സംഘഗംഗയുടെ കാലികപ്രവാഹം കണ്‍കുളിര്‍ക്കുന്ന കാഴ്ചയാണ്. അതിലൊഴുകുക എന്നത് കര്‍ത്തവ്യവും. സംഘപഥത്തില്‍ ഏതൊരു സ്വയംസേവകനെ സംബന്ധിച്ചും ഡോക്ടര്‍ജിയുടെ സ്മൃതികളും സാമീപ്യവും പ്രചോദനാത്മകമാണ്. ഡോക്ടര്‍ജിയെ കണ്ട സ്വയംസേവകര്‍ സൗഭാഗ്യവാന്മാരും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചവര്‍ സുകൃതികളുമാണ്. അങ്ങനെയെങ്കില്‍ ഡോക്ടര്‍ജിയുടെ നിര്‍ദ്ദേശമോ നിര്‍ണ്ണയമോ പ്രകാരം പ്രചാരകാവാന്‍ സാധിച്ചവരാകട്ടെ മോക്ഷം കിട്ടിയ ദേവഗണത്തില്‍പ്പടുന്നവര്‍ തന്നെ. ഡോക്ടര്‍ജിയുടെ നിര്‍ദ്ദേശപ്രകാരം എന്നതുകൊണ്ടുദ്ദേശിക്കുന്നത്, അവരോട് മുഴുവന്‍ സമയവും നല്‍കാന്‍ ഡോക്ടര്‍ജി അങ്ങോട്ടാവശ്യപ്പെട്ടു എന്നാണ്. ബാബാ ആപ്‌ടെജിയും ദാദാറാവുജിയും ഈ ഗണത്തില്‍പ്പെടും. ഡോക്ടര്‍ജിയുടെ നിര്‍ണ്ണയപ്രകാരം എന്നതുകൊണ്ടുദ്ദേശിക്കുന്നത് പ്രചാരകമോഹം പേറിവന്ന യുവാക്കള്‍ എപ്പോള്‍ പ്രചാരകാവണമെന്ന നിര്‍ണ്ണയാവകാശം ഡോക്ടര്‍ജിക്കായിരുന്നുവെന്നാണ്. യാദവ്‌റാവു ജോഷി, ഏകനാഥ് റാനഡെ എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടും. ഈ നിര്‍ണ്ണയത്തിനും നിര്‍ദ്ദേശത്തിനും ഡോക്ടര്‍ജിക്ക് ചില മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. നമ്മുടെ ബുദ്ധിക്കും ഗ്രാഹ്യത്തിനുമപ്പുറത്തേക്ക്, ഒരേസമയം ശാസ്ത്രീയവും യുക്തിപരവും അതേസമയം ദൈവികവുമായ എന്തൊക്കെയോ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. അവയൊക്കെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ നമുക്കു സാധിക്കില്ലെങ്കിലും, അവയുടെ ചില ലക്ഷണങ്ങള്‍ നമുക്കു മനസ്സിലാവും. അത്തരത്തില്‍ ഡോക്ടര്‍ജിയുടെ വേറിട്ട നിര്‍ണ്ണയത്തിനുള്ള ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. സ്വന്തം ഇളയച്ഛനെ വിസ്താരകനാക്കിയതും, ഭാവുസാഹേബ് ഭുസ്‌കൂടെജിയെ ഗൃഹസ്ഥപ്രചാരകനാവാന്‍ അനുവദിച്ചതും ഇതില്‍പ്പെടും. ഈ ഗണത്തില്‍പ്പെടുന്ന ഈശ്വരീയമായ നിര്‍ണ്ണയമായിരുന്നു നാരായണ്‍ തര്‍ടെയെ പ്രചാരകനായി അയച്ചുവെന്നത്.
1913 മാര്‍ച്ച് 13 ന് മഹാരാഷ്ട്രയിലെ അകോലയില്‍ വിശ്വനാഥ് തര്‍ടെയുടെ മകനായിട്ടാണ് ജനിച്ചത്. ദാരിദ്ര്യം കാരണം പത്താം ക്ലാസില്‍ പഠനം നിര്‍ത്തി. 1930-നു മുമ്പു തന്നെ അകോലയില്‍ ശാഖ തുടങ്ങിയിരുന്നു. അക്കാലം മുതല്‍ സ്വയംസേവകനായി. നാരായണ്‍ തര്‍ടെ കുട്ടിക്കാലം മുതല്‍ക്കേ ശാഖയില്‍ സജീവമായിരുന്നു. 1934 ല്‍ മൂന്നാം വര്‍ഷ പ്രശിക്ഷണം പൂര്‍ത്തിയാക്കി. വിദ്യാര്‍ത്ഥികാലംതൊട്ടേ മുഴുവന്‍ സമയവും സംഘപ്രവര്‍ത്തനം ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ കലശലായ പ്രചാരകമോഹം! സഹപ്രവര്‍ത്തകരായ സ്വയംസേവകര്‍ അദ്ദേഹത്തിന്റെ കടുത്ത ദാരിദ്ര്യവും വിദ്യാഭ്യാസക്കുറവും ചൂണ്ടിക്കാണിച്ച് നിരുത്സാഹപ്പെടുത്തി. അക്കാലത്ത് പ്രചാരകരായി പുറപ്പെട്ടവര്‍ മുഴുവനും വിദ്യാഭ്യാസം നേടിയവരോ, ഉന്നത വിദ്യാഭ്യാസം നേടാനായി പോകുന്നവരോ ആയിരുന്നു. (രാജാപാതുര്‍ക്കര്‍ മാത്രമായിരുന്നു ഇതിനൊരു അപവാദം). സംഘചാലകനടക്കമുള്ളവര്‍ വീടുവിട്ടു പോവരുതെന്നു സദുദ്ദേശപരമായി നിര്‍ദേശിച്ചു. ഇതുകൊണ്ടൊന്നും തളരാതെ, അടങ്ങാത്ത പ്രചാരകമോഹവുമായി നാരായണ്‍ തര്‍ടെ ഡോക്ടര്‍ജിയെ കണ്ടു. വിദ്യാഭ്യാസമില്ലെങ്കിലും വിദ്യയും ഗുരുത്വവും വേണ്ടത്ര ഉണ്ടായിരുന്ന ആ ദരിദ്രയുവാവിനെ ഡോക്ടര്‍ജി നിരാശപ്പെടുത്തിയില്ല. അയാളുടെ ഉള്ളിലുണ്ടായിരുന്ന സംഘഭക്തിയും ദൃഢനിശ്ചയവും ഡോക്ടര്‍ജിക്കു മനസ്സിലാവാതിരിക്കില്ലല്ലോ. ഡോക്ടര്‍ജി അദ്ദേഹത്തിന് പ്രചാരകനാവാന്‍ അനുവാദം കൊടുത്തു.
ഗ്വാളിയോറില്‍ ശാഖയാരംഭിക്കാനായിരുന്നു ഡോക്ടര്‍ജി അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത്. ഗ്വാളിയോറിലേക്ക് യാത്രയയച്ചതും ഡോക്ടര്‍ജി തന്നെ. മറ്റു പല പ്രചാരകന്മാര്‍ക്കും നല്‍കപ്പെട്ടത് പോലെ ചെന്നെത്തുന്ന സ്ഥലത്തു ബന്ധപ്പെടാന്‍ ഒരു മേല്‍വിലാസം തര്‍ടെജിക്ക് കിട്ടിയില്ല. പോകുന്ന സമയത്ത് 4 രൂപയും രാമദാസഗുരുവിന്റെ ദാസബോധും തിലകന്റെ ഗീതാരഹസ്യവും നല്‍കി. വിദ്യാഭ്യാസം മാത്രമല്ല, വിദ്യയാണ് വിജയത്തിന്റെ ആധാരം. ഡോക്ടര്‍ജിയുടെ അനുഗ്രഹത്തോടെ അന്നാരംഭിച്ച യാത്ര സഫലമായി. സ്‌നേഹവും വിനയവും സംഘഭക്തിയും കൊണ്ട് കാര്യക്ഷേത്രം കീഴടക്കി. ഏതൊരു പ്രചാരകനെയും പോലെ നാരായണ്‍ റാവുവിനും തുടക്കം സുഖകരമായിരുന്നില്ല. ഗ്വാളിയോറില്‍ വേണ്ടത്ര സ്വീകാര്യത കിട്ടിയില്ല. മുഴുപ്പട്ടിണിയും റെയില്‍വേസ്റ്റേഷനും മാത്രമായി ജീവിതം ഒതുങ്ങി. എങ്കിലും അദ്ദേഹം പരിഭവിച്ചില്ല. നഗരത്തില്‍ സാഫല്യം ലഭിക്കാതിരുന്നപ്പോള്‍ അദ്ദേഹം നഗരാന്തര്‍ ഭാഗങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഇറങ്ങി പരിശ്രമിച്ചു. സംഘകാര്യം ഈശ്വരീയമാകയാല്‍ വൈകാതെ ഫലം കണ്ടുതുടങ്ങി. ഗ്രാമീണ ക്ഷേത്രങ്ങളില്‍ നിരവധി ശാഖകള്‍ തുടങ്ങി. ഭിംഡ്, മോറീന, ശിവപുരി, ഗുണ എന്നിവയൊക്കെ സംഘഭൂപടത്തില്‍ മിന്നിത്തിളങ്ങാന്‍ തുടങ്ങി.
ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ഡോക്ടര്‍ജി ആദ്യകാലത്തയച്ച മിക്കവാറും എല്ലാ വിസ്താരകന്മാര്‍ക്കും പ്രചാരകന്മാര്‍ക്കും പലതരത്തിലുള്ള സവിശേഷതകള്‍ ഉണ്ടായിരുന്നു. പലരും വിദ്യാസമ്പന്നരും ബന്ധുത്വബലമുള്ളവരുമാകയാല്‍ നഗരങ്ങളില്‍ അവര്‍ക്കു എളുപ്പത്തില്‍ സ്വീകാര്യത കിട്ടിയിരുന്നു. ഇവയൊന്നുമില്ലാതിരുന്നവര്‍ക്ക് കുശപഥക്കില്‍ നിന്നും നാഗ്പൂര്‍ ശാഖയില്‍ നിന്നും സഹജമായ സാമര്‍ത്ഥ്യം കിട്ടിയിരുന്നു. വിദ്യാഭ്യാസമില്ലാതിരുന്ന രാജാഭാവുപാതുര്‍ക്കറിനെ പോലുള്ളവര്‍ കായികതാരങ്ങളാകയാല്‍ അവര്‍ക്കും ‘നുഴഞ്ഞുകയറാന്‍’’ഒരു മേഖല ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം യാതൊരുവിധ സവിശേഷതകളുമില്ലാതിരുന്ന ഒരു സാധാരണക്കാരനായിരുന്നു നാരായണ്‍ തര്‍ടെ. സംഘകാര്യം ഈശ്വരീയ കാര്യമാണെന്ന അടിയുറച്ച ബോധ്യവും ഡോക്ടര്‍ജിയുടെ അനുഗ്രഹവും മാത്രമാണ് നാരായണ്‍ റാവുവിന് കൈമുതലായുണ്ടായിരുന്നത്.
സംഘകാര്യം ഈശ്വരീയമാണെന്ന വാചകം ഈ പ്രകരണത്തില്‍ ഇതു മൂന്നാം തവണയാണ് കടന്നുവരുന്നത്. അതു മനഃപൂര്‍വ്വമല്ല, സ്വാഭാവികമായിരുന്നു. കാരണം ഈ വാചകം പലപ്പോഴും ഉച്ചരിക്കാറുള്ള വ്യക്തിയെക്കുറിച്ചാണ് ഇവിടെ നമ്മള്‍ ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. തന്റെ അവസാന കാലഘട്ടത്ത് നാഗ്പൂര്‍ കേന്ദ്രകാര്യാലയത്തിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഇപ്പോഴത്തെ അഖില ഭാരതീയ കുടുംബപ്രബോധന്‍ സഹപ്രമുഖ് രവീന്ദ്ര ജോഷിജി ശാഖ കഴിഞ്ഞാല്‍ അദ്ദേഹവുമായി സ്ഥിരമായി സംവദിക്കാറുണ്ടായിരുന്നു. ഈ വയസുകാലത്തും അങ്ങയുടെ അസൂയാവഹമായ മുഖപ്രസന്നതയുടെയും മനഃപ്രസന്നതയുടെയും രഹസ്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു. അതിനുള്ള മറുപടി വളരെ ലളിതവും സഹജവുമായിരുന്നു: ”സംഘകാര്യം ഈശ്വരീയകാര്യമാണെന്ന് എനിക്ക് ജീവിതത്തില്‍ ഉടനീളം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു” എന്നായിരുന്നു തര്‍ടെജി പറഞ്ഞത്. യാതൊരു പരാതിയും പരിഭവവുമില്ലാതെ 24 മണിക്കൂറും എങ്ങനെ ജീവിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു നാരായണ്‍ തര്‍ടെജി.
ഈ ആപ്തവാക്യമായിരുന്നു ഗ്വാളിയോറിലെ വിജയമന്ത്രം. നാഗ്പൂരിലെ നാരായണ്‍ തര്‍ടെയെ ലോകം അറിയുന്നത് ദീര്‍ഘകാലം കഴിഞ്ഞാണ്. അറിയപ്പെടാനോ അറിയിക്കാനോ അല്ല പ്രചാരകര്‍ ജീവിക്കുന്നത്. അറിയപ്പെടലല്ല പ്രചാരകജീവിത സാഫല്യത്തിന്റെ മാനദണ്ഡവും. പ്രചാരകര്‍ക്കു മാത്രമല്ല സംഘകാര്യമഗ്നരായ എല്ലാ കാര്യകര്‍ത്താക്കള്‍ക്കും ഡോക്ടര്‍ജി നല്‍കിയ ബീജമന്ത്രവും ഇതുതന്നെ. എന്നിരുന്നാലും കാലപ്രവാഹത്തിന്റെ പ്രവചനാതീതമായ പരിണാമദശകളില്‍ ചില പ്രചാരകന്മാര്‍ സ്വേച്ഛയില്ലാതെയും അറിയപ്പെട്ടു പോകാറുണ്ട്. അങ്ങനെയുളള അറിയപ്പെടല്‍ അവരുടെ പ്രസിദ്ധിയല്ല, സംഘത്തിന്റെ ശ്രേയസ്സാണ്. ഇവിടെ അറിയപ്പെടുന്നതും കീര്‍ത്തി നേടുന്നതും ശ്രേയസ്സു പുല്‍കുന്നതും അവരിലൂടെ സംഘം മുന്നോട്ടുവെച്ച ആദര്‍ശമാണ്. ഇത്തരത്തില്‍ നാരായണ്‍ തര്‍ടെജിയ്ക്കു ലഭിച്ച കീര്‍ത്തി സംഘത്തിന് അഭിമാനകരമായിരുന്നു. സംഘം മുന്നോട്ടുവെച്ച അത്യുദാത്തമായ ആശയത്തിന്റെ അതിലളിതമായ ഉദാഹരണം നാരായണ്‍ തര്‍ടെയിലൂടെ പൊതുസമൂഹം നേരിട്ടുകണ്ടു. പ്രധാനമന്ത്രി പദത്തില്‍ എത്തിയതിനുശേഷം, നാഗ്പൂര്‍ യാത്രയ്ക്കിടയില്‍, തന്റെ ഗുരുനാഥനെ കാണാന്‍ കേന്ദ്രകാര്യാലയത്തിലെത്തിയ അടല്‍ ബിഹാരി വാജ്‌പേയിയായിരുന്നു ഇതിനു നിമിത്തമായത്. ഗുരുപൂജയും ഗുരുദക്ഷിണയും പരമപവിത്ര ഭഗവധ്വജത്തിനു മാത്രം അവകാശപ്പെട്ടതാണെങ്കിലും ഗുരുഭക്തിയും ഗുരുത്വവും സ്വയംസേവകന്റെ മുഖമുദ്രയാണ്. അടല്‍ജി അതുപാലിച്ചു, നാരായണ്‍ തര്‍ടെ അതേറ്റു വാങ്ങി.
അടല്‍ജി അദ്ദേഹത്തെ മാമുജി എന്നായിരുന്നു വിളിച്ചു കൊണ്ടിരുന്നത്. പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം അടല്‍ജി നാഗ്പൂര്‍ കേന്ദ്രകാര്യാലയത്തിലേക്ക് ഫോണ്‍ ചെയ്തു. ഒരു മാര്‍ച്ച് പതിമൂന്നാം തീയ്യതിയായിരുന്നു ഈ വിളി. തര്‍ടെജിയുടെ പിറന്നാള്‍ ദിവസം. സാധാരണയായി കാര്യാലയങ്ങളില്‍ പിറന്നാളാഘോഷങ്ങള്‍ ഉണ്ടാവാറില്ലല്ലോ. അന്നദ്ദേഹത്തിന്റെ പിറന്നാളാണെന്ന് പലര്‍ക്കും അറിയുകയുമില്ലായിരുന്നു. അടല്‍ജിയുടെ വിളി വന്നപ്പോള്‍ കാര്യാലയപ്രമുഖ് തര്‍ടെജിയോട് വിവരം പറഞ്ഞു. ആരാണെന്ന് ചോദിക്കൂ, കുറച്ചു കഴിഞ്ഞു തിരിച്ചു വിളിക്കാമെന്ന് തര്‍ടെജി പറഞ്ഞു. കാര്യാലയ പ്രമുഖ് വിവരം അടല്‍ജിയെ അറിയിച്ചു. ഞാന്‍ അടല്‍ ബിഹാരി വാജ്‌പേയി ആണ് വിളിക്കുന്നതെന്ന് പറഞ്ഞു വീണ്ടും സന്ദേശം നല്‍കാനാവശ്യപ്പെട്ട് അടല്‍ജി കാത്തിരുന്നു. രണ്ടാമത് ചെന്നു വിളിച്ചപ്പോള്‍ വൃദ്ധനായ പിറന്നാളുകാരന്‍ അടല്‍ജിയോട് സംസാരിക്കാനായി ഓടിവന്നു. നാഗ്പൂര്‍ കാര്യാലയത്തില്‍ താമസിക്കുന്ന ഒരു പടുവൃദ്ധന്‍ പ്രചാരകന്റെ പിറന്നാള്‍ ഓര്‍ത്തുവെച്ച് ദില്ലിയില്‍ നിന്നും പ്രധാനമന്ത്രി വിളിക്കുന്നത് സ്വയംസേവകരെ സംബന്ധിച്ച് അവിരാമമായ സംഘയാത്രയില്‍ ആനന്ദം നല്‍കുന്ന അനേകം നിമിഷങ്ങളില്‍ ഒന്നു മാത്രമാണ്. എന്നാല്‍ അടല്‍ജിയേയും അദ്ദേഹത്തിന്റെ മാമുജിയെയും സംബന്ധിച്ച് കര്‍മ്മപൂര്‍ത്തിയുടെ അന്തിമഘട്ടത്തിലെ ചരിത്രസാംഗത്യമുള്ള ഒരു സ്വപ്‌നനിമിഷമാണ്. അന്നുരാത്രി പൂജനീയ സര്‍സംഘചാലക് രജുഭയ്യയും കാര്യാലയത്തിലെ മറ്റു സ്വയംസേവകരും ചേര്‍ന്ന് മാമുജിയുടെ പിറന്നാള്‍ ആഘോഷിച്ചു. കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അടല്‍ജി മാമുജിയെ ദില്ലിയിലേക്ക് ക്ഷണിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ അദ്ദേഹത്തിന്റെ ബന്ധുവായി മാമുജി താമസിച്ചു. ഈ ദിവസങ്ങളിലൊക്കെ, മുടങ്ങാതെ, മാമുജിയോടൊപ്പം ഭക്ഷണം കഴിക്കാനും വൈകീട്ട് ഏകദേശം ഒരുമണിക്കൂര്‍ സമയം അദ്ദേഹത്തോടൊപ്പം വെറുതെയിരുന്ന് കഥ പറയാനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തി. ആ ഒരുമണിക്കൂര്‍ സമയത്തെ പ്രധാനമന്ത്രിയുടെ ശൂന്യവേളയിലെ കഥകള്‍ മുഴുവനും സംഘ മയമായിരിക്കുമെന്ന് സംഘവൃത്തങ്ങളിലെ അനൗപചാരിക കൂടിച്ചേരലുകളെക്കുറിച്ച് അറിയാവുന്ന ആര്‍ക്കും ഊഹിച്ചെടുക്കാം.
അടല്‍ജിയെപ്പോലെ ധാരാളം കാര്യകര്‍ത്താക്കള്‍ നാരായണ്‍ തര്‍ടെയുടെ സ്‌നേഹലാളനകളില്‍ വളര്‍ന്നിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ സ്ഥാപകാംഗമായ ദാദാസാഹബ് ആപ്‌ടെജിയുടെയും വളര്‍ച്ച നാരായണ്‍ തര്‍ടെയുടെ സ്വാധീനത്തിലായിരുന്നു. ഒരു ചെടി അതിന്റെ ഫലങ്ങള്‍ സമൂഹത്തിനു നല്‍കാന്‍ കാലം നിര്‍ണ്ണയിച്ച സമയം കടക്കാതെ വയ്യല്ലോ. ഈ സമയത്ത് അതിന്റെ വളര്‍ച്ചയ്ക്കു താങ്ങു നല്‍കിക്കൊണ്ടിരിക്കുന്ന നാരായണ്‍ തര്‍ടെമാരാല്‍ എന്നും സമ്പന്നമായിരുന്നു സംഘം. ഗ്വാളിയോറിലെ കാര്യപൂര്‍ത്തിക്കുശേഷം അദ്ദേഹം ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ പ്രവര്‍ത്തിച്ചു. അതിനുശേഷം ‘ഹിന്ദുസ്ഥാന്‍ സമാചാര്‍’ എന്ന പേരില്‍ പ്രസിദ്ധീകരണ വിഭാഗം ആരംഭിച്ചപ്പോള്‍ അതിലേക്ക് നിയോഗിക്കപ്പെട്ടു. ദീര്‍ഘകാലം അവിടെ പ്രവര്‍ത്തിച്ചു. വൃദ്ധാവസ്ഥയില്‍ ആരോഗ്യം തകരാറിലായി തുടങ്ങിയതോടെ നാഗ്പൂരില്‍ തിരിച്ചെത്തി. പത്രപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ദില്ലിയിലെ മാധ്യമസമൂഹം 2003 ല്‍ വിഖ്യാതമായ ‘നാരദ പുരസ്‌കാരം’ നല്‍കി ആദരിച്ചു. ഒരു ലക്ഷം രൂപയായിരുന്നു അവാര്‍ഡ് തുക. അവാര്‍ഡും തുകയുമായി ദില്ലിയില്‍ നിന്ന് തിരിച്ചു വന്നയുടന്‍ അദ്ദേഹം അന്നത്തെ പ്രാന്തപ്രചാരക് രവീന്ദ്ര ഭൂസാരിജിയെ കണ്ടു. മുഴുവന്‍ തുകയും അദ്ദേഹത്തെ ഏല്‍പിച്ചു. ഈ പണം എന്തു ചെയ്യണമെന്ന് തിരിച്ചു ചോദിച്ച പ്രാന്തപ്രചാരകന് അദ്ദേഹത്തിന്റെ സഹജമായ നിര്‍മമത്വവും നിരഹങ്കാരിതയും അടിവരയിട്ടുറപ്പിക്കുന്ന മറുപടിയാണ് നല്‍കിയത്: ”ഞാന്‍ സംഘത്തിന്റെ പ്രചാരകനാണ്. അതുകൊണ്ട് ആ പണം എന്റേതല്ല, സംഘത്തിന്റേതാണ്. അതെന്തു ചെയ്യണമെന്ന് എനിക്കറിയില്ല, താങ്കള്‍ തീരുമാനിച്ചാല്‍ മതി.” ആഗ്രഹിക്കാതെ തന്നെ അവാര്‍ഡുകളും അവാര്‍ഡുതുകകളും അംഗീകാരങ്ങളും തേടിയെത്തുമ്പോള്‍ ഒരു പ്രചാരകന്‍ പാലിക്കേണ്ട സംഘപഥ്യത്തെക്കുറിച്ചു പൂജനീയ ഡോക്ടര്‍ജിയുടെ കടാക്ഷത്തില്‍ വളര്‍ന്ന ആ വരിഷ്ഠ പ്രചാരകന്റെ കാഴ്ചപ്പാട് ഇതായിരുന്നു.
ദരിദ്രകുടുംബത്തില്‍ പിറന്ന വിദ്യാസമ്പന്നനല്ലാത്ത സര്‍വസാധാരണക്കാരനായ തര്‍ടെയുടെ ഹൃദയതടങ്ങളിലെ പ്രചാരകമോഹം നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് ഡോക്ടര്‍ജി തടഞ്ഞിരുന്നുവെങ്കില്‍ പരിണാമം എന്താകുമായിരുന്നുവെന്നത് പ്രവചനാതീതമാണ്. നാരായണ്‍ തര്‍ടെയുടെ മോക്ഷകവാടം തുറുന്നുകൊടുക്കാന്‍ ഡോക്ടര്‍ജി കാണിച്ച മനസ്സും, അതിലൂടെ വഴിപതറാതെ സഞ്ചരിക്കാന്‍ നാരായണ്‍ റാവു അനുഷ്ഠിച്ച തപസ്സുമാണ് ഈ ജീവിതകഥയുടെ സത്ത. അടല്‍ജി നല്‍കിയ ഖ്യാതി ഇതിന് അലങ്കാരവും കൂടി ചേര്‍ക്കുന്നു. ആ കര്‍മ്മയോഗി 2005 ആഗസ്റ്റ് 1-ാം തിയ്യതി സംഘപഥത്തില്‍ നിന്നും പൊഴിഞ്ഞ് ഈശ്വരപഥത്തിലെത്തി.