ആകാശത്തിന്റെ അനന്തനീലിമയും അതിന്റെ അനുപമ സൗന്ദര്യവും മനുഷ്യനെ എന്നും മോഹിപ്പിച്ചിട്ടുള്ള നിഗൂഢതയാണ്. ബുദ്ധിയും ചിന്തയും മുളപൊട്ടുന്ന പ്രായത്തില്‍ തന്നെ അമ്മിഞ്ഞപ്പാലിനൊപ്പം അമ്മ ഇറ്റു തരുന്ന ഒരു വാത്സല്യ കണമാണ് അമ്പിളി മാമന്റെ കഥയും. കഥകള്‍ക്ക് കാലദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകാമേന്നെയുള്ളൂ. ആ കുതൂഹലവും അന്വേഷണങ്ങളും എന്നും നവയൗവ്വനത്തില്‍ തന്നെ. അടുക്കുന്തോറും അകന്നുകൊണ്ട് പ്രകൃതിയുടെ മഹാരഹസ്യങ്ങള്‍ നമ്മെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
പറക്കാനുള്ള ആഗ്രഹം, ആദ്യം ബലൂണുകളിലും പിന്നെ വിമാനങ്ങളിലും കൂടെ മുന്നേറിയപ്പോള്‍, ചുവന്ന് തുടുത്ത ചെമ്പഴുക്കയുടെ അടുത്തേക്ക് പറന്ന് ചെല്ലാന്‍ ശ്രമിച്ച ബാലഹനുമാനെപ്പോലെ മനുഷ്യന്റെ ജിജ്ഞാസ, വായു മണ്ഡലം വിട്ട് ബഹിരാകാശത്തെക്ക് പടര്‍ന്നു. രണ്ടാം ലോകമഹായുദ്ധം നല്‍കിയ സാങ്കേതിക സ്‌ഫോടനത്തിന്റെ ചിറകിലേറി, 1957ല്‍ മനുഷ്യന്റെ ആദ്യ ആകാശദൂതന്‍, സ്പുട്‌നിക്ക്, ഭൂമിയെ വലംവെച്ചു. തുടര്‍ന്ന് യൂറി ഗഗാറിന്‍, ഈ നീലഗ്രഹത്തിന്റെ വന്യസൗന്ദര്യം ബഹിരാകാശ മുറ്റത്ത് നിന്ന് ആദ്യമായി ആസ്വദിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ അമേരിക്കയും സോവിയറ്റ് യൂണിയനും നടത്തിയ വമ്പന്‍ ബഹിരാകാശ മാരത്തോണുകള്‍, അമ്പിളിമാമനെ പുണരുന്ന നിലയിലേക്ക് വരെ എത്തിച്ചു. പക്ഷെ, ഭീകരമായ ചെലവും മനുഷ്യാദ്ധ്വാനവും ബഹിരാകാശ ഗവേഷണത്തിന്റെ മേഖലയെ പുനര്‍നിര്‍വ്വചിക്കാന്‍ അമേരിക്കയെ നിര്‍ബന്ധിതമാക്കി. അങ്ങിനെ, പിറന്നതാണ് സ്‌പേസ് ഷട്ടില്‍ എന്ന ആശയവും വിജയവും. സാധാരണ ബഹിരാകാശ യാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ കഴിയും, വലിയ പേലോഡുകള്‍ വഹിക്കാന്‍ കഴിയും, കൂടുതല്‍ സഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ കഴിയും എന്നതൊക്കെ സ്‌പേസ് ഷട്ടിലിന്റെ പ്രത്യേകതകളാണ്.
