സംഘചരിത്രം സ്വയംസേവകരുടെ ചരിത്രത്തിന്റെ സംയോജിതസത്തയാണ്. പൂജനീയ സര്‍സംഘചാലക പരമ്പരയുടെയും അവര്‍ക്കൊപ്പവും തൊട്ടുപിന്നിലുമായി അണിനിരന്ന അനേകശതം അതികായന്മാരുടെയും ചരിത്രം കൂടിയാണിത്. അവരെയൊക്കെയും ഹൃദയങ്ങളില്‍ ആനയിച്ചാവാഹിച്ച് മാതൃകകളാക്കി ഗ്രാമഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന അനേകകോടി സ്വയംസേവകരുടെ കൂടി ചരിത്രമാണ് സംഘചരിത്രം. ഈ ചരിത്രസഞ്ചാരത്തില്‍ ശ്രീ ഗുരുജി 33 വര്‍ഷക്കാലം പൂജനീയ സര്‍സംഘചാലകനായി പ്രവര്‍ത്തിച്ചു. തൊട്ടു പിന്നാലെ മാനനീയ ബാളാസാഹേബ് ദേവറസ്ജി 23 വര്‍ഷക്കാലം പൂജനീയ സര്‍സംഘചാലകനായി ചരിത്രം തുടര്‍ന്നു. ഈ അരനൂറ്റാണ്ടു കാലത്തെ സംഘചരിത്ര സഞ്ചാരത്തിനിടയില്‍ രണ്ടുപേരും നൂറുകണക്കിന് ഭാരതപരിക്രമണങ്ങള്‍ നടത്തി. ഇതിനിടയില്‍ അദൃശ്യനായി, നിശ്ശബ്ദനായി ഇവരുടെ നിഴലായി, സഞ്ചരിച്ച് സംഘചരിത്രത്തിന് ദൃക്‌സാക്ഷിയാവാന്‍ ഭാഗ്യം സിദ്ധിച്ച സ്വയംസേവകനാണ് ആബാജി ഥത്തേ എന്ന വാസുദേവ് കേശവ് ഥത്തേ.
ആധുനിക കാലത്ത് ദേശീയ പുനരുദ്ധാരണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ഏകദേശം മുപ്പതു വര്‍ഷക്കാലം ഭാരതത്തിലുടനീളം സഞ്ചരിച്ചു. ദേശീയതയുടെ നവോന്മേഷധാരയുടെ നൈരന്തര്യത്തിനായി പിന്നീട് ഇത്രകാലം യാത്ര നടത്തിയത് പൂജനീയ ഗുരുജിയാണ്, 33 വര്‍ഷക്കാലം. ഗുരുജിയുടേത് ഭാരതപര്യടനമായിരുന്നില്ല, ഭാരതപരിക്രമണമായിരുന്നു. ചിട്ടയോടെ മുന്‍കൂട്ടി നിശ്ചയിച്ച് മുഴുവന്‍ ഭാരതത്തിലും വര്‍ഷത്തില്‍ രണ്ടു തവണ വീതം എത്തുന്ന രീതിയിലായിരുന്നു യാത്ര. ഗാന്ധിജിയുടെ യാത്രയില്‍ നിന്നും ഗുരുജിയുടെ യാത്രയുടെ വ്യത്യാസം ഇതായിരുന്നു. ഗാന്ധിജിയുടെ ഭാരതപര്യടനത്തിന് ഈ തരത്തില്‍ സമഗ്രമാവാന്‍ സാഹചര്യങ്ങള്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഗുരുജി സാഹചര്യത്തിന്റെ ആനുകൂല്യം മനസ്സിലാക്കി അത് പൂര്‍ണ്ണമായും ഉപയോഗിച്ചു. ഈ ശൈലിയും പരമ്പരയും ദേവറസ്ജിയും 23 വര്‍ഷക്കാലം തുടര്‍ന്നു. എന്നാല്‍ ഒരര്‍ത്ഥത്തില്‍ സാങ്കേതികമെങ്കിലും മറ്റൊരര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യവുമായ ഒരു ചരിത്രവസ്തുത ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്. ഏറ്റവും കൂടുതല്‍ കാലയളവില്‍ പൂര്‍ണ്ണമായും നിശ്ചിത ഭാരതപരിക്രമണം നടത്തിയ ഭാരതീയന്‍ ആരാണെന്നു ചോദിച്ചാല്‍ അതിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ. ആബാജി ഥത്തേയ്ക്കാണ് ആ പരമസൗഭാഗ്യം ലഭിച്ചത്. 27 വര്‍ഷം ഗുരുജിയോടൊപ്പവും (1946-1973), 14 വര്‍ഷം ദേവറസ്ജിയോടൊപ്പവും (1973-1987) കൂടി 41 വര്‍ഷക്കാലം അദ്ദേഹം ഭാരതപരിക്രമണം നടത്തി.
പൂജനീയ സര്‍സംഘചാലകന്മാരുടെ നിഴലായി യാത്ര ആരംഭിച്ച് അവരുടെ ആത്മാവായി ഉയരാന്‍ സാധിച്ചുവെന്നതാണ് ആബാജിയുടെ മഹത്വം. 1946 ല്‍ സംഘം ഏല്‍പ്പിച്ച ദൗത്യമെന്ന നിലയിലാണ് അദ്ദേഹം ഗുരുജിയോടൊപ്പം യാത്ര തുടങ്ങിയത്. എന്നാല്‍ ഗുരുജിയുടെ കാലശേഷം 14 വര്‍ഷക്കാലം ദേവറസ്ജിയെയും അദ്ദേഹം അനുഗമിച്ചു. കാരണം അദ്ദേഹം ഗുരുജിയുടെ സഹായി മാത്രമായിരുന്നില്ല, പൂജനീയ സര്‍സംഘചാലകന്റെ സെക്രട്ടറി കൂടിയായിരുന്നു. അതായത് ഗുരുജിയെ വ്യക്തിപരമായും പൂജനീയ സര്‍സംഘചാലകനെ സംഘടനാപരമായും അദ്ദേഹം അനുവര്‍ത്തിച്ചു. പോരാത്തതിന് ഗുരുജിയുടെ ഡോക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ വൈയക്തികമായ മേന്മയും കര്‍ത്തൃത്വപരമായ സിദ്ധിയും ഒത്തുചേര്‍ന്നപ്പോള്‍, ദേവറസ്ജി അദ്ദേഹത്തോടൊപ്പം യാത്ര തുടങ്ങി എന്നു പറയുന്നതിലും അതിശയോക്തി ഇല്ല. സംഘഗംഗാപ്രവാഹത്തിന്റെ കര്‍മ്മനൈരന്തര്യത്തിന് കാലം തടസ്സമല്ല, കാര്യകര്‍ത്താപരിവര്‍ത്തനങ്ങളും തടസ്സമല്ല. ഗുരുജിയില്‍ നിന്നും ദേവറസ്ജിയിലേക്കുള്ള ചുമതലാ കൈമാറ്റ പ്രക്രിയയ്ക്കിടയില്‍ പൂജനീയ സര്‍സംഘചാലകന്റെ സമ്പര്‍ക്ക – സഞ്ചാരക്രമത്തിനും തദ്വാരാ സംഘപ്രവര്‍ത്തനത്തിനും അല്പം പോലും കാലതാമസം ഉണ്ടാവാന്‍ പാടില്ല എന്നത് സംഘത്തിന്റെ തത്വമാണ്. ഏത് ചുമതലയിലും ഇതു തന്നെയാണ് നമ്മുടെ രീതി. ഈ കീഴ്‌വഴക്കം അതേപടി നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച കാര്യകര്‍ത്താവാണ് ആബാജി ഥത്തേ. എവിടെയാണോ ഗുരുജി നിര്‍ത്തിയത്, അവിടെ നിന്നു തന്നെ ദേവറസ്ജി തുടങ്ങി. ഈ നില്പിനെയും തുടക്കത്തെയും തമ്മില്‍ ബന്ധിപ്പിച്ച അര്‍ദ്ധവിരാമ ചിഹ്നമാണ് ആബാജി.
ആബാജിയുടെ വൈയക്തികമായ മഹത്ത്വവും ആദര്‍ശപരതയും ഈ സന്ദര്‍ഭത്തിലെ അദ്ദേഹത്തിന്റെ കര്‍ത്തവ്യത്തിന് മാറ്റു കൂട്ടുന്നു. ആബാജിയുടെ സ്ഥാനത്ത് മറ്റേതൊരു സ്വയംസേവകനാണെങ്കിലും ഇതൊക്കെ തന്നെയാണ് ചെയ്യുക എന്നതും വസ്തുതയാണ്. എന്നാല്‍ ആബാജി ഒരു ചുമതലാ കൈമാറ്റത്തിനുമപ്പുറത്തേക്ക് ഇതിന് മാനങ്ങള്‍ നല്കി. തന്നെക്കാള്‍ 8 വയസ്സു മുതിര്‍ന്ന ഗുരുജിയെ അദ്ദേഹം 27 വര്‍ഷം ഒരു പ്രബന്ധക് എന്ന നിലയില്‍ സേവിച്ചു. ദേവറസ്ജിയും ആബാജിയും തമ്മില്‍ 3 വയസ്സിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. സാമാന്യ നിലയ്ക്കുള്ള ചുമതലാമാറ്റത്തിന് മൂന്നോ നാലോ വര്‍ഷങ്ങള്‍ മതിയാവും. എന്നാല്‍ നീണ്ട 14 വര്‍ഷക്കാലം അദ്ദേഹം ദേവറസ്ജിയെയും പരിചരിച്ചു. എങ്ങനെയാണ് ഗുരുജി എന്ന വ്യക്തിയെ സേവിച്ചത് അതേ ഭക്ത്യാദരങ്ങളോടെ ദേവറസ്ജി എന്ന വ്യക്തിയെയും ആബാജി സേവിച്ചു. 1944 ല്‍ എം.ബി.ബി.എസ്. ബിരുദം പാസ്സായി പരിശീലനം നേടിയ ഒരു വിദ്യാസമ്പന്നനായ യുവാവിന്റെ 41 വര്‍ഷക്കാലം രണ്ടു വ്യക്തികളെ സേവിക്കുന്നതില്‍ സംതുഷ്ടമായി. അതോടൊപ്പം അവരുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഒരു പക്ഷെ, ലോകചരിത്രത്തില്‍ ഇത്രയും സുദീര്‍ഘമായ കാലയളവില്‍ ആരുടെയെങ്കിലും സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഒരാളെ കണ്ടെത്തുക അസാധ്യം തന്നെയാവും. ആര്‍.എസ്.എസ്സിന്റെ പരമോന്നത പദവിയുടെ സെക്രട്ടറി സ്ഥാനം ഇദ്ദേഹം വഹിച്ചു. ഇത്രയും കാലം ലോകത്തെവിടെയും ഒരാളും മറ്റൊരു ചുമതലക്കാരനെയും സഹായിച്ചതായി കണ്ടെത്തുക പ്രയാസം തന്നെ. അതല്ലെങ്കിലും അങ്ങനെയാണ്. അക്കാലത്തെ സംഘപ്രചാരകന്മാരും പ്രവര്‍ത്തകന്മാരും തൊട്ടതൊക്കെ സ്വര്‍ണ്ണമാണ്. ചെയ്തതൊക്കെ മാതൃകകളുമാണ്. ആബാജിയും ഇക്കാര്യത്തില്‍ വിജയിച്ചുവെന്നുമാത്രം!
ആദ്യം സ്‌നേഹം കൊണ്ട് ഡോക്ടര്‍ജിയും പിന്നീട് ശ്രദ്ധകൊണ്ട് ദേവറസ്ജിയും ശേഷം സാമീപ്യം കൊണ്ട് ഗുരുജിയും അദ്ദേഹത്തെ ഇക്കാര്യത്തിനായി യോഗ്യനാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. ഡോക്ടര്‍ജിയുടെ അവസാന നാളുകളിലൊരിക്കല്‍ അദ്ദേഹത്തെ ആബാജി സന്ദര്‍ശിക്കുകയുണ്ടായി. ആബാജിയെ കണ്ടതിന്റെ സന്തോഷം ഡോക്ടര്‍ജി മറച്ചുവെച്ചില്ല. രോഗക്കിടക്കയിലും സമ്പര്‍ക്കവും സ്‌നേഹവും മധുരഭാഷണവും കൊണ്ട് ആളുകളെ ആനന്ദിപ്പിച്ച് അതിശയിപ്പിച്ച് വശത്താക്കുന്ന അത്ഭുതസിദ്ധി ഡോക്ടര്‍ജി ഇവിടെയും പ്രകടിപ്പിച്ചു. ”ഒരു ഡോക്ടര്‍ മരണപ്പെട്ടാലെന്താണ്, സംഘത്തിനിതാ മറ്റൊരു ഡോക്ടറെ കിട്ടിയിരിക്കുന്നു”- എന്ന ഡോക്ടര്‍ജിയുടെ വാക്കുകള്‍ യുവഡോക്ടറായ ആബാജിയുടെ മനസ്സില്‍ പതിഞ്ഞു. 1944 മുംബൈയില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ഡോ. വാസുദേവ് ഥത്തേ പ്രചാരകനായി നാഗ്പൂരില്‍ വന്നു. അപ്പോഴാണ് ദേവറസ്ജിയെന്ന സംഘാടകന്റെ സുക്ഷ്മദര്‍ശിത്വവും ദീര്‍ഘദര്‍ശിത്വവും പ്രകടമായത്. നേരെ പ്രചാരകനാക്കാതെ അദ്ദേഹത്തെ നാഗ്പൂരിലെ ബഡ്ക്കസ് ചൗക്കില്‍ (ഇപ്പോഴത്തെ ബച്‌രാജ് വ്യാസ് ചൗക്ക്) ഒരു മുതിര്‍ന്ന ഡോക്ടറായ ഡോ.പാണ്‌ഡെയുടെ കീഴില്‍ വൈദ്യപരിശീലനം നേടാനയച്ചു. ഒരു വര്‍ഷത്തോളം അവിടെ പരിശീലനം നേടിയ ആബാജി പിന്നീട് സ്വന്തമായി ബോര്‍ഡുവെച്ച് ചികിത്സയും തുടങ്ങിയിരുന്നു. സമയമായപ്പോള്‍, അതുപേക്ഷിച്ച് പ്രചാരകനാവാന്‍ ദേവറസ്ജി നിര്‍ദ്ദേശം നല്‍കി. 1945 ല്‍ അദ്ദേഹത്തെ ബംഗാളിലെ ശിവപുരിയില്‍ പ്രചാരകനായി അയച്ചു.
ഡോക്ടറായ ഒരു സ്വയംസേവകന്‍ ചികിത്സ നടത്തി പണം സമ്പാദിക്കാതെ പ്രചാരകനാവുന്നതില്‍ സാമാന്യഗതിയില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാവേണ്ടതാണ്. എന്നാല്‍ സ്വയംസേവകനായ അദ്ദേഹത്തിന്റെ മൂത്തസഹോദരന്‍ അപ്പാജി ഥത്തേയും ധര്‍മ്മപത്‌നി വഹ്നി ഥത്തേയും അദ്ദേഹത്തെ അനുഗ്രഹിക്കുകയാണ് ചെയ്ത്. കുട്ടിക്കാലത്തുതന്നെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട ആബാജി സ്‌കൂള്‍ പഠനകാലം ചെലവഴിച്ചത് യവത്മാളില്‍ ഇളയച്ഛന്റെ വീട്ടിലായിരുന്നു. കോളേജ് വിദ്യാഭ്യാസകാലത്ത് അദ്ദേഹം ബോംബെയില്‍ ജ്യേഷ്ഠനോടൊപ്പമായിരുന്നു. അതുകൊണ്ട് അച്ഛനമ്മമാരെ പോലെയാണ് അദ്ദേഹത്തിന് ഏട്ടനും ഏട്ടത്തിയമ്മയും. 1939 ല്‍ ജ്യേഷ്ഠന്‍ തന്നെയായിരുന്നു അദ്ദേഹത്തെ ശാഖയില്‍ കൊണ്ടുപോയതും സ്വയംസേവകനാക്കിയതും. ജ്യേഷ്ഠപത്‌നിയാവട്ടെ സാംസ്‌കാരികവും നൈതികവുമായ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കി. മറ്റു രണ്ടു സഹോദരന്മാരും സ്വയംസേവകര്‍ തന്നെയായിരുന്നു. ആബാജിയായിരുന്നു ഏറ്റവും ഇളയത്. അദ്ദേഹത്തിന്റെ സഹോദരിയായ സിന്ധുതായി ഫഡ്‌കെ രാഷ്ട്രസേവികാ സമിതിയുടെ ആജീവാനന്ത പ്രചാരികയുമായിരുന്നു. ഇപ്രകാരം ധന്യമായ കുടുംബം അദ്ദേഹത്തിന് സംഘപ്രവര്‍ത്തനത്തിന് പ്രേരണയും അനുമതിയും അനുഗ്രഹവും നല്‍കി.
1918 നവംബര്‍ 24-ാം തിയ്യതിയാണ് അദ്ദേഹം ജനിച്ചത്. മൂന്നു മാസം പ്രായമുള്ളപ്പോഴാണ് അമ്മയെ നഷ്ടപ്പെട്ടത്. പ്രാഥമിക വിദ്യാഭ്യാസം യവത്മാളിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ബോംബെയിലെ ദാദറിലുമായിരുന്നു. പഠനത്തോടൊപ്പം ചിത്രകലയിലും അദ്ദേഹം സമര്‍ത്ഥനായിരുന്നു. യാത്രകള്‍ക്കിടയില്‍ ഗുരുജിയുടെ ധാരാളം ചിത്രങ്ങള്‍ ഇദ്ദേഹം വരച്ചിട്ടുണ്ട്. ബോംബെ ശിവാജി പാര്‍ക്കിലെ ശാഖയില്‍ ശ്രീ. ദാദാസാഹേബ് ആപ്‌ടെ, മാനനീയ ഭാസ്‌കര്‍ റാവു, ശ്രീ. എല്‍.കെ. അദ്വാനി, ശ്രീരാം സാഠേ മുതലായവരോടൊപ്പമാണ് ആബാജി സംഘപ്രവര്‍ത്തനത്തില്‍ സജീവമായത്. ഉപരിപഠനത്തിനുശേഷം നാഗ്പൂരുകാരനായി ജീവിക്കാന്‍ തുടങ്ങി.
നാഗ്പൂരിലെ ഡോക്ടര്‍ ജീവിതം വിസ്താരക ജീവിതം തന്നെ ആയിരുന്നു. അക്കാലത്തുതന്നെ നാഗ്പൂരില്‍ അദ്ദേഹം സമ്പര്‍ക്കം ചെയ്യാറുണ്ടായിരുന്നു. ഈ ശീലം പില്‍ക്കാലത്തും അദ്ദേഹം തുടര്‍ന്നു. ഗുരുജിയുടെയും ദേവറസ്ജിയുടെയും സഹായിയായിരിക്കുന്ന കാലത്തും അദ്ദേഹം നാഗ്പൂരിലെ ബന്ധങ്ങള്‍ തുടര്‍ന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് കിട്ടുന്ന ചെറിയ സമയത്തിനുള്ളില്‍ പൂജനീയ സര്‍സംഘചാലകന്‍ വിശ്രമിക്കുന്ന സമയത്ത്, അദ്ദേഹം നാഗ്പൂരില്‍ യാത്രചെയ്ത് സമ്പര്‍ക്കവലയം സജീവമാക്കി നിലനിര്‍ത്തി. നാഗ്പൂരില്‍ മാത്രമായിരുന്നില്ല അദ്ദേഹമിതു ചെയ്തിരുന്നത്. നാഗ്പൂരില്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ പോലും അദ്ദേഹത്തിന് വിശ്രമിക്കുന്ന സ്വഭാവമില്ലെന്നു സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ് നാഗ്പൂര്‍ സമ്പര്‍ക്കവലയത്തെക്കുറിച്ച് എടുത്തു പറഞ്ഞത്.

സമര്‍പ്പണ വേളയില്‍ അദ്ദേഹത്തോടൊപ്പം.
പൂജനീയ സര്‍സംഘചാലകന്മാരോടൊപ്പമുള്ള യാത്രയ്ക്കിടയില്‍ സ്വാഭാവികമായും അദ്ദേഹം നിരവധി കുടുംബങ്ങളുമായും മഹദ്‌വ്യക്തികളുമായും അടുത്തിരുന്നു. സംഘടനാതലത്തിലും വൈയക്തിക തലത്തിലും ഈ ബന്ധങ്ങളൊക്കെ അദ്ദേഹം സംഘകാര്യാര്‍ത്ഥം നിലനിര്‍ത്തി. ചിലപ്പോഴൊക്കെ ഗുരുജിക്ക് എത്തിപ്പെടാന്‍ സാധിക്കാതിരുന്ന ചടങ്ങുകള്‍ക്ക് ആബാജിയെ അയക്കാറുണ്ടായിരുന്നു. സ്വയംസേവകര്‍ ഗുരുജിയോടെന്നപോലെ സ്വീകാര്യതയോടെയും സ്‌നേഹത്തോടെയും ആബാജിയോടും പെരുമാറി. ഇപ്രകാരം ഭാരതമെമ്പാടുമുള്ള സ്വയംസേവകരുടെയും കുടുംബങ്ങളുടെയും പല പ്രമുഖരുടെയും ആദരവിന് ആബാജിയും അര്‍ഹനായി. എങ്കിലും ഒരിക്കല്‍ പോലും അതില്‍ വ്യക്തിപരമായി അദ്ദേഹത്തിന് അഹങ്കാരം തോന്നിയിരുന്നില്ല. ഇത് തനിക്കുള്ള ആദരവല്ലെന്നും സംഘത്തിന്റെ പൂജനീയ സര്‍സംഘചാലക പദവിക്കും, അദ്ദേഹത്തിന്റെ പ്രതിനിധിക്കും അഥവാ നിഴലിനും കിട്ടുന്ന അംഗീകാരമാണെന്നുമുള്ള വസ്തുത എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഉണ്ടായിരുന്നു. ശിവന്റെ കഴുത്തിലെ സര്‍പ്പം ഗരുഡനോട് അഹങ്കാരം കാണിക്കുന്നതാണ് ഇത്തരം സാഹചര്യങ്ങളിലെ പതിവ്. എന്നാല്‍ ആബാജിക്ക് ഇതില്‍ അല്പം പോലും അഹംബോധം’ഉണ്ടായില്ല എന്ന കാര്യത്തില്‍ സ്വയംസേവക-പ്രചാരകശൈലിയും സംഘരീതിയും അറിയുന്ന നമുക്ക് പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നില്ല. എന്നാല്‍ ആബാജി ഈ മനോനിലവാരത്തിന്റെ ഉച്ചസ്ഥായിയിലുള്ള അടുത്ത പടിയായ ‘സമ്പൂര്‍ണ്ണ ശൂന്യഭാവം’”കൈവരിച്ച യോഗിയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ മഹത്ത്വം. ഒരു പക്ഷെ, ശ്രീ ഗുരുജിയുടെ കൈയകലത്തിനുള്ളില്‍ 27 വര്‍ഷം ജീവിച്ചാല്‍ ആര്‍ക്കാണ് ഈ അധ്യാത്മചൈതന്യം ലഭിക്കാതിരിക്കുക.
1987 വരെ 14 വര്‍ഷം മാ.ദേവറസ്ജിയെ അനുയാത്ര ചെയ്തതിനുശേഷം അദ്ദേഹം അഖില ഭാരതീയ പ്രചാരക് പ്രമുഖ് എന്ന ചുമതല വഹിച്ചു. ഈ സമയത്തിനുള്ളില്‍ ഗ്രാഹക് പഞ്ചായത്ത്, സഹകാര്‍ ഭാരതി, രാഷ്ട്ര സേവികാ സമിതി എന്നീ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഭാരിയായി. ദേശീയ മെഡിക്കോസ് ഓര്‍ഗനൈസേഷന്‍ (NMO) എന്ന പേരില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സംഘടന ഉണ്ടാക്കുന്നതിലും വിജയിച്ചു. 1977 ല്‍ 41 ഡോക്ടര്‍മാരുമായാണ് ആരംഭിച്ചത്. അതില്‍ 13 പേര്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഇത്തരത്തില്‍ സംഘടനാ തലത്തിലുള്ള ചുമതലകളിലും ദൗത്യങ്ങളിലും ആ ഡോക്ടര്‍ നിപുണന്‍ തന്നെ ആയിരുന്നു. ഈ ശൈലിയും പരിശീലനവും അദ്ദേഹം ബംഗാളില്‍ നിന്നുതന്നെ സ്വായത്തമാക്കിയിരുന്നു. കുറച്ചുകാലമേ ബംഗാളില്‍ പ്രചാരകനായി പ്രവര്‍ത്തിച്ചിട്ടുളളൂ. ആ സമയത്ത് മഹാരാഷ്ട്രയില്‍ നിന്നുളള പ്രചാരകന്മാര്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ബംഗാളിഭാഷികളായ തദ്ദേശീയ പ്രചാരകന്മാര്‍ അരങ്ങേറാന്‍ ആരംഭിച്ചത് ആബാജിയുടെ കാലത്തായിരുന്നു. അതിനുള്ള സവിശേഷ പ്രയത്‌നവും സ്വാധീനവും അദ്ദേഹത്തില്‍ നിന്നുണ്ടായി.
അദ്ദേഹത്തിന്റെ ഈ മനോഭാവത്തിനും സമ്പൂര്‍ണ്ണ വിരക്തീഭാവത്തിനുമുള്ള ഉദാഹരണം ദത്തോപന്ത് ഠേഗ്ഡിയും നല്‍കുന്നുണ്ട്. ഗുരുജിയുടെ ദേഹത്യാഗത്തിനു ശേഷം ഗുരുജിയോടൊത്തുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പുസ്തകരൂപത്തിലാക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഭവ്യതാപൂര്‍വ്വം നിരാകരിക്കുന്നതിന് അദ്ദേഹം പറഞ്ഞ തത്വമാണ് ഠേംഗ്ഡ്ജി ഉദ്ധരിച്ചത്:“ശ്രീരാമഭഗവാന്റെ ദൂതനായും ദാസനായും കൂടെ നടന്നത് ഹനുമാനായിരുന്നെങ്കിലും രാമകഥ ലോകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാനുള്ള സിദ്ധി വാല്‍മീകിയ്ക്കാണുള്ളത്”എന്നായിരുന്നു ആ തത്വം. തന്റെ നാലു ദശകക്കാലത്തെ ഭാരതപരിക്രമണത്തിനിടയില്‍ നൂറു കണക്കിന് ചരിത്രസംഭവങ്ങള്‍ക്ക് നേര്‍സാക്ഷിയായ മനുഷ്യനാണ് ഇത് പറയുന്നതെന്നോര്‍ക്കണം. കണ്ണുകളും കാതുകളും തുറന്നുപിടിച്ച് ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കുകയും അതിനുശേഷം നാവും മനവും അടച്ചുപിടിക്കുകയും ചെയ്ത് ജീവിച്ച വ്യക്തിയാണ് ആബാജി. സംഘചരിത്രത്തിന്റെ നേര്‍സാക്ഷിയായിട്ടും ഒരു യോഗിയെപോലെ അദ്ദേഹം മൗനം ദീക്ഷിച്ചു. ‘മൗനം ചൈവാസ്മി ഗുഹ്യാനാം’- ”രഹസ്യങ്ങളില്‍ ഞാന്‍ മൗനമാകുന്നൂ, അര്‍ജുനാ”- എന്നു പറഞ്ഞ ഭഗവദ് വചനങ്ങളുടെ ചൈതന്യവത്തായ ഉദാഹരണമായിരുന്നു ആബാജി.
ഈ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ സംഘകുടുംബങ്ങളുമായുള്ള വ്യവഹാരങ്ങള്‍ എടുത്തു പറയേണ്ടതാണ്. ജീവനുള്ള സമ്പര്‍ക്കങ്ങള്‍ എന്നാണ് ഹരിയേട്ടന്‍ ഇതിനെ വിശേഷിപ്പിച്ചത്. ഗുരുജിയെ സ്‌നേഹിക്കുന്നതുപോലെ തന്നെ സ്വയംസേവകര്‍ അദ്ദേഹത്തെ സ്‌നേഹിച്ചുവെന്നു നേരത്തെ സൂചിപ്പിച്ചു. പലയിടങ്ങളിലും സ്വയംസേവകരും കാര്യകര്‍ത്താക്കളും ഗുരുജിയോട് എപ്രകാരമാണോ മനസ്സില്‍ ആദരവും ഭക്തിയും കാത്തു സൂക്ഷിച്ചത് അത്തരത്തില്‍ സ്വയംസേവകരുടെ കുടുംബങ്ങള്‍ ആബാജിയെ കണ്ടു. ഇങ്ങനെ നയനഭേദകവും ഹൃദയഹര്‍ഷിതവുമായ ഒരനുഭവം ഈ ലേഖകനുമുണ്ടായി. ആബാജി എന്ന പേര് ഒരു സ്വയംസേവകന്റെ ധര്‍മ്മപത്‌നിയുടെ ഹൃദയത്തിലുളവാക്കിയ ഭക്ത്യാദരങ്ങള്‍ നേരിട്ടു കണ്ട കാഴ്ച വിവരിക്കാം.
എറണാകുളം വിഭാഗിന്റെ ഇപ്പോഴത്തെ മാനനീയ സഹസംഘചാലകായ പി. ശിവദാസ് എന്ന ശിവദാസേട്ടന്റെ വീട്ടില്‍ വെച്ചാണ് ഈ അനുഭവം. പൂജനീയ സര്‍സംഘചാലകന്മാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഗുരുജി അദ്ദേഹത്തിന്റെ വീടു സന്ദര്‍ശിച്ച അനുഭവം അദ്ദേഹം അന്നത്തെ പ്രാന്തപ്രചാരക് പി.ആര്‍. ശശിധരനുമായി പങ്കുവെക്കുകയായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നിയും അവിടെ ഉണ്ടായിരുന്നു. ശിവദാസേട്ടന്‍ ഗുരുജിയെക്കുറിച്ച് വര്‍ണ്ണിച്ചാനന്ദിച്ച് അവസാനിപ്പിച്ചിടത്തു നിന്നും ആ അമ്മ ആബാജിയെ വര്‍ണ്ണിക്കാനാരംഭിച്ചു. പ്രചാരകപന്ഥാവില്‍ തുടക്കക്കാരനെന്ന നിലയില്‍ പ്രചാരകപരമ്പരയിലെ സമ്പര്‍ക്കശക്തിയുടെ അജയ്യചൈതന്യം പ്രവഹിക്കുന്നത് ആ അമ്മയുടെ വര്‍ണ്ണനയിലൂടെ അനുഭവിക്കാന്‍ കഴിഞ്ഞു. ആബാജി വീട്ടില്‍ വന്നു പോയതിനു ശേഷം എനിക്ക് കത്തെഴുതി എന്നു പറയുമ്പോള്‍ ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുമ്പ് അവര്‍ പൂജാമുറിയിലേക്ക് ആവേശത്തോടെ പോയി, തിരിച്ചു വന്നു. കൈയിലൊരു ആധ്യാത്മിക ഗ്രന്ഥമുണ്ടായിരുന്നു. ഗീതയാണെന്ന് തോന്നുന്നു. അതിന്റെ താളുകള്‍ തിരക്കോടെ മറിച്ചുകൊണ്ട് അതില്‍ നിന്നും രണ്ടു കത്തുകള്‍ പുറത്തെടുത്തു. സാക്ഷാല്‍ ഗുരുജിയുടെ സെക്രട്ടറിയുടെ കൈപ്പട പതിഞ്ഞ ആ കത്തുകള്‍ വായിക്കാന്‍ ഈയുള്ളവനും അവസരം കിട്ടി. അതില്‍ എഴുതിയിരിക്കുന്നു: ”ഇതു ഗുരുദക്ഷിണാ സമയമാണ്. ശിവദാസ്ജി തിരക്കിലായിരിക്കും. ഓട്ടത്തിലായിരിക്കും. വീട്ടുകാര്യങ്ങള്‍ ഒന്നും കൃത്യമായി ശ്രദ്ധിച്ചെന്നു വരില്ല. അത് സമയം കിട്ടാത്തതുകൊണ്ടാണ്. അതില്‍ പരിഭവിക്കാതെ താങ്കള്‍ വീട്ടുകാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നത് സംഘകാര്യം ചെയ്യാന്‍ ശിവദാസ്ജിക്ക് സഹായകരമായിരിക്കും.” ഇതായിരുന്നു ആ കത്തിന്റെ സംഗ്രഹം. പരമോന്നത പദവിയിലിക്കുന്ന പൂജനീയ സര്‍സംഘചാലകന്റെ സെക്രട്ടറി എപ്രകാരമാണ് സംഘകാര്യം നിര്‍വഹിക്കുന്നതെന്ന് നോക്കൂ. അതിലുമപ്പുറത്തേക്ക്, ആ അമ്മയുടെ ജീവിതത്തില്‍ എങ്ങനെയാണ് താങ്ങായി പ്രവര്‍ത്തിച്ചതെന്നും നോക്കൂ. രണ്ടും നമുക്ക് മാതൃകയാണ്. ഈ സ്വാധീനശക്തി കൊണ്ടുമാത്രമാണ് ആ അമ്മ കത്തുകള്‍ ഭഗവദ്ഗീതയില്‍ സൂക്ഷിച്ചുവെച്ചതും അവ സ്പര്‍ശിക്കുമ്പോള്‍ കണ്ണു നിറച്ചതും. ഇതാണ് കേരളത്തിലെ ഒരു വീട്ടില്‍ ആബാജിയുടെ സ്ഥാനമെങ്കില്‍ ഭാരതത്തിലെമ്പാടും ഇതിങ്ങനെ തന്നെ ആവാനേ തരമുള്ളൂ.

സ്വയംസേവകരുടെ സ്വീകരണം ഏറ്റുവാങ്ങുന്നു
അദ്ദേഹത്തിന്റെ കത്തെഴുത്ത് ശൈലിയുടേയും അതിനപ്പുറം അതിതീവ്രമായ ഇച്ഛാശക്തിയുടെയും പ്രകടീകരണത്തിന്റെ വേറെയും ഉദാഹരണങ്ങള്‍ ഉണ്ട്. 76-ാം വയസ്സില്‍ പക്ഷാഘാതം വന്ന് വലതുവശം തളര്‍ന്നുപോയപ്പോള്‍ അദ്ദേഹം ഇടതുകൈകൊണ്ട് കത്തെഴുതാന്‍ ആരംഭിച്ചു. പരിശീലിച്ചു. വിജയിച്ചു. പിന്നെ അതൊരു ശീലമാക്കി. അവസാനകാലത്ത് ദേവറസ്ജിക്ക് വിജയദശമി ആശംസ അറിയിച്ചുകൊണ്ട് അദ്ദേഹം കത്തെഴുതിയത് ഇടതുകൈ കൊണ്ടായിരുന്നു. ആബാജിയുടെ ഈ കത്തെഴുത്തു ശൈലിയെ ‘പ്രചണ്ഡമായ കത്തെഴുതല്‍’ എന്നാണ് ഠേംഗ്ഡിജി വിളിച്ചത്. നമ്മുടെ എല്ലാ സംഘപൂര്‍വികരെയും പോലെ അതിതീവ്രമായ ഇച്ഛാശക്തി തന്നെയായിരുന്നു ആബാജിയുടെയും കൈമുതല്‍.
1995 നവംബര്‍ 27 ന് ജീവന്‍ വെടിയുന്നതുവരെ അദ്ദേഹം ചുമതലകളില്‍ തുടര്‍ന്നു. അവസാന കത്ത് ദേവറസ്ജിക്കായിരുന്നു. ദേവറസ്ജിയുടെ ശതാഭിഷേകത്തിന്റെ പിറ്റേന്നാണ് മരണം. പൂജനീയ സര്‍സംഘചാലകന്മാരുടെ നിഴല്‍ ആയിട്ടല്ല താന്‍ അദ്ദേഹത്തെ കാണുന്നതെന്ന് ദേവറസ്ജി പറഞ്ഞു. അദ്ദേഹത്തിന്റെ സമ്പര്‍ക്കശക്തികാരണം അദ്ദേഹം‘ജഗത്മിത്രം ആണെന്നാണ് ദേവറസ്ജി വിശേഷിപ്പിച്ചത്. 77-ാം വയസ്സില്‍ അന്ത്യവിശ്രമംകൊള്ളുന്നതുവരെ, അവിശ്രമം യാത്രചെയ്ത സമയത്തുണ്ടാക്കിയ തിരുശിഷ്ടങ്ങളുടെ ആകെത്തുകയാണ് ജഗന്മിത്രമെന്ന ഈ വിശേഷണം. യഥാര്‍ത്ഥത്തില്‍ ഇതൊരു വിശേഷണമല്ല അംഗീകാരമാണ്. നിര്‍മലനും നിരഹങ്കാരിയുമായിരുന്ന ആ മഹാനായ ഡോക്ടറുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.