ഭാരതം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദക രാഷ്ട്രമാണ്. പശുവിനെ ദിവ്യമായിക്കാണുന്ന തലമുറകള്‍ എന്നുമിവിടെ ഉണ്ടായിരുന്നു എങ്കിലും ഈ മഹത്തായ നേട്ടത്തിന് പിന്നില്‍ ഒരു മനുഷ്യന്റെ കഠിനാധ്വാനവും കാഴ്ചപ്പാടും സ്ഥിരോത്സാഹവുമുണ്ട്.
ഡോക്ടര്‍ വര്‍ഗ്ഗീസ് കുര്യന്‍ ഒരിക്കലും ഒരു ഡയറി വിദഗ്ദ്ധന്‍ ആകാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തിയല്ല. ജീവിതത്തിലെ അസാധാരണമായ ചില വഴിത്തിരിവുകളാണ്, ഒരു ന്യൂക്ലിയര്‍ ശാസ്ത്രജ്ഞനാകാന്‍ കൊതിച്ച വര്‍ഗ്ഗീസ് കുര്യന്‍ എന്ന യുവാവിനെ, 1940 കളുടെ അവസാനം ഗുജറാത്തിലെ ആനന്ദ് എന്ന എരുമച്ചാണകം മണക്കുന്ന ഉറക്കം തൂങ്ങി പട്ടണത്തില്‍ എത്തിച്ചത്. അത് പക്ഷെ ഒരു മഹാവിപ്ലവത്തിന്റെ പ്രഭവകേന്ദ്രമാവുകയായിരുന്നു.
അക്കാലത്ത് ഗുജറാത്തിലെ ക്ഷീരകര്‍ഷകരെ ബോംബെയിലെ പോള്‍സണ്‍ ഡയറി എന്ന സ്ഥാപനം ക്രൂരമായി ചൂഷണം ചെയ്ത് വരികയായിരുന്നു. ഇതിനു ഒരു അറുതി വരുത്തണം എന്ന ലക്ഷ്യത്തോടെ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ വലംകൈ ആയിരുന്ന ത്രിഭുവന്‍ ദാസ് പട്ടേലിന്റെ നേതൃത്വത്തില്‍ ഗുജറാത്തിലെ കെയ്‌റ ജില്ലയില്‍ ഒരു ക്ഷീരസഹകരണ സംഘം ആരംഭിച്ചു. കുര്യന്‍ അതിന്റെ ആദ്യ ജനറല്‍ മാനേജര്‍ ആയി. സംഘം സ്വന്തമായി പാല്‍ സംസ്‌കരണം ആരംഭിച്ചു.
പക്ഷേ ഏറ്റവും വലിയ വെല്ലുവിളി അതായിരുന്നില്ല. സംഘത്തിന് ലഭിക്കുന്ന പാല്‍ ഏതാണ്ടെല്ലാം തന്നെ എരുമപ്പാല്‍ ആയിരുന്നു. ശീതകാലത്ത് എരുമകള്‍ കൂടുതല്‍ പാല്‍ ചുരത്തും.എന്നാല്‍ വേനല്‍ക്കാലത്ത് തീരെ കുറവും. കൂടുതല്‍ പാല്‍ ലഭിക്കുന്ന സമയത്ത് സംഭരിക്കാന്‍ ആകാതെ ഒഴുക്കി കളയുക, വേനല്‍ക്കാലത്ത് പാല്‍ ആവശ്യത്തിന് ലഭിക്കാതെയിരിക്കുക എന്നതായിരുന്നു അവസ്ഥ. എരുമപ്പാലിന് കൊഴുപ്പ് കൂടുതലായതിനാലും, അതിന്റെ രാസ ഘടന അനുവദിക്കാത്തതിനാലും ശീതകാലത്ത് അധികമായി ലഭിക്കുന്ന പാല്‍ പാല്‍പ്പൊടിയാക്കി സംഭരിക്കുക എന്നത് അസാധ്യമായിരുന്നു.
എങ്ങനെയും എരുമപ്പാല്‍ പാല്‍പ്പൊടിയാക്കിയില്ലങ്കില്‍ സംഘം തകരും, കര്‍ഷകര്‍ വീണ്ടും തീരാദുരിതത്തിലേക്ക് തള്ളപ്പെടും എന്ന അവസ്ഥയിലാണ് കുര്യന്‍, ലോകത്തിലെ എല്ലാ ഡയറി ശാസ്ത്രജ്ഞരും അസാധ്യമെന്നു വിധിയെഴുതിയ ആ ദൗത്യം ഏറ്റെടുക്കുന്നത്. എരുമപ്പാലിനെ പാല്‍പ്പൊടിയാക്കുക.
വര്‍ഗ്ഗീസ് കുര്യനും അദ്ദേഹത്തിന്റെ സന്തതസഹചാരിയായ ഹരിചന്ദ് ദയാലയും കൂടി നടത്തിയ ഭ്രാന്തുപിടിച്ച ഗവേഷണപരീക്ഷണങ്ങള്‍ക്കൊടുവില്‍ അസാധ്യമെന്നു കരുതിയ ആ ലക്ഷ്യം കീഴടങ്ങി. ആ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ എരുമപ്പാലിന്റെ രാസഘടന കൊമ്പുകുത്തി. എരുമപ്പാല്‍ പാല്‍പ്പൊടിയാക്കി.
പിന്നീട് കെയ്‌റ ക്ഷീരസഹകരണ സംഘത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മഹാനായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്ന ചെറിയ കാലഘട്ടത്തില്‍,ക്ഷീരോല്‍പ്പാദനത്തില്‍ ഭാരതത്തെ സ്വയംപര്യാപ്തമാക്കുക എന്ന വലിയ ലക്ഷ്യം കുര്യനെ ഏല്‍പ്പിച്ചു. അങ്ങനെ കെയ്‌റ മാതൃകയില്‍ രാജ്യം മുഴുവനും ക്ഷീര സഹകരണ സംഘങ്ങള്‍ ആരംഭിച്ചു. അമുല്‍ എന്ന ലോകോത്തര ബ്രാന്‍ഡ് പിറവിയെടുക്കുന്നതും അങ്ങനെയാണ്.
അടിയുറച്ച ആത്മസമര്‍പ്പണവും, കഠിനാധ്വാനവും കാഴ്ചപ്പാടുമുണ്ടെങ്കില്‍ എത്രവലിയ ലക്ഷ്യവും അസാധ്യമല്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡോക്ടര്‍ വര്‍ഗ്ഗീസ് കുര്യനും അമുലും ധവളവിപ്ലവവും.