റഷ്യന്‍ സാഹിത്യത്തിന്റെ സമുദ്ധാരകനും സര്‍ഗാത്മക പരിവര്‍ത്തനത്തിന്റെ മുഖ്യശില്പിയുമായ നികോളാ ഗോഗോള്‍ (Nikolai Gogol,1809-1852) എഴുതിയ ഓവര്‍കോട്ട് (The Overcoat,1842 ) എന്ന കഥ ഒരു വഴിത്തിരിവായി ഗണിക്കപ്പെടുന്നുണ്ട്. റഷ്യന്‍ കാല്പനികതയെ ജീവിതമുഹൂര്‍ത്തങ്ങളുടെ തീച്ചൂളയിലേക്ക് സന്നിവേശിപ്പിക്കുകയും അര്‍ത്ഥവത്തായ പുതിയ കുറെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ ഗോഗോള്‍ നിര്‍ണായകമായി. പ്രമുഖനായ ഫയദോര്‍ ദസ്തയെവ്‌സകി തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. താനൊക്കെ ഗോഗോളിന്റെ ‘ഓവര്‍ക്കോട്ട് ‘വായിച്ചാണ് വളര്‍ന്നതെന്ന്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയുടെ അന്ത്യത്തില്‍ പ്രത്യക്ഷപ്പെട്ട ഈ കഥ റഷ്യന്‍ ജീവിതത്തിന്റെ അടിത്തട്ട് തന്നെ വ്യക്തമാക്കുന്നു;മാത്രമല്ല സവിശേഷമായ മാനസികാപഗ്രഥനത്തിലൂടെ, ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഒരു സാംസ്‌കാരിക ജീവിയാകാന്‍ നടക്കുന്ന സംഘട്ടനങ്ങളും പുറത്തു കൊണ്ടുവരികയാണ്.
ഓവര്‍ക്കോട്ടിലെ അകാകി അകകീവിച്ച് ബാഷമാക്കിന്‍ ഒരു സര്‍ക്കാര്‍ ഗുമസ്തന്‍ മാത്രമാണ്.അയാള്‍ ദരിദ്രനാണെന്നതാണ് ഈ കഥയുടെ കാര്യത്തില്‍ പരമപ്രധാനമായിട്ടുള്ളത്. അയാളുടെ പേരിന്റെ അര്‍ത്ഥം തന്നെ നിരുപദ്രവകാരിയെന്നാണ്. അത് ശരിക്കും സാര്‍ത്ഥകമായിട്ടുണ്ട്. കാരണം ഈ അകാകി കീറിത്തുന്നിയ ഒരു ഓവര്‍ക്കോട്ട് ഇട്ടുകൊണ്ടാണ് ഓഫീസില്‍ വന്നിരുന്നത്. കീറിയതു തുന്നിത്തുന്നി തയ്യല്‍ക്കാരന്‍ തന്നെ മടുത്തതാണ്. വേറെയില്ലാത്തതുകൊണ്ടും കോട്ടിടാതിരിക്കാന്‍ നിര്‍വ്വാഹമില്ലാത്തതുകൊണ്ടും ധരിക്കുന്നതാണ്. ഈ കോട്ടിന്റെ പേരിലാണ് അയാള്‍ ഏറ്റവും അപമാനിക്കപ്പെട്ടത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിട്ടും അയാളുടെ ഐഡന്റിറ്റി ഈ കോട്ടാണ്. അയാള്‍ക്ക് അത് മാറ്റി വേറൊന്നു വാങ്ങണമെന്നുണ്ട്. പല വഴിക്കും ആലോചിച്ചിട്ടും ഫലമുണ്ടായില്ല. തയ്യല്‍ക്കാരനുമായി ചര്‍ച്ച ചെയ്തു. അയാള്‍ പറഞ്ഞത് ഇനി പുതിയതൊന്ന് വാങ്ങാതെ രക്ഷയില്ലെന്നാണ്. അകാകിക്ക് യാദൃച്ഛികമായി കുറച്ചു പണം ഒത്തുകിട്ടിയപ്പോള്‍ തയ്യല്‍ക്കാരനെയും കൂട്ടി മാര്‍ക്കറ്റില്‍ പോയി നല്ലൊരു കോട്ടുവാങ്ങി. അത് ധരിച്ചു ഓഫീസില്‍ ചെന്നപ്പോള്‍ അവിടെയുള്ളവര്‍ അകാകിയെ ആദരിക്കാന്‍ തയ്യാറാവുകയാണ്. ജോലിയല്ലാതെ മറ്റൊന്നും തന്റെ ജീവിതത്തില്‍ ഇല്ലെന്ന് വിശ്വസിക്കുന്ന അകാകിക്ക് അതിലൊന്നും താല്പര്യമുണ്ടായില്ല.
മനുഷ്യനാകാന്‍
ഓവര്‍ക്കോട്ടു ധരിച്ചുകൊണ്ടു വീട്ടിലേക്കു വരുന്ന വഴി രാത്രിയില്‍ രണ്ടു പേര്‍ തടഞ്ഞു നിര്‍ത്തി അകാകിയെ ആക്രമിക്കുകയും കോട്ട് അപഹരിച്ചു കൊണ്ടുപോവുകയും ചെയ്തു. ഇത് അകാകിയെ പരിക്ഷീണിതനാക്കി. മാനസികമായി ഉലച്ചു. ഇതിനെതിരെ അധികാരിയെ സമീപിച്ചെങ്കിലും അപഹാസ്യനാവുകയാണ് ചെയ്തത്. അധികം താമസിയാതെ അകാകി പനി പിടിച്ച് കിടപ്പിലായി. ആ കിടപ്പില്‍ നിന്ന് അയാള്‍ എഴുന്നേറ്റില്ല. മരണാനന്തരം ഒരു ഫാന്റസി സ്പര്‍ശമാണ് വായനക്കാരനെ കാത്തിരിക്കുന്നത്. അകാകി തന്റെ പരാതി കേള്‍ക്കാത്ത ഉദ്യോഗസ്ഥന്റെ അടുത്ത് ചെന്ന് ആ കോട്ട് അപഹരിച്ച് പ്രതികാരം ചെയ്യുന്നു.
പുതിയ കോട്ട് വാങ്ങിയ ശേഷം അകാകി ഒരു മനുഷ്യനാവുകയായിരുന്നു. അതുവരെ അമര്‍ത്തിവച്ച തന്റെ മാനസിക ചോദനകള്‍ അയാള്‍ പുറത്തെടുത്തു. ആ ഓവര്‍ക്കോട്ട് ഒരു അംഗീകാരപത്രം പോലെയായിരുന്നു. അയാള്‍ക്ക് ഒരു പെണ്ണിനെ ആവശ്യമുണ്ടെന്ന് ചിന്തിപ്പിച്ചത് ആ കോട്ടായിരുന്നു. അതിനായി അയാള്‍ അലയുന്നു. അയാളുടെ മനസ്സിന്റെ അസ്തിത്വം അതിലൂടെയാണുണ്ടായത്. സ്വന്തം തൊഴിലിലേക്ക് നേരത്തേ അയാള്‍ ആഴ്ന്നിറങ്ങിപ്പോയത് മറ്റൊന്നില്‍ നിന്നും സന്തോഷം കിട്ടില്ലെന്ന് ബോധ്യമായതുകൊണ്ടാണ്.
അഗാധത
അകാകിയുടെ അവസ്ഥ ഏതൊരാള്‍ക്കും ബാധകമാണെന്ന് ഈ കഥ സുക്ഷിച്ചു നോക്കിയാല്‍ മനസ്സിലാകും. ഒരാളുടെ അടിത്തട്ട് ഇവിടെ അനാവരണം ചെയ്യുകയാണ്. പുറമേ നിന്നാണ് നമ്മെ ആളുകള്‍ കാണുന്നത്. അകാകി മരിച്ചപ്പോഴാണ് അയാളെ ശകാരിച്ച ഉന്നതോദ്യോഗസ്ഥനു പോലും താന്‍ ന്യായമായ പരാതി ചെവിക്കൊണ്ടില്ലല്ലോ എന്നോര്‍ക്കേണ്ടി വന്നത്. വ്യക്തിപരമായ ഈ തമോഗര്‍ത്തം ഓരോ മനുഷ്യവ്യക്തിയും പേറുന്നുണ്ട്. അവനിലേക്ക് അടുത്തു ചെന്നാലേ അതിന്റെ അഗാധത അറിയാനാകൂ.
ഗോഗോള്‍ പറയുന്ന പോലെ ഒരു സത്യം എവിടെയും ആര്‍ക്കും ബാധകമാണ്. എന്തും ആര്‍ക്കും സംഭവിക്കാവുന്നതാണ്. അതുകൊണ്ട് ഗോഗോളിന്റെ കഥയിലെ അകാകി നമ്മളിലുണ്ട്. ഒരു വലിയ പ്രതിബന്ധമാണത്. അയാള്‍ തന്റെ കോട്ടിന്റെ രൂപത്തിലാണ് ആ പ്രതിബന്ധത്തെ നേരിട്ടതെന്ന് മാത്രം. എന്നാല്‍ ഓവര്‍ക്കോട്ട് പുതിയതൊന്ന് വാങ്ങിയിട്ടും ഫലമുണ്ടായില്ല. അപ്പോള്‍ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണ് ചെയ്തത്. ആത്യന്തികമായി ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ഒരു മായിക സ്വഭാവമാണുള്ളത്. അത് സ്ഥിരമല്ലെന്ന് മാത്രമല്ല, നമ്മുടെ ഉള്ളിലെ പിടിതരാത്ത ചോദ്യങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഓവര്‍ക്കോട്ട് സ്വന്തമായി വാങ്ങുന്നതിനു മുമ്പുള്ള ലോകവും അതിനു ശേഷമുള്ള ലോകവും വ്യത്യസ്തമാണ്. ഇതിനിടയില്‍ അകാകി ഒരു പുതിയ മനുഷ്യനാവുകയായിരുന്നു. ആഗ്രഹങ്ങളും ചിന്തകളുമുള്ള ഒരു മനുഷ്യന്‍.
ഈ കഥ നമ്മെ കൂടുതല്‍ മനുഷ്യത്വമുള്ളവരാക്കുകയാണ്. യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള അറിവു വര്‍ദ്ധിപ്പിക്കുന്നു. നീതി, ജീവിത സൗന്ദര്യം, സംവേദനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ പ്രേരിപ്പിക്കുന്നു.
വായന
പ്രമുഖ ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുമായി എ.കെ.അനുരാജ് നടത്തിയ അഭിമുഖവും ടി.എം.സുരേഷ്‌കുമാര്‍ എഴുതിയ ലേഖനവും (കേസരി, ഒക്ടോ.2) ഉചിതമായി. കൈതപ്രം നമ്മുടെ സമൂഹ്യജീവിതത്തില്‍ വിവേകോദയത്തോടെ നിലയുറപ്പിച്ച ഒരു സൗമ്യപ്രഭാവമാണ്. വിശാലവീക്ഷണമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കൂ:”നമ്പൂതിരിയാണ് എന്നതില്‍ അഭിമാനിക്കുന്നതേയുള്ളു. ജാതിയില്‍ വിശ്വസിക്കുന്നില്ല. സ്‌നേഹത്തില്‍ മാത്രമേ വിശ്വസിക്കുന്നുള്ളു. ഹിന്ദുസമൂഹത്തില്‍ ജാതി സമ്പ്രദായം ഏറ്റവും അപകടകരമാണ്. ആവശ്യമില്ലാത്ത ഒന്നാണ് ജാതി.”
കൈതപ്രം ഈ അറിവു നേടിയത് അദ്ദേഹത്തിന്റെ ജ്ഞാനസിദ്ധിയുടെ ഭാഗമാണ്. ഓരോ പാട്ടെഴുതുമ്പോഴും താന്‍ തന്നെയും കഥാപാത്രങ്ങളെയും സമൂഹത്തെയും സ്‌നേഹിക്കുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞ കൈതപ്രത്തിനു നന്ദി.
ശ്രീകൃഷ്ണനെ മനസ്സിലാക്കുക
കുരുക്ഷേത്രയുദ്ധത്തില്‍ ശ്രീകൃഷ്ണന്‍ കൊലപാതകത്തിന്റെ തത്ത്വശാസ്ത്രമാണെന്ന് കെ.സി.നാരായണന്‍ തട്ടിവിട്ടത് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, സപ്തംബര്‍ 27) വഴിയില്‍ കേട്ടതിന്റെ ഫലമാണ്.
‘കൃഷ്ണന്‍ നുണയെ ന്യായീകരിക്കുകയാണ്. ഇതുപോലെ കര്‍ണനെയും ദുര്യോധനനെയും വധിക്കുമ്പോഴെല്ലാം അതില്‍ പ്രയോഗിച്ച ചതിക്ക് കൃഷ്ണന്‍ ന്യായീകരണം നല്കുന്നുണ്ട്. ആല്‍ബേര്‍ കമ്യൂ ഒരിക്കല്‍ എഴുതി, പണ്ട് കൊലപാതകം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് തത്ത്വശാസ്ത്രം കൂടിയുണ്ട് എന്ന്. ആ തത്ത്വശാസ്ത്രമാണ് മഹാഭാരതത്തിലെ കൃഷ്ണന്‍.’
ഇത്തരം പ്രതിലോമപരവും അല്പത്വം നിറഞ്ഞതുമായ പരാമര്‍ശങ്ങള്‍ കേട്ടാല്‍ ഉടനെ ശ്രീകൃഷ്ണന്‍ ആയുധം താഴെ വയ്ക്കും! സ്ത്രീകളെ വസ്ത്രാക്ഷേപം ചെയ്യുന്നതുള്‍പ്പെടെയുള്ള ക്രൂരതകള്‍ ദുര്യോധനനും ദുശ്ശാസനനും ചെയ്യാം. അവരെ യുദ്ധത്തില്‍ കൊല്ലാന്‍ പാടില്ല. എന്തൊരു ഉദാരത! യുദ്ധത്തിലെ ധര്‍മ്മം സരളമല്ല. കര്‍ണനെ വധിക്കുന്നതില്‍ എവിടെയാണ് ചതി? രഥചക്രം ചെളിയില്‍ നിന്നും ഉയര്‍ത്തിയെടുക്കുന്നതു വരെ കാത്തിരിക്കണമെന്ന് പറയുന്നത് എങ്ങനെ യുദ്ധ ധര്‍മ്മമാകും? കെ.സി.നാരായണന്റെ ഭാഷ പോലെ, ചിന്തയും ആഴം കുറഞ്ഞതാണ്. ഇങ്ങനെയൊരു വരണ്ട, ഭാവനാശൂന്യമായ ഭാഷയില്‍ എങ്ങനെയാണ് കൃഷ്ണ ദര്‍ശനത്തെക്കുറിച്ച് ആലോചിക്കാനാവുന്നത്? കൃഷ്ണചൈതന്യയുടെ കൃതികള്‍ വായിച്ചാല്‍ ഭാഷയുടെ മഹത്വം തിരിച്ചറിയാം.
വഷളാക്കരുത്
നല്ലൊരു സാഹിത്യമാസികയാണ് ‘മൂല്യശ്രുതി’ (കൊച്ചി). എന്നാല്‍ ഒക്ടോബര്‍ ലക്കത്തില്‍ ശ്രീജിത് പെരുന്തച്ചന്‍ എന്ന ഒരു യുവാവിന്റെ രണ്ടു ലേഖനങ്ങള്‍ ചേര്‍ത്തിരിക്കുന്നു. രണ്ടിലും ലേഖകന്‍ സ്വയം പുകഴ്ത്തുകയാണ്. ഇദ്ദേഹത്തിനു മലയാള സാഹിത്യത്തില്‍ എന്താണ് പ്രസക്തി? എം ടിക്ക് പോലും കിട്ടാത്ത പ്രാധാന്യം ഇദ്ദേഹത്തിനു മാസികയില്‍ കിട്ടുന്നതെങ്ങനെയാണ് ? പെരുന്തച്ചന്‍ എന്ന മിത്തുമായി യാതൊരു ബന്ധവുമില്ലാത്ത ഈ ചെറുപ്പക്കാരന്‍ ആ പേരുകൊണ്ട് പല മാന്യന്മാരും തന്നെ തെറ്റിദ്ധരിച്ച കാര്യമാണ് വീരകൃത്യം പോലെ ലേഖനത്തില്‍ വിതറുന്നത്. മാസികയില്‍ ഇദ്ദേഹത്തിന്റെ രണ്ട് ലേഖനങ്ങള്‍ പന്ത്രണ്ട് പേജുകളിലായി അച്ചടിച്ചിരിക്കുന്നു! അതിനു പുറമേയാണ് ഈ യുവാവിന്റെ വലിയ കളര്‍ ഫോട്ടോകള്‍ കൊണ്ടുള്ള ആറാട്ട്. നാല് വലിയ കളര്‍ ചിത്രങ്ങള്‍ ഇരു പുറങ്ങളിലായി വിന്യസിച്ചിരിക്കുന്നു. എന്താണ് ഇത്ര പ്രകോപനം? എന്തെങ്കിലും സംഭാവന ചെയ്തവര്‍ക്കു പോലും ഒരു ചെറിയ പരിഗണന കിട്ടാത്ത ഈ കാലത്ത് ശ്രീജിത്തിനെപ്പോലുള്ളവരെ ലാളിച്ചു വഷളാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. അവനവന്‍ അര്‍ഹിക്കാത്ത വിധത്തില്‍ ഇതേപോലെ വെട്ടിപ്പിടിത്തം നടത്തിയാല്‍ അതിന്റെ നേര്‍ വിപരീതാനുഭവമാകും ഉണ്ടാവുക.
ഭാര്യയും ഭര്‍ത്താവും
‘കണ്ണാടി’ എന്ന പേരില്‍ ഷാഹിന ഇ.കെ എഴുതിയ കഥ (മലയാള മനോരമ ഞായറാഴ്ച, ഒക്ടോബര്‍ നാല്) ഒരു വിവാഹിതയുടെ കഷ്ടപ്പാടാണ് പറയുന്നത്. നല്ല പോലെ കഥ പറയാന്‍ ഷാഹിനയ്ക്ക് അറിയാം. ഇവിടെ വിവാഹിതയായ യുവതി തനിക്ക് നേരിടേണ്ടി വരുന്ന ദുരിതങ്ങള്‍ എണ്ണിയെണ്ണി പറയുകയാണ്. വിവാഹജീവിതം സ്വപ്‌നമല്ല. അതിന്റെ തരളതവും ദുരിതവും ഒരു പോലെ സ്വീകരിക്കാന്‍ മനസ്സുകൊണ്ട് പക്വത നേടിയാലേ ജീവിക്കാനാകൂ. കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോയിവിട്ട ശേഷം ഭാര്യയും ഭര്‍ത്താവും ദിവസവും മാര്‍ക്കറ്റില്‍ വന്ന് ഒരുമിച്ചിരുന്ന് മത്സ്യവ്യാപാരം നടത്തുന്നത് കണ്ടിട്ടുണ്ട്. എത്രമാത്രം മാനസിക പക്വത നേടിയാലാണ് ഒരു യുവതിക്ക് ആ ജീവിതത്തിന്റെ താളത്തിനൊത്ത് നീങ്ങാനാവുന്നതെന്ന് ആലോചിക്കുക. ദാമ്പത്യ ജീവിതത്തില്‍ ഈഗോയ്ക്ക് സ്ഥാനമില്ല. അത് വന്നാല്‍ അസംതൃപ്തി മാത്രമാവും ഫലം.
നുറുങ്ങുകള്‍
- ഡച്ച് തത്ത്വചിന്തകനായ സ്പിനോസ പറഞ്ഞു: മനസ്സിനോടു ചിന്തിക്കണമെന്ന് ശരീരത്തിനു ആജ്ഞാപിക്കാനാവില്ല. അതുപോലെ മനസ്സിനു ശരീരത്തോട് നിശ്ചലമായിരിക്കാന്‍ പറയാനാവില്ല. കാരണമെന്താണ്? മനസ്സിന്റെ തീരുമാനവും ശരീരത്തിന്റെ ആഗ്രഹവും നിര്‍ണയവും ഒന്നു തന്നെയാണ്.’
- എഴുത്തിനു തപസ്സ് ആവശ്യമാണെന്ന് സൂചിപ്പിച്ചപ്പോള്‍ ഒരു പ്രസംഗകന്‍ പറഞ്ഞത് ഇക്കാലത്ത് കാട്ടില്‍ പോകാനും തപസ്സ് ചെയ്യാനുമൊന്നും വയ്യെന്നാണ്! എങ്കില്‍ തപസ്സ് എന്ന വാക്ക് മാറ്റാം. എഴുത്തില്‍ ഒരു ത്യാഗവും തീവ്ര നിശ്ചയവും ഉണ്ടാവണം. മാടമ്പു കുഞ്ഞുകുട്ടന്‍ ഇങ്ങനെ പറഞ്ഞു: ‘എഴുത്തിന്റെ ഒരു ഉന്മാദാവസ്ഥ വരുമ്പോള്‍ മാത്രമാണ് എഴുത്ത്.’ (അഭിമുഖം, ജന്മഭൂമി ഓണപ്പതിപ്പ്, തൃശ്ശിവപുരം മോഹനചന്ദ്രന്‍). ഒരു സ്ഥാപനത്തിന്റെയോ അവാര്‍ഡു കമ്മറ്റിക്കാരുടെയോ തലയില്‍ കൈവച്ചുള്ള അനുഗ്രഹം തേടാതെ മാറിയിരിക്കാന്‍ മാടമ്പിനേ കഴിയൂ. മാടമ്പിന്റെ ഇരുപ്പിനു ഭംഗിയുണ്ട്.
- സാഹിത്യ അവാര്‍ഡുകള്‍ ഒരാചാരമായി മാറിയിരിക്കുന്നു. അര്‍ഹരായവര്‍ ഇല്ലാത്തപ്പോള്‍ ആര്‍ക്കെങ്കിലും കൊടുത്ത് നാള്‍വഴി ബുക്ക് പൂരിപ്പിക്കുന്നത് ചില കമ്മറ്റിക്കാരുടെ വിധിയായി മാറിയിട്ടുണ്ട്.
- ഓണപ്പതിപ്പുകളില്‍ എഴുതില്ല എന്ന് സുഗതകുമാരി പ്രഖ്യാപിച്ചിട്ടുള്ളതാണ്. വലിയ വില കൊടുത്ത് തന്റെ പാവപ്പെട്ട വായനക്കാര്‍ക്ക് ഓണപ്പതിപ്പുകള്‍ വാങ്ങാന്‍ കഴിയില്ലല്ലോ എന്നോര്‍ത്താണ് അവര്‍ പിന്‍വാങ്ങിയത്. എന്നാല്‍ ഓണക്കാലത്ത് പലരുടെയും നിലവാരമില്ലാത്ത കവിതകളും കഥകളും വാങ്ങാന്‍ വായനക്കാര്‍ വിധിക്കപ്പെടുന്നു.
- ഈ വര്‍ഷം സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ അമേരിക്കന്‍ പെണ്‍കവി ലൂയിസ് ഗ്‌ളിക്ക് പുതിയ എഴുത്തുകാരോട് ഇങ്ങനെ പറയുന്നു: ”നിങ്ങള്‍ സ്വയം അനുകരിച്ചുകൊണ്ട് ശാന്തരായിരിക്കരുത്. നമുക്ക് നേരത്തേ തന്നെ അറിയാവുന്ന കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പിച്ചെടുക്കുന്നതല്ല കലയുടെ ലക്ഷ്യം; ഇതുവരെ അറിയപ്പെടാത്തത് വെട്ടത്തേക്ക് കൊണ്ടുവരുന്നതാണ്.’ കവിത, കവി എന്നീ അവസ്ഥകളെക്കുറിച്ച് ഗ്‌ളിക്ക് ഇങ്ങനെ നിരീക്ഷിക്കുന്നു: ‘കവി എന്നത് ഒരാളുടെ അഭിവാഞ്ചകളുടെ പേരാണ്. അതൊരു തൊഴിലിന്റെ പേരല്ല.’ (The Triumph of Achilles ,The Wild Iris തുടങ്ങിയവ പ്രധാന കൃതികള്‍).
- മനസ്സ് വിഷമിക്കാനിടവന്നാല്‍ ഞാന്‍ സ്വാമി വിവേകാനന്ദന്റെ എന്തെങ്കിലും ഒരു ചിന്താശകലം കിട്ടുമോ എന്ന് നോക്കും. സ്വാമിയുടെ ഏത് വാക്യം വായിച്ചാലും പെട്ടെന്ന് മനസ്സ് ഉണരും. ഈ ചിന്ത നോക്കു: ‘ശാരീരികമായി, ബൗദ്ധികമായി, ആത്മീയമായി നമ്മെ ദുര്‍ബ്ബലപ്പെടുത്തുന്നത് എന്തായാലും അതിനെ വിഷമായി കണ്ട് വര്‍ജിക്കണം.’