ബൗദ്ധിക വ്യാപാരങ്ങളും സംഘടനാ വികാസവും കാര്യകര്‍തൃനിര്‍മ്മാണവും അദ്ദേഹം ഒരേ സമയം വിജയകരമായി നിര്‍വഹിച്ചു പോന്നു. അതേസമയം തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യങ്ങളും വിജയകരമായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 1945 ല്‍ കാശിയില്‍ DAV ദയാനന്ദ ആംഗ്ലോ വേദിക് കോളേജില്‍ നടന്ന വര്‍ഗ്ഗ് അദ്ദേഹത്തിന്റെ പ്രതിസന്ധി നിവാരണക്ഷമതയ്ക്കുള്ള ഉദാഹരണമാണ്. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും സഹപ്രവര്‍ത്തകരുടെ ഇച്ഛാശക്തിയും സ്വയംസേവകരുടെ സമര്‍പ്പണമനോഭാവവും ഒത്തുചേര്‍ന്നപ്പോള്‍ ആ വര്‍ഗ്ഗില്‍ നടന്ന ഒരു സംഭവം സുവര്‍ണ്ണലിപികളില്‍ എഴുതപ്പെടേണ്ട ചരിത്രമായി മാറി. ഏതു പ്രതിസന്ധിയിലും പതറിപ്പോകില്ല (വീരവ്രതം എന്ന ഗുണം) എന്ന സംഘകാര്യശൈലിയുടെ ബീജമന്ത്രത്തിന്റെ ഫലസിദ്ധിയായിരുന്നു ഈ ചരിത്രസംഭവം. ഭാവിയില്‍ വന്നുചേര്‍ന്ന വന്‍വിപത്തുകളെ സ്വയംസേവകര്‍ എങ്ങനെ നേരിട്ടെന്നും ഇന്നും എങ്ങനെ നേരിടുന്നുവെന്നതിനുമുള്ള അനേകം ഉദാഹരണ ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. ആ വര്‍ഗ്ഗില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും പോലീസിന്റെയും പരിശോധന ഉണ്ടാവുമെന്ന് വിവരം ലഭിച്ചു. പരിശോധനയും അറസ്റ്റും സംഘര്‍ഷവും ചേര്‍ന്ന് വര്‍ഗ്ഗ് ഇല്ലാതാവുമോ എന്ന ആശങ്കയിലായിരുന്നു സ്വയംസേവകര്‍. എന്നാല്‍ വര്‍ഗ്ഗ് ഭംഗിയായി പൂര്‍ത്തീകരിക്കുകയും വേണം. ഈ സമയത്ത് പോലീസ് വര്‍ഗ്ഗിലെത്തുന്നതിനു മുമ്പു തന്നെ, ശിക്ഷാര്‍ത്ഥികളെ അവിടെ നിന്നു മാറ്റി. വൈകുന്നേരത്തെ കാര്യക്രമത്തിനുശേഷം നേരെ നഗരത്തിലേക്ക് തിരിച്ചു. അടുത്ത ബൈഠക് അവിടെ വെച്ചു നടത്തി. രാത്രിയായപ്പോള്‍ എല്ലാവര്‍ക്കും യാത്ര ചെയ്യാനായി വള്ളങ്ങള്‍ തയ്യാറാക്കി. പോലീസുകാര്‍ ക്യാമ്പില്‍ മാരകായുധങ്ങള്‍ക്കായി തെരച്ചില്‍ നടത്തുമ്പോള്‍ ശിക്ഷാര്‍ത്ഥികള്‍ വളളങ്ങളിലേറി ഗംഗാ നദിയിലൂടെ ഉല്ലാസയാത്ര ചെയ്യുകയായിരുന്നു. അടുത്ത ബൈഠക് അടുത്ത പട്ടണത്തിലായിരുന്നു. അവിടുന്ന് പോയത് ഒരു ഗ്രാമത്തിലേക്കായിരുന്നു. അങ്ങനെ അറസ്റ്റു ഭയന്ന് പിരിച്ചുവിടേണ്ടി വരുമായിരുന്ന ഒരു വര്‍ഗ്ഗ് ആ കര്‍മ്മനിപുണന്റെ കാര്യനിര്‍വഹണപ്രാപ്തി കാരണം വിജയകരമായി പര്യവസാനിച്ചു. ശിക്ഷകരും ശിക്ഷാര്‍ത്ഥികളും കാര്യകര്‍ത്താക്കളുമുള്‍പ്പെടെ 350 പേരാണ് ഈ ചരിത്ര ഉദ്യമത്തില്‍ പങ്കാളികളായത്.
കാര്യനിര്‍വഹണ ശേഷിയോളം തന്നെ പ്രധാനമായിരുന്നു അദ്ദേഹത്തിന്റെ കാര്യകര്‍തൃനിയോഗ ശൈലിയും. ഓരോ കാര്യകര്‍ത്താവിനെയും ശൈലിക്കും ശേഷിക്കുമനുസരിച്ച് നിയോഗിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അദ്ദേഹം നേരിട്ടും, ചര്‍ച്ച ചെയ്തും നിരവധി കാര്യകര്‍ത്താക്കളെ വ്യത്യസ്ത സംഘടനകളിലും ചുമതലകളിലും താത്കാലിക ദൗത്യങ്ങളിലും നിയോഗിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും മാതൃകാപരവും വിജയകരവുമായിരുന്നു. എന്നാല്‍ എടുത്തുപറയേണ്ടതായ ഒരു സംഭാവന ഈ മേഖലയില്‍ അദ്ദേഹത്തിന്റേതായുണ്ട്. പ്രാരംഭദശ കഴിഞ്ഞപ്പോള്‍ സംഘവ്യാപനം സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലേക്ക് പടര്‍ന്ന കാര്യം നമുക്കറിയാം. ഈ സാഹചര്യത്തില്‍ വിവിധക്ഷേത്രങ്ങളിലേക്ക് പ്രചാരകന്മാരെ അയക്കുന്ന ശൈലി നമുക്ക് സഹജമായി ഉള്ളതാണ്. ചില പ്രചാരകന്മാര്‍ ദീര്‍ഘകാലം സംഘക്ഷേത്രത്തില്‍ പ്രവര്‍ത്തിച്ച് പിന്നീട് വിവിധക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കാറുണ്ട്. അങ്ങനെ ദീര്‍ഘകാലം വിവിധക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിച്ച്, അതാതു വിവിധക്ഷേത്രങ്ങളുടെ കാര്യാലയങ്ങളില്‍ അന്ത്യശ്വാസം വലിക്കുന്ന നിരവധി സംഘപ്രചാരകന്മാരെ ഈ യാത്രയില്‍ നമുക്ക് കാണാം. ചിലരൊക്കെ ദീര്‍ഘകാലം വിവിധക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിച്ചതിനു ശേഷം തിരിച്ചു വന്ന് വ്യത്യസ്ത ആയാമുകളില്‍ (മേഖലകളില്‍ – ഉദാ: പ്രസിദ്ധീകരണ വിഭാഗം) പ്രവര്‍ത്തിക്കുന്നതും അന്ന് സാധാരണ രീതിയായിരുന്നു. എന്നാല്‍ ദീര്‍ഘകാലം വിവിധക്ഷേത്രത്തില്‍ പ്രവര്‍ത്തിച്ചതിനുശേഷം ചില പ്രചാരകര്‍ തിരിച്ചുവന്ന് വീണ്ടും സംഘക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ശൈലി പില്‍ക്കാലത്ത് രൂപപ്പെട്ടു വന്നു. ഈ സമ്പ്രദായത്തിന് ആശയം പകര്‍ന്നത് ഭാവുറാവുജി ആയിരുന്നു. ഇന്നിപ്പോള്‍ ഇതൊരു സഹജശൈലിയായി മാറിക്കഴിഞ്ഞു.
1970 ല്‍ ഗുരുജിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ഭാരതം മുഴുവന്‍ യാത്ര ചെയ്തു. ഈ യാത്രയുടെ ആരംഭം കേരളത്തില്‍ നിന്നായിരുന്നു. 21 ദിവസമാണ് അദ്ദേഹം കേരളത്തില്‍ താമസിച്ചത്. കേരളത്തിലെ സാമൂഹിക പശ്ചാത്തലം ഒറ്റയാത്രകൊണ്ട് അദ്ദേഹത്തിന് മനസ്സിലാക്കാന്‍ സാധിച്ചു. അതിനുതകുന്ന തരത്തില്‍ പ്രവാസത്തിലെ ഓരോ വ്യവസ്ഥയും ശാസ്ത്രീയമായാണ് നിര്‍ണ്ണയിച്ചത്. ഭാസ്‌കര്‍റാവുജിയുടെ മേല്‍നോട്ടത്തില്‍ മാധവ്ജിയുടെ കാര്‍മികത്വത്തിലായിരുന്നു നിര്‍ണ്ണയമെങ്കില്‍, വി.പി. ജനാര്‍ദ്ദനേട്ടനെ പോലുളള പ്രചാരകന്മാരായിരുന്നു നിര്‍വഹണത്തിനു ചുക്കാന്‍ പിടിച്ചത്. ഓരോ ദിവസവും വ്യത്യസ്ത സാമൂഹിക പശ്ചാത്തലമുള്ള പ്രദേശങ്ങളിലും വീടുകളിലുമായിരുന്നു താമസം. ഇന്നു തീരപ്രദേശത്താണെങ്കില്‍ നാളെ ഇടനാട്ടിലും മറ്റന്നാള്‍ മലനാട്ടിലുമായിരുന്നു പ്രവാസം. അങ്ങനെ തികച്ചും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ പ്രവാസം കൊണ്ട് അദ്ദേഹം കടലോരവും കായലോരവും മലയോരവുമുള്‍പ്പെടെയുള്ള കേരളത്തിന്റെ സവിശേഷ ഭൗമപ്രകൃതവും 21 ദിവസം കൊണ്ടു മനസ്സിലാക്കി. ഈ അഖിലഭാരതീയ പ്രവാസത്തില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിച്ചത് കേരളത്തിലായിരുന്നു.
ഇപ്രകാരം ശ്രദ്ധേയമായ മറ്റൊരു പ്രവാസം പഞ്ചാബിലേക്ക് നടത്തിയിരുന്നു. 1989 ല്‍ മോഗയിലെ ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ക്കില്‍ ശാഖ നടന്നുകൊണ്ടിരിക്കെ ഖലിസ്ഥാന്‍ തീവ്രവാദികളുടെ ആക്രമണമുണ്ടായി. 21 സ്വയംസേവകരാണ് അന്നു വെടിയേറ്റു മരിച്ചത്. ഈ സമയത്ത് പഞ്ചാബിലെ കലുഷിതമായ അന്തരീക്ഷം സംഘര്‍ഷത്തിലേക്കു നീങ്ങുന്നതായി തോന്നി. സംഘം വെടിവെയ്പിനു പകരം വീട്ടുമെന്നും, 1984 ല്‍ കോണ്‍ഗ്രസുകാര്‍ ചെയ്തതു പോലെയൊരു സിഖ് കൂട്ടക്കൊല ഉണ്ടാവുമെന്നും തീവ്രവാദികള്‍ പ്രതീക്ഷിച്ചു. എന്നാല്‍ പഞ്ചാബിലെ ഹിന്ദു-സിഖ് ഐക്യം തകരാതിരിക്കാന്‍ ആദ്യകാലം മുതല്‍തന്നെ ജാഗ്രത പുലര്‍ത്തിയിരുന്ന സംഘം സംയമനം പാലിക്കാന്‍ തീരുമാനിച്ചു. ഈ തീരുമാനം പഞ്ചാബിലെ സംഘര്‍ഷാന്തരീക്ഷത്തില്‍ നടപ്പിലാക്കാന്‍ പൂജനീയ സര്‍സംഘചാലകന്‍ നിയോഗിച്ചത് ഭാവുറാവുജിയെയാണ്. പൂജനീയ സര്‍സംഘചാലകന്റെ പ്രതിനിധിയായി അവിടെ സന്ദര്‍ശിച്ച് സംഘനിര്‍ദ്ദേശം രാഷ്ട്രഹിതാനുകൂലമായി നടപ്പിലാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
ഭാരതത്തിന്റെ ആധുനിക നവോത്ഥാന ദൗത്യത്തില്‍ വിദ്യാഭ്യാസത്തിനുള്ള പങ്കിനെക്കുറിച്ച് ഗാന്ധിജിയും വിവേകാനന്ദനും ഉള്‍പ്പെടെയുള്ള മഹാന്മാര്‍ക്കെല്ലാം ഒരേ അഭിപ്രായമാണ്.
നവോത്ഥാനം സമൂഹത്തിന്റെ ഭാഗത്തു നിന്നും തുടങ്ങുകയും, സമൂഹത്തിലൂടെ നടപ്പാക്കപ്പെടുകയും ചെയ്യുന്ന മന്ദവും സ്വച്ഛന്ദവുമായ പ്രവര്‍ത്തനമാണ്. ഭാരതീയ വിദ്യാഭ്യാസ നവോത്ഥാന ചരിത്രത്തില്‍ അത്തരത്തിലുള്ള ഒരു മഹാവിപ്ലവമായിരുന്നു ഗോരഖ്പൂരിലെ സരസ്വതീ ശിശുമന്ദിര്‍. മെക്കാളെയുടെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്കുള്ള ലളിതവും ശാന്തവുമായ മറുപടി! അവിടെ നിന്നാരംഭിച്ച് ഇന്ന് ഭാരതത്തിലുടനീളം ആയിരക്കണക്കിന് വിദ്യാലയങ്ങളുള്ള വിദ്യാഭാരതി ഒരു ‘മനോഹരവൃക്ഷ’മായി മാറിയിരിക്കുന്നു. മാറ്റത്തിന്റെ ഈ വസന്തത്തിന് വഴിയൊരുക്കിയത് ഭാവുറാവുജിയാണ്. വിദ്യാഭാരതിയുടെ ശുഭാരംഭം മുതല്‍ ഭാവുറാവുജിയുടെ ദേഹാവസാനം വരെ അദ്ദേഹം തന്നെയായിരുന്നു ആ സംഘടനയുടെ പ്രഭാരി. വിധിവശാല്‍, ഭോപ്പാലില്‍ നടന്ന അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടിയും വിദ്യാഭാരതിയുടെതായിരുന്നു.
വിദ്യാഭാരതി പോലെ തന്നെ ഭാരതീയ ജനതാപാര്‍ട്ടി, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് എന്നീ സംഘടനകളുടെയും സമാലോചകന്‍ (പ്രഭാരി) അദ്ദേഹം തന്നെയായിരുന്നു. സംഘവിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളില്‍ ചെറിയ ചെറിയ ഗണങ്ങളായി ചേര്‍ന്ന് കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സംഘടനാ സംവിധാനത്തിന്റെ തുടക്കം എ.ബി.വി.പി.യിലൂടെയാണ്. സഞ്ചാലന്‍ സമിതികള്‍’എന്ന പേരുതന്നെ സര്‍വസാധാരണ നിര്‍വഹണ ശൈലിയുടെ അവിഭാജ്യഘടകമാക്കി തീര്‍ത്തത് എ.ബി.വി.പി.യാണ്. വിദ്യാര്‍ത്ഥി പരിഷത്തില്‍ തുടങ്ങി പിന്നീട് മറ്റു വിവിധക്ഷേത്രങ്ങളിലും തുടര്‍ന്ന സംഘടനാസംവിധാന നവീകരണത്തിന്റെ മുന്നില്‍ മദന്‍ദാസ് ദേവിജിയും പിന്നില്‍ ഭാവുറാവുദേവറസ്ജിയുമായിരുന്നു. ഈ മാറ്റം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ഭാവുറാവുജി ആരോഗ്യപരമായ കാരണങ്ങളാല്‍ എ.ബി.വി.പി.യുടെ പ്രഭാരി സ്ഥാനത്തുനിന്നും മാറി. കുറച്ചുകാലം അഞ്ചാമത്തെ പൂജനീയ സര്‍സംഘചാലകനായിരുന്ന സുദര്‍ശന്‍ജിയാണ് ഇക്കാര്യം നിര്‍വഹിച്ചത്. രോഗമുക്തി നേടിയ ശേഷം, അദ്ദേഹം സ്വമേധയാ ഈ ചുമതല ഏറ്റെടുക്കുകയും അതിന്റെ പരിപൂര്‍ണ്ണ മേല്‍നോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് സുദര്‍ശന്‍ജി ഓര്‍ക്കുന്നു. ഏറ്റെടുത്ത പ്രവര്‍ത്തനം പൂര്‍ത്തിയാക്കാതെ വിരമിക്കുന്നതിനോട് അദ്ദേഹത്തിന്റെ മനസ്സ് സന്ധി ചെയ്യുന്നില്ല എന്നതാണ് കാരണമെന്ന് സുദര്‍ശന്‍ജി പറയുന്നു.
ഇപ്രകാരം ഏറ്റെടുത്ത കര്‍മ്മങ്ങളെല്ലാം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയ ദേവദുര്‍ലഭനായ വ്യക്തിയായിരുന്നു ഭാവുറാവു ദേവറസ്ജി. നേതാജി സുഭാഷ്ചന്ദ്രബോസ് മുതല്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി വരെയുള്ള പൊതുസമ്മതരായ നേതാക്കന്മാരുമായി ഇടപഴകിയ വ്യക്തി. ബാരിസ്റ്റര്‍ നരേന്ദ്ര സിങ്ങ് മുതല്‍ പ്രൊഫസര്‍ മുരളീ മനോഹര്‍ ജോഷി വരെയുള്ള ധൈഷണികരെ സംഘ ചുമതലയിലെത്തിച്ച വ്യക്തി. ദീനദയാല്‍ജി മുതല്‍ രജുഭയ്യ വരെയുള്ള പ്രചാരകന്മാരെ സംഘപാതയില്‍ അണിനിരത്തിയ വ്യക്തി. ഇത്തരത്തില്‍ ദേവദുര്‍ലഭരായ പുണ്യപുരുഷന്മാരോടൊപ്പം ഒരു പക്ഷെ, അവര്‍ക്കും ഒരു കൈയകലം മുന്നില്‍ ജീവിച്ച ഭാവുറാവുജിയുടെ ജീവിതം ധന്യവും കൃതാര്‍ത്ഥവുമായിരിക്കുമെന്ന് നമുക്ക് തോന്നാം. എന്നാല്‍ ഈ നേട്ടങ്ങള്‍ക്കെല്ലാമപ്പുറത്തുള്ള നിത്യശാന്തിയിലും നിസ്സംഗതയിലുമായിരുന്നു അദ്ദേഹത്തിന്റെ ചാരിതാര്‍ത്ഥ്യം.
ദീനദയാല്‍ജിയെ പോലുള്ള മഹാമനീഷികളെ സൃഷ്ടിച്ചത് അങ്ങയുടെ കൈകള്‍ കൊണ്ടാണല്ലോ എന്നൊരാള്‍ അദ്ദേഹത്തോട് ചോദിച്ചു. യാതൊരു സങ്കോചവും കൃത്രിമത്വവുമില്ലാതെ അദ്ദേഹമത് നിരസിച്ചു. ”ദീനദയാലിനെ സൃഷ്ടിച്ചത് ഞാനല്ല. ദീനദയാല്‍ അദ്ദേഹത്തിന്റെ തന്നെ മികവിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണ്. അദ്ദേഹത്തെ നിര്‍മ്മിക്കുന്നതില്‍ എനിക്കൊരു പങ്കുമില്ല. എന്റെ കഴിവുകൊണ്ടാണ് ദീനദയാല്‍ സൃഷ്ടിക്കപ്പെട്ടതെങ്കില്‍, കുറഞ്ഞത് 100 ദീനദയാല്‍മാരെയെങ്കിലും ഞാന്‍ സൃഷ്ടിക്കണമായിരുന്നു. എനിക്കതു സാധിച്ചിട്ടില്ല. അതിനര്‍ത്ഥം ദീനദയാല്‍ തന്നെയാണ് ദീനദയാലിനെ വളര്‍ത്തിയത്.”
സംഘടനാ ജീവിതത്തിനിടയില്‍ നേടുന്ന അഥവാ നേടിയതെന്ന് ചിലര്‍ക്കെങ്കിലും തോന്നുന്ന ഇത്തരം ചെറിയ സാഫല്യങ്ങളിലല്ല വലിയ വലിയ മഹാന്മാരുടെ ആനന്ദം കുടികൊള്ളുന്നത്. അവര്‍ക്കും അവരെക്കുറിച്ചറിയുന്നവര്‍ക്കും മാത്രം ലഭിക്കുന്ന അതിഗൂഢവും അതിസൂക്ഷ്മവുമായ ആനന്ദമാണ് വിരക്തി പൂകിയ ഇത്തരം മഹാത്മാക്കളുടെ തിരുശേഷിപ്പ്. ഭാവുറാവുജിയുടെ ചാരിതാര്‍ത്ഥ്യം പോലും ഇത്തരത്തില്‍ ഉത്കൃഷ്ടവും സമാജോന്മുഖവുമായിരുന്നു.
യുഗങ്ങളെ അതിജീവിച്ച ഭാരതരാഷ്ട്രത്തിന്റെ ചിരന്തനമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ വെളിച്ചം കണ്ണില്‍ കയറുമ്പോഴാണ് അവര്‍ക്ക് ഭൗതികമായി ആനന്ദമുണ്ടാവുക. തങ്ങള്‍ ചെയ്തുവെന്ന് ലോകം വിശ്വസിക്കുന്ന വലിയ പ്രവര്‍ത്തനങ്ങളെല്ലാം അവര്‍ക്ക് ചെറിയ കര്‍ത്തവ്യങ്ങളോ കടമകളോ ആയിരുന്നു. നേട്ടങ്ങളായിരുന്നില്ല. എന്നാല്‍ അത്തരം ചെറിയ പ്രവര്‍ത്തനങ്ങള്‍ ഉത്തരോത്തരം നിര്‍വഹിക്കപ്പെട്ട് ലോകം അതേറ്റെടുക്കുമ്പോള്‍ അവര്‍ക്ക് ആനന്ദമുണ്ടാകും. അങ്ങനെയൊരിക്കല്‍ ഭാവുറാവുജിയും ആനന്ദക്കണ്ണീര്‍ പൊഴിച്ചതായി ജീവചരിത്രകാരന്‍ ശ്രീരംഗ് ഗോഡ്‌ബോളെ (മാനനീയ പൂണെ വിഭാഗ് സംഘചാലക്) രേഖപ്പെടുത്തിയിട്ടുണ്ട്. 1990 ഒക്‌ടോബര്‍ മാസം 30-ാം തിയ്യതി അയോധ്യയിലെ രാമജന്മഭൂമിയില്‍ ഉണ്ടായിരുന്ന അനധികൃത പള്ളിക്കു മുകളില്‍ ഭഗവദ്ധ്വജം പാറിപ്പറക്കുന്ന ദൃശ്യം കണ്ടിട്ടായിരുന്നുവത്രേ ആ മഹാരഥന്‍ ആനന്ദാശ്രു പൊഴിച്ചത്. നൂറ്റാണ്ടുകളായി ഭാരതീയര്‍ നേരിട്ടുകൊണ്ടിരുന്ന അടിമത്തത്തിന്റെ ജീവിക്കുന്ന സ്മാരകത്തിനു മുന്നില്‍ സാംസ്‌കാരിക സ്വാതന്ത്ര്യത്തിന്റെ വിജയക്കൊടി പാറിയ ധന്യമുഹൂര്‍ത്തം! അതിലായിരുന്നു അദ്ദേഹത്തിന് ആനന്ദം.
1992 മെയ് 23-ാം തിയ്യതി ദില്ലിയില്‍ വെച്ച് ആ ദേവജ്യോതി അസ്തമിച്ചു. സംഘത്തിലെ ആദ്യത്തെ സഹോദര പ്രചാരകന്മാരില്‍ ഒരാളായ ഭാവുറാവു ദേവറസ്ജിയുടെ ദീപ്ത സ്മരണയ്ക്കു മുന്നില്‍ പ്രണാമങ്ങള്‍.