ഒരുപാട് കാലത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് 1981 ഏപ്രിലില്‍ ആദ്യത്തെ സ്‌പേസ് ഷട്ടില്‍, കൊളംബിയ മനുഷ്യനെ വഹിച്ച് കൊണ്ട് ബഹിരാകാശം പൂകിയതും, ഒരു കൃഷ്ണപ്പരുന്തിനെപ്പോലെ കെന്നഡി എയര്‍ ബേസില്‍ സുരക്ഷിതമായി പറന്നിറങ്ങിയതും. അമേരിക്കയുടെ ചാന്ദ്രപര്യവേഷണങ്ങള്‍ അവസാനിച്ചതിനു ശേഷം സ്‌പേസിന്റെ കുത്തക കൈയിലൊതുക്കിയ സോവിയറ്റ് യൂണിയനില്‍ നിന്നും ബഹിരാകാശ ഗവേഷണത്തിന്റെ ചെങ്കോലും കിരീടവും അമേരിക്ക തിരിച്ചുപിടിച്ചത് ഈ ഭീമനിലൂടെയാണ്. കൊളംബിയക്ക് പുറമേ ചലഞ്ചര്‍, അറ്റ്‌ലാന്റിസ്, ഡിസ്‌കവറി എന്നീ ഷട്ടിലുകള്‍ കൂടി നാസ നിര്‍മ്മിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, ഈ യാഗാശ്വത്തിന്റെ കുതിരക്കുളമ്പടികള്‍ ബഹിരാകാശത്തെ പ്രകമ്പനം കൊള്ളിച്ചു. എന്നിട്ടും, നിസ്സാരമെന്നു കരുതാവുന്ന ഒരു ചെറിയ സാങ്കേതികപ്പിഴവില്‍ കുരുങ്ങി, 1986 ജനുവരിയില്‍, എഴ് യാത്രികരുമായി, ചലഞ്ചര്‍, അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് എരിഞ്ഞൊടുങ്ങി.
ഇത് നാസയെ മാത്രമല്ല, ബഹിരാകാശ മേഖലയെ മുഴുവന്‍ ഞെട്ടിച്ചു. ഷട്ടില്‍ ദൗത്യങ്ങള്‍ നിര്‍ത്തിവെച്ചു. അപ്പോഴേക്കും അന്ന് വരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതിലേക്കും വലിയ സ്‌പേസ് സ്റ്റേഷന്‍, മിര്‍, വിക്ഷേപിച്ച് സോവിയറ്റ് യൂണിയന്‍ ബഹിരാകാശത്തെ അപ്രമാദിത്വം വീണ്ടെടുത്തു. പക്ഷെ അതിന് 1988സപ്തംബറില്‍ കൊളംബിയ വീണ്ടും പറന്നുയരുന്നത് വരെ മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. തകര്‍ന്ന ചലഞ്ചറിനു പകരം നാസ, എന്‍ഡവര്‍ എന്ന പുതിയ പേടകം നിര്‍മ്മിച്ച് ഷട്ടില്‍ ദൗത്യങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി. 1990കളില്‍ ഈ നാല് വമ്പന്മാര്‍ ശരിക്കും ബഹിരാകാശത്തെ അക്ഷരാര്‍ത്ഥത്തില്‍ ഉഴുതുമറിക്കുകയായിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അമേരിക്ക, ബഹിരാകാശത്തെ അജാതശത്രുവായി. വിവിധ രാജ്യങ്ങളിലെ സഞ്ചാരികള്‍ ഷട്ടിലിന്റെ ചിറകിലേറി ഭൂമിയെ വലം വെച്ചു. അപ്പോഴാണ് 1998ല്‍, അമേരിക്ക, കാനഡ, ജപ്പാന്‍, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ചേര്‍ന്ന്, ഇന്നുവരെ ഉണ്ടായതിലേക്കും വലിയ ഒരു സാങ്കേതിക കരാറില്‍ ഒപ്പ് വെച്ചത്. ഭൂമിക്ക് 400 കിലോമീറ്റര്‍ ഉയരത്തില്‍ ഒഴുകി നടക്കുന്ന ഒരു സ്‌പേസ് സ്റ്റേഷന്‍. ആയിരക്കണക്കിന് ഘടകങ്ങള്‍ ഭൂമിയില്‍ നിന്ന് കൊണ്ടുപോയി, ബഹിരാകാശത്ത് വെച്ച് കൂട്ടിച്ചേര്‍ത്താണ് നിലയം ഉണ്ടാക്കുക. വര്‍ഷങ്ങള്‍ നീണ്ട ഈ പ്രവൃത്തിക്ക്, നൂറുകണക്കിന് ബഹിരാകാശ ദൗത്യങ്ങള്‍ വേണ്ടിവരും. പ്രധാനമായി ആശ്രയിക്കുന്നത് ഷട്ടിലിന്റെ യന്ത്രക്കൈകളെ തന്നെ. ഷട്ടില്‍ ദൗത്യങ്ങളുടെ വേഗത കൂടി. സ്റ്റേഷന്റെ സാധനങ്ങളും സാങ്കേതിക വിദഗ്ദ്ധരും പലപ്രാവശ്യം പോയി വന്നു. അപ്പോഴേക്കും ബഹിരാകാശത്ത് മത്സരമൊഴിഞ്ഞ്, അന്താരാഷ്ട്ര കൂട്ടായ്മയുടെ പുതിയ പ്രകാശം ഉദിച്ചിരുന്നു.
അങ്ങിനെയൊരു ദൗത്യവുമായാണ്, 2003 ജനുവരി 16 നു കൊളംബിയയുടെ 29-ാം വിക്ഷേപണം തീരുമാനിക്കപ്പെട്ടത്. കമാന്‍ഡര്‍, റിക്ക് ഹസ്ബണ്ടിന്റെ നേതൃത്വത്തില്‍, ഇന്ത്യന്‍ വംശജ കല്പന ചൌള, ഇസ്രായേല്‍ പൗരനായ രമണ്‍ എന്നിവരടക്കം എഴ് യാത്രികര്‍. 14 ദിവസത്തെ ദൗത്യത്തില്‍, നിരവധി പരീക്ഷണ നീരീക്ഷണങ്ങളുള്‍പ്പെടെ തിരക്കിട്ട പരിപാടികള്‍. കല്പന ചൌളയുടെ രണ്ടാമത്തെ യാത്രയാണിത്. മുന്‍പൊരു ദൗത്യത്തിലെ ബഹിരാകാശ നടത്തത്തില്‍, കല്പനയുടെ പിഴവ് മൂലം ഒരു മൊഡ്യൂള്‍ കൈവിട്ട് പോയിരുന്നു. സാധാരണ ഇത്തരം പിഴവ് വരുത്തുന്നവരെ പിന്നീട് പരിഗണിക്കാറില്ല. എങ്കിലും കല്പനയുടെ കഴിവിലും സമര്‍പ്പണത്തിലും പൂര്‍ണ വിശ്വാസമുണ്ടായിരുന്ന നാസ മിഷന്‍ സ്‌പെഷ്യലിസ്റ്റായിത്തന്നെ കല്പനയെ തിരിച്ച് വിളിച്ചു.
വിക്ഷേപണവും ഭ്രമണപഥ പ്രവേശനവും ടെക്സ്റ്റ് ബുക്ക് പ്രിസിഷന്‍ എന്ന് പറയാവുന്നത് പോലെ നടന്നു. എങ്കിലും കൂറ്റന്‍ ഇന്ധന ടാങ്കിനെ കവര്‍ ചെയ്യുന്ന ഓറഞ്ച് നിറമുള്ള ഫോമിന്റെ, ബ്രീഫ്‌കേസ് വലിപ്പത്തിലുള്ള ഒരു കഷണം താഴേക്ക് പതിക്കുന്നതും, അത് ഷട്ടിലിന്റെ ഇടത്തെ ചിറകിനടിയില്‍ തട്ടിയതും, മിഷന്‍ കണ്ട്രോള്‍ ശ്രദ്ധിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ അസംബ്ലിംഗും, ബഹിരാകാശ ഇന്റര്‍വ്യൂകളും പരീക്ഷണ നിരീക്ഷണങ്ങളുമെല്ലാം നന്നായി നടന്നു. ഇതിനിടയില്‍ തന്നെ, വലിയ റെസലൂഷനുള്ള ക്യാമറകള്‍ വെച്ച് പേടകത്തെ പരിശോധിച്ച് കുഴപ്പമൊന്നുമില്ല എന്നുറപ്പ് വരുത്തി. മുന്‍പുള്ള പല ഷട്ടില്‍ വിക്ഷേപണങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്. വിക്ഷേപണത്തിനിടയിലെ കുലുക്കത്തിലും വിറയലിലും ഇതൊക്കെ സാധാരണവുമാണ്. എന്തായാലും ദൗത്യം പൂര്‍ത്തിയാക്കിയ സംഘത്തിനു മടങ്ങാന്‍ ഭൂമിയില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചു.
ഒരു ബഹിരാകാശ ദൗത്യത്തിലെ എറ്റവും നിര്‍ണായകവും അപകടം പിടിച്ചതുമായ ഘട്ടമാണ് ഇത്. ഭൗമാന്തരീക്ഷത്തിലേക്കുള്ള പ്രവേശനം അഥവാ റീ എന്‍ട്രി. മണിക്കൂറില്‍ 28000 കിലോമീറ്റര്‍ എന്ന ഭീകരമായ വേഗതയില്‍ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന പേടകം, വായു തന്മാത്രകളുമായി ഉരഞ്ഞുണ്ടാകുന്ന ഭീകരമായ ചൂടില്‍ (2000 ഡിഗ്രിക്കുമപ്പുറം) ഒരു തീഗോളമായി മാറും. ആ സമയത്ത് പേടകത്തിനകത്തേക്കും പുറത്തേക്കുമുള്ള കമ്മ്യുണിക്കേഷന്‍ സാധ്യമല്ല. communication blackout എന്നാണ് ഈ അവസ്ഥക്ക് പറയുന്നത്. അപ്പോഴും അകത്തിരിക്കുന്ന യാത്രികര്‍ സുരക്ഷിതരായിരിക്കണം. പേടകത്തെ മൂടിയിരിക്കുന്ന താപ കവചങ്ങളാണ് ഇത് ചെയ്യുന്നത്. ഉയര്‍ന്ന ടെമ്പറേച്ചര്‍ ഗ്രേഡിയന്റുള്ള അല്ലോയ് കൊണ്ടുണ്ടാക്കുന്ന ടൈലുകള്‍ ചേര്‍ത്ത് വെച്ചതാണ് താപ കവചം. ഷട്ടില്‍, അന്തരീക്ഷത്തിലേക്ക് കയറുന്നത് തിരശ്ചീനമായാണ്. അതുകൊണ്ട്, പേടകത്തിനടിയിലും ചുണ്ടിലുമാണ് താപ കവചം ആവശ്യമായുള്ളത്. ഇവിടം കറുത്ത നിറമുള്ള, മുന്‍പ് പറഞ്ഞ ടൈലുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കും.
ഫെബ്രുവരി ഒന്നിന് കൊളംബിയക്ക്, റീ എന്‍ട്രിക്കുള്ള അനുമതി ലഭിച്ചു. യാത്രികരെല്ലാം സ്‌പേസ് സ്യൂട്ട് അണിഞ്ഞു മടക്കയാത്രക്ക് തയ്യാറെടുത്തു. താഴെ നീലനിറത്തിലുള്ള മാതൃഗ്രഹം അവരെ മാടി വിളിച്ചുകൊണ്ടിരുന്നു. 8.15 നു കമാന്‍ഡര്‍ ഹസ്ബന്ദ്, ഓര്‍ബിറ്റര്‍ മാനുവര്‍ എന്‍ജിനുകളുപയോഗിച്ച്, ഭ്രമണ പഥം താഴ്ത്താന്‍ തുടങ്ങി. 8.45ന് ശബ്ദത്തിനേക്കാള്‍ 24 ഇരട്ടി വേഗത്തില്‍ കൊളംബിയ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു. 8.50 ആയപ്പോള്‍ മിഷന്‍ കണ്‍ട്രോളില്‍ ആശങ്ക പടര്‍ന്നു, കമ്മ്യുണിക്കേഷന്‍ ബ്ലാക്ക് ഔട്ട് തുടങ്ങുന്നതിനു മുന്‍പ്, സ്‌ക്രീനുകളില്‍ അപായ സൂചനകള്‍. പേടകത്തിനുള്ളിലെ മര്‍ദ്ദം വല്ലാതെ ചാടിക്കളിക്കുന്നു.
രാവിലെ 9.02 ന് ന്യൂമെക്‌സിക്കോ നിവാസികള്‍, അപ്രതീക്ഷിതമായ ഒരു ആകാശദൃശ്യം കണ്ടു. തെളിഞ്ഞ മാനത്ത്, മറ്റൊരു സൂര്യനെപ്പോലെ ഒരു ഉല്‍ക്ക പായുന്നു. നോക്കിനില്‍ക്കെ അത് വലുതായി. സെക്കന്റുകള്‍ക്കുള്ളില്‍ ഒരു കൂറ്റന്‍ മത്താപ്പൂ പോലെ അത് ചിതറിത്തെറിച്ചു.
അത്ഭുതകരമായ ഈ ആകാശവിസ്മയം അവര്‍ ആസ്വദിച്ച് നില്‍ക്കുമ്പോള്‍, കേപ്പ് കനാവെറലിലെ മിഷന്‍ കണ്ട്രോള്‍ അടിമുടി വിറങ്ങലിച്ചിരിക്കുകയായിരുന്നു. തങ്ങളുടെ സ്വകാര്യ അഹങ്കാരമായ കൊളംബിയ, ഏഴ് യാത്രക്കാരോടൊപ്പം അന്തരീക്ഷത്തില്‍ ഉരുകിച്ചേര്‍ന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ. നിസ്സാരമെന്നു കരുതിയ വിക്ഷേപണവേളയില്‍ തെറിച്ചുവീണ ആ കഷണം, ഷട്ടിലിന്റെ താപകവചത്തില്‍, ആറിഞ്ച് വലിപ്പത്തിലുള്ള ഒരു വിള്ളല്‍ തീര്‍ത്തിരുന്നു. റീ എന്‍ട്രി സമയത്ത്, അതി താപത്തിലുള്ള വാതകങ്ങള്‍ ഈ തുളയിലൂടെ ഷട്ടിലിനുള്ളില്‍ കയറി. ഇലക്ട്രോണിക് സര്‍ക്യൂട്ടുകളും നിയന്ത്രണസംവിധാനങ്ങളുമെല്ലാം നിമിഷാര്‍ദ്ധങ്ങളില്‍ താറുമാറായി. ഇന്ധന പൈപ്പുകളിലേക്ക് വാതകങ്ങള്‍ പടര്‍ന്നപ്പോള്‍, അടുത്ത നിമിഷം കൊളംബിയ ഒരു തീഗോളമായി ചിതറിത്തെറിച്ചു.
അങ്ങിനെ ചലഞ്ചര്‍ ദുരന്തത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍, കൊളംബിയയും ആകാശപ്രേമികളുടെ ഒരു തീരാവേദനയായി.
ഒരിക്കല്‍ കൂടി ഷട്ടില്‍ ദൗത്യങ്ങള്‍ നിര്‍ത്തിവെച്ചു, ഒപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പണിയും. അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍, മാറ്റങ്ങള്‍. മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷം വീണ്ടും ഷട്ടിലിന്റെ യന്ത്രക്കൈകള്‍ ഇന്ദ്രജാലം തുടങ്ങി. 2011 ല്‍ എന്‍ഡവര്‍ വിക്ഷേപണത്തോടെ സ്‌പേസ് ഷട്ടില്‍ ദൗത്യങ്ങള്‍ നാസ എെന്നന്നേക്കുമായി അവസാനിപ്പിച്ചു.
നാസ ഇപ്പോള്‍ പുതിയ ഒരു ഷട്ടിലിന്റെ പണിപ്പുരയിലാണ്. ഷട്ടില്‍ സൃഷ്ടിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് ഒരു സ്‌പേസ് ഹബ്ബാണ്. നൂറുകണക്കിന് ആള്‍ക്കാര്‍ വന്ന് താമസിച്ച്, ഗവേഷണങ്ങള്‍ നടത്തുന്ന ആകാശ വിസ്മയം. പ്രതിബന്ധങ്ങളെയും അപകടങ്ങളെയും മറികടന്നു കൊണ്ട് മനുഷ്യനും ശാസ്ത്രവും മുന്നേറുക തന്നെയാണ്. അങ്ങിനെയാണല്ലോ വേണ്ടതും.