സാഹിത്യത്തിന് ഓര്‍മ്മകള്‍ ഒഴിവാക്കാനാവില്ല. ഓര്‍മ്മകള്‍ അതിന്റെ രക്തമാണ്. ആത്മാവുമാണ്. അസ്തിത്വമാണ്, അസ്തിത്വത്തിന്റെ തെളിവാണ്. ജീവിച്ചതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വേറൊരു ജീവിതമാകുകയാണ്.
എന്നാല്‍ ഓര്‍മ്മകളോടുള്ള അതിരുവിട്ട ആസക്തി, ചിലപ്പോള്‍ എഴുത്തിന്റെ ഗൗരവം കുറയ്ക്കാനും ഇടയാക്കുന്നു. ഉപരിപഌവമായ ഓര്‍മ്മകള്‍ പ്രത്യേകിച്ചൊന്നും തരുന്നില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ കൂടുതല്‍ വിശദമായി എഴുതേണ്ടതില്ല. അത് അധികപ്രസംഗമല്ല, അതിദാരുണമായ ഒരവസ്ഥയായി മാറാം. സ്വന്തമായി ഒന്നും പറയാനില്ലാതെ വരുമ്പോഴാണ് എഴുത്തുകാരന്‍ എല്ലാവരുടെയും ഓര്‍മ്മകളെ ആശ്രയിക്കുന്നത്. ഇത് ഒരു വീഴ്ചയാണ്.
ഓര്‍മ്മയെഴുത്ത് ഇവിടെ രണ്ടായി പിരിയുകയാണ്. എല്ലാവര്‍ക്കും അറിയാവുന്ന ഒരു ഭൂതകാലം നല്ലൊരു എഴുത്തുകാരന് വെല്ലുവിളിയാകുന്നില്ല. അതില്‍ വിശേഷിച്ചൊന്നുമില്ലല്ലോ. അത് പലതും കയറിയിറങ്ങിപ്പോയ ഒരു പൊതുവഴി മാത്രമാണ്. എന്നാല്‍ അജ്ഞാത വഴികള്‍ തേടുമ്പോഴാണ് സാഹിത്യമുണ്ടാകുന്നത്. ആരുടെയും ഓര്‍മ്മയില്‍ ഇല്ലാത്തത് പര്യവേഷണം ചെയ്ത് കണ്ടുപിടിക്കണം. പ്രമുഖ ഫ്രഞ്ച് എഴുത്തുകാരനായ മാര്‍സല്‍ പ്രൂസ്ത് (Marcel Prousth 1871-1922) ഒരു മഹാസ്തംഭമായി ഈ വഴിയില്‍ നില്ക്കുകയാണ്. പ്രൂസ്തിന്റെ നോവല്‍ Things Remembrance- Past ആ പേരുകൊണ്ടു തന്നെ വ്യക്തമാണല്ലോ, ഭൂതകാലത്തെ സൃഷ്ടിക്കുകയാണ്! ഭൂതകാലത്തെ എഴുതുന്നതും സൃഷ്ടിക്കുന്നതും ഒന്നല്ല. സാഹിത്യഅക്കാദമിയും ഉത്തരാധുനികരും ചെയ്യുന്നത് ഭൂതകാലത്തെ എഴുതുക മാത്രമാണ്. എങ്ങനെയാണ് പന്നിയിറച്ചി കറി വച്ചത്, കല്യാണത്തലേന്ന് സദ്യയൊരുക്കിയത് തുടങ്ങിയവ എഴുതുന്നത് പൊതു ഓര്‍മ്മകളുടെ ഭാഗമാണ്.
താന്‍ മാത്രമല്ല ജീവിച്ചത് എന്നാണ് ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നതിലൂടെ പ്രൂസ്ത് അര്‍ത്ഥമാക്കുന്നത്. ഇത് സ്വന്തം മനസ്സിന്റെ നിര്‍മ്മാണവുമാണ്.
1922 ലാണ് പ്രൂസ്തിന്റെ ഏഴ് വാല്യങ്ങളുള്ള ‘റിമബ്രന്‍സ് ഓഫ് തിംഗ്‌സ് പാസ്റ്റ്’ഫ്രഞ്ചില്‍ നിന്ന് ഇംഗഌഷിലേക്ക് പരിഭാഷപ്പെടുത്തിയത്. പിന്നീട് പുതിയ പതിപ്പ് തയാറാക്കിയപ്പോള്‍ ഇതിന്റെ പേര് In Search of Lost Time എന്നാക്കി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ എഴുത്തുകാരനാണ് പ്രൂസ്ത് എന്ന് ഇംഗഌഷ് നോവലിസ്റ്റ് ഗ്രഹാം ഗ്രീന്‍ പറഞ്ഞു.
ഓര്‍മ്മകളുടെ രഹസ്യം
പ്രൂസ്തിന്റെ ഓര്‍മ്മകളുടെ നിര്‍മ്മാണം എന്ന സങ്കേതം ഇന്ന് സാഹിത്യലോകം ഒരു വേദപുസ്തകം പോലെ പിന്തുടരുന്നുണ്ട്. ഒരാളുടെ സര്‍ഗ്ഗശേഷിക്കൊത്താണ് ഇത് വിപുലമാകുന്നത്. എന്നാല്‍ ഇവിടെ കുറേക്കൂടി ഗൗരവമായ ഒരു കണ്ടെത്തല്‍ ആവശ്യമായിരിക്കുന്നു. ഒരാള്‍ ഓര്‍മ്മകള്‍ എങ്ങനെ കണ്ടെത്തും? അത് ഒരാളുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകളില്‍ നിന്നാണ് ഉണ്ടാകുന്നത്. നമുക്ക് ഇഷ്ടമുള്ളത്, നമ്മെ ഏതെങ്കിലും തരത്തില്‍ ആകര്‍ഷിക്കുന്നത് മാത്രമേ നമ്മുടെ ഓര്‍മ്മകളായി പരിണമിക്കുകയുള്ളു. അല്ലാത്തതൊക്കെ വ്യക്തിയുടെ വ്യവസ്ഥയില്‍ നിന്ന് പുറന്തള്ളപ്പെടും. നമ്മുടെ നിരീക്ഷണത്തിനു വിധേയമാകാത്തതെല്ലാം ജൈവവ്യവസ്ഥയുമായി ചേരാത്തതാണ്. മനസ്സിനും ശരീരത്തിനും ആവശ്യമുള്ളതാണ് ഓര്‍മ്മകളായി നാം കൊണ്ടുനടക്കുന്നത്. ഇത് ബോധപൂര്‍വ്വം സംഭവിക്കുന്നതല്ല. ആന്തരികമായ ഒരു സംവേദനക്ഷമതയുണ്ട്. ഇത് വ്യക്തിപരമായ ജൈവവ്യവസ്ഥയില്‍ നിന്നാണ് ഉണ്ടാകുന്നത്. അമ്പതു വയസ്സുള്ള ഒരാള്‍ സൂക്ഷ്മമായി ഓര്‍ക്കുന്നതെല്ലാം, അയാളുടെ ശാരീരിക, മാനസിക സവിശേഷതകള്‍ മൂലം ആകര്‍ഷിക്കപ്പെട്ടതാണ്. അതില്‍ എല്ലാ വികാരങ്ങളുമുണ്ട്. അതുകൊണ്ട് ഓര്‍മ്മകളില്‍ അഭിരുചി ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതാണ് ഓര്‍മ്മകളുടെ രഹസ്യം.
തന്റെ ഓര്‍മ്മകളെ സമീപിക്കുന്നതിലൂടെ, അതിന്റെ നിര്‍മ്മാണത്തിലൂടെ എഴുത്തുകാരന്‍ സ്വന്തം മനസ്സിനെയുമാണ് നിര്‍മ്മിക്കുന്നത്. അങ്ങനെ അത് ഭാഷയുടെ അവബോധമാകുന്നു. കോവിലന്റെ ‘തട്ടകം’ എന്ന നോവല്‍ അദ്ദേഹത്തിന്റെ വിചിത്രമായ കുട്ടിക്കാലത്തിന്റെയും ഭൂതകാലത്തിന്റെയും കണ്ടുപിടിത്തമാണ്. അതിലൂടെ നമ്മളെല്ലാം ജീവിക്കുകയാണ്. ഭാഷയാണ് ഇതിലൂടെ വീണ്ടെടുക്കപ്പെടുന്നത്.
ഭാഷ, ദൈനംദിന മാധ്യമവത്ക്കരണത്തിന്റെ ചക്കിലിട്ട് വരണ്ടുപോവുകയാണല്ലോ. നിശ്ചിത നീളത്തിലും വണ്ണത്തിലും തൂക്കത്തിലുമുള്ള ഒരു ഭാഷയിലേക്ക് നാം കൃത്യമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഈ ഭാഷ പതിറ്റാണ്ടുകളായി മൂടപ്പെട്ടുകിടക്കുന്ന വംശീയസ്മൃതികളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ലാതെ വരുമ്പോഴാണ് പതിയ ഭാഷ ആവശ്യമായി വരുന്നത്. ആലോചനകള്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു മൂശയിലേക്ക് പോകുന്നത് സൂക്ഷ്മതകള്‍ നഷടപ്പെടാനിടയാക്കും.
