തെര്‍മ്മോഡൈനമിക്‌സ് പഠിക്കുന്ന, ഫിസിക്‌സ് വിദ്യാര്‍ത്ഥിയുടെ മുന്നിലെ ഒരു കീറാമുട്ടിയാണു എന്‍േട്രാപ്പി. കണ്ടക്ഷന്‍, കണ്‍വെക്ഷന്‍, റേഡിയേഷന്‍ എന്നിങ്ങനെ, താപത്തിന്റെ പല ഗുണവിശേഷങ്ങളും നീണ്ട സമവാക്യങ്ങളിലേക്ക് ആവാഹിച്ച്, മന്ത്രദീക്ഷ നേടുന്ന നല്ലൊരു ശതമാനം ഫിസിക്‌സ് വിദ്യാര്‍ത്ഥികളുടെ മുന്‍പിലും എന്‍ട്രോപ്പി പരീക്ഷകളില്‍ പേടിസ്വപ്‌നമായ ഒരു കുട്ടിച്ചാത്തനാണ്.
ഉയര്‍ന്ന ഊര്‍ജ്ജനിലയിലുള്ള ഏത് വസ്തുവിനും താഴ്ന്ന ഊര്‍ജ്ജാവസ്ഥയിലേക്കെത്താനുള്ള ഒരു പ്രവണത ഉണ്ട്. ഉയരത്തിലുള്ള വസ്തു താഴേക്ക് വീഴുന്നതും ഉയര്‍ന്ന ടാങ്കില്‍ നിന്നും താഴേക്ക് വെള്ളമൊഴുകുന്നതും ഉയര്‍ന്ന പൊട്ടന്‍ഷ്യലില്‍ നിന്ന് താഴ്ന്ന പൊട്ടന്‍ഷ്യനിലേക്ക് വൈദ്യുതി പ്രവഹിക്കുന്നതുമെല്ലാം ഈഗുണവിശേഷം കാരണം കൊണ്ടാണ്. ഇങ്ങനെ ഉയര്‍ന്ന ഊര്‍ജ്ജാവസ്ഥയില്‍ നിന്ന് മടങ്ങുമ്പോള്‍, ചെറിയൊരു അംശം ഊര്‍ജ്ജം പ്രപഞ്ചത്തിലേക്ക് നല്‍കപ്പെടുന്നു. ഏത് ഊര്‍ജ്ജനിലയില്‍ മാറ്റമുണ്ടായാലും ഇങ്ങനെ സംഭവിക്കുന്നു. ഇതാണ് എന്‍ട്രോപ്പി.
ഒരു ഇരുമ്പ് കമ്പി, ചൂടായി തണുക്കുമ്പോള്‍, മുകളിലേക്ക് എറിയുന്ന ഒരു കല്ല് തിരികെ പതിക്കുമ്പോള്‍ അങ്ങിനെയങ്ങിനെ നമ്മുടെ ചുറ്റും കാണുന്ന ഏത് പ്രവൃത്തിയിലും എന്‍ട്രോപ്പി ഉണ്ടാകുന്നുണ്ട്. ഇതിന്റെ പ്രത്യേകത, ഇത് ഒരിക്കലും കുറയുന്ന പ്രശ്‌നമില്ല എന്നതാണ്. പ്രപഞ്ചത്തിന്റെ ചലനാത്മകത നിലനില്‍ക്കുന്ന കാലത്തോളം എന്‍ട്രോപ്പി കൂടിക്കൊണ്ടേയിരിക്കും.
നമുക്ക് സാധാരണ രീതിയില്‍ ഒന്ന് ചിന്തിക്കാം. അരി കയറ്റിവന്ന ഒരു ലോറി മറിഞ്ഞു എന്ന് വിചാരിക്കുക.നാട്ടുകാര്‍ കൂട്ടത്തോടെ ആ അരി മുഴുവന്‍ കൊണ്ടുപോയി. ലോറി ശരിയാക്കി, നാട്ടുകാര്‍ കൊണ്ടുപോയ ഓരോ അരിമണിയും തിരികെ ശേഖരിച്ച് മാത്രം ആ ലോറി തിരിച്ച് വിടുക എന്നത് അസാധ്യമാണ്. എത്രയൊക്കെ ശ്രമിച്ചാലും കുറച്ച് അരി നഷ്ടപ്പെടുക തന്നെ ചെയ്യും.
ഒറ്റയടിക്ക് ചുരുക്കിപ്പറഞ്ഞാല്‍ എന്‍ട്രോപ്പി എന്നാല്‍ അലങ്കോലത്തിന്റെ അളവ് എന്ന് പറയാം.
സാമൂഹ്യമായി ചിന്തിച്ചാല്‍, ഒരു നുണപ്രചരണം ഉണ്ടാക്കുന്ന ചീത്തപ്പേരിന്റെ ഒരു അംശം, സംശയത്തിന്റെ ആനുകൂല്യത്തിലായാല്‍ പോലും അവശേഷിക്കും.അത് സോഷ്യല്‍ എന്‍ട്രോപ്പി.
ഏത് ശാസ്ത്രവിജ്ഞാനത്തിനും ചില സാമൂഹ്യ, സാംസ്‌കാരിക പ്രസക്തികളുണ്ട്. അത് തിരിച്ചറിയുന്നതാണ്, യഥാര്‍ത്ഥ ശാസ്ത്ര ചിന്ത.