മനുഷ്യ മനസ്സിനെ കുറിച്ചും അതിന്റെ സ്വഭാവ വിശേഷതകളെ കുറിച്ചും ശാസ്ത്രലോകത്തിന് ഇന്നും വേണ്ടത്ര പിടിയില്ല. ഒന്നുറപ്പ്, മനുഷ്യജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ മനസ്സിന് സുപ്രധാനമായൊരു സ്ഥാനമുണ്ട്. ഭാരതീയ ദര്‍ശനങ്ങള്‍ മനുഷ്യമനസ്സിനെ കുറിച്ച് വളരെയാഴത്തില്‍ പഠിച്ചിട്ടുണ്ട്. പൂര്‍വ്വിക പരമ്പരകള്‍ രചിച്ച പുരാണേതിഹാസങ്ങള്‍ തന്നെ ഉദാഹരണം. അതിലെ ഓരോ കഥാപാത്രങ്ങളിലൂടെയും എത്ര വ്യത്യസ്തങ്ങളായ മാനസികാവസ്ഥകളെയാണ് വര്‍ണ്ണിച്ചിരിക്കുന്നത്. രാമായണത്തിലും മഹാഭാരതത്തിലും വര്‍ണ്ണിച്ചിട്ടുള്ള കഥാപാത്രങ്ങളെ മാത്രമെടുത്തു നോക്കിയാല്‍ മനസ്സുകളുടെ വൈവിധ്യം നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. ചുറ്റുപാടും നടക്കുന്നതിനെല്ലാം മനസ്സുമായി ബന്ധമുണ്ട്. മഹാഭാരത യുദ്ധം മുതല്‍ രണ്ടാം ലോകമഹായുദ്ധം വരെ പലവിധ മാനസികാവസ്ഥകള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണെന്ന് പറയാം. മറുവശത്ത് ലോകത്തിലെ നന്മകള്‍ക്ക് പിന്നിലും സുമനസ്സുകളാണെന്നല്ലേ പറയാറുള്ളത്. കഠിനതകളെ അതിജീവിച്ച് വിജയം നേടുമ്പോള്‍ നാമതിനെ മനസ്സിന്റെ നിശ്ചയദാര്‍ഢ്യമെന്നാണ് വിളിക്കാറുള്ളത്. അതുപോലെ ചെറിയ പ്രതിസന്ധി പോലും നേരിടാന്‍ കെല്പില്ലാത്തവരെ ദുര്‍ബലമാനസരെന്നും മനസ്സിന്റെ സമനില തെറ്റിയാല്‍ ഭ്രാന്തെന്നും നാം വിളിക്കും. മനസ്സിനെ നിസ്സാരമെന്ന് കണ്ടാര്‍ക്കും തള്ളാനാവില്ലെന്ന് സാരം. മനസ്സിന്റെ വികാസവും കരുത്തുമാണ് മനുഷ്യന്റെ ജീവിതഗതി നിര്‍ണ്ണയിക്കുന്നതെന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. വ്യക്തിനിര്‍മ്മാണത്തില്‍ മനസ്സ് രൂപീകരണത്തിന് സുപ്രധാനമായ സ്ഥാനമുണ്ട്. മുന്‍ ലക്കങ്ങളിലായി ശരീരത്തെയും ബുദ്ധിയേയും പാകപ്പെടുത്തുന്ന ശാരീരിക് ബൗദ്ധിക് പദ്ധതികളെ കുറിച്ച് എഴുതിയിരുന്നല്ലോ. ഇത്തവണ മറ്റൊരംഗമായ മനസ്സിന്റെ നിര്‍മ്മാണത്തെ കുറിച്ചും വ്യക്തിനിര്‍മ്മാണത്തില്‍ അതിനുള്ള പദ്ധതിയെ കുറിച്ചുമുള്ള എളിയ വിചാരങ്ങള്‍ പങ്കുവക്കട്ടെ.
മനസ്സു നിര്‍മ്മാണവും സംഘവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. കാരണം സംഘ ലക്ഷ്യത്തിന്റെ പ്രാപ്തിയില്‍ മന:പരിവര്‍ത്തനത്തിന് സുപ്രധാനമായൊരു സ്ഥാനമുണ്ട്. മനസ്സിലാകാനൊരു താരതമ്യം പറയാം. ആശയതലത്തില്‍ കമ്മ്യൂണിസം ലോകമെമ്പാടും ചര്‍ച്ചയാവുകയും ജനങ്ങളെ സ്വാധീനിക്കുകയും പലയിടത്തും പരീക്ഷിക്കപ്പെടുകയും ചെയ്തുവെങ്കിലും പ്രവൃത്തിതലത്തില്‍ അത് ദയനീയമായി പരാജയപ്പെട്ടു. ഉള്ളവനും ഇല്ലാത്തവനുമെന്ന ഭേദമില്ലാത്ത സമത്വസുന്ദരമായ ലോകമെന്ന ആശയമാണല്ലോ അവര്‍ മുന്നില്‍ വച്ചത്. കുട്ടിക്കാലത്ത് കമ്മ്യൂണിസത്തെ കുറിച്ച് രസകരമായ ഒരുദാഹരണം പറഞ്ഞ് കേട്ടിട്ടുണ്ട്. രണ്ടു കാറുള്ള ഒരാള്‍ അതിലൊന്ന് കാറില്ലാത്ത ഒരുവന് നല്‍കണമത്രേ. ഒറ്റനോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന സങ്കല്പം. ആശയം ഗംഭീരമെങ്കിലും പ്രാവര്‍ത്തികമാക്കാനവര്‍ സ്വീകരിച്ച മാര്‍ഗമാണ് തെറ്റിയത്. നിലവിലെ വ്യവസ്ഥിതികളാണ് അസമത്വങ്ങള്‍ക്ക് കാരണമെന്നവര്‍ വിശ്വസിച്ചു. വ്യവസ്ഥിതികള്‍ മാറാത്ത കാലത്തോളം അസമത്വങ്ങള്‍ തുടരുമെന്ന് മനസ്സിലാക്കി അതിനെ പൊളിച്ചെഴുതാന്‍ അവര്‍ തീരുമാനിച്ചു. അതിനവരുടെ മുമ്പില്‍ ഒരേയൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അധികാരം പിടിച്ചെടുക്കുക. ഭരണം കൈയില്‍ വന്നാല്‍ അധികാരമുപയോഗിച്ച് ഏതു വ്യവസ്ഥിതിയേയും പൊളിച്ചെഴുതാമല്ലോ. അധികാരം പിടിച്ചെടുക്കാനവര്‍ ചുവപ്പുസേനക്ക് രൂപം നല്‍കി. പലയിടത്തും രക്തരൂഷിത സായുധവിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. പക്ഷേ ഭരണം ലഭിച്ചിട്ടും സമത്വമെന്നത് ഒരു സുന്ദരസ്വപ്‌നം മാത്രമായി അവശേഷിച്ചു.
സംഘത്തിന്റെ ലക്ഷ്യം ഭാരതത്തിന്റെ പരംവൈഭവമാണ്. ലോകത്തിന് സുഖമുണ്ടാവണമെന്നും വിശ്വം ഒരു കുടുംബമാണെന്നും പ്രഖ്യാപിച്ച ഭാരതഭൂമി വൈഭവപദത്തിലെത്തിയാല്‍ അതിന്റെ ഗുണഫലം ലോകത്തിനെമ്പാടും ലഭിക്കുമെന്നാണ് നമ്മുടെ സങ്കല്പം. പൂര്‍വകാല ചരിത്രം അത് തെളിയിച്ചിട്ടുമുണ്ട്. വൈഭവശാലിയായ ഭാരതത്തില്‍ ഭേദവ്യത്യാസങ്ങളുണ്ടാവാന്‍ പാടില്ലല്ലോ. സംഘലക്ഷ്യം നേടിയെടുക്കാന്‍ വ്യവസ്ഥിതികള്‍ മാറേണ്ടതുണ്ടെന്ന് ഡോക്ടര്‍ജി തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം അതിനായി വ്യക്തിനിര്‍മ്മാണമെന്ന പദ്ധതിക്ക് രൂപം നല്‍കി. ഭരണം പിടിച്ച് ബലമായി വ്യവസ്ഥിതികളെ മാറ്റാനാണല്ലോ കമ്മ്യൂണിസം ശ്രമിച്ചത്. വ്യക്തിനിര്‍മ്മാണത്തില്‍ ബലപ്രയോഗമില്ല. പിന്നെങ്ങനെയാണത് വ്യവസ്ഥിതികളില്‍ മാറ്റം കൊണ്ടുവരുന്നതില്‍ വിജയിച്ചതെന്നാവും. കാറിന്റെ ഉദാഹരണം തന്നെയെടുക്കാം. ഭരണാധികാരമുപയോഗിച്ച് ഉള്ളവനില്‍ നിന്നും ബലമായി പിടിച്ചെടുത്ത് ഇല്ലാത്തവന് നല്‍കി സമത്വമുറപ്പാക്കാന്‍ കമ്മ്യൂണിസം ശ്രമിച്ചപ്പോള്‍ വ്യക്തിനിര്‍മ്മാണമാകട്ടെ മനഃപരിവര്‍ത്തനത്തിലൂടെ ഉള്ളവന്റെ മനസ്സില്‍ ഇല്ലാത്തവനെ സഹായിക്കേണ്ടവനാണ് തനെന്ന ബോധ്യം പകര്‍ന്നു നല്‍കി. മന:പരിവര്‍ത്തനം വന്നവരുടെ എണ്ണമേറും തോറും സ്വാഭാവികമായ മാറ്റങ്ങള്‍ വ്യവസ്ഥിതിയിലും വന്നുതുടങ്ങി. സംഘത്തിന്റെ നിശബ്ദമായ പരിശ്രമത്തിന് ഫലമുണ്ടായി.
മന:പരിവര്‍ത്തനം വ്യക്തിനിര്‍മ്മാണത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സാരം. മനസ്സില്‍ എങ്ങനെയുള്ള പരിവര്‍ത്തനവും വികാസവും ഉണ്ടാവണമെന്നാണ് നാം പ്രതീക്ഷിക്കുന്നത് ? അത് പറയാനൊരുപാടുണ്ട്. മനസ്സ് നിസ്വാര്‍ത്ഥമാകണം, രാഷ്ട്രാനുകൂലമാവണം, അഹങ്കാര രഹിതമാവണം, ഇച്ഛാശക്തിയുള്ളതാവണം, സേവാഭാവവും സംവേദന ക്ഷമതയുമുള്ളതാകണം. സന്മനോഭാവങ്ങളെ പോഷിപ്പിച്ചാണ് മനസ്സിനെ നിര്‍മ്മിക്കുന്നതെന്നര്‍ത്ഥം. വ്യായാമത്തിലൂടെ ശരീരത്തെ തയ്യാറാക്കാനും അറിവേകി ബുദ്ധിയെ തെളിക്കാനുമാകും. എന്നാല്‍ സന്മനോഭാവത്തെ സൃഷ്ടിക്കാന്‍ എങ്ങനെ സാധിക്കും? മേല്‍പറഞ്ഞ ഗുണങ്ങളൊക്കെ ശാരീരിക ബൗദ്ധിക പദ്ധതികള്‍ വഴി പരോക്ഷമായി മനസ്സില്‍ രൂപപ്പെടുമെങ്കിലും അവയെ സ്വീകരിക്കാന്‍ ആദ്യം മനസ്സ് സന്നദ്ധമാവണം. ഉദാഹരണത്തിന് മനസ്സിനെ അടച്ചുറപ്പുള്ള മുറിയോട് നമുക്ക് ഉപമിക്കാം. ആഗ്രഹിക്കും പോലെ ഒരുപാട് സാമഗ്രികള്‍ അടുക്കോടും ചിട്ടയോടും കൂടി സൂക്ഷിക്കാന്‍ തക്ക വിശാലമാണ് ആ മുറി. നമുക്കിഷ്ടമുള്ള രീതിയില്‍ എല്ലാം ക്രമീകരിക്കാനും ഒഴിവാക്കണമെന്നു തോന്നുന്നവയെ മുറിക്ക് പുറത്തേക്ക് നീക്കാനും നിഷ്പ്രയാസം സാധിക്കും. പക്ഷേ ഇതൊക്കെ ചെയ്യാന്‍ സാധിക്കണമെങ്കില്‍ നമ്മളാദ്യം ആ മുറിക്കുള്ളില്‍ പ്രവേശിക്കണ്ടേ? അതിന് മുറിയുടെ താക്കോല്‍ കൈവശം വേണം. മനുഷ്യമനസ്സും ഇതുപോലെയാണ്. അതിനുള്ളില്‍ കടന്നാല്‍ ആഗ്രഹിക്കുന്ന രീതിയില്‍ അതിനെ ക്രമീകരിക്കാനാവും. ഭൂതത്തെ കീഴടക്കി പറയുന്നതെന്തും ചെയ്യിക്കുന്ന കുട്ടിക്കഥകള്‍ വായിച്ചിട്ടില്ലേ. മനസ്സ് അതുപോലെയാണ്. അതില്‍ കയറിക്കൂടിയാല്‍ പിന്നെയെന്തും ചെയ്യിക്കാന്‍ സാധിക്കും.
അപ്പോള്‍ പരിവര്‍ത്തനം വരുത്തേണമെങ്കില്‍ മനസ്സില്‍ ആദ്യം പ്രവേശിക്കണം. അതിനുള്ള താക്കോല്‍ ഡോക്ടര്‍ജിയുടെ കൈവശമുണ്ടായിരുന്നു. അതുപയോഗിച്ച് ഓരോ സ്വയംസേവകന്റെയും മനസ്സിനുള്ളില്‍ പ്രവേശിച്ച് പരിവര്‍ത്തനം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. താക്കോലെന്താണെന്ന് ചിന്തിച്ച് തലപുകക്കേണ്ട. മനസ്സിനെ കീഴടക്കി അതിനുള്ളില്‍ പ്രവേശിക്കാന്‍ ഈ ലോകത്ത് ഒന്നിനാല്‍ മാത്രമേ സാധിക്കൂ. അതിന്റെ പേരാണ് സ്‌നേഹം. മനസ്സിലേക്ക് കടക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. സ്‌നേഹധാര ചൊരിഞ്ഞു കൊണ്ടാണ് ഡോക്ടര്‍ജി സ്വയംസേവകരുടെ മനസ്സുകളില്‍ സ്ഥാനം പിടിച്ചതും സ്വാധീനം ചെലുത്തിയതും. അതുകൊണ്ടാണല്ലോ സ്‌നേഹമാണ് സംഘപ്രവര്‍ത്തനത്തിന്റെ ആധാരമെന്ന് അദ്ദേഹം പറഞ്ഞതും.
സ്‌നേഹത്തിലൂടെയുള്ള ഈ മനസ്സ് മാറ്റത്തിന് സംഘത്തില്‍ തുടക്കം കുറിച്ചത് ഡോക്ടര്‍ജിയായിരുന്നു. സംഘാരംഭ വേളയില്‍ മുപ്പത്തിയാറ് വയസ്സ് പ്രായമുണ്ടായിരുന്ന അദ്ദേഹം സംഘടിപ്പിച്ചവരില്‍ മിക്കവരും കിശോരന്‍മാര്‍ ആയിരുന്നു. എന്നിട്ടും പരസ്പരമൊന്നുചേരാന്‍ ഡോക്ടര്‍ജിക്ക് പ്രായമൊരു തടസ്സമായതേയില്ല. പ്രായം കുറഞ്ഞവരെ അദ്ദേഹം തന്റെയൊപ്പം ചേര്‍ത്തു നിര്‍ത്തി. കളിചിരികളും തമാശകളും പങ്കുവച്ചു കൊണ്ട് സദാ അവര്‍ക്കൊപ്പം ഒന്നുചേര്‍ന്നു. സ്‌നേഹബന്ധം ദൃഢമായപ്പോള്‍ ഡോക്ടര്‍ജിയുടെ വീട് എല്ലാവര്‍ക്കും സ്വന്തം വീടായി മാറി. ബാലനായിരിക്കെ തന്നെ ഡോക്ടര്‍ജിയുടെ സമ്പര്‍ക്കത്തില്‍ വന്ന് സ്വയംസേവകനായ യാദവറാവുജിയൊക്കെ മിക്കവാറും ഡോക്ടര്‍ജിയുടെ വീട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഹൃദയബന്ധം കൂടുതല്‍ ഊഷ്മളമാവും തോറും ഡോക്ടര്‍ജി പറഞ്ഞാല്‍ എന്തും ചെയ്യാന്‍ സന്നദ്ധതയുള്ളവരായിഅവര്‍ മാറി.
സ്‌നേഹത്തിന്റെ ശക്തി ശരിക്കും പ്രകടമായ നാളുകളാണ് പിന്നീട് കണ്ടത്. ഡോക്ടര്‍ജി കൂടെക്കൊണ്ടു നടന്ന സ്വയംസേവകരെല്ലാം സംഘത്തിന് വേണ്ടി തങ്ങളുടെ ജീവിതമര്‍പ്പിച്ചു. അത്രമേല്‍ രൂഢമൂലമായ ഹൃദയബന്ധം ഡോക്ടര്‍ജിയും സ്വയംസേവകരും തമ്മിലുണ്ടായിരുന്നു. ആഴത്തിലുള്ള ഹൃദയബന്ധത്തിന്റെ തെളിവെന്താണ്? ബന്ധം ദൃഢമെങ്കില്‍ ഒരാള്‍ പറയുന്ന കാര്യം മറ്റൊരാള്‍ക്ക് നിഷേധിക്കാനാവില്ല. ഒന്നോര്‍ത്താല്‍, ഭാരതമെമ്പാടും സംഘം വ്യാപിച്ചത് നാഗപ്പൂരിലെ മോഹിതേവാഡെ എന്ന ഒരു ശാഖയില്‍ നിന്നായിരുന്നു. അവിടെ നിന്നും സംഘപ്രവര്‍ത്തനം എങ്ങനെയാണ് ഭാരതത്തിന്റെ വിദൂര ഗ്രാമങ്ങളിലേക്കെത്തിയത്? മോഹിതേവാഡെ ശാഖയിലെ പതിനെട്ടും പത്തൊന്‍പതും വയസ്സ് മാത്രം പ്രായമുള്ള സ്വയംസേവകര്‍ തങ്ങള്‍ക്കൊരു പരിചയവുമില്ലാത്ത പ്രദേശങ്ങളില്‍ പോയി താമസിച്ച് അവിടങ്ങളിലെല്ലാം ശാഖകളാരംഭിച്ചു. അര്‍ത്ഥം ഡോക്ടര്‍ജിയുടെ സ്‌നേഹം നല്‍കിയ പ്രേരണയാല്‍ വീടുവിട്ട് ദൂരെനാട്ടില്‍ പോയി താമസിക്കാനുള്‍പ്പെടെ എന്തും ചെയ്യാന്‍ വിദ്യാര്‍ത്ഥി സ്വയംസേവകര്‍ പോലും തയ്യാറായിരുന്നു. അത്രമേല്‍ ശക്തമായ ആത്മബന്ധം സ്വയംസേവകരുമായി ഡോക്ടര്‍ജിക്കുണ്ടായിരുന്നു. ആ മനസ്സറിഞ്ഞ് പ്രത്യേക നിര്‍ദ്ദേശമാന്നും കൂടാതെ തന്നെ സ്വയംസേവകര്‍ പ്രവര്‍ത്തിക്കുമായിരുന്നു. ഡോക്ടര്‍ജിയുടെ സംഘാടക മികവിന് കാരണം ഈ ഹൃദയബന്ധമായിരുന്നു.
ആ സ്‌നേഹബന്ധത്തിന്റെയാഴം തെളിഞ്ഞ ഒരുപാട് സന്ദര്‍ഭങ്ങളുണ്ട്. ഒരിക്കല്‍ നല്ല സുഖമില്ലാതിരിക്കുന്ന അവസ്ഥയില്‍ നാഗപൂരിലെ ഉഗ്രമായ ചൂടില്‍ ഡോക്ടര്‍ജി നടന്നുപോകുന്നത് കണ്ട ഒരാള്‍ എവിടേക്കാണെന്ന് അദ്ദേഹത്തോട് ചോദിച്ചു. അല്പമകലെ സുഖമില്ലാത്ത ഒരു സ്വയംസേവകനെ കാണാനെന്നു മറുപടി പറഞ്ഞപ്പോള്‍ ഈ വയ്യാത്ത അവസ്ഥയില്‍ ഇത്രയും ദൂരം സഞ്ചരിക്കുന്നത് അങ്ങയ്ക്ക് ബുദ്ധിമുട്ടാവില്ലേ എന്ന് അയാള്‍ ചോദിച്ചു. അപ്പോള്‍ ഡോക്ടര്‍ജി നെഞ്ചില്‍ സ്പര്‍ശിച്ചു കൊണ്ട് ഇവിടെ ദൂരമില്ലെങ്കില്‍ മറ്റൊന്നും പ്രശ്‌നമല്ല എന്നുത്തരം പറഞ്ഞു. ഇങ്ങനെയായിരുന്നു ഡോക്ടര്‍ജി സ്വയംസേവകരെ സ്‌നേഹിച്ചിരുന്നത്. ശുദ്ധമായ സ്‌നേഹത്തിന്റെ കരുത്തിലാണ് ഡോക്ടര്‍ജി തെറ്റുകള്‍ പോലും തിരുത്തിയിരുന്നത്. ഒരിക്കല്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി ഒരു സ്വയംസേവകര്‍ സംഘ കാര്യക്രമത്തില്‍ നിന്ന് കള്ളം പറഞ്ഞൊഴിവായി. അതേ ആഘോഷത്തില്‍ ഡോക്ടര്‍ജിക്കും ക്ഷണമുണ്ടെന്ന് അയാളറിഞ്ഞിരുന്നില്ല. കാര്യക്രമം കഴിഞ്ഞ് ഡോക്ടര്‍ജി അവിടെത്തിയപ്പോള്‍ ഈ സ്വയംസേവകനെ കണ്ടു. അദ്ദേഹമൊന്നും മിണ്ടാതെ മറ്റതിഥികളെ കണ്ട് കുശലം പറഞ്ഞു. ജാള്യനായ സ്വയംസേവകനാകട്ടെ തന്നോട് എന്തെങ്കിലും ഡോക്ടര്‍ജി പറയുമെന്ന് പ്രതീക്ഷിച്ച് ഒപ്പം കൂടിയെങ്കിലും ഡോക്ടര്‍ജി ഗൗനിച്ചതേയില്ല. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡോക്ടര്‍ജിയുടെ അവഗണന സഹിക്കാനാവാതെ സങ്കടം കൊണ്ടയാള്‍ കരഞ്ഞു. ഡോക്ടര്‍ജി അയാളെ ആശ്വസിപ്പിച്ചു. ഇങ്ങനെയായിരുന്നു തെറ്റ് തിരുത്തല്‍. ഡോക്ടര്‍ജിയുടെ ഒരു നിമിഷത്തെ അവഗണന പോലും താങ്ങാനാവാത്ത വിധം ശക്തമായിരുന്നു ആ സ്‌നേഹബന്ധം. ഡോക്ടര്‍ജിയുടെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സ്വയംസേവകനാട് പില്ക്കാലത്ത് ഡോക്ടര്‍ജിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഗദ്ഗദകണ്ഠനായി സ്‌നേഹം സ്‌നേഹം എന്നുമാത്രം മറുപടി നല്‍കിയതിനു കാരണം മറ്റൊന്നല്ല.
സംഘടനാ പ്രവര്‍ത്തനത്തില്‍ സ്‌നേഹത്തിന് ഇന്ന് പ്രസക്തിയേറുകയാണ്. ചില പ്രവര്‍ത്തനങ്ങളേറ്റെടുക്കണമെന്ന് പറയുമ്പോള്‍ പലരും പൊതുവായി പറയുന്ന ഒരുത്തരമുണ്ട്. സമയമില്ല. യഥാര്‍ത്ഥത്തില്‍ സമയമില്ലെന്ന പ്രതികരണത്തില്‍ അല്പംപോലും സത്യമില്ല. എന്തെന്നാല്‍ അങ്ങനെ പറയുന്നയാളെ അയാള്‍ക്കിഷ്ടമുള്ള മറ്റേതെങ്കിലുമൊരു കാര്യത്തിന് വിളിച്ചു നോക്കൂ. സമയമില്ലെന്നു പറഞ്ഞയാള്‍ സമയം കണ്ടെത്തി വരുന്നത് കാണാം. സമയം എല്ലാവര്‍ക്കും ഒരുപോലാണല്ലോ. എല്ലാവരും ഇഷ്ടമുള്ള കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുകയാണ് ചെയ്യുക. ആരെങ്കിലും സമയമില്ലെന്നു പറഞ്ഞാല്‍ അതിന്റെയര്‍ത്ഥം താല്പര്യമില്ലെന്നാണ്. താല്പര്യം മനസ്സിലാണല്ലോ ഉണ്ടാവുന്നത്. അപ്പോള്‍ താല്പര്യമില്ലെങ്കില്‍ സംശയിക്കേണ്ട അത് മനസ്സിനിഷ്ടമല്ലാത്തതു കൊണ്ടാണ്. അതുകൊണ്ട് സമയമില്ലെന്നൊരാള്‍ പറഞ്ഞാലതിന്റെ അര്‍ത്ഥം മനസ്സില്ല എന്നാണ്. കാരണം മനസ്സിനു പിടിച്ചതിനെല്ലാം മനുഷ്യന്‍ ഇഷ്ടംപോലെ സമയം കണ്ടെത്തും. സംഘപ്രവര്‍ത്തനത്തെ അളവറ്റ് ഇഷ്ടപ്പെടുമ്പോഴാണ് അതിനുവേണ്ടി പരിധിയില്ലാതെ സമയം കണ്ടെത്തി പ്രവര്‍ത്തിക്കാന്‍ പ്രേരണയുണ്ടാവുന്നത്. ഇത് നല്ലവണ്ണം മനസ്സിലാക്കിയ ഡോക്ടര്‍ജി സ്‌നേഹം പകര്‍ന്ന് സ്വയംസേവകരുടെ മനസ്സുകളെ സംഘകാര്യത്തോട് ചേര്‍ത്തു. സംഘപ്രവര്‍ത്തനത്തിന്റെ ആധാരമായി സ്‌നേഹം മാറിയതങ്ങനെയായിരുന്നു.
സ്‌നേഹത്തിലൂടെയാണ് സ്വയംസേവകരുടെ മനസ്സുകളെ സംഘം വാര്‍ത്തെടുത്തത്. സംഘ നിര്‍ദ്ദേശമെന്തായാലും അത് അക്ഷരംപ്രതി പാലിക്കാന്‍ സന്നദ്ധമായൊരു മനസ്സ് സ്വയംസേവകരില്‍ സൃഷ്ടക്കപ്പെട്ടത് ഊഷ്മളമായ ഈ സ്‌നേഹബന്ധത്തില്‍ കൂടിയാണ്. സ്വയംസേവകരുടെ മനസ്സിനെ ആജന്മകാലം സംഘകാര്യത്തോട് ചേര്‍ത്ത് നിര്‍ത്തുന്നതും സംഘകാര്യത്തിലെ കഠിനതകളെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് മനസ്സിന് നല്‍കുന്നതും ഇതേ സ്‌നേഹബന്ധം തന്നെയാണ്. സ്‌നേഹം നല്‍കി മനസ്സുകളെ കീഴടക്കിയവരിലൂടെയാണ് ഒരുപാട് സ്വയംസേവകര്‍ നല്ലനല്ല കാര്യകര്‍ത്താക്കളായി മാറിയത്. സംഘപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന മനസ്സുകള്‍ക്ക് സന്തോഷം ലഭിക്കുന്നത് ഈ സ്‌നേഹാന്തരീക്ഷത്തില്‍ നിന്നാണ്. സ്‌നേഹമുള്ളപ്പോള്‍ സമയമില്ലെന്ന മറുപടി ഒരാളില്‍ നിന്നും കേള്‍ക്കേണ്ടി വരികയില്ല. സ്‌നേഹത്തിന് കീഴടങ്ങി പരുവപ്പെട്ട മനസ്സുകളില്‍ മാത്രമേ ശാരീരികും ബൗദ്ധിക്കും ഉള്‍പ്പെടെയുള്ള കാര്യപദ്ധതികള്‍ക്ക് സ്വാധീനം ചെലുത്താനും സന്മനോഭാവം നിര്‍മ്മിക്കാനും സാധിക്കുകയുള്ളൂ. ഈ ബോധ്യമെപ്പോഴും നമ്മുടെയുള്ളിലുണ്ടാവണം.