ലോകത്തിനെ ഇത്ര മനോഹരമാക്കിയതില്‍ ഏറ്റവും പ്രധാനം മനുഷ്യന്റെ അടങ്ങാത്ത ജ്ഞാനതൃഷ്ണയാണ്. പരിസരങ്ങളെ നിരീക്ഷിക്കുകയും അവയോട് സംവദിക്കുകയും അതില്‍ നിന്ന് പ്രകൃതിയുടെ രഹസ്യങ്ങളിലേക്ക് ദൃഷ്ടിപായിക്കുകയും പുതിയ പുതിയ അറിവുകള്‍ നേടുകയും അവയെ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തു കൊണ്ടാണ് മനുഷ്യന്‍ ഇക്കാണുന്ന നേട്ടങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ലോകം അത്ഭുതത്തോടെ കേട്ട ആ വാര്‍ത്ത. ഒരു മനുഷ്യനിര്‍മ്മിത പേടകം സൂര്യന്റെ അന്തരീക്ഷത്തില്‍ കടന്നിരിക്കുന്നു.
നമുക്കിന്നു ഏറ്റവും പരിചിതമായ ഒരു വാക്കാണല്ലോ കൊറോണ. എന്നാല്‍ ജ്യോതിശാസ്ത്രകുതുകികള്‍ക്ക് ആ പേര് നൂറ്റാണ്ടുകള്‍ക്ക് മുന്നേ സുപരിചിതമാണ്. സൂര്യനെ വലയം ചെയ്യുന്ന ആവരണമാണ് കൊറോണ. പൂര്‍ണ്ണ സൂര്യഗ്രഹണ സമയത്ത് മാത്രം ഭൂമിയില്‍ ദൃശ്യമാകുന്ന പ്രതിഭാസമാണ് അത്. സൂര്യകേന്ദ്രത്തില്‍ നിന്ന് കോടിക്കണക്കിനു കിലോമീറ്റര്‍ വരെയാണ് കൊറോണ വ്യാപിച്ചുകിടക്കുന്നത്. ഖരം, ദ്രവം, വാതകം എന്നിവ കഴിഞ്ഞു വന്‍ താപനിലയില്‍ വസ്തുക്കള്‍ക്കുണ്ടാകുന്ന പ്ലാസ്മ എന്നൊരു അവസ്ഥയുണ്ട്. അങ്ങനെയുള്ള, ലക്ഷക്കണക്കിനു ഡിഗ്രി ചൂടുള്ള പ്ലാസ്മയാണ് ഈ കൊറോണ നിറയെ ഉള്ളത്.
2018 ല്‍ നാസ വിക്ഷേപിച്ച പാര്‍ക്കര്‍ എന്ന പേടകമാണ് ഏപ്രില്‍ മാസത്തില്‍, സൂര്യകേന്ദ്രത്തിനു ഒരുകോടി മുപ്പത് ലക്ഷം കിലോമീറ്റര്‍ അകലെ, ഏതാണ്ട് അഞ്ച് മണിക്കൂര്‍ കൊറോണയില്‍ കൂടി കടന്നു പോയത്. മൂവായിരം ഡിഗ്രി ചൂട് വരെ താങ്ങാന്‍ കഴിയുന്ന കോമ്പോസിറ്റ് വസ്തുക്കള്‍ കൊണ്ടാണ് പേടകം നിര്‍മ്മിച്ചിരിക്കുന്നത്.
അപ്പോള്‍ ഒരു സംശയം സ്വാഭാവികമായി ഉയരുമല്ലോ. ലക്ഷക്കണക്കിന് ഡിഗ്രി ചൂടുള്ള കൊറോണയില്‍ കൂടി കടന്നുപോകുന്ന പേടകം ഉരുകിയൊലിച്ചു പോകില്ലേ?
ഒരു സെക്കന്‍ഡില്‍ ഒരുലക്ഷം കിലോമീറ്റര്‍ വേഗതയിലാണ് പേടകം സഞ്ചരിക്കുന്നത്. കൊറോണയിലെ വന്‍ ചൂട് പേടകത്തെ ബാധിച്ചു തുടങ്ങുമ്പോഴേക്ക് അത് കൊറോണയ്ക്ക് പുറത്തേക്ക് വരും. കുറച്ചുകഴിഞ്ഞു വീണ്ടും സൂര്യനിലേക്ക് ഊളിയിടും. വീണ്ടും പുറത്തുവരും. അങ്ങനെ കൊറോണയില്‍ മുങ്ങിപ്പൊങ്ങിയാണ് പാര്‍ക്കര്‍ നിരീക്ഷണം നടത്തുക.
നല്ല വൈദഗ്ധ്യമുള്ളവര്‍ കനലുകളില്‍ കൂടി നടക്കുന്നത് കണ്ടിട്ടില്ലേ. കാല്‍ പൊള്ളാനുള്ള സമയം അവര്‍ കൊടുക്കുന്നില്ല, അതിനുമുമ്പ് അടുത്ത ചുവടു വെച്ച് കഴിയും. അങ്ങനെയാണല്ലോ നൂറുകണക്കിന് ഡിഗ്രി ചൂടുള്ള കനലുകളില്‍ നൃത്തം ചവിട്ടുന്നത്. ആഴമുള്ള വെള്ളത്തില്‍ മുങ്ങാന്‍കുഴിയിട്ടു മീന്‍ പിടിക്കുന്നവര്‍ എങ്ങനെയാണത് ചെയ്യുന്നത്. ശ്വാസം പിടിച്ച് കുറെ നേരം നിന്ന് അതിനുള്ളില്‍ കാര്യം സാധിച്ച് പൊങ്ങിവരും. വീണ്ടും മുങ്ങും.
ഇങ്ങനെ കൊറോണയില്‍ മുങ്ങിപ്പൊങ്ങി, അതിനുള്ളില്‍ കിട്ടുന്ന ഇത്തിരി സമയത്തില്‍ വിവരങ്ങള്‍ ശേഖരിച്ചാണ് പാര്‍ക്കറും പ്രവര്‍ത്തിക്കുന്നത്. സൂര്യാന്തരീക്ഷത്തിലെ വന്‍ ചാര്‍ജുള്ള കണങ്ങള്‍, ബഹിരാകാശ പേടകങ്ങളെയും പലപ്പോഴും ഭൂമിയിലെ വാര്‍ത്താവിനിമയത്തേയും ബാധിക്കുന്ന സൗരവാതങ്ങള്‍, സൂര്യപ്രതലത്തിലെ കളങ്കങ്ങള്‍ തുടങ്ങി പ്രപഞ്ചോല്‍പ്പതിയിലേക്ക് വരെ നയിക്കുന്ന വിവരങ്ങള്‍ ഈ ദൗത്യത്തിലൂടെ ലഭിക്കും എന്നാണു കരുതപ്പെടുന്നത്. ഒന്നര വര്‍ഷമാണ് പേടകത്തിന് കല്പിക്കപ്പെട്ടിരിക്കുന്ന ആയുസ്സ്. അതിനുശേഷം പാര്‍ക്കര്‍ എന്നന്നേക്കുമായി സൂര്യപ്രതലത്തിലേക്ക് വിലയം പ്രാപിക്കും.
ഇതുപോലൊരു ദൗത്യം, ‘ആദിത്യ’ ഐഎസ്ആര്‍ഓയുടെ പണിപ്പുരയിലും ഒരുങ്ങുന്നുണ്ട്. 2023ല്‍ ആദിത്യ വിക്ഷേപിക്കുമെന്നു കരുതുന്നു. അങ്ങനെ ചന്ദ്രയാനും മംഗള്‍യാനും ശേഷം സൂര്യബിംബത്തിലേക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഭാരതവും.