1921 മാപ്പിള ലഹള
സി. ഗോപാലന്‍ നായര്‍
വിവര്‍ത്തനം: പി. നാരായണന്‍
ആര്യസമാജം വെള്ളിനേഴി
പേജ്: 225 വില: 250
മാപ്പിളക്കലാപത്തെ സ്വാതന്ത്ര്യസമരമാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ഇസ്ലാമിക തീവ്രവാദികളും ഇടതുപക്ഷ വിശാരദന്മാരും ഒന്നിച്ചു നടത്തുമ്പോള്‍ അതിനെതിരെ ആശയപ്പോരാട്ടത്തിന് തുനിഞ്ഞിറങ്ങുന്നവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ് സി. ഗോപാലന്‍ നായര്‍ എഴുതിയ ‘1921 മാപ്പില ലഹള’. മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയുടെ നേര്‍ച്ചിത്രമറിയാവുന്ന അന്നത്തെ റിട്ടയേര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ ദിവാന്‍ ബഹദൂര്‍ സി. ഗോപാലന്‍ നായരുടെ വിവരണം മാപ്പിളക്കലാപത്തെ മഹത്വവത്കരിക്കുന്ന ഇസ്ലാമിക ഫാസിസ്റ്റുകളുടെ അടിത്തറ തകര്‍ക്കുവാന്‍ പര്യാപ്തമാണ്. മലബാറില്‍ നടന്ന ലഹളയുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ചെഴുതിയ ഈ പുസ്തകത്തിന്റെ ചരിത്രപരമായ പ്രാധാന്യവും അതുതന്നെയാണ്. മലബാറിന്റെ ചരിത്രവും പോലീസ് നടപടികളും കലാപത്തിന്റെ നാള്‍ വഴികളും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഇടപെടലുകളും മാപ്പിള കലാപകാരികളുടെ ക്രൂരമായ നടപടികളും സത്യസന്ധമായി രേഖപ്പെടുത്തിയ ഈ പുസ്തകം ഛിദ്രശക്തികള്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ച യഥാര്‍ത്ഥ ചരിത്രത്തെ നമുക്ക് കാട്ടിത്തരുന്നുണ്ട്. ഈ പുസ്തകത്തില്‍ കൊടു ത്ത ചിത്രങ്ങളും അനുബന്ധവിവരങ്ങളും ചരിത്രപഠിതാക്കള്‍ക്ക് ഏറെ സഹായകരമാണ്. പ്രശസ്ത ഗ്രന്ഥകാരനും ജന്മഭൂമി ദിനപ്പത്രത്തിന്റെ മുന്‍ മുഖ്യപത്രാധിപരുമായ പി. നാരായണനാണ് ഈ പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുള്ളത്. ഗ്രന്ഥകാരനോടും വിവര്‍ത്തകനോടും ദേശീയത ഹൃദയത്തിലേറ്റുവാങ്ങുന്നവരെല്ലാം ശാശ്വതമായി കടപ്പെട്ടിരിക്കുന്നു.
വൈദിക സമീക്ഷാസൂത്രങ്ങള്‍
ആചാര്യ ശ്രീരാജേഷ്
വേദവിദ്യാ പ്രകാശന്‍
കോഴിക്കോട്
പേജ്: 72 വില: 150
വേദപണ്ഡിതനായ ആചാര്യശ്രീരാജേഷ് രചിച്ച ഏറ്റവും പുതിയ പുസ്തകമാണ് ‘വൈദിക സമീക്ഷാസൂത്രങ്ങള്‍’. ദയാനന്ദ സരസ്വതി അവതരിപ്പിച്ച ആര്‍ഷജ്ഞാന പ്രകാശന പദ്ധതിയുടെ വഴിയിലൂടെ പിഴയ്ക്കാത്ത ചുവടുവെയ്പ്പുകളോടെ സഞ്ചരിക്കുന്ന ഗ്രന്ഥമാണിത്. വൈദികമായ ഒരു മഹാപാരമ്പര്യത്തിന്റെ ശാസ്ത്രബദ്ധമായ സമീപനത്തിന്റെ ഉള്ളുണര്‍വ്വുകളെ കൃത്യമായി ഏറ്റുവാങ്ങുകയും അര്‍ത്ഥബോധത്തോടെ അവയെ വിശകലനം ചെയ്യുകയും ആഴത്തിലുള്ള പഠനങ്ങള്‍ക്ക് പ്രേരണയേകുകയും ചെയ്യുന്ന ഈ ഗ്രന്ഥം പഠിതാക്കള്‍ക്ക് ഒരു വിലപ്പെട്ട നിധിയാണ്. സൂത്രപാഠം, വൈദിക സമീക്ഷാസൂത്രവ്യാഖ്യാനം, വേദസമീക്ഷ, തത്ത്വസമീക്ഷ, ധര്‍മ്മസമീക്ഷ, കര്‍മസമീക്ഷ, സൂത്രസൂചി എന്നിങ്ങനെ ക്രമീകരിച്ച ഉള്ളടക്കം തന്നെ ഈ ഗ്രന്ഥത്തിന്റെ യുക്തിഭദ്രത വിളംബരം ചെയ്യുന്നു. ദയാനന്ദ സാഹിത്യത്തിന്റെ അമരവും വിശ്രുതവുമായ ചിന്താസരണികളിലേക്ക് ജിജ്ഞാസുക്കളെ ഉപനയിക്കുന്ന ഈ ഗ്രന്ഥം വൈദികസാഹിത്യശാഖയ്ക്ക് സമീപകാലത്ത് ലഭിച്ച മികച്ച ഉപലബ്ധി തന്നെ.
ഒപ്പാരി (കവിതകള്‍)
മനു കാരയാട്
യെസ്പ്രസ് ബുക്‌സ്
പെരുമ്പാവൂര്‍
പേജ്: 80 വില: 90 രൂപ
സഹൃദയരുടെ ഹൃദയത്തില്‍ ആഹ്ലാദം പ്രദാനം ചെയ്യലാകണം കവിതയുടെ പരമമായ ലക്ഷ്യം എന്ന ഒരു വീക്ഷണമുണ്ട്. കവി തന്റെ ജീവിത വീക്ഷണങ്ങള്‍ കൊണ്ട് ദുഃഖാനുഭവങ്ങളെ സുഖാനുഭൂതിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. സംസാരിക്കുന്ന ചിത്രമാണ് കവിത എന്നും ഒരഭിപ്രായം നിലനില്‍ക്കുന്നു. തീവ്രമായ ജീവിതാനുഭവങ്ങള്‍ ആധുനിക ശൈലിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് മനു കാരയാട് തന്റെ ‘ഒപ്പാരി’ എന്ന കവിതാ സമാഹാരത്തില്‍. കവി പ്രത്യാശിക്കുന്ന പോലെ കവിതകളിലെ കതിരും പതിരും തിരയാനുള്ള കര്‍ത്തവ്യം കവിതാസ്വാദകര്‍ക്കാണ്. ഭാവുകങ്ങള്‍.