മനുഷ്യന്റെ ശാസ്ത്രനേട്ടങ്ങളുടെ ഒരു യക്ഷിക്കഥാ രൂപമാണ് മുങ്ങിക്കപ്പലുകള്‍ അഥവാ അന്തര്‍വാഹിനികള്‍ എന്ന് വേണമെങ്കില്‍ പറയാം. മുങ്ങിക്കപ്പലുകള്‍ യാഥാര്‍ത്ഥ്യമായിട്ട് ഒരു നൂറ്റാണ്ടിലേറെയായെങ്കിലും അവയെചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ക്ക് ഇന്നും ഒരു പഞ്ഞവുമില്ല. സൈനിക ആവശ്യങ്ങള്‍ക്ക് മാത്രമേ ഇതുപയോഗിക്കുന്നുള്ളൂ എന്നതാവാം ഒരു പ്രധാന കാരണം.
പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ മുങ്ങിക്കപ്പലുകളുടെ ഡിസൈനും വികസനവും തുടങ്ങിയിരുന്നെങ്കിലും അവ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയത് ഒന്നാം ലോകമഹായുദ്ധത്തിലാണ്. വെള്ളത്തിലൂടെ പതുങ്ങിവന്ന് ആക്രമിക്കുന്ന ജര്‍മ്മന്‍ അന്തര്‍വാഹിനികള്‍ അന്ന് ശത്രുക്കളുടെ ഏറ്റവും വലിയ പേടിസ്വപ്‌നമായിരുന്നു.
രണ്ടാം ലോകമഹായുദ്ധമായപ്പോഴേക്കും അന്തര്‍വാഹിനികള്‍ ഒരുപാട് വളര്‍ന്നിരുന്നു. കൂടുതല്‍ ആയുധശേഷി, കൂടുതല്‍ ആള്‍ക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി, കൂടുതല്‍ ദിവസം മുങ്ങിക്കിടക്കാനുള്ള ശേഷി അങ്ങിനെ രണ്ടാം ലോകമഹായുദ്ധത്തിലെ കടല്‍പ്പോരാട്ടങ്ങളില്‍ അന്തര്‍വാഹിനികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ബ്രിട്ടീഷ് അധികൃതരുടെ കണ്ണുവെട്ടിച്ച് നേതാജി സുഭാഷ് ചന്ദ്ര ബോസ് ജര്‍മ്മനിയില്‍ നിന്നും ജപ്പാനിലേക്കുള്ള ദീര്‍ഘമായ കടല്‍വഴി താണ്ടിയത് ഒരു മുങ്ങിക്കപ്പലിലാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ രോമാഞ്ചദായകമായ ഒരേടാണ് നേതാജിയുടെ ഈ യാത്ര.
രണ്ടാം ലോകയുദ്ധത്തിന് ശേഷം ശീതയുദ്ധം ആരംഭിച്ചതോടെ കടലാഴങ്ങളിലെ പോരാട്ടതന്ത്രങ്ങളുടെ അലകും പിടിയും മാറാന്‍ തുടങ്ങി. വന്‍ശക്തികളുടെ വിഭവശേഷിയുടെ സിംഹഭാഗവും ആയുധപ്പന്തയത്തിനു നീക്കിവെക്കപ്പെട്ടപ്പോള്‍ കടല്‍നീലിമയിലും സാങ്കേതിക വിപ്ലവം അരങ്ങുതകര്‍ത്തു.
അന്തര്‍വാഹിനി
പേര് സൂചിപ്പിക്കുന്നതുപോലെ, സമുദ്രത്തിന്റെ ഉള്ളില്‍ വസിക്കാന്‍ ശേഷിയുള്ള വാഹനം. നൂറുമീറ്ററോളം നീളമുള്ള ഒരു ഭീമന്‍ കുഴലാണ് അന്തര്‍വാഹിനിയുടെ ശരീരം. ജലനിരപ്പിനു മുകളിലേക്ക് വരാതെ തന്നെ ഉപരിതലം നിരീക്ഷിക്കാനും നാവികര്‍ക്ക് കയറാനും ഇറങ്ങാനുമുള്ള സംവിധാനങ്ങള്‍ അടങ്ങിയ ഒരു ക്യാബിന്‍ മുകളിലുണ്ട്. കപ്പലിനെ മുന്‍പോട്ട് ചലിപ്പിക്കുന്ന പ്രൊപ്പല്‍ഷന്‍ ബ്ലെയ്ഡ് ആണ് മറ്റൊരു പ്രധാനമായ ഭാഗം. ഇത് പിന്നിലാണ്. കപ്പലിന്റെ സന്തുലനം നിലനിര്‍ത്താനാവശ്യമായ, മീനിന്റേതു പോലെ രണ്ടു ചിറകുകള്‍ രണ്ടു ഭാഗത്ത്.
കപ്പലിന്റെ ബോഡിയിലുള്ള ശൂന്യമായ അറകളാണ് കപ്പലിനെ മുങ്ങാനും പൊങ്ങാനും സഹായിക്കുന്നത്. ഒരു വസ്തു വെള്ളത്തില്‍ മുക്കുമ്പോള്‍ ഒഴിഞ്ഞുമാറുന്ന ജലത്തിന്റെ ഭാരം വസ്തുവിന്റെ ഭാരത്തേക്കാള്‍ കൂടുതലാണെങ്കില്‍ അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കും. വെള്ളത്തിന്റെ ഭാരം വസ്തുവിനേക്കാള്‍ കുറവാണെങ്കില്‍ അത് താണു പോകും. ആര്‍ക്കിമിഡീസ് കണ്ടെത്തിയ ഈ തത്വത്തിന്മേലാണ് വലിയ കപ്പലുകള്‍ സഞ്ചരിക്കുന്നതും മുങ്ങിക്കപ്പലുകള്‍ ജലത്തിലേക്ക് ആണ്ടുമുങ്ങുന്നതുമെല്ലാം. അപ്പോള്‍ നിയന്ത്രിതമായി കപ്പലിന്റെ ഭാരം ക്രമീകരിച്ചാല്‍ അതിനെ മുക്കാനോ പൊക്കാനോ ഒക്കെ സാധിക്കും.
കപ്പലിലുള്ള ശൂന്യ അറകളിലേക്ക് കടല്‍വെള്ളം പമ്പുചെയ്ത് നിറക്കുമ്പോള്‍ ഭാരം കൂടുകയും അത് ആഴത്തിലേക്ക് മുങ്ങുകയും ചെയ്യുന്നു.വെള്ളം പമ്പ് ചെയ്തു കളഞ്ഞാല്‍ ഭാരം കുറയുന്ന കപ്പല്‍ ജലോപരിതലത്തിലേക്ക് പൊങ്ങിവരികയും ചെയ്യും.
അന്തര്‍വാഹിനികള്‍ പ്രവര്‍ത്തിക്കുന്നത് ബാറ്ററി ശക്തിയിലാണ്. ആണവ അന്തര്‍വാഹിനികളില്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നത് ആണവ ജനറേറ്ററുകള്‍ ഉപയോഗിച്ചാണ്. കപ്പലിന്റെ വാലില്‍ ഘടിപ്പിക്കുന്ന വളരെ ചെറിയ, സമ്പുഷ്ട യുറേനിയം ഉപയോഗിച്ചുള്ള റിയാക്ടറാണ് അന്തര്‍വാഹിനിയുടെ ഹൃദയം. കപ്പലിന്റെ ആയുസ്സിലേക്ക് വേണ്ട മുഴുവന്‍ ഇന്ധനവും ആദ്യം തന്നെ അതില്‍ നിറച്ചിരിക്കും. ആണവ അന്തര്‍വാഹിനികള്‍ക്ക് ബാറ്ററി ചാര്‍ജിങ്ങിനു വേണ്ടി ജലോപരിതലത്തിലേക്ക് വരേണ്ട ആവശ്യമില്ല. ഇടക്കിടക്ക് ഇന്ധനം നിറക്കാന്‍ തുറമുഖങ്ങളിലേക്ക് വരേണ്ട ആവശ്യവുമില്ല. ഡീസല്‍ സ്റ്റോക്ക് ചെയ്യാനാവശ്യമായ സ്ഥലം ആവശ്യമില്ല. വയറിലൊളിപ്പിച്ച തീഗോളങ്ങളും മനുഷ്യരുമായി അവന്‍ മാസങ്ങളോളം കടലാഴങ്ങളില്‍ പതുങ്ങി നടന്നു കൊള്ളും.
1950 കളില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട അമേരിക്കയുടെ നോട്ടിലസ് ആണ് ആദ്യ ആണവ അന്തര്‍വാഹിനി. തുടര്‍ന്ന് സോവിയറ്റുയൂണിയനും ഈ രംഗത്ത് സജീവമായി. പതുക്കെ ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന എന്നിവരും ആണവ അന്തര്‍വാഹിനിയുടെ സങ്കീര്‍ണ സാങ്കേതികത സ്വന്തമാക്കി. ഇന്നത്തെ ആണവ അന്തര്‍വാഹിനികളില്‍ ഭൂഖണ്ഡാന്തര മിസൈലുകള്‍ വരെ ഘടിപ്പിക്കാം. കടലിനടിയില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അപ്പുറത്തേക്കുള്ള ലക്ഷ്യങ്ങളിലേക്ക് ഭസ്മാസുരന്മാരെ തൊടുക്കാന്‍ ശേഷിയുള്ള ഈ ഭീമന്മാരാണ് ഒരു മൂന്നാം ലോകയുദ്ധം തടഞ്ഞത് എന്ന് തന്നെ വേണമെങ്കില്‍ പറയാം.
ഇതുകൊണ്ടൊക്കെത്തന്നെയാണ് അന്തര്‍വാഹിനികള്‍ ആണ് ഒരു നാവികസേനയുടെ യഥാര്‍ത്ഥ കരുത്തും നട്ടെല്ലും എന്ന് പറയുന്നത്. രണ്ടോ മൂന്നോ അന്തര്‍വാഹിനികള്‍ ചേര്‍ക്കുമ്പോള്‍ നാവികസേനയുടെ ശക്തി പല മടങ്ങാണ് വര്‍ദ്ധിക്കുന്നത്.
ഏത് കാര്യത്തിലെന്ന പോലെ ഇവിടയും വളരെ വൈകിയാണ് ഭാരതം ഈ രംഗത്തേക്ക് കടന്നു വന്നത്. പാകിസ്ഥാനേക്കാള്‍ എത്രയോ വലിയ തീരദേശങ്ങള്‍ നമുക്കുണ്ടായിരുന്നിട്ടും, പാകിസ്ഥാനു അമേരിക്ക നല്‍കിയ അന്തര്‍വാഹിനികള്‍ ഉണ്ടായിരുന്നിട്ടും 1970 കള്‍ വരെ നമ്മുടെ നാവികവ്യൂഹത്തില്‍ അന്തര്‍വാഹിനികള്‍ ഉണ്ടായിരുന്നില്ല. പാകിസ്ഥാന്റെ അത്തരമൊരു അന്തര്‍വാഹിനിയായ ഹാംഗോര്‍ ആണ് 1971 ഡിസംബര്‍ മൂന്നിന് നമ്മുടെ പ്രധാന പടക്കപ്പലുകളിലൊന്നായ ഐ.എന്‍.എസ് ഖുക്രിയെ തകര്‍ത്തത്. ആ സംഭവത്തിനു തൊട്ടു മുന്‍പ് വിശാഖപട്ടണം തീരത്ത് പതുങ്ങിയിരുന്ന പി.എന്‍.എസ് ഖാസി എന്ന പാകിസ്ഥാന്‍ മുങ്ങിക്കപ്പലിനെ സാഹസികമായി തകര്‍ത്തത് ആധുനിക കടല്‍പ്പോരാട്ടങ്ങളിലെ നിത്യവിസ്മയമാണ്.
അതോടെയാണ് നാവികശക്തിക്ക് ആഴങ്ങളുടെ കരുത്തുകൂടി വേണമെന്ന് തിരിച്ചറിഞ്ഞതും നമ്മള്‍ അന്തര്‍വാഹിനികള്‍ സ്വന്തമാക്കാന്‍ ആരംഭിച്ചതും. ശത്രുക്കളാല്‍ ചുറ്റപ്പെട്ട വളരെ വിശാലമായ കടല്‍ത്തീരങ്ങളുള്ള നമ്മുടെ നാവിക സുരക്ഷ ഉറപ്പാക്കാന്‍ ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍ തന്നെ അനിവാര്യമാണ്. ഇതിനു വേണ്ടിയുള്ള പ്രോജക്ട് സമര്‍പ്പിക്കപ്പെട്ടങ്കിലും അത് പ്രതിരോധമന്ത്രാലയത്തിലെ പൊടിപിടിച്ച ഫയലുകളില്‍ നിത്യനിദ്രയില്‍ കിടന്നു.എണ്‍പതുകളുടെ ഒടുവില്‍ റഷ്യയില്‍ നിന്നും പാട്ടത്തിനെടുത്ത പഴകിത്തുരുമ്പിച്ച, ഐ.എന്‍.എസ് ചക്ര പേരിനൊരു ന്യൂക്ലിയര്‍ അന്തര്‍വാഹിനി എന്നതിനപ്പുറം ഒരു പ്രയോജനവും ചെയ്തില്ല. അറുപതുകളില്‍ നിര്‍മ്മിച്ച്, റഷ്യ ഉപയോഗിച്ച് പരിപ്പാക്കി, കാലഹരണപ്പെട്ട സാങ്കേതികവിദ്യയുമായി മിക്ക സമയവും വാര്‍ഫുകളില്‍ വിശ്രമിക്കാനായിരുന്നു ചക്രയുടെ വിധി. എങ്കിലും അത്യാവശ്യം റിപ്പയര്‍ കഴിഞ്ഞ് ഇപ്പോള്‍ ചക്ര വീണ്ടും കടലില്‍ ഇറങ്ങിയിരിക്കുന്നു എന്നത് ശുഭവാര്‍ത്തയാണ്. 2022ല്‍ പാട്ടക്കാലാവധി അവസാനിക്കുന്ന ചക്രക്ക് പകരമായി മറ്റൊരു ആണവ അന്തര്‍വാഹിനിക്ക് റഷ്യയുമായി 300 കോടി ഡോളറിന്റെ കരാര്‍ ആവുകയാണ്.
1998ല്‍ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് ആണ് സ്വന്തം ആണവ അന്തര്‍വാഹിനി എന്ന ആശയം പൊടിതട്ടിയെടുത്തതും പദ്ധതിക്ക് പച്ചക്കൊടി കാട്ടിയതും. അങ്ങിനെ വിശാഖപട്ടണം തുറമുഖത്തെ നിഗൂഢമായ വാര്‍ഫുകളില്‍ ഐ.എന്‍.എസ് അരിഹന്ത് പിറവി കൊള്ളാന്‍ തുടങ്ങി. അതീവരഹസ്യമായി മുന്നേറിയ പദ്ധതിയെപ്പറ്റി വളരെ കുറച്ച് വിവരങ്ങളെ മാധ്യമങ്ങള്‍ക്ക് കിട്ടിയുള്ളൂ. അതും ആരംഭിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം.
ഭാഭാ അറ്റോമിക് റിസേര്‍ച് സെന്റര്‍ അതിവേഗം കപ്പലിനാവശ്യമായ ചെറിയ റിയാക്ടര്‍ വികസിപ്പിച്ചു.2003 ല്‍ തന്നെ റിയാക്ടര്‍ Critical ആയി (ആണവ റിയാക്ടര്‍ പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ സാങ്കേതിക പദമാണ് Critical ആവുക എന്നത്). വിചാരിച്ചതിനേക്കാള്‍ വേഗതയില്‍ നിര്‍മ്മാണം പുരോഗമിച്ച കപ്പല്‍ 2009 ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ട്, കടല്‍ പരീക്ഷണങ്ങള്‍ക്ക് (sea trials) വേണ്ടി ബംഗാള്‍ ഉള്‍ക്കടലിലേക്ക് ഊളിയിട്ടു. വിജയകരമായി സീ ട്രയല്‍സ് പൂര്‍ത്തിയാക്കിയ അരിഹന്ത് ഇന്ന് നാവികസേനയുടെ മുന്നണിപ്പോരാളിയാണ്. കടലിനടിയില്‍ നിന്നും 200-450 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള സാഗരിക, 1500-200 കിലോമീറ്ററില്‍ ആണവായുധം പ്രയോഗിക്കാന്‍ ശേഷിയുള്ള സ 4 മിസൈലുകള്‍ എന്നിവയാണ് അരിഹന്തിന്റെ ആവനാഴിയിലെ ബ്രഹ്മാസ്ത്രങ്ങള്‍.
അരിഹന്തിന്റെ അടുത്ത തലമുറ അന്തര്‍വാഹിനിയായ അരിധമന്‍ കൂടി ഇപ്പോള്‍ സീ ട്രയലുകള്‍ക്ക് തയ്യാറായിരിക്കുന്നു. അരിഹന്തിന്റെ ഇരട്ടിയോളം ആയുധവാഹകശേഷിയും വേഗതയുമുള്ള അരിധമന്‍ ലോകത്തിലെ ഏറ്റവും അത്യന്താധുനികമായ അന്തര്‍വാഹിനികളില്‍ ഒന്നാണ്. ഇതിലെ മിസൈലുകള്‍ 3000 കിലോമീറ്ററിനപ്പുറത്തേക്ക് കുതിക്കാന്‍ ശേഷിയുള്ളതും.
അരിഹന്ത് ക്ലാസ്സിലുള്ള നാല് കപ്പലുകള്‍കൂടി വരും വര്‍ഷങ്ങളില്‍ സമുദ്രനിഗൂഢതകളെ ചുംബിക്കും. അതോടെ ഏതാണ്ട് വന്‍ശക്തികള്‍ക്ക് തുല്യമായ അന്തര്‍വാഹിനി ശേഷിയാണ് നമുക്ക് കൈവരുക.
1971 ലെ യുദ്ധത്തില്‍ ഭാരതനാവികസേന കറാച്ചി തുറമുഖം ഉപരോധിച്ചപ്പോള്‍ ആണ് യുദ്ധം അവസാനിപ്പിച്ചു പാകിസ്ഥാന്‍ കൊമ്പുകുത്തിയത്. 1999 ലെ കാര്‍ഗില്‍ യുദ്ധവും നാവിക ഉപരോധത്തിന്റെ ഭീഷണിയില്‍ ആയിരുന്നു. കറാച്ചി തുറമുഖം ഭാരതം ഉപരോധിച്ചാല്‍ പിന്നെ പാകിസ്ഥാന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. അവരുടെ എണ്ണ ഇറക്കുമതി മുഴുവന്‍ കറാച്ചി വഴിയാണ്. പരമാവധി ഒരാഴ്ചത്തേക്കുള്ള എണ്ണ സംഭരിക്കാനുള്ള ശേഷിയെ അവരുടെ സംഭരണശാലകള്‍ക്കുള്ളു.
പുല്‍വാമ സംഭവത്തിനുശേഷം അറബിക്കടലില്‍ വിന്യസിക്കപ്പെട്ട ഭാരതത്തിന്റെ നാവികവ്യൂഹം, പ്രത്യേകിച്ച് കാല്‍വരി ക്ലാസ്സിലുള്ള അന്തര്‍വാഹിനികളിലെ മിസ്സൈലുകളുടെ ഭീതിയില്‍ ആണ് പാകിസ്ഥാന്‍ നടുങ്ങിപ്പോയത്. കസ്റ്റഡിയിലുള്ള വൈമാനികന്‍ അഭിനന്ദിനെ ഉപാധികളില്ലാതെ ഉടന്‍ കൈമാറിയില്ലങ്കില്‍ പിന്നെ സംസാരിക്കുന്നത് കാല്‍വരിയിലെ ആഗ്‌നേയാസ്ത്രങ്ങളാകും എന്ന ഉറച്ച മുന്നറിയിപ്പില്‍ മുട്ടിടിച്ചപ്പോള്‍ ആണ് അദ്ദേഹം തലയുയര്‍ത്തി വാഗാ അതിര്‍ത്തി കടന്നത്.
നമ്മുടെ ജീവിതത്തിന്റെ മനോഹാരിതകള്‍ക്ക് നിറപ്പകിട്ടേകാന്‍ കടലാഴങ്ങളില്‍ കാവലിരിക്കുന്ന യന്ത്രമത്സ്യങ്ങളെയും അവയില്‍ ഇമചിമ്മാതെ ജാഗ്രത പുലര്‍ത്തുന്ന മനുഷ്യാത്മാക്കളെയും നാം എത്ര ഓര്‍ക്കാറുണ്ട്?