നാഗ്പൂരില്‍ രംഗം കലുഷിതമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനേകം സ്വയംസേവകരുടെ വീടുകള്‍ കയ്യേറി. കാര്യാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. പിറ്റേന്ന് രാവിലെ ധര്‍ണ്ണയ്ക്കുശേഷം പ്രകടനമായി അവര്‍ ഗുരുജിയുടെ വീടു ലക്ഷ്യമാക്കി തിരിക്കുമെന്ന് പോലീസിന്റെ രഹസ്യസന്ദേശം സംഘത്തിന് അനൗപചാരികമായി ലഭിച്ചു. ഗുരുജിയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണെന്നും അതു സംബന്ധിച്ച് ഗുരുജിയെ കണ്ടു സംസാരിക്കാന്‍ ഏകനാഥ്ജി ശൂക്രവാര്‍പേട്ടിലേക്ക് പോകണമെന്നും മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ തീരുമാനിച്ചു. ഏകനാഥ്ജി കാര്യാലയത്തില്‍ നിന്നും ഏറെ അകലത്തിലല്ലാത്ത ഗുരുജിയുടെ വീട്ടിലെത്തി, അദ്ദേഹത്തെ വിവരങ്ങള്‍ ധരിപ്പിച്ച് അവിടെ നിന്നും മാറ്റാനായിരുന്നു പദ്ധതി. പോലീസുകാരുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും കണ്ണുവെട്ടിച്ച് ഏകനാഥ്ജി ഗുരുജിയുടെ വീടിനടുത്തെത്തി. പക്ഷെ, നേരിട്ട് വീട്ടിലെത്താന്‍ നിര്‍വാഹമില്ലായിരുന്നു. ഈ വിഷമസ്ഥിതിയില്‍ സ്വന്തം ജീവന്‍ അവഗണിച്ച് അദ്ദേഹം അടുത്തടുത്ത് മുട്ടി നില്‍ക്കുന്ന വീടുകളുടെ ടെറസ്സുകളിലൂടെ ഗുരുജിയുടെ വീടിന്റെ മുകളില്‍ എത്തി. ഉദ്ദിഷ്ടകാര്യത്തിനായി കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ പാറിപ്പറന്ന് അഭ്രപാളികളില്‍ അഭ്യാസം കാണിക്കുന്ന നായകന്മാരെ കണ്ടു പരിചയിച്ചവര്‍ക്കിത് സങ്കല്പിക്കുക സാധ്യമാണ്. എന്നാല്‍ സര്‍സംഘചാലകന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ കെട്ടിടങ്ങള്‍ ചാടിക്കടക്കുന്ന പ്രാന്തപ്രചാരകന്‍ നമ്മുടെ സങ്കല്പങ്ങള്‍ക്കും അപ്പുറത്താണ്. അതാണ് ഏകനാഥ്ജി. നമ്മെപോലുള്ള സാധാരണ സ്വയംസേവകരുടെ സങ്കല്പങ്ങള്‍ക്കുമപ്പുറത്തേക്ക്, നിശ്ചയിച്ച സംഘകാര്യം സിദ്ധിക്കുന്നതിനായി ജീവന്‍പോലും അവഗണിക്കുന്ന ഇച്ഛാശക്തിയാണ് അദ്ദേഹത്തിന്റേത്.
ഇത്രയധികം പണിപ്പെട്ട് ഗുരുജിയുടെ വീടിനകത്തെത്തിയപ്പോള്‍ അത്ഭുതവും അമ്പരപ്പും ഇല്ലാതെ ഗുരുജി അദ്ദേഹത്തെ സ്വാഗതം ചെയ്തു. എല്ലാം ക്ഷമയോടെ കേട്ടു. പക്ഷെ, വീട്ടില്‍ നിന്നും മാറുന്ന പ്രശ്‌നമില്ലെന്ന് ഗുരുജി ഉറച്ചുപറഞ്ഞു. ഏകനാഥ്ജി അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിക്കാന്‍ പരിശ്രമിച്ചു; പരാജയപ്പെട്ടു. അന്നു ഗുരുജിയുമായി നടത്തിയ സംഭാഷണം ഒരു വിദ്യാഭ്യാസപ്രക്രിയയായിരുന്നു എന്നാണ് ഏകനാഥ്ജി പില്‍ക്കാലത്ത് പറഞ്ഞത്. ”എന്റെ നാട്ടുകാര്‍ക്കിടയില്‍ അവര്‍ക്കുവേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. അതവര്‍ക്കു സ്വീകാര്യമല്ലാത്തതിനാല്‍ അവരെന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇവിടെ നിന്ന് ഒളിച്ചോടി മറ്റൊരു സ്ഥലത്തുപോയി ഇതേകാര്യം പ്രവര്‍ത്തിച്ചാല്‍ നാളെ അവിടെയും ഇതേ സാഹചര്യം ഉണ്ടായെന്നു വരാം. അപ്പോള്‍ അവിടെ നിന്നും ഞാന്‍ ഒളിച്ചോടേണ്ടി വരില്ലേ?””ഇതായിരുന്നു ഗുരുജിയുടെ ചോദ്യം. അതുകൊണ്ട് ഞാനിവിടുന്ന് ഇളകുന്ന പ്രശ്‌നമില്ലെന്നും, ജീവന്‍ അപായപ്പെട്ടാല്‍ അതും നേരിടാമെന്നും താങ്കള്‍ ശാന്തനായിരിക്കൂ എന്നും ഗുരുജി കൂട്ടിച്ചേര്‍ത്തു. ഗുരുജിയുടെ തീരുമാനത്തിനു മുന്നില്‍ പരാജിതനായെങ്കിലും ഗുരുജി നല്‍കിയ സന്ദേശം ഹൃദിസ്ഥമാക്കുന്നതില്‍ ഏകനാഥ്ജി വിജയിച്ചു. ഒരു വ്യക്തിക്ക് താനനുഷ്ഠിക്കുന്ന കര്‍മ്മത്തിലുള്ള അടിയുറച്ച വിശ്വാസമെന്തെന്ന് ഏകനാഥ്ജി മനസ്സിലാക്കി. സാമൂഹ്യസേവനം ചെയ്യുമ്പോള്‍ മുഴുവന്‍ സമൂഹത്തിന്റെയും വിശ്വാസത്തിന് എന്തുമാത്രം വിലകല്‍പ്പിക്കണമെന്നും അതെങ്ങനെ നേടണമെന്നും ഗുരുജി പഠിപ്പിക്കുന്നു. അവയ്‌ക്കെല്ലാമുപരിയായി ഒരു കാര്യകര്‍ത്താവിന്റെ, അഥവാ ഒരു സമാജ സേവകന്റെ ആന്തരികശക്തി എന്തായിരിക്കണമെന്ന അറിവും ഗുരുജി പകര്‍ന്നു നല്‍കി. ഇത്തരം സാഹചര്യങ്ങളില്‍ മനസ്സ് ഏതറ്റം വരെ നിര്‍ഭയത്വത്തോടെ നിലകൊള്ളണമെന്നതും ഈ സംഭവത്തിലൂടെ താന്‍ പഠിച്ചെന്ന് ഏകനാഥ്ജി പറഞ്ഞു. സര്‍സംഘചാലകനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയം വെച്ച പ്രചാരകന്റെ മനസ്സിന്റെ നിര്‍ഭയത്വവും സമാജത്തിന്റെ വിശ്വാസമാര്‍ജ്ജിക്കാന്‍ സ്വന്തം ജീവന്‍ പണയം വെച്ച സര്‍സംഘചാലകന്റെ മനസ്സിന്റെ നിര്‍ഭയത്വവും തമ്മില്‍ മുഖാമുഖം നില്‍ക്കുന്ന ഇത്തരം മുഹൂര്‍ത്തങ്ങളെക്കുറിച്ചോര്‍ക്കുന്നത് ഏതുകാലത്തും ഏതു സ്വയംസേവകനും അഭിമാനകരം തന്നെ.
വീണുകിട്ടുന്ന സാഹചര്യങ്ങളെയും വീഴ്ത്താന്‍ ഒരുമ്പെടുന്ന പ്രതിസന്ധികളെയും അവസരങ്ങളായി കാണുന്നതും അതിന് പരിഹാരം കണ്ടെത്തുന്നതും അദ്ദേഹത്തിന്റെ ശൈലിയായിരുന്നു. ഒരിക്കല്‍ പ്രവാസത്തിനിടയില്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടുപോയി. ഒരു മാന്യവ്യക്തിയുടെ വീട്ടില്‍ എത്തി കുറച്ചുസമയം കഴിഞ്ഞ് രാത്രി കിടക്കാന്‍ നേരമാണ് പണം നഷ്ടപ്പെട്ട കാര്യം അദ്ദേഹം ശ്രദ്ധിച്ചത്. ഇക്കാര്യം തുറന്നുപറഞ്ഞാല്‍ തിരിച്ചുപോകാനുള്ള പണം ലഭിക്കാനുള്ള സാഹചര്യം അവിടെ ഉണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം ഗൃഹനാഥനോട് കാര്യം പറഞ്ഞില്ല. കാരണം പണം നഷ്ടപ്പെട്ടത് എവിടെ വെച്ചാണെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു. ആ വീട്ടില്‍ കുറച്ചു വേലക്കാര്‍ ഉണ്ടായിരുന്നു. പണം നഷ്ടപ്പെട്ട കാര്യം പറഞ്ഞാല്‍ ഒരു പക്ഷെ ഗൃഹനാഥന്‍ അവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. തന്റെ അശ്രദ്ധ കാരണം ഉണ്ടായ അബദ്ധത്തിന്റെ പേരില്‍ അവര്‍ക്ക് അങ്ങനെയൊരു അവസ്ഥ ഉണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ഈ സംഭവത്തിന്റെ പര്യവസാനം ഇതായിരുന്നില്ല. തന്റെ അശ്രദ്ധയ്ക്കും അബദ്ധത്തിനും അദ്ദേഹം സ്വയം പരിഹാരം കണ്ടെത്തി. അതിനു ശേഷം പ്രത്യേകം തയ്പിച്ച ഷര്‍ട്ടുകളാണ് അദ്ദേഹം ഉപയോഗിച്ചത്. ഇടതുകീശയില്‍ പണവും വലതു കീശയില്‍ ഡയറിയും മുകള്‍ ഭാഗത്ത് പേനയും വെക്കുന്ന ശീലം അദ്ദേഹം അവസാനം വരെ തുടര്‍ന്നു. യാത്രാവേളകളിലും രാത്രി ഉറങ്ങാന്‍ നേരത്തും ഈ കീശകള്‍ ഇടംവലം കീഴ്‌മേല്‍ തൊട്ടുനോക്കി ഉറപ്പിക്കുന്ന ശീലം രൂപപ്പെട്ടു. ഒരു ദിവസം തീവണ്ടിയാത്രയില്‍ ഇതു സംബന്ധിച്ച രസകരമായ ഒരു സംഭവവുമുണ്ടായി. യാത്രാമധ്യേ ഭഗവദ്ഗീത വായിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സഹയാത്രികന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ തുടങ്ങി. താങ്കള്‍ ബൈബിള്‍ വായിക്കാറില്ലേ എന്നായിരുന്നു ചോദ്യം. വായിച്ചിട്ടുണ്ടെന്ന് ഉത്തരം പറഞ്ഞു. ചോദ്യകര്‍ത്താവ് തിലകക്കുറിയണിഞ്ഞ ഒരു ഹിന്ദുവായിരുന്നു. കൃസ്ത്യാനിയായ താങ്കള്‍ ബൈബിള്‍ വായിക്കാതെ ഗീത വായിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നെന്ന് സഹയാത്രികന്‍ പറഞ്ഞു. ഞാന്‍ കൃസ്ത്യാനിയാണെന്ന് താങ്കള്‍ക്കെങ്ങനെ മനസിലായെന്ന് ഏകനാഥ്ജി തിരിച്ചുചോദിച്ചു. ഇന്നലെ രാത്രി കിടക്കാന്‍ നേരത്ത് താങ്കള്‍ കുരിശുവരയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു മറുപടി. ഏകനാഥ്ജി പുഞ്ചിരിച്ചു. ഏകനാഥ്ജിയുടെ കീശതപ്പല്‍ കുരിശുവരയ്ക്കുന്നതായി സഹയാത്രികന്‍ തെറ്റിദ്ധരിച്ചു. ഒരു കാര്യകര്‍ത്താവ് സദാസമയവും ജാഗ്രതയുള്ളവനായിരിക്കണം എന്നു പറയുന്ന സമയത്തായിരുന്നു ഏകനാഥ്ജി ഈ സംഭവം ഉദാഹരിച്ചത്. കാര്യകര്‍ത്താവിന്റെ ശരീരത്തിന്റെ ഭാഗമായിരിക്കണം പേനയും ഡയറിയുമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു.
കര്‍ത്തൃത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും ക്രമാനുഗത വികാസത്തിനുള്ള മറ്റൊരു പരിപുഷ്ട ഭൂമിയായിരുന്നു പിന്നീടദ്ദേഹത്തിന് ലഭിച്ചത്. നിരോധനാനന്തരം 1950 മുതല്‍ അദ്ദേഹം വടക്കുകിഴക്കന്‍ ഭാരതത്തില്‍ ക്ഷേത്രീയ പ്രചാരകനായി നിയുക്തനായി. കൊല്‍ക്കത്ത കേന്ദ്രമാക്കി ബംഗാള്‍, ഒഡീഷ, ആസാം, മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ യാത്രയാരംഭിച്ചു. ഏതു പ്രവര്‍ത്തനം ചെയ്യുമ്പോഴും അതിനുവേണ്ട ഗൃഹപാഠങ്ങളും മുന്നൊരുക്കങ്ങളും നടത്തുക എന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. ചെയ്യാനുള്ള കര്‍മ്മത്തിന്റെ അങ്ങേയറ്റം വരെ ചിന്തിച്ച് വേണ്ട തയ്യാറെടുപ്പുകള്‍ അദ്ദേഹം സ്വയം നടത്തും. അതിനായി ഏതു കഠിനപരിസ്ഥിതിയിലൂടെയും അദ്ദേഹം കടന്നുപോകും. കര്‍ത്തവ്യ നിര്‍വ്വഹണത്തിനായി അദ്ദേഹം നിര്‍ദ്ദേശിച്ച മൂന്നു മുന്നുപാധികളില്‍ മുഖ്യമായ ഒന്നാണിത്. സേവനത്തിനുള്ള ഉള്‍വിളി, സേവാസജ്ജമായ ഉപകരണമായി സ്വയം പാകപ്പെടല്‍, അതിനായുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം എന്നിവയാണ് ഈ മൂന്നുപാധികള്‍. ഇതില്‍ സ്വയം ഉപകരണമാവാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന സ്വഭാവക്കാരനായിരുന്നു ഏകനാഥ്ജി. ബംഗാളി ഭാഷയും ആസമീസ് ഭാഷയും വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ടാണ് അദ്ദേഹം പഠിച്ചത്. അവിടുത്തെ സ്വയംസേവകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കത്തെഴുതിയിട്ടായിരുന്നു ഭാഷ വികസിപ്പിക്കാന്‍ പരിശ്രമിച്ചത്. വടക്കുകിഴക്കന്‍ മേഖലയുടെ പ്രാധാന്യവും വൈവിധ്യവും മനസിലാക്കി അദ്ദേഹം പ്രവര്‍ത്തിച്ചു. ബംഗാളി ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്ന വാരികയില്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. ഇത്തരം പെരുമാറ്റങ്ങള്‍ അവിടേക്ക് നിയമിക്കപ്പെട്ട മറ്റു പ്രചാരകന്മാര്‍ക്ക് മാതൃകയും പ്രേരണയുമായി. കാര്യസിദ്ധിക്കുവേണ്ടി ഉപകരണത്തിന് യോഗ്യത ഉണ്ടാവണം എന്ന ചിന്തയും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും ഏകനാഥ്ജിയുടെ കര്‍തൃത്വത്തിന് മാറ്റുകൂട്ടി. ഈ കാലഘട്ടത്തില്‍ തന്നെയാണ് അദ്ദേഹത്തിന്റെ സേവനഭാവനയ്ക്ക് പുതിയ മാനങ്ങള്‍ കൈവരുന്നത്. കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള (ഇന്നത്തെ ബംഗ്ലാദേശ്) അഭയാര്‍ത്ഥി പ്രവാഹവും ബംഗാളിലെ മുസ്ലീം ആക്രമണങ്ങളും അദ്ദേഹം അഭിമുഖീകരിച്ചു. വാസ്തുഹാരാ സഹായ സമിതി എന്ന പേരില്‍ അഭയാര്‍ത്ഥികളെ സഹായിക്കാനായി നിശ്ചിതമായ വ്യവസ്ഥയുണ്ടാക്കി. അഭയാര്‍ത്ഥി പ്രവാഹത്തില്‍ അകപ്പെട്ടുപോയ തന്നെ ഒരച്ഛനെപ്പോലെ എടുത്തു വളര്‍ത്തി പരിപാലിച്ചത് ഏക്‌നാഥ്ജിയാണെന്ന് ദീപ്തി ചൗധരി എന്ന ബിസിനസുകാരന്‍ നിറകണ്ണുകളോടെ പറഞ്ഞിട്ടുണ്ട്.
1936 മുതല്‍ 1953 വരെയുള്ള കാലയളവിലെ സുദീര്‍ഘമായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അഖില ഭാരതീയ ചുമതലയിലേക്ക് നിയോഗിച്ചു. 1953 മുതല്‍ 1956 വരെ ഏകനാഥ്ജി അഖില ഭാരതീയ പ്രചാരക് പ്രമുഖ് എന്ന ചുമതല നിര്‍വ്വഹിച്ചു. ഇക്കാലത്താണ് (1954ല്‍) സിന്ധിലെ അഖില ഭാരത ജില്ലാപ്രചാരക ശിബിരം നടന്നത്. 1950 കളുടെ ആദ്യപാദത്തില്‍ സംഘത്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച ചൂടുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. അതിനുശേഷമാണ് അദ്ദേഹം അഖില ഭാരതീയ തലത്തില്‍ പ്രവാസം ആരംഭിക്കുന്നത്. സംഘത്തിന്റെ സര്‍വോച്ച ചുമതലക്കാര്‍ എന്ന നിലയില്‍ ഗുരുജിയും ഭയ്യാജി ദാണിയും സ്വീകരിച്ച നിലപാടുകളെ അദ്ദേഹം ആദര്‍ശപരമായ വിശ്വാസം കൊണ്ടും അനുശാസനാപരമായ നിഷ്‌കര്‍ഷ കൊണ്ടും ശിരസാവഹിച്ചു. സംഘപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന സ്വരൂപത്തെയും സ്വയംസേവകന്റെ അടിസ്ഥാനഭാവനയെയും പറ്റി അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഒരിക്കലും ഡോക്ടര്‍ജിയുടേതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. സംഘം രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കരുതെന്ന നിലപാടില്‍ ഏകനാഥ്ജി ഉറച്ചുനിന്നു. അതേസമയം തന്നെ വിദ്യാര്‍ത്ഥി പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കാനും അദ്ദേഹം മറന്നില്ല. ശാഖയുടെ അന്തഃസത്ത ചോര്‍ന്നുപോകാത്ത പ്രവര്‍ത്തനമാണ് അന്നുമിന്നും സംഘത്തിന്റെ അടിസ്ഥാനം. ഇതു തന്നെയായിരുന്നു എല്ലാ കാലത്തും എല്ലാവരെയും പോലെ ഏകനാഥ്ജിയുടെ കാഴ്ചപ്പാടും. അദ്ദേഹം ഒരുപടി കൂടി കടന്ന് ഇക്കാര്യം സുവ്യക്തമായി പറയുകയും ചെയ്യാറുണ്ടായിരുന്നു.
പില്‍ക്കാലത്തെ ഒരു വിവിധക്ഷേത്ര കാര്യകര്‍ത്തൃ ബൈഠക്കില്‍ പങ്കെടുക്കവെ ഇതു സംബന്ധിച്ച മാര്‍ഗദര്‍ശനം അദ്ദേഹം നല്‍കി. സംഘവും വിവിധക്ഷേത്ര പ്രവര്‍ത്തനവും തമ്മിലുള്ള അന്തരവും അടുപ്പവും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കാത്ത കാലത്തായിരുന്നു ആ ബൈഠക്ക്. വിവിധക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസേവകര്‍ ശാഖയില്‍ പോവുന്നത് മുടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല എന്നദ്ദേഹം പറഞ്ഞു. ഇതിനു മറുപടിയെന്നോണം ഒരു കാര്യകര്‍ത്താവ് സംശയം ചോദിക്കാനെഴുന്നേറ്റു. “അപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് സംഘപ്രവര്‍ത്തനമല്ലേ? എന്നായിരുന്നു തര്‍ക്കരൂപേണയുള്ള സംശയം. താത്വികവും ആശയപരവുമായ തര്‍ക്കവിതര്‍ക്കങ്ങളിലേക്ക് കടക്കാതെ സരസതയും ഗാംഭീര്യവും ഒരുമിച്ചു ചേര്‍ത്ത് അദ്ദേഹം മറുപടി പറഞ്ഞു:
”യെ ഗയാ കാം സെ” (ഇയാള്‍ സംഘകാര്യം വിട്ടതു തന്നെ) ശാഖയില്‍ പോവാതിരിക്കുന്നതിന് കാരണം കണ്ടെത്തി, ആ സമയത്തും താന്‍ ചെയ്യുന്ന മറ്റെല്ലാ പ്രവര്‍ത്തനവും സംഘപ്രവര്‍ത്തനമാണെന്ന് കരുതുന്നവന്‍ വഴിമാറിപ്പോകും എന്നായിരുന്നു സാരം.
(തുടരും)