Saturday, January 28, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പദാനുപദം

ഭിന്നാഭിപ്രായമാണ് വായന

എം.കെ. ഹരികുമാര്‍

Print Edition: 11 December 2020

ഒരു ഓഥര്‍ (Author)അല്ലെങ്കില്‍ എഴുത്തുകാരന്‍ എന്ന സങ്കല്പം ആധുനികമാണ്. ഇന്ന് സാഹിത്യരചനകളോടു മനുഷ്യവ്യക്തി (Human person) എന്ന സമീപയാഥാര്‍ത്ഥ്യത്തെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഈ ഓഥര്‍ രചനയുടെ അവിഭാജ്യഘടകമാണോ? ഓഥര്‍ ആരാണെന്ന് അറിയാതെ ഒരു കൃതിവായിക്കുന്നതുകൊണ്ട് ഒരു പ്രശ്‌നവുമില്ലെന്നിരിക്കെ ആധുനിക കാലത്ത് സാഹിത്യം അര്‍ത്ഥമാക്കുന്നത് അസത്യങ്ങളാണോ ?
പ്രാചീനകാലത്ത് എഴുത്തുകാരനെ ഒരു മനുഷ്യവ്യക്തിയായി കണ്ടിരുന്നില്ല; വെറും കര്‍ത്താവു മാത്രമായിരുന്നു. ഏതാനും നൂറ്റാണ്ടുകളായി ഓഥര്‍ ഒരു വ്യാഖ്യാനവിഷയമാണ്. കൃതിയെ മുന്‍നിറുത്തി അതിന്റെ ഓഥര്‍ ഒരു അര്‍ത്ഥകേന്ദ്രമായി വിലയിരുത്തപ്പെടുന്നുണ്ട്. ഓഥറുടെ ഭ്രാന്തുപോലും കൃതിയുടെ ഉള്ളടക്കവുമായി ചേര്‍ത്തു വച്ച് ചര്‍ച്ചചെയ്യപ്പെടുന്നു. ഓഥറുടെ ഒഴിഞ്ഞുമാറ്റം, അന്തര്‍മുഖത, നിഗൂഢത തുടങ്ങി വളരെ വ്യക്തിഗതമായ കാര്യങ്ങള്‍ പോലും രചന (Text) കളുമായി ബന്ധിപ്പിച്ചാണ് വിമര്‍ശകര്‍ പരിശോധിക്കുന്നത്. ബെര്‍തോള്‍ഡ് ബ്രഹ്ത് എന്ന നാടകകൃത്തിന്റെ വിയര്‍പ്പിന്റെ മണം പോലും ഒരു ഗവേഷകന്‍ കണ്ടുപിടിച്ചു. മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ നാടകങ്ങള്‍ മാത്രം പോരാ, വ്യക്തിജീവിതം കൂടി വേണമെന്നാണ് നവീന മുതലാളിത്ത സാഹിത്യ വ്യവസായലോകം തീരുമാനിക്കുന്നത്.

പ്രസാധകരും വിമര്‍ശകരും ജീവ ചരിത്രകാരന്മാരും അഭിമുഖകാരന്മാരും സാഹിത്യം എന്ന പ്രത്യയ (Idea) ത്തിന്റെ പാഠങ്ങള്‍ക്ക് സമാന്തരമായി അധികാരത്തിന്റെയും വിപണിയുടെയും മറ്റൊരു ലോകം സൃഷ്ടിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം നേടിയ സ്‌കോട്ടിഷ് – അമേരിക്കന്‍ എഴുത്തുകാരന്‍ ഡഗ്‌ളസ് സ്റ്റുവര്‍ട്ടി (Donglas Stuart)ന്റെ ഷഗ്ഗി ബെയ്ന്‍ (Shuggie Bain) എന്ന നോവല്‍ മുപ്പത്തിരണ്ടു പ്രസാധകര്‍ തള്ളിക്കളഞ്ഞതാണെന്നോര്‍ക്കണം. ആ നോവല്‍ ഇതാ ചര്‍ച്ചയായിരിക്കുന്നു. പ്രസാധകര്‍ അധികാരകേന്ദ്രമാവുന്നതിന്റെ ദുരന്തമാണ് നാമിവിടെ കണ്ടത്. 1980 കളിലെ സ്‌കോട്ടിഷ് ജീവിതം ഇപ്പോള്‍ ആരു വായിക്കുമെന്നാണ് പ്രസാധകര്‍ ചോദിച്ചതത്രേ. വായനയെക്കുറിച്ച് ഇവര്‍ നിരത്തുന്ന വാദങ്ങള്‍ കാലഹരണപ്പെട്ടുവെന്നാണ് ഇതിനര്‍ത്ഥം.

സാഹിത്യക്യതിയില്‍ രചയിതാവിന്റെ കലാസൃഷ്ടികള്‍ മാത്രം പോരാ; അത് സൃഷ്ടിച്ചവരുടെ വ്യക്തിജീവിതം വലിയൊരു വിപണി തുറന്നിരിക്കുന്നു. ചിലര്‍ ജീവചരിത്രത്തിനും വിമര്‍ശനത്തിനുമായി എഴുത്തുകാരനെ ആജീവനാന്തം പിന്തുടരുകയാണ്. അമേരിക്കന്‍ എഴുത്തുകാരന്‍ ഹെമിംഗ്‌വേയുടെ കത്തുകള്‍ക്കു നല്ല മാര്‍ക്കറ്റുണ്ട്. ഫിലിപ്പ് യംഗ് (Philip Young) എന്ന വിമര്‍ശകന്‍ എഴുതിയ Ernst Hemingway: A Reconsideration എന്ന പുസ്തകത്തില്‍ ഹെമിംഗ്‌വേ എന്ന വ്യക്തിയും ഹെമിംഗ്‌വേ എന്ന എഴുത്തുകാരനും തമ്മിലുള്ള ബന്ധമാണ് ചര്‍ച്ച ചെയ്യുന്നത്.

ചിലിയന്‍ കവി പാബ്‌ളോ നെരൂദയുടെ ജീവചരിത്രമെഴുതാന്‍ 20 വര്‍ഷമാണ് മാര്‍ക്ക് ഈസ്‌നര്‍ Mark Einser) ചെലവഴിച്ചത്. അദ്ദേഹം ഇന്ന് നെരൂദ സ്‌പെഷലിസ്റ്റായി മാറിയിരിക്കുന്നു. നെരൂദാകവിതകളുടെ പരിഭാഷകനുമാണ് ഈസ്‌നര്‍. The Essential Neruda: Selected Poems എന്ന കൃതി എഡിറ്റ് ചെയ്തത് അദ്ദേഹമാണ്.

ഇന്ത്യന്‍ വംശജനായ നോബല്‍ ജേതാവ് വി.എസ്.നെയ്‌പോള്‍ പത്രങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പിടികൊടുക്കാതെ ഒഴിഞ്ഞുമാറുന്ന ആളാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇലഡ്‌ട്രേറ്റഡ് വീക്ക്‌ലിയുടെ പത്രാധിപരായിരുന്ന പ്രീതിഷ് നന്ദി പിന്നാലെ കൂടി അഭിമുഖം നടത്തിയത്.

ഓഥര്‍ ഒരു മരണമാണെന്ന് ഫ്രഞ്ച് സൈദ്ധാന്തികനായ മിഷേല്‍ ഫൂക്കോ (Michel Foucault) What is Author എന്ന പ്രബന്ധത്തിലാണ് വ്യക്തമാക്കിയത്. അദ്ദേഹം എഴുതുന്നു: ‘അനശ്വരത നേടിക്കൊടുക്കുമെന്ന് കരുതിയിരുന്ന സാഹിത്യരചന ഇന്ന് അതിന്റെ രചയിതാവിനെ വധിക്കാനുള്ള അവകാശം നേടിയിരിക്കുന്നു. പ്രമേയത്തില്‍ എഴുത്തുകാരന്റെ വ്യക്തിപരമായ സാന്നിദ്ധ്യത്തെ അടയാളപ്പെടുത്തുന്നതെല്ലാം റദ്ദുചെയ്യപ്പെടുകയാണ്. ഇതിന്റെ ഫലമായി എഴുത്തുകാരന്റെ അടയാളം അവന്റെ അസാന്നിദ്ധ്യത്തിനപ്പുറം ശൂന്യമായിത്തീരുന്നു. എഴുത്തിന്റെ കളിയില്‍ ഒരു മരിച്ചവന്റെ റോളാണ് തനിക്കുള്ളതെന്ന് അവന്‍ മനസ്സിലാക്കേണ്ടതുണ്ട്.’

ഇതിന്റെ അര്‍ത്ഥം ഇങ്ങനെ വിശദമാക്കാം: എഴുതിക്കഴിഞ്ഞാല്‍ അത് സ്വതന്ത്രപാഠമാണ്. രചയിതാവ് അതിലില്ല. അവന്റെ ആവശ്യവുമില്ല. അത് വായനക്കാരന്റെ സ്വതന്ത്ര മേഖലയാണ്. എഴുതിയത് ആരാണെന്ന വസ്തുതയ്ക്ക് പാരായണ വേളയില്‍ പ്രസക്തിയില്ല. കാരണം എഴുതിയ വ്യക്തിയുടെ ആഭ്യന്തര പ്രശ്‌നങ്ങളല്ല കൃതിയില്‍ നിര്‍ണ്ണായകമാകുന്നത്. ജര്‍മ്മന്‍-സ്വിസ് എഴുത്തുകാരന്‍ ഹെര്‍മ്മന്‍ ഹെസ്സെ ഇന്ത്യയില്‍ വന്ന അനുഭവത്തില്‍ ‘സിദ്ധാര്‍ത്ഥ’ എന്ന നോവല്‍ രചിച്ചല്ലോ. അതു വായിക്കുന്ന നമ്മള്‍ ഹെസ്സെയുടെ ജര്‍മ്മന്‍ ജീവിതമോ ഇന്ത്യന്‍ ജീവിതമോ അല്ല പരിശോധിക്കുന്നത്. കൃതി വേറൊരു തലമാണ്. സാഹിത്യകൃതിയില്‍ രചയിതാവില്ല.

വായന ഏകാഭിപ്രായമല്ല
ഇതിന്റെ മറ്റൊരു സമീപനമാണ് ഫ്രഞ്ച് സൈദ്ധാന്തികനായ റൊളാങ് ബാര്‍ത്ത് (Rolland Barthes)The Death of the Author എന്ന പ്രബന്ധത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ‘ഓഥറെ മാറ്റി നിര്‍ത്തിയാല്‍, പിന്നെ എന്താണ് രചന എന്നു വിശദീകരിക്കേണ്ടതില്ല. സാഹിത്യരചനയില്‍ അതെഴുതിയ വ്യക്തിയെ കയറ്റി നിര്‍ത്തുന്നത് ആ രചനയെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. അന്തിമമായ ഒരര്‍ത്ഥമേയുള്ളുവെന്ന് സ്ഥാപിച്ച് എഴുത്ത് അവസാനിപ്പിക്കുന്നതിനു തുല്യമാണത്.’ ഇത് ഇങ്ങനെ സംഗ്രഹിക്കാം: വിമര്‍ശകന് അന്തിമമായ വിലയിരുത്തലില്ല. ടാഗോറിന്റെ ‘ഗീതാഞ്ജലി’യുടെ അര്‍ഥം അല്ലെങ്കില്‍ തത്ത്വചിന്ത അന്തിമമായി വിധിക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം ഓരോ പുതിയ വായനക്കാരന്റെയും സാമ്രാജ്യമാണത്. വായന ഒരു കതകുതുറക്കലാണ് – അര്‍ത്ഥങ്ങളിലേക്കും അനുഭൂതികളിലേക്കും. അന്തിമമായ അര്‍ത്ഥത്തില്‍ നിന്ന് കൃതിയെ മോചിപ്പിക്കുന്ന പ്രക്രിയയാണ് വായന. ഗീതാഞ്ജലി വായിക്കുന്ന വിമര്‍ശകര്‍ക്ക് ഏകാഭിപ്രായമുണ്ടാകാന്‍ പാടില്ല;അതാണ് വായന. വായിക്കുന്നത് ഒരാളുടെ ആന്തരികതയുടെ മനസ്സാണ്. സാഹിത്യവിമര്‍ശനം വായനയിലൂടെ എഴുത്തുകാരനെ മാറ്റിനിര്‍ത്തുകയാണ് ചെയ്യുന്നത്. പല കാലങ്ങളിലെ, പല പുസ്തകങ്ങളിലെ സന്ദര്‍ഭങ്ങളെയും വാങ്മയങ്ങളെയും തന്റേതായ നിലയില്‍ സമന്വയിപ്പിച്ചുകൊണ്ട് വിമര്‍ശകന്‍ ആന്തരജ്ഞാനസന്ദര്‍ഭങ്ങളുടെ ഒരു കോശജാല (Tissue) മാണ് നിര്‍മ്മിക്കുന്നത്. ഇതു വളരെ വ്യക്തിപരമായ കാര്യമാണ്. അതുകൊണ്ട് എത്രപേര്‍ വായിക്കുന്നുവോ അത്രത്തോളം സ്വതന്ത്രപാഠങ്ങള്‍ ഉണ്ടാവുന്നു. പലര്‍ക്കും കാണാനാവാത്ത അര്‍ത്ഥങ്ങളുടെ രഹസ്യബന്ധം വിമര്‍ശകന്‍ പുറത്തെടുക്കുന്നു. ആശയങ്ങളുടെയും അനുഭവങ്ങളുടെയും അദൃശ്യതയെ സമന്വയിപ്പിച്ച് വൈകാരിക ലോകത്തേക്ക് കൊണ്ടുവരുന്ന പ്രക്രിയയാണ് വിമര്‍ശനം.

ഓഥര്‍ എന്ന സങ്കല്പത്തെ, സമീപകാലങ്ങളില്‍ കൂടുതല്‍ ശൈലീപരമായി, ധിഷണാപരമായി വികസിപ്പിച്ചത് വിമര്‍ശനമാണ്. താന്‍ കണ്ടെത്തുന്നതുവരെ സാഹിത്യ കൃതിയില്‍ അര്‍ത്ഥമേയില്ലെന്നാണ് നവീനവിമര്‍ശകരുടെ നിലപാടെന്ന് വിര്‍ജിനിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഇ.ഡി.ഹിര്‍ശ്ച് (ജൂനിയര്‍) പറയുന്നത് ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു, കൃതിയിലെ അര്‍ത്ഥം ആനയോ വൃക്ഷമോ അല്ല, നേരിട്ടു പോയി കണ്ടുപിടിക്കാന്‍. അതു വായിച്ചുണ്ടാക്കേണ്ടതാണ്.

ഭാഷയുടെ കേന്ദ്രം
സദാംതാംഗോ( Satantango), ദി മെലങ്കളി ഓഫ് റെസിസ്റ്റന്‍സ് (The melancholy of Resistance) എന്നീ കൃതികളിലൂടെ പ്രശസ്തനായ ഹംഗേറിയന്‍ നോവലിസ്റ്റ് ലാസ്ലോ ക്രാസ്‌നാഹോര്‍കെ (Lazlo Kran sahorke) സാഹിത്യരചനയെക്കുറിച്ച് പറയുന്നത് ഇവിടെ സംഗ്രഹിക്കാം:
1) ഞാന്‍ വാക്യങ്ങള്‍ ചമയ്ക്കുന്നത് എന്റെ തലയ്ക്കു മുകളിലാണ്. ലാപ് ടോപ്പിലല്ല.
2) ഭാഷയുടെ ഒരു കേന്ദ്രത്തിലേക്കാണ്ട് ഞാന്‍ എഴുതുന്നത്.
3) രണ്ടു വഴികള്‍ ഇതിനായി ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഒന്ന്, ഭാവന ചെയ്യാവുന്ന, മനോഹരമായ വാക്യങ്ങള്‍ കണ്ടുപിടിക്കണം. രണ്ട്, ദൈനംദിന ജീവിതത്തില്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഭാഷയുമായി അടുപ്പമുള്ള വാക്യങ്ങള്‍ സൃഷ്ടിക്കണം.
4) സാധാരണജീവിതത്തിലെ ഭാഷയ്ക്ക് പ്രചാരം ഏറെയാണ്.
5) ആളുകള്‍ സംസാരിക്കുമ്പോള്‍ ഭാഷാചിഹ്നങ്ങള്‍ ഉപയോഗിക്കാറില്ലല്ലോ. ഇങ്ങനെയുള്ള ഭാഷാപ്രയോഗം സമ്പന്നമാണെന്ന് ഞാന്‍ കരുതുന്നു.

വായന
ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട് സാഹിത്യരംഗത്ത് പതിറ്റാണ്ടുകളുടെ മനനവും ചിന്തയുമാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഒരു യഥാര്‍ത്ഥ ആധുനികനാണ് ഉണ്ണികൃഷ്ണന്‍. അദ്ദേഹം പാരമ്പര്യത്തെ പുതിയ പുതിയ ഉള്ളടക്കത്തോടെ കണ്ടെത്തുകയായിരുന്നു. എഴുപതുകള്‍ മുതല്‍ ആവിര്‍ഭവിച്ച ആധുനികതയുടെ ശക്തിയും ആന്തരികമായ കാഴ്ചയും ഏറ്റവും നന്നായി അനുഭവിച്ചറിയാനാവുന്നത് ഉണ്ണികൃഷ്ണന്റെ കഥകളിലും നോവലുകളിലുമാണ്. പ്രശസ്തി ആഗ്രഹിക്കാത്ത വ്യക്തിയായതുകൊണ്ട് ഇക്കാര്യം പലരും മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ട് സുനീഷ് .കെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ച (തിരുവാഴിയോടിന്റെ എഴുത്തുവഴികള്‍, ജന്മഭൂമി വാരാദ്യം, നവംബര്‍ 1) മധുരതരമാകുകയാണ്. ഭാരതത്തിന്റെ പൗരാണികമായ ആത്മീയാനുഭൂതിയില്‍ പരസഹായമില്ലാതെ എത്തിച്ചേരാന്‍ കഴിവുള്ള എഴുത്തുകാരനാണ് അദ്ദേഹമെന്നു തെളിയിക്കുന്ന ഒരു ഭാഗം ഇതാണ്: ‘ശ്രീചക്രവും ശ്രീവിദ്യയും ശ്രീമഹാത്രിപുരസുന്ദരിയുമൊക്കെയായി എന്റെ പരിചയം തുടങ്ങുന്നത് ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. ഗുവാഹതിയിലെ സുപ്രസിദ്ധ കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അസം സര്‍ക്കാരിന്റെ അതിഥിയായിരുന്നതുകൊണ്ട് ക്യൂവിന്റെ വാലില്‍ തൂങ്ങാതെ, സതീദേവിയുടെ യോനീമുദ്ര പതിച്ച പരിപാവന പ്രതിഷ്ഠാമണ്ഡപത്തിലേക്ക് നേരിട്ട് ആനയിക്കപ്പെട്ടു. ഏതോ അഭൗമമായ അനുഭൂതി സാന്ദ്രതയില്‍ ഞാന്‍ ലീനനായി. ഭൂതവും വര്‍ത്തമാനവും ഭാവിയുമില്ലാത്ത കാലത്തിന്റെ നിസ്തുലതയില്‍ ഞാന്‍ മയങ്ങി. മറ്റൊരാളായി ഞാന്‍ ഉയര്‍ത്തെഴുന്നേറ്റു. തിരുവാഴിയോടിന്റെ കഥകള്‍ എന്ന പുസ്തകം പ്രസിദ്ധീകൃതമായിട്ടുണ്ട്. ലയനം, ദൃക്‌സാക്ഷി, മരണത്തിന്റെ നിറം തുടങ്ങി പത്തു നോവലുകള്‍ എഴുതിയിട്ടുണ്ട്.

വൈശാഖന്‍
വൈശാഖന്റെ ‘ജയിലിലെ പൂന്തോട്ടം’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബര്‍ 28) നിരാശപ്പെടുത്തി. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ജയിലിലായ ഒരു സ്‌കൂള്‍മാഷ് അവിടെ കിടന്നുകൊണ്ട് നിലാവു നുകരുകയാണ്. കാമുകിയെക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടുന്നു. വിശേഷിച്ച് ഒന്നും തന്നെ ഈ കഥയിലില്ല. ജീവിതത്തോടു ദാര്‍ശനികമായ സമീപനം കാണാനില്ല. ഉപരിപ്‌ളവമാണിത്. പലരുടെയും കഥകളില്‍ കേട്ടത് മാത്രം. കഥപറച്ചിലില്‍ തന്റേതായ ഒരു ക്രാഫ്റ്റ് ഇല്ല. വളരെക്കാലമായി പറഞ്ഞുപഴകിയ വിഷയം.

അക്കിത്തം
അക്കിത്തത്തെക്കുറിച്ച് മാടമ്പ് കുഞ്ഞുകുട്ടന്‍ എഴുതിയ ലേഖനത്തില്‍ (കാവ്യരൂപന്‍, ഹിന്ദുവിശ്വ, നവംബര്‍) ഒരാധുനിക കവിത്രയത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അക്കിത്തം, എന്‍.എന്‍.കക്കാട്, എം.എന്‍.പാലുര് എന്നീ കവികളെ പ്രത്യേകമായി പഠിക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുന്നു. ഇതേ ലക്കത്തില്‍ അക്കിത്തത്തെക്കുറിച്ച് ഡോ.മധു മീനച്ചില്‍ എഴുതിയ കവിതയും (‘ദേവായനം’), വടക്കുമ്പാട് നാരായണന്‍ (മൂന്നക്ഷരത്തില്‍ ജ്വലിച്ചു നിന്ന കാവ്യനക്ഷത്രം), കാവാലം ശശികുമാര്‍ (ആ മൂന്നുപേരിലെ അക്കിത്തം), ടി.എസ്. നീലാംബരന്‍ (അക്കിത്തത്തിന്റെ തപസ്സ് ) എന്നിവരുടെ ലേഖനങ്ങളും വായനയ്ക്ക് ആഴം നല്കുന്നു.
പാരീസ് വിശ്വനാഥനെക്കുറിച്ച് എം. മുകുന്ദന്‍ എഴുതിയ ലേഖനം (പുരസ്‌കാരനിറവില്‍ പാരീസ് വിശ്വനാഥന്‍, പ്രഭാതരശ്മി, ഒക്ടോബര്‍) ആ കലാകാരന്റെ ചിത്രകലാ, സിനിമാപ്രവര്‍ത്തനങ്ങളെ പുറമേ നിന്നു നോക്കിക്കാണുന്നുണ്ട്. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനമുണ്ടായിട്ടും വിശ്വനാഥന്‍ നമ്മുടെ പൊതുമണ്ഡലത്തില്‍ വേണ്ട പോലെ അറിയപ്പെടുന്നില്ല. ചിത്രകലയോട് മലയാളികള്‍ പുലര്‍ത്തുന്ന അയിത്തം മാറാന്‍ സമയമായി. വിശ്വനാഥന്റെ അഞ്ചു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ഗംഗാജലം’ എന്ന സിനിമയെക്കുറിച്ച് ലേഖനത്തില്‍ പറയുന്നുണ്ട്. പക്ഷേ, ഉള്ളടക്കം എന്താണെന്നു വ്യക്തമാക്കുന്നില്ല. പാരീസില്‍ വിശ്വനാഥന്റെ കൂടെ മുകുന്ദന്‍ കാപ്പി കുടിച്ച കാര്യം വിസ്തരിക്കുന്നുണ്ട്. എന്താണ് പാരീസ് വിശ്വനാഥന്റെ കല എന്ന് സൗന്ദര്യശാസ്ത്രപരമായി വിശദീകരിക്കാന്‍ മുകുന്ദനു കഴിയുന്നില്ല.

‘പച്ചക്കുതിര’യില്‍ സാഹിത്യവിഭവങ്ങള്‍ കുറവായതുകൊണ്ട് ശ്രദ്ധിക്കാറില്ലായിരുന്നു. എന്നാല്‍ യാദൃച്ഛികമായി പി.ടി.ബിനുവിന്റെ കവിത ‘പുഴയുടെ ഭാഷ’ (നവംബര്‍) വായിക്കാനിടയായി. മനസ്സിന്റെ ഗാഢ സ്മൃതികള്‍ സ്വാഭാവികമായി കവിതയിലേക്കു ഒഴുകുന്നതു കണ്ടു സന്തോഷിച്ചു. ഇതാ ചില വരികള്‍:

‘കാടിന്റെ ജഡത്തില്‍ അള്ളിപ്പിടിച്ചു ഇക്കരെക്കു നീന്തി.
നേരം വെളുത്തപ്പോള്‍
ശരീരം നിറയെ
മൃഗങ്ങളുടെ കരച്ചില്‍
പറ്റിപ്പിടിച്ചിരിക്കുന്നുണ്ടായിരുന്നു’.

നുറുങ്ങുകള്‍

$ മലയാളത്തിലെ ലിറ്ററേച്ചര്‍ ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവാണ് പുനലൂര്‍ രാജന്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ പതിനായിരം ഫോട്ടോകളെടുത്ത അത്ഭുത പ്രതിഭയാണദ്ദേഹം. എസ്. കെ. പൊറ്റക്കാട്, സുകുമാര്‍ അഴീക്കോട്, വയലാര്‍ രാമവര്‍മ്മ തുടങ്ങിയ ധാരാളം എഴുത്തുകാരുടെ ഫോട്ടോകള്‍ രാജന്‍ ക്യാമറയില്‍ പകര്‍ത്തി. അത് ഇന്നു നമ്മുടെ പൊതു സ്വത്താണ്. ഈ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ കൊണ്ടു വന്നാല്‍ ലോകത്ത് ഇതുപോലൊരു ഫോട്ടോഗ്രാഫര്‍ ഇല്ലെന്ന് വ്യക്തമാവും. എഴുത്തുകാരോടും അവരുടെ കൃതികളോടുമുള്ള നിര്‍വ്യാജമായ താല്‍പര്യമാണ് ഇതുപോലൊരു ഫോട്ടോഗ്രാഫറെ സൃഷ്ടിക്കുന്നത്.

$ ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’ പോലെ നാടോടിയും ആധുനികവുമായ സംസ്‌കൃതികളെ കൂട്ടിയിണക്കുന്ന അഗാധമനസ്സിന്റെ കവിത ഇപ്പോള്‍ ഉണ്ടാകുന്നില്ല. ഒരു കവി സംസാരിക്കേണ്ടത് അയാളുടെ ബോധമനസ്സിലൂടെയല്ല; അഗാധവും അജ്ഞാതവുമായ അബോധത്തിലൂടെയാകണം. അപ്പോഴാണ് അതു വെളിപാടാകുന്നത്. ‘പൂതപ്പാട്ട്’എഴുതാന്‍ ഇടശ്ശേരിക്കേ കഴിയൂ. ഒരു ബ്രിട്ടീഷുകാരന്റെ പ്രതിഭ ഇതിനു വഴങ്ങുകയില്ല.

$ അമേരിക്കന്‍ എഴുത്തുകാരനായ തോമസ് പിഞ്ചോണ്‍ (Thomas Pynchon) ഫോട്ടോ എടുക്കുന്നതില്‍ നിന്നു ഒഴിഞ്ഞുമാറുകയായിരുന്നു. തന്റെ ഫ്‌ളാറ്റില്‍ ഒരു ഫോട്ടോഗ്രാഫര്‍ അതിക്രമിച്ച് കയറിയതറിഞ്ഞ അദ്ദേഹം പിന്‍വശത്തു കൂടി താഴേക്കുചാടി രക്ഷപ്പെടുകയായിരുന്നു. അഭിമുഖങ്ങള്‍ ചോദിച്ചാല്‍ അനുവദിക്കില്ല. പിഞ്ചോണിന്റെ ആകെ നാല് ഫോട്ടോഗ്രാഫുകളാണ് പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ഈ നാല് ഫോട്ടോകളും അദ്ദേഹത്തിന്റേതാണോ എന്ന് ഉറപ്പില്ല.

$ ഇന്ത്യന്‍ ആത്മീയചിന്തയുടെ അവബോധം നേടിയ ബ്രിട്ടീഷ് തത്ത്വജ്ഞാനി പോള്‍ ബ്രണ്ടന്‍ (Paul Brunton) ഇങ്ങനെ പറഞ്ഞു: ‘നീണ്ട രാത്രിയെ ക്ഷമയോടെ, ശാന്തതയോടെ, വിനയത്തോടെ നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് കരുതി സ്വീകരിക്കുക. ഇത് ചെയ്ത പാപത്തിനുള്ള ശിക്ഷയല്ല, സ്വന്തം അഹന്തയെ നശിപ്പിക്കാനുള്ള ഉപകരണമാണ്.’

$ മനുഷ്യനില്‍ ദൈവികമായതെല്ലാമുണ്ട് എന്നു പറഞ്ഞതിന് ന്യായീകരണമായി രജനീഷ് (ഓഷോ) ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: ‘നിങ്ങളാണ് ലക്ഷ്യം. നിങ്ങളാണ് മാര്‍ഗ്ഗം. നിങ്ങളാണ് പ്രകാശം. നിങ്ങള്‍ ഒന്നും പുറത്തുപോയി തിരയേണ്ടതില്ല. നിങ്ങളുടെയുള്ളില്‍ തന്നെ തിരയുക. തിരയുന്നവനെ അന്വേഷിക്കൂ. അവനാണ് സത്യം.’

$ നമ്മളെല്ലാം ഓരോ വാട്സപ്പ് ഗ്രൂപ്പിലാണിപ്പോള്‍. ഗ്രൂപ്പിന്റെ അതിര്‍ത്തിയില്‍ സ്വയം നിയന്ത്രിച്ചു രമിക്കാം. അന്യഗ്രൂപ്പുകള്‍ അന്യഗ്രഹങ്ങളാണ്, അന്യരക്ത ഗ്രൂപ്പുകളാണ്. ഓരോ വ്യക്തിയും നാല്പതിലേറെ ഗ്രൂപ്പുകളില്‍ ഉണ്ടത്രേ. നാല്പതു ജയിലുകള്‍ റെഡി. ഇപ്പോള്‍ നമുക്കു ഒന്നാകാന്‍ മോഹമില്ല; ഗ്രൂപ്പിലായാല്‍ മതി. എന്നാല്‍ ആ ഗ്രൂപ്പുകളിലുള്ളവരെല്ലാം വേറെ ഗ്രൂപ്പുകളിലുമാണ്. പല ഗ്രൂപ്പുകള്‍ക്കിടയിലൂടെ നോക്കിയാല്‍ പരിചയബന്ധത്തിന്റെ ഒരു ക്ഷീരപഥം കാണാം. അതാണോ കര്‍മ്മബന്ധങ്ങളുടെ പാശം?

 

Share17TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഓര്‍മ്മയെഴുത്തിനോടുള്ള പ്രേമം എന്തുകൊണ്ട് ?

റെമ്പ്രാന്ത്,റെമ്പ്രാന്ത് വരച്ച വൃദ്ധന്റെ ചിത്രം

റെമ്പ്രാന്തിന്റെ വയസ്സന്മാര്‍

ആധുനികത തേടി പിന്നോട്ട്

വിമര്‍ശനം ഒരു ചീത്തസ്വഭാവമല്ല

പുരോഗമനസാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

യാതനയും ആത്മീയസ്വാതന്ത്ര്യവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies