1925 ല്‍ വിജയദശമി ദിനത്തില്‍ സംഘസംസ്ഥാപനം നടന്നത് ഡോക്ടര്‍ജിയുടെ വീട്ടില്‍ വെച്ചായിരുന്നെങ്കിലും ഡോക്ടര്‍ജിയെ സംഘത്തിന്റെ പ്രമുഖ് ആയി തെരഞ്ഞെടുത്തത് 1926 ലായിരുന്നു. പിന്നീട് 1929 നവംബറില്‍ നാഗ്പൂരിലെ ഡോകെ മഠത്തില്‍വെച്ചു നടന്ന വിഖ്യാതമായ ബൈഠക്കിനു ശേഷമാണ് ഡോക്ടര്‍ജിയെ പൂജനീയ സര്‍സംഘചാലകനായി തെരഞ്ഞെടുത്തത്. എല്ലാ സംഘചാലകന്മാരും നാഗ്പൂരിലെ പ്രമുഖ കാര്യകര്‍ത്താക്കളും പങ്കെടുത്ത ഈ ബൈഠക്കില്‍ വെച്ച് മറ്റു രണ്ടു പുതിയ ചുമതലകള്‍ കൂടി ഔപചാരികമായി പ്രഖ്യാപിച്ചു. ഇതു പ്രകാരം ആദ്യത്തെ സര്‍കാര്യവാഹും ആദ്യത്തെയും (അവസാനത്തെയും) സര്‍സേനാപതിയും നിയുക്തരായി. അന്നു ചുമതലയേറ്റ ആദ്യത്തെ സര്‍കാര്യവാഹായിരുന്നു ശ്രീ. ബാളാജി ഹുദ്ദാര്‍. സംഘസംസ്ഥാപന ദിനത്തിലെ ബൈഠക്കിലും അദ്ദേഹം ഉണ്ടായിരുന്നു.
1902 ജൂണ്‍ 17 നാണ് ഗോപാല്‍ മുകുന്ദ് ഹുദ്ദാര്‍ എന്ന ബാളാജി ഹുദ്ദാര്‍ ജനിക്കുന്നത്. നീല്‍ സിറ്റി വിദ്യാലയത്തിലും മോറിസ് കോളേജിലുമായി പഠനം. ചെറുപ്പകാലത്തു തന്നെ ബ്രിട്ടീഷുവിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തു. മെല്ലെ മെല്ലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ഭാഗമായി. ഡോക്ടര്‍ജിയെക്കാള്‍ 13 വയസ്സ് ചെറുപ്പമായിരുന്നെങ്കിലും വളരെ അടുത്ത സൗഹൃദമായിരുന്നു. സംഘസംസ്ഥാപന സമയത്ത് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. 1927 ല്‍ നാഗ്പൂരില്‍ മുസ്ലീം ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ അതിനെ ചെറുത്തു നില്‍ക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച യുവാക്കളുടെ ഗണത്തിന്റെ നായകനായിരുന്നു ബാളാജി ഹുദ്ദാര്‍. ഡോ. മൂംജെയുടെ അധ്യക്ഷതയില്‍ ആ വര്‍ഷം കര്‍ണാവതി (അഹമ്മദാബാദ്) യില്‍ നടന്ന ഹിന്ദുമഹാസഭയുടെ സമ്മേളനത്തില്‍ സംഘത്തിന്റെ പ്രതിനിധിയായി പങ്കെടുത്തു. ഡോക്ടര്‍ജിക്കു നേരിട്ടു ക്ഷണമുണ്ടായിരുന്നെങ്കിലും ബാളാജി ഹുദ്ദാറിന്റെ നേതൃത്വത്തില്‍ ഏഴു പേരെ അദ്ദേഹം കര്‍ണ്ണാവതിയിലേക്കയച്ചു. നാഗ്പൂരിലെ മുസ്ലിം ആക്രമണത്തിന്റെ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ സമ്മേളനാന്തരീക്ഷം മ്ലാനമായിരുന്നു. ആ സഭയില്‍ ഗണവേഷധാരിയായ ബാളാജി ഹുദ്ദാര്‍ എഴുന്നേറ്റു നിന്ന് ആത്മവിശ്വാസജനകമായ പ്രഭാഷണം നടത്തി. നാഗ്പൂരിലെ ചെറുത്തു നില്‍പ്പിന്റെ കഥകളും അതിലെ സംഘത്തിന്റെ പങ്കും അദ്ദേഹം വിശദീകരിച്ചു. ഇത് സമ്മേളനത്തിലെ പ്രതിനിധികളെ സ്വാധീനിച്ചു. അനൗപചാരിക സംവാദങ്ങളില്‍ സംഘം ചര്‍ച്ചാവിഷയമായി മാറി. സംഘത്തിന്റെ നേര്‍ക്ക് കൗതുകവും ഔത്സുക്യവുമുണ്ടായി. അടികൊണ്ടു ശീലിച്ച ഹിന്ദു സമൂഹത്തിലെ ആ പ്രതിനിധികളില്‍ ചിലരില്‍ ഒരുണര്‍വും ഉത്സാഹവും ഉണ്ടായി. തന്റെ അഭാവത്തിലും സംഘസംസ്ഥാപകനായ ഡോ. ഹെഡ്‌ഗേവാര്‍ ചര്‍ച്ചയുടെ കേന്ദ്രമായി. സംഘപ്രവര്‍ത്തനം വ്യാപിക്കാന്‍ ബാളാജിയുടെ പ്രഭാഷണം നിമിത്തമായി.
1929 ല്‍ സര്‍കാര്യവാഹായി നിയുക്തനായെങ്കിലും അദ്ദേഹം വിപ്ലവപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു പോന്നു. 1929-30 കാലഘട്ടത്തില്‍ ‘വാഗീശ്വരി’”എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിക്കുകയും അതിന്റെ പത്രാധിപരായി പ്രവര്‍ത്തിക്കുകയും ചെയ്തു. ആദ്യകാലങ്ങളില്‍ ശാഖകള്‍ ആരംഭിക്കാന്‍ ഡോക്ടര്‍ജിയോടൊപ്പം യാത്ര ചെയ്തിരുന്നു. 1929 ല്‍ ആര്‍വിയില്‍ ശാഖയാരംഭിച്ചത് ബാളാജിയായിരുന്നു. പരിപാടികളില്‍ ഡോക്ടര്‍ജിയോടൊപ്പം പ്രഭാഷണം നടത്തിയിരുന്ന രണ്ടോ മൂന്നോ പേരില്‍ ഒരാള്‍ ബാളാജിയായിരുന്നു. 1927 ല്‍ വര്‍ധയില്‍ നടന്ന പ്രതിജ്ഞാപരിപാടിയിലുള്‍പ്പെടെ ഡോക്ടര്‍ജിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം ബൗദ്ധിക്കുകള്‍ നടത്താറുണ്ടായിരുന്നു. ഒരു കാര്യകര്‍ത്താവിനെ നിശ്ചയിക്കുമ്പോള്‍ പല ഘടകങ്ങള്‍ കണക്കിലെടുക്കാറുണ്ടല്ലോ. സംഘശൈലിയും സംഘകാര്യനിപുണതയുമൊക്കെ കാലാനുസൃതമായി വികസിച്ചുവരുന്ന ഗുണങ്ങളാണ്. അക്കാലത്ത് സംഘ ചുമതലയിലുള്ള ഭൂരിഭാഗം പേരും യുവത്വം മുറ്റി നില്‍ക്കുന്ന ദേശസ്‌നേഹികളായിരുന്നു. ദേശഭക്തിയും കര്‍ത്തവ്യനൈപുണ്യവും കൂടെ ഭാവി സാധ്യതകളും നോക്കിയിട്ടായിരുന്നു അന്നത്തെ പല സംഘചാലകന്മാരുടെയും നിയുക്തി. ഇതേ മാനദണ്ഡത്തിലായിരിക്കണം 27 കാരനായ ബാളാജിയെ സംഘം സര്‍കാര്യവാഹായി നിയോഗിച്ചത്. എങ്കിലും അദ്ദേഹം ആ ചുമതലയില്‍ ദീര്‍ഘകാലം തുടര്‍ന്നില്ല. 1921 മുതല്‍ തന്നെ അന്താരാഷ്ട്രതലത്തിലുള്ള രാഷ്ട്രീയ വികാസങ്ങളും കമ്മ്യൂണിസറ്റ് ആശയങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. സംഘസംസ്ഥാപനത്തിലും ആദ്യകാല പ്രവര്‍ത്തനങ്ങളിലും ഡോക്ടര്‍ജിയോടുള്ള സൗഹൃദം കാരണമായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
1931 ജനുവരിയില്‍ ബാലാഘാട്ടിലെ സായുധ രാഷ്ട്രീയ ആക്രമണം സംബന്ധിച്ച് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഡോക്ടര്‍ജി ജയിലിലായിരുന്നു. സംഘ ചുമതലയിലിരിക്കെ അദ്ദേഹം സായുധവിപ്ലവ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിട്ടുണ്ടാവാം. വനസത്യഗ്രഹം ചെയ്ത് അറസ്റ്റ് വരിക്കാന്‍ തയ്യാറായ ഡോക്ടര്‍ജി സമരമാരംഭിക്കുന്നതിനു മുമ്പു തന്നെ സര്‍സംഘചാലക് പദവി ശ്രീ.ല.വാ. പരാംജ്‌പെജിയെ ഏല്‍പ്പിച്ചിരുന്നു. സംഘത്തിന്റെ നിയതിയെക്കുറിച്ചും സംഘചുമതലക്കാരുടെ ദൗത്യത്തെക്കുറിച്ചും ഇത്ര സൂക്ഷ്മമായ ഉള്‍ക്കാഴ്ചയുണ്ടായിരുന്ന ഡോക്ടര്‍ജിയെ ഈ സംഭവം ഏറെ വേദനിപ്പിച്ചു. സുഹൃത്തും സഹപ്രവര്‍ത്തകനും അറസ്റ്റിലായതില്‍ ഹെഡ്‌ഗേവാര്‍ എന്ന വ്യക്തി വേദനിച്ചതിനേക്കാള്‍ കൂടുതല്‍ സര്‍കാര്യവാഹ് അറസ്റ്റിലായതിനാല്‍ ഡോക്ടര്‍ജിയെന്ന സ്വയംസേവകന്‍ വേദനിച്ചു. ഈ സംഭവത്തിനു ശേഷം ബാളാജി സംഘപ്രവര്‍ത്തനത്തില്‍ സജീവമല്ലായിരുന്നു. ഇതിനിടയില്‍ 1933 ല്‍ ശ്രീ. ദത്താത്രേയ രാമചന്ദ്രലിമയേയെ സര്‍കാര്യവാഹായി നിശ്ചയിച്ചു. അതായത് 1929 നവംബര്‍ മുതല്‍ 1931 ജനുവരി വരെ, ഒരു വര്‍ഷത്തേക്ക് അദ്ദേഹം സര്‍കാര്യവാഹായിരുന്നു.
1935 ല്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയെന്ന നിലയ്ക്ക് ബാളാജി ഇംഗ്ലണ്ടില്‍ പോവാന്‍ തയ്യാറെടുത്തു. സ്വയംസേവകരായ ബാബാ സാഹേബ് ഘടാടെ, ബാബുറാവു ദേശ്മുഖ് എന്നിവരുടെ സഹായത്തിലായിരുന്നു യാത്ര. ഇംഗ്ലണ്ടില്‍ നിന്നും അദ്ദേഹം 1936 ല്‍ സ്‌പെയിനിലേക്ക് പോയി. അവിടുത്തെ ആഭ്യന്തര സമരത്തില്‍ ജനറല്‍ ഫ്രാങ്കോയ്‌ക്കെതിരെ വിപ്ലവം നടത്താനായിരുന്നു യാത്ര. സ്‌പെയിനില്‍ വെച്ച് അറസ്റ്റിലായി.
