ഇരുപത്തിയെട്ട് വര്‍ഷം നീണ്ട നിയമപ്പോരാട്ടങ്ങള്‍ക്കൊടുവിലാണ് സിസ്റ്റര്‍ അഭയയുടെ ആത്മാവിന് നീതി കിട്ടിയത്. 1982 മാര്‍ച്ച് മാസത്തില്‍ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിന്റെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അഭയയുടേത് ഒരു കൊലപാതകമാണെന്ന് തെളിയാന്‍ പതിറ്റാണ്ടുകളെടുത്തു. കെ.എം. റോയ് എന്ന പത്രാധിപരില്ലായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമെന്ന് കരുതാനാവില്ല. അഭയയുടെ മരണം ആത്മഹത്യയല്ലെന്ന വാര്‍ത്ത ആദ്യമായി നല്‍കിയത് മംഗളം ദിനപത്രമാണ്. ജനറല്‍ എഡിറ്ററായിരുന്ന കെ.എം. റോയിയുടെ ഉറച്ച നിലപാടാണ് ഇതിനു പിന്നിലുണ്ടായിരുന്നത്. പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും അതിനു കീഴ്‌പ്പെടാതെ സത്യസന്ധമായി വാര്‍ത്ത നല്‍കാന്‍ റോയ് കാണിച്ച പ്രതിബദ്ധതയാണ് അഭയയുടെ കൊലപാതകികളെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ഒരു പത്രലേഖകനും പത്രാധിപരും എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ നിരവധി പാഠങ്ങള്‍ കെ.എം. റോയിയുടെ ജീവിതത്തില്‍നിന്ന് പഠിക്കാനാവും.
1961 ല്‍ കേരള പ്രദേശം എന്ന പത്രത്തിലൂടെ സഹപത്രാധിപരായി മാധ്യമജീവിതം ആരംഭിച്ച റോയ് ദേശബന്ധു, കേരളഭൂഷണം, എക്കണോമിക് ടൈംസ്, ദി ഹിന്ദു, മംഗളം എന്നീ പത്രങ്ങളിലും ‘യുഎന്‍ഐ’ എന്ന വാര്‍ത്താ ഏജന്‍സിയിലും പ്രവര്‍ത്തിച്ചു. ‘മംഗള’ത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ മാധ്യമപ്രവര്‍ത്തനത്തില്‍നിന്ന് വിരമിച്ചശേഷം ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നിരന്തരം ലേഖനങ്ങള്‍ എഴുതി.
പത്രപ്രവര്‍ത്തനരംഗത്ത് മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ കെ.എം.റോയ് മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കുവേണ്ടി വീറോടെ പൊരുതിയ വ്യക്തിയുമായിരുന്നു. രണ്ടുതവണ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ്, നാലുതവണ ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തകരുടെ വേജ് ബോര്‍ഡ്, പ്രസ് അക്കാദമി പെന്‍ഷന്‍ എന്നിവയുടെ ആസൂത്രകരില്‍ ഒരാളുമായിരുന്നു.
പത്രപ്രവര്‍ത്തനരംഗത്ത് തുടക്കം മുതല്‍ ഒടുക്കംവരെ തിളങ്ങി നില്‍ക്കാന്‍ കഴിഞ്ഞ അപൂര്‍വം ചിലരില്‍ ഒരാളാണ് കെ.എം. റോയ്. വാര്‍ത്തകള്‍ കണ്ടെത്താനും, അതിന്റെ പ്രാധാന്യം മനസ്സിലാക്കാനും മറ്റാരേക്കാളും കഴിവുണ്ടായിരുന്നു. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതും, അത് ഉപയോഗപ്പെടുത്തേണ്ടതും എങ്ങനെയെന്ന് റോയിയുടെ ജീവിതത്തില്‍നിന്ന് പുതിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് പഠിക്കാം. നിരവധി സ്‌കൂപ്പുകള്‍ പിറവിയെടുത്തത് ആ പേനത്തുമ്പിലൂടെയാണ്. മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ കേരളം സന്ദര്‍ശിക്കുന്ന വിവരം ഇന്ത്യയില്‍തന്നെ ആദ്യം വാര്‍ത്തയാക്കിയത് റോയ് ആണ്. യുഎന്‍ഐയുടെ ലേഖകനായിരിക്കുമ്പോള്‍ എറണാകുളം മഹാനഗരത്തിലെ പ്രഭാതസവാരിക്കിടെ ഒരു ക്രൈസ്തവ പുരോഹിതനുമായുള്ള സൗഹൃദസംഭാഷണത്തില്‍നിന്നാണ് ഈ വിവരം ലഭിച്ചത്. ഇതുപോലെതന്നെ ഇന്ദിരാഗാന്ധിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ വാര്‍ത്തയും യുഎന്‍ഐയിലൂടെ ആദ്യം പുറത്തുവിട്ടത് റോയ് ആണ്. ലക്ഷദ്വീപില്‍ ചെന്ന് ഇക്കാര്യം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനും കഴിഞ്ഞു.
വ്യക്തിബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുമ്പോഴും മാധ്യമപ്രവര്‍ത്തനത്തോട് നൂറു ശതമാനവും നീതി പുലര്‍ത്തിയ ആളായിരുന്നു കെ.എം. റോയ്. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങുകയോ പ്രീണനങ്ങള്‍ക്ക് നിന്നുകൊടുക്കുകയോ ചെയ്തില്ല. എറണാകുളം മഹാരാജാസ് കോളജില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയമുണ്ടായിരുന്ന റോയ് ഒരിക്കലും ഒരു രാഷ്ട്രീയക്കാരനായി അറിയപ്പെടാന്‍ ഇഷ്ടപ്പെട്ടില്ല. മത്തായി മാഞ്ഞൂരാന്റെ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സില്‍ അംഗമായിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സജീവരാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യം കാണിച്ചില്ല. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാവാന്‍ വലിയ സമ്മര്‍ദ്ദമുണ്ടായപ്പോഴും അതിന് താനില്ല എന്നു പറയാന്‍ റോയിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഉജ്ജ്വല പ്രഭാഷകനായിരുന്നു. വെള്ളച്ചാട്ടം പോലുള്ള വാഗ്‌ധോരണി. വാജ്‌പേയി ഭരണകാലത്ത് എറണാകുളം ഭാരതീയ വിദ്യാഭവന്‍ ഓഡിറ്റോറിയത്തില്‍ ഇടതുപക്ഷം സംഘടിപ്പിച്ച ഫാസിസത്തിനെതിരായ ഒരു പരിപാടിയില്‍ പ്രസംഗിച്ചവര്‍ ഇന്ദിരാഗാന്ധി അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരെ നിശ്ശബ്ദത പാലിച്ചപ്പോള്‍, ഇന്ത്യന്‍ ജനത ഫാസിസം എന്താണെന്ന് അനുഭവിച്ചത് കോണ്‍ഗ്രസ്സ് ഭരണകാലത്തെ അടിയന്തരാവസ്ഥയിലൂടെയാണെന്ന് കെ.എം. റോയ് തുറന്നടിച്ചതിന് ഇതെഴുതുന്നയാള്‍ സാക്ഷിയാണ്. സംഘാടകരുടെ ഫാസിസ്റ്റ് വിരോധത്തിന്റെ കാപട്യം തുറന്നുകാണിക്കുകയായിരുന്നു ധീരനായ ആ പത്രപ്രവര്‍ത്തകന്‍. കെ.എം. റോയിയുടെ ബുദ്ധിപരമായ സത്യസന്ധതയാണ് ഇവിടെ പ്രകടമായത്.
പത്രപ്രവര്‍ത്തകന്‍ എന്നതിനൊപ്പം ഒരു എഴുത്തുകാരനെന്ന സ്ഥാനവും റോയിക്കുണ്ട്. എഴുത്തിന്റെ കല വളരെ നന്നായി മനസ്സിലാക്കിയ ഒരാള്‍. മംഗളം വാരികയില്‍ രണ്ട് പതിറ്റാണ്ടിലേറെക്കാലം തുടര്‍ന്ന ‘ഇരുളും വെളിച്ചവും’ എന്ന പംക്തി വളരെയധികം ജനകീയമാവുകയുണ്ടായി. ഈ പംക്തിയില്‍ കൈകാര്യം ചെയ്യാത്ത വിഷയങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. കേരളത്തിലെ സാധാരണക്കാര്‍ക്കിടയില്‍ റോയിയെ പ്രിയങ്കരനാക്കിയത് ഈ എഴുത്താണ്. പത്രം വായിക്കാത്ത വീട്ടമ്മമാര്‍പോലും ‘ഇരുളും വെളിച്ചവും’ വായിച്ച് റോയിസാറിന്റെ ആരാധകരായി. പില്‍ക്കാലത്ത് ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ച ‘ഇരുളും വെളിച്ചവും’ റോയ് എന്ന എഴുത്തുകാരന്റെ അനുഭവസമ്പത്തും ജീവിതവീക്ഷണവും എത്ര വിപുലവും സൂക്ഷ്മവുമാണെന്ന് കാണിച്ചുതരുന്നുണ്ട്.
വളരെ ആധികാരികമായിരുന്നു റോയ് സാറിന്റെ ലേഖനങ്ങള്‍. വ്യത്യസ്തമായ വീക്ഷണകോണിലൂടെ വിഷയങ്ങളെ സമീപിക്കാനും, ഉള്‍ക്കാഴ്ചകളുടെ അകമ്പടിയോടെ അത് അവതരിപ്പിക്കാനും സവിശേഷമായ കഴിവുണ്ടായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും കെ. കരുണാകരനെയും താരതമ്യപ്പെടുത്തി എഴുതിയ ഒരു ലേഖനമാണ് പെട്ടെന്ന് ഓര്‍മവരുന്നത്. വിരുദ്ധചേരിയില്‍ നില്‍ക്കുന്ന രണ്ടുപേരുടെയും കഴിവുകളെ വിലയിരുത്തിയശേഷം ഇ.എം.എസ് ഒരു പരാജയവും കരുണാകരന്‍ വിജയവുമാണെന്ന് സ്ഥാപിക്കുന്നതായിരുന്നു ‘മംഗളം’ പ്രസിദ്ധീകരിച്ച ഈ ലേഖനം.
ഗ്രന്ഥകാരനെന്ന നിലയ്ക്കും ശ്രദ്ധേയമായ സംഭാവനയാണ് കെ.എം. റോയിയുടേത്. കാലത്തിനു മുന്‍പേ നടന്ന മാഞ്ഞൂരാന്‍, മോഹമെന്ന പക്ഷി, സ്വപ്‌ന എന്റെ ദുഃഖം, മനസ്സില്‍ എന്നും മഞ്ഞുകാലം, ആഥോസ് മലയില്‍, ശാപമേറ്റ കേരളം എന്നിങ്ങനെ ഒന്‍പതോളം പുസ്തകങ്ങള്‍. ഇതില്‍ ചിക്കാഗോയിലെ കഴുമരങ്ങള്‍, ഗാന്ധി അബ്ദുള്ള ഗാന്ധി ഗോഡ്‌സെ എന്നിവ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. മെയ് ഒന്ന് ലോകതൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ വിരോധാഭാസം അതിന് ആസ്പദമായ ചിക്കാഗോയില്‍ നടന്ന വെടിവയ്പ്പിനെ മുന്‍നിര്‍ത്തി വിവരിക്കുന്ന പുസ്തകമാണ് ചിക്കാഗോയിലെ കഴുമരങ്ങള്‍. ഗാന്ധിവധവുമായി ബന്ധപ്പെട്ട് അധികമൊന്നും ചര്‍ച്ച ചെയ്യാത്ത വസ്തുതകള്‍ അവതരിപ്പിക്കുന്നതാണ് ഗാന്ധി അബ്ദുള്ള ഗാന്ധി ഗോഡ്‌സെ. ഗാന്ധിവധത്തിന്റെ പേരില്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നതില്‍ വലിയ കഴമ്പൊന്നുമില്ലെന്ന് ഈ പുസ്തകം വായനക്കാരെ ബോധ്യപ്പെടുത്തും. ‘ഗാന്ധി അബ്ദുള്ള ഗാന്ധി ഗോഡ്‌സെ’ മറ്റൊരിടത്തുനിന്നും കിട്ടാതായപ്പോള്‍ എറണാകുളത്തെ കെ.പി. വള്ളോന്‍ റോഡിലുള്ള റോയി സാറിന്റെ വീട്ടില്‍ ചെന്നതും പുസ്തകത്തിന്റെ ഒരു കോപ്പി ഈ ലേഖകന് സ്‌നേഹത്തോടെ സമ്മാനിച്ചതും ഓര്‍ക്കുന്നു.
രാഷ്ട്രീയമായ മുന്‍വിധികളില്ലാതെ പൊതുപ്രവര്‍ത്തനം നയിക്കാന്‍ കഴിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് കെ.എം. റോയ്. മറ്റുള്ളവരുടെ നിലപാടുകളെ മനസ്സിലാക്കാനും കഴിയാവുന്നത്ര ഉള്‍ക്കൊള്ളാനും മടികാണിച്ചില്ല. ദേശീയ താല്‍പര്യങ്ങള്‍ എന്നൊന്നുണ്ടെന്നും, അതിനുവേണ്ടി പോരാടേണ്ടതുണ്ടെന്നും തിരിച്ചറിഞ്ഞിരുന്നു. കേസരി വാരികയുടെ പ്രഥമ രാഷ്ട്രസേവാ പുരസ്‌കാരം 2006ല്‍ അന്നത്തെ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ആര്‍. ഹരിയില്‍ നിന്ന് സന്തോഷത്തോടെ ഏറ്റുവാങ്ങിയത് ഇതിന് തെളിവാണ്. കെ.എം. റോയിയുടെ വേര്‍പാടോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃകയായ ഒരു പത്രപ്രവര്‍ത്തകനെയും മൂല്യബോധമുള്ള ഒരു എഴുത്തുകാരനെയും മാന്യനായ ഒരു പൊതുപ്രവര്‍ത്തകനെയുമാണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്.