Friday, August 12, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പദാനുപദം

പൂച്ചയും തത്ത്വചിന്താപരമായ ചില പ്രശ്‌നങ്ങളും

എം.കെ. ഹരികുമാര്‍

Print Edition: 1 January 2021

മനുഷ്യനു തത്ത്വചിന്തകൊണ്ട് ജീവിക്കാനൊക്കുമോ? ബ്രിട്ടീഷ് തത്ത്വചിന്തകനായ ജോണ്‍ ഗ്രേ (John Gray) അങ്ങനെ ചിന്തിച്ചു. മനുഷ്യന്റെ തത്വചിന്ത എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് നിഷ്‌കളങ്കമായി അദ്ദേഹം സ്വയം ചോദിച്ചു. ഒരു വിഷണ്ണതയുടെ വൃത്തത്തില്‍ അകപ്പെടുമ്പോള്‍ മനുഷ്യനു ഒരു താത്വികസമീപനം നല്ലതാണ്.

ഇംഗ്‌ളീഷ് കവി ഷെല്ലി കവിതയെ തന്നെ തത്ത്വചിന്താപരമാക്കി, സ്വന്തം ജീവിതത്തിനുണ്ടായ തിരിച്ചടികളെ ആധാരമാക്കി. ‘കവി ഒരു രാപ്പാടിയാണ്; രാത്രിയില്‍ തനിച്ചിരുന്ന് മധുരമായ ശബ്ദത്തില്‍ സ്വന്തം ഏകാന്തതയെ ദീപ്തമാക്കാനായി പാടുകയാണ്.’ ഈ തത്ത്വചിന്ത ഷെല്ലി എന്ന വ്യക്തിയുടെ മനസ്സിന്റെ ആവശ്യമാണ്.

ആത്മാവിന്റെ കേന്ദ്രത്തിലേക്ക് ചെന്ന് മനുഷ്യന്‍ സ്വയം കാണുകയാണ്. എന്നാല്‍ എപ്പോഴും വിഷമവൃത്തങ്ങളുണ്ടാക്കുന്നത് മനുഷ്യന്റെ സ്വഭാവമാകയാല്‍ ചിന്തയും അവന്റെ വിധിയാണ്. പലതരം ആകുലതകള്‍ മനുഷ്യന്‍ കണ്ടുപിടിച്ചിട്ടുണ്ട്. പുതിയത് കണ്ടുപിടിച്ചുകൊണ്ടിരിക്കുകയാണ്; കോവിഡ് കണ്ടുപിടിച്ചതുപോലെതന്നെ. അതിനെ ചെറുക്കാനുള്ള മാനവികാവസ്ഥകളും ജീവിതരീതികളും പുതിയ പുതിയ വ്യഥകളും സംഘര്‍ഷങ്ങളുമായി രൂപാന്തരപ്പെടുകയാണ്. അതുകൊണ്ട് ശാന്തി തേടാനുള്ള ഇടങ്ങള്‍ കുറയുകയാണ്. അശാന്തി കൂടുതല്‍ ശക്തിയോടെ പടര്‍ന്നു ഭൂരിപക്ഷം ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്. സംഭാഷണം നടത്തുന്നത് മൃഗങ്ങളുടെ പ്രകൃതിയിലില്ലല്ലോ. എന്നാല്‍ ആ നിശ്ശബ്ദതയും തത്വചിന്താപരമാണ്. ജോണ്‍ ഗ്രേയുടെ The Silence of Animals: On Progress and other Modern Myths എന്ന പുസ്തകം തത്ത്വചിന്തയുടെ മറ്റൊരു വഴിയാണ് കാണിച്ചുതരുന്നത്. മൃഗങ്ങളുടെ നിശ്ശബ്ദത മനുഷ്യന്റെ പുരോഗതിക്കും സങ്കല്‍പങ്ങള്‍ക്കും ഒരു ബദല്‍ നിര്‍മ്മിക്കുകയാണെന്ന് അദ്ദേഹം വ്യാഖ്യാനിക്കുന്നു. നിശ്ശബ്ദതയ്ക്ക് മൃഗങ്ങള്‍ അര്‍ത്ഥം നിര്‍മ്മിക്കുന്നില്ല. എന്നാലത് ഫലത്തില്‍ മനുഷ്യന്റെ വ്യര്‍ത്ഥതകളെയും അര്‍ത്ഥങ്ങള്‍ക്ക് വേണ്ടിയുള്ള അലച്ചിലുകളെയും റദ്ദാക്കിക്കളയുകയാണ്.

തെരുവുപട്ടികളെക്കുറിച്ച് തത്ത്വചിന്താപരമായി എന്താണ് ആലോചിക്കാനുള്ളതെന്ന് ചോദിച്ചേക്കാം. സ്വന്തം ജീവിതത്തെ തെറ്റായി വിലയിരുത്തുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ അവയില്‍ നിന്നും പലതും കിട്ടിയേക്കും. ജോണ്‍ ഗ്രേയുടെStraydogs :Thoughts on Human and other Animals  എന്ന ഗ്രന്ഥം ഈ വിഷയത്തിലുള്ള അന്വേഷണമാണ്.

സമകാല തത്ത്വചിന്തയിലെ മഹത്തായ ഒരു ശബ്ദമായിത്തീര്‍ന്നിരിക്കുകയാണ് ജോണ്‍ ഗ്രേ. അദ്ദേഹത്തിന്റെ ആലോചനാവിഷയങ്ങള്‍ സന്ധിക്കുന്നത് തത്ത്വചിന്ത, രാഷ്ട്രീയം, സമ്പദ്ശാസ്ത്രം എന്നീ വ്യവഹാരമേഖലകളിലൂടെ സഞ്ചരിച്ചുകൊണ്ടാണ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് വിരമിച്ച ഗ്രേ ഇപ്പോള്‍ മുഴുവന്‍ സമയ പുസ്തകരചനയില്‍ മുഴുകിയിരിക്കയാണ്.

ഗ്രേയുടെ പുതിയ പുസ്തകം എFeline Philosophy: Cats and the Meanings of Life ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ പൂച്ചയുടെ തത്ത്വചിന്തയെ അപഗ്രഥിക്കുകയാണ്; മനുഷ്യന്റെ ജീവിതാര്‍ത്ഥവിചാരങ്ങളെ പരിശോധിക്കുന്നതിനു വേണ്ടി. പൂച്ച ഒരു തത്ത്വജ്ഞാനിയാണ്, ആലങ്കാരികമായിട്ടാണെങ്കിലും. പൂച്ച മനുഷ്യനെ നോക്കി ചിരിക്കുകയാണോ? ഇല്ലാത്ത പ്രശ്‌നമുണ്ടാക്കി മനുഷ്യന്‍ വ്യഥയുടെ സംഘര്‍ഷമനുഭവിക്കുമ്പോള്‍ പൂച്ച അലസമായി നടക്കുകയോ, എവിടെയെങ്കിലുമിരുന്ന് മുഖംമിനുക്കി വാലിട്ടിളക്കുകയോ ചെയ്ത് ജീവിതത്തിന്റെ സ്വാഭാവികമായ രസം വീണ്ടെടുത്ത് കാണിച്ചുതരുന്നു.

അസ്തിത്വദു:ഖം
മനുഷ്യനു ഭയങ്കര അസ്തിത്വദുഃഖമാണ്. ഒരിക്കലും ഇരിക്കപ്പൊറുതിയില്ല. അവന്റെ ഓര്‍മ്മകള്‍ അവനെ ചതിക്കുകയോ വേട്ടയാടുകയോ ചെയ്യുകയാണ്. അതുകൊണ്ട് സ്വന്തം ചിന്തകളുടെ പേരില്‍ അവനു നരകയാതന അനുഭവിക്കേണ്ടി വരുന്നു. അതില്‍ നിന്ന് രക്ഷപ്പെടാന്‍ അവന്‍ കണ്ടുപിടിച്ച ഉപായമാണ് അതീന്ദ്രിയമായ വിശ്വാസങ്ങള്‍. ജീവിതത്തിന്റെ അഭൗമമായ ഒരു ഇടനാഴിയില്‍ എല്ലാത്തിനും പരിഹാരവും സുരക്ഷയും ലഭിക്കുമെന്ന വിശ്വാസമാണ് താത്ത്വിക കവചമായി മനുഷ്യന്‍ ഉപയോഗിക്കുന്നത്. അവന്റെ വിഷാദങ്ങള്‍ ജ്വാലകളാകുന്ന ചിറകുകള്‍ ഒതുക്കി, ഒരു പ്രാവിനെ പോലെ ആ ചിന്തയില്‍ കയറി പതുങ്ങിയിരിക്കും.
‘പൂച്ചകള്‍ ഒന്നും ആസൂത്രണം ചെയ്യുന്നില്ല. അത് ജീവിതത്തെ അതിന്റെ വഴിയില്‍ തന്നെ നേരിടുന്നു’- ഗ്രേ എഴുതുന്നു. പൂച്ചയ്ക്ക് അസ്തിത്വദു:ഖമില്ല. അതിനു മനുഷ്യനെ പോലെ ഉത്ക്കണ്ഠയോ, മരണഭയമോ, ഭാവിയെക്കുറിച്ചുള്ള ആധിയോ, ഭാവനയിലുള്ള ജീവിതമോ ഇല്ല. അത് താരതമ്യേന സ്വതന്ത്രയാണ്. അസ്തിത്വത്തിന്റെ ഭാരമില്ലാത്തതുകൊണ്ട് ജീവിതത്തെ ഉള്‍ക്കൊള്ളുന്ന ലാഘവത്തോടെ വാലാട്ടാന്‍ കഴിയുന്നു. വാല്‍ ജൈവ സമതുലിതാവസ്ഥയുടെ ക്രമീകരണ ഉപകരണമാണ്. അത് സംഘര്‍ഷങ്ങളെ ലഘൂകരിച്ചു കളയുന്നു.

ഗ്രേയുടെ ജൂലിയന്‍ എന്ന പൂച്ചയില്‍ നിന്നാണ് അദ്ദേഹം മനുഷ്യസ്വഭാവത്തിലെ അപകടകരമായ സൂചനകള്‍ പിടിച്ചെടുത്തത്. മനുഷ്യന്‍ വീണുകിടക്കുമ്പോഴും ജീവിതത്തിന്റെ അര്‍ത്ഥം തേടുന്നത് അവന്റെ മനസ്സിനെ ഇരട്ടി ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. അര്‍ത്ഥം തേടി ജീവിതം കുഴപ്പിക്കാതിരിക്കാന്‍ പൂച്ചകളെ നോക്കാന്‍ ഗ്രേ ആഹ്വാനം ചെയ്യുന്നു. സ്വന്തം പ്രതിഛായ പൂച്ചയ്ക്ക് വേണ്ട. എന്നാല്‍ സ്വന്തം പ്രതിച്ഛായകള്‍ക്കനുസരിച്ച് മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് ചിന്തിക്കുന്ന, അതിന്റെ പേരില്‍ വേദന അനുഭവിക്കുന്ന മനുഷ്യന്‍ ഏതുതരം മാനസികാവസ്ഥയാണ് വഹിക്കുന്നത്? അവനു സ്വസ്ഥത കിട്ടുമോ? പൂച്ചയാകട്ടെ കണ്ണാടിയില്‍ നോക്കി താനാരാണെന്ന് ഉറപ്പു വരുത്തുന്നില്ല. അതിനു ആ ശീലത്തിന്റെ അപായക്കളിയില്‍ വിശ്വാസമില്ല. പൂച്ച താനാരാണെന്ന് ചോദിക്കാത്തതു കൊണ്ട് അതിനു മാനസികസമ്മര്‍ദമില്ല. അസ്തിത്വത്തെക്കുറിച്ചുള്ള വേറിട്ട ചിന്തകള്‍ക്കായി പൂച്ച ഉഴറുന്നില്ല. മാത്രമല്ല, ജീവിച്ചിരിക്കുക എന്ന അമൂല്യമായ അവസ്ഥയെ മനുഷ്യന്‍ അതിതീവ്രമായ ചിന്തകള്‍കൊണ്ട് കലുഷിതമാക്കുമ്പോള്‍ പൂച്ച നൈസര്‍ഗികമായി അതനുഭവിക്കുന്നു.

ഭാരമില്ലാതെ നടക്കാം
മനുഷ്യര്‍ക്ക് കോവിഡുകാലത്ത് ലോക്ക്ഡൗണിന്റെ പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. വ്യക്തിപരമായ മറ്റനേകം പ്രതിബന്ധങ്ങള്‍ വേറെയും. എല്ലാം തന്നെ മനുഷ്യന്‍ അവന്റെ ശിരസ്സില്‍ കയറ്റിയിരിക്കുകയാണ്. ഇനിയും എത്ര ഭാരം വേണമെങ്കിലും അവന്‍ കയറ്റി വയ്ക്കും. ഭാരം ചുമക്കുന്നത് തന്റെ ഉത്തരവാദിത്വമാണെന്ന് മനുഷ്യനെ പോലെ നന്നായി തിരിച്ചറിയുന്ന വേറൊരു ജീവി ഉണ്ടാകില്ല. എന്നാല്‍ ഇതിന്റെ പേരില്‍ എല്ലാം തകരുന്നുവെന്ന തോന്നലുണ്ടായാല്‍ മറക്കരുത്, പൂച്ചയെപോലെ വെറുതെ നടക്കുക;ഒന്നിന്റെയും ഭാരമില്ലാതെ.

‘ദി സൈലന്‍സ് ഓഫ് അനിമല്‍സ്’ എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗം ഉദ്ധരിക്കാം: ഉല്പത്തിക്കഥ പ്രകാരം നമ്മുടെ അറിവ് നമ്മെ രക്ഷിക്കാന്‍ പര്യാപ്തമല്ല. മുമ്പത്തേക്കാള്‍ നാം അറിഞ്ഞിട്ടുണ്ടെങ്കില്‍, നമ്മുടെ ഭ്രാന്ത് ഉപയോഗപ്പെടുത്തുന്നതില്‍ കൂടുതല്‍ അവസരങ്ങളുണ്ടായി എന്നാണ് സാരം. നമുക്കറിയാവുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന് ഉല്പത്തിക്കഥ പഠിപ്പിക്കുന്നു. ഉല്ത്തിയുടെ സന്ദേശം ഇതാണ്, മനുഷ്യന്റെ ഏറ്റവും പ്രധാന ജൈവ മേഖലകളില്‍ ഒരു പുരോഗതിയുമില്ല; നമ്മുടെ തന്നെ പ്രകൃതിയുമായുള്ള നിലയ്ക്കാത്ത ഏറ്റുമുട്ടല്‍ മാത്രമേയുള്ളൂ.’

വായന
പ്രസന്നരാജന്റെ ‘മലയാളനോവല്‍ പാരമ്പര്യം: ചരിത്രവും വിലയിരുത്തലും’ (ഭാഷാപോഷിണി, ഡിസംബര്‍) എന്ന ലേഖനം നിരാശപ്പെടുത്തി. കെ.പി.അപ്പനും മറ്റും കാച്ചിക്കുറുക്കി പറഞ്ഞ കാര്യങ്ങള്‍ സ്വന്തം കണ്ടുപിടിത്തം എന്ന മട്ടില്‍ പ്രസന്നരാജന്‍ അവതരിപ്പിക്കുകയാണ്. ദേവും തകഴിയും വര്‍ഗരാഷ്ട്രീയമാണ് എഴുതിയതെന്ന് പറയുന്നത് എത്ര ഉപരിപ്‌ളവമാണ്. ഇങ്ങനെ ലഘൂകരിക്കുന്നത് അധാര്‍മ്മികമാണ്. സൗന്ദര്യാത്മകമായാണ് വര്‍ഗീകരിക്കേണ്ടത്. അതുപോലെ, അധുനികരുടേത് രാഷ്ട്രീയ നോവലുകളാണത്രേ! സ്വന്തം നിലയില്‍, ആഴത്തിലുള്ള ഒരു നിരീക്ഷണവുമില്ല. പലരും പറഞ്ഞതു തന്നെ വീണ്ടും എഴുതുന്നതില്‍ കഴമ്പില്ല.

നോവല്‍ ബിസിനസ്
മലയാളനോവല്‍ മാറുന്ന ഭൂപടങ്ങള്‍’ എന്ന ലേഖനത്തിലൂടെ ഷാജി ജേക്കബ് (സാഹിത്യചക്രവാളം, ഡിസംബര്‍) വിവര്‍ത്തനങ്ങളിലൂടെ നമ്മുടെ നോവല്‍സാഹിത്യം അതിരുവിട്ടുദിച്ചുയര്‍ന്നതായി സങ്കല്പിക്കുന്നു. നോവലിന് വലിയ തുകയുള്ള അവാര്‍ഡുകള്‍ കിട്ടിയ കാര്യം ഓര്‍ത്തോര്‍ത്ത് ചിരിച്ച് അദ്ദേഹം പുരപ്പുറത്ത് കയറി നില്ക്കുകയാണ്. വലിയ തുകയുള്ള അവാര്‍ഡ് കാണിച്ച് പേടിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കട്ടെ. കുറെ കണ്ടതാണ്.

നമ്മുടെ നാട്ടില്‍ മികച്ച നോവലുകള്‍ പരിഭാഷ ചെയ്യപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പണമുള്ളവര്‍ പരിഭാഷ ചെയ്യാന്‍ ആരെയെങ്കിലും ഏല്പിക്കുന്നു. നോവല്‍ സമ്പന്നരുടെ കൈയിലെ കളിപ്പാവയാണിന്ന്. നോവലെഴുത്ത് സാധാരണക്കാരന് അപ്രാപ്യമാകുകയാണ്. നോവല്‍ രംഗം അധോലോക സദൃശമായിരിക്കുന്നു. അതിന്റെ മാര്‍ക്കറ്റിംഗും പരസ്യവും ഭയപ്പെടുത്തുന്നതാണ്. കൈയില്‍ കാശില്ലാത്ത എഴുത്തുകാരെ പലര്‍ ചേര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത് നിര്‍ത്തിയിരിക്കയാണ്. ലക്ഷക്കണക്കിന് രൂപ ക്യാഷ് പ്രൈസുള്ള അവാര്‍ഡുകള്‍ സ്ഥിരമായി കേരളത്തില്‍ തന്നെ കിട്ടുന്നതിന്റെ രഹസ്യമെന്താണ്? കേരളത്തിലാരും ഇത്തരം അവാര്‍ഡുകളുടെ നടത്തിപ്പിന് വിദൂര സംസ്ഥാനങ്ങളില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് പറയുന്നില്ല. എന്നാല്‍ വിവിധ രാജ്യങ്ങളിലും ലിറ്റററി ഫെസ്റ്റിവലുകളിലും കാണുന്ന പ്രവണത വേറൊന്നാണ്. അവിടെ പ്രസാധകര്‍ തന്നെ അവരുടെ താല്‍പര്യാര്‍ത്ഥം ലക്ഷക്കണക്കിനു തുകയുടെ ക്യാഷ് പ്രൈസുള്ള അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും, ബൈപ്പാസ് ചെയ്ത് എഴുത്തുകാരെ വളര്‍ത്തിക്കൊണ്ടുവരികയുമാണ്. മുടക്കുന്ന തുക അവാര്‍ഡിലൂടെ പോപ്പുലര്‍ ആകുന്ന കൃതി വിറ്റ് അവര്‍ വസൂലാക്കുന്നു. നോവല്‍ ഇന്ന് മില്യന്‍ ഡോളര്‍ ബിസിനസാണ്.

ആനന്ദിന്റെ ‘ആള്‍ക്കൂട്ടം’ പരിഭാഷ ചെയ്യപ്പെട്ടോ? അതിന് അവാര്‍ഡിനു അര്‍ഹതയില്ലേ? സാഹിത്യത്തെ മൂല്യനിര്‍ണയം ചെയ്യാന്‍ മലയാളി വടക്കേ ഇന്ത്യക്കാരെ ഏല്പിച്ചിരിക്കയാണ്. മലയാളി മലയാളത്തില്‍ എഴുതുന്ന നോവലിന്റെ മുല്യപരിശോധന ഇവിടെ നടക്കില്ലല്ലോ! അത് വടക്കേ ഇന്ത്യയിലെ കുറെപ്പേര്‍ തെരഞ്ഞെടുത്താല്‍ മൂല്യമായി.

തയ്യാറാക്കലോ?
നോര്‍വീജിയന്‍ നോവലിസ്റ്റ് ക്രാസ്‌നാഹോര്‍കെയുടെ അൗൗോി, ണശിലേൃ, ടുൃശിഴ, ടൗാാലൃ എന്ന ആത്മകഥാപരമായ പുസ്തകത്തെക്കുറിച്ച് എന്‍.ഇ.സുധീര്‍ (എഴുത്ത്, ഡിസംബര്‍) എഴുതുന്നത് ഇങ്ങനെയാണ്: ‘തികച്ചും നൂതനമായ ഒരു രീതിയിലാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്”. എന്നാല്‍ ഒരു കാര്യം സുധീറിനെ അറിയിക്കട്ടെ. പുസ്തകങ്ങള്‍ ‘തയ്യാറാക്കുക’യല്ല, എഴുതുകയാണ് ചെയ്യുന്നത്. പാചകക്കുറിപ്പ് ആണെങ്കില്‍ തയ്യാറാക്കാം; സര്‍ഗാത്മക രചനകള്‍ പിറക്കുകയാണ് ചെയ്യുന്നത്.ചീത്ത പദപ്രയോഗങ്ങള്‍ സാഹിത്യാവലോകനത്തിലേക്ക് കൊണ്ടുവരാന്‍ സുധീറിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും? സുധീറിന് അഭിരുചിയില്ല; സാഹിത്യത്തെ സമീപിക്കാനറിയില്ല.

മുപ്പത്തിയൊന്നുവര്‍ഷം മുന്‍പ് വിട്ടുപോയ കാമുകനെ തിരിച്ചു കിട്ടിയതിന്റെ ആഹ്ലാദമാണ് ശാരദാ ചൂളൂരിന്റെ കഥ (ഒന്നല്ലേ നമ്മള്‍, ആശ്രയ മാതൃനാട്, ഡിസംബര്‍) യിലെ ദേവയാനിക്ക്. ഒരു കാര്യം പറയണം, ദേവയാനിയുടെ മനസ്സ് മുഷിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളുടെ കാല്പനിക, രതി മോഹങ്ങള്‍ വാടിയില്ല. അവളുടെ ഓര്‍മ്മകളില്‍ അല്ലം പോലും ക്ലാവ് പിടിച്ചിട്ടില്ല. അത് ചൂണ്ടിക്കാണിക്കുന്നത് യൗവ്വനത്തിന്റെ ഊര്‍ജ്ജമാണ്. മനുഷ്യനു വേണമെങ്കില്‍ യുവത്വം നിലനില്‍ക്കും.

പി.കെ.രാജശേഖരന്റെ ‘പിതൃഘടികാരം’ വികസിപ്പിച്ചു പ്രസിദ്ധീകരിച്ചു എന്ന് കറന്റ് ബുക്‌സ് ബുള്ളറ്റിനില്‍ കണ്ടു. ഒ.വി.വിജയനെ യാന്ത്രികമായി പഠിക്കുന്ന ഒരാളാണ് അദ്ദേഹം. ആധുനികതയിലെ മറ്റ് എഴുത്തുകാരെ അദ്ദേഹം വായിക്കില്ല. വിജയനോട് മാത്രം തോന്നുന്ന ഈ വികാരം എന്താണ്? അദ്ദേഹത്തിന്റെ പുസ്തകം ഒരു പി.എച്ച്.ഡി തീസിസ് പോലെയാണ്. മുന്‍കൂട്ടി ഒരു വിഷയം കണ്ടുപിടിക്കുന്നു, എന്നിട്ട് അതിനനുസരിച്ച് ഉദ്ധരണികള്‍ തേടുന്നു. ഇതു വിമര്‍ശനമല്ല; കലാശാലാ ഗവേഷണമാണ്. പിതാവും പുത്രനും തമ്മിലുള്ള ബന്ധമാണ് ഖസാക്കിന്റെ ഇതിഹാസത്തിലുള്ളത് എന്നൊക്കെ പറയാന്‍ എങ്ങനെ ഒരാള്‍ക്ക് ധൈര്യമുണ്ടായി എന്ന് ചിന്തിച്ചുപോകുന്നു. പരിശുദ്ധാത്മാവിനെക്കൂടെ ഉള്‍പ്പെടുത്താമായിരുന്നു.

നുറുങ്ങുകള്‍
$പ്രഭാതനടത്തം നല്ലതാണ്. ചില എഴുത്തുകാര്‍ നടക്കുമ്പോള്‍ അത് അസാധാരണമായ ചേരുവയും ഐക്യവുമാണ്. എന്നാല്‍ എല്ലാ നടത്തയും വെറുതെയല്ല. ചിലര്‍ ആരുടെ കൂടെ നടക്കുന്നു എന്ന് നോക്കണം. മിക്കപ്പോഴും ആ പ്രഭാത നടത്തവും കൂട്ടും ഒരു അവാര്‍ഡിലാണ് എത്തിച്ചേരുന്നത്.
$എഴുത്തുകാര്‍ പൊതുവേ അവതാരിക ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ചിലരുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധം ഇങ്ങനെയാണ്: ‘ചുരുങ്ങിയത് നാല് പേജ് വേണം.’
$എഴുതാനുള്ളത് മനസ്സില്‍ കണ്ടിട്ടുണ്ടാകും. പക്ഷേ, ഒരാള്‍ താന്‍ മനസില്‍ ഉദ്ദേശിച്ചതല്ല എഴുതുന്നത്. പലതും അറിയാതെ ബാക്കിവെക്കും. ആഗ്രഹിച്ചതിനുവേണ്ടി വേറെ എഴുതേണ്ടി വരും.
$അന്തരിച്ച എഴുത്തുകാരന്‍ യു.എ.ഖാദര്‍ ഹൈന്ദവ മിത്തുകളിലും വിശ്വാസങ്ങളിലും അഗാധമായ അറിവ് നേടിയിരുന്നതായി പ്രസാധകനും എഴുത്തുകാരനുമായ പ്രതാപന്‍ തായാട്ട് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. പുരസ്‌കാരങ്ങള്‍ കിട്ടിയെങ്കിലും ഖാദര്‍ വിലയിരുത്തപ്പെട്ടില്ല. ഒരാളും അദ്ദേഹത്തെ വിമര്‍ശിക്കാതിരുന്നത് പാര്‍ശ്വവത്ക്കരണമാണ്.
$ഇന്ത്യന്‍ – ഇംഗ്‌ളിഷ് കവി ജയന്ത് മഹാപത്രയുടെ (ഓഡിഷ) കവിതയിലെ ഈ വരികള്‍ ചിന്തിപ്പിക്കും:
‘ഇരുട്ടു നിറഞ്ഞ മുറിയില്‍
ഒരു സ്ത്രീക്ക് കണ്ണാടിയില്‍
ഒന്നും കാണാനാവില്ലല്ലോ.
ഉറക്കത്തിന്റെ അതിരില്‍
അവള്‍ കാത്തുനിന്നു.
അവള്‍ കൈയിലേന്തിയ
എണ്ണവിളക്കിന്റെ മഞ്ഞജ്വാലകള്‍ക്ക്
അറിയാമായിരുന്നു
അവളുടെ ഏകാന്തമായ
ശരീരം എവിടെ ഒളിച്ചിരിക്കുന്നുവെന്ന്.
$കഥകളി നമ്മുടെ ജീവിതത്തെ ഒരു ആന്തരിക ലെന്‍സ് ഉപയോഗിച്ച് വലുതാക്കി കാണിക്കുന്നു. അതിലൂടെ നമ്മള്‍ നേടേണ്ട ജ്ഞാനം വിപുലമാണ്: ജീവിതം ക്ഷണികവും ചപലവും ചഞ്ചലവുമാണ്; എന്നാല്‍ മനുഷ്യന്റെ പ്രതിഭയും നന്മയും പ്രഭയും ജീവിതത്തേക്കാള്‍ വലുതാണ്.

Share5TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഓര്‍മ്മയെഴുത്തിനോടുള്ള പ്രേമം എന്തുകൊണ്ട് ?

റെമ്പ്രാന്ത്,റെമ്പ്രാന്ത് വരച്ച വൃദ്ധന്റെ ചിത്രം

റെമ്പ്രാന്തിന്റെ വയസ്സന്മാര്‍

ആധുനികത തേടി പിന്നോട്ട്

വിമര്‍ശനം ഒരു ചീത്തസ്വഭാവമല്ല

പുരോഗമനസാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

യാതനയും ആത്മീയസ്വാതന്ത്ര്യവും

Kesari Shop

  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
Follow @KesariWeekly

Latest

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

ശുദ്ധമായ അദ്വൈത ബ്രഹ്‌മം (നിര്‍വികല്പം 27)

മഹാഭാരതി

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

ഡല്‍ഹി കലാപത്തിന്റെ അണിയറ രഹസ്യങ്ങള്‍

ഒരുനേരമെങ്കിലും

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies