മുപ്പത് വര്‍ഷത്തെ സേവനത്തിനുശേഷം ഭാരതനേവിയുടെ അഭിമാനമായിരുന്ന വിമാനവാഹിനി, ഐ.എന്‍.എസ് വിരാടിന്റെ അവസാന യാത്രയ്ക്ക് വന്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നല്ലോ. വിടപറയുന്ന ജലരാജാവിനു അന്ത്യപ്രണാമമായി വിമാനവാഹിനികളെക്കുറിച്ചുള്ള കുറിപ്പ് സമര്‍പ്പിക്കുന്നു.
കടല്‍ യുദ്ധങ്ങളുടെ ചരിത്രം ഹോമറിന്റെ ഒഡീസ്സിയുടെ കാലത്തോളംവരും. അക്കിലസ് എന്ന വീരനായകന്‍ സംഹാരതാണ്ഡവം നടത്തിയ ട്രോയ് യുദ്ധത്തില്‍ പോരാളികള്‍ വന്നിറങ്ങിയത് ആയിരത്തോളം കപ്പലുകളിലാണ്. ക്രിസ്തുശിഷ്യന്മാര്‍ ലോകം മുഴുവന്‍ യാത്ര ചെയ്തതും പായ്ക്കപ്പലുകളിലാണ്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന കടല്‍ത്തീരവും കടലിടുക്കുകളും ഇഗ്ലണ്ടിനെയും പോര്‍ച്ചുഗലിനെയുമൊക്കെ മധ്യകാലത്തെ വന്‍ നാവികശക്തിയാക്കി. 10-11 നൂറ്റാണ്ടുകളില്‍ തമിഴ്‌നാട്ടിലെ ചോളരാജാക്കന്മാര്‍ ശ്രീലങ്കയിലേക്ക് നടത്തിയ വന്‍പടനീക്കങ്ങള്‍, നാവികരംഗത്ത് നമുക്കും ചെറുതല്ലാത്ത പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ആവിയന്ത്രങ്ങളുടെ കണ്ടുപിടുത്തം മാനവപുരോഗതിയില്‍ വന്‍കുതിപ്പിന്റെ ചൂളംവിളികളുയര്‍ത്തിയപ്പോള്‍ അത് നാവികമേഖലയിലേക്കും വ്യാപിച്ചു. പായ്ക്കപ്പലുകളിലെ പായകളുടെ സ്ഥാനത്ത് വന്‍ പുകക്കുഴലുകള്‍ പുക തുപ്പി. അത് പിന്നെ ഡീസല്‍ എഞ്ചിനുകളിലേക്ക് കൂടുമാറി. അതോടെ നാവിക പ്രതിരോധം പോര്‍ക്കളങ്ങളിലെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്ന അവിഭാജ്യ ഘടകമായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറക്കാനുള്ള മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് റൈറ്റ് സഹോദരന്മാര്‍ ചിറകുനല്‍കിയപ്പോള്‍ അക്കാലത്തെ ഏറ്റവും വലിയ ഒരു വന്യസ്വപ്‌നം കൂടി ജന്മമെടുത്തു. വിമാനവാഹിനിക്കപ്പല്‍. അങ്ങിനെ 1910ല്‍, വിര്‍ജീനിയ തുറമുഖത്ത് നങ്കൂരമിട്ട അമേരിക്കന്‍ പടക്കപ്പല്‍ യു.എസ്.എസ് ബിര്‍മിംഗ്ഹാമില്‍ നിന്നും ആദ്യമായി ഒരു യന്ത്രപ്പക്ഷി പറന്നുയര്‍ന്നു. യൂജിന്‍ ബാര്‍ട്ടന്‍ ആയിരുന്നു പൈലറ്റ്. പിന്നീടുള്ള വര്‍ഷങ്ങള്‍ പരീക്ഷണങ്ങളുടേത് ആയിരുന്നു. 1914 ലാണ് ആദ്യമായി യുദ്ധമുഖത്ത് വിമാനവാഹിനി ഉപയോഗിക്കുന്നത്. എംപീരിയല്‍ ജാപ്പനീസ് നേവിയുടെ വക്കാമിയ എന്ന കപ്പല്‍ ഹംഗറിയുടെ ‘കൈസറിന്‍’ എലിസബത്തിനെയും ജര്‍മ്മനിയുടെ ‘കൈഷാവോ’ യെയും നേരിട്ടുകൊണ്ടായിരുന്നു അത്.
രണ്ടാം ലോകമഹായുദ്ധമായപ്പോഴേക്കും നാവികയുദ്ധത്തിന്റെ സങ്കല്‍പ്പങ്ങള്‍ തന്നെ മാറിമറിഞ്ഞിരുന്നു.അപ്പോഴേക്കും യുദ്ധവിമാനങ്ങളും ആകാശപ്പോരാട്ടങ്ങളും യുദ്ധത്തിന്റെ ഗതിയെ നിയന്ത്രിക്കാന്‍ തുടങ്ങി. വിദൂര ദേശങ്ങളിലേക്ക് യുദ്ധവിമാനങ്ങള്‍ എത്തിക്കാനും എവിടെനിന്നും പറന്നുയരാനും തിരിച്ചിറങ്ങാനുമൊക്കെ വിമാനവാഹിനികള്‍ അനിവാര്യമായി. അതോടെ വന്‍ശക്തികളുടെ ആയുധശേഖരത്തിലെ നിര്‍ണായക പോരാളിയായി ഈ ഒഴുകുന്ന വിമാനത്താവളങ്ങള്‍. 1942 രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി തന്നെ തിരിച്ചുവിട്ട പേള്‍ ഹാര്‍ബര്‍ ആക്രമണത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ജപ്പാന്റെ വിമാനവാഹിനികളാണ്. മറ്റേത് ശാസ്ത്രസാങ്കേതിക രംഗവുമെന്നപോലെ വിമാനവാഹിനികളുടെ രൂപവും ഭാവവും മാറിയതും അഞ്ചു പതിറ്റാണ്ടോളം നീണ്ട ശീതയുദ്ധകാലത്താണ്. വിമാനങ്ങളുടെ സാങ്കേതികത പുരോഗമിക്കുന്നതിനൊപ്പം തന്നെ വിമാനവാഹിനികളുടേതും മാറിയല്ലേ പറ്റൂ. പ്രൊപ്പല്ലര്‍ വിമാനങ്ങള്‍ പൂര്‍ണമായും ജെറ്റ് വിമാനങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ അതിനനുസരിച്ച മാറ്റങ്ങളും കരുത്തും വിമാനവാഹിനികള്‍ക്കും വേണ്ടി വന്നു.
വിമാനവാഹിനി
പേരുപോലെ തന്നെ വിമാനം വഹിക്കുന്നത്. പക്ഷെ വിമാനം വഹിക്കുക മാത്രമല്ല, വിമാനങ്ങള്‍ പറന്നുയരുകയും ലാന്‍ഡ് ചെയ്യുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും സൂക്ഷിക്കുകയും ഇന്ധനം നിറക്കുകയും ഒക്കെ ചെയ്യുന്ന ഒരു ടൗണ്‍ ഷിപ്പ് തന്നെയാണ് ഒരു വിമാനവാഹിനിക്കപ്പല്‍. ഒരു വിമാനവാഹിനിയിലെ ശരാശരി നാവികരുടെ എണ്ണം 2500 നും 4000 നും ഇടക്കാണ്.
സാധാരണ ഒരു റണ്‍വേയില്‍ നിന്നും വിമാനം പറന്നുയരുന്നത് പോലെയല്ല വിമാനവാഹിനിയില്‍ നടക്കുന്നത്. കിലോമീറ്ററുകളോളം നീളമുള്ള സാധാരണ റണ്‍വേകളില്‍, വേഗമെടുത്ത് പറന്നുയരാനുള്ള സ്ഥലമുണ്ടാകും. എന്നാല്‍ ഏറിയാല്‍ മുന്നൂറു മീറ്റര്‍ നീളമുള്ള വിമാനത്തിന്റെ ഡെക്കില്‍ ആ ആര്‍ഭാടം ഉണ്ടാകില്ല. ഇതിന് പലതരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. CATOBAR (Catapult Assisted Take Off But Arrested Recovery), STOBAR (Short take-off but arrested recovery), EMALS( Electromagnetic Aircraft Launch System എന്നിവയാണ് അതില്‍ പ്രധാനം.
CATOBAR, STOBAR എന്നിവയുടെ പോരായ്മകള്‍ തീര്‍ത്തുകൊണ്ടുള്ള EMALS സാങ്കേതികവിദ്യ വികസനഘട്ടത്തിലാണ്. ഇഅഠഛആഅഞ-CATOBAR രീതിയിലെ ആവിയന്ത്രത്തിനുപകരം ചെറുതും ലളിതവും ശക്തവുമായ വൈദ്യുതകാന്തിക മെക്കാനിക് രീതിയാണിവിടെ ഉപയോഗിക്കുന്നത്. ഈ ടെക്‌നോളജിയുടെ കൈമാറ്റത്തിന് വേണ്ടി ഇന്ത്യയും അമേരിക്കയും കരാറിലേര്‍പ്പെട്ടിട്ടുണ്ട്. നിര്‍മ്മാണത്തിലിരിക്കുന്ന ഐ.എന്‍.എസ് വിശാലില്‍ ഉപയോഗിക്കാന്‍ പോകുന്നത് ഇതാണ്.
ലോകത്തില്‍ ആകെ ഏതാണ്ട് നാല്പതോളം വിമാനവാഹിനികളാണ് ഉപയോഗത്തിലുള്ളത്. അതില്‍ പകുതിയും സ്വന്തമാക്കിയിരിക്കുന്നത് അമേരിക്കയും. 977 ല്‍ കമ്മീഷന്‍ ചെയ്ത നിമിത്സ് ക്ലാസ്സിലുള്ള വിമാനവാഹിനികളാണ് ഏറ്റവും കരുത്തേറിയത്. ഒരു ലക്ഷം ടണ്ണിലധികം കേവുഭാരവും 335 മീറ്റര്‍ നീളവുമുള്ള ഇവ ആണവശക്തിയിലാണ് പ്രവര്‍ത്തിക്കുന്നത്. 80 വിമാനങ്ങള്‍ ഒരേ സമയം വഹിച്ചുകൊണ്ട് ഇത്തരത്തിലുള്ള പത്ത് വിമാനവാഹിനികള്‍ ഭൂമിയുടെ കടലാഴങ്ങളെ അടക്കി വാഴുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ആകെ പൊട്ടിയ ബോംബുകളുടെ ആയിരക്കണക്കിനിരട്ടി സംഹാരശേഷിയുള്ള ആണവായുധങ്ങളുമായാണ് ഓരോ കപ്പലും സഞ്ചരിക്കുന്നത്. ഒരൊറ്റ ബോംബിങ്ങില്‍ അമേരിക്ക മുഴുവന്‍ തകര്‍ന്നാലും എവിടെയെങ്കിലുള്ള ഒരൊറ്റ നിമിറ്റ്‌സിലെ മിസൈലുകളും വിമാനങ്ങളും മതി ലോകത്തിനെ പലതവണ ചാമ്പലാക്കാന്‍. അമേരിക്കയുടെ ഈ നാവിക കരുത്ത് അടുത്തുകണ്ടത് ഗള്‍ഫ് യുദ്ധത്തിലും അഫ്ഗാന്‍ യുദ്ധത്തിലുമാണ്. അറബിക്കടലിന്റെ നടുവില്‍ നങ്കൂരമിട്ട, യു.എസ്.എസ ്‌പെന്‍സില്‍വാനിയായും യു.എസ്.എസ് കാല്‍വിന്‍സണും യു.എസ്.എസ് കെന്നഡിയുമൊക്കെ തൊടുത്തുവിട്ട വിമാനങ്ങളും മിസ്സൈലുകളുമാണ് സദ്ദാമിനെയും അല്‍ ക്വയിദയെയും നാമാവശേഷമാക്കിയത്.
നിലവില്‍ പ്രവര്‍ത്തനക്ഷമമായി വിക്രമാദിത്യ എന്ന ഒരു വിമാനവാഹിനിയാണ് നമുക്കുള്ളത്. കൊച്ചിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഐ.എന്‍.എസ് വിക്രാന്തിന്റെ സീ ട്രയല്‍സ് ആരംഭിക്കാന്‍ പോകുന്നു. വിശാഖപട്ടണത്ത് ഐ.എന്‍.എസ് വിശാലിന്റെയും പണി പുരോഗമിക്കുന്നു. പശ്ചിമ പൂര്‍വ്വതീരങ്ങളില്‍ ഓരോന്ന് വീതവും സദാ സജ്ജമായി ദക്ഷിണ തീരത്ത് ഒരെണ്ണവും എന്നതാണ് നമ്മുടെ ആവശ്യം. വിമാനവാഹിനി നിര്‍മ്മാണത്തില്‍ പ്രാവീണ്യമുള്ള നാലാമത്തെ രാജ്യമാണ് ഭാരതം.
1971 ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ഡീക്കമ്മീഷന്‍ ചെയ്യപ്പെട്ട പഴയ വിമാനവാഹിനി വിക്രാന്താണ്. കറാച്ചി തുറമുഖത്തെയും അവിടുത്തെ എണ്ണ സംഭരണികളെയും തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍, യുദ്ധം തുടരാനാവശ്യമായ എണ്ണയില്ലാതെ പാകിസ്ഥാന്‍ കൊമ്പുകുത്തുകയായിരുന്നു.
സൈനികശക്തിയുടെ പൊങ്ങച്ച പ്രദര്‍ശനമല്ല വിമാനവാഹിനികള്‍;രാജ്യസുരക്ഷയുടെ നട്ടെല്ല് തന്നെയാണ്. സ്വന്തം വിമാനവാഹിനി ഉള്ള നാവികസേനയും ഇല്ലാത്തവരും തമ്മിലുള്ള അന്തരം തന്നെയാണ് ഒരു ആധുനിക പോരാട്ടത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതും.