മാര്‍ക്കസ് ഒറേലിയസ് തത്ത്വജ്ഞാനിയായ റോമാ ചക്രവര്‍ത്തിയായിരുന്നു. എ.ഡി. 161 മുതല്‍ 180 വരെയാണ് അദ്ദേഹം റോമാ സാമ്രാജ്യം ഭരിച്ചത്. എന്തുകൊണ്ടോ, അദ്ദേഹം അധികാരത്തിന്റെ ലഹരിക്ക് അടിപ്പെട്ടില്ല. താന്‍ ഒരു മനുഷ്യനാകാന്‍ തീരുമാനിച്ചത് എങ്ങനെയെല്ലാമാണ്, അതിന് തന്നെ ആരെല്ലാമാണ് സഹായിച്ചത്, എന്താണ് താന്‍ പഠിച്ചത്, എന്താണ് ജീവിതത്തില്‍ നിന്ന് പഠിക്കാനുള്ളത് തുടങ്ങിയ കാര്യങ്ങളെല്ലാം അദ്ദേഹം ഒരു ഡയറിയിലെന്നപോലെ എഴുതി വച്ചിരുന്നു. ആ കുറിപ്പുകളാണ് പില്‍ക്കാലത്ത് ‘മെഡിറ്റേഷന്‍സ്’ എന്ന പേരില്‍ വിഖ്യാതമായിത്തീര്‍ന്ന പുസ്തകം.
മെഡിറ്റേഷന്‍സ് ജീവിതത്തെക്കുറിച്ചുള്ള ഒരു വിരക്തന്റെ ചിന്തകളാണ് ഉള്‍ക്കൊള്ളുന്നത്. ഒന്നിലും ആസക്തനാകാതിരിക്കുക, എവിടെ നിന്നാണ് സത്യത്തെക്കുറിച്ചുള്ള ശരിയായ ഉച്ചാരണം ഉണ്ടാകുന്നതെന്ന് അന്വേഷിക്കുക തുടങ്ങി ഒറേലിയസ് ചിന്തിക്കാത്ത വിഷയങ്ങളില്ല.
കൂടുതല്‍ അറിവുള്ളവര്‍ക്കും അനുഭവങ്ങള്‍ ഉള്ളവര്‍ക്കും ത്യജിക്കാന്‍ കഴിയേണ്ടതാണ്. ത്യജിക്കുമ്പോള്‍ നാം പ്രാപഞ്ചികമായ വിതാനത്തിലേക്ക് ഉയരുകയാണ്. എന്നാല്‍ മാര്‍ക്കസ് ഒറേലിയസിന്റെ ചിന്തകള്‍ ഭാരതീയമായ തത്ത്വശാസ്ത്രങ്ങളുമായി ബന്ധമുള്ളതാണ്. ഭാരതത്തില്‍ പ്രാചീനമായ പരിത്യാഗമുണ്ട്. ബുദ്ധന്റെ ജീവിതത്തിലെ ഒരു സംഭവം ഉദാഹരിക്കാം. ബുദ്ധന്റെ പിതാവ് കൊട്ടാരത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയാണ്. പെട്ടെന്ന് മകന്‍ ഗൗതമന്‍ എന്ന സിദ്ധാര്‍ത്ഥന്‍ കൊട്ടാരത്തിനു മുന്നിലേക്ക് നടന്നുവന്നു. കയ്യില്‍ ഒരു ഭിക്ഷാപാത്രമുണ്ട്. പിതാവ് ചോദിച്ചു, മകനേ നീ എന്തിനാണ് യാചിക്കുന്നത്? ഈ കൊട്ടാരത്തില്‍ നിന്ന് നിനക്ക് ആവശ്യമുള്ളത് എടുക്കാന്‍ ആരുടെയും അനുവാദം വേണ്ടല്ലോ. പിന്നെന്തിനാണ് ഈ ഭിക്ഷാപാത്രം? ഉടനെ ഗൗതമന്‍ മറുപടി പറഞ്ഞു: ”പിതാവേ ഈ ഭിക്ഷാപാത്രം നിറയ്ക്കുന്നത് എനിക്കല്ല, ഞാന്‍ ഒറ്റയ്ക്കുമല്ല. എന്നെപ്പോലെ ആയിരങ്ങള്‍ ഭിക്ഷാപാത്രവുമായി എന്റെ പിന്നിലുണ്ട്, കണ്ടാലും” ഇതാണ് ഭാരതത്തിന്റെ സന്ദേശം. പ്രാചീനമായ മഹത്വത്തിന്റെ മാനവികത, പ്രാപഞ്ചികമായ ത്യാഗത്തിന്റെ അന്തസ്സത്ത ഇതാണ്. ഇത് ബുദ്ധന്‍ ഉദ്ഘാടനം ചെയ്തതാണ്. പിന്നെ, ഇത് ഭാരതത്തിന്റെ സാരമായി. ഭാരതീയ ദര്‍ശനങ്ങളുടെയും ചിന്താമണ്ഡലങ്ങളുടെയും അന്തസ്സാരമായ ജീവിതമഹത്വം ഇവിടെയുണ്ട്. അതിന്റെയര്‍ത്ഥം ഇതാണ്: തനിക്കു വേണ്ടിയല്ലാതെ, മറ്റുള്ളവര്‍ക്ക് വേണ്ടി യാചിക്കുക.
വിരക്തിയുടെ വഴി
ഇത് മനസ്സിലാക്കണമെങ്കില്‍, വിരക്തിയുടെ മാഹാത്മ്യം അറിയേണ്ടതുണ്ട്. ആസക്തിയും ആര്‍ഭാടവും നിറഞ്ഞു പതയുന്നിടത്ത് ഇതിന് പ്രസക്തിയില്ല. ഇത് ഗാഢമായി, ആഴത്തില്‍ ചെന്ന് അറിഞ്ഞതുകൊണ്ടാണ് പ്രമുഖ ജര്‍മ്മന്‍ എഴുത്തുകാരനായ ഹെര്‍മ്മന്‍ ഹെസ്സെ ഇങ്ങനെ പറഞ്ഞത്: ശ്രീബുദ്ധന്റെ പ്രബുദ്ധത ഉള്‍ക്കൊള്ളാന്‍ എനിക്ക് നിരന്തരമായി പ്രയത്‌നിക്കേണ്ടിവന്നു. ജീവിതത്തിന്റെ നൈമിഷികതയും മിഥ്യയും എന്നില്‍ ഉദിച്ചു. ഹെസ്സെയുടെ ഈ പ്രഖ്യാപനം ബുദ്ധന്റെ പരിത്യാഗ ദര്‍ശനം എത്ര ഉദാത്തമാണെന്ന് കാണിച്ചു തരുന്നു.
ഹെര്‍മ്മന്‍ ഹെസ്സെ
മാര്‍ക്കസ് ഒറേലിയസിന്റെ ദര്‍ശനത്തിന് ഭാരതീയ സ്വാധീനമുണ്ടെന്ന് പറയുന്നതില്‍ അപാകതയില്ല. കാരണം അദ്ദേഹത്തിന്റെ വിചാരങ്ങളെ തൊട്ടുനില്‍ക്കുന്നുണ്ട് ഏകസത്തയെക്കുറിച്ചുള്ള അവബോധം. ഈ പ്രപഞ്ചത്തിന് ഏകമായ അസ്തിത്വമാണുള്ളതെന്ന് ഒറേലിയസ് പറയുന്നു. അത് ഭാരതത്തില്‍ ഉണ്ടായിരുന്ന ചിന്തയാണ്. ബ്രഹ്മം അതാണല്ലോ സൂചിപ്പിക്കുന്നത്. ബ്രഹ്മം മനുഷ്യരെ പരസ്പരം അകറ്റി ഏകാന്തരാക്കാനുള്ളതാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി ഇതാണ്: ബ്രഹ്മം മനുഷ്യര്‍ക്കും സകല ജീവജാലങ്ങള്‍ക്കും ഒരു പൊതു ഐഡന്റിറ്റി കൊടുക്കുകയാണ്. എല്ലാ അപരത്വങ്ങളെയും അത് ഒന്നാണെന്ന ചിന്തയില്‍ കൊണ്ടുവരുന്നു. അത് ലഘൂകരിക്കാനാവാത്ത, നിര്‍വ്യാജമായി നിലനില്‍ക്കുന്ന ഏകത്വമാണ്.
നന്മതിന്മകള്‍
ഒറേലിയസ് ചിന്തിക്കുന്നുണ്ട്, ഒരാള്‍ക്ക് ദോഷമായത് വരുന്നത് മറ്റുള്ളവരുടെ മനസ്സില്‍ നിന്നല്ലെന്ന്. പിന്നെയോ? അത് ഒരാളുടെ നന്മതിന്മകളെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ നിന്നാണ് ഉണ്ടാകുന്നത്. ഒരാള്‍ക്ക് എന്തുതന്നെ സംഭവിച്ചാലും, അത് നന്മയോ തിന്മയോ ആകട്ടെ, അതിനെപ്പറ്റി നിങ്ങള്‍ ഒരു അന്തിമവിധി പുറപ്പെടുവിക്കാതിരിക്കുക. കാരണം പ്രകൃതി ഇതിലൊന്നും ഒരു ലക്ഷ്യവും കാണുന്നില്ല. ഒരാളുടെ തിന്മയില്‍ നമ്മള്‍ വിധി പുറപ്പെടുവിക്കുന്നത്, നമ്മുടെ തിന്മയെക്കുറിച്ചുള്ള ചിന്തകളുടെ ഭാഗമാണ്.
ഒറേലിയസിന്റെ വാക്കുകളിലൂടെ ഭാരതം മുഴങ്ങുകയാണ്. അദ്ദേഹത്തിന്റെ ഏതാനും വാക്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
വ്യക്തികള്‍ക്കുണ്ടാകുന്ന ദൗര്‍ഭാഗ്യങ്ങള്‍ ആകെ പ്രപഞ്ചത്തിന്റെ നേട്ടത്തിനുവേണ്ടിയാണ് പ്രകൃതി ഒരുക്കിയിട്ടുള്ളത്.
കര്‍മ്മം എന്നത് ഒരാള്‍ക്കായി വിധിക്കപ്പെട്ടതാണ്.
ഒരു വ്യക്തിയെ രൂപീകരിച്ചിരിക്കുന്നത്, പ്രപഞ്ചശക്തിയുടെ അതിജീവനത്തിനുവേണ്ടിയാണ്.
~ഒരു കണത്തെ അതിന്റെ കൂട്ടത്തില്‍ നിന്ന് മാറ്റിനിര്‍ത്തരുത്; അങ്ങനെ ചെയ്താല്‍ അത് പ്രപഞ്ചപൂര്‍ണതയെ വിഘടിപ്പിക്കുന്നതിനു തുല്യമാവും.
ഒരാള്‍ സന്തോഷമില്ലാതെയിരിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ കഴിവിനെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്.
സുഖത്തോടുള്ള ആസക്തിയേക്കാള്‍ നമ്മുടെ പ്രകൃതിക്ക് ഇണങ്ങുന്നത് ആത്മീയമായ മൂല്യങ്ങളാണ് – ലാളിത്യം, ദയ എന്നിവ.
മാറ്റങ്ങളുടെ ഈ കുത്തൊഴുക്കില്‍ ഉന്നതമായവിധം നേടേണ്ടതായ യാതൊന്നും തന്നെയില്ല.
ജീവിതം നൈമിഷികമാകയാല്‍, അതിനു മുമ്പും ശേഷവുമുള്ള അനന്തതയെക്കുറിച്ചോര്‍ക്കുക.
ദൈവങ്ങള്‍ക്ക് മനുഷ്യപ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല.
എല്ലാ വസ്തുക്കളും നശിക്കാനുള്ളതാണ്. എല്ലാറ്റിന്റെയും ഉറവിടം ഒന്നാണ്.
വാന്‍ഗോഗിന്റെ കത്തുകള്‍
വിന്‍സന്റ് വാന്‍ഗോഗ്
നവ ഇംപ്രഷണിസ്റ്റ് ചിത്രകാരനായ വിന്‍സന്റ് വാന്‍ഗോഗ് (1853-1890) എന്നും ചര്‍ച്ചാവിഷയമാണ്. അദ്ദേഹത്തിന്റെ രചനാപരമായ തീക്ഷ്ണതയും വഴിമാറിയുള്ള നടപ്പും പഠിക്കാനുള്ള വിഭവങ്ങളാണിന്ന്. വാന്‍ഗോഗിന്റെ കത്തുകള്‍ പ്രസിദ്ധമാണ്. അദ്ദേഹം തന്റെ സഹോദരന്‍ തിയോക്ക് ആയിരത്തിലേറെ കത്തുകള്‍ അയച്ചു. വലിയൊരു സാഹിത്യാസ്വാദകനും ചിന്തകനും വായനക്കാരനുമായ വാന്‍ഗോഗിന്റെ കത്തുകള്‍ ഭാവനയുടെയും ധിഷണയുടെയും പ്രഭയാണ് വിതറുന്നത്. വാന്‍ഗോഗിന്റെ കത്തുകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എന്‍. മൂസക്കുട്ടിയാണ്. വാന്‍ഗോഗിനെ അടുത്തറിയാന്‍ അദ്ദേഹത്തിന്റെ ഏതാനും വാക്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു;
വേനല്‍ക്കാലം വരയ്ക്കാന്‍ പ്രയാസമാണ്. പൊതുവേ വേനലിന്റെ പ്രഭാവം അസാധ്യമോ വൃത്തികെട്ടതോ ആണ്.
കറുത്ത നിഴല്‍രൂപങ്ങളുള്ള മഞ്ഞാണ് ശൈത്യകാലം.
ലോഹപ്പാത്രത്തെ അഗ്നിയുടെ നാവുകള്‍ കൊണ്ട് നക്കിത്തുടയ്ക്കാന്‍ ആഗ്രഹിച്ചിട്ടെന്നവണ്ണം നാളങ്ങള്‍ ഉയരുകയും മിന്നിമിന്നിക്കത്തുകയും പരസ്പരം മാറിമാറി പ്രകാശിക്കുകയും ചെയ്യുന്നത് കാണുക. ഇത്തരത്തിലുള്ളതാണ് മനുഷ്യജീവിതമെന്ന് ചിന്തിക്കൂ.
നമ്മുടെ ആത്മാവില്‍ വലിയൊരു തീയുണ്ടായിരിക്കാം. പക്ഷേ, അതിന്മേല്‍ തീ കായാന്‍ ആരും വരാറില്ല.
എവിടെ സഹാനുഭാവം പുതുക്കപ്പെടുന്നുവോ അവിടെ ജീവിതം സൗഖ്യമാക്കപ്പെടുന്നു.
പ്രണയത്തിന്റെ കൊച്ചുദുരന്തങ്ങള്‍ക്ക് പോലും അതിന്റെ മൂല്യമുണ്ട്.
സ്‌നേഹിക്കുക, തിരിച്ചുസ്‌നേഹിക്കപ്പെടാതിരിക്കുക – ഇതാണ് നല്ലത്.
വായന
‘പെരുന്ന തോമസിന്റെ കഥകള്‍’ എന്ന പുസ്തകത്തെ രാകേഷ് നാഥ് വിലയിരുത്തുന്നു ‘കാലത്തിന്റെ വീണ്ടെടുപ്പുകള്‍’ (ഗ്രന്ഥലോകം) എന്ന ലേഖനത്തില്‍. ഇതില്‍ പെരുന്നയുടെ എട്ട് കഥാസമാഹാരങ്ങളും ലഘുനോവലും ചേര്‍ത്തിട്ടുണ്ട്. ആനുകാലിക താത്പര്യങ്ങളുടെ ആതിപ്രസരത്തില്‍ പല കഥയെഴുത്തുകാരും എഴുത്ത് നിര്‍ത്തുകയോ നിശ്ചേഷ്ടരാവുകയോ ചെയ്തിട്ടുണ്ട്. സ്വന്തം പ്രശസ്തി, സ്വന്തം അവാര്‍ഡുകള്‍ എന്നിങ്ങനെയുള്ള മന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ സമകാലികരെ ഓര്‍ക്കാന്‍പോലും നേരമില്ല, പിന്നെയാണ് മണ്‍മറഞ്ഞവരെ ഓര്‍ക്കുന്നത്! പെരുന്ന എങ്ങനെയോ മണ്ണിനടിയില്‍ നിന്ന് തിരിച്ചെത്തുകയാണ്. കേസരി ബാലകൃഷ്ണപിള്ള അവതാരിക എഴുതിക്കൊടുത്ത പുരോഗമന കവിയായിരുന്ന കെടാമംഗലം പപ്പുക്കുട്ടിയെയും ഇപ്പോള്‍ മണ്ണിനടിയില്‍ നിന്ന് മോചിപ്പിക്കേണ്ടിവന്നു. പെരുന്ന തോമസിന്റെ കഥകളെ രാകേഷ്‌നാഥ് ഇങ്ങനെ വിലയിരുത്തുന്നു: ”മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വലിയ ബന്ധത്തേക്കാള്‍ വലുതാണ് മനുഷ്യനും മനുഷ്യരും തമ്മിലുള്ള ബന്ധം. ആ ബന്ധത്തിലേക്ക് നിര്‍ണയിക്കപ്പെടുന്ന അടിസ്ഥാന ശിലകളെപ്പോലെ നിലനില്‍ക്കുന്ന ഒന്നാണ് പെരുന്ന തോമസിന്റെ എല്ലാ സൃഷ്ടികളും.”
നല്ലൊരു കലാകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും അമച്വര്‍ സിനിമാപ്രസ്ഥാനത്തിലെ പ്രധാനിയുമായ ജെ.ആര്‍. പ്രസാദുമായുള്ള സൗഹൃദത്തെപ്പറ്റി അരവി എഴുതിയ ലേഖനം (മുഴക്കമുള്ള മൗനവുമായി ഒരാള്‍, പ്രവാസി ശബ്ദം) ഹൃദ്യമായി. പ്രസാദിന്റെ ചിന്തയില്‍ ശത്രുതയില്ല. അദ്ദേഹം എഴുത്തുകാരെയും കലാകാരന്മാരെയും വേര്‍തിരിച്ച് കാണുന്നില്ല. അദ്ദേഹത്തിനു സ്വന്തം താല്പര്യങ്ങളില്ല.
വീടിനെക്കുറിച്ച് ശ്രീദേവി പി. അരവിന്ദ് എഴുതിയ കവിത (എന്റെ വീട് കലാപൂര്‍ണ) ഓര്‍മ്മകളിലേക്ക് നയിക്കുകയാണ്. ഓര്‍മ്മകള്‍ തുടക്കത്തില്‍ ഗൃഹാതുരത്വത്തിന്റെ ഇക്കിളിയാണ്. ഓര്‍മ്മകളില്ലാതെ നമുക്ക് ജീവിക്കാനുമാകില്ല. എന്നാല്‍ ഓര്‍മ്മകളില്‍പ്പെട്ടുപോയാല്‍ പിന്നെ തിരിച്ചുവരാനൊക്കില്ല. ഭൂതകാലത്തോടുള്ള പ്രണയമാണ് സര്‍വ്വസ്വവുമെന്ന് പ്രഖ്യാപിക്കുന്നതുപോലെയാകുമത്. കവിതയിലെ ഈ വരികള്‍ ശ്രദ്ധേയം.
”പഴയ വീടിനു മുന്നിലൂടെ നിന്റെ കൂടെ പോകുമ്പോള്‍ ഒക്കെ ഓരോ മുക്കിലും ചൂലെത്താതെ കിടക്കുന്ന എന്റെ ചപല ചിന്തകള്‍ ഞാന്‍ കാണാറുണ്ട്.”
ഗസല്‍ഗായകന്‍ ഉമ്പായിയെക്കുറിച്ച് എന്‍.പി. ഹാഫീസ് മുഹമ്മദ് എഴുതിയത് (മാതൃഭൂമി) ഉചിതമായി. കാരണം ഉമ്പായി സ്വന്തം വഴിവെട്ടിയ ഗായകനാണ്. സ്വന്തമായി സംഗീതം ചെയ്ത് മനുഷ്യ ഹൃദയങ്ങളെ ആനന്ദത്തിലേക്ക് കൊണ്ടുപോകാനുള്ള സര്‍ഗശക്തി ഉമ്പായിക്കുണ്ടായിരുന്നു. അദ്ദേഹം എത്രയോ ഗസല്‍ സന്ധ്യകളില്‍ അലിഞ്ഞു. എന്നാല്‍ കൊച്ചിയിലെ സംഗീതാസ്വാദകര്‍ അദ്ദേഹത്തെ വേണ്ടപോലെ ആദരിച്ചിട്ടില്ല. സിനിമയില്‍ പാടിയാലേ ഗായകര്‍ കുറച്ചെങ്കിലും അംഗീകരിക്കപ്പെടുന്നുള്ളൂ. ഉമ്പായിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഇനി ഉണ്ടാകുമായിരിക്കും. കൊച്ചിയിലെ ഗായകന്‍ മെഹബൂബിനെക്കുറിച്ചുള്ള ഒരു ജീവചരിത്രഗ്രന്ഥം സമീപകാലത്താണിറങ്ങിയത്. വെണ്ണല മോഹനാണ് അതെഴുതിയത്.
പുതിയ തലമുറയില്‍ സ്ഥിരമായി എഴുതാന്‍ കഴിവുള്ള കഥാകാരനാണ് ശ്രീകണ്ഠന്‍ കരിക്കകം. അദ്ദേഹത്തിന്റെ ‘അങ്കണവാടി’ എന്ന കഥ വായനയ്ക്ക് ഇണങ്ങി. ജയശീലന്‍, പ്രഭാവതി എന്നീ കഥാപാത്രങ്ങളിലൂടെ കേരളീയ ജീവിതത്തിന്റെ സുരക്ഷിതമല്ലാത്ത ഒരിടം കഥാകൃത്ത് കാണിച്ചുതന്നു.
‘താന്ത്രികരുടെ വിശുദ്ധ മാംസം’ എന്ന ലേഖനത്തില്‍ ടി.എസ്. ശ്യാംകുമാര്‍ (പച്ചക്കുതിര) ഇങ്ങനെ എഴുതുന്നു: കേരളത്തില്‍ വളരെ പ്രസിദ്ധമായ ‘ശാക്തേയ കാവുകളി’ലെല്ലാം മത്സ്യ-മാംസ നിവേദ്യവും ബലിയും ഉണ്ടായിരുന്നു എന്നത്, യാമളതന്ത്രാധിഷ്ഠിതമായ ബ്രാഹ്മണേതര പാരമ്പര്യമാണ് കാള്യാരാധനയില്‍ കേരളത്തില്‍ നിലനിന്നിരുന്നത് എന്ന് തെളിയിക്കുന്നു.
മധ്യമ പൂജ നിഷിദ്ധമല്ലാത്ത ഒരു പാരമ്പര്യം കേരളത്തില്‍ ഉണ്ടായിരുന്നു എന്നാണ് ലേഖകന്‍ വാദിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച ഉണ്ടാകുന്നത് നല്ലതായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രണ്ടാം മന്ത്രിസഭയിലെ ആദ്യ ‘മന്‍ കി ബാത്’ റേഡിയോ പ്രഭാഷണത്തില്‍ കേരളത്തില്‍ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ ആദിവാസികോളനിയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷര ലൈബ്രറിയെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു. എത്ര തിരക്കിനിടയിലും അദ്ദേഹം ലൈബ്രറിയെയും വായനയെയും ഓര്‍ക്കുന്നു: ഗൂഗിളിന്റെ കാലത്ത് വായനയിലേക്ക് തിരിച്ചുവരണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ഇപ്പോള്‍ വാട്‌സ്ആപ്പ് വായനയാണ് ഏറ്റവും മഹത്തരമെന്ന് പലരും കരുതുന്നു. പുസ്തകങ്ങള്‍ തുറന്നുനോക്കാന്‍ മടിക്കുന്ന പൊതു പ്രവര്‍ത്തകരും അദ്ധ്യാപകരും ഈ നാട്ടില്‍ ഏറെയുണ്ടെന്ന് പറഞ്ഞാല്‍ ആരും പരിഭവിക്കരുത്. ഒരു കോളേജ് അദ്ധ്യാപകന്‍ എന്നോട് പറഞ്ഞത് രണ്ടുവര്‍ഷമായി ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഒന്നും വായിക്കുന്നില്ലെന്നാണ്!
നുറുങ്ങുകള്‍
പഴവിള രമേശന്‍ എന്ന കവി എല്ലാ സ്‌നേഹാന്വേഷണങ്ങളും തുറന്നു പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം സ്വന്തം കവിതയില്‍, ശക്തിയില്‍ വിശ്വസിച്ചു. ഒരു കവിയെയും അദ്ദേഹം അംഗീകരിച്ചിരുന്നില്ല.
അടൂര്‍ ഗോപാലകൃഷ്ണന്‍ പന്ത്രണ്ട് ഡോക്യുമെന്ററികള്‍ എടുത്തശേഷമാണ് ‘സ്വയംവരം’ എന്ന ഫീച്ചര്‍ ഫിലിമെടുത്തത്. പിന്നെയും അദ്ദേഹം എത്രയോ ഡോക്യുമെന്ററികള്‍ എടുത്തു. അടൂരിന്റെ ഡോക്യുമെന്ററികളെക്കുറിച്ച് വിശദമായ ഒരു ലേഖനം ഇനിയും എഴുതപ്പെട്ടിട്ടില്ല.
പാലാരിവട്ടം പാലം സിമന്റ് ചേര്‍ക്കാത്തതുമൂലം അപകടാവസ്ഥയിലാണല്ലോ. ഈ പാലം നിര്‍മ്മിക്കാന്‍ ‘പ്രചോദന’മായത് കെ.ജി. ജോര്‍ജ്ജിന്റെ ‘പഞ്ചവടിപ്പാലം’ എന്ന സിനിമയാണെന്ന് ഒരു യോഗത്തില്‍ പറയുന്നതു കേട്ടു.
ഒരിക്കല്‍ ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ പറഞ്ഞു, താന്‍ ഓരോ പാട്ടും ചിട്ടപ്പെടുത്തുമ്പോള്‍ ശ്രോതാക്കളെ പൂക്കള്‍കൊണ്ട് അര്‍ച്ചന ചെയ്യുകയാണെന്ന്.
എം. കൃഷ്ണന്‍നായര്‍ ‘സാഹിത്യവാരഫലം’ എഴുതുന്ന വേളയില്‍ അദ്ദേഹത്തെ അധിക്ഷേപിച്ച് വാരികയിലേക്ക് സ്ഥിരമായി കത്തുകള്‍ എഴുതിക്കൊണ്ടിരുന്നവരുണ്ട്. നിലവാരമില്ലാത്ത കൃതികളെ വിമര്‍ശിക്കുന്നതായിരുന്നു കാരണം. ഇപ്പോള്‍ കൃഷ്ണന്‍നായര്‍ വളരെ സ്വീകാര്യനായിരിക്കുന്നു. അദ്ദേഹത്തിന്റെ പേരില്‍ കാക്കനാട് ലൈബ്രറിയില്‍ ഒരു മുറിയുണ്ട്. ചിലര്‍ അദ്ദേഹത്തെക്കുറിച്ച് പുസ്തകമെഴുതുന്നു; സമ്പൂര്‍ണ ‘സാഹിത്യ വാരഫലം’ ഓണ്‍ലൈനില്‍ സമാഹരിച്ച് ഫോര്‍വേഡ് ചെയ്തുകൊണ്ടിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Comments