കൃഷ്ണയജുര്‍വേദത്തിന്റെ വക്താവായ കഠന്‍ എന്ന മഹര്‍ഷിയാണ് തൈത്തരീയ ബ്രാഹ്മണത്തിന്റെ ഭാഗമായി കഠോപനിഷത്ത് ഉപദേശിച്ചത്. അങ്ങനെയാണ് ഈ ഉപനിഷത്തിന് ‘കഠോപനിഷത്ത്’ എന്ന് പേര് വന്നത്. കഠന്‍ വൈശമ്പായന മഹര്‍ഷിയുടെ ശിഷ്യനായിരുന്നു എന്നുകൂടി ഓര്‍ക്കുക.
രണ്ട് അധ്യായങ്ങളിലായി, ഓരോ അധ്യായത്തിനും മൂന്നു ഭാഗങ്ങളായി തിരിച്ചാണ് കഠോപനിഷത്തിന്റെ വിവരണം. ‘വല്ലികള്‍’ എന്നാണ് ഈ ഭാഗങ്ങള്‍ക്ക് പേര്.
മരണവും മരണാനന്തരവുമായ കാര്യങ്ങളാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്. പൂര്‍വജന്മം, ജീവിതം, മരണം, മരണാനന്തരം, പുനര്‍ജന്മം എന്നിവ സമഗ്രമായിച്ചിന്തിക്കുന്നവിധം ഇത്ര യുക്തിസഹമായും ആധ്യാത്മികമായും ചര്‍ച്ച ചെയ്യുന്ന ഒരു കൃതി വേറെയില്ല. മരണത്തിന്റെ നിഗൂഢത അനാവൃതമാക്കുന്ന മറ്റൊരു കൃതി പാശ്ചാത്യനാട്ടില്‍ പോലും ഇന്ന് നിലവിലില്ല. മനുഷ്യജീവിതത്തെ സാരമായി ബാധിക്കുന്ന രോഗങ്ങളും മരണവും എന്താണെന്ന് മനസ്സിലാക്കാന്‍ മറ്റൊരു ഗ്രന്ഥം കഠോപനിഷത്തില്‍ക്കവിഞ്ഞ് ഇല്ല. എഡ്വിന്‍ ആര്‍നോള്‍ഡ്, മാക്‌സ് മുള്ളര്‍, സ്വാമി വിവേകാനന്ദന്‍ എന്നിവര്‍ ഏറെ വാഴ്ത്തിയ ഉപനിഷത്താണ് കഠോപനിഷത്ത്.
ശാന്തിപാഠം
”ഓം സഹനാ വവതു, സഹനൗ ഭുനക്തു,
സഹവീര്യം കരവാവഹൈ
തേജസ്വിനാവധീതമസ്തു മാ-
വിദ്യുഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ”
കൃഷ്ണയജുര്‍വേദ ശാന്തി പാഠമാണിത്. ഇതിന്റെ വിപുലമായ അര്‍ത്ഥം നേരെത്ത സൂചിപ്പിച്ചിട്ടുണ്ട്.
അദ്ധ്യായം-1
വല്ലി-1
1. ”ഓം ഉശന്‍ ഹുവൈ വാജസ്രവഃ
സര്‍വ േവദ സം ദദൗ
തസ്യ ഹ നചികേതാ നാമ പുത്ര സൈ”
ഉല്‍കൃഷ്ട ഫലങ്ങളെ ആഗ്രഹിക്കുന്നവനായ വാജസ്രവസിന്റെ പുത്രന്‍ ‘വിശ്വജിത്ത്’ എന്ന ഒരു യാഗം ചെയ്തു. ഈ യാഗത്തില്‍വച്ച് തന്റെ എല്ലാ സമ്പത്തുകളും അയാള്‍ ദാനം ചെയ്തു. അദ്ദേഹത്തിന് നചികേതസ് എന്ന പുത്രന്‍ ഉണ്ടായിരുന്നു.
2. ”തം ഹ കുമാരം സന്തം ദക്ഷിണാസു
നീയമാനാസു ശ്രദ്ധാ വിവേശ ഡോളമന്യത”
കുമാരനായിരിക്കുന്ന അവനെ, ദക്ഷിണകള്‍ കൊണ്ട് പോയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ആസ്തിക ബുദ്ധി ആവേശിച്ചു. അവന്‍ അപ്പോള്‍ ചിന്തിച്ചു.
തന്റെ പിതാവ് ദക്ഷിണയായി നല്‍കുന്ന പശുക്കള്‍ പലതും നിശ്ചയിക്കപ്പെട്ട തരത്തിലുള്ളവയല്ല എന്ന് മനസ്സിലാക്കിയ നചികേതസ്സ് അച്ഛനെ അതില്‍നിന്നും പിന്തിരിപ്പിക്കാനുള്ള ്രശമം നടത്താന്‍ ചിന്തിച്ചു, കാരണം: വിചാരിച്ച ഫലം യാഗത്തിന് കിട്ടണമെങ്കില്‍ ശരിയായവിധം ദക്ഷിണയര്‍പ്പിക്കണം, ചടങ്ങിന് വേണ്ടിയാവരുത്.
ഇവിടെ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കുക: ഒന്ന് നമ്മുെട പ്രാര്‍ത്ഥനയും പൂജയും യാഗവുമെല്ലാം ഫലവത്താവുക സമര്‍പ്പിത മനസ്സോടെ കാര്യങ്ങള്‍ ചെയ്താലാണ്. ഭൗതിക കാര്യങ്ങളിലും അങ്ങനെ തന്നെയാണ്: ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യാന്‍. ‘ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം’ എന്ന ഗീതാവചനം ഓര്‍ക്കുക. ശരിയായ അറിവ് ശ്രദ്ധയിലൂടെ മാത്രമേ സാധിക്കൂ.
മറ്റൊന്ന് നചികേതസ്സ് യഥാര്‍ത്ഥ ധര്‍മ്മനിഷ്ഠനാണ്. ‘ന ധര്‍മ്മ വൃദ്ധേഷു വയഃ സമീക്ഷ്യതേ” എന്ന മഹാകവി കാളിദാസന്റെ ചിന്ത ഓര്‍ക്കുക: ധര്‍മ്മചിത്തരായ വ്യക്തികളുടെ ഈ ജന്മത്തിലെ വയസ്സ് ഗണിക്കേണ്ടതില്ല. അതേപോലെ ധര്‍മ്മചിത്തരല്ലാത്തവരുടെ വയസ്സ് ഗണിക്കേണ്ടതുമില്ല. ഇവിടെ ധര്‍മ്മമാണ് ശ്രദ്ധിക്കേണ്ടത്. നചികേതസ്സ് ചിന്തിക്കുന്നത് ധര്‍മ്മമാണ്. ഇതാണ് ഭാരതത്തിന്റെ ആസ്തികദര്‍ശനം.
‘ശ്രദ്ധ’ എന്ന വാക്കിനെപ്പറ്റി സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ വ്യക്തമാക്കിയത് ഒരു ഭാഷയിലും ഈ വാക്കിനെ ഒതുക്കാന്‍ സാധിക്കില്ല എന്നാണ്. ഏകാഗ്രത, ഏകാഗ്രനിഷ്ഠ ഇതൊന്നും ‘ശ്രദ്ധ’ എന്നതിന് തത്തുല്യവുമല്ലത്രെ. ഈ ശ്രദ്ധയിലൂടെയാണ് ശരിയായ ജ്ഞാനമാര്‍ഗ്ഗത്തിലെത്താനും അതുവഴി ഈശ്വരസാക്ഷാത്ക്കാരത്തിലെത്താനും സാധിക്കൂ.
‘ശ്രദ്ധ’യില്‍ നിന്ന് തെറ്റി നടക്കുന്നതാണ് മനുഷ്യജീവിതത്തിലെ ദുരന്തങ്ങള്‍ക്ക് കാരണം. രോഗം, അപകടങ്ങള്‍, കാമ-ക്രോധാദി വിഷയങ്ങള്‍ എല്ലാം ‘അശ്രദ്ധ’യിലൂടെയാണ് വന്നെത്തെുന്നത്.
‘ശ്രദ്ധയാധേയം
അശ്രദ്ധയാ ആധേയം’- എന്ന് പ്രമാണം. യാതൊരു കാര്യവും മറ്റുള്ളവര്‍ക്ക് നല്‍കുന്നത് ശ്രദ്ധയോടെയാവണം, വാങ്ങിക്കുന്നതും അതുപോലെ തന്നെയാവണം. ഇന്ന് സ്വഹത്യകളും (ആത്മഹത്യ എന്ന പദം തെറ്റാണ്) കൊലപാതകങ്ങളും കളവും അസത്യവും നടമാടാനുള്ള കാരണം ശ്രദ്ധയില്ലായ്മയാണ്. നമ്മുടെ ജന്മം, ജീവിതം, ബന്ധങ്ങള്‍, നിലനില്‍പ്പ്, പ്രകൃതി, സഹജീവികള്‍ എന്നിവയെക്കുറിച്ച് ഒന്ന് ശ്രദ്ധിച്ചാല്‍ താല്‍ക്കാലിക ലാഭത്തിന് വേണ്ടി നാമാരും തന്നെ അധര്‍മ്മം െചയ്യില്ല. ശ്രദ്ധയില്‍നിന്നാണ് ധര്‍മ്മബോധം ഉണ്ടാവുക. ഇന്ന് വിദ്യാഭ്യാസപുരോഗതിയെപ്പറ്റി നാം ‘ഹൈടെക്’ എന്നൊക്കെ പറയുമ്പോഴും നന്മയും ലാളിത്യവും പരസ്പരസഹായവും സേവനമനസ്ഥിതിയും സ്‌നേഹബന്ധങ്ങളും ത്യാഗസന്നദ്ധതയും തുടങ്ങിയ മൂല്യങ്ങള്‍ നമുക്കിടയില്‍നിന്ന് അകലുന്നില്ല എന്ന് ചിന്തിക്കുക. ഇതിനടിസ്ഥാനം ശ്രദ്ധക്കുറവാണ്. ഈ പ്രപഞ്ചജീവിതത്തിന്റെ ശരിയായ അര്‍ത്ഥം തേടാനുള്ള ശ്രദ്ധ വരുംതലമുറക്കുണ്ടായാല്‍ ഇന്ന് കാണുന്ന വ്യക്തിവൈരാഗ്യങ്ങളോ മതകലഹങ്ങളോ അന്ധവിശ്വാസങ്ങേളാ ഉണ്ടാവില്ല. ഈ കഴിവ് എല്ലാ മനുഷ്യര്‍ക്കുമുണ്ട്. പക്ഷേ ആ ശ്രദ്ധയെ വളര്‍ത്തി സ്വയം തിരിച്ചറിയാന്‍ രക്ഷിതാക്കളടങ്ങുന്ന ഗുരുപരമ്പര സഹായിക്കണം. നചികേതസ്മാരായി കുട്ടികള്‍ വളരണം. ആ കഥയാണ് തുടര്‍ന്നുവരുന്ന ഭാഗം.
3. ”പീതോദകം ജഗ്ധ തൃണാ
ദുഗ്ദ്ധദോഹാ നിരിന്ദ്രിയാഃ
അനന്ദാ നാമതേ ലോകസ്മാന്‍
സ ഗച്ഛതി താ ദദത്”
വെള്ളം കുടിച്ചുതീര്‍ന്നും പുല്ല് തിന്നു തീര്‍ന്നും കറവവറ്റിയ, ഇന്ദ്രിയശക്തി നശിച്ച പശുക്കളെ ദാനം ചെയ്യുന്നവന്‍ അനന്ദമെന്ന (ആനന്ദമില്ലാത്ത) ലോകത്തെ പ്രാപിക്കും എന്ന് അര്‍ത്ഥം.
നാം നമ്മുടെ സുഖത്തിനെന്നപേരിലാണ് പ്രകൃതിയെ ചൂഷണം ചെയ്യുന്നത്. നമുക്കാവശ്യമായ കാര്യം മാത്രം സ്വീകരിക്കുകയും, ആയവ സ്വീകരിക്കുന്നതിന് മുമ്പുതന്നെ നമ്മളാല്‍ക്കഴിയുന്നവ ആദ്യമേ അങ്ങോട്ട് നല്‍കിയുമാവണം ജീവിക്കുന്നത്. ഇതാണ് ‘യജ്ഞസംസ്‌കാരം.’
‘തേന ത്യക്തേന ഭുഞ്ജീഥ’ എന്ന് ഈശാവാസ്യം പറയുന്നതോര്‍ക്കുക.
‘പരസ്പരം ഭാവയന്ത’ എന്ന് ശ്രീമദ് ഭഗവദ്ഗീത പറയുന്നതും മറ്റൊന്നല്ല. ഇത്തരത്തില്‍ ചെയ്യുന്നതിനെ ‘ദോഹനം’ എന്നാണ് പറയുക. എന്നാല്‍ ‘ചൂഷണ’മാവട്ടെ മറ്റ് ജീവജാലങ്ങളേയും പ്രകൃതിയെയുമെല്ലാം അമിതമായി ഉപയോഗിച്ച് നശിപ്പിക്കലാണ്. ഇവിടെ നചികേതസ്സിന്റെ പിതാവ് പരമാവധി ചൂഷണം ചെയ്ത പശുക്കളെ ദാനം ചെയ്യുമ്പോള്‍ ദാനത്തിന് മഹത്വമില്ലാതാവും. സ്വാര്‍ത്ഥലേശമില്ലാതെ, ഗുണപരമായതിനെ, മറ്റുള്ളവരുടെ നന്മക്കായി നല്‍കണം. അതാണ് യാഗത്തിലെ ദാനം.
ഒരിക്കല്‍ ഒരു ധനികന്‍ ശ്രീരാമകൃഷ്ണപരമഹംസരെത്തേടി വന്നു. ധനികന് ഏറ്റവും പ്രിയപ്പെട്ട ഒരു ചിത്രകമ്പളം സ്വാമിക്ക് സമര്‍പ്പിച്ചു. സ്വാമിജി ചെളിപുരണ്ട കാല്‍ അതില്‍ തുടച്ചപ്പോള്‍ ധനികന്‍ ക്രോധാത്മാവായി. അപ്പോള്‍ സ്വാമിജി ചോദിച്ചു: ‘ഹേ ഭക്താ, നിങ്ങളീവിരി എനിക്ക് തന്നു കഴിഞ്ഞു. പിന്നെ നിങ്ങള്‍ എന്തിന് ദേഷ്യപ്പെടണം? അതിലുള്ള നിങ്ങളുടെ മമതാബന്ധവും ആസക്തിയും ഇനിയും നഷ്ടപ്പെട്ടിട്ടില്ലേ’. ഇവിടെയാണ് തന്റെ സ്വാര്‍ത്ഥചിന്ത ധനികന്‍ തിരിച്ചറിഞ്ഞത്. നല്‍കുമ്പോള്‍ ഏറ്റവും നല്ലത് നല്‍കുക, പിന്നീട് അതേക്കുറിച്ച് ഒരു വ്യാകുലതയും വേണ്ട.
ഭാരതത്തിലെ വിവാഹവിധി ഇപ്രകാരമാണ്. ആറ്റ്‌നോറ്റ് വളര്‍ത്തിയ മകളെ അച്ഛനമ്മമാര്‍ അഗ്നിസാക്ഷിയായി കൈപിടിച്ച് നല്‍കും. അതോടെ ‘എന്റെ’ എന്ന ചിന്ത ഒരുതുടം കണ്ണീരായി വെണ്ണീറാവണം. സ്വന്തം മക്കളെക്കാള്‍ വലിയത് ഒരമ്മക്കും അച്ഛനും വേറെന്തുണ്ട്? അതിനാണ് മുഹൂര്‍ത്തം കുറിച്ച്, വേണ്ടപ്പെട്ടവരെ വിളിച്ചുവരുത്തി സദ്യയൊരുക്കി കൈപിടിച്ച് ഏല്‍പ്പിക്കുന്നത്. ഇതാണ് ധര്‍മ്മം.
4. ‘സഹോവാച പിതരം തത
കസ്‌മൈ മാം ദാസ്യ സീതി
ദ്വിതീയം തൃതീയം തം ഹോവാച
മൃത്യുവേ ത്വാ ദദാമീതി.’
അവന്‍ അച്ഛനോട്, അല്ലയോ അച്ഛാ ആര്‍ക്കാണ് എന്നെ കൊടുക്കുന്നത് എന്ന് ചോദിച്ചു. രണ്ടാമതും മൂന്നാമതും ഇങ്ങനെ ചോദിച്ചു. മൃത്യുവിനാണ് നിന്നെ ഞാന്‍ കൊടുക്കുന്നത് എന്ന് അദ്ദേഹം അവനോടു പറഞ്ഞു.
മകന്‍ വിശ്വജിത്ത് യാഗത്തില്‍ യജമാനന്‍ തന്റെ സര്‍വ്വസ്വവും ദാനം ചെയ്ത് ത്യാഗിയാവണം എന്നുള്ളതിനാലാണ് നചികേതസ് ഇങ്ങനെ ചോദിച്ചത്. ‘പുത്രന്‍’ എന്ന പദത്തിനര്‍ത്ഥം തന്നെ ‘പും-എന്ന് പേരുള്ള നരകത്തില്‍നിന്ന് രക്ഷിക്കുന്നവന്‍’ എന്നാണ്. അച്ഛന് ശാന്തിയും സമാധാനവുമുണ്ടാവാന്‍ ആണ്‍മകന്‍ നേരായ മാര്‍ഗത്തില്‍ ജീവിക്കണം എന്നര്‍ത്ഥം.
5. ‘ബഹൂനാമേമി പ്രഥമോ
ബഹൂനാമേമി മദ്ധ്യമഃ
കിം സ്വിദ്‌യമസ്യ കര്‍ത്തവ്യം
യന്‍ മയാദ്യ കരിഷ്യതിഃ’
ഞാന്‍ വളരെപ്പേരുടെ കൂട്ടത്തില്‍ ഒന്നാമനായി ജീവിക്കുന്നു. മറ്റു പലരുടെയും കൂട്ടത്തില്‍ മധ്യമനായിട്ടും കഴിഞ്ഞുകൂടുന്നു. എന്നെക്കൊണ്ട് ഈ സമയത്ത് യമന് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? ആ കാര്യം എന്താവാം?
പുത്രന്‍മാരില്‍ ഉത്തമനും മധ്യമനുമായിരിക്കുന്നവനാണ് നചികേതസ്. ഉത്തമന്‍ സ്വയം ചിന്തിച്ചുകൊണ്ട് അച്ഛന്റെ ശ്രേയസ്സിനായി കാര്യങ്ങള്‍ ചെയ്യുന്നവനാണ്. അച്ഛന്‍ പറയുന്ന കാര്യം മാത്രം ചെയ്യുന്നവനാണ് മധ്യമന്‍. അനുസരണ കെട്ടാല്‍ അധമനാവും. നചികേതസ് ഒരിക്കലും അതല്ല. അതിനാല്‍ എന്തിനാവാം അച്ഛന്‍ തന്നെ യമന് നല്‍കാന്‍ ചിന്തിച്ചതെന്നാലോചിച്ച് അത് അക്ഷരംപ്രതി അനുസരിക്കാന്‍ തീരുമാനിച്ചു.
യമധര്‍മ്മന്‍ മരണത്തിന്റെ കൃത്യതയും ന്യായാന്യായങ്ങളുമറിയുന്നയാളാണ്. മരണത്തിന്റെ രഹസ്യ സങ്കേതത്തില്‍പ്പോലും കടന്നുചെല്ലാന്‍ തന്റെ പിതാവിന് വേണ്ടി തയ്യാറാവുകയെന്നത് ഏറ്റവും ധാര്‍മ്മികമായ കാര്യമാണ്. ഇവിടെ മറ്റൊരു കാര്യം കൂടി ഓര്‍ക്കുക: പിതൃത്വമെന്നത് സംസ്‌കൃതിയാണ്. തന്റെ സംസ്‌കൃതിയുടെ നിലനില്‍പ്പിനാണ് ഓരോ കുട്ടിയും നിലനില്‍ക്കേണ്ടത് എന്നര്‍ത്ഥം.
6. അനുപശ്യയഥാ പൂര്‍വ്വേ
പ്രതിപശ്യതഥാപരേ
സസ്യമിവ മര്‍ത്ത്യഃ പച്യതേ
സസ്യമിവാജായതേ പുനഃ’
പൂര്‍വികന്മാര്‍ എങ്ങനെയായിരുന്നു എന്ന് ആലോചിച്ച് നോക്കുക. അതേ രീതിയിലാണ് മറ്റുള്ളവര്‍. ആധുനികന്‍മാരും ആലോചിക്കുക. മനുഷ്യന്‍ സസ്യങ്ങളെപ്പോലെ തന്നെ സമയമാകുമ്പോള്‍ പാകം വന്ന് മരിക്കുന്നു. വീണ്ടും ജനിക്കുകയും ചെയ്യുന്നു.
സത്യത്തില്‍ നിന്ന് വ്യതിചലിക്കാത്ത നമ്മുടെ പൂര്‍വ്വികരെയാണ് ഇവിടെ ഓര്‍മ്മിപ്പിക്കുന്നത്. ചിന്തിക്കാതെ മകനോട് ”തന്നെ യമന് നല്‍കാനാണ് പോകുന്നത്”എന്ന് പറഞ്ഞ നചികേതസിന്റെ അച്ഛന്‍ പിന്നീട് ദുഃഖിതനായി ഇരുന്നപ്പോഴാണ് ഇങ്ങനെ നചികേതസ് പറയുന്നത്.
വാക്ക് പാലിക്കുകയും സത്യസന്ധനായി ജീവിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യന്റെ മഹത്വം. അതിനാല്‍ തന്നെ യമന്റെ അരികിലേക്ക് അയക്കണമെന്നാണ് താല്‍പ്പര്യം.
കര്‍മ്മബന്ധങ്ങളനുസരിച്ചാണ് ജനി മൃതികള്‍ ഉണ്ടാവുന്നത്. ശാശ്വതമല്ലാത്ത ഈ ഭൗതിക ലോകത്തില്‍ സത്യധര്‍മ്മാദികള്‍ ഉപേക്ഷിക്കുന്നത് അശാന്തിക്കേ കാരണമാവൂ എന്ന് ചുരുക്കം.
Comments