കഠോപനിഷത്ത് – രണ്ടാം അധ്യായം
അഞ്ചാം വല്ലി
ശ്ലോകം: -8
‘യ ഏഷു സുപ്‌തേഷു ജാഗര്‍ത്തി
കാമം കാമംപുരുഷോ നിര്‍മ്മിമാണ:
തദേവ ശുക്രം തദ് ബ്രഹ്മ
തദേവാമൃതമുച്യതേ
തസ്മിം ലോകാ: ശ്രിതാ: സര്‍വ്വേ
തദു നാത്യേതികശ്ചന ഏതത് വൈതത് ‘
= യാതൊരു പുരുഷന്‍ ഉറങ്ങുമ്പോള്‍ ഓരോരോ കാമ്യവിഷയങ്ങളെ സൃഷ്ടിച്ചു കൊണ്ട് ഉണര്‍ന്നിരിക്കുന്നുവോ അതാണ് ശുദ്ധമായ ബ്രഹ്മം. അതാണ് അമൃതം, എല്ലാ ലോകങ്ങളും അതില്‍ ആശ്രയിച്ചിരിക്കുന്നു. ഒരാളും അതിനെ അതിക്രമിക്കുന്നില്ല.
പ്രപഞ്ചത്തില്‍ ഭൗതികമായ തലം മാത്രമാണ് ഉറങ്ങുന്നത്. ബ്രഹ്മ ചേതന ഒരിക്കലും ഉറങ്ങുന്നില്ല. പുരുഷന്‍ എന്നത് ഇവിടെ ‘ശിവ-ശക്തി’ എന്നതിലെ ശിവനാണ്. ശക്തി പ്രപഞ്ചത്തില്‍ ഉറങ്ങുന്നില്ല. ഓരോരോ ചരാചരങ്ങളും ഉറങ്ങുന്ന സമയത്ത് അവയുടെ വളര്‍ച്ചയും തളര്‍ച്ചയും സംഭവിക്കുന്നു. ഇതിന് കാരണമായ ശക്തി സദാ ജാഗരൂകമായിരിക്കുന്നു. മനുഷ്യര്‍ ഉറങ്ങുമ്പോള്‍ ജാഗ്രതും സ്വപ്‌നവും സുഷുപ്തി വരെ എത്തും. എന്നാല്‍ നമ്മില്‍ത്തന്നെ തുരീയത ജാഗ്രത്തായിരിക്കും. ഇതുപോലെ പ്രപഞ്ചത്തിന്റെ വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ എന്നിവ സുഖ സുഷുപ്തിയില്‍ ആവുമ്പോഴും തുരീയന്‍ ഉണര്‍ന്നിരിക്കും. ഇത് അനശ്വരമാണ്.
ശ്ലോകം: 9
‘അഗ്‌നിര്യഥൈകോ ഭുവനം പ്രവിഷ്ടോ
രൂപം രൂപം പ്രതിരൂപോ ബഭൂവ
ഏകസ്തഥാ സര്‍വ്വ ഭൂതാന്തരാത്മാ
രൂപം രൂപം പ്രതിരൂപോ ബഹിശ്ച’
=ലോകത്തില്‍ പ്രവേശിച്ച ഒരേ അഗ്‌നി രൂപങ്ങള്‍ തോറും പ്രത്യേക രൂപത്തോട് കൂടിയവനായി ഭവിക്കുന്നുവോ, അതുപോലെ ഒരേ ആത്മാവ് തന്നെ എല്ലാ രൂപങ്ങളുടേയും ഉള്ളില്‍ പ്രവേശിച്ച് ഓരോരോ രൂപങ്ങള്‍ തോറും പ്രത്യേക രൂപത്തോട് കൂടിയവനായി ഭവിക്കുന്നു. പുറത്തും സ്ഥിതി ചെയ്യുന്നു.
ആത്മാവ് അഥവാ പരബ്രഹ്മം ഒന്ന് മാത്രമാണ്. ഇത് പല ശരീരങ്ങളിലും ചെറിയ ചെറിയ കണങ്ങളായി പ്രവേശിക്കുന്നു. പ്രപഞ്ചത്തിലെ അഗ്‌നി ഒന്നുമാത്രമാണെങ്കിലും അത് ഓരോരോ തരത്തിലാണല്ലോ കാണപ്പെടുന്നതും അനുഭവപ്പെടുന്നതും അടങ്ങിയിരിക്കുന്നതും എന്നത് പോലെയാണത്.
തിളച്ചുമറിയുന്ന വെള്ളത്തില്‍ അഗ്‌നിയെക്കാണില്ല, അതിന് വെള്ളത്തിന്റെ നിറമായിരിക്കും. വിളക്കില്‍ ഒരുനിറത്തോട് കൂടി കത്തും, ബള്‍ബില്‍ മറ്റൊരു നിറമായിരിക്കും. സ്പിരിറ്റിലും ഫോസ്ഫറസിലും അഗ്‌നി വേറെ തരത്തില്‍ അടങ്ങിയിരിക്കുന്നു.
ഇതേപോലെ അരൂപനായി ബ്രഹ്മം എല്ലാ രൂപങ്ങളിലും കുടികൊള്ളുന്നു.
ശ്ലോകം: 10
‘വായുര്യഥൈകോ ഭുവനം പ്രവിഷ്ടോ
രൂപം രൂപം പ്രതിരൂപോ ബഭൂവ
ഏകസ്തഥാ സര്‍വ്വ ഭൂതാന്തരാത്മാ
രൂപം രൂപം പ്രതിരൂപോ ബഹിശ്ച’
=ലോകത്തില്‍ പ്രവേശിച്ചവായു ഒരേയൊരു വായുവാണ്, എപ്രകാരം രൂപങ്ങള്‍ തോറും അത് പ്രത്യേക രൂപങ്ങളായി ഭവിച്ചിരിക്കുന്നുവോ അപ്രകാരം ഒരേ ആത്മാവ് പലതായി പല പല രൂപങ്ങളില്‍ പ്രവേശിച്ചിരിക്കുന്നു.
പ്രപഞ്ചത്തിലെ ഓരോരോ വസ്തുക്കളിലും വായു അടങ്ങിയിരിക്കുന്നു. അതിന് പ്രത്യേക രൂപമില്ല, മാത്രവുമല്ല വായു പലതരത്തില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇതുപോലെ പരമാത്മാവ് പല രൂപങ്ങളിലും പല തരത്തില്‍ പ്രവേശിച്ച് പലതായി പ്രവര്‍ത്തിക്കുന്നു. അത് ഒന്ന് മാത്രമാണ്, പലതല്ല.(ഏകമേവാദ്വിതീയം പരം)
ശാസ്ത്രം വ്യക്തമാക്കുന്നു : പ്രപഞ്ചത്തില്‍ അഞ്ച് മൂലകങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നും, അവയാണ് പലതായത് എന്നും. ഇവിടെ ഉപനിഷത്ത് വ്യക്തമാക്കുന്നത് ഒരേയൊരു മൂലകം മാത്രമേയുള്ളൂ എന്നാണ്. ഒരു പക്ഷേ കാലം തെളിയിക്കാം ഉപനിഷത് സത്യമാണ് യഥാര്‍ത്ഥം എന്ന്.
ഐന്‍സ്റ്റീന്റെ ഊര്‍ജ്ജ സംരക്ഷണ നിയമം പറയുന്നത് അനശ്വരമായ ഒരു ഊര്‍ജ്ജം നിലവിലുണ്ട് എന്നാണ്. അതിനെ ഉണ്ടാക്കുവാനോ ഇല്ലാതാക്കുവാനോ സാധിക്കില്ല എന്നും നാം മനസ്സിലാക്കിയിട്ടുണ്ട്.
ശ്ലോകം: 11
‘സൂര്യോ യഥാ – സര്‍വ്വ ലോകസ്യചക്ഷുര്‍ണ
ലിപ്യതേ ചാക്ഷുഷൈര്‍ബ്ബാഹ്യ ദോഷൈ:
ഏകസ്തഥാ സര്‍വ്വഭൂതാന്തരാത്മാ
ന ലിപ്യതേ ലോക ദു:ഖേന ബാഹ്യ:
=എല്ലാ ലോകത്തിന്റെയും കണ്ണായ സൂര്യന്‍ എപ്രകാരം തന്റെ കണ്ണുകളെ ബാഹ്യങ്ങളായ ദോഷങ്ങളാല്‍ ലേപനം ചെയ്യപ്പെടുന്നില്ലയോ, അതുപോലെ ഏകനും ബാഹ്യനുമായ എല്ലാ ജീവികളുടേയും ആത്മാവ് ലോകത്തിന്റെ ദുഃഖത്താല്‍ ലേപനം ചെയ്യപ്പെടുന്നില്ല.
സൂര്യന്‍ പ്രപഞ്ചത്തിലെ നല്ലതും അല്ലാത്തതുമായ എല്ലാത്തിനും വെളിച്ചവും ചൂടും ഊര്‍ജ്ജവും നല്‍കുന്നു. എന്നാല്‍ അത്തരം വസ്തുക്കളിലെ നന്‍മതിന്‍മകള്‍ ഒന്നും സൂര്യനെ ബാധിക്കുന്നില്ല.
പലഗുണങ്ങളും സ്വഭാവങ്ങളുമുള്ള ചരാചരങ്ങള്‍ പ്രപഞ്ചത്തിലുണ്ട്. അത്തരം വ്യത്യാസങ്ങള്‍ സൂര്യന്‍ സ്വീകരിക്കുന്നില്ല എന്ന് അര്‍ത്ഥം.
ഒരു വിഷപ്പാമ്പ് മറ്റൊരു ജീവിയെ കടിച്ചാല്‍ ആ ജീവിക്ക് നാശമുണ്ടാകാം. എന്നാല്‍ തന്നില്‍ നിലനില്‍ക്കുന്ന വിഷം പാമ്പിന് അപകടമുണ്ടാക്കുന്നില്ല. ഇതുപോലെ ഓരോരോ ജീവികള്‍ക്കും വസ്തുക്കള്‍ക്കും ഉള്ള ഗുണദോഷങ്ങള്‍ ചിലപ്പോള്‍ അവയെത്തന്നെയും മറ്റുള്ളവയേയും ബാധിക്കുകയോ ബാധിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ സൂര്യനെപ്പോലെ ശക്തമായ ചില പ്രതിഭാസങ്ങള്‍ക്ക് യാതൊരു മാറ്റവും കാണുന്നില്ല.
ഇതുപോലെ ജീവന് മാറ്റങ്ങള്‍ ഉണ്ടാകുമെങ്കിലും ആത്മാവിന് യാതൊരു മാറ്റവും ഉണ്ടാവുന്നില്ല. വൃദ്ധിക്ഷയാദികളോ രോഗ മരണ ദുഃഖാദികളോ പരമാത്മാവിന്റെ വിഷയമല്ല.
‘നിര്‍ഗുണന്‍ പരമാത്മാവ് നിര്‍ലോകം വ്യാപിച്ചതാം’ – എന്ന് എഴുത്തച്ഛന്‍ മഹാഭാരതം കിളിപ്പാട്ടില്‍ പറയുന്നത് ഓര്‍ക്കുക.
ശ്ലോകം: 12
‘ഏകോ വശീ സര്‍വ്വഭൂതാന്തരാത്മാ
ഏകം രൂപം ബഹുധായ : കരോതി
തമാത്മസ്ഥം യേƒനു പശ്യന്തി ധീരാ
സ്‌തേഷാംസുഖംശാശ്വതംനേതരേ ഷാം’
=ഏകനും സ്വതന്ത്രനും സര്‍വ്വഭൂതാന്തരാത്മാവുമായ ഏതൊരുവനാണോ ഒരേ രൂപത്തെ പലതാക്കി ചെയ്യുന്നത്, അവനെ ഏത് ധീരന്‍മാര്‍ തന്നില്‍സ്ഥിതിചെയ്യുന്നു എന്ന് സാക്ഷാത്ക്കരിക്കുന്നുവോ അവര്‍ക്ക് ശാശ്വത സുഖം ഉണ്ടാവും, മറ്റുള്ളവര്‍ക്ക് ഇല്ല.
ഏകനും സ്വതന്ത്രനും ഭൂതാന്തരാത്മനുമായ ശക്തി പരമാത്മാവാണ്. ആ പരമാത്മാവ് തന്നിലും കുടികൊള്ളുന്നുണ്ട് എന്ന തിരിച്ചറിവാണ് വേണ്ടത്. അത്തരക്കാര്‍ക്ക് ശാശ്വത ശാന്തി ലഭിക്കും. അല്ലാത്തവര്‍ നിത്യദുഃഖത്തില്‍ ഉഴലും.
ശ്ലോകം: 13
‘നിത്യോƒനിത്യാനാം ചേതന –
ശ്ചേതനാനാമേകോ ബഹൂനാം
യോ വിദധാതി കാമാന്‍
തമാത്മസ്ഥം യേƒനു പശ്യന്തി ധീരാ – സ്‌തേഷാം ശാന്തി : ശാശ്വതീ നേതരേഷാം’
=അനിത്യങ്ങളില്‍ വച്ച് നിത്യനായും ചൈതന്യമുള്ളവയില്‍ ചൈതന്യമായും വിവിധ വസ്തുക്കളില്‍ ഏകനായും പ്രവര്‍ത്തിക്കുന്ന യാതൊരുവനാണോ ജീവികളുടെ ആഗ്രഹങ്ങളെ സഫലമാക്കുന്നത് അവനെ ഏത് ധീരന്‍മാരാണോ തന്നില്‍ സ്ഥിതി ചെയ്യുന്നതായി മനസ്സിലാക്കുന്നത് അവര്‍ക്ക് ശാശ്വതമായ ശാന്തി ഉണ്ടാകുന്നു, മറ്റുള്ളവര്‍ക്ക് ഇല്ല.
എല്ലാ ജീവികളും ശരീരം സ്വീകരിക്കുന്നത് പൂര്‍വ്വ ജന്‍മത്തില്‍ കെട്ടടങ്ങാത്ത വാസനകളെ , ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാനാണ്. അങ്ങനെയാണ് ഒരു ജീവന്‍ മറ്റൊരു മാതൃഗര്‍ഭത്തില്‍ ചെന്നെത്തുക. അത്തരം ആഗ്രഹങ്ങള്‍ ജീവാത്മാവിന് സഫലമാക്കിക്കൊടുക്കുന്ന പരമാത്മാവ് അവനവനില്‍ ഉണ്ട് എന്ന് സ്വയം തിരിച്ചറിയുന്നവരാണ് ദുഃഖത്തില്‍ നിന്ന് ശാശ്വതമായി രക്ഷ നേടുക. കാരണം, തന്റെ ഭൗതികശരീരം ധര്‍മ്മാനുഷ്ഠാനത്തിനുള്ള ഉപകരണം മാത്രമാണ് എന്ന് അവര്‍ തിരിച്ചറിയുന്നു. അതോടെ ശരീരം സ്ഥിരമല്ല എന്ന് വ്യക്തമാവും.
ശരീരവും ഇന്ദ്രിയങ്ങളും പ്രാണനും മനസ്സും ബുദ്ധിയും അസ്ഥിരമാണ് എന്നറിയുന്നതോടെ അതിനപ്പുറത്തെ സത്യത്തെക്കുറിച്ചുള്ള പരമാത്മ ബോധ്യത്തിലേക്ക് നീങ്ങും. അതോെട വാസനകള്‍ കെട്ടടങ്ങാന്‍ തുടങ്ങും, ആഗ്രഹങ്ങള്‍ നിയന്ത്രിതമാവും. ആത്മാവ് ശരീരം വിട്ട് പോകുമ്പോള്‍ മനസ്സ് ശാന്തമായിരിക്കും.
‘ദേഹി ദേഹംവിട്ട് പോകുന്ന സമയത്ത് ചിന്തിക്കുന്നതും പറയുന്നതും സത്യമായിരിക്കും ‘ എന്ന് മേഡേണ്‍ ക്രിമിനോളജി വ്യക്തമാക്കുന്നു. ഇതിനര്‍ത്ഥം ആ സന്ദര്‍ഭത്തില്‍ ആത്മനാണ് നിയന്ത്രണം എന്നതാണ്.
ഈ അവസരം ആകും മുന്‍പ് മനസ്സ് ശാന്തമാക്കുന്നവര്‍ ഒരിക്കലും പുനര്‍ജ്ജനിക്കുന്നില്ല.
ശ്ലോകം: 14
‘തദേതദിതി മന്യന്തേƒനിര്‍ദ്ദേശ്യം പരമം സുഖം
കഥം നു തദ്വിജാനീയാം കിമു ഭാതി വിഭാതി വാ.’
= നിര്‍ദ്ദേശിക്കുവാന്‍ സാധിക്കാത്ത പരമമായ ആ സുഖത്തെ ഇതാകുന്നു എന്ന് (ബ്രഹ്മ പദപ്രാപ്തി ) ജ്ഞാനികള്‍ അറിയുന്നു. അത് പ്രകാശിക്കുന്നുണ്ടോ, സ്പഷ്ടമായിക്കാണത്തക്കവിധം തിളങ്ങുന്നുണ്ടോ എന്ന് ഞാന്‍ എങ്ങനെ അറിയും?
ബ്രഹ്മജ്ഞാനികളായവര്‍ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത പരമ സൗഖ്യത്തെ സാക്ഷാത്ക്കരിച്ചവരാണ്. അതിന്റെ രൂപമെന്ത്? അതിനെ കാണാന്‍ സാധിക്കുമോ? അതിനെ തൊടാന്‍ സാധിക്കുമോ? എന്നൊക്കെയാണ് ചോദ്യം. കാരണം ഒരു സാധാരണ മനുഷ്യന് കാണുക, കേള്‍ക്കുക, ശ്വസിക്കുക, രുചിക്കുക, തൊട്ടറിയുക എന്നതിലാണ് വിശ്വാസം. ഈ അറിവിന്റെ അപ്പുറത്ത് വേറെ ഒന്നുമില്ല എന്നാണ് മൂഢ ബുദ്ധികളുടെ കണ്ടെത്തല്‍. ഇതിനവര്‍ യുക്തിചിന്ത എന്നാണ് പറയാറ്.
ഭൂമി കറങ്ങുന്ന ശബ്ദം യന്ത്രസഹായത്തോടെ മനസ്സിലാക്കിയപ്പോഴാണ് നമുക്ക് കേള്‍ക്കാന്‍ പറ്റുന്ന ശബ്ദത്തിന് പരിധിയുണ്ട് എന്ന് വ്യക്തമായത്. ഇനിയും ഏതെല്ലാം ശബ്ദങ്ങള്‍, രൂപങ്ങള്‍, രുചികള്‍, ഗന്ധങ്ങള്‍, അനുഭവങ്ങള്‍ നാമറിയാതെ മറഞ്ഞിരിക്കുന്നു. (ഉദാ:പൊട്ടാസ്യം സയനൈഡിന്റെ രുചി.)
ശ്ലോകം: 15
‘ന തത്ര സൂര്യോ ഭാതി ന ചന്ദ്രതാരകം
നേ മാ വിദ്യുതോ ഭാന്തി കുതോƒയ മഗ്‌നി:
തമേവ ഭാന്തമനുഭാതി സര്‍വ്വം
തസ്യ ഭാസാ സര്‍വ്വമിദം വിഭാതി’
=അവിടെ സൂര്യന്‍ ശോഭിക്കുന്നില്ല, ചന്ദ്രനും നക്ഷത്രങ്ങളും ശോഭിക്കുന്നില്ല, മിന്നലുകള്‍ ശോഭിക്കുന്നില്ല, പിന്നെ തീ എങ്ങനെ പ്രകാശിക്കും! ആ ശക്തിയെ അനുസരിച്ചേ എല്ലാം ശോഭിക്കുന്നുള്ളൂ. അതിന്റെ വെളിച്ചം കൊണ്ടാണ് എല്ലാം പ്രകാശിക്കുന്നത്.
സൂര്യചന്ദ്രാദികളും നക്ഷത്രങ്ങളുമെല്ലാം ബ്രഹ്മ ശക്തിയുടെ വെളിച്ചത്തില്‍നിന്നാണ് വെളിച്ചം സ്വീകരിക്കുന്നത്. അതിനെ അറിയുമ്പോഴേ നാം കാണുന്നതൊന്നും സത്യമല്ല എന്നറിയുകയുള്ളൂ. സ്വയം പ്രകാശിക്കുന്ന ആ സത്യത്തെ നാം സാക്ഷാത്ക്കരിക്കണം.
(തുടരും)