കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ഇത്തരുണത്തില്‍ ഭൂഷണമല്ല. എന്നിരുന്നാലും ഇതു സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ അറിയുകയും വേണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, രാഷ്ട്രീയകക്ഷികള്‍, ഉദ്യോഗസ്ഥര്‍, ജനങ്ങള്‍ എന്നിവരുടെ കൂട്ടായതും ദേശീയതാല്പര്യങ്ങള്‍ വച്ചുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ദേശീയ ആരോഗ്യ മേഖലയെ കോവിഡ് മഹാമാരിയുടെ കൈപ്പിടിയില്‍ നിന്നും രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തും. മറിച്ച് പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ ഈ അവസരത്തില്‍ നിഷേധാത്മകവും ആകും.
പൊതുജനാരോഗ്യം സംസ്ഥാന വിഷയമാണെങ്കിലും ദേശമൊട്ടാകെ ഒരു രോഗം ആക്രമിക്കുമ്പോള്‍ ദേശീയ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാമുഖ്യം കിട്ടുക. ഇങ്ങനെയുള്ള സാഹചര്യത്തെ നേരിടാനുള്ള ഏകോപനം കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ തന്നെ നടക്കണം. സംസ്ഥാനങ്ങളുമായി നിരന്തരമായ ആശയവിനിമയം നടക്കണം. കോവിഡ് പ്രതിരോധത്തിനായുള്ള ധനവും ഇരുകൂട്ടരും കണ്ടെത്തി ഉപയോഗിക്കുകയും വേണം.
പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നയിക്കുന്ന കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വിദഗ്‌ദ്ധോപദേശവും പിന്തുണയും ഇതുവരെ ഉറപ്പു വരുത്തിയിരുന്നു. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം കേരളമുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും വളരെ അനുകൂലമായ സമീപനമാണ് എടുത്തതെന്ന് പറയാതെ വയ്യ.
അതേ സമയം തന്നെ രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ കോവിഡ് മഹാമാരിയെ നേരിടുന്ന അടിയന്തരകാലത്ത് ആത്മാര്‍ത്ഥമായ പിന്തുണ നല്‍കിയില്ല. ഓരോ സമയത്തും വിചിത്രമായ കുറ്റപ്പെടുത്തലുകള്‍ക്കാണ് അവര്‍ സമയം കണ്ടെത്തിയത്. ഉദാഹരണത്തിന് കോവിഡ് വാക്‌സിന്റെ കാര്യം മാത്രം എടുത്താല്‍ മതി.
ലോകം മുഴുവന്‍ കോവിഡിനെ നേരിടുവാനുള്ള വാക്‌സിന്‍ കണ്ടു പിടിക്കുവാനുള്ള ശ്രമത്തില്‍ ഭാരതവും പിന്തിരിഞ്ഞു നിന്നില്ല. അതിനുള്ള ശ്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം പ്രതിപക്ഷം ഇവിടുത്തെ ശാസ്ത്രകാരന്മാരുടെ കഴിവിനെ ചോദ്യം ചെയ്യുകയാണ് തുടക്കത്തില്‍ ചെയ്തത്. കണ്ടു പിടിച്ചു കഴിഞ്ഞപ്പോള്‍ അതിന്റെ ഗുണഫലത്തെ ചോദ്യം ചെയ്തു. മനുഷ്യജീവന് അപകടകരമെന്നു വരെ പറഞ്ഞു പരത്തി. ആവശ്യമായ ടെസ്റ്റുകള്‍ നടത്താതെയാണ് ഭാരതത്തിന്റെ വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് പറഞ്ഞ് ഭീതി പരത്തി. ആദ്യം പ്രധാനമന്ത്രി വാക്‌സിനെടുക്കണമെന്ന് വരെ ആവശ്യപ്പെട്ടു. ഇപ്പോള്‍ നിലപാട് മാറ്റി എന്തുകൊണ്ട് ആവശ്യത്തിന് വാക്‌സിന്‍ ഉല്പാദിപ്പിക്കുന്നില്ലെന്നായി. വാക്‌സിനേഷന്‍ താമസിക്കുന്നുവെന്ന ആരോപണവുമായി കുറച്ചു നാള്‍ കൂടി ഇക്കൂട്ടര്‍ മുന്നോട്ടു പോവും.
എന്നിരുന്നാലും കോവിഡിന്റെ ആദ്യഘട്ടവ്യാപനത്തില്‍ ഒരാശ്വാസം ലഭിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ വിജയമായി കേന്ദ്രത്തെ നയിക്കുന്ന രാഷ്ട്രീയ കക്ഷിയും സംസ്ഥാന സര്‍ക്കാരുകളുടെ വിജയമായി സംസ്ഥാന സര്‍ക്കാരുകളെ നയിക്കുന്ന രാഷ്ട്രീയ കക്ഷികളും പി.ആര്‍. വര്‍ക്ക് നടത്തിയത് ഭൂഷണമായോയെന്ന് ഇരുകൂട്ടരും ആത്മവിമര്‍ശനം നടത്തണം. ഇങ്ങനെയുള്ള അടിയന്തിര സാഹചര്യങ്ങളില്‍ കൂട്ടായ്മയുടെ വിജയമായി ഇതിനെ കണ്ടിരുന്നുവെങ്കില്‍ ശക്തമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് സഹായകരമായേനേ.
കോവിഡിന്റെ ആദ്യഘട്ട വ്യാപനത്തിനു ശേഷവും കേന്ദ്ര സര്‍ക്കാര്‍ നിരന്തരമായ ജാഗ്രത പുലര്‍ത്തുന്നുണ്ടായിരുന്നു എന്നു വേണം അനുമാനിക്കുവാന്‍. ഈ വര്‍ഷം ജനുവരിയില്‍ ഉന്നതതല കേന്ദ്ര സംഘം കേരളം സന്ദര്‍ശിക്കുകയും ആവശ്യമായ വിദഗ്‌ദ്ധോപദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഫെബ്രുവരിയില്‍ ഛത്തീസ്ഗഢ്, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് രോഗ സ്ഥിരീകരണ നിരക്കിനെക്കുറിച്ച് മുന്നറിയിപ്പ നല്‍കുക മാത്രമല്ല എന്തെല്ലാം സത്വര നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സമാനമായ സാഹചര്യങ്ങള്‍ നേരിടുന്ന മദ്ധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, തമിഴ്‌നാട്, കര്‍ണാടക, ബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുവാനും സഹായിക്കുവാനുമായി ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളെ നിരീക്ഷിക്കുന്നതോടൊപ്പം തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നതിനും അവരുടെ പ്രതികരണ നടപടികള്‍ വിലയിരുത്തുവാനും , കേന്ദ്ര സംഘങ്ങളുടെ റിപ്പോര്‍ട്ടുകളനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്രം ശ്രദ്ധിച്ചിരുന്നു. എന്നിരുന്നാലും കോവിഡിന്റെ ആദ്യവ്യാപനത്തിലുണ്ടായ സാഹചര്യം താരതമ്യേന മെച്ചപ്പെട്ടപ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അല്പം ആലസ്യം കാട്ടിയോയെന്ന് സംശയം. കോവിഡ് ടെസ്റ്റുകളുടെ എണ്ണം പല സംസ്ഥാനങ്ങളും കുറയ്ക്കുകയും ചെയ്തു. മാര്‍ച്ച് മാസത്തില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തെരെഞ്ഞെടുപ്പ് കടന്നു വന്നു. കേരളത്തിലാണെങ്കില്‍ രണ്ടു തെരെഞ്ഞെടുപ്പുകള്‍ കോവിഡ് കാലത്ത് നടന്നു.
ഭാരതം പോലെയുള്ള ജനാധിപത്യ രാജ്യത്ത് തെരെഞ്ഞെടുപ്പ് അനന്തമായി നീട്ടിവയ്ക്കുവാന്‍ സാധിക്കുകയുമില്ല. എന്നാല്‍ തെരെഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ കേന്ദ്ര സംസ്ഥാന ഭരണകക്ഷികള്‍ ഉള്‍പ്പെടെ യാതൊരു കക്ഷികളും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ തയ്യാറായില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ തെരെഞ്ഞെടുപ്പാണ് കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിന്റെ മൂലകാരണമെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കുവാന്‍ പ്രയാസമാണു താനും. തെരെഞ്ഞെടുപ്പു നടക്കാത്ത സംസ്ഥാനങ്ങളില്‍ ഇതിനെക്കാള്‍ രൂക്ഷമായിരുന്നു സാഹചര്യം.
കുംഭമേളയാണ് രണ്ടാം ഘട്ട വ്യാപനത്തിന് കാരണമെന്ന് പറയുന്നവരും കുറവല്ല. പക്ഷെ, അതും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ലല്ലോ? കുംഭമേളയില്‍ പങ്കെടുക്കുന്നതിന് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായിരുന്നു. പോസിറ്റീവായവര്‍ക്ക് യാതൊരു വിധത്തിലും അതില്‍ പങ്കെടുക്കുവാന്‍ സാധിച്ചിരുന്നില്ല. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് തെറ്റിദ്ധാരണ വരാതിരിക്കാന്‍ ഇടയ്ക്കു വച്ച് കുംഭമേള അവസാനിപ്പിക്കുകയും ചെയ്തു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ക്ക് ഇതില്‍ പങ്കെടുക്കുവാനും സാധിച്ചിരുന്നില്ല.
സത്യത്തില്‍, കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ കാരണങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശദമായി അന്വേഷിക്കേണ്ടതാണ്. ജനിതകവ്യതിയാനം സംഭവിച്ച വൈറസാണ് ഇപ്പോള്‍ രാജ്യത്താകമാനമുള്ളതെന്നാണ് പറയുന്നത്. ഇങ്ങനെയുള്ള വൈറസുകളെ ആദ്യമായി കണ്ടെത്തിയത് ഡല്‍ഹിയിലാണെന്നും പത്ര വാര്‍ത്തകള്‍ കണ്ടു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കുറെയെങ്കിലും ജനങ്ങള്‍ ഒരുമിച്ചുകൂടിയ സ്ഥലമാണ് ഡല്‍ഹിയിലെ കര്‍ഷക സമരം നടക്കുന്ന പ്രദേശങ്ങള്‍. ഇതില്‍ പങ്കെടുക്കുന്നവര്‍ യാതൊരു വിധ പ്രോട്ടോക്കോളും പാലിക്കുന്നില്ലായെന്നത് വസ്തുതയാണ്. ഇത് നമ്മുക്ക് പത്ര ദൃശ്യമാധ്യമങ്ങളിലൂടെ അറിവുള്ളതുമാണ്. പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് അതതു സര്‍ക്കാരുകളുടെ പിന്തുണയോടെ വലിയ തോതില്‍ ആളുകളെ സമര സ്ഥലത്തെത്തിക്കുകയും ചെയ്തു.
കര്‍ഷകസമരത്തിലെ ഈ ആള്‍ക്കൂട്ടത്തെ ഏതെങ്കിലും ഭാരതവിരുദ്ധഛിദ്രശക്തികള്‍ ഉപയോഗപ്പെടുത്തിയോയെന്ന് പരിശോധിക്കേണ്ടതാണ്. ജനിതകവ്യതിയാനം വന്ന വൈറസിനെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുവാന്‍ ഇതിനെക്കാള്‍ പറ്റിയ സാഹചര്യമില്ലെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കിക്കാണും. കൊറോണ വൈറസ് ജൈവായുധമാക്കാന്‍ ചൈന ശ്രമിച്ചെന്ന പത്രറിപ്പോര്‍ട്ടുകള്‍ ഇതോടൊപ്പം കൂട്ടി വായിക്കണം.
കോവിഡ് മഹാമാരി ആരംഭിക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പേ കൊറോണ വൈറസുകളെ ജനിതക ജൈവായുധമായി ഉപയോഗിക്കുവാന്‍ ചൈന പദ്ധതിയിട്ടതായി ‘വീക്ക് എന്‍ഡ് ഓസ്‌ട്രേലിയന്‍’ റിപ്പോര്‍ട്ട് ചെയ്തതായി മെയ് 10 ലെ മനോരമ പത്രം പറയുന്നു. കര്‍ഷകസമരത്തിലെ ജിഹാദികളുടെയും നക്‌സലുകളുടെയും സാന്നിദ്ധ്യം ഇതിനകം തന്നെ വെളിവായതാണല്ലോ? ഇക്കൂട്ടരെ ഭാരതവിരുദ്ധരായ പാക്കിസ്ഥാനും ചൈനയും ഉപയോഗപ്പെടുത്തുവാനുള്ള സാധ്യത വളരെ വലുതാണുതാനും. 2021 ഒക്ടോബര്‍ വരെ കര്‍ഷക സമരം നീളുമെന്ന് സമരനേതാവ് ടിക്കായത്ത് കൂടെക്കൂടെ പറയുന്നതും ഇവിടെ കൂട്ടി വായിക്കണം.
കോവിഡ് രണ്ടാംഘട്ട വ്യാപനത്തെ പിടിച്ചുകെട്ടുവാന്‍ അത്യധ്വാനം ചെയ്യേണ്ടി വരുമെങ്കിലും ഭാരതം വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വന്തമായി വാക്‌സിന്‍ വികസിപ്പിച്ചതിനൊപ്പം തന്നെ മറ്റു വിദേശവാക്‌സിനുകളെ ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ളതുമായ ഭാരതത്തിന്റെ വാക്‌സിന്‍നയം കൊറോണയെ തടയുന്നതില്‍ സഹായകരമാവും. ഈ നയമനുസരിച്ച് അന്തിമ ഉപഭോക്താക്കളായ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി ലഭിക്കുകയും ചെയ്യും. ഇതില്‍ സംസ്ഥാനങ്ങളുടെ സഹകരണം പ്രശംസാര്‍ഹമാണ്.
പക്ഷെ, ഭാരതത്തിന്റെ ജനസംഖ്യ വെല്ലുവിളിയായി നില്‍ക്കുന്നു എന്നത് ഭരണാധികാരികള്‍ കാണാതെ പോവരുത്. ഇരട്ട ഡോസ് വാക്‌സിന്‍ പ്രായോഗികമല്ല. ഒറ്റ ഡോസ് വാക്‌സിന്‍ കണ്ടെത്തുന്നത് കൂടുതല്‍ വേഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുവാന്‍ സഹായിക്കും. കോവിഡ് രോഗത്തിന് മരുന്നായി 2ഡിജി വരുന്നത് രാജ്യത്തിന് ആശ്വാസകരമാണ്.
യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്ത അഭിപ്രായപ്രകടനങ്ങള്‍ക്ക് മുതിരാതെ ഒരു രാഷ്ട്രമായി, ഒരു ജനതയായി ഒരുമിച്ച് പോരാടിയാല്‍ ധാര്‍മ്മിക മൂല്യങ്ങളുള്ള ഭാരതം ഈ യുദ്ധത്തില്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
Comments