അര്‍ജന്റയിന്‍ കഥാകൃത്തായ ഹൊര്‍ഹെ ലൂയി ബോര്‍ഹസ് (Jorge Lui Borges,1899-1986) നോവലെഴുതിയിട്ടില്ല. അദ്ദേഹം തന്റെ മാധ്യമമായ കഥയെയാണ് ഉടച്ചുവാര്‍ക്കുകയും തേച്ചുമിനുക്കുകയും ചെയ്തത്.
ബോര്‍ഹസിന്റെ കഥകള്‍ മലയാളത്തില്‍ നാം പരിചയിച്ച മട്ടിലുള്ള കുടുംബ വൃത്താന്തമോ, പ്രണയമോ, ദാമ്പത്യ കലഹമോ, രാഷ്ട്രീയ സംഭവങ്ങളോ, വ്യക്തിഗതമായ ഒറ്റപ്പെടലോ ഒന്നുമല്ല. ഇങ്ങനെയുള്ള വിഷയങ്ങള്‍ അദ്ദേഹത്തെ മടുപ്പിച്ചിരിക്കണം. അദ്ദേഹം കഥയെക്കുറിച്ചാണ് ചിന്തിച്ചത്. കഥ എന്ന മാധ്യമം ഒരു കല്പിത യാഥാര്‍ത്ഥ്യമായിരിക്കെ, അതിന്റെ കല്പിതാംശത്തെ തന്നെ വീണ്ടും പരിശോധിക്കുകയാണ് ബോര്‍ഹസ് ചെയ്തത്. ഒരു അചുംബിത കഥ എന്ന ആശയം പൊള്ളയാണ്. അതിനു പകരമായി അദ്ദേഹം കഥയില്‍ സ്വപ്‌നങ്ങളും ചരിത്ര വസ്തുതകളും സമസ്യകളും ചേര്‍ത്തു. വ്യക്തി സ്വയം കണ്ടുപിടിക്കേണ്ട ഏതോ അവസ്ഥയാണെന്ന് ബോര്‍ഹസ് അനുമാനിക്കുന്നു. പരിമിതമെന്ന് തോന്നുന്നതെല്ലാം അപരിമിതവും പരിചിതമെന്ന് തോന്നുന്നതെല്ലാം അപരിചിതവുമാണെന്ന് ബോര്‍ഹസ് പറഞ്ഞത് സ്വന്തം കഥകളിലൂടെയാണ്. ഫിക്ഷന്‍സ്, ദ് അലെഫ് (The Aleph)തുടങ്ങിയ സമാഹാരങ്ങളിലൂടെയാണ് ബോര്‍ഹസ് ലോകകഥയില്‍ ആഞ്ഞുവീശിയത്. തത്ത്വചിന്താപരമായ സാഹിത്യമാണിത്. ഓരോ കഥയും പുതിയ രൂപത്തെ തേടുന്നു.
അദ്ദേഹം അദ്ധ്യാപകനും ലൈബ്രേറിയനുമായിരുന്നു. ബ്യൂനസ് അയേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. 1971 ലാണ് പ്രശസ്തമായ ജറുസലേം സമ്മാനം ലഭിച്ചത്.
അനശ്വരന്‍ ആരാണ്?
ബോര്‍ഹസിന്റെ അനശ്വരന്‍ (The Immortal)എന്ന കഥ കാലാതിവര്‍ത്തിയായ അനന്തതയോടുള്ള മനുഷ്യദാഹമാണ് ചര്‍ച്ച ചെയ്യുന്നത്. മനുഷ്യന്‍ എന്നും ആഗ്രഹിച്ചത് അനശ്വരനായിരിക്കാനാണ്. മരിക്കുന്നത് ഇഷ്ടമല്ലല്ലോ. മരിച്ചാലും പിന്നെയും ജനിക്കണം. മരണമില്ലാതിരിക്കാന്‍ ദൈവത്തില്‍ വിശ്വസിച്ചേക്കാം എന്ന് കരുതുന്നവരുണ്ട്. അനശ്വരതയ്ക്ക് വേണ്ടി അലയുന്ന ഒരു പട്ടാളക്കാരന്റെ കഥയാണിത്. ആ കഥയില്‍ ശ്രദ്ധേയമായി തോന്നിയ ഒരു കാര്യം മരണത്തെക്കുറിച്ചും അനശ്വരതയെക്കുറിച്ചുമുള്ള ചിന്തകളാണ്.
മനുഷ്യര്‍ അനശ്വരജീവികളാണെന്ന് കരുതുന്നതില്‍ അത്ഭുതകരമായി എന്തോ കാണുന്നു. എന്നാല്‍ മറ്റു ജീവികള്‍ അനശ്വരരാണെന്ന് ബോര്‍ഹസ് പറയുന്നു. കാരണം അവര്‍ മരണത്തെപ്പോലും അറിയുന്നില്ല. ക്രിസ്തുമതം ഉള്‍പ്പെടെയുള്ള ചില മതങ്ങള്‍ മരണാനന്തര ജീവിതത്തില്‍, അനശ്വരതയില്‍ വിശ്വസിക്കുമ്പോള്‍ തന്നെ ചെയ്ത തെറ്റുകള്‍ക്കുള്ള പ്രതിഫലം മറ്റൊന്നായി വരുമെന്ന് കണക്കുകൂട്ടുന്നു. ജീവിതം ശിക്ഷ അനുഭവിക്കാനുള്ളതാണെങ്കില്‍ എങ്ങനെ മോചനം ലഭിക്കും? എന്നാല്‍ മരണാനന്തര ജീവിതം, അനശ്വരത എന്നീ വിഷയങ്ങളില്‍ ഹിന്ദുമതം അനുവര്‍ത്തിക്കുന്ന സമീപനമാണ് താരതമ്യേന സ്വീകാര്യമെന്ന് ബോര്‍ഹസ് ഈ കഥയില്‍ വ്യക്തമാക്കുന്നുണ്ട്. അതിന്റെ സംഗ്രഹം ഇങ്ങനെ കുറിക്കുന്നു:
എല്ലാ തിന്മകള്‍ക്കും പ്രതിഫലമായി തിന്മകള്‍ ലഭിക്കാതിരിക്കില്ല. നന്മകളുടെ കാര്യത്തില്‍ നന്മ തിരിച്ചു കിട്ടും. കഴിഞ്ഞ ജന്മത്തില്‍ ചെയ്ത നല്ല കാര്യങ്ങളുടെ പേരില്‍ ഈ ജന്മത്തില്‍ നല്ലതു ലഭിക്കുന്നു. എന്നാല്‍ വരും ജന്മത്തില്‍ വീണ്ടും നമ്മള്‍ ദുരിതത്തിലേക്ക് പതിക്കാം. കര്‍മ്മചക്രത്തിന്റെ ആവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും എല്ലാ അനുഭവങ്ങളും ഇന്നല്ലെങ്കില്‍ നാളെ ലഭിക്കും. അതുകൊണ്ട് ആര്‍ക്കും ഒന്നിനും മേലേയാകാനൊക്കില്ല. ഹോമര്‍ ‘ഒഡിസി’ എന്ന കാവ്യം എഴുതി. എന്നാല്‍ മറ്റൊരാള്‍ക്ക് വേറൊരു ഘട്ടത്തില്‍ അതുപോലൊന്ന് എഴുതാന്‍ കഴിഞ്ഞെന്നു വരും. ഹോമറിന്റെ വ്യക്തിമഹത്വമല്ല അത്. കര്‍മ്മചക്രത്തിന്റെ ഗതിയാണത്. ഏത് നിസ്സാരമായ പ്രവൃത്തിയും വേറൊരു രീതിയില്‍ അര്‍ത്ഥമുള്ളതാണ്. ഒന്ന് മറ്റൊന്നിന്റെ പൂരണമാണ്. ഒരാള്‍ ഒരേസമയം ദിവ്യനും നീചനുമാണ്. അതിന്റെ പൊരുളുകള്‍ ഭൂതകാലത്തോടും ഭാവിയോടും ബന്ധപ്പെട്ടാണിരിക്കുന്നത്.
ഇതിന്റെ അര്‍ത്ഥം സുവ്യക്തമാണ്. നമ്മള്‍ നായ എന്ന് വിളിച്ച് ആക്ഷേപിക്കണ്ട; നായ നമ്മളില്‍ ഉണ്ടായിരുന്നു. അല്ലെങ്കില്‍ പിന്നീട് ഒരിക്കല്‍ നമ്മള്‍ നായയാകും. ‘യോഗവാസിഷ്ഠ’ത്തില്‍ പല മൃഗങ്ങളായും മനുഷ്യരായും പല ജന്മങ്ങളിലൂടെ ജനിക്കുന്നതിനെപ്പറ്റി വിവരിച്ചിട്ടുണ്ടല്ലോ.
അമ്പത്തഞ്ച് വയസ്സുള്ളപ്പോള്‍ അന്ധത ബാധിച്ച ബോര്‍ഹസ് പക്ഷേ, പിന്തിരിഞ്ഞില്ല. അദ്ദേഹം തന്റെ ആന്തരിക ജ്ഞാനം ഉപയോഗിച്ച് കൂടുതല്‍ കരുത്തനായി. 1960 കള്‍ മുതല്‍ ബോര്‍ഹസ് കഥകള്‍ വ്യാപകമായി മറ്റു ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു.
യാഥാര്‍ത്ഥ്യം തന്നെ ഒരു ഫാന്റസിയാണെന്ന് ബോര്‍ഹസ് ചിന്തിച്ചു. ആ കഥകള്‍ ഭാവനയെ പുനര്‍നിര്‍വ്വചിച്ചു. അത് ഏതാണ് യാഥാര്‍ത്ഥ്യമെന്ന കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷില്‍ ബോര്‍ഗസീയന്‍ (Borgesean)എന്ന പ്രയോഗം തന്നെ ഉണ്ടായത്, അദ്ദേഹം ആവിഷ്‌കരിക്കുന്ന ഭ്രമാത്മക ലോകം എന്ന അര്‍ത്ഥത്തിലാണ്. അന്ധനായ ബോര്‍ഹസിനു കഥകള്‍ കേട്ടെഴുതി കൊടുത്തത് ലൈബ്രറിയിലെ സെക്രട്ടറി സൂസന ക്വിന്റേറോസ് (Susana Quinteros) ആണ്. ബോര്‍ഹസ് ഉച്ചകഴിഞ്ഞാണ് ലൈബ്രറിയിലെത്തുക. അദ്ദേഹം കവിതകളും കഥകളും പറഞ്ഞു കൊടുക്കും. പിന്നീട് അത് വായിച്ച് കേട്ട് വേണ്ട തിരുത്തലുകള്‍ നിര്‍ദ്ദേശിക്കും. മൂന്നോ നാലോ കോപ്പികളെടുക്കും. ഒരു കഥയെഴുത്തുകാരന്റെ ജോലി വസ്തുക്കളില്‍ നിന്നു മാറി ചിന്തിക്കുകയാണ്. ഭാവന ചെയ്യണം. എഴുതുന്നതില്‍ ഒരു രസമുണ്ടാവണം. അതോടൊപ്പം ബുദ്ധിപരവുമാകണം. ചെറുപ്പക്കാര്‍ ക്ലാസിക് ഗ്രന്ഥങ്ങള്‍ വായിക്കണം. ആധുനികനാകാന്‍ ശ്രമിക്കേണ്ട. നമ്മള്‍ ആധുനികരാണല്ലോ. ബോര്‍ഹസ് പറയുന്നു.
വായന
ഹര്‍ഷ വിന്‍സെന്റ് എഴുതിയ അനുനാദം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലായ് 26) യാഥാര്‍ത്ഥ്യവുമായി ബന്ധമുളള, സത്യസന്ധമായ രചനയാണ്. ഒരു യുവതിയുടെ മനസില്‍ തളം കെട്ടുന്ന തീക്ഷ്ണമായ വിഷമങ്ങള്‍ അവതരിപ്പിക്കുന്നു. അവള്‍ ചിരിച്ചുകൊണ്ട് മരണത്തെ നേരിടുന്നു. മരണമടഞ്ഞ വല്യപ്പച്ചനെ ആശുപത്രിയില്‍പ്പോയി കണ്ട കാര്യം പറയുന്നതിനിടയില്‍ ഇങ്ങനെ വായിക്കാം: ‘കാലം ചോരയൂറ്റിക്കുടിച്ചെന്നോണം ശോഷിച്ചിരുന്നു അയാളുടെ കൈകാലുകള്‍; പരാജിതനായ അയാളുടെ ഹൃദയത്തിന്റെ തേങ്ങലുകളുമായിച്ചേര്‍ന്ന് കൈപ്പത്തിയില്ലാത്ത ഇടതു കൈ അസ്വസ്ഥമായി കവനം ചെയ്തു കൊണ്ടിരുന്നു.’
കുഴിവെട്ടുകാരന്റെ കുടുംബത്തിന്റെ കഥ പറഞ്ഞ രാഹുല്‍ മണപ്പാട്ട് (ചാവുതൊടല്‍, എഴുത്ത് ആഗസ്റ്റ് ) വാക്കുകളുടെ മൂര്‍ച്ച മനസ്സിലാക്കിയ എഴുത്തുകാരനാണ്. അദ്ദേഹം കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നു. ഭാഷ നന്നായി ഉപയോഗിക്കുന്നുമുണ്ട്. രാത്രിയും ഇരുട്ടും അപ്പനെ താങ്ങിപ്പിടിച്ച് വലിച്ചോണ്ട് പൊരേലേക്ക്, ഇരുട്ട് പകലിലോട്ട് ഇറങ്ങിപ്പോവാതെ ശ്മശാനത്തിലെ മരങ്ങള്‍ക്കിടയില്‍ തൂങ്ങി നിന്നു. തുടങ്ങിയ പ്രയോഗങ്ങള്‍ സൂക്ഷ്മ സംവേദനം തന്നു.
മീരാമധു എഴുതിയ ‘ചിലകാലങ്ങള്‍’ (പ്രഭാതരശ്മി, ജൂണ്‍) കവിതയുടെ നൂല്‍പ്പാലത്തിലൂടെ വായനക്കാരെ നടത്തുന്നു:
‘പിന്നിട്ട വസന്തങ്ങളെ
ഓര്‍ത്തെടുക്കുവാന്‍
പൂവായ പൂവുകളില്‍ നിന്ന്
തേനായ തേനൊക്കെ ശേഖരിച്ച്
അറ നിറയ്ക്കും കാലം.’
വി.രവികുമാര്‍ ഫ്രഞ്ച് കവി ബോദ്‌ലേറുടെ പാപത്തിന്റെ പൂക്കള്‍ അതിമനോഹരമായി പരിഭാഷപ്പെടുത്തിയത് (മാതൃഭൂമി ആഴ്ചപ്പതിപ്പ് ആഗസ്റ്റ് 16) ശ്രദ്ധേയമായി. മനസ്സില്‍ തറയ്ക്കുന്ന വാക്കുകള്‍.
‘നോക്കൂ, ആകാശത്തിന്റെ മട്ടുപ്പാവില്‍ നിന്ന് താഴേക്ക് നോക്കുന്നു, പിഞ്ഞിയ, പഴകിയ മേലുടുപ്പുകളുമണിഞ്ഞു പൊയ്‌പ്പോയവര്‍ഷങ്ങള്‍’ .
ഭരതന്‍
രാമായണത്തിലെ ഭരതന്‍ എന്ന ലേഖനമെഴുതിയ (കേസരി,ആഗസ്റ്റ് 14) അഡ്വ.ഡി.പ്രസാദ് ഭാരതത്തിന്റെ മഹത്തായ സംസ്‌കാരം ഭരതനിലൂടെ അന്വേഷിക്കുന്നു. രാമന്‍ വരുന്നതുവരെ താപസ വേഷധാരിയായി അയോദ്ധ്യയ്ക്കപ്പുറത്ത് നന്ദിഗ്രാമത്തില്‍ വസിക്കുമെന്ന് പറയുന്ന ഭരതനെപ്പോലൊരു ആദര്‍ശശാലി, ധീരന്‍ അത്യപൂര്‍വ്വമാണ്.
സുധീഷ് കോട്ടേമ്പ്രം എഴുതിയ ‘പതിനൊന്നരയുടെ വെയില്‍’ (മലയാളം, ജൂലായ് 31) എന്ന കവിതയില്‍ ഒരു നിരീക്ഷണം ഇങ്ങനെ: ‘സുഖം എന്ന വാക്കിലെ ജീവിതമില്ലായ്മ
വല്ലാതെ ചീര്‍ത്തു വന്നോ?
ഭാഷ കൊള്ളാതായപോലെ.
പഠിക്കുന്ന കാലത്തേതുപോലെ
ഭാഷയ്ക്ക് ചേലുണ്ടായില്ല
പിന്നീടൊരിക്കലും.’
ഈ വരികള്‍ വായനക്കാരനെ സ്പര്‍ശിക്കാതിരിക്കില്ല. വാക്കുകള്‍ നഷ്ടപ്പെടുന്നത്, ഇല്ലാതാവുന്നത് ജീവിതം വെറും ആവര്‍ത്തനമാകുമ്പോഴാണെന്ന് സാരം.
നുറുങ്ങുകള്‍
$ചില ആഴ്ചപ്പതിപ്പുകള്‍, വര്‍ഷങ്ങളോളം, ഏതാനും എഴുത്തുകാര്‍ക്ക് വേണ്ടി മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്. മിക്കവാറും ലക്കങ്ങളിലും ഇവരുടെ കവിതകള്‍ വന്നുകൊണ്ടിരിക്കും. വായനക്കാര്‍ക്ക് ഒരു പ്രസക്തിയുമില്ല. ഇങ്ങനെ എല്ലാ ലക്കങ്ങളിലുമെന്നപോലെ തങ്ങളുടെ കവിതകള്‍ ഒരു പംക്തി പോലെ തന്നെ പ്രസിദ്ധീകരിച്ചു കാണുന്നതില്‍ ഈ എഴുത്തുകാര്‍ക്ക് യാതൊരു ജാള്യതയുമില്ല.
$വാട്‌സാപ്പ് ലൈവ്, വെബിനാര്‍, ഫേസ്ബുക്ക് ലൈവ് തുടങ്ങിയ മാര്‍ഗ്ഗങ്ങളിലാണ് ഇപ്പോള്‍ സാഹിത്യ സമ്മേളനങ്ങള്‍ നടക്കുന്നത്. പരസ്പരം കാണാതെ, ഒന്നിനെക്കുറിച്ചും ആകുലതയില്ലാതെ, ആരോടും അനുതാപമില്ലാതെ സ്വന്തം ജീര്‍ണതയില്‍ തന്നെ ആഴ്ന്നിറങ്ങി ചെല്ലാന്‍ ഒരു അഭ്യസ്തവിദ്യനെ ഇത് സഹായിക്കുന്നുണ്ട്.
$പ്രമുഖ അര്‍ജന്റയിന്‍ എഴുത്തുകാരനായ ഫെര്‍നാണ്ടോ സൊറെന്റിനോ (Fernando Sorrentino) പറഞ്ഞത്, എന്ത് എഴുതിയാലും എങ്ങനെ എഴുതുന്നു എന്നതിലാണ് പ്രധാനമെന്നാണ്. ഇതാണ് മൗലികത നിശ്ചയിക്കുന്നത്. സാഹിത്യത്തില്‍ മൗലികതയുണ്ട്. പക്ഷേ, അത് ഉള്ളടക്കത്തെ ആശ്രയിച്ചല്ല നില്ക്കുന്നത്; പ്രതിപാദന രീതിയിലാണ്. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”ജന്മനാ ജീനിയസായി ആരുമില്ല. അറിവ് നേടുകയാണ് വേണ്ടത്. പഠനവും കഠിനമായ അദ്ധ്വാനവും സാഹിത്യത്തില്‍ ഗുണം ചെയ്യും.”
$കേംബ്രിഡ്ജ് ചിന്തകനായ റെയ്മണ്ട് ഗിയൂസ് (Raymond Geuss) എഴുതിയ Who needs a world view എന്ന പുസ്തകം പരമ്പരാഗതവും പാശ്ചാത്യവുമായ തത്ത്വചിന്തകളുടെ ആധിപത്യത്തിനെതിരെ നിലപാടെടുക്കുന്നു. ഒരു ലോകവീക്ഷണം ഉണ്ടായിരിക്കുന്നത്, ഒരു വ്യക്തിയുടെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാണത്രേ. കമ്മ്യൂണിസവും ക്രിസ്തുമതവുമാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന രണ്ട് പ്രധാന ലോകവീക്ഷണങ്ങള്‍. വ്യക്തികളെ അവരുടെ പരാജയങ്ങളില്‍, ദുരിതങ്ങളില്‍, ദു:ഖങ്ങളില്‍ അലയാന്‍ വിട്ടിട്ട് ഏതോ കര്‍മ്മപദ്ധതി മുന്നോട്ടു വയ്ക്കുകയാണ് ഈ ലോകവീക്ഷണങ്ങള്‍. മനുഷ്യനു ഉപകാരപ്രദമായ രീതിയില്‍ ഇലാസ്തികമായ തത്ത്വചിന്ത വേണമെന്ന് അദ്ദേഹം വാദിക്കുന്നു.
$വേദാന്തം സാഹിത്യത്തില്‍ അവതരിപ്പിക്കുന്നതും വേദാന്തത്തിന്റെ അനുഭൂതി ആവിഷ്‌കരിക്കുന്നതും രണ്ടും രണ്ടാണ്.
$സ്വാമി വിവേകാനന്ദന്‍ അതുല്യവും ഗഹനവും സുന്ദരവുമായ ജ്ഞാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ഒരാള്‍ക്കും നിങ്ങളെ ജ്ഞാനിയാക്കാനാവില്ല. ആത്മീയ ബോധത്തിലേക്ക് നയിക്കാനാവില്ല. പഠിപ്പിച്ചു തരാന്‍ വേറൊരു ആചാര്യനില്ല. നിങ്ങളെ ബോധവത്ക്കരിക്കാന്‍ നിങ്ങളുടെ അന്തര്യാമിയായ മനസു മാത്രം.
$ചെപ്പു കിലക്കണ ചങ്ങാതി എന്ന് ഹൃദയം തുറന്നു പാടുന്ന കെ.പി.എ.സി. സുലോചന ആ ഗാനത്തിലൂടെ മലയാളിയുടെ തനിമയായ ഒരു സാംസ്‌കാരിക വിശേഷം സംക്രമിപ്പിച്ചു.