ശാഖയെ ഏറ്റവുമധികം ആകര്‍ഷണീയമാക്കുന്നത് അതിലെ ശാരീരിക പദ്ധതികളാണ്. ശാഖയില്‍ പങ്കെടുക്കന്നവരുടെ മാത്രമല്ല പുറമേ നിന്ന് ശാഖ കാണുന്നവരുടെ മനസ്സുകളേയും ശാരീരിക കാര്യക്രമങ്ങള്‍ വളരെയേറെ ഉത്സാഹഭരിതമാക്കുമായിരുന്നു. അമ്പലപരിസരത്ത് ശാഖ നടക്കുമ്പോള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റുമെത്തുന്ന പലരും സംഘസ്ഥാന്റെ സമീപത്തെത്തി താല്പര്യത്തോടുകൂടി സ്വയംസേവകര്‍ ശാരീരിക കാര്യക്രമങ്ങളിലേര്‍പ്പെടുന്നത് വീക്ഷിക്കുമായിരുന്നു. ശാഖയില്‍ കബഡിയൊക്കെ കളിക്കുമ്പോള്‍ പുറമേ നിന്ന് ശാഖ വീക്ഷിക്കുന്നവരും ഏറെ ആവേശം കൊള്ളുമായിരുന്നു. അങ്ങനെ ശാരീരിക കാര്യക്രമങ്ങളിഷ്ടപ്പെട്ട് സംഘസ്ഥാനിന്റെ പുറമേ നിന്ന് വളരെയേറെ താല്പര്യത്തോടെ ശാഖയെ വീക്ഷിച്ച പലരും പിന്നീട് സംഘത്തിന്റെ ഭാഗമായി മാറി. അല്ലെങ്കിലും നമ്മളൊന്ന് ചിന്തിച്ചുനോക്കൂ, ഡോക്ടര്‍ജിയുടേയും ഗുരുജിയുടേയുമൊക്കെ ജീവചരിത്രം വായിച്ചിഷ്ടപ്പെട്ടിട്ടോ, വിചാരധാര വായിച്ച് സംഘാശയം മനസ്സിലാക്കിയിട്ടോ സ്വയംസേവകരായവര്‍ എത്രപേരുണ്ടാവും? ബഹുഭൂരിപക്ഷവും സ്വയംസേവകരായത് ശാരീരിക കാര്യക്രമങ്ങളില്‍ ആകൃഷ്ടരായാണ്. ചിലര്‍ കളിക്കാന്‍ ശാഖയില്‍ വന്നു. മറ്റുചിലര്‍ വടികറക്കാന്‍ പഠിക്കുന്നതിനുവേണ്ടി ശാഖയിലെത്തി. ചിലര്‍ ഇതര വ്യായാമപദ്ധതികളില്‍ ആകൃഷ്ടരായി ശാഖയില്‍ വന്നു. കബഡി കളിക്കാന്‍ മാത്രമായെത്തി സ്വയംസേവകരായവരും ഒട്ടനവധി. ഇനിയിതൊന്നുമല്ലാതെ സുഹൃത്തുക്കള്‍ വിളിച്ചും സമ്പര്‍ക്കത്തിലൂടെയുമൊക്കെ ശാഖയിലെത്തിയവര്‍ക്ക് ഉത്സാഹം പകര്‍ന്ന് സംഘകാര്യത്തിലവരെ അടിയുറപ്പിച്ച് നിര്‍ത്തിയതും വിവിധങ്ങളായ ശാരീരിക കാര്യക്രമങ്ങള്‍ തന്നെ. ഇതുസംബന്ധമായി മനസ്സില്‍ വന്ന ചില വിചാരങ്ങള്‍ പങ്കുവക്കട്ടെ.
സ്വയംസേവകനെകുറിച്ച് ചിന്തിക്കുമ്പോഴേ ശാരീരികമായി മികവുറ്റയാളെന്ന സങ്കല്പമാണ് ഏവരുടേയും മനസ്സില്‍ ആദ്യം വരിക. വ്യക്തിനിര്‍മ്മാണം ലക്ഷ്യമിട്ടുള്ള ഒരു മണിക്കൂര്‍ ശാഖാ കാര്യപദ്ധതിയില്‍ സമയമേറെ നീക്കിവച്ചിട്ടുള്ളതും ശാരീരിക കാര്യക്രമങ്ങള്‍ക്ക് വേണ്ടിയാണ്. ശാഖക്കു പുറമേയുള്ള ശിബിരം, വര്‍ഗ്, സഹല്‍ എന്നിങ്ങനെയുള്ള വിവിധങ്ങളായ ഒന്നുചേരലുകളിലും നല്ലൊരു പങ്ക് സമയം ശാരീരിക പരിശീലനത്തിനായി നാം മാറ്റിവക്കാറുണ്ട്. ഇനി ശാഖാ കാര്യപദ്ധതിയില്‍ തന്നെ വ്യത്യസ്തതയാര്‍ന്ന ശാരീരിക പദ്ധതികളുണ്ട്. കളിയും സൂര്യനമസ്‌കാരവും വ്യായാംയോഗും സമതയും ദണ്ഡയും നിയുദ്ധയുമൊക്കെ ഇതിലുള്‍പ്പെടുന്നു. ഇവയെല്ലാം മുഖ്യമായും സ്വയംസേവകരുടെ ശരീരത്തെ പാകപ്പെടുത്തുന്നതിനു വേണ്ടിത്തന്നെ. ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയെ ശ്രദ്ധാപൂര്‍വം പരുവപ്പെടുത്തി ഉത്തമരായ രാഷ്ട്രസേവകന്‍മാരെ സൃഷ്ടിക്കുന്ന പദ്ധതിയാണ് ഡോക്ടര്‍ജി വിഭാവനം ചെയ്ത വ്യക്തിനിര്‍മ്മാണമെന്നും അത് നടക്കുന്ന കേന്ദ്രമാണ് ശാഖയെന്നും മുന്‍ലക്കത്തില്‍ കുറിച്ചിരുന്നല്ലോ. ഇതില്‍ ശരീരമെന്ന അംഗത്തിന്റെ വികാസം ലക്ഷ്യമിട്ടുള്ളതാണ് ശാരീരിക പദ്ധതികള്‍. പക്ഷേ ശാഖാസമയത്തിന്റെ ഏറിയ പങ്കും ശരീരത്തെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി നീക്കിവച്ചതിന് പിന്നിലെ ഉദ്ദേശ്യമെന്തായിരിക്കും?
ശരീരമാദ്യം ഖലു ധര്‍മ്മസാധനം, ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുമുണ്ടാവൂ, കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നിങ്ങനെ വിവിധങ്ങളായ ചൊല്ലുകള്‍ നാം കേട്ടിട്ടുണ്ടല്ലോ. ഇതെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ശക്തിയുടെ പ്രാധാന്യം വിളിച്ചോതുന്ന ചൊല്ലുകളാണ്. മുന്‍പ് പറഞ്ഞതു പോലെ മനുഷ്യനെന്നാല്‍ ശരീരവും മനസ്സും ബുദ്ധിയും ആത്മാവും ചേര്‍ന്നതാണെങ്കിലും അവസാനത്തെ മൂന്നിന്റെയും സുസ്ഥിതി ശരീരത്തിന്റെ അവസ്ഥയെ നേരിട്ടാശ്രയിച്ചിരിക്കുന്നു. കരുത്തുറ്റ ശരീരമുണ്ടെങ്കില്‍ മാത്രമേ അതില്‍ കുടികൊള്ളുന്ന മനസ്സിനും ബുദ്ധിക്കും ആത്മാവിനുമെല്ലാം സുസ്ഥിതിയുണ്ടാവൂ. ശരീരം ദുര്‍ബ്ബലമാവുമ്പോഴാണല്ലോ ആത്മാവ് ശരീരമുപേക്ഷിക്കുന്നത്. അതുപോലെ ധൈര്യവും ആത്മവിശ്വാസവും സാഹസശീലവുമൊക്കെ മാനസിക ശക്തിയുടെ പ്രകടീകരണങ്ങളാണല്ലോ. ഇതുമൊരുവന്റെ ശാരീരിക സ്ഥിതിയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ശാരീരിക ക്ഷമതയുള്ളവര്‍ക്ക് എന്തും ചെയ്യാനാവുമെന്ന ആത്മവിശ്വാസം താനെ ലഭിക്കും. ദുര്‍ബ്ബലന് ഒരു കാര്യം ചെയ്യാന്‍ പലവട്ടം ആലോചിക്കേണ്ടി വരും. സാഹസിക വൃത്തികളിലേര്‍പ്പെടേണ്ടി വരുമ്പോഴും ശാരീരിക ക്ഷമതയുള്ളവര്‍ മുമ്പില്‍ നില്ക്കും.
