Friday, August 12, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പദാനുപദം

ഒരാള്‍ എഴുതിയാല്‍ അവസാനിക്കുന്നതല്ല കവിത

എം.കെ. ഹരികുമാര്‍

Print Edition: 2 October 2020

ചില ശുദ്ധാത്മാക്കള്‍ ചോദിക്കാറുണ്ട്, ക്ലാസിക്കുകള്‍ വേണ്ടുവോളം ഉണ്ടല്ലോ, ഇനി എന്തിനാണ് നമ്മള്‍ എഴുതുന്നതെന്ന്. വളരെ ഉപരിപ്ലവമായ ഒരു നിരീക്ഷണമാണിത്. ഇവര്‍ ഉദ്ദേശിക്കുന്നത് കുറച്ചുകൂടി വിശദീകരിക്കാം. ഷേക്‌സ്പിയറുടെ നാടകങ്ങളും കാളിദാസന്റെ കൃതികളും ടാഗൂറിന്റെ കവിതകളും ഉള്ളതുകൊണ്ട് പുതിയ തലമുറയില്‍പ്പെട്ടവര്‍ എഴുതേണ്ടതുണ്ടോ? അതൊക്കെ വായിച്ചാല്‍ പോരേ എന്നാണ് ഇവര്‍ ചോദിക്കുന്നത്. തീര്‍ച്ചയായും ഇവരുടെയൊക്കെ കൃതികള്‍ ജീവിതത്തെക്കുറിച്ച് സാരവത്തായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ചില ഉത്തരങ്ങള്‍ കണ്ടെത്തുന്നുണ്ട്.പക്ഷേ, അതൊക്കെ അവരവരുടെ രീതിയിലുള്ളതാണ്.

ഓരോ കുടുംബത്തിലെയും ദുഃഖം അവരവരുടെ രീതിയിലുള്ളതാണെന്ന് ടോള്‍സ്റ്റോയ് നിരീക്ഷിക്കുന്നത് ഇവിടെ ഓര്‍ക്കാം.

ഒരു കവി എഴുതുന്നത് അയാള്‍ സങ്കല്പിച്ചതും അനുഭവിച്ചതുമായ കാര്യങ്ങളാണ്. അതില്‍ വ്യക്തിപരമായ പ്രാപഞ്ചികതയുണ്ട്. പക്ഷേ, അത് മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചുള്ള അവസാനവാക്കല്ല. ഓരോ വ്യക്തിയും ജീവിതത്തെ തന്റേതായ നിലയിലാണല്ലോ അനുഭവിക്കുന്നത്. മുമ്പ് ജീവിച്ചവര്‍ ആരും നമ്മുടെ ജീവിതസമസ്യകള്‍ക്ക് മുന്നിലില്ല. അവര്‍ക്ക് നമ്മുടെ യാതനകളില്‍ ഇടപെടാനാവില്ല. അതുകൊണ്ട് എത്ര പ്രബോധനങ്ങള്‍ കേട്ടാലും,പുലി ഓടിക്കുമ്പോള്‍ രക്ഷപ്പെടാന്‍ സ്വന്തം വഴി നോക്കണം. ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാന്‍ വേറെ ഒന്നുമില്ല. ഒരു മനുഷ്യന്റെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യവും സമസ്യയും അവന്‍ സ്വന്തം ശരീരത്തിനുള്ളില്‍ ജീവിച്ച് നേരിടുന്നതാണ്. അതിനു തുല്യമായി യാതൊന്നും ഈ ഭൂമിയിലില്ല. മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ വളരെ കട്ടപിടിച്ചതും തണുത്തുറഞ്ഞതുമായ ഏകാന്തതയെ നേരിടുകയാണ്. അത് ആശയസംവേദനാത്മകമാണെങ്കില്‍ പോലും ഒരിക്കലും പൂര്‍ണമായി പിടി തരുന്നതല്ല. വിജനവും ഭീതിതവുമായ ഒരു അവസ്ഥയാണത്. അവിടെ ഒരാള്‍ക്ക് തന്റെ നിരുപാധികമായ ജീവിതത്തെ നേരിടേണ്ടതുണ്ട്. ഇതാണ് ഓരോ കാലത്തുംഅതിന്റെ ആന്തരിക പ്രകാശനം എന്ന നിലയില്‍, കലയും കാലവും ആവശ്യമായി വരുന്നത്.

ടാഗൂര്‍ എഴുതിയത് അദ്ദേഹത്തിന്റെ ജീവിതദര്‍ശനങ്ങളും അനുഭവങ്ങളുമാണ്. അത് പുതിയ നിരീക്ഷണങ്ങളെ ഉല്പാദിപ്പിക്കുകയാണ്. ഒരാള്‍ എഴുതുന്നത് അയാളുടെ സ്വന്തം ആത്മീയഭൂവിഭാഗത്തെക്കുറിച്ചാണ്. അത് അനന്യമായിരിക്കുമ്പോള്‍ തന്നെ സമ്പൂര്‍ണമല്ല. അത് സ്വയം സൃഷ്ടിക്കുന്ന പരിധിക്കുള്ളിലാണ്. അത് അന്തിമമായ കവനമോ ആഖ്യാന മോ അല്ല. അങ്ങനെയാകാനൊക്കില്ല. ഒരാള്‍ക്ക് ആത്യന്തികമായ ആവിഷ്‌കാരം നല്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, അത് ഈ ലോകത്തിലെ അവസാനത്തെ ആവിഷ്‌കാരമല്ല. ആവിഷ്‌കാരങ്ങള്‍ പിന്നെയും അവശേഷിക്കുന്നു. ഒരാള്‍ എഴുതിയാല്‍ തീരുന്നതല്ല കവിത. അത് പിന്നെയും പിന്നെയും ദീര്‍ഘിക്കുകയാണ്, സൈബര്‍ ഇടങ്ങള്‍ പോലെ. ഒരു കവി എത്രയെഴുതിയാലും അത് ഒന്നിന്റെയും അവസാനമല്ല. മറ്റൊരാളുടെ കവിത ആര്‍ക്കും എഴുതാനാവില്ല. ഓരോരുത്തരും എഴുതുന്നത് സ്വന്തം ശരീരത്തിനുള്ളിലെ ഭൂഖണ്ഡങ്ങളെക്കുറിച്ചാണ്.

മൈന്‍ഡ് ദി ഗ്യാപ്
മെട്രോ ട്രെയ്‌നില്‍ നിന്ന് ഇറങ്ങാന്‍ നേരം മൈന്‍ഡ് ദി ഗ്യാപ് എന്ന് അനൗണ്‍സ്‌മെന്റ് കേള്‍ക്കാം. അവിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലുള്ള അകലം ശ്രദ്ധിക്കൂ, കാല് വഴുതി അവിടേക്ക് വീഴല്ലേ എന്നാണ് ഓര്‍മ്മിപ്പിക്കുന്നത്. വിടവ് ശ്രദ്ധിച്ചാല്‍ അപകടം ഒഴിവാക്കാം. സാഹിത്യത്തിലും ആത്മീയതയിലും ‘മൈന്‍ഡ് ദി ഗ്യാപ്’ ഉണ്ട്. സൂക്ഷ്മാനന്ദ സ്വാമിയുടെ പുസ്തകത്തിന്റെ പേര് ‘മൈന്‍ഡ് ദി ഗ്യാപ്’ എന്നാണ്. ആത്മീയമായി ഓരോ നിമിഷവും ജീവിക്കാന്‍,മനസ്സിലെ ശൂന്യതകളെ മനസ്സുകൊണ്ടുതന്നെ പൂരിപ്പിക്കണമെന്നാണ് അത് അര്‍ത്ഥമാക്കുന്നത്.

സാഹിത്യരചനയില്‍ ‘മൈന്‍ഡ് ദി ഗ്യാപ്’ അഥവാ ശൂന്യതയെ മനസ്സുകൊണ്ട് പൂരിപ്പിക്കുക എന്നുള്ള ആശയം വളരെ വിലപ്പെട്ടതാണ്. ഓരോ നിമിഷത്തിലും അനുഭവങ്ങളും യാഥാര്‍ത്ഥ്യങ്ങളും നമ്മുടെ ഇരുവശത്തുമായി ഒഴുകുകയാണ്. അത് ഭൂരിപക്ഷവും നഷ്ടപ്പെടുന്നു. അതുകൊണ്ട് കലാകാരന്‍ ഓരോ നിമിഷവും നിരീക്ഷിച്ച്, അനുഭവിച്ച് എഴുതണം. ഒരു ഖണ്ഡികയില്‍ ഓരോ വാചകവും ആഴമുള്ള നിരീക്ഷണമാകണം. ജീവിതത്തിനുള്ളിലേക്കുള്ള ചവിട്ടുപടികളായി അത് മാറണം.

എങ്ങനെ നിരീക്ഷിക്കാനാകും? അതിനാണ് സ്വയം നിരീക്ഷണം വേണ്ടത്. സ്വന്തം മനസ്സിന്റെ ചലനങ്ങള്‍ സൂക്ഷ്മമായി അറിയണം. മനസ്സ് എങ്ങോട്ടു പോകുന്നു,എവിടെ ചെല്ലുന്നു, എപ്പോള്‍ മടങ്ങുന്നു, എന്തെല്ലാം അരുതാത്തത് ചെയ്യുന്നു, അതെങ്ങനെ നമ്മെ ചീത്തയാക്കുന്നു, അതിനു നമ്മള്‍ എങ്ങനെ പ്രോത്സാഹനം കൊടുക്കുന്നു, നമ്മള്‍ എങ്ങനെ മാലിന്യങ്ങളുടെ നദിയാകുന്നു തുടങ്ങിയ കാര്യങ്ങള്‍ മറ്റൊരാളായി മാറി നിന്ന് നിരീക്ഷിച്ച് നാം തന്നെ കണ്ടെത്തണം. ഈ പ്രക്രിയ ഒരു മിനിട്ട് ചെയ്യാനായാല്‍ ഒരാള്‍ ആത്മീയമായി ധനികനാകും. നമ്മള്‍ ഈ പ്രക്രിയയില്‍ ആരുമല്ലെന്ന് ബോധ്യപ്പെടുന്ന നിമിഷം നാം സ്വതന്ത്രനാകും. ഈ വിശകലനങ്ങളാണ് എഴുതേണ്ടത്.

സ്വന്തം മനസ്സിന്റെ ചലനങ്ങളെ പിന്തുടരാന്‍ കഴിയുന്ന ഒരാള്‍ക്ക് മറ്റുള്ളവരെയും ശ്രദ്ധിക്കാനാകും. അങ്ങനെ അയാള്‍ ഓരോ നിമിഷത്തെയും അറിയുന്നവനായി മാറും. ഒരു കഥാപാത്രത്തിന്റെ മനസ്സ് എങ്ങനെ പഠിക്കും? അതിനു മനസ്സിനെ പിന്തുടരേണ്ടതുണ്ട്. ഇത് ഓരോ വ്യക്തിക്കും വ്യത്യസ്തമായ സഞ്ചാരപഥവും അടയാളവുമാണ് നേടിക്കൊടുക്കുന്നത്.

വായന
ഓണക്കാല വായന തുടരുകയാണ്. ടി. പത്മനാഭന്റെ ‘സത്രം’ (മാതൃഭൂമി ഓണപ്പതിപ്പ്) ആത്മകഥാപരമായ ടോണ്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ മനുഷ്യന്റെ ഇനിയും നഷ്ടപ്പെടാതെ ശേഷിക്കുന്ന ചെറിയ പച്ചത്തുരുത്തുകളെ ഓര്‍മ്മിപ്പിക്കുകയാണ്. പത്മനാഭന്‍ കഥാകൃത്തായി തന്നെ ഈ കഥയില്‍ പ്രത്യക്ഷപ്പെടുന്നു. ‘കത്തുന്ന ഒരു രഥചക്രം’ എന്ന കഥ പരാമര്‍ശിക്കേണ്ടതുണ്ട്. ഒരു കോര്‍പ്പറേറ്റ് മേധാവിയായ സിദ്ധാര്‍ത്ഥ് മേനോന്‍ എന്ന മനുഷ്യനിലുടെ കഥാകൃത്ത് പ്രകൃതിയുടെയും സഹൃദയത്വത്തിന്റെയും നിത്യമായ രമ്യത ഒരിക്കല്‍ കൂടി തിരിച്ചുപിടിക്കുന്നു. മനുഷ്യമനസ്സില്‍ അടിഞ്ഞുകൂടിയിരിക്കുന്ന തിന്മയെ ദുരീകരിക്കുകയാണ് ലക്ഷ്യം.

വ്യഥകള്‍
ദേശമംഗലം രാമകൃഷ്ണന്റെ ‘ഒരേ കൊടുങ്കാറ്റില്‍’ (പ്രസാധകന്‍ ഓണപ്പതിപ്പ്) എന്ന കവിത അശരണമായ ഒരു കാലത്തിന്റെ ഏറ്റവും ഏകാന്തവും വിഭ്രാമകവുമായ മനോവ്യഥകളെ അനുഭവിപ്പിച്ചു. കൊടുങ്കാറ്റു വന്ന് എല്ലാം പിഴുതെറിയുന്ന ഘട്ടത്തില്‍ സാര്‍വത്രികമായ വിഷാദവും സംത്രാസവും കവി പകരുകയാണ്. മുമ്പു നടന്നു പോയ വഴികള്‍ ഇപ്പോള്‍ വിജനമാണ്. അവരവരുടെ കര്‍മ്മങ്ങളില്‍ നിന്ന് പരമാവധി ഫലം ഊറ്റിയെടുക്കാന്‍ ആളുകള്‍ സ്‌ക്രീനുകളില്‍ ചുര മാന്തുന്നു. കവിക്ക് സംസാരിക്കാന്‍ ആരുമില്ല. ഏകാന്തതയ്ക്ക് ജീവന്‍ വച്ചിരിക്കുന്നു.

‘വാതിലടച്ചകത്താണിരി
പ്പെങ്കിലും
വാതില്‍പടിയിലെനി-
ക്കൊരതിഥിയായ്
വന്നുനില്‍ക്കുന്നതും ഞാനേ
ഉളളിലമരും നിഴലുകള്‍ക്കായ്
ഇന്നു വെളുപ്പിനേ
പാലുമായ് വന്നു
നിന്നതും ഞാനേ.’
കൊറോണയുടെ അതിവ്യാപന കാലത്ത് ഈ കവിത മുഴങ്ങുകയാണ്, വേറൊരു ആവൃത്തിയില്‍.

ആത്മീയത
വേറിട്ട ആത്മീയതയെക്കുറിച്ച് ഡോ.ബാബു ജോസഫിന്റെ ലേഖനം (ദേശാഭിമാനി, ആഗസ്റ്റ് 23) ചിന്തിപ്പിക്കുന്നതാണ്. മനുഷ്യന്റെ പ്രവൃത്തിയിലൂടെ ദൈവത്തെ കണ്ടെത്താമെന്നതിന്റെ ഒരാശയാനന്തര ബന്ധമാണിത്. സഹാനുഭൂതിയിലൂടെ ആത്മീയതയിലേക്ക് പ്രവേശിക്കാമെന്ന് അദ്ദേഹം പറയുന്നു. പരിസ്ഥിതിയോടും മൃഗങ്ങളോടും കരുണ കാണിക്കുന്നവരില്‍ ആത്മീയതയുണ്ട്. ഇത് മതവിരുദ്ധമല്ല; എന്നാല്‍ ആത്മീയാനുഭവത്തില്‍ സ്വതന്ത്രവുമാണ്.ബാബു ജോസഫിന്റെ ചിന്തകള്‍ മനുഷ്യത്വത്തെയാണ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

കലയിലും ആത്മീയതയുണ്ട്. ഭദ്രാസനപ്പള്ളികളൊന്നുമില്ലാത്ത ഒരു ലോകത്ത് ആത്മീയതയുടെ ശുദ്ധമായ ആകാശം തേടുകയായിരുന്നു ഷെല്ലി. ദൈവ വിശ്വാസിയല്ലെങ്കില്‍പ്പോലും ആത്മീയതയില്‍ നിന്ന് അന്യമാകുന്നില്ല. പാട്ടുകേള്‍ക്കുന്നതിലും ആത്മീയതയുണ്ട്. പാട്ടു പാടുന്നതു പോലെ.

സംഘര്‍ഷം
ഇരവിയുടെ കഥകള്‍ക്ക് എപ്പോഴും ഒരു ആര്‍ജവത്വമുണ്ടാകും. സുതാര്യവും സുഭഗവുമാണത്. വായനക്കാരുമായി സംവേദന ഐക്യം സ്ഥാപിക്കാന്‍ ഇരവിക്ക് പ്രത്യേക കഴിവുണ്ട്. കേശവന്‍കുട്ടിയുടെ ‘നെയില്‍പോളീഷിട്ട വിരലുകള്‍’ (കേരളകൗമുദി ഓണപ്പതിപ്പ്) എന്ന കഥയും ഈ വസ്തുത ഉറപ്പിക്കുന്നു. കഥയില്‍ കേശവന്‍കുട്ടിയും കര്‍മ്മേന്ദ്രന്‍ സാറുമായുള്ള ബന്ധത്തില്‍ നിറയെ നര്‍മ്മമുണ്ട്. എന്നാല്‍ ഒടുവില്‍ അത് സങ്കീര്‍ണമായ കുടുംബ പ്രശ്‌നങ്ങളിലേക്കും മനുഷ്യബന്ധങ്ങളിലേക്കും തിരിയുന്നു; സംഘര്‍ഷാത്മകമാകുന്നു.

ഒരു സ്വവര്‍ഗാനുരാഗി വരുത്തിവയ്ക്കുന്ന ആഭ്യന്തര പ്രശ്‌നമെന്ന നിലയില്‍ ഈ കഥ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ അടിയിലൂടെ സഞ്ചരിക്കുന്നു.

നാനോ ഭീഷണി


ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരാള്‍ കണ്ട ജീവിതമായിരിക്കില്ല ഇന്ന് നാം നേരിടുന്നത്. ഈ കാലഘട്ടത്തില്‍ മനുഷ്യമനസ്സിനു വലിയ പരിണാമം സംഭവിച്ചു. തൃപ്തിവരാത്തവനും ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നവനുമായ ഒരുവനാണ് പുതിയ മനുഷ്യന്‍. അമേരിക്കന്‍ എഴുത്തുകാരനായ അലന്‍ വീസ്മാന്‍ The world without us (2007) എന്ന കൃതിയില്‍ മനുഷ്യന്‍ ഭൂമുഖത്ത് ഇല്ലാതാവുന്ന ഒരവസ്ഥയെക്കുറിച്ച് എഴുതുന്നുണ്ട്. മനുഷ്യന്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ആവശ്യമുള്ളതില്‍ കൂടുതല്‍ വിഭവങ്ങള്‍ കൊള്ളയടിച്ചിരിക്കുന്നു. പ്രകൃതിയുടെ സമതുലിതാവസ്ഥ തെറ്റിച്ചിരിക്കയാണ്. ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത വിധം പരിസ്ഥിതിക്ക് നാശം സംഭവിച്ചു. ഇതിന്റെ പരിണാമം എന്തായിരിക്കും? നാനോ ടെക്‌നോളജി പുതിയ ഭീഷണിയാണെന്ന് വീസ്മാന്‍ വിശദീകരിക്കുന്നു. നാനോ കണങ്ങള്‍ സ്വയം പെരുകി പരിസ്ഥിതി വ്യവസ്ഥയെ താളം തെറ്റിക്കുമത്രേ. പ്രകൃതിയിലെ വിഭവങ്ങളുടെ സ്വാഭാവിക അവസ്ഥയെ നാനോ കണങ്ങള്‍ നശിപ്പിക്കുമെന്നാണ് ജല മേഖലയെ ഐസ് പാളികളാക്കി മാറ്റുന്നതുള്‍പ്പെടെയുള്ള വിദ്യകള്‍ ചൂണ്ടിക്കാട്ടി വീസ്മാന്‍ സമര്‍ത്ഥിക്കുന്നത്.

നുറുങ്ങുകള്‍

  • സഹോദരന്‍ അയ്യപ്പന്‍ എഴുതിയ ഓണപ്പാട്ട് (മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ) പ്രശസ്തമാണല്ലോ. അതില്‍ ഒരിടത്ത് ഇങ്ങനെ പറയുന്നു:’സത്യവും ധര്‍മ്മവും മാത്രമല്ലോസിദ്ധി വരുത്തുന്ന ശുദ്ധമതംധ്യാനത്തിനാലെ പ്രബുദ്ധരായദിവ്യരാല്‍ നിര്‍ദ്ദിഷ്ടമായ മതം.’

  • റഷ്യന്‍ – അമേരിക്കന്‍ സാഹിത്യകാരനായ വ്‌ളാഡിമിര്‍ നബോക്കോവിനു സാഹിത്യത്തേക്കാള്‍ പ്രിയങ്കരമായ ഒരു വിഷയമുണ്ടായിരുന്നു. ചിത്രശലഭങ്ങളെക്കുറിച്ചുള്ള സവിസ്തര പഠനം (Lepidopterology).

  • ബാലാമണിയമ്മയുടെ കവിതകള്‍ (‘മഴുവിന്റെ കഥ’യും മറ്റും) മലയാളിയുടെ വെറ്റിലയുടെയും ചുണ്ണാമ്പിന്റെയും രുചി പോലെ ഒരു നാട്ടുവഴക്കമാണ്. അതില്‍ പുകയിലയുടെ കടുപ്പവും അടക്കയുടെ കാഠിന്യവുമുണ്ട്.

  • അമേരിക്കന്‍ നോവലിസ്റ്റ് കൊര്‍മാറ്റ് മക്കാര്‍ത്തിയുടെ The Road എന്ന നോവലിനു 2007ല്‍ പുലിറ്റ്‌സര്‍ പ്രൈസ് ലഭിച്ചിരുന്നു. അതിലെ ഒരു വാചകം ഓര്‍മ്മയെക്കുറിച്ച് ഒരു ദീര്‍ഘദര്‍ശനം അവതരിപ്പിക്കുന്നു:’നിങ്ങള്‍ ഓര്‍ക്കാനാഗ്രഹിക്കുന്നത് മറക്കുന്നു; എന്നാല്‍ മറക്കാനാഗ്രഹിക്കുന്നത് ഓര്‍ക്കുകയും ചെയ്യുന്നു.’

  • ഒരു കാലത്ത് സാംബശിവന്‍ ആയിരക്കണക്കിനാളുകള്‍ക്ക് മുന്നില്‍ ലോകത്തിലെ മഹത്തായ സാഹിത്യകൃതികള്‍ കഥാപ്രസംഗമായി അവതരിപ്പിച്ച് ഹരം പകര്‍ന്നു. ഉത്സവപ്പറമ്പുകളായിരുന്നു വേദി. ഇന്ന് ഉത്സവപ്പറമ്പുകളില്‍ ആര്‍ക്കെങ്കിലും ജോര്‍ജ് ഓര്‍വെല്ലിന്റെ 1984, യു ഹുവ (Yu Hua )യുടെ ‘ക്രോണിക്കിള്‍ ഓഫ് എ ബ്‌ളഡ് മര്‍ച്ചന്റ് തുടങ്ങിയ നോവലുകള്‍ അവതരിപ്പിച്ച് കൈയ്യടി നേടാനാവുമോ? അങ്ങനെയൊരു പ്രേക്ഷകസമൂഹം ഇന്നില്ല. സാംബശിവനാകട്ടെ, തന്റെ പ്രബുദ്ധജനതയുടെ നിന്ദാപരമായ അവജ്ഞ ഏറ്റുവാങ്ങി ചരടറ്റ പട്ടത്തെപ്പോലെ, ഭൂതകാലത്തിന്റെ അജ്ഞാതത്വത്തിലേക്ക് തെന്നിത്തെന്നിപ്പോവുകയാണ്.

  • രാഷ്ടീയമാനമില്ലെങ്കിലും സൗന്ദര്യാത്മകമായ സൂക്ഷ്മത കൈവരിക്കുന്നതില്‍ സംവിധായകന്‍ ഭരതന്‍ ശ്രദ്ധാലുവായിരുന്നു.’പ്രയാണം’ എന്ന ചിത്രം ഉദാഹരണമാണ്. പ്രേംനസീര്‍ അഭിനയിച്ച പാര്‍വ്വതി, ഗോപിയും ജയഭാരതിയും വേഷമിട്ട സന്ധ്യമയങ്ങും നേരം, രതിനിര്‍വേദം തുടങ്ങിയ ചിത്രങ്ങളില്‍ ഒരു സംവിധായകന്റെ വൈയക്തികമായ സൗന്ദര്യദാഹം തുടിച്ചുനില്ക്കുന്നു.

  • കല്ലിലും കവിതയുണ്ട്. പൂക്കളിലും കവിതയുണ്ട്. കല്ലിനു ഒരു ഭാഷണമുണ്ട്. അത് കേള്‍ക്കാന്‍ കഴിവുള്ളവന്‍ കലാകാരനാകും. കല്ലിന്റെ കവിതയെ അറിയുന്നിടത്താണ് കവിയുടെ വിജയം. ഏത് രൂപത്തില്‍, ഛന്ദസ്സില്‍ (വൃത്തത്തില്‍) ആ കവിത ആവിഷ്‌ക്കരിക്കണമെന്നത് രണ്ടാമത്തെ കാര്യമാണ്. ഏത് രൂപത്തിലായാലും അതില്‍ കവിതയില്ലെങ്കില്‍ പാഴാണ്.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഓര്‍മ്മയെഴുത്തിനോടുള്ള പ്രേമം എന്തുകൊണ്ട് ?

റെമ്പ്രാന്ത്,റെമ്പ്രാന്ത് വരച്ച വൃദ്ധന്റെ ചിത്രം

റെമ്പ്രാന്തിന്റെ വയസ്സന്മാര്‍

ആധുനികത തേടി പിന്നോട്ട്

വിമര്‍ശനം ഒരു ചീത്തസ്വഭാവമല്ല

പുരോഗമനസാഹിത്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു

യാതനയും ആത്മീയസ്വാതന്ത്ര്യവും

Kesari Shop

  • കേസരി ആജീവനാന്ത വരിസംഖ്യ ₹20,000.00
  • കേസരി വാര്‍ഷിക വരിസംഖ്യ ₹1,100.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
Follow @KesariWeekly

Latest

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

ശുദ്ധമായ അദ്വൈത ബ്രഹ്‌മം (നിര്‍വികല്പം 27)

മഹാഭാരതി

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

ഡല്‍ഹി കലാപത്തിന്റെ അണിയറ രഹസ്യങ്ങള്‍

ഒരുനേരമെങ്കിലും

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies