഇതാണ് ഭവപ്രത്യയം. ഇത് ജന്മനാ കിട്ടുന്നതാണ്. വിദേഹന്മാര്‍ക്ക് സ്ഥൂല ദേഹത്തിന്റെ പോലും അപേക്ഷയില്ല. ലിംഗ ദേഹം കൊണ്ടു തന്നെ എല്ലാ വ്യവഹാരങ്ങളും നടക്കും. ഹിരണ്യഗര്‍ഭന്‍ മുതലായവര്‍ക്ക് അങ്ങിനെയാണ് യോഗനിദ്ര ലഭിക്കുന്നത്. പ്രകൃതിയേയോ അതിനോടു ചേര്‍ന്ന പരമേശ്വരനേയോ ഉപാസിച്ച് ബ്രഹ്മാണ്ഡത്തെ ഭേദിക്കുകയും മഹത്തത്വം വരെയുള്ള ഏഴ് ആവരണങ്ങളും കടന്ന് പ്രകൃതിയുടെ ആവരണത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നവരാണ് പ്രകൃതിലയന്മാര്‍. ഭവപ്രത്യയന്മാര്‍ക്ക് സമ്പ്രജ്ഞാതം ജന്മനാ ഉണ്ട്. ധാരണാ – ധ്യാന- സമാധികളാലല്ല അത് ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെ സമ്പ്രജ്ഞാതത്തിന് ഭവപ്രത്യയ -ഉപായ പ്രത്യയ ഭേദമില്ല.
രണ്ട് അസമ്പ്രജ്ഞാതത്തിലും ധ്യേയ വസ്തു ഇല്ല. അതിനാല്‍ നിരാലംബയോഗമാണ്. ഇതിന്റെ അഭ്യാസത്താല്‍ എല്ലാ സംസ്‌കാരങ്ങളും ദഹിച്ചു പോവും. അതുകൊണ്ട് ഇത് നിര്‍ബീജവുമാണ്. ഇത് നിരോധരൂപിയാണ്. എങ്കിലും അഭ്യാസത്താല്‍ പുതിയ പുതിയ സംസ്‌കാരങ്ങളെ ഉണ്ടാക്കും. ഇവയുടെ താരതമ്യത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് (ഒരു ദിവസമോ, ഒരു പക്ഷമോ, ഒരു മാസമോ ) സമാധി മുന്നേറും. അതിലൂടെ തത്വജ്ഞാനമടക്കമുള്ള മറ്റു സംസ്‌കാരങ്ങളെയെല്ലാം തകര്‍ത്ത് കളയും.
പ്രാരബ്ധകര്‍മം പോലും ഭോഗ സംസ്‌കാരങ്ങളുടെ അഭാവത്താല്‍ നശിക്കും. അവന് വിദ്യയും കര്‍മവും പൂര്‍വജന്മാര്‍ജിത ജ്ഞാനവും ഉണരും എന്ന് ശ്രുതിയും സ്മൃതിയും പറയുന്നു. അങ്ങിനെ കൃതാര്‍ത്ഥമായ ചിത്തം അതിന്റെ പ്രാരബ്ധകര്‍മങ്ങളോടും നിരോധ സംസ്‌കാരങ്ങളോടും ഒപ്പം സ്വകാരണത്തില്‍ ലയിക്കുന്നു. ഇതു തന്നെ ചിത്തത്തിന്റെ മഹാനിദ്ര, പുരുഷന്റെ കൈവല്യം, ദുഃഖാത്മകമായ ദൃശ്യങ്ങളുടെ അന്ത്യം.
മനസ: അഭ്യുദയോ നാശ:
മനോ നാശോ മഹോദയ
മനസ്സിന്റെ ഉയര്‍ച്ച തന്നെ അതിന്റെ നാശം. മനസ്സിന്റെ നാശം തന്നെ അതിന്റെ ഉയര്‍ച്ച .
വൃത്തികളില്‍ നിന്നുണ്ടാകുന്ന ദു:ഖവും ഭോഗവും ഇല്ലാതാവും എന്നുള്ളത് രണ്ടിന്റെയും (സംപ്രജ്ഞാത – അസംപ്രജ്ഞാത) പ്രത്യക്ഷഫലമാണ്. ധ്യേയസാക്ഷാത്കാരമാണ് അദൃഷ്ടഫലം. അവിദ്യാദി ക്ലേശ നിവൃത്തിയും അതിലൂടെ മോക്ഷവും മറ്റൊരു ഫലം.
എന്നാല്‍ അസമ്പ്രജ്ഞാതത്തില്‍ ക്രമത്തില്‍ തത്വജ്ഞാനലബ്ധി ഉണ്ടാവുകയും സംസ്‌കാരങ്ങളും പ്രാരബ്ധകര്‍മങ്ങളും നശിച്ചു പോവുകയും ചെയ്യും. സ്വേച്ഛയാ മോക്ഷവും കരഗതമാവും.