മഹാനായ ഇന്ത്യന്‍ ചിന്തകനും പ്രഭാഷകനുമായ ജിദ്ദു കൃഷ്ണമൂര്‍ത്തി (1895-1986) ഒരു ജീവിതകലയോ മാതൃകാ ജീവിതമോ മുന്നോട്ട് വച്ചിട്ടില്ല. അങ്ങനെയുള്ള ചിന്താരീതിയിലൂടെയല്ല അദ്ദേഹം ജീവിതത്തെ കണ്ടിരുന്നത്. എല്ലാവര്‍ക്കും ഇണങ്ങുന്ന ഒരു മാതൃക ഇല്ലെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞിട്ടുണ്ട്.
ഒരാള്‍ സ്വാതന്ത്ര്യം തേടി മറ്റൊരാളിലേക്ക് തിരിഞ്ഞിട്ട് കാര്യമില്ല. അങ്ങനെ തിരിയുന്ന നിമിഷം നാം മറ്റ് എന്തൊക്കെയോ ആയി മാറാം.
എന്താണ് യഥാര്‍ത്ഥ ചോദ്യം എന്ന് കൃഷ്ണമൂര്‍ത്തി ഒരിക്കല്‍ ചോദിച്ചു. അത് നൂറ്റാണ്ടുകളായി പലരും ചോദിച്ചതാണ്. എങ്കിലും കൃഷ്ണമൂര്‍ത്തി അതിനൊരു ഉത്തരം തന്നു; അത് ചോദ്യം തന്നെയാണ്. ജീവിതം ഒരു യാതനയാണോ? ഇതേ ചോദ്യം ബുദ്ധനും നേരിട്ടിട്ടുണ്ടാവണം. അതുകൊണ്ടാണല്ലോ ജീവിതം ഒരു ആശയിലും കെട്ടിയിട്ട് നശിപ്പിക്കരുതെന്ന് ബുദ്ധന്‍ പറഞ്ഞത്.
മറ്റുള്ളവര്‍ പറഞ്ഞവഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നാല്‍ മാത്രം പോരാ; സ്വയം ആലോചിക്കണം; സ്വയം ബോധ്യപ്പെടണം. നമ്മള്‍ സ്വന്തം ദുഃഖത്തിന്റെ പതാകവാഹകരാവേണ്ടതില്ല. ഒരാള്‍ സ്വന്തം ദുഃഖത്തെ മഹത്വവല്‍ക്കരിക്കുകയാണെങ്കില്‍, അയാള്‍ക്ക് പുതിയതൊന്ന് തിരഞ്ഞെടുക്കാന്‍ കഴിവില്ലെന്നാണ് അര്‍ത്ഥം. ജീവിതമാകട്ടെ, അനന്തമായ തിരഞ്ഞെടുപ്പുകള്‍ നിറഞ്ഞതാണ്. ഈ ലോകത്ത് നമ്മെ കാത്ത് അനേകം അവസരങ്ങളുണ്ട്. എങ്കിലും നാം സ്വന്തം ദുഃഖത്തിലേക്ക് തന്നെ തല പൂഴ്ത്തിവെച്ചിരിക്കുകയാണെങ്കില്‍, പുതിയ പ്രഭാതവും ആകാശവും നമുക്ക് നഷ്ടപ്പെടുകയില്ലേ.
അതുകൊണ്ട്, കൃഷ്ണമൂര്‍ത്തി പറയുന്നത്, സ്വന്തം ദൗര്‍ഭാഗ്യങ്ങളുടെ ഓര്‍മ്മകളുടെ ഭാരം നാം ചുമക്കേണ്ടതില്ല എന്നാണ്. നാം അതിനെയൊക്കെ പിരിച്ചുവിടുക, പുതിയ മനുഷ്യനാകാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുക. അതിന്റെയര്‍ത്ഥം ഏകാന്തതയെ കുടുതല്‍ ഗാഢമാക്കണമെന്നാണ്. ആ ഏകാന്തതയില്‍ നാം സ്വയം ദര്‍ശിക്കണം. അതാണ് കണ്ണാടിക്ക് അഭിമുഖമാകുന്നതിന്റെ അര്‍ത്ഥം. ”ഏകാന്തമായ മനസ്സ് നിഷ്‌കളങ്കമാണ്; ചെറുപ്പവുമാണ്. ഏത് പ്രായത്തിലാണെങ്കിലും ചെറുപ്പമായിട്ടും നിഷ്‌കളങ്കമായിട്ടും സജീവമായിരിക്കുക. ഇങ്ങനെയുള്ള മനസ്സിനേ സത്യത്തെ അറിയാനാവൂ; വാക്കുകള്‍കൊണ്ട് അളക്കാനാവാത്ത സത്യത്തെ മനസ്സിലാക്കാനും അതിനേ സാധിക്കൂ” – കൃഷ്ണമൂര്‍ത്തി പറഞ്ഞു.
മാറാനുള്ളത് നമ്മള്‍ ഓരോരുത്തരുമാണ്. ആ ഉത്തരവാദിത്തം മറ്റുള്ളവരെ ഏല്പിച്ചിട്ട് കയ്യും കെട്ടി ഇരിക്കുന്നവരാണ് ഏറെയുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സ്വയം മനസ്സിലാക്കുന്നത്, ഇതര പ്രകൃതിയിലേക്കും ജീവജാലങ്ങളിലേക്കുമുള്ള ഒരു താദാത്മ്യമാണ്. മറ്റുള്ളവരോടാണ് സ്‌നേഹം പ്രകടിപ്പിക്കാനുള്ളത്. സ്‌നേഹമാണ് കണ്ടെത്തേണ്ടത്. കാരണം അത് വ്യക്തികളില്‍ തനിയെ ഉണ്ടാകുന്നില്ല. സ്വയം അറിയുമ്പോഴാണ് സ്‌നേഹത്തിന്റെ മൂല്യം മനസ്സിലാകുന്നത്.
നമ്മള്‍ ഒരു വലിയ ദയനീയാവസ്ഥയില്‍, കഷ്ടപ്പാടില്‍ ജീവിക്കുമ്പോള്‍ മറ്റുള്ളവരുടെ സഹായം കിട്ടിയിരുന്നെങ്കില്‍ എന്ന് ആലോചിക്കാം. എങ്ങനെയാണ് ആ സഹായം കിട്ടുക? മറ്റുള്ളവര്‍ക്ക് നാം ദയനീയാവസ്ഥയിലെന്ന് തോന്നണമല്ലോ. അതിന് സ്‌നേഹം വേണം. ആ സ്‌നേഹം അവരില്‍ ഉണ്ടാകുന്നതുപോലെയാണ് നമ്മളിലും ഉണ്ടാകേണ്ടത്.
അതുകൊണ്ട്, വെറുതെ അലങ്കോലമുണ്ടാകുന്നതിലുപരി, ഓരോന്നും വ്യക്തമായി ഗ്രഹിക്കാന്‍ ശ്രമിക്കുക. ഓരോന്നിന്റെയും പരിണതി എന്തായിരിക്കും? ഒരു ശൂന്യതയില്‍ നിന്ന് അസംബന്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍, മറ്റൊരു അന്ധവിശ്വാസത്തിലേക്ക് പോകുന്നതില്‍ അര്‍ത്ഥമില്ല; കലുഷിതമാക്കുന്നതിനു പകരം വിളക്കിച്ചേര്‍ക്കാനും നവീകരിക്കാനും ഒരുമിപ്പിച്ചു നിര്‍ത്താനുമുള്ള മാര്‍ഗ്ഗങ്ങളാണ് ആരായേണ്ടത്. ഒരാള്‍ ഒറ്റക്ക് ഒന്നും തന്നെ തച്ചുതകര്‍ക്കുന്നില്ല. എന്നാല്‍ മറ്റുള്ളവരിലേക്ക് ഒരു സംവേദനം സാധ്യമാക്കാനാവും. അതിലൂടെ മറ്റൊരാള്‍ ഉണരുന്നു.
നമ്മുടെയുള്ളിലെ ഗുരുവിനെ പുറത്തെടുക്കുകയാണ് പ്രധാനം. ഒരു സംഭവത്തെ അതു മാത്രമായി കാണാതെ, അതിന്റെ കാര്യകാരണങ്ങളെ അറിയുക. അങ്ങനെ ജീവിതത്തെ ഒരു കലയാക്കാം. കൃഷ്ണമൂര്‍ത്തി അറിയിക്കുന്നു; ”ഒരാള്‍ക്ക് അവനവനെ കുറിച്ചുള്ള അറിവ് സ്വയം പരിശോധിക്കാനാവും; ബന്ധത്തിന്റെ കാര്യത്തില്‍. നമ്മള്‍ സംസാരിക്കുന്ന രീതിയും പെരുമാറുന്ന രീതിയും പരിശോധിക്കാം. ഒരു സമ്മേളനത്തിനു ശേഷം, നിങ്ങള്‍ സ്വയം നിരീക്ഷിക്കുക, യാതൊരു താരതമ്യമോ താദാത്മ്യമോ ഇല്ലാതെ, അസാധാരണമായ ഒരു കാര്യം വ്യക്തമാവും. അബോധത്തില്‍, നമ്മുടെ മിക്ക പ്രവൃത്തികളും അബോധപരമാണ്, ചെയ്ത കാര്യങ്ങളെ മനസ്സിലാക്കി അവസാനിപ്പിക്കാനാവും.”
ഒരു അന്വേഷണവുമില്ലാതെ തന്നെ ഓരോ പ്രവര്‍ത്തനത്തിന്റെയും പിന്നിലെ ചോദന അങ്ങനെ പുറത്തുവരും.
സദ്ഗുരുവും അസ്തിത്വവാദവും
സദ്ഗുരു ജഗ്ഗി വാസുദേവ് പുരാതനമായ ഇന്ത്യന്‍ ആശയങ്ങളെ നവീനകാലത്തിന് ഉതകുന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നതില്‍ നിപുണനാണ്. വെറുതെ വേദാന്തം പറയുന്നതിന് പകരം, അദ്ദേഹം മനുഷ്യരെ അവരുടെ സാധാരണ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് മുന്‍പില്‍ നിറുത്തി തത്ത്വവിചാരം നടത്തുന്നു. ഇത് വളരെ പ്രയോജനകരമാണ്. നിത്യചൈതന്യയതിയെയും സ്വാമി നിര്‍മ്മലാനന്ദഗിരിയെയും ഇവിടെ ഓര്‍ക്കുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹം ഇങ്ങനെ എഴുതി. ”നിങ്ങള്‍ ശ്മശാനത്തില്‍ പോയാലും, നിങ്ങളുടെ ശരീരം ദഹിപ്പിച്ചാലും നിങ്ങളിലെ ക്രമരീതികള്‍ തകരില്ല. കര്‍മ്മം കൊണ്ട് അര്‍ത്ഥമാക്കുന്നത് അതാണ്. അത് എല്ലാറ്റിനുമപ്പുറം പോകും. കാരണം നിങ്ങളുടെ ശരീരത്തെ നഷ്ടപ്പെടുത്താതെ നിങ്ങള്‍ അവയെ തകര്‍ക്കാറില്ല. അതുകൊണ്ട് നിങ്ങള്‍ ജീവനോടെയും ബോധത്തോടെയും ഇരിക്കുമ്പോള്‍, ഇതിനെല്ലാമപ്പുറത്ത് പോകാന്‍ പരിശ്രമിക്കണമെന്നത് പ്രാധാന്യമര്‍ഹിക്കുന്നു”. (കേരളകൗമുദി)
സദ്ഗുരു പറയുന്നത്, നമ്മള്‍ സ്വന്തം ശീലങ്ങളില്‍ ചുരുണ്ടുകൂടി കണ്ടീഷന്‍ ചെയ്യപ്പെടുന്നതിനു പകരം, അതിന്റെ വലകള്‍ തകര്‍ത്ത് സ്വയം മുന്നേറി, ജീവിതത്തില്‍ യുക്തിയോടെ ചിന്തിച്ച്, അവനവന് ആവശ്യമുള്ളത് തിരഞ്ഞെടുക്കണമെന്നാണ്. ഇതില്‍ യൂറോപ്യന്‍ തത്ത്വചിന്തയായ അസ്തിത്വവാദം കാണാം. ഫ്രഞ്ച് സാഹിത്യകാരനായ അല്‍ബേര്‍ കമ്യൂ പറഞ്ഞു, ഞാന്‍ പോരാടുന്നതുകൊണ്ടാണ് ഞാന്‍ നിലനില്‍ക്കുന്നതെന്ന്, പോരാട്ടം അവനവന്റെ കീഴടങ്ങലിനും അന്തര്‍മുഖത്വത്തിനും ജീര്‍ണതയ്ക്കും എതിരേയാണ്. പോരാടുമ്പോള്‍ നമുക്ക് ബോധമുണ്ട്; ആ ബോധം നമ്മെ കൂടുതല്‍ കരുത്തുള്ളവരും യുക്തിബോധമുള്ളവരുമാക്കാം. കാരണം നാം തിരഞ്ഞെടുക്കുന്ന കര്‍മ്മങ്ങളുടെ ഉത്തരവാദിത്തം നമുക്ക് മാത്രമാണല്ലോ. ഇതുതന്നെയാണ് ജഗ്ഗിയും പറയുന്നത്. മരണത്തില്‍പോലും വിട്ടുപോകാനിടയില്ലാത്ത ശീലങ്ങളെ ഉപേക്ഷിച്ച് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തണമെന്ന്.
ഷെനെയുടെ വാക്യങ്ങള്‍
ഫ്രാന്‍സിലെ പ്രശസ്തനായ നാടകകൃത്തായിരുന്നു ഷാന്‍ ഷെനെ (1910-1986). വിശന്നിട്ട് അദ്ദേഹത്തിന് മോഷ്ടിക്കേണ്ടിവന്നു; ജയിലിലും കിടന്നു. ഒരു കുറ്റവാളിയായി മുദ്രകുത്തപ്പെട്ടുവെങ്കിലും മനുഷ്യാസ്തിത്വത്തെ തന്റേതായ രീതിയില്‍ ഗ്രഹിക്കാനുള്ള ജ്ഞാനദൃഷ്ടി അദ്ദേഹത്തിനുണ്ടായിരുന്നു.
ഷെനെ തലതിരിഞ്ഞ ഒരു പ്രതിഭാശാലിയായിരുന്നു. അദ്ദേഹത്തിന്റെ ‘മോഷ്ടാവിന്റെ ദിനക്കുറിപ്പുകള്‍’ എന്ന ആത്മകഥാകുറിപ്പുകളുടെ മലയാള പരിഭാഷ നിര്‍വ്വഹിച്ച എന്‍. മൂസക്കുട്ടിയെ പ്രശംസിക്കണം. പുതിയൊരു സാഹിത്യമാണിത്. ആ ആത്മകഥയിലെ ചില വാക്യങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
1. സൃഷ്ടി ഒരു കുട്ടിക്കളിയല്ല. തന്റെ സൃഷ്ടികളുടെ ഭീകരസാഹസങ്ങള്‍, അവസാന നിമിഷം വരെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം സ്രഷ്ടാവിനുണ്ട്.
2. സ്രഷ്ടാവ് തന്റെ കഥാപാത്രങ്ങളുടെ പാപങ്ങള്‍ തന്നില്‍ സ്വയം ആരോപിക്കും.
3. ജീസസ് മനുഷ്യനായിത്തീര്‍ന്നു. അദ്ദേഹം പ്രായശ്ചിത്തം മൂലം ലോകത്തെ പരിശുദ്ധമാക്കി. പിന്നീട് ദൈവത്തെപ്പോലെ, മനുഷ്യരെ സൃഷ്ടിച്ചശേഷം, അവരെ പാപത്തില്‍ നിന്ന് മോചിപ്പിച്ചു.
4. എനിക്ക് വഴികാട്ടുക എന്റെ ജീവിതരീതിയല്ല, അതിനെക്കുറിച്ച് ഞാന്‍ പറയുന്ന ഭാവമാണ്; സംഭവങ്ങളല്ല, കലാസൃഷ്ടിയാണ്, എന്റെ ജീവിതമല്ല, അതിനെക്കുറിച്ചുള്ള വ്യാഖ്യാനമാണ്.
5. എനിക്ക് അറിയാമെന്ന് ആര്‍ക്കും അറിയാത്ത നൈരാശ്യത്തെ അനുഭവിച്ചറിയുവാന്‍ ഈ ലോകത്തിലെ എല്ലാ സമ്പത്തും ഞാന്‍ നല്‍കും.
6. പുണ്യവാളത്തത്തെകുറിച്ച് ഒരു നിര്‍വ്വചനം നല്‍കാന്‍ എനിക്ക് കഴിയില്ല, അതു പോലെതന്നെ സൗന്ദര്യത്തെക്കുറിച്ചും. എന്നാല്‍ ഓരോ നിമിഷവും അത് സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
7. എന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഞാന്‍ അപകടത്തിലാണ്. കാരണം ഞാന്‍ മോഷ്ടിച്ചിരിക്കുന്നു.
8. ഏറ്റവും ധീരതയാര്‍ന്ന സ്വാതന്ത്ര്യബോധത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ പ്രദര്‍ശനത്തെ സൂചിപ്പിക്കുന്ന പദമാണ് അഭിമാനബോധം.
9. എന്റെ സത്ത എന്റെ ശരീരത്തിന്റെ ഏറ്റവും അടിത്തട്ടില്‍ അഭയം തേടിയിരിക്കുന്നു.
10. ഏകാന്തതയേക്കാളുപരി, ഏറ്റവും ഉയര്‍ന്ന നന്മയായ ത്യാഗം ഞാന്‍ അനുഷ്ഠിക്കുന്നു.
വായന
എം.പി. പവിത്രയുടെ ‘കാടകപച്ചകള്‍’ (ഭാഷാപോഷിണി), കവി സ്വന്തം കവിതയെ തേടിച്ചെല്ലുന്നതിന്റെ വിവരണമാണ്. പാതിമറഞ്ഞ ചന്ദ്രനിലും ശ്വാസവേഗങ്ങളിലും കാറ്റിലും പൂക്കളിലുമൊക്കെയാണ് തിരയുന്നത്. കവിത കാണാതെപോയി എന്ന പ്രസ്താവത്തിന് ഭംഗിയുണ്ട്.
ഭഗവദ്ഗീത ജനതയെ കാരുണ്യത്തില്‍ നിന്നകറ്റി ബ്രാഹ്മണ്യത്തിലേക്ക് മടക്കുകയാണ് ചെയ്യുന്നതെന്ന ആനന്ദിന്റെ വാദം (പച്ചക്കുതിര) അസംബന്ധമാണ്. ഇത്തരം കാര്യങ്ങളില്‍ പറഞ്ഞുകേട്ടത് മാത്രം വിശ്വസിക്കരുത്. കൂടുതല്‍ ദാര്‍ശനികമായി നീങ്ങുകയാണ് വേണ്ടത്.
സാറാജോസഫിന്റെ ബുധിനിയൊക്കെ ഒട്ടും പ്രചോദിപ്പിക്കാത്ത വിഷയങ്ങളാണെന്ന് പറയട്ടെ. എന്തിനാണ് ഇതെല്ലാം ഒരു നോവലായി എഴുതുന്നതെന്ന് മനസ്സിലാകുന്നില്ല. മലയാള എഴുത്തുകാര്‍ക്ക് നോവല്‍ ഇപ്പോഴും ചരിത്രവും ഭൂമിശാസ്ത്രവും നാട്ടുപുരാണവുമാണ്, കലയല്ല. ഗ്വാട്ടിമാലന്‍ എഴുത്തുകാരനായ മിഗ്വല്‍ ഏയ്ഞ്ചല്‍ അസ്തൂരിയാസിന്റെ ‘ദ പ്രസിഡന്റ്’, അമേരിക്കന്‍ എഴുത്തുകാരനായ ജോര്‍ജ്ജ് സോണ്ടേഴ്‌സിന്റെ ‘ലിങ്കണ്‍ ഇന്‍ ദ ബാര്‍ദോ’ തുടങ്ങിയ നോവലുകളെപ്പോലെ കലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന അനുഭവം മലയാളിക്ക് വിധിച്ചിട്ടില്ല.
എം. എസ്. ബനേഷിന്റെ ‘പൂര്‍വ്വം’ (എഴുത്ത്) നല്ലൊരു കാവ്യാനുഭവമായി. നഷ്ടപ്പെട്ട നിമിഷങ്ങളെ തേടുകയാണിവിടെ. ”ഇപ്പോള്‍ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനേ നിന്നെ യാഥാര്‍ത്ഥ്യമാക്കുന്ന കര്‍മ്മം ചെയ്യാന്‍ കരുത്തേകൂ” എന്ന വരി സൂക്ഷ്മതയുള്ളതാണ്.
വി. വിജയകുമാറിന്റെ ‘പറഞ്ഞു തീരാതെ ജീവിതം’ എന്ന ലേഖന സമാഹാരത്തെ നന്നായി പരിചയപ്പെടുത്തുകയാണ് പി.കെ. അനില്‍കുമാര്‍ (പ്രഭാതരശ്മി).
‘നവനീത’ത്തിന്റെ നേതൃത്വത്തില്‍ അടൂരില്‍ സംഘടിപ്പിച്ച സി.വി, അടൂര്‍ഭാസി, ഇ.വി. അനുസ്മരണത്തില്‍ ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, സി.വി.രാമന്‍പിള്ളയെ അതിശയിക്കുന്ന ഒരു എഴുത്തുകാരന്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ജി.എന്‍.പണിക്കര്‍, നീല പത്മനാഭന്‍, പി.സോമന്‍, ഡോ. രതിമേനോന്‍, പെരുമ്പടവം ശ്രീധരന്‍, എന്‍.എസ്. മാധവന്‍, ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട്, എം. സുധാകരന്‍, എം.എം. ബഷീര്‍ തുടങ്ങിയവരുടെ അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട്. ജസ്റ്റിസ് കെ.സുകുമാരന്‍, ജോര്‍ജ്ജ് ഓണക്കൂര്‍ എന്നിവരും പ്രതികരിക്കണം. ഒരു നൂറ്റാണ്ടിലെ സാഹിത്യത്തെക്കുറിച്ചുള്ള അവലോകനമായി അത് മാറുമെന്നുറപ്പ്.
നുറുങ്ങുകള്‍
- ഭാഷാപോഷിണിയെയും മാതൃഭൂമി ആഴ്ചപ്പതിപ്പിനെയും സ്വന്തം താല്പര്യത്തിനു വേണ്ടി നശിപ്പിച്ച ഒരു സംഘം ഇപ്പോള്‍ ഡി.സി. ബുക്‌സിനെയും വഴിതെളിച്ച് ഒരു പരുവത്തിലാക്കിയിരിക്കുന്നു.
- കൊളമ്പിയന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വസിന്റെ (Gabriel Garcia Marquez) പത്രലേഖനങ്ങളുടെ സമാഹാരമായ The- Scandal of the Century and other Writings പുറത്തിറങ്ങി. മാര്‍ക്വിസ് (1927-2014) എല്‍.എസ്. പെറ്റഡോര്‍, എല്‍. പെയ്‌സ് എന്നീ പത്രങ്ങള്‍ക്ക് വേണ്ടി എഴുതിയ ലേഖനങ്ങളാണ് ഇതിലുള്ളത്. താന്‍ ഒരു പത്രപ്രവര്‍ത്തകനാണെന്നും തന്റെ രചനകളിലെല്ലാം അത് നിഴലിക്കുന്നുണ്ടെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. ഈ ലേഖനങ്ങളിലെല്ലാം മാനവികമായ വികാരം ഒരു കണ്ണിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ ദ്‌വെറ്റ് ഗാര്‍നര്‍ എഴുതിയിരിക്കുന്നു.
- കേരള ഫയര്‍ സര്‍വ്വീസസ് അസോസിയേഷന്റെ മുഖപത്രമായ ‘ഫയര്‍ സര്‍വ്വീസസി’ല്‍ സാഹിത്യ രചനകളും വരുന്നുണ്ട്. ‘കവിയരങ്ങ് കഴിഞ്ഞപ്പോള്‍’ എന്ന കവിത പുതുമയുള്ളതാണ്. ജെ.വിജയനാണ് രചയിതാവ്. ഒരു കവി സമ്മേളനത്തിന് കവി പുതിയൊരു അര്‍ത്ഥം തേടുകയാണ്.
- പാലാ കെ.എം. മാത്യു, എം.പി. മന്മഥന്‍ തുടങ്ങിയവരെ പോലെ ക്ലാസ്സെടുക്കാന്‍ കഴിവുള്ളവര്‍ ഇന്നില്ല.
- പി.ആര്‍. നാഥന്‍ ആത്മീയ ചിന്താധാരകളുള്ള, ഉയര്‍ന്ന മാനങ്ങളുള്ള എഴുത്തുകാരനാണ്. എന്നാല്‍ തന്റേതായ വഴികളുള്ള അദ്ദേഹത്തെ മലയാളത്തിന്റെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ഇനിയും പരിചയപ്പെടാന്‍ ഭാഗ്യമുണ്ടായിട്ടില്ല.