1938 ല്‍ അദ്ദേഹം ഭാരതത്തില്‍ തിരിച്ചെത്തി. നാഗ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഡോക്ടര്‍ജിയും എത്തിയിരുന്നു. മൂന്നു വര്‍ഷത്തെ വിദേശജീവിതവും അനുഭവങ്ങളും ബാളാജിയിലും മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. എങ്കിലും അദ്ദേഹം വിപ്ലവചിന്തകളിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളിലും ഉറച്ചുനിന്നു. ഇത്തരം ആശയപരമായ ഭിന്നതകള്‍ നിലനില്‍ക്കെയും ഡോക്ടര്‍ജി അദ്ദേഹത്തെ 1938 ഡിസംബറിലെ സംഘശിബിരത്തിലേക്ക് ക്ഷണിച്ചു. അവിടെ അദ്ദേഹം വിദേശയാത്രാനുഭവങ്ങള്‍ ശിക്ഷാര്‍ത്ഥികളുമായി പങ്കുവെച്ചു. കര്‍ഷകസമരങ്ങളുടെ ആവശ്യകതയെക്കുറിച്ചും രക്തരൂഷിത വിപ്ലവത്തെക്കുറിച്ചും സംസാരിച്ചു. ഇതിനു ശേഷവും ഡോക്ടര്‍ജി അദ്ദേഹത്തോട് ഒരിക്കല്‍പോലും വൈയക്തികമായോ ആശയപരമായോ അസഹിഷ്ണുത പ്രകടിപ്പിച്ചില്ല. മാത്രമല്ല സ്‌നേഹം അതേപടി നിലനിര്‍ത്തുകയും ചെയ്തു. വിപ്ലവത്തിന്റെയും സമരത്തിന്റെയും ശക്തിയെക്കുറിച്ചും സ്ഥായിയായ സംഘസാധനയുടെ ശക്തിയെക്കുറിച്ചും അതിന്റെ സനാതനതത്വത്തെക്കുറിച്ചും ഡോക്ടര്‍ജി അതിനോടകം അനുഭവവേദ്യത നേടിയിരുന്നു. ബാളാജി ഹുദ്ദാറിനെ തിരുത്താനോ അദ്ദേഹത്തില്‍ നിന്നകലാനോ ഡോക്ടര്‍ജി തയ്യാറായില്ല. ബാളാജി അദ്ദേഹത്തിന്റെ പാതയിലും ഡോക്ടര്‍ജി ശാഖയിലും പോയി. ശേഷം ചരിത്രം. 1940 ല്‍ ഡോക്ടര്‍ജിയുടെ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ബാളാജി ഹുദ്ദാര്‍ പങ്കെടുക്കുകയും ചെയ്തു.
പിന്നീടദ്ദേഹം ഒരു കമ്മ്യൂണിസ്‌റ് വിശ്വാസിയായി തുടര്‍ന്നെങ്കിലും പ്രവര്‍ത്തകനോ നേതാവോ ആയി രംഗത്തു വന്നില്ല. മാത്രമല്ല സാധാരണ ജീവിതത്തിലെ പ്രാരബ്ധങ്ങളില്‍പ്പെട്ട് സാമൂഹ്യജീവിതത്തില്‍ നിന്നുമകന്ന് ഒരു സാംസാരികനായി ജീവിച്ചുപോന്നു. നാഗ്പൂരിലെ സംഘചാലകന്മാരായിരുന്ന ബാപ്പുറാവു വരാഡ്പാണ്ഡെ, മാ.ഗോ. വൈദ്യാജി എന്നിവരുമായുള്ള സജീവബന്ധം നിലനിര്‍ത്തിയിരുന്നു. അവരാകട്ടെ യഥാസമയം, യഥാവിധി അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. ദൈവം അദ്ദേഹത്തിന് ദീര്‍ഘായുസ്സു നല്‍കി. ഇതിനിടയില്‍ സംഘവികാസത്തിനും രാഷ്ട്രസമുദ്ധാരണയത്‌നത്തിനും മൂകസാക്ഷിയാവാന്‍ അദ്ദേഹത്തിനു സാധിച്ചു. ഈയവസരങ്ങളില്‍ സംഘത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടെന്തന്നറിയില്ല, എങ്കിലും മരണംവരെ ഡോക്ടര്‍ജിയെ ആരാധിച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു ബാളാജി ഹുദ്ദാര്‍ എന്ന കാര്യം നിശ്ചയമാണ്. തന്റെ 79-ാം വയസ്സില്‍ 1981 സപ്തംബര്‍ 3 ന് ബാളാജി ഹുദ്ദാര്‍ ദിവംഗതനായി.