വര്‍ഷം 1983. ഞാനന്ന് മടപ്പള്ളി ഗവ: കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി. സംഘത്തിന്റെ വടകര താലൂക്കിലെ ഏറാമല മണ്ഡല്‍ കാര്യവാഹ് എന്ന ചുമതലയായിരുന്നു. ജൂണ്‍ മാസമായതോടെ ഞങ്ങള്‍ സ്ഥാനീയ കാര്യകര്‍ത്താക്കളെല്ലാം വലിയ ആകാംക്ഷയിലാണ്. അതുവരെ വടകര താലൂക് പ്രചാരകായി പ്രവര്‍ത്തിച്ച എം.ആര്‍.പത്മനാഭനെന്ന മണിയേട്ടന്‍ മാറി പുതിയ പ്രചാരകന്‍ വരുന്നു. ടി. തമ്പി ഏട്ടന്‍, മോഹനേട്ടന്‍, ഗോപി ഏട്ടന്‍, സോമേട്ടന്‍ തുടങ്ങി പ്രായത്തില്‍ മുതിര്‍ന്ന പ്രചാരകന്മാരെ മാത്രം കണ്ട് പരിചയിച്ചതിനാല്‍ അങ്ങിനെയൊരാളിനെ പ്രതീക്ഷിച്ചിരിക്കവെയാണ് ഒരു തോള്‍സഞ്ചിയും തൂക്കി ഒറ്റ ഖദര്‍ മുണ്ടും അരക്കൈ നെടുനീളന്‍ കുപ്പായവുമിട്ട് ചൂരല്‍ പിടിയുള്ള വലിയൊരു കുടയും തോളില്‍ തൂക്കി, ആറടി പൊക്കമുണ്ടെങ്കിലും പ്രായത്തില്‍ ഒരു ബിരുദ വിദ്യാര്‍ത്ഥിയുടെ മട്ടുള്ള ടി.എന്‍ ഹരി എന്ന ഹരിയേട്ടന്‍ വരുന്നത്. പ്രചാരക് എന്ന നിലക്ക് ഹരിയേട്ടന്റെ ആദ്യ കര്‍മ മണ്ഡലമായിരുന്നു വടകര.
ഡിഗ്രി പഠനത്തിനിടെ അങ്കമാലി താലൂക്കില്‍ നെടുമ്പാശ്ശേരി മണ്ഡല്‍ കാര്യകര്‍ത്താവായി ചുമതലയിലിരിക്കെയാണ് ഹരിയേട്ടന്‍ പ്രചാരകനായി പുറപ്പെടുന്നത്. ഹരിയേട്ടന്റെ ജേ്യഷ്ഠന്‍ ടി.എന്‍. പ്രകാശ് തൃതീയ വര്‍ഷ സംഘ ശിക്ഷാ വര്‍ഗ്ഗിന് നാഗ്പൂര്‍ പോയി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഹരിയെ വീട്ടില്‍ കാണാതായപ്പോള്‍ അമ്മയോടന്വേഷിച്ചു. ‘അവന്‍ പ്രചാരകനായി പോയെന്ന്’അമ്മ പറഞ്ഞപ്പോഴാണ് ജ്യേഷ്ഠന്‍ കാര്യമറിയുന്നത്.
കമ്മ്യൂണിസ്റ്റുകാരന്‍ ശിഥിലമാക്കിയ ഹിന്ദു മനസ്സുകളെ ഏകോപിപ്പിക്കാനുള്ള സംഘപ്രവര്‍ത്തകരുടെ ഭഗീരഥ പ്രയത്‌നത്തെ ഏതു നിലക്കും തകര്‍ക്കാനായി കച്ചകെട്ടിയ കമ്മ്യൂണിസ്റ്റു കേന്ദ്രമായ ഒഞ്ചിയത്തിന്റെ മണ്ണില്‍ പോലും അന്ന് ഏകാത്മതാ രഥയാത്രയുടെ വിളംബരത്തിന് നേരിട്ട് വന്ന് നേതൃത്വം നല്‍കിയ ഹരിേയട്ടന്‍ അന്ന് സ്വയംസേവകരില്‍ ജനിപ്പിച്ച ആത്മവിശ്വാസം അത്ഭുതകരമായിരുന്നു.
മകന്‍ സംഘ കാര്യകര്‍ത്താവും ഗൃഹനാഥന്‍ കമ്മ്യൂണിസ്റ്റുകാരനുമായ വീടുകളായിരുന്നു അന്ന് ഇവിടങ്ങളില്‍ പലതും. ഒരിക്കല്‍ വടകര, ചോറോട് മണ്ഡലത്തിലെ ശാഖയും സമ്പര്‍ക്കവുമെല്ലാം കഴിഞ്ഞ് ഒരു കാര്യകര്‍ത്താവിന്റെ വീട്ടില്‍ താമസത്തിനായെത്തിയപ്പോള്‍ കമ്മ്യൂണിസ്റ്റുകാരനായ ഗൃഹനാഥന്‍ ഹരിയേട്ടനെ വീട്ടില്‍ പ്രവേശിപ്പിച്ചില്ലെന്ന് മാത്രമല്ല ഇനി മേലാല്‍ ഈ വീട്ടില്‍ കയറി പോവരുതെന്ന് താക്കീതും ചെയ്തു. തുടര്‍ന്ന് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള കാര്യാലയത്തിലേക്ക് നടന്നുപോവേണ്ടിവന്നു. ഇത്തരം തിക്താനുഭവങ്ങളൊന്നും വകവെക്കാതെ വടകരയുടെ മണ്ണില്‍ സംഘപ്രസ്ഥാനത്തിന്റെ വേരുറപ്പിക്കാന്‍ അദ്ദേഹം അശ്രാന്ത പരിശ്രമം തന്നെ നടത്തി.
കമ്മ്യൂണിസ്റ്റതിക്രമത്തിന്റെയും കൊലപാതകത്തിന്റെയും തീച്ചുളയില്‍ പല വീടുകളിലെയും അമ്മമാര്‍ മക്കളെ സംഘപ്രവര്‍ത്തനത്തില്‍ നിന്ന് വിലക്കിയിരുന്നു. ഹരിയേട്ടന്‍ ഓരോ വീട്ടിലെയും വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് നെഞ്ചുറപ്പോടെ പ്രവര്‍ത്തിച്ചപ്പോള്‍ സംഘ വീടുകളില്‍ ആത്മവിശ്വാസം അലയടിക്കുകയും, കുന്നിന്‍ ചരുവിലേക്ക് വെള്ളം അനര്‍ഗളം ഒഴുകിയെത്തുന്നതുപോലെ വലിയൊരു വിദ്യാര്‍ത്ഥി നിര സംഘ കാര്യകര്‍തൃ ഗണത്തിലേക്കെത്തുകയും ചെയ്തത് പിന്നീട് സംഘത്തിന് വലിയ മുതല്‍ ക്കൂട്ടായിരുന്നു.
ഒരോ താലുക്ക് ബൈഠക്കിലേയും, വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്ന വേദിക്കപ്പുറം, നിവാസി-പ്രവാസി കാര്യകര്‍ത്താക്കളെ വളര്‍ത്തിയെടുക്കാനുള്ള കളരിയായി വളരെ ശ്രദ്ധാപൂര്‍വ്വം മാറ്റുവാന്‍ ഹരിയേട്ടനും മാധവേട്ടനും കൂട്ടു ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ വടകരയിലെ സംഘപ്രവര്‍ത്തനത്തിന് എക്കാലവും മാതൃകയായിരുന്നു.
വടകര താലൂക്കില്‍ നിന്ന് നേരെ 1984 ല്‍ തിരുവനന്തപുരം മഹാനഗര്‍ പ്രചാരകായും തുടര്‍ന്ന് 1989 മുതല്‍ 92 വരെ ആലപ്പുഴ ജില്ലാ പ്രചാരകായും പ്രവര്‍ത്തിച്ച ശേഷം 1992 ഹരിയേട്ടന്‍ കോഴിക്കോട് വിഭാഗ് പ്രചാരകനായി ചുമതലയേറ്റു. 1997 ല്‍ ഗൃഹസ്ഥാശ്രമത്തിലേക്ക് തിരികെ പോയി.
കോഴിക്കോട് വിഭാഗ് കാര്യാലയം പഴയ രൂപത്തില്‍ നിന്ന് മാറി ഇന്നു കാണുന്ന കെട്ടിടത്തിലേക്ക് ഉയര്‍ന്നുവന്നത് ഹരിയേട്ടന്‍ പ്രചാരകായ കാലത്തായിരുന്നു. കാര്യാലയ നിര്‍മ്മാണത്തിന്റെ പ്രധാന വാര്‍പ്പിന്റെ തലേന്ന് എത്തിക്കാമെന്നേറ്റ 75 ചാക്ക് സിമന്റും മറ്റ് സാമഗ്രികളും എത്താത്ത സാഹചര്യത്തില്‍, അന്നത്തെ പരിമിതമായ ഫോണ്‍ സൗകര്യത്തിന്റെ സഹായത്താല്‍ കാര്യകര്‍ത്താക്കളെ സജ്ജരാക്കി മണിക്കൂറുകള്‍കൊണ്ട് എല്ലാം എത്തിച്ച ഹരിയേട്ടന്റെ സംഘടനാപാടവം അതുല്യമാണെന്ന് കോഴിക്കോട് നഗരത്തിലെ അക്കാലത്തെ കാര്യകര്‍ത്താക്കളോര്‍ക്കുന്നു.
ഞാന്‍ തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗില്‍ ശിക്ഷകായി പോയപ്പോള്‍ ഹരിയേട്ടനായിരുന്നു പ്രാന്തപ്രമുഖ്. ആ കാലയളവില്‍ നല്ലൊരു വ്യക്തിബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ടി.എന്‍. നാരായണന്‍ നമ്പൂതിരി എന്നാണെന്ന് മനസ്സിലായത് ഇക്കഴിഞ്ഞ ദിവസം ജ്യേഷ്ഠന്‍ ടി.എന്‍ പ്രകാശിനെ വിളിച്ചപ്പോള്‍ മാത്രമാണ്.
1997 ല്‍ കോഴിക്കോട് നിന്നും തിരികെപോയതിനു ശേഷം വലിയ സമ്പര്‍ക്കമൊന്നും തമ്മിലുണ്ടായിരുന്നില്ല. കഴിഞ്ഞ കുറച്ചുവര്‍ഷമായി അസുഖബാധിതനാണെന്നറിഞ്ഞിരുന്നു. പെട്ടെന്നാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് കാലത്ത് ഹരിയേട്ടന്‍ വിഷ്ണുപാദം പുല്‍കിയ വിവരമറിയുന്നത്. തന്റെ ജീവിതത്തിന്റെ യൗവ്വനത്തെ പൂര്‍ണമായും സംഘ ഗംഗയിലലിയിച്ച് ആ മഹാ പ്രവാഹത്തിന് കരുത്തും ദിശാബോധവും നല്‍കിയ ഹരിയേട്ടന്റെ ധന്യമായ ഓര്‍മ്മ, പരിചയപ്പെട്ട ഓരോ സ്വയംസേവകന്റെയും മനസ്സില്‍ എക്കാലവും തുടിച്ചു നില്‍ക്കും.