പി.എസ്.എല്‍.വി-സി 50 വിജയകരമായി വിക്ഷേപിച്ചു, സി.എം.എസ്. ഉപഗ്രഹത്തെ കൃത്യമായ ഭ്രമണപഥത്തിലേക്ക് ഇന്‍ജെക്ട് ചെയ്തു. ഈ വാര്‍ത്ത ഇപ്പോള്‍ വരുന്നത് പത്രങ്ങളുടെ ഉള്‍പ്പേജുകളിലാണ്. കാരണം പി.എസ്.എല്‍.വിയുടെ വിജയകരമായ വിക്ഷേപണം ഇന്നൊരു വാര്‍ത്തയേ അല്ല.
എണ്‍പതുകളുടെ തുടക്കത്തില്‍ ഭാരതം മുപ്പത്തഞ്ചു കിലോ ഭാരമുള്ള രോഹിണി ഉപഗ്രഹം എസ്.എല്‍.വിറോക്കറ്റില്‍ സ്വന്തമായി വിക്ഷേപിച്ചു 130 കിലോമീറ്റര്‍ ഉയരത്തിലെത്തിച്ചു എന്ന വാര്‍ത്ത വായിച്ച് തുള്ളിച്ചാടിയ ഒരു ബാല്യകാലമുണ്ട്. അമേരിക്കയും സോവിയറ്റ് യൂണിയനും ടണ്‍ കണക്കിന് ഭാരമുള്ള ഉപഗ്രഹങ്ങളും സ്പേസ് ഷട്ടിലുകളും ദിവസേനയെന്നോണം പറത്തിക്കളിക്കുന്ന കാലമാണ്. തൃശ്ശൂര്‍ പൂരത്തിന്റെ മത്സര വെടിക്കെട്ട് പോലെ ഇരുവരുടെയും ഗഗനചാരികള്‍ ബഹിരാകാശം ഒരു മത്സരവേദിയാക്കിയ കാലത്ത്, ഈ നേട്ടമെന്നാല്‍ ആറ്റം ബോംബിന്റെ മുമ്പില്‍ ഓലപ്പടക്കം പോലെയേ ഉള്ളൂ. പക്ഷേ ഏതു വലിയ നേട്ടത്തിലേക്കുമുള്ള തുടക്കം ആദ്യചുവടില്‍ നിന്നാണല്ലോ. അന്നത്തെ പരിമിതിയില്‍ അത് വലിയ കാര്യം തന്നെയായിരുന്നു.
എങ്കിലും എണ്‍പതുകള്‍ പൊതുവെ ഭാരത ബഹിരാകാശ ഗവേഷണത്തിന് തിരിച്ചടികളുടെ കാലമായിരുന്നു. എസ്.എല്‍.വിയുടെ അടുത്ത തലമുറ റോക്കറ്റായ എ.എസ്.എല്‍.വി- യുടെ തുടര്‍ച്ചയായ പരാജയം തുടര്‍ന്നുള്ള മുഴുവന്‍ പദ്ധതികളെയും ബാധിച്ചു. എങ്കിലും സ്ഥിരോത്സാഹികളായ ഐ.എസ്.ആര്‍.ഒ. ടീമിന്റെ കഠിനാധ്വാനം 1993 ല്‍ മൂന്നാം തലമുറ റോക്കറ്റായ പി.എസ്.എല്‍.വിയുടെ വിക്ഷേപണത്തിന് അരങ്ങൊരുക്കി. വളരെ നിസ്സാരമായ ഒരു സോഫ്ട്‌വെയര്‍ പിഴവ് മൂലം ആദ്യ വിക്ഷേപണം പരാജയപ്പെട്ടു എങ്കിലും പിന്നീട് പി.എസ്.എല്‍.വിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ഇരുപത്തേഴു വര്‍ഷങ്ങളിലെ അമ്പതിലേറെ വിക്ഷേപണങ്ങളില്‍ പരാജയം അറിഞ്ഞത് രണ്ടു പ്രാവശ്യം മാത്രം. ഈ കരുത്തന്റെ ചുമലിലേറി ബഹിരാകാശം പൂകിയത് നൂറുകണക്കിന് വിദേശ ഉപഗ്രഹങ്ങള്‍. ചന്ദ്രനിലും ചൊവ്വയിലും ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ ചന്ദ്രയാന്‍ ഒന്നും മംഗള്‍യാനും വിക്ഷേപിച്ചത് ഈ വിക്ഷേപണ വാഹനത്തില്‍. ഒറ്റ വിക്ഷേപണത്തിന് നൂറിലധികം ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തു എത്തിച്ച ലോകറെക്കോര്‍ഡും പി.എസ്.എല്‍.വിക്ക് സ്വന്തം.
മീഡിയം റേഞ്ചിലുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള റോക്കറ്റുകളില്‍ ഇന്ന് ലോകത്തിലെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണവാഹനമാണ് പി.എസ്.എല്‍.വി. അതുകൊണ്ടുതന്നെ പി.എസ്.എല്‍വിയില്‍ ഊഴം കാത്ത് നില്‍ക്കുന്ന അന്താരാഷ്ട്ര ഓര്‍ഡറുകളുടെ നിര വര്‍ഷങ്ങളോളം നീണ്ടുകിടക്കുകയാണ്. മാസത്തില്‍ ഒന്ന് എന്ന കണക്കില്‍ വിക്ഷേപിച്ചാലും അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇതില്‍ ഇടമില്ല എന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ മാസത്തില്‍ രണ്ടോ മൂന്നോ വിക്ഷേപണത്തിനുള്ള സൗകര്യങ്ങള്‍, റോക്കറ്റ് അസംബ്ലി ടവര്‍, വിക്ഷേപണത്തറ, ട്രാന്‍സ്പോര്‍ട്ട് സൗകര്യങ്ങള്‍, നിയന്ത്രണ സംവിധാനങ്ങള്‍ ഒക്കെ ശ്രീഹരിക്കോട്ടയില്‍ ഒരുങ്ങുകയാണ്.
പി.എസ്.എല്‍.വിയില്‍ നിന്നും കൂടുതല്‍ കരുത്തന്‍ റോക്കറ്റുകളായ ജി.എസ്.എല്‍.വി, ജി.എസ്.എല്‍.വി എം.കെ കകക എന്നിവയിലേക്ക് വളര്‍ന്നു എങ്കിലും ഭാരതത്തിന്റെ യശസ്സ് ചൊവ്വയുടെ മടിത്തട്ട് വരയെത്തിച്ച പി.എസ്.എല്‍.വി എന്നും ഐ.എസ്.ആര്‍.ഒയുടെ പ്രിയപുത്രനായിരിക്കും.