നമ്മള്‍ ജീവിച്ചതാണ് നമ്മുടെ കാലം. അത് ഭൂതകാലമായാണ് അവശേഷിക്കുന്നത്. ഇത് തിരിച്ചറിയുന്നത് ആത്മീയമായ ഒരു ലോകത്തിലേക്ക് നമ്മെ എത്തിക്കും.
ഭൂതകാലം മുറിവേല്പിക്കുന്നത്
പ്രമുഖ നോവലിസ്റ്റ് മിലാന്‍ കുന്ദേര (Milan Kundera)- ഗൃഹാതുരത്വത്തെ വേറൊരു രീതിയില്‍ നിരീക്ഷിച്ചത് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
The suffering caused by an unappeased yearning to return എന്ന് കുന്ദേര പറഞ്ഞത് വെറും പിന്തിരിഞ്ഞു നോട്ടമല്ല ഗൃഹാതുരത്വം എന്ന് വിശദമാക്കുകയാണ്. അത് സഫലമാവാത്ത ഓര്‍മ്മകളുടെ തിരിച്ചുവരവാണ്. യാതനകളുണ്ടാക്കുന്നത് ഈ ഓര്‍മ്മകളാണ്. ഭൂതകാലത്താല്‍ മുറിവേറ്റവരാണ് സ്വന്തം ഓര്‍മ്മകള്‍ നിര്‍മ്മിച്ചെടുക്കുന്നത്.
സന്തോഷകരമായി തോന്നിയ നിമിഷങ്ങള്‍ ഓര്‍മ്മകളായി രൂപാന്തരപ്പെടുമ്പോള്‍ അത് വേറൊരു അനുഭൂതിയാണ്. ഓര്‍മ്മകള്‍ അതേ രീതിയില്‍ എഴുതുകയല്ല കോവിലന്‍ ചെയ്തത്. അദ്ദേഹം അത് കണ്ടെത്തുകയായിരുന്നു. താന്‍ ജീവിച്ച, ജീവിക്കുന്ന മനുഷ്യനാണെന്ന് കണ്ടെത്താന്‍ കോവിലന് ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു. താന്‍ നേടിയ വാര്‍ദ്ധക്യത്തിന്റെ അര്‍ത്ഥം എന്താണെന്ന് ഇതിലൂടെ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു.
വായന
കേരള സാഹിത്യഅക്കാദമിയുടെ യു.ജി.സി പ്രസിദ്ധീകരണമായ സാഹിത്യ ചക്രവാളത്തില്‍ (ആഗസ്റ്റ്) അജയ് പി.മങ്ങാട്ട് എഴുതിയ ‘മാനവരാശിക്ക് ശേഷമുള്ള ഗാനങ്ങള്‍’ എന്ന ലേഖനം ഒരു വ്യക്തതയില്ലാതെ അവസാനിച്ചു. സ്പാനിഷ് നോവലിസ്റ്റ് ജാവിയര്‍ മരിയാസിന്റെ Tommorrow in the battle think on me- എന്ന നോവലിലെ പ്രധാന കഥാപാത്രം ബാറില്‍ വച്ചു കണ്ട സ്ത്രീയോടൊന്നിച്ച് കഴിയുന്ന രംഗം പരാമര്‍ശിച്ചിരിക്കുന്നു. ഇതിന്റെ ഉറവിടത്തെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. എന്താണ് ഈ ലേഖനത്തില്‍ ആ ഭാഗത്തിനുള്ള പ്രസക്തി. പട്ടിണി കിടന്നു മരിച്ച ആരെങ്കിലും നമ്മുടെ ഭാഷയെ തട്ടിയുണര്‍ത്തുമെന്ന് ലേഖനത്തിന്റെ ഒടുവില്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് മങ്ങാട്ടിന്റെ സ്വന്തം ചിന്തയല്ലെന്ന് വ്യക്തം. അങ്ങനെ ആയിരുന്നെങ്കില്‍ അത് വിശദീകരിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നു.ഇതേ ലക്കത്തില്‍ സുനില്‍. പി.ഇളയിടത്തിന്റെ മഹാഭാരത ചരിത്രം എന്ന പുസ്തകത്തെക്കുറിച്ച് ഡോ.കെ.ജി. പൗലോസ് ഏഴ് പേജ് ഉപന്യസിച്ചിരിക്കുന്നു! ഞാന്‍ മനസ്സിലാക്കുന്നത് ഇളയിടം അക്കാദമിയുടെ ഏതോ ഭാരവാഹിത്വമുള്ള ആളാണ് എന്നാണ്. ആ നിലയ്ക്ക് അധികാര ദുര്‍വിനിയോഗമാണിത്. രാഷ്ട്രീയ പക്ഷപാതം വച്ച് ലേഖനം എഴുതുന്നതിന്റെ അപകട സാധ്യതയെക്കുറിച്ച് കെ.ജി.പൗലോസും ചിന്തിച്ചില്ല.
റായിയുടെ മുഖചിത്രം
മഹാനായ സത്യജിത് റായിയുടെ ജന്മശതാബ്ദി എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് (ആഗസ്റ്റ്2) തയ്യാറാക്കിയ പ്രത്യേക ലക്കത്തിന്റെ കവര്‍ ചിത്രം ഉചിതമായില്ല.റായിയെ ഒരു യുവകോമളനായി കാണിച്ചാല്‍ എത്ര പ്രേക്ഷകര്‍ ഇഷ്ടപ്പെടും? റായി കുടുംബനാഥനായതുകൊണ്ടോ, ബംഗാളി സംവിധായകനായതുകൊണ്ടോ അല്ല ഒരു പ്രത്യേക ലക്കം ഇറക്കുന്നത്. ‘പഥേര്‍ പാഞ്ചാലി’ എന്ന മഹാചിത്രം സംവിധാനം ചെയ്തതുകൊണ്ടാണ്. വായനക്കാര്‍ പ്രതീക്ഷിക്കുന്നത് റായിയുടെ ‘യൂത്ത് കോണ്‍ഗ്രസ്’പടമല്ല. ഒരു സുന്ദരനെന്ന നിലയിലുള്ള പടവും, ‘അപുത്രയ’ത്തിന്റെ സംവിധായകനെന്ന നിലയിലുള്ള പടവും തമ്മില്‍ വ്യത്യാസമുണ്ട്.
ഭാരതത്തിന്റെ ആത്മീയ നവോത്ഥാനം എന്ന് വിവരിക്കാവുന്ന നവീന ക്ഷേത്രങ്ങളെപ്പറ്റി ഡോ. മധു മീനച്ചില്‍ എഴുതുന്ന യാത്രാ വിവരണം (കേസരി, ആഗസ്റ്റ് 7 ) ഗുജറാത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് വളരെ ഉപകാരപ്പെടും. മഹാസംസ്‌കാരത്തിന്റെ കാല്‍പ്പെരുമാറ്റം ഈ ലേഖനത്തില്‍ കേള്‍ക്കാം. ദ്വാരകാധീശനും സോമനാഥനും സ്വാമിനാരായണനും സൂര്യഭഗവാനും എല്ലാം നമ്മെ വീണ്ടും ആത്മീയഹര്‍ഷത്തിലേക്ക് നയിക്കുന്നു. ഭാരതത്തിന്റെ വലിയ സമ്പത്താണ് മനോഹരങ്ങളായ ക്ഷേത്രങ്ങള്‍. അത് പെട്ടെന്ന് അഴുക്ക് പിടിക്കുന്ന നാഗരിക ജീവിതത്തിനു ബദലായി സ്‌നാനം, വിശുദ്ധി, പ്രാര്‍ത്ഥന, ധ്യാനം, ശാന്തി എന്നിവയിലൂടെ ഒരു സമാന്തര സാംസ്‌കാരികത സൃഷ്ടിച്ചിരിക്കുന്നു.
ഗ്‌ളോറിയ അരീര
സ്വാമി ചിന്മയാനന്ദന്റെയും സ്വാമി ദയാനന്ദ സരസ്വതിയുടെയും ശിഷ്യയായ ബ്രസീലിയന്‍ സന്യാസിനി ഗ്‌ളോറിയ അരീര (Gloria Arieira) യുമായി പ്രദീപ് കൃഷ്ണന്‍ നടത്തിയ അഭിമുഖം (ഹിന്ദുവിശ്വ, ജൂലായ്) അവര്‍ക്ക് അടുത്തിടെ പത്മശ്രീ ബഹുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ശ്രദ്ധേയമാകുന്നത്. അവര്‍ ഇങ്ങനെ പറഞ്ഞു: ഹിന്ദു സംസ്‌കാരത്തിന്റെ അടിസ്ഥാനമെന്ന നിലയില്‍ വേദങ്ങളെ എല്ലാവരും ആദരിക്കുകയും പഠിക്കുകയും വേണം. ഭാരതത്തിലെ മുഴുവന്‍ കല, ശാസ്ത്രം തുടങ്ങിയവ യഥാര്‍ത്ഥത്തില്‍ വേദങ്ങളില്‍ നിന്നുമാണ് ഉണ്ടായത്. അതാണ് ഹൈന്ദവ ദര്‍ശനത്തിന്റെ വേര്. അതാണ് ഭാരതവും ഇതര രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം.
നുറുങ്ങുകള്‍
-
ടി.പത്മനാഭന്റെ ‘ഗൗരി’ എന്ന കഥയെക്കുറിച്ച് കെ.പി.അപ്പന്‍ എഴുതിയ ലേഖനത്തിന്റെ പേര് ‘പ്രണയത്തിന്റെ അധരസിന്ദൂരം’ എന്നാണ്. ഇതുപോലുള്ള പേരിടണമെങ്കില്‍ കലാകാരനാകണം. സാധാരണ കലാശാലാ അദ്ധ്യാപക വിമര്‍ശകര്‍ക്ക് കലയുടെ പൊടിപോലും കൈവശമില്ലാത്തതുകൊണ്ട് ഇത്തരം ടൈറ്റിലുകള്‍ ബാലികേറാമലയാണ്.
-
ബംഗാളി സംവിധായകനായ സത്യജിത് റായിയുടെ ‘പഥേര്‍ പാഞ്ചാലി’ എന്ന സിനിമ എക്കാലത്തെയും ഇന്ത്യന്‍ ക്ലാസിക്കാണല്ലോ. ഇതിനെ ചിലര്‍ ഇപ്പോഴും ‘പഥേര്‍ പാഞ്ചലി’ എന്ന് വിളിക്കുന്നു. പാഞ്ചലിയല്ല, പാഞ്ചാലിയാണ് ശരി. സത്യജിത് റായ് ഇംഗഌഷില്‍ നല്കിയ അഭിമുഖങ്ങളില്‍ പഥേര്‍ പാഞ്ചാലി എന്നാണ് പറയുന്നത്.
-
ഓസ്ട്രിയന്‍ മനശ്ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡ്(1856-1939) മനുഷ്യനെക്കുറിച്ച് വലിയൊരു പ്രഖ്യാപനം നടത്തി. പുറത്ത് പ്രകടിപ്പിക്കാത്തതും അമര്‍ത്തപ്പെട്ടതുമായ മനുഷ്യവികാരങ്ങള്‍ വെറുതെയിരിക്കുന്നില്ലെന്ന്. അതൊരിക്കലും മരിക്കുന്നില്ല. അതിനെ ജീവനോടെ കുഴിച്ചുമൂടിയാലും തിരിച്ചു വരും. വളരെ അപകടകരമായ വിധത്തില്‍. മുപ്പതു വര്‍ഷം ഗവേഷണം ചെയ്തിട്ടും അദ്ദേഹത്തിനു ഉത്തരം ലഭിക്കാത്ത ഒരു ചോദ്യമുണ്ട്; ഒരു പെണ്ണ് എന്താണ് ആഗ്രഹിക്കുന്നത്?
-
വയലാര്‍ അവാര്‍ഡ് കമ്മറ്റിക്കാര്‍ ഇത്തവണ ധാരാളം പേരോട് മൂന്ന് കൃതികള്‍ തിരഞ്ഞെടുത്ത് നല്കണമെന്ന് അഭ്യര്‍ത്ഥിച്ച് കത്തയച്ചിരിക്കയാണ്. എന്തിനാണ് അയക്കുന്നത്? നിങ്ങള്‍ ഒരിക്കലും അത്തരം വോട്ടെടുപ്പിലൂടെയല്ല കൃതികള്‍ നിശ്ചയിക്കുന്നതെന്ന് അറിയാവുന്നതുകൊണ്ടാണ് അയക്കാത്തത്.
-
ചൈനയുടെ അതിര്‍ത്തിയിലെ അക്രമങ്ങള്‍, കൊറോണ വ്യാപനം, പ്രളയം തുടങ്ങി എത്രയോ വിഷയങ്ങള്‍ ഉണ്ടായിട്ടും ചില പ്രസാധകരുടെ തടവറയില്‍ കഴിയുന്ന കുറെ ഒപ്പിടല്‍ എഴുത്തുകാര്‍ പ്രതികരണങ്ങളുമായി എത്തിയില്ല. ഒപ്പിട്ട് കൂട്ടത്തോടെ ഏകാഭിപ്രായത്തിന്റെ കൈത്തഴമ്പുമായി മാളങ്ങളിലേക്ക് മടങ്ങുന്നത് കാണാന്‍ രസമാണ്.