ഇതുപറയുമ്പോള്‍ മഹാഭാരതത്തിലെ കഥാസന്ദര്‍ഭമാണ് ഒാര്‍മ്മയില്‍ വരുന്നത്. വനവാസക്കാലത്ത് പാണ്ഡവര്‍ കാട്ടിലൂടെ സഞ്ചരിക്കവേ ഒരുദിവസം ഏകചക്രയെന്ന ഗ്രാമത്തിലെത്തുന്നു. അവിടെയൊരു ബ്രാഹ്മണഗൃഹത്തില്‍ ഭിക്ഷ യാചിക്കാനെത്തിയ പാണ്ഡവര്‍ വീട്ടിലുള്ളവരാകെ സങ്കടപ്പെട്ടിരിക്കുന്നത് കാണുന്നു. കാരണമന്വേക്ഷിച്ചപ്പോള്‍ ഗ്രാമത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബകനെന്ന രാക്ഷസനെ കുറിച്ചവര്‍ പറയുന്നു. ദുഷ്ടരാക്ഷസനായ ബകന്‍ ഗ്രാമത്തെ ആക്രമിച്ച് ഓരോരുത്തരെയായി ഭക്ഷിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഭയന്നുപോയ ഗ്രാമവാസികള്‍ തങ്ങളെ ഉപദ്രവിക്കരുതെന്ന് ബകനോട് കേണപേക്ഷിച്ചു. അപ്പോള്‍ ഓരോദിവസവും തനിക്ക് ആയിരം പറ അരിയുടെ ചോറും കറികളും വണ്ടിക്കാളകളും പിന്നെയത് കൊണ്ടുചെല്ലുന്ന പുരുഷനേയും ഭക്ഷണമായി നല്‍കിയാല്‍ ഗ്രാമത്തെ ഉപദ്രവിക്കില്ലെന്നറിയിച്ചു. മറ്റുനിവൃത്തികളില്ലാതെ ഈ വ്യവസ്ഥ അംഗീകരിച്ച് ഊഴമിട്ട് ഒാരോ ദിവസവും കാട്ടിലേക്ക് പോകാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചു. അന്ന് പാണ്ഡവര്‍ ഭിക്ഷ ചോദിച്ചെത്തിയ ഗൃഹത്തിലെ ഏകപുത്രനായിരുന്നു ഭക്ഷണവുമായി പോകേണ്ടിയിരുന്നത്. കാര്യമറിഞ്ഞ കുന്തി അവരെ സമാധാനിപ്പിച്ചു. ”നിങ്ങള്‍ക്ക് ഒരു പുത്രനല്ലെ ഉള്ളൂ, എനിക്കഞ്ച് പുത്രന്മാരുണ്ട്. അവരിലൊരാള്‍ ഭക്ഷണം കൊണ്ടുപോയ്‌ക്കൊള്ളും.” അങ്ങനെ മാതാവിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണവുമായി കാട്ടിലേക്ക് ചെന്ന ഭീമന്‍ ബകന്‍ കാണ്‍കെ അതെല്ലാം കഴിച്ചുതീര്‍ത്തു. അതില്‍ കോപാകുലനായി തന്നോടേറ്റുമുട്ടിയ ബകനെ വധിച്ച് ഭീമന്‍ ഗ്രാമവാസികളെ രക്ഷിച്ചു. ഇതാണ് കഥാസന്ദര്‍ഭം. ഇവിടെ ഭീമനെ കാട്ടിലയക്കാന്‍ അമ്മക്കും സധൈര്യം കാട്ടില്‍ പോയി ബകനോടേറ്റുമുട്ടാന്‍ സ്വയം ഭീമനും ആത്മവിശ്വാസം പകര്‍ന്നത് ഭീമന്റെ ശാരീരിക ശക്തിയായിരുന്നു.
സംഘചരിത്രവും സ്വയംസേവകരുടെ വീരതകളാല്‍ സമ്പന്നമാണ്. കാശ്മീര്‍ കയ്യടക്കാന്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഭാരതത്തെ അക്രമിച്ചപ്പോള്‍ ആക്രമണത്തെ വകവക്കാതെ രായ്ക്കുരാമാനം മഞ്ഞ് മൂടിക്കിടന്ന ശ്രീനഗര്‍ വിമാനത്താവളം ഇന്ത്യന്‍ സൈന്യത്തിന് വന്നിറങ്ങാന്‍ യോഗ്യമാക്കി തീര്‍ത്തത് സംഘ സ്വയംസേവകരായിരുന്നു. പഞ്ചാബില്‍ ഓര്‍ക്കാപ്പുറത്ത് ശത്രുവിമാനം ആക്രമണം നടത്തിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പതറിപ്പോയ ഭടന്റെ കൈയ്യില്‍ നിന്നും തോക്ക് പിടിച്ചുവാങ്ങി ഒരു നിമിഷം പോലും വൈകാതെ വെടിയുതിര്‍ത്ത സ്വയംസേവകന്റെ വീരതയെ കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. ശത്രു സൈന്യത്തിന്റെ ആക്രമണ പരിധിയിലകപ്പെട്ട ആയുധപ്പെട്ടികള്‍ സ്വജീവന്‍ വകവക്കാതെ വീണ്ടെടുത്ത് ഭാരതസൈന്യത്തിന് നല്‍കിയ സ്വയംസേവകരെ കുറിച്ചും ആ യത്‌നത്തിനിടെ ബലിദാനികളായവരെ കുറിച്ചും നമുക്കറിയാമല്ലോ. ഈ ധൈര്യവും ആത്മവിശ്വാസവും സാഹസ മനോഭാവവും സ്വയംസേവകര്‍ക്ക് ലഭിച്ചതെങ്ങനെയെന്ന പലരുടേയും ചോദ്യത്തിന് കബഡി കളിയിലൂടെയെന്ന ഉത്തരമാണ് അന്ന് പൂജനീയ ഗുരുജി നല്‍കിയത്. ശാഖയിലെ വിവിധങ്ങളായ ശാരീരിക പദ്ധതികളിലൂടെ സ്വയംസേവകര്‍ക്ക് കൈവന്ന മികവിനെയാണിവിടെ പൂജനീയ ഗുരുജി വളരെ മനോഹരമായി പ്രതിപാദിച്ചത്.
ഇനി ശാരീരിക പരിശീലനം നമ്മുടെ ജീവിതത്തിന് നല്‍കുന്ന ഏറ്റവും വലിയ സംഭാവനയെ കുറിച്ച് പറയാം. ഈശ്വരാവതാരങ്ങള്‍ അധര്‍മ്മത്തെ ഇല്ലാതാക്കുന്നതു പോലെ, വെളിച്ചം ഇരുട്ടിനെ അകറ്റുന്നതു പോലെ ശാരീരിക സംസ്‌കാരം നമ്മുടെ ജീവിതത്തിലെ വലിയൊരു പാപത്തെ ഇല്ലായ്മ ചെയ്യുന്നു. ഇവിടെ പാപമെന്ന വിശേഷണം അതിന് നമ്മുടെ മഹത്തുക്കളായ പൂര്‍വ്വികര്‍ തന്നെയാണ് നല്‍കിയത്. എന്താണവര്‍ മനുഷ്യജീവിതത്തില്‍ ദര്‍ശിച്ച ഏറ്റവും വലിയ പാപമെന്നോ? അത് മറ്റൊന്നുമല്ല, മടി അഥവാ അലസതയേയാണ് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ പാപമായി അവര്‍ വിശേഷിപ്പിച്ചത്. അകര്‍മ്മണ്യത എന്ന പ്രയോഗവും നമ്മള്‍ കേട്ടിട്ടുണ്ടാവും. വിവേകാനന്ദ സ്വാമികള്‍ അതിരൂക്ഷമായി അതിനെ നിന്ദിച്ചിരുന്നു. ഒന്നും ചെയ്യാതിരിക്കുന്നതിലും ഭേദമാണ് മോഷ്ടിക്കാനിറങ്ങുന്നതെന്നു പോലും അദ്ദേഹം പറയുകയുണ്ടായി. സ്വാമികള്‍ നിരന്തരം കര്‍മ്മം ചെയ്യാന്‍ നമ്മെ പ്രേരിപ്പിച്ചു. ഭഗവാന്‍ കൃഷ്ണനാവട്ടെ കര്‍മ്മത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്നുകൊണ്ട് ഗീതോപദേശം തന്നെ നമുക്കേകി. ഗീതയിലെ ഒരധ്യായം തന്നെ പൂര്‍ണമായി കര്‍മ്മത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് വിശദീകരിക്കുന്നു.
അലസതയാണ് മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ ശത്രുവെന്ന് മഹാത്മാക്കള്‍ ഒന്നടങ്കം പറയാനിടയായത് എന്തുകൊണ്ടാവും? ജീവിതത്തെ നന്നായി അറിഞ്ഞവരാണവര്‍, ഒപ്പമതിന്റെ നിസ്സാരതയെ കുറിച്ചും അവര്‍ക്ക് നല്ല ബോധ്യമുണ്ട്. അതിന്റെ വെളിച്ചത്തിലാണ് അവര്‍ അലസതയെ നിരാകരിച്ചത്. സത്യത്തില്‍ ഇതു മനസ്സിലാവാന്‍ വലിയ അറിവൊന്നും വേണ്ടതില്ല. മനുഷ്യായുസ്സിനെ ഈ പ്രപഞ്ചത്തിന്റെ ആയുസ്സുമായി ചേര്‍ത്തു വച്ച് നോക്കുന്നവര്‍ക്കെല്ലാം നമ്മുടെ ജീവതം എത്രമാത്രം തുച്ഛമാണ് എന്ന് എളുപ്പം മനസ്സിലാക്കാനാകും. കോടിക്കണക്കിന് വര്‍ഷം പഴക്കമുള്ള ഈ ഭൂമിയില്‍ വെറും എണ്‍പതോ തൊണ്ണൂറോ വര്‍ഷങ്ങള്‍ മാത്രമാണ് ഒരു മനുഷ്യന്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മെ സംബന്ധിച്ച് കടന്നുപോകുന്ന ഓരോ നിമിഷവും അങ്ങേയറ്റം വിലപ്പെട്ടതാണ്. എന്തെന്നാല്‍ പോയ സമയം ജീവിതത്തിലൊരിക്കലും നമുക്ക് തിരികെ ലഭിക്കില്ല. പ്രപഞ്ച സൃഷ്ടികളില്‍ സമയത്തെ നല്ലവണ്ണം ആസൂത്രണം ചെയ്ത് പാഴാക്കാതെ പരമാവധി അതിനെ വിനിയോഗിക്കാന്‍ കെല്പുള്ള ഈശ്വരന്റെ ഏകസൃഷ്ടി മനുഷ്യന്‍ മാത്രമാണ്. കൂടാതെ മനുഷ്യന് അപാരമായ കര്‍മ്മശേഷിയുമുണ്ട്. ലോകോപകാരാര്‍ത്ഥം സമയത്തെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ മനുഷ്യന് മാത്രമേ സാധിക്കൂ. അങ്ങനെയുള്ള മനുഷ്യന്‍ അവന് ലഭ്യമായ പരിമിതമായ സമയത്തെ പാഴാക്കി കളഞ്ഞാല്‍ അതിനെ മഹാപാപമെന്നല്ലേ വിശേഷിപ്പിക്കാനാകൂ.
മടി മനുഷ്യന്റെ കൂടെപ്പിറപ്പാണെന്ന് പലരും തമാശയായി പറയാറുണ്ട്. അലസത രാജ്യങ്ങളുടേയും ശത്രുവാണ്. ഒരു രാജ്യത്തെ ജനത അലസരെങ്കില്‍ ആ രാജ്യം ഒരിക്കലും പുരോഗമിക്കില്ല. ഇന്ന് എല്ലാ കാര്യത്തിലും ലോകത്തിന്റെ മുന്‍പന്തിയിലുള്ള രാജ്യങ്ങളെ നിരീക്ഷിച്ചാല്‍ അവരൊക്കെ മുന്നേറിയത് അധ്വാനശീലരായ ജനതയുടെ കരുത്തിലാണെന്ന് നമുക്ക് കാണാനാവും. ജപ്പാനും ഇസ്രായേലുമൊക്കെ ഇതിന് നല്ല ഉദാഹരണങ്ങളാണ്. ഭാരത വൈഭവം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തിന് ഇക്കാര്യത്തെ അഭിസംബോധന ചെയ്യാതിരിക്കാനാവില്ലല്ലോ. അതിനാല്‍ വെളിച്ചം വന്നപ്പോള്‍ എങ്ങനെയാണോ സ്വഭാവികമായി ഇരുട്ടകന്നത് അതേപോലെ വ്യക്തിനിര്‍മ്മാണം ലാക്കാക്കിയുള്ള ശാരീരിക പദ്ധതിയിലൂടെ സ്വയംസേവകരുടെ കായബലമേറ്റിയതിനൊപ്പം നമ്മിലെ അലസതയേയും ദൂരെയകറ്റി. ശാരീരിക പരിശീലനം നമ്മുടെയുള്ളില്‍ അധ്വാനശീലം വളര്‍ത്തി. ശാരീരികമായി യത്‌നിക്കാനുള്ള കരുത്തും മനോഭാവവുമേകി. കഷ്ടതകളെ മറികടക്കാന്‍ നമ്മുടെ ശരീരത്തെയത് പ്രാപ്തമാക്കി.
ഈ സംഘക്കരുത്തിന്റെ പ്രത്യക്ഷാനുഭവമുണ്ടായത് 1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട കാലഘട്ടത്തിലാണ്. ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള സമരത്തിന് മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കിയത് സംഘ സ്വയംസേവകരായിരുന്നു. ഭരണകൂടത്തിന്റെ ക്രൂരമായ മര്‍ദ്ദനമുറകളെ അതിജീവിക്കാനും വിജയം നേടുന്നത് വരെ സമരം തുടരാനും സ്വയംസേവകരെ പ്രാപ്തരാക്കിയത് ശാഖയിലൂടെ കൈവന്ന ശാരീരിക സംസ്‌കാരമായിരുന്നു. അന്ന് സത്യഗ്രഹ സമരത്തിന് നേതൃത്വം നല്‍കിയവരെ മര്‍ദ്ദിച്ച് ലാത്തികള്‍ പലവട്ടമൊടിഞ്ഞെങ്കിലും സ്വയംസേവകരുടെ ശരീരം തരിമ്പും കീഴടങ്ങിയില്ല. ശാരീരിക പരിശീലനത്തിലൂടെ കഷ്ടതകളെ അതിജീവിക്കാന്‍ കരുത്ത് നേടിയ ശരീരത്തെ മാസങ്ങള്‍ തടവറയിലടച്ചതും ഒട്ടും തളര്‍ത്തിയില്ല. തടവറകളൊക്കെ നിറഞ്ഞപ്പോള്‍ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത സമരഭടന്‍മാരായ സ്വയംസേവകരെ അങ്ങ് ദൂരെ വയനാട് വനമേഖലയില്‍ കൊണ്ടുപോയി ഇറക്കിവിടുകയുണ്ടായി. എന്നാല്‍ ഭരണകൂടത്തിന്റെ ആ നീക്കത്തെയും പരാജയപ്പെടുത്തിക്കൊണ്ട് അവിടെ നിന്നും കിലോമീറ്ററുകള്‍ കാല്‍നടയായി വന്ന് വീണ്ടും കോഴിക്കോടെത്തി സമരം തുടര്‍ന്നതും സമരചരിത്രം. തളരാത്ത ശരീരവും അത് മനസ്സിന് പകര്‍ന്നു നല്‍കിയ ഇച്ഛാശക്തിയും കൂടിചേര്‍ന്നപ്പോഴായിരുന്നു ആ സുവര്‍ണ ചരിത്രം കുറിക്കപ്പെട്ടത്.
രാഷ്ട്രകാര്യത്തിന് വേണ്ടി എത്ര വലിയ കഷ്ടതയേയും വരിക്കാന്‍ സന്നദ്ധരായവരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍ജി സംഘമാരംഭിച്ചത്. പ്രതീക്ഷിച്ചതുപോലെ സംഘപ്രവര്‍ത്തനത്തിലൂടെ അദ്ദേഹത്തിന്റെ സങ്കല്പങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. അതിനുതകും വിധം സ്വയംസേവകരെ പാകപ്പെടുത്തിയതില്‍ ശാരീരികപദ്ധതികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഈ നിലക്ക് അതിന്റെ പ്രാധാന്യം മനസ്സിലാക്കി നമുക്ക് മുന്നോട്ടു പോകാം. നമ്മുടെ ശാരീരിക പദ്ധതി കണ്ട് ആകൃഷ്ടരായി ഒട്ടേറെപ്പേര്‍ വരുംകാലത്തും സംഘപ്രവാഹത്തിന്റെ ഭാഗമായിത്തീരട്ടെ.