Friday, August 12, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പദാനുപദം

ഷൊളഖോവിന്റെ കന്നുകാലിക്കൂട്ടം

എം.കെ. ഹരികുമാര്‍

Print Edition: 16 October 2020

റഷ്യന്‍ വിപ്‌ളവം കണ്ട എഴുത്തുകാരനാണ് മിഖായേല്‍ അലക്‌സാന്ദ്രോവിച്ച് ഷൊളഖോവ് (1905-1984). ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് വിദ്യാഭ്യാസം ചെയ്തത്. റഷ്യയിലെ ഡോണ്‍ നദീതീരത്ത് താമസിച്ച കസാക്കുകളുടെ (Cassacks) കഥയാണ് അദ്ദേഹം പറഞ്ഞത്. (ഈ കസാക്ക് ആണോ ഒ.വി.വിജയന്‍ ഖസാക്ക് ആയി മാറ്റിയതെന്ന് അറിയില്ല) ഷൊളഖോവ് അവരില്‍ ഒരാളായിരുന്നല്ലോ. അവര്‍ യാഥാസ്ഥിതിക ക്രിസ്ത്യാനികളായിരുന്നു. അവരില്‍ കുറച്ചു പേര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചേര്‍ന്ന് നില്ക്കുകയും ഗ്രാമീണ ഭൂവുടമകളുടെ ചൂഷണത്തില്‍ നിന്നും മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ നഗരത്തില്‍ പോവുകയും സൈന്യത്തില്‍ ചേരുകയുമായിരുന്നു.

റഷ്യന്‍ ജീവിതത്തിന്റെ ഉണര്‍ത്തു പാട്ടുകാരനെപ്പോലെയാണ് ഷൊളഖോവ് സാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടത്.1925 മുതല്‍ 1940 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച നാലു വാല്യങ്ങളുള്ള നോവല്‍ ‘ഡോണ്‍ ശാന്തമായി ഒഴുകുന്നു’ (‘Quietly flows the Don ) ഒരു ലോക ക്‌ളാസിക്കായി വിലയിരുത്തപ്പെടുന്നു. ഈ കൃതിയുടെ പേരിലായിരുന്നല്ലോ അദ്ദേഹത്തിന് 1965 ല്‍ നോബല്‍ സമ്മാനം ലഭിച്ചത്.
ഷൊളഖോവ് താന്‍ ഒരു സോഷ്യലിസ്റ്റ് റിയലിസ്റ്റാണെന്ന് പറഞ്ഞിട്ടുണ്ട്. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ അതേപടി പകര്‍ത്തുകയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. മനുഷ്യവംശത്തിനു പ്രകാശാത്മകമായ ഒരു പാതയൊരുക്കുന്നതിനെ അദ്ദേഹം പ്രധാനമായി കണ്ടിരുന്നു. ‘കാലികളെ മേയ്ക്കുന്നവന്‍’ ((The Herdsman )എന്ന കഥയെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഒരു റിപ്പോര്‍ട്ടറെപ്പോലെ യാഥാര്‍ത്ഥ്യങ്ങള്‍ ഏകപക്ഷീയമായി വിശദീകരിക്കുന്ന രീതിയല്ല ഷൊളഖോവ് അവലംബിച്ചത്. ഇതില്‍ തത്ത്വചിന്താപരമായ സമീപനമുണ്ടായിരുന്നു. അത് ഇങ്ങനെ സംഗ്രഹിക്കാം: ‘മനുഷ്യര്‍ ഒറ്റയ്ക്കല്ല ജീവിക്കുന്നത്; അവര്‍ കൂട്ടമായി നീങ്ങുകയാണ്. അവരുടെ ജീവിതത്തിനുള്ളിലേക്ക് കടന്നു നോക്കാന്‍ എഴുത്തുകാരന് കഴിയണം. സാധാരണ ജനതയുടെ ജീവിതസമരങ്ങളില്‍ വെളിച്ചം വിതറാനാവണം. അതുകൊണ്ട് എന്തെഴുതിയാലും അതില്‍ മൗലികമായ ഒരു ഉള്ളടക്കം അനിവാര്യമാണ്. ജീവിതങ്ങളെ ബാധിച്ചിരിക്കുന്ന നിര്‍ണ്ണായകമായ പ്രശ്‌നങ്ങള്‍ കാണണം. മനുഷ്യന്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തിനെതിരെ പോരാടിക്കൊണ്ടാണ് മുന്നോട്ടായുന്നത്. അതിനെ പിന്തുണയ്ക്കണം. എന്നാല്‍ എഴുത്തുകാരന്‍ ദൈവത്തെപ്പോലെ, മാനവരാശിയുടെ പ്രശ്‌നങ്ങളില്‍ മുഖംതിരിക്കുകയോ നിസ്സംഗത പാലിക്കുകയോ ചെയ്യരുത്.

അവന്‍ പരാജയമല്ല
‘കാലികളെ മേയ്ക്കുന്നവന്‍’ എന്ന കഥ പാവപ്പെട്ടവന്റെ ആത്മരോദനത്തിന്റെ മുഴക്കം എത്ര ബൃഹത്താണെന്ന് ബോധ്യപ്പെടുത്തും. ഏറ്റവും വിദൂരവും പ്രാചീനവുമായ ഗ്രാമങ്ങളിലെ കന്നുകാലികളെ നോക്കുന്ന ജോലിയാണ് ഗ്രിഗോരിയുടേത്. അവന്റെ കൂടെ സഹോദരി ദൂന്യാക്കും ഉണ്ട്. പ്രദേശത്തെ ഭൂവുടമകളായ വൃദ്ധന്മാര്‍ എതിര്‍ത്തിട്ടും കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പത്തൊന്‍പതുകാരനായ ഗ്രിഗോരിക്ക് ആ ജോലി കിട്ടിയത്. അവനും സഹോദരിയും ഒരു ചെറു കുടില്‍ കെട്ടി, ചോളമാവും കഴിച്ച് ആ മലമടക്കില്‍ കഷ്ടപ്പെടുകയാണ്. അവന്റെ പ്രതീക്ഷ കാലിമേച്ച് പ്രതിഫലമായി കിട്ടുന്ന ചോളമാവും ചാണകപാളികളും വിറ്റ് പണമുണ്ടാക്കി താമസിയാതെ നഗരത്തില്‍ പോയി വിദ്യാഭ്യാസം തുടരാമെന്നാണ്. എന്നാല്‍ അവന്റെ മോഹം ഫലിച്ചില്ല. അവന്‍ പരിപാലിച്ചിരുന്ന കന്നുകാലി കിടാവുകള്‍ മിക്കതും തളര്‍ന്നു വീണ് ജീവന്‍ വെടിഞ്ഞു. ഒരു പകര്‍ച്ചവ്യാധിയായിരുന്നു കാരണം. ഇതിനിടയില്‍ അവന്‍ ഗ്രാമത്തിലെ വ്യവസ്ഥയെക്കുറിച്ച് ചോളത്തിന്റെ ഇലയില്‍ കരി ഉപയോഗിച്ച് എഴുതിയ കുറിപ്പ് കമ്മ്യൂണിസ്റ്റുകാരുടെ പത്രത്തില്‍ അച്ചടിച്ചുവന്നു. മൃഗഡോക്ടറെ വിളിക്കുന്നതിനു പകരം കാലിത്തൊഴുത്തിനു ചുറ്റും വെടിവെച്ച് രോഗത്തെ അകറ്റുന്നതും ഭൂമി കൃഷിക്കായി പങ്കിടുന്നതിലെ അഴിമതിയും അതില്‍ വിശദമാക്കിയിട്ടുണ്ടായിരുന്നു. ഇത് ഗ്രാമത്തിലെ കൃഷിക്കാരുടെ നേതാക്കന്മാരെ ചൊടിപ്പിച്ചു. അവര്‍ വന്ന് ഗ്രിഗോരിയെ വെടിവച്ചു കൊല്ലുന്നു. ഗത്യന്തരമില്ലാതെ, ചാക്കുകൊണ്ട് തയ്പ്പിച്ച ഷര്‍ട്ട് ധരിച്ച്, പാവപ്പെട്ടവരില്‍ പാവപ്പെട്ടവളായ സഹോദരി ദുന്യാക് പട്ടണത്തിലേക്ക് പോവുകയാണ്; സ്വപ്‌നങ്ങളുടെ മൃതദേഹവും ചുമന്നുകൊണ്ട്.

ഈ കഥയിലെ കന്നുകാലികളെ അന്നത്തെ യഥാര്‍ത്ഥ റഷ്യന്‍ സാമൂഹികാവസ്ഥയുടെ പ്രതിനിധാനമായി കാണാവുന്നതാണ്. സ്വയം ജീര്‍ണിച്ച് അവ ക്രമേണ ചത്തു വീഴുകയാണ്. രോഗം ഉള്ളില്‍ നിന്നു തന്നെ. എന്നാല്‍ അത് പകരുകയും ചെയ്യുന്നു. കന്നുമേക്കാരന്‍ ബുദ്ധിയുദിച്ച ഗ്രാമീണനെ ഓര്‍മ്മിപ്പിക്കുന്നു. അവന്‍ കീഴടങ്ങുകയോ പരാജയപ്പെടുകയോ ചെയ്യുന്നില്ല. മരണത്തെ പേടിക്കുന്നുമില്ല. അവന്‍ മരിക്കുകയല്ല; മരണം എത്ര അയുക്തികവും അര്‍ത്ഥശൂന്യവുമാണ് നമ്മുടെ ജീവിതങ്ങളില്‍ എന്ന് ഓര്‍മ്മിപ്പിക്കുകയാണ്. അസംബന്ധത്തെ ഉപന്യസിക്കുന്ന മരണം മറ്റൊന്നിന്റെ വിജയമാണെന്ന് വ്യാഖ്യാനിക്കുന്നത് മറ്റൊരു വ്യര്‍ത്ഥതയാണ്. എന്നാലും അവന്റെ മരണം വ്യര്‍ത്ഥമാകുന്നുമില്ല. അത് മനുഷ്യരെ കൂടുതല്‍ നന്നാക്കാന്‍ ഉപകരിക്കും. വരണ്ടതും വിരസവും പീഡിതവും നരകതുല്യവുമായ ജീവിതമാണ് ഷൊളൊഖോവ് അവതരിപ്പിക്കുന്നത്. എന്നാല്‍ അതിന്റെ ഭാരം വായനക്കാരന് അനുഭവപ്പെടുന്നില്ല. ഒരു വിദൂര സ്വപ്‌നത്തിന്റെ വസന്തഗര്‍ഭമായ കാറ്റ് കഥയില്‍ നിറഞ്ഞുവീശുന്നു. മനുഷ്യന്റെ ശത്രു മനുഷ്യന്‍ തന്നെയാണല്ലോ. അവന്‍ ആരോടു പരാതിപ്പെടും?

ഷൊളഖോവിനു നീതിയെ കൈവിടാനാവില്ല. സത്യം എഴുതിയതിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്ന ആ കാലി മേച്ചില്‍കാരന്‍ മനുഷ്യന്റെ എക്കാലത്തെയും പോരാട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു. കല യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടാനുള്ളതല്ലെന്ന് ഷൊളൊഖോവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിനാശകരമായതിനെ എതിര്‍ക്കണം. അതിനു യാഥാര്‍ത്ഥ്യബോധം അനിവാര്യമാണ്. ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്ന കലയ്ക്ക് ഈ ബോധം നഷ്ടമാവുക തന്നെ ചെയ്യും. മനുഷ്യപുരോഗതിക്കൊപ്പം സംഗീതമാലപിക്കുന്ന ഒരാന്തര മനസ്സ് എല്ലാ റിയലിസത്തെയും കടന്നു നില്ക്കുന്നതാണ്. ഷൊളൊഖോവ് റിയലിസത്തെ നവീകരിക്കുന്നുണ്ട്. സ്‌നേഹവും സ്വപ്‌നവും സമരവും അദ്ധ്വാനവും ചേര്‍ന്നതാണ് ആ റിയലിസം.

റോണ്ടാ ബയണിന്റെ ദി പവര്‍
പ്രമുഖ ആസ്‌ട്രേലിയന്‍ ടി.വി അവതാരകയും പ്രായോഗിക മന:ശാസ്ത്രജ്ഞയുമായ റോണ്ടാ ബയണ്‍(Rhonda Byrne) എഴുതിയ The Power എന്ന പുസ്തകം ലക്ഷക്കണക്കിനാളുകള്‍ വായിച്ചു. അവരുടെ ആദ്യ പുസ്തകമാണ് The Secret.  ലോ ഓഫ് അറ്റ്‌റാക്ഷന്‍ (ആകര്‍ഷണ നിയമം)എന്ന തത്ത്വമാണ് അതില്‍ പറയുന്നത്. ചിന്തകളുടെ സ്വഭാവമനുസരിച്ചാണ് നമ്മുടെ ജീവിതം ആയിത്തീരുന്നത്. നാം നെഗറ്റീവ് ആയിക്കൊണ്ടിരുന്നാല്‍ ജീവിതവും അതുപോലാവും. ‘ദി പവര്‍’എന്ന പുസ്തകമാകട്ടെ, ജീവിത വിജയത്തിന്റെ പ്രായോഗിക പാഠങ്ങളും തത്ത്വങ്ങളും ഉള്‍ക്കൊള്ളുന്നു. ഇതിലെ ചില ആശയങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു:

1) ജീവിതം നിങ്ങളോടാണ് പ്രതികരിക്കുന്നത്; അത് നിങ്ങള്‍ക്കായി സംഭവിക്കുന്നതല്ല. നിങ്ങള്‍ വിളിക്കുകയാണ് ജീവിതത്തെ .
2) നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ കഥ എഴുതുകയാണ്.
3)നിങ്ങള്‍ക്ക് സ്‌നേഹിക്കാന്‍ കഴിയാത്തതില്‍ നിന്ന് മാറി നടക്കുക;അതിനോടു ഒരു തരത്തിലുള്ള വികാരവും പാടില്ല. അതെല്ലാം നല്ലതായിരിക്കാം; പക്ഷേ, നിങ്ങളുടെ ജീവിതത്തില്‍ അതിനൊന്നും സ്ഥാനമില്ല.
4)അനുഭവിക്കുന്നതെല്ലാം,നിങ്ങളുടെ ചിന്തകളിലും വികാരങ്ങളിലും നിങ്ങള്‍ എന്ത് നല്കിയോ അതിന്റെ ഫലമായിട്ടുള്ളതാണ്; അത് നിങ്ങള്‍ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും.
5) സന്തോഷത്തോടെയിരിക്കുകയാണെങ്കില്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കും. നിങ്ങള്‍ക്കത് കിട്ടുകയും ചെയ്യും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പാട്ട് റോഡിയോയില്‍ നിന്ന് കേള്‍ക്കാനിടവരികയാണെങ്കില്‍, അത് കുറേക്കൂടി നല്ലത് ചിലത് വരാനുണ്ടെന്ന സൂചനയാകാം. അവിടെ Law of Attractionപ്രവര്‍ത്തിക്കുന്നു.
6)ജീവിതത്തില്‍ ഉയര്‍ച്ച നേടുന്നവര്‍ അനുഭവിക്കുന്ന സന്തോഷം അവര്‍ എന്തിനെയാണോ സ്‌നേഹിച്ചത് അതിന്റെ ഫലമാണ്. അവര്‍ ഭാവന ചെയ്തതിനോടുള്ള സ്‌നേഹം അവര്‍ക്ക് വേറൊരു രീതിയില്‍ തിരിച്ചുകിട്ടുകയാണ്.

വായന
ഇ.സി.അനന്തകൃഷ്ണന്‍ എഴുതിയ ‘ശതാബ്ദിയിലെത്തുന്ന ദുരവസ്ഥയും കേരളത്തിന്റെ സമകാലിക സാഹചര്യങ്ങളും’ (ജന്മഭൂമി ഓണപ്പതിപ്പ്) എന്ന ലേഖനം വളരെ പ്രസക്തമായി തോന്നി. അനാചാരങ്ങളെ തുറന്ന് എതിര്‍ത്ത കവിയാണ് ആശാന്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കവിതകള്‍ കേരളത്തിന്റെ സാമൂഹ്യജീവിതത്തെ ഉന്നതമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ലേഖകന്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത, ജാതിക്കതീതമായ ഏകീകൃത സമൂഹം ആശാന്റെ ലക്ഷ്യമായിരുന്നു എന്നുള്ളതാണ്. അതില്‍ പക്ഷേ, കവി വിജയിച്ചില്ല.ഒരു ശക്തിയെയും പേടിക്കാത്ത കവിയാണ് താനെന്ന് ആശാന്‍ തെളിയിച്ചത് ‘ദുരവസ്ഥ’യിലൂടെയാണ്.

ജി.കെ.രാംമോഹന്‍ എഴുതിയ ‘പുഴവക്കിലൂടെ’ എന്ന കവിതയിലെ (കേസരി, സപ്തംബര്‍ 18 ) ഈ വരികള്‍ ഏകസാരമായ ഒരു മതത്തിന്റെ പ്രതിധ്വനിയായി.
‘എല്ലാമിട്ടെറിഞ്ഞവസാനമേക
ബിന്ദുവില്‍ വാക്കും
പൊരുളും
സന്ധിക്കുമ്പോള്‍.’
എല്ലാ വാക്കുകളുടെയും അര്‍ത്ഥം ഒന്നാകുന്ന ഒരു നിമിഷമുണ്ട്. അതാണ് ആത്മജ്ഞാനത്തിന്റെ പരമമായ അവസ്ഥ.

പത്മനാഭന്റെ കഥ
ടി.പത്മനാഭന്റെ ‘വായന’ (പ്രഭാത രശ്മി, ആഗസ്റ്റ് ) പതിവിനു വിരുദ്ധമായി നല്ല നര്‍മ്മബോധത്തോടെ രചിക്കപ്പെട്ട കഥയാണ്. ഒരു കല്യാണച്ചടങ്ങില്‍ പങ്കെടുക്കുന്ന കഥാകൃത്തിനു നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് വിഷയം. അവിടെയാരും തിരിച്ചറിയാതിരുന്നതിനാല്‍ അദ്ദേഹത്തിനു ഇരിക്കാന്‍ സീറ്റു പോലും കിട്ടിയില്ല. സദ്യയുണ്ണുന്നവന്റെ പിറകില്‍ ഊഴം കാത്ത് നില്ക്കുന്നവനെയും തന്റെ ഒരു കഥ പോലും വായിക്കാത്ത ആരാധകനെയും തിരിഞ്ഞുനോക്കാത്ത ആതിഥേയരെയുമെല്ലാം കഥയില്‍ പരിഹസിക്കുന്നുണ്ട്. ഇതൊക്കെ സത്യസന്ധമായി കഥാകൃത്ത് വിവരിച്ചിട്ടുണ്ട്.

ജോര്‍ജ് ഓണക്കൂറിന്റെ ‘എനിക്ക് എന്നെ ഇഷ്ടമാണ് ‘ (ദീപിക വാര്‍ഷികപ്പതിപ്പ്) വളരെ പഴയ ശൈലിയിലുള്ള കഥയാണ്. ഇതിന്റെ പ്രമേയവും പഴകിയതാണ്. ഒരുമിച്ച് പഠിച്ചവളെ, സ്‌നേഹിതയെ വര്‍ഷങ്ങള്‍ക്കുശേഷം അവിചാരിതമായി കാണുകയാണ്. അത് വിവാഹത്തില്‍ എത്താതെ പറ്റില്ലല്ലോ. പ്രണയം വിവാഹത്തില്‍ അവസാനിക്കുന്നത് ബോറാണെന്ന് നമ്മുടെ എഴുത്തുകാര്‍ എന്നാണ് മനസ്സിലാക്കുന്നത്?
ഈ കഥയില്‍ ആവര്‍ത്തിച്ചുപറയുന്ന ഒരു കാര്യം കഥാകൃത്തിന്റെ അതിജീവന സൂത്രമാണ ്: ‘എനിക്കെങ്കിലും എന്നെ ഇഷ്ടമാണ്.’

ഇത് കുറേക്കൂടി വിപുലീകരിക്കാവുന്നതാണ്. ജീവിതത്തില്‍ പല എതിര്‍പ്പുകളും നേരിടേണ്ടി വരുമല്ലോ. ചിലര്‍ പരാജയപ്പെടുത്താന്‍ നോക്കും. അപ്പോള്‍ നമുക്ക് ചെയ്യാനുള്ളത് ഇതാണ്: നമ്മള്‍ സ്വയം ഉപേക്ഷിക്കാതിരിക്കുക.

കല്പറ്റ നാരായണന്റെ നോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരുന്നുണ്ട്. അതിന്റെ പേര് വിചിത്രമായി തോന്നി- ‘എവിടമിവിടം ?’. ഒന്നും വ്യക്തമല്ല. അദ്ദേഹത്തിന്റെ കവിതകള്‍ ഒന്നും തന്നെ ക്‌ളിക്ക് ആയില്ല. നവീന വീക്ഷണമില്ലാത്തതാണ് കാരണം. പുതിയ ഭാഷയോ ചിന്തയോ കാണാനില്ല.

തസ്രാക്കും ഞാറ്റുപുരയും
ഒ.വി.വിജയന്റെ സ്മാരകമായി തസ്രാക്കില്‍ സംരക്ഷിക്കുന്ന ആ ഞാറ്റുപുരയുമായി ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനു വല്ല ബന്ധവുണ്ടോ? എനിക്ക് തോന്നുന്നത് ഇതൊക്കെ ഓരോ ശാഠ്യമായി പില്ക്കാല വായനക്കാര്‍ സൃഷ്ടിച്ചെടുത്തുവെന്നാണ്. ഖസാക്ക് ഒരു യഥാര്‍ത്ഥ സംഭവമല്ലല്ലോ ആവിഷ്‌കരിക്കുന്നത്. അതുകൊണ്ട് അതിലെ വീടുകളും യഥാര്‍ത്ഥമാവാന്‍ പാടില്ല.ഒ.വി.ഉഷ ഈ വിഷയത്തില്‍ പ്രതികരണം നടത്തുന്നത് (തസ്രാക്കില്‍, മങ്ങാട് രത്‌നാകരന്‍, പ്രഭാതരശ്മി, ആഗസ്റ്റ്) ശ്രദ്ധിക്കാം:

‘അപ്പോള്‍ അന്ന്, കുട്ടിക്കാലത്തെ ഓര്‍മ്മയാണ്, എന്റെ ഓര്‍മ്മയനുസരിച്ച് ഈ കളപ്പുരയായിട്ടല്ല എനിക്കു തോന്നുന്നത്. പിന്നെ തസ്രാക്കില്‍ പോയി ഈ കളപ്പുര കണ്ടപ്പോള്‍ ഈ കളപ്പുരയായിട്ടല്ല തോന്നിയിട്ടുള്ളത്. മാത്രമല്ല, ആ കളപ്പുരയുടെ കുറച്ചും കൂടി ചെറുതായിരുന്നു അത്. പക്ഷേ ,ഇപ്പോള്‍ എന്താന്ന് വച്ചാല്‍ ഇനി ഒന്നും പറയാന്‍ പറ്റില്ല. കാരണം എല്ലാവരും അത് ഈ ഞാറ്റുപുരയില്‍ വച്ചാണ് ഏട്ടന്‍ കഥയെഴുതിയതെന്നും, ഈ ഞാറ്റുപുരയാണ് നമ്മുടെ തറവാട്ടു വീടെന്നു പോലും ചില ആളുകള്‍ ധരിച്ചുവച്ചിട്ടുണ്ട്.”

ഉഷ പറയുന്നത് സത്യമാകാനാണ് സാധ്യത. തസ്രാക്ക് സ്മാരകമാക്കുന്നതിനു മുമ്പ് ഞാന്‍ ആ ഞാറ്റുപ്പുര കണ്ടിട്ടുണ്ട്. അവിടെയിരുന്ന് വിജയന്‍ കഥ എഴുതിയെന്ന് വിശ്വസിക്കാന്‍ ഇതുവരെ തോന്നിയിട്ടില്ല.

നുറുങ്ങുകള്‍

$ഏത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണെങ്കിലും വൈഫൈ സൗകര്യമില്ലെങ്കില്‍ രോഗി ഇറങ്ങിപ്പോയേക്കാം. കാരണം രോഗത്തേക്കാള്‍ പ്രധാനമാണ് ഇന്റര്‍നെറ്റ് എന്ന തിരിച്ചറിവ് രോഗികള്‍ നേടിക്കഴിഞ്ഞു.

$കൊറോണയെക്കുറിച്ച് പ്രതിപാദിക്കുന്ന പത്തോളം പുസ്തകങ്ങളെങ്കിലും പുറത്തിറങ്ങിയിട്ടുണ്ട്. സിസേക്കിന്റെ പാന്‍ഡെമിക് , ചൈനീസ് എഴുത്തുകാരി ഫാംഗ് ഫാംഗിന്റെ ‘വൂഹാന്‍ ഡയറി’ എന്നിവയോടൊപ്പ് ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ് മഹാമാരിയുടെ കാലത്തെ മനശ്ശാസ്ത്ര പ്രശ്‌നങ്ങള്‍ അപഗ്രഥിക്കുന്ന സ്റ്റീവന്‍ ടെയ്‌ലറുടെ ‘ദി സൈക്കോളജി ഓഫ് പാന്‍ഡെമിക്‌സ്.’ പകര്‍ച്ചവ്യാധിക്ക് കാരണമായ വൈറസിന്റെ രണ്ടാം വരവിനെക്കുറിച്ച് ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. വൈറസിന്റെ വ്യാപനം ഭയവും ഭയത്തെക്കുറിച്ചുള്ള ചിന്തയുമാണ് കൂടുതലായി ഉല്പാദിപ്പിക്കുന്നത്. ഇതുമൂലം എത്രയോ പേര്‍ അത്മഹത്യ ചെയ്തു. രോഗം വ്യാപിച്ചത് മനശ്ശാസ്ത്രപരമായ ഒരു ശൂന്യത അവശേഷിപ്പിക്കുകയാണ്.

$പ്രമുഖ വിമര്‍ശകനായിരുന്ന ജി.എന്‍.പിള്ള ‘വേദനയില്‍ ഒരു വെളിച്ചം’ എന്ന ലേഖനത്തില്‍ ചെറുകാടിന്റെ ദീര്‍ഘദര്‍ശനത്തെപ്പറ്റി ഇങ്ങനെ എഴുതുന്നു: ‘സ്വഭാവശുദ്ധിയില്ലാത്ത കമ്മ്യൂണിസം കമ്മ്യൂണിസത്തിന്റെ ശത്രുവായിത്തീരുമെന്നും അത് മനുഷ്യപുരോഗതിക്ക് തടസ്സമായിത്തീരുമെന്നും അദ്ദേഹം കാലേ കണ്ടിരുന്നു .’

$വര്‍ഷംതോറും സ്വന്തക്കാര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നത് മാത്രമാകരുത് സാഹിത്യ അക്കാദമിയുടെ ജോലി. പുസ്തകം അച്ചടിക്കാന്‍ പണമില്ലാത്ത എഴുക്കിത്തുകാര്‍ക്ക് ഉച്ചനീചത്വങ്ങളില്ലാതെ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോം ഉണ്ടാക്കൊടുക്കാന്‍ അക്കാദമിക്ക് ബാധ്യതയുണ്ട്.

$മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ ഇങ്ങനെ എഴുതി:
‘മുന്തിരിച്ചാറു പിഴിയുന്ന മൂവന്തി –
യൊന്നായ്ച്ചിരട്ടയില്‍ ഇത്തിരി മോന്തണം
രാകാശശാഖമുഖിയാം രജനിതന്‍
വാര്‍കൂന്തലില്‍ മുല്ലമാല ചൂടിക്കണം.’

$പോളിഷ് ജ്യോതിശ്ശാസ്ത്രജ്ഞനായ കോപ്പര്‍നിക്കസ് പതിനാറാം നൂറ്റാണ്ടില്‍ സൂര്യനാണ് സൗരയൂഥത്തിന്റെ കേന്ദ്രമെന്ന് കണ്ടുപിടിച്ചല്ലോ. അതുപോലെയാണ് പ്രമുഖ മനശ്ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡ് മനശ്ശാസ്ത്രത്തിലൂടെ മനുഷ്യാസ്തിത്വത്തിന്റെ കേന്ദ്രത്തെ മാറ്റി പ്രതിഷ്ഠിച്ചതെന്ന് ഫ്രഞ്ച് മനോ വിശ്ലേഷകനായ ഷാക് ലക്കാന്‍ അഭിപ്രായപ്പെടുന്നു.

$പന്ത്രണ്ട് വാല്യങ്ങളിലായി (ഓരോന്നും 500 പേജ് വീതം) ലാറ്റിന്‍ ഭാഷയില്‍ എഴുതപ്പെട്ടതാണ് ഹെന്റിക് വാന്‍ റീദിന്റെ ‘ഹോര്‍ത്തൂസ് മലബാറിക്കസ് ‘ (1693). മലയാളി ഡോക്ടറും പണ്ഡിതനുമായ ഇട്ടി അച്യുതന്‍ ഇതിന്റെ രചനയില്‍ വലിയ പങ്കുവഹിച്ചു. ഈ ബൃഹത് ഗ്രന്ഥം ഇംഗ്‌ളിഷിലേക്കും മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയ പ്രൊഫ.കെ.എസ്.മണിലാല്‍ ഒരു മഹാകര്‍മ്മമാണ് അനുഷ്ഠിച്ചത്. പശ്ചിമഘട്ടത്തിലെ മുഴുവന്‍ സസ്യജാലത്തെയും ഇതില്‍ വിവരിക്കുന്നു. ഈ രംഗത്ത് ഇതാണ് മൂലഗ്രന്ഥം. എന്നാല്‍ പ്രൊഫ.മണിലാലിനെ ഇവിടുത്തെ സാംസ്‌കാരിക, ശാസ്ത്രലോകം ആദരിച്ചിട്ടില്ല. അദ്ദേഹത്തിനു പ്രശസ്തി പോരാ എന്ന് തോന്നുകയാണ്.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഓര്‍മ്മയെഴുത്തിനോടുള്ള പ്രേമം എന്തുകൊണ്ട് ?

റെമ്പ്രാന്ത്,റെമ്പ്രാന്ത് വരച്ച വൃദ്ധന്റെ ചിത്രം

റെമ്പ്രാന്തിന്റെ വയസ്സന്മാര്‍

ആധുനികത തേടി പിന്നോട്ട്

വിമര്‍ശനം ഒരു ചീത്തസ്വഭാവമല്ല

പുരോഗമനസാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

യാതനയും ആത്മീയസ്വാതന്ത്ര്യവും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300.00 ₹250.00
  • കേസരി വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
  • RSS in Kerala: Saga of a Struggle ₹500.00
Follow @KesariWeekly

Latest

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

ശുദ്ധമായ അദ്വൈത ബ്രഹ്‌മം (നിര്‍വികല്പം 27)

മഹാഭാരതി

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

ഡല്‍ഹി കലാപത്തിന്റെ അണിയറ രഹസ്യങ്ങള്‍

ഒരുനേരമെങ്കിലും

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies