ജ്യാമിതീയ രൂപമായ ത്രികോണം വൈദികവും താന്ത്രികവുമായ കര്‍മ്മങ്ങളിലെല്ലാം ഉപയോഗിക്കുന്ന ഒരു സങ്കേതമാണ്. പൂജക്കുള്ള പത്മങ്ങളില്‍ ഇത് വരും. ശ്രീചക്രം (ശ്രീയന്ത്രം) വരക്കാനും സങ്കീര്‍ണ്ണമായ ത്രികോണങ്ങള്‍ ഉപയോഗിക്കുന്നു. അതിരാത്രം പോലുള്ള വലിയ യാഗങ്ങളില്‍ കഴുകന്റെ ആകൃതിയിലുള്ള വേദി (ശ്യേന ചിതി) ഒരുക്കാന്‍ ഉള്ള ഇഷ്ടികകളില്‍ എണ്ണത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ത്രികോണാകൃതിയിലുള്ള ഇഷ്ടികകളാണ്. ഭാരതീയ ജീവിതവുമായി ഏറെ ബന്ധപ്പെട്ടതാണ് ഈ രൂപമെന്നു താല്പര്യം.
ചെയ്യുന്ന വിധം
നിവര്‍ന്നു നില്കുക. കാലുകള്‍ ഒരു മീറ്റര്‍ അകത്തി വെക്കുക. കൈകള്‍ വശങ്ങളില്‍ ഭൂമിക്കു സമാന്തരമായി. കൈവിരലുകള്‍ നിവര്‍ന്നു ചേര്‍ന്ന്. വലതു കാല്പത്തി 90 ഡിഗ്രി വലത്തോട്ടു തിരിക്കുക. ഇടതു കാല്പത്തി 45 ഡിഗ്രിയും.
ശ്വാസം വിട്ടുകൊണ്ട് അരക്കെട്ടിന്റെ മേല്‍ഭാഗം വലത്തോട്ടു ചരിക്കുക. നടുവിന് പിരിച്ചില്‍ വരരുത്. വലതുകൈ താഴ്ത്തി വലതു കാല്‍പ്പത്തിയുടെ മേലെ പതിച്ചു വെക്കുക. ഇടതു കൈ വലത്തോട്ട് ഭൂമിക്കു സമാന്തരമായി വലിച്ചു നീട്ടി പിടിക്കുക. ദൃഷ്ടി മേലോട്ടോ ഇടതു കൈയിന്റെ അറ്റത്തേക്കോ ആകാം. അല്പനേരം സാധാരണ ശ്വാസത്തില്‍ ഇതേ സ്ഥിതിയില്‍ നിന്ന ശേഷം ശ്വാസം എടുത്തു കൊണ്ട് തിരിച്ചു വരിക. ഇടതു വശത്തും ആവര്‍ത്തിക്കുക.
ഗുണങ്ങള്‍
എല്ലാ യോഗ ക്ലാസുകളിലും ചെയ്യുന്ന അടിസ്ഥാന യോഗാസനങ്ങളിലൊന്നാണ് ത്രികോണാസനം. പേശികള്‍ക്കെല്ലാം വലിവും വഴക്കവും ബലവും കിട്ടും. ശരീരത്തിന്റെ വശങ്ങളില്‍ വലിവു കിട്ടുന്ന ആസനമാണിത്. മുമ്പോട്ടും പിന്നോട്ടും വളയുന്ന ധാരാളം ആസനങ്ങള്‍ ഉണ്ട്. എന്നാല്‍ വശങ്ങളിലേക്കുള്ളത് കുറവാണ്. അരക്കെട്ടിനു വഴക്കമുണ്ടാവും. ഉദരപേശികള്‍ക്കും ദഹനത്തിനും ഗുണകരമാണ്.