ഇന്ന് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ന്യൂനമര്‍ദ്ദം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കാരണം, കിഴക്കന്‍ തീരങ്ങളില്‍ മഴ കനക്കുന്നു. അറേബ്യന്‍ സമുദ്രത്തിലെ ന്യൂനമര്‍ദ്ദം ശക്തികുറഞ്ഞ് വടക്കോട്ട് സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. നമ്മുടെ നിത്യജീവിതത്തിലെ, വളരെ സാധാരണമായ വാര്‍ത്തകളാണിതൊക്കെ. എന്താണീ ന്യൂനമര്‍ദ്ദം?
ഭൂമി, കരകളും സമുദ്രങ്ങളും പര്‍വ്വതങ്ങളും അന്തരീക്ഷവും എല്ലാം ചേര്‍ന്ന ഒരു വലിയ പ്രതിഭാസമാണ്. അച്ചുതണ്ടിന്റെ സവിശേഷമായ ചെരിവ് മൂലം ആറു ഋതുക്കള്‍ മാറിമാറിയെത്തുന്നു. നൂറു കിലോമീറ്ററിനടുത്ത് പല ഘടകങ്ങളായുള്ള അന്തരീക്ഷ ഘടന. ഭൂമധ്യരേഖയില്‍ നിന്ന്, ധ്രുവങ്ങളിലേക്ക് പോകുന്തോറും, ഉദയാസ്തമയങ്ങളിലും താപവിന്യാസങ്ങളിലും ഉണ്ടാക്കുന്ന ഭീമമായ അന്തരം. അങ്ങിനെയങ്ങിനെ, സങ്കീര്‍ണ്ണതകളുടെ ഒരു കലവറയാണ് ഈ നീലഗ്രഹം.
മൂന്നുലക്ഷം കിലോമീറ്റര്‍ അകലെകിടക്കുന്ന ചന്ദ്രനെ പൂര്‍ണ്ണമായി മാപ്പ് ചെയ്തിട്ടുണ്ട്, എന്നാല്‍ നാമെന്നും കാണുന്ന, ഭൂമിയുടെ മൂന്നില്‍ രണ്ടു വ്യാപിച്ചുകിടക്കുന്ന സമുദ്രത്തെക്കുറിച്ച് ചന്ദ്രനെപ്പറ്റി അറിയാവുന്നതിന്റെ നാലിലൊന്നുപോലും നമുക്കറിയില്ല എന്നത് അവിശ്വസനീയമെങ്കിലും ഒരു സത്യമാണ്.
ഭൂമധ്യരേഖക്ക് ഇരുപുറവുമായാണ്, സൂര്യന്റെ ചൂട് ഏറ്റവുമധികം വിന്യസിക്കപ്പെടുന്നത്. ഭൂമിയോടൊപ്പം, അതിവേഗതയില്‍ കറങ്ങുന്ന അന്തരീക്ഷത്തില്‍, ചൂടിന്റെ വിന്യാസത്തിലുണ്ടാകുന്ന വ്യത്യാസങ്ങളും വായുതന്മാത്രകളുടെ പരസ്പര പ്രവര്‍ത്തനവും കാരണം, ചില മര്‍ദ്ദവ്യത്യാസം ഉണ്ടാകും. വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍, ചിലപ്പോള്‍ എയര്‍ഹോളെന്ന ഗട്ടറുകളില്‍ ചാടുക സാധാരണമാണല്ലോ. ഇത്തരത്തില്‍ രൂപപ്പെടുന്ന ചില മര്‍ദ്ദം കുറഞ്ഞ ഭാഗങ്ങളാണിത്.
ന്യൂനമര്‍ദ്ദം എന്ന വാക്കില്‍ തന്നെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥമുണ്ട്. ചിലപ്പോള്‍, ഈ മര്‍ദ്ദവ്യത്യാസം അതിഭയങ്കരമായിരിക്കും. അങ്ങിനെ ചില അന്തരീക്ഷഭാഗങ്ങളില്‍ മര്‍ദ്ദം കുറഞ്ഞ പ്രദേശങ്ങള്‍ രൂപപ്പെടും. ഊര്‍ജ്ജം കുറയുന്ന ഭാഗത്തേക്ക് കൂടുതലുള്ള ഭാഗത്തുനിന്ന് പ്രവാഹം ഉണ്ടാകും എന്നത് ഒരു അടിസ്ഥാന ശാസ്ത്ര നിയമമാണല്ലോ. വെള്ളം മുകളില്‍ നിന്ന് താഴേക്ക് ഒഴുകുന്നതും, വൈദ്യുതി പ്രവഹിക്കുന്നതുമെല്ലാം ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അപ്പോള്‍ സ്വാഭാവികമായി, മര്‍ദ്ദം കുറഞ്ഞ സ്ഥലത്തേക്ക്, കൂടിയ സ്ഥലങ്ങളില്‍ നിന്നും ശക്തമായ വായുപ്രവാഹം ഉണ്ടാകും. അടിച്ച് വരുന്ന കാറ്റ്, പരിസരത്തുള്ള മുഴുവന്‍ മേഘശകലങ്ങളേയും ഒന്നിച്ച് തടുത്ത് കൂട്ടി മഴപെയ്യാന്‍ പാകത്തിലാക്കും. ആ കാറ്റ് കടന്ന് പോകുന്ന പ്രദേശങ്ങളിലെല്ലാം ശക്തമായി മഴപെയ്യുകയും ചെയ്യും. ധാരാളം വായു ഒഴുകിയെത്തി, ന്യൂനമര്‍ദ്ദപ്രദേശമെന്ന വലിയ പാത്രം നിറയുന്നത് വരെ ഇത് തുടരും. അപ്പോഴാണ് ന്യൂനമര്‍ദ്ദം ദുര്‍ബ്ബലമായി എന്ന് നാം കേള്‍ക്കുന്നത്.
മൂന്നു വശവും വന്‍കരയാല്‍ ചുറ്റപ്പെട്ട, ബംഗാള്‍ ഉള്‍ക്കടല്‍ പോലുള്ളയിടത്ത് മേല്‍പ്പറഞ്ഞ താപവ്യതിയാനങ്ങളും അതുമൂലമുണ്ടാകുന്ന മര്‍ദ്ദവ്യത്യാസങ്ങളും വളരെ കൂടുതലായിരിക്കും. അതുകൊണ്ടാണ് സ്ഥിരമായി ബംഗാള്‍ ഉള്‍ക്കടലില്‍ ഏറ്റവും കൂടുതല്‍ ന്യൂനമര്‍ദ്ദമേഖലകള്‍ ഉണ്ടാകുന്നത്. ഈ മര്‍ദ്ദവ്യത്യാസം ഒരു പരിധിക്കപ്പുറം പോകുമ്പോള്‍ അവിടേക്കുള്ള വായു പ്രവാഹത്തിന്റെയും വേഗത കൂടും. കൂടുതല്‍ ഉയരത്തില്‍ നിന്നുള്ള വീഴ്ച കൂടുതല്‍ മാരകമാകുന്നതുപോലെ, ഇങ്ങനെയുള്ള വായു പ്രവാഹമാണ് കൊടുങ്കാറ്റുകളായി മാറി തീരദേശങ്ങളെ തകര്‍ത്തെറിയുന്നത്.
കൃത്യമായ ഉപഗ്രഹമാപ്പിങ്ങിലൂടെ ന്യൂനമര്‍ദ്ദം രൂപപ്പെടുമ്പോള്‍ തന്നെ തിരിച്ചറിയാനും മുന്‍കരുതലുകള്‍ എടുക്കാനും ഇപ്പോള്‍ കഴിയും. മുകളില്‍ കാവലിരിക്കുന്ന ഉപഗ്രഹങ്ങള്‍ ഭൂമിയുടെ ഓരോ ശ്വാസവും കൃത്യമായി തിരിച്ചറിയുന്നതുകൊണ്ടാണിത് സാധിക്കുന്നത്. അങ്ങനെയാണ് കുറച്ചുനാള്‍ മുമ്പ് ഒഡീഷാ തീരത്തേക്ക് പാഞ്ഞടുത്ത കൊടുങ്കാറ്റ് എത്തുന്നതിനു മുമ്പ് തന്നെ ആ പ്രദേശത്തെ മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ച് സുരക്ഷിതരാക്കാന്‍ കഴിഞ്ഞത്.ആധുനിക സാങ്കേതികവിദ്യ മനുഷ്യരാശിക്ക് നല്‍കുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്നാണിത്.