ഒന്‍പത് തരം ചിത്ത വിക്ഷേപങ്ങള്‍ അഥവാ തടസ്സങ്ങള്‍ (അന്തരായങ്ങള്‍) പറയുന്നതോടൊപ്പം അവയ്ക്ക് 5 കൂടപ്പിറപ്പുകളെയും (സഹഭുവങ്ങള്‍) പറയുന്നുണ്ട്.
‘ദു:ഖ – ദൗര്‍മനസ്യ – അംഗമേജയത്വ – ശ്വാസ – പ്രശ്വാസാ: വിക്ഷേപ സഹ ഭുവ:’
അതായത് രോഗം (വ്യാധി) വരുമ്പോള്‍ ദു:ഖം വരും, ദൗര്‍മനസ്യം വരും, ചിലപ്പോള്‍ വിറ വരും, ശ്വാസോച്ഛ്വാസങ്ങളില്‍ മാറ്റം വരും. ഇവയെയാണ് സഹഭുവങ്ങളെന്നു സൂചിപ്പിക്കപ്പെട്ടത്. ഇവ അഞ്ചും വിക്ഷിപ്ത ചിത്തരിലേ കാണൂ. ഏകാഗ്രചിത്തരില്‍ ഇവ കാണില്ല.
ചിത്ത വിക്ഷേപങ്ങളുടെ ലക്ഷണമായും ഇവയെ എടുക്കാം. വേദന ദു:ഖമാണ് – ശാരീരികമായാലും മാനസികമായാലും. അതുണ്ടായാല്‍ ശരീരത്തിലോ മനസ്സിലോ രോഗമുണ്ടെന്നു മനസ്സിലാക്കാം. വേദനയോടൊപ്പം ബലക്ഷയം കൂടി വന്നാല്‍ നിരാശയാണ് ഫലം. അത് നാഡികളെ ബാധിക്കും. പ്രാണ പ്രവാഹത്തെ തടസ്സപ്പെടുത്തും. ശ്വാസഗതിയില്‍ ഇതു പ്രതിഫലിക്കും.
ദുഃഖം
സാംഖ്യകാരിക തുടങ്ങുന്നത് ‘ദു:ഖത്രയ അഭിഘാതാത് ജിജ്ഞാസാ തദഭിഘാതകേ ഹേതൗ’ എന്നാണ്. ഭൗതികവും ആത്മീയവും ദൈവികവുമായി മൂന്ന് തരം ദു:ഖങ്ങളുണ്ട്.
മറ്റു ജന്തുക്കളില്‍ (ഭൂതങ്ങളില്‍) നിന്നുള്ള ഉപദ്രവങ്ങളാണ് ആധിഭൗതികങ്ങള്‍. വീട്, മതില്‍ മുതലായവയൊക്കെ നാം ഉണ്ടാക്കുന്നത് ഈ ദു:ഖങ്ങളെ തടയാനാണ്.
തന്റെ തന്നെ ശരീരത്തിലും മനസ്സിലും ഉണ്ടാകുന്ന രോഗാദികളും രാഗാദികളും ആയ ദുഃഖങ്ങള്‍ ആധ്യാത്മികങ്ങള്‍. ആത്മാവ് എന്നാല്‍ ഇവിടെ വ്യക്തി എന്നര്‍ഥമെടുത്താല്‍ മതി. ഉള്ളിലിരിക്കുന്ന ചൈതന്യമെന്ന അര്‍ത്ഥത്തിലല്ല. ദാഹം, വിശപ്പ് മുതലായവ ദുഃഖം തന്നെ. വെള്ളം ഭക്ഷണം എന്നിവയാല്‍ അവ മാറിക്കിട്ടും. എന്നാല്‍ അവ അശുദ്ധമാണെങ്കില്‍ മറ്റു രോഗങ്ങള്‍ വരും. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ വൈഷമ്യം കൊണ്ടും രോഗം വരും. വയറിളക്കം, പനി മുതലായവ ഇതില്‍ പെടും.
പ്രകൃതിയില്‍ നിന്നുണ്ടാകുന്ന അതിവൃഷ്ടി, അനാവൃഷ്ടി, സുനാമി, കോവിഡ് 19, ഗ്രഹപ്പിഴകള്‍ മുതലായവ ആധിദൈവികങ്ങള്‍. ഇവയെ മറികടക്കാനുള്ള പ്രയാസങ്ങളും ദു:ഖങ്ങളാണ്. ദേവന്മാര്‍ പ്രകൃതിയുടെ പ്രതിപുരുഷന്മാര്‍ തന്നെ.
ഖം എന്നാല്‍ ആകാശം എന്നര്‍ത്ഥമുണ്ട്. ദുഷ്ടമായ ഖം ആണ് ദു:ഖം. പുറത്തെ ആകാശം ദുഷിച്ചാലും ഹൃദയാകാശം ദുഷിച്ചാലും ദു:ഖം തന്നെ.
ദൗര്‍മനസ്യം
ഒരുവന്റെ ഇച്ഛകളും ആഗ്രഹങ്ങളും സാധിക്കാതെ വരുമ്പോള്‍ മനസ്സിനുണ്ടാകുന്ന ക്ഷോഭമാണ് ദൗര്‍മനസ്യം. ഇതിന്റെ എതിര്‍ വാക്കാണ് സൗമനസ്യം. മനസ്സ് ശാന്തമായൊഴുകും. ഒരു ഗ്ലാസില്‍ പകുതി പാല്‍ ഉണ്ടെങ്കില്‍ ദുര്‍മനസ്സുള്ളവന്‍ അത് പകുതിയും കാലിയാണെന്നു പറയും; സുമനസ്സ് പകുതി നിറഞ്ഞിട്ടുണ്ടെന്നു പറയും.
കാലമാവുമ്പോള്‍ മാവില്‍ നിറയെ മാങ്ങയുണ്ടാകും. അതില്‍ മാവു സന്തോഷിക്കണം. മാങ്ങയ്ക്കു പകരം തേങ്ങയുണ്ടാവണമെന്നാഗ്രഹിക്കരുത്. ദുര്‍മനസ്സാണ് അത്തരത്തിലാഗ്രഹിക്കുക.
അംഗമേജയത്വം
അംഗങ്ങള്‍ അഥവാ അവയവങ്ങള്‍ വിറക്കുക – അംഗാനി ഏജയതി, കമ്പയതി – അതാണ് അംഗമേജയത്വം. ‘സമം കായ – ശിരോ – ഗ്രീവം ധാരയന്‍ അചലം സ്ഥിര:’ എന്ന് ഭഗവദ്ഗീത. ദേഹം, ശിരസ്സ്, കഴുത്ത് എന്നിവ സമമാക്കി അചലമായും സ്ഥിരമായും ഇരിക്കണം. വിറയലിന് രോഗവും കീടങ്ങളുടെ ആക്രമണവും ആസന സിദ്ധി ഇല്ലാത്തതും കാരണമാവാം. വികാരവിക്ഷോഭമുണ്ടാവുമ്പോള്‍ ശരീരം കോച്ചുന്നതും പിരിമുറുക്കമുണ്ടാവുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും നടക്കുമ്പോള്‍ കൈ കൊണ്ട് അറിയാതെ ആംഗ്യം കാട്ടുന്നതുമൊക്കെ ഇതില്‍ പെടും.
ശ്വാസ – പ്രശ്വാസം
അകത്തേക്കെടുക്കുന്ന വായുവാണ് ശ്വാസം. അകത്തുള്ള വായുവിനെ പുറത്തേക്കു കളയുന്നത് പ്രശ്വാസം. അലര്‍ജി, ആസ്ത്മാരോഗം മുതലായവ ശ്വാസഗതിയുടെ വേഗതയില്‍ മാറ്റമുണ്ടാക്കും. മനസ്സില്‍ പിരിമുറുക്കമുണ്ടാവുമ്പോള്‍ ശ്വാസത്തിനു വേഗത കൂടും. ഇവ സാധകന്റെ നിയന്ത്രണത്തിലിരിക്കണം. പ്രാണായാമം ഇതിനുള്ള അഭ്യാസമാണ്.
ചിത്തവിക്ഷേപങ്ങള്‍ രാജസഗുണത്തിന്റെ പ്രകടീഭാവമാണ്. സാത്വികത വളരുമ്പോള്‍ മനസ്സ് അടങ്ങും.