ഡോക്ടര്‍ജിയാല്‍ സ്വാധീനിക്കപ്പെട്ട് സംഘസംസ്ഥാപനകാലം മുതല്‍ പ്രവര്‍ത്തിച്ചിരുന്ന യുവാക്കളില്‍ മിക്കവരും പിന്നീട് പ്രചാരകന്മാരായി ജീവിച്ചു. മറ്റു ചിലര്‍ സ്ഥാനീയ കാര്യകര്‍ത്താക്കളായി തുടര്‍ന്നെങ്കിലും അവരില്‍ ഭൂരിഭാഗം പേരും പില്‍ക്കാലത്ത് ജീവിതഭാരം കൊണ്ട് സംഘപഥത്തില്‍ ക്രിയാശീലരല്ലാതായി. അവരൊക്കെ സജീവമല്ലായിരുന്നെങ്കിലും സംഘവുമായി അകന്നിരുന്നില്ല. ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവര്‍ നാഗ്പൂരുമായുള്ള നാഭീനാള ബന്ധം നിലനിര്‍ത്തി. ഇങ്ങനെ നോക്കുമ്പോള്‍ പ്രാരംഭകാലം മുതല്‍ സംഘപഥത്തില്‍ അടിയുറച്ചു നിന്ന സ്ഥാനീയ കാര്യകര്‍ത്താക്കളുടെ പട്ടികയില്‍ പ്രമുഖനാണ് ഡോ.അണ്ണാ സാഹേബ് ദേശ്പാണ്ഡെ.
1890 സപ്തംബര്‍ 7-ന് വര്‍ധയിലെ അഷ്ടി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ഡോക്ടര്‍ജിയുമായി സൗഹൃദത്തിലായ ഇദ്ദേഹം സംഘസംസ്ഥാപനത്തിനു ശേഷം പൂര്‍ണ്ണനിഷ്ഠയോടു കൂടി ഡോക്ടര്‍ജിയോടൊപ്പം സംഘപ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. നാഗ്പൂരില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അമരാവതിയില്‍ ഇന്റര്‍മീഡിയേറ്റും ബോംബെയില്‍ എല്‍.എം.എസ് (ഇന്നത്തെ എം.ബി.ബി.എസ്) പഠനവും പൂര്‍ത്തിയാക്കി. നാലു വര്‍ഷം അമരാവതിയില്‍ സ്വന്തം ചികിത്സാലയത്തില്‍ പ്രാക്ടീസു ചെയ്തതിനു ശേഷം ആര്‍വി നഗരത്തിലേക്ക് താമസം മാറി, അവിടെയാണ് സംഘപ്രവര്‍ത്തനത്തില്‍ സക്രിയനായിരുന്നത്.
ഡോക്ടറായി പരിശീലനമാരംഭിച്ച കാലത്തു തന്നെ അദ്ദേഹം പ്രസിദ്ധനായി. ഏതൊരു സ്വയംസേവകനെയും പോലെ തന്റെ ജോലിയിലെ പെരുമാറ്റവും സമീപനവും കൊണ്ട് വളരെ വേഗത്തില്‍ അദ്ദേഹം പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും ഒരാശ്വാസമായി മാറി. വിദൂരഗ്രാമങ്ങളിലേക്കും യാത്ര ചെയ്യാറുണ്ടായിരുന്ന ഇദ്ദേഹം, പലപ്പോഴും സൗജന്യമായും, അല്ലെങ്കില്‍ നാമമാത്രമായ ഫീസു വാങ്ങിയുമായിരുന്നു ചികിത്സ നടത്തിയത്. ഇക്കാലത്ത് കോണ്‍ഗ്രസ്സിലൂടെ സ്വാതന്ത്ര്യസമരരംഗത്തും സേവാരംഗത്തും പ്രവര്‍ത്തിച്ചു. ആര്‍വിയില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഒരു ശിശുവിദ്യാലയം സ്ഥാപിച്ചു. 1928-30 കാലത്ത് സ്ഥാനീയ ബോര്‍ഡ് പ്രസിഡണ്ട് (തദ്ദേശ ഭരണ വകുപ്പ്) ആയി. വനസത്യഗ്രഹത്തിലും ഉപ്പുസത്യഗ്രഹത്തിലും പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിച്ചു. പിന്നീട് 1948-ലെ സംഘനിരോധന സമയത്തും ഇദ്ദേഹം ജയിലിലായി.
അണ്ണാസാഹേബിന്റെ ശാഖായാത്ര സ്വയംസേവകര്‍ക്ക് ഊര്‍ജ്ജവും അറിവും പകര്‍ന്നു നല്‍കുന്നതാണ്. വാര്‍ദ്ധക്യകാലത്ത് പ്രവാസം ചെയ്യേണ്ടതില്ലെന്ന് പലരും സ്‌നേഹസ്വരത്തില്‍ അഭിപ്രായപ്പെട്ടുവെങ്കിലും അദ്ദേഹമത് ചെവിക്കൊണ്ടില്ല. പ്രവാസം ചെയ്യുന്നിടത്തോളമേ തനിക്ക് ആയുസ്സുണ്ടാവൂ എന്നും പ്രവാസം അവസാനിപ്പിക്കുന്നതോടെ താന്‍ മരണപ്പെടുമെന്നുമാണ് അദ്ദേഹം പറയാറുണ്ടായിരുന്നത്. ഒരുവിധം കടുത്ത തടസ്സങ്ങള്‍ വന്നിട്ടുപോലും നിശ്ചയിച്ച പ്രവാസം റദ്ദാക്കാന്‍ തയ്യാറല്ലാത്ത കാര്യകര്‍ത്താവായിരുന്നു ഈ വന്ദ്യവയോധികനായ ഡോക്ടര്‍. ഇതിന് നിരവധി ഉദാഹരണങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ കാണാം. പൊതുവെ വയോജന കാര്യകര്‍ത്താക്കളുടെ ആരോഗ്യം പരിഗണിച്ച് അവര്‍ക്കുവേണ്ടി തയ്യാറാക്കാറുള്ള പ്രത്യേക വ്യവസ്ഥകള്‍ തനിക്കു വേണ്ടി ചെയ്യുന്നത് അദ്ദേഹത്തിനിഷ്ടമല്ലായിരുന്നു. വിഭാഗ് സംഘചാലകനായിരിക്കെ ഇങ്ങനെയുള്ള ഒരു വ്യവസ്ഥ അദ്ദേഹം സ്‌നേഹപൂര്‍വ്വം നിരസിച്ച് സാധാരണ വ്യവസ്ഥയില്‍ യുവാക്കളോടൊപ്പം താമസിച്ചു. ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവും. എന്നെ യുവസ്വയംസേവകരില്‍ നിന്നും അകറ്റാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് അദ്ദേഹം ഇതിനെ ന്യായീകരിച്ചു കൊണ്ട് കളിപറയും.
വിദര്‍ഭയില്‍ പതിനായിരത്തോളം സ്വയംസേവകര്‍ പങ്കെടുത്ത ശിബിരത്തില്‍ അദ്ദേഹത്തിനു താമസം വ്യവസ്ഥ ചെയ്ത സ്ഥലത്തിനരികില്‍ ഒരു പൊട്ടക്കിണറുണ്ടായിരുന്നു. അബദ്ധത്തില്‍ അദ്ദേഹം ആ കിണറ്റില്‍ വീണു. സ്വയംസേവകരെല്ലാവരും ചേര്‍ന്ന് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ അയക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. നേരെ മരുന്നു പുരട്ടി ഗണവേഷമണിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടില്‍ അദ്ദേഹം സംഘസ്ഥാനിലേക്ക് നടന്നുപോകുന്ന കാഴ്ച സ്വയംസേവകര്‍ക്ക് പ്രേരണാദായകമായി. വിവരമറിഞ്ഞ ഗുരുജി അദ്ദേഹത്തെ കാണാനെത്തിയപ്പോള്‍ അദ്ദേഹം സംഘസ്ഥാനിലായിരുന്നു. 1960-ല്‍ ആര്‍വിയില്‍ നടന്ന സംഘശിക്ഷാവര്‍ഗ്ഗില്‍ അദ്ദേഹം സര്‍വ്വാധികാരിയായിരുന്നു. ഈ സമയത്ത് വീട്ടില്‍ മോഷണം നടന്നു. അതുവരെയുള്ള സമ്പാദ്യമായ 35000 രൂപ നഷ്ടപ്പെട്ടു. ശിബിരത്തില്‍ വെച്ച് വിവരമറിഞ്ഞ അദ്ദേഹം ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും സമ്പത്ത് കൈവശം വെച്ചാല്‍ വരാനിടയുള്ള ഏതോ വലിയ ബാധ്യതയില്‍ നിന്നും തന്നെ മുക്തനാക്കിയ ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ട് സമാശ്വസിച്ചു. ഒന്നും സംഭവിക്കാത്തതു പോലെ വര്‍ഗ്ഗില്‍ തുടരുകയും ചെയ്തു. മറ്റൊരിക്കല്‍ ഒരു ശാഖായാത്രയ്ക്കിടയില്‍ കാളവണ്ടി മറിഞ്ഞ് അപകടം പറ്റിയിട്ടും അദ്ദേഹം യാത്ര റദ്ദാക്കിയില്ല. ഏതു പരിതഃസ്ഥിതിയിലും നിശ്ചയിച്ച സംഘകാര്യത്തില്‍ നിന്ന് പിന്തിരിയരുതെന്ന അടിസ്ഥാനതത്വം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി മാതൃകയേകിയ കാര്യകര്‍ത്താവാണ് അണ്ണാ സാഹേബ് ദേശ്പാണ്ഡെ. ഇന്ന് ഇത്തരം കാഴ്ചയിലും വാര്‍ത്തയിലും നമുക്ക് ആശ്ചര്യം തോന്നാത്ത തരത്തില്‍ ഡോക്ടര്‍ജി വളര്‍ത്തിയെടുത്തതാണ് ഈ കാര്യശൈലി. അണ്ണാജിയെപ്പോലുള്ള നിരവധി കാര്യകര്‍ത്താക്കളിലൂടെ തലമുറകള്‍ കൈമാറ്റം ചെയ്യപ്പെട്ടാണ് ഇതൊക്കെ സംഘത്തില്‍ ഇന്ന് സാധാരണമായി മാറിയത്.
ഡോക്ടര്‍ജി വൈദ്യശാസ്ത്രബിരുദം നേടുന്ന കാലത്ത് മധ്യപ്രവിശ്യയില്‍ ആകെ ഉണ്ടായിരുന്നത് എഴുപത് ഡോക്ടര്‍മാരാണ്. അവരില്‍ ഇരുപത്തഞ്ചോളം പേരും ഒന്നല്ലെങ്കില്‍ മറ്റൊരു തലത്തില്‍ വളരെ പ്രത്യക്ഷമായി തന്നെ സംഘവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. അക്കൂട്ടത്തില്‍ വളരെ സജീവമായി സംഘപഥത്തില്‍ നിലയുറപ്പിച്ച ഒരു ഡോക്ടര്‍ എന്ന നിലയിലും പ്രതിസന്ധികളെ പുഞ്ചിരിച്ചു നേരിടാനുള്ള പരിശീലനം പകര്‍ന്നു നല്‍കിയ സ്വയംസേവകന്‍ എന്ന നിലയിലും അവശ്യഘട്ടങ്ങളില്‍ തിരിഞ്ഞു നോക്കുമ്പോള്‍ കൈയ്യകലത്തു തന്നെ കാണുന്ന സംഘചാലകന്‍ എന്ന നിലയിലും അണ്ണാജി ഒരുത്കൃഷ്ട മാതൃകയാണ്. ആഗ്രഹിച്ച പോലെ, 1974 നവംബര്‍ 25 ന് മരണം വരിക്കുന്നതു വരെ അദ്ദേഹം ശാഖാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ‘ചലനം ചലനം രാപ്പകല്‍ ചലനം’ എന്ന ഗീതത്തിലെ വരികളും തത്വവും ഓര്‍മ്മപ്പെടുത്തുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.