സുഷമാ സ്വരാജിനെക്കുറിച്ച് ഭാരതത്തില്‍ പ്രസിദ്ധീകൃതമാകുന്ന ആദ്യ ഗ്രന്ഥമാണ് കാവാലം ശശികുമാര്‍ രചിച്ച ‘സുസമ്മത സുഷമ’. ജനനം മുതല്‍ മരണംവരെ വര്‍ഷമൊപ്പിച്ച് സംഭവങ്ങള്‍ പറഞ്ഞുപോകുന്ന കേവലമൊരു സാമ്പ്രദായിക രചനാരീതിയല്ല അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥിസംഘടനാപ്രവര്‍ത്തകയില്‍ നിന്ന് രാജ്യാതിര്‍ത്തികള്‍ക്കപ്പുറവും കര്‍മരംഗമാക്കിയ ഒരു മാതൃസ്വരൂപത്തിന്റെ ജീവിതവഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ അത് പ്രായോഗികവുമല്ല.
സുഷമാ സ്വരാജുമായി വ്യക്തിപരമായി അടുപ്പമുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യബോധമാകണം ഈ ദേശീയമാതൃകയെ മലയാളത്തില്‍ അവതരിപ്പിക്കുവാന്‍ കാവാലത്തിന് പ്രേരണയായിട്ടുണ്ടാവുക. മഹത്തായ ആ വ്യക്തിത്വത്തോട് നീതി പുലര്‍ത്താനുള്ള ശ്രമം വിജയിക്കുകയും ചെയ്തു. ഈ സദുദ്യമത്തിനും സംഭാവനയ്ക്കും ഗ്രന്ഥകര്‍ത്താവിനോട് മലയാളഭാഷയും കേരളീയസമൂഹവും കുറച്ചൊന്നുമല്ല കടപ്പെട്ടിരിക്കുന്നത്.
വിദ്യാര്‍ത്ഥി നേതാവ്, അഭിഭാഷക, സാമൂഹ്യപ്രവര്‍ത്തക, സമരപ്രക്ഷോഭ നായിക, രാഷ്ട്രീയ പ്രവര്‍ത്തക, നിയമസഭാംഗം, പാര്‍ലമെന്റംഗം, സംസ്ഥാന മന്ത്രി, കേന്ദ്രമന്ത്രി, മുഖ്യമന്ത്രി, പാര്‍ട്ടി ദേശീയ സെക്രട്ടറി, പാര്‍ട്ടിയുടെ ആദ്യ വനിതാവക്താവ്, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് എന്നിങ്ങനെ കടല്‍പോലെ വിസ്തൃതമായിരുന്നു സുഷമാ സ്വരാജിന്റെ പ്രവര്‍ത്തനമേഖല. അവയെ ഒരു പുസ്തകത്തിന്റെ പരിമിതികളിലേയ്ക്ക് എത്രത്തോളം ചുരുക്കാമെന്നതായിരിക്കണം കാവാലം നേരിട്ട വെല്ലുവിളി. നിശ്ചിത പേജില്‍ ഒതുക്കുന്നതിന് നേരത്തെ തയാറാക്കിവച്ച കുറേ ഭാഗങ്ങള്‍ അദ്ദേഹത്തിന് മാറ്റിവയ്‌ക്കേണ്ടിയും വന്നിട്ടുണ്ടാകാം. എങ്കിലും ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക ഗതിവിഗതികളൊന്നും തന്നെ പരാമര്‍ശിക്കാതെ പോയിട്ടില്ല. മറ്റ് പ്രധാന സംഭവങ്ങളെക്കുറിച്ചാകട്ടെ, വ്യക്തമായ സൂചനകളുമുണ്ട്.
സുഷമാ സ്വരാജിന്റെ മറ്റെല്ലാ ഗുണങ്ങള്‍ക്കും മകുടം ചാര്‍ത്തിയത് അവരിലെ മാനുഷികഭാവമായിരുന്നു. സാധാരണക്കാരിലുള്ള ആ കരുതലിന് നാട്ടിലും വിദേശത്തും ഉദാഹരണങ്ങള്‍ ഏറെയുണ്ടുതാനും. പ്രതിസന്ധി കാലത്ത് വിദേശകാര്യമന്ത്രാലയത്തിന് അവര്‍ അമ്മമനസ്സോടെ നേതൃത്വം നല്‍കി. ഫേസ്ബുക്കിലോ ട്വിറ്ററിലോ ഒരു സന്ദേശമയച്ചാല്‍ മതിയായിരുന്നു ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ക്ക് സഹായമെത്താന്‍. അകൃത്രിമമായ സ്‌നേഹംകൊണ്ട് ആരേയും തന്നോടടുപ്പിക്കുവാനും ആരുമായും അടുക്കുവാനും അവര്‍ക്ക് സാധിച്ചിരുന്നു. ആ സുഷമയെ അതിശയോക്തിയോ കൃത്രിമോപായങ്ങളോ കൂടാതെ ലളിതവും സരളവുമായി കാവാലം നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
രാജ്യാതിരുകളെല്ലാം കടന്ന് എല്ലാവരും അടുത്തറിയുന്ന വ്യക്തിത്വത്തിേലയ്ക്കുള്ള സുഷമാ സ്വരാജിന്റെ വളര്‍ച്ച വളരെ കുറഞ്ഞ കാലംകൊണ്ടായിരുന്നു. വാക്കിലും നോക്കിലും വേഷത്തിലും ഭാഷയിലുമെല്ലാം മികവു പുലര്‍ത്തിയിരുന്ന അവര്‍ ഭാരതത്തിന്റെ വിദേശങ്ങളിലെ മുഖവുമായിരുന്നു. മനുഷ്യസ്‌നേഹത്തിലൂന്നിയുള്ള സുഷമയുടെ സുദൃഢ നിലപാടുകള്‍ അനാവരണം ചെയ്യുന്നു ‘സുസമ്മത സുഷമ’.
സുഷമാ സ്വരാജിന്റെ ജീവിതചരിത്രം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചരിത്രം മാത്രമല്ല, ഇന്ത്യന്‍ സ്ത്രീയുടെ ആധുനികകാലത്തെ ചരിത്രവുമാണ്. അയത്‌നലളിതവും അതീവ സുഗ്രഹവുമായ ശൈലിയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥം അവരുടെ കര്‍മകുശലതയുടെ നേര്‍ച്ചിത്രമാകുന്നു.
അന്‍പത് വര്‍ഷത്തെ രാഷ്ട്രീയ സൂചകങ്ങളുണ്ട് ഈ ഗ്രന്ഥത്തില്‍. ദേശീയവും അന്തര്‍ദേശീയവുമായ ശ്രദ്ധേയ സംഭവങ്ങളും പ്രതിപാദിച്ചിരിക്കുന്നു. സുഷമാ സ്വരാജ് സ്വയം രേഖപ്പെടുത്താതെപോയ ചരിത്രം ക്രമമായി അടയാളപ്പെടുത്തി വയ്ക്കാന്‍ കഴിഞ്ഞതില്‍ കാവാലം ശശികുമാറിന് അഭിമാനിക്കാം. ആധികാരികമായ സചേതനക്കുറിപ്പുകളാണവ. കുരുക്ഷേത്ര ബുക്‌സ് ആണ് പ്രസാധകര്‍.
ഏറ്റെടുത്ത ദേശീയ ദൗത്യം വിജയകരമാക്കുവാന്‍ കാവാലത്തിന് കഴിഞ്ഞിരിക്കുന്നു. കമനീയമായ ഭാഷയില്‍ കാച്ചിക്കുറുക്കിപ്പറയുന്നതില്‍ അദ്ദേഹത്തിന്റെ കയ്യടക്കം കാണാം. ‘ഏറെ പറയുന്നതിലല്ല, അറിയേണ്ടത് പറയുമ്പോഴാണല്ലോ ഉള്ളടക്കം ഭദ്രമാകുന്നത്’ എന്ന് അവതാരികയില്‍ കുമ്മനം രാജശേഖരന്‍ നിരീക്ഷിക്കുന്നുണ്ട്. തന്റെ പുസ്തകം എങ്ങനെ വായിക്കപ്പെടണമെന്നാണോ ഗ്രന്ഥകാരന്‍ ആഗ്രഹിച്ചിരുന്നത് ആ വിധത്തില്‍ത്തന്നെ ‘സുസമ്മത സുഷമ’ വായിക്കപ്പെടുമെന്നതിന് മറ്റൊരു ഉറപ്പ് വേണ്ടതില്ലെന്ന് തോന്നുന്നു.
സുസമ്മത സുഷമ
കാവാലം ശശികുമാര്‍
കുരുക്ഷേത്ര ബുക്‌സ്
കൊച്ചി
പേജ്: 112 വില: 150 രൂപ