കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ലോകം കെടുതികള്‍ അനവധി കണ്ടു; ചിലത് സര്‍വ്വസംഹാരകങ്ങളായ മഹായുദ്ധങ്ങളായിരുന്നു. മനുഷ്യവംശത്തെ തുടച്ചുനീക്കാനെന്ന വണ്ണം മഹാമാരികള്‍ പലതും വന്നു; ചുഴലിക്കാറ്റുകള്‍ പല പേരിലും താണ്ഡവമാടി. സുനാമികള്‍ ദേശഭേദമില്ലാതെ തീരങ്ങള്‍ കവര്‍ന്നു; ലക്ഷം ലക്ഷം മനുഷ്യ ജീവിതങ്ങളൊടുങ്ങി. ഇവകളുടെ പ്രചണ്ഡതയില്‍ ഉലയാത്ത ഭൂഖണ്ഡങ്ങളില്ലായിരുന്നു. പക്ഷേ, പാഞ്ഞു വന്നതിനും അലച്ചെത്തിയതിനും കടപുഴക്കിയതിനും വ്യാധി പരത്തിയതിനുമൊന്നും മനുഷ്യ ജീവിതത്തെ ഒന്നാകെ നിശ്ചലമാക്കാന്‍ കഴിഞ്ഞിരുന്നില്ല; സ്തബ്ധതയില്‍ നിര്‍ത്താനുമായിരുന്നില്ല.
അപ്പോഴെല്ലാം, കെടുതികള്‍ കീഴ്‌പ്പെടുത്തിയ ഇടങ്ങളിലൊഴികെ മനുഷ്യ വ്യവഹാരങ്ങള്‍ പതിവുതെറ്റാതെ പുലര്‍ന്നിരുന്നു. കായിക വിനോദങ്ങളും അങ്ങനെ തന്നെയായിരുന്നു. ഇക്കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ടു മഹായുദ്ധങ്ങളുടെ കാലത്തായിരുന്നു കായികലോകം ആദ്യമൊന്ന് വിറങ്ങലിച്ചത്. അന്ന് ഒളിമ്പിക്‌സുകള്‍ മുടങ്ങി; 1916 ലും 20 ലും ഒന്നാം ലോക യുദ്ധകാലത്തും, രണ്ടാം ലോക യുദ്ധം നടക്കുമ്പോള്‍ 1940ലും 44ലും. എന്നാല്‍ അന്നും യുദ്ധം തൊടാത്ത ഇടങ്ങളില്‍ വിവിധ കായിക മത്സരങ്ങള്‍ മുറപോലെ നടന്നിരുന്നു.
മനുഷ്യനെ വല്ലാതെ ഭയപ്പെടുത്തിയ പ്ലേഗും സ്പാനിഷ് ഫഌവും എബോളയും സാര്‍സുമെല്ലാം ലക്ഷങ്ങളുടെ ജീവനെടുത്തെങ്കിലും അവയൊന്നും പ്രഭവ കേന്ദ്രത്തില്‍ നിന്നും ഏറെ ദൂരം സഞ്ചരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തുടല്‍ വീണിരുന്നില്ല; കായിക പ്രവര്‍ത്തനങ്ങള്‍ക്കും.
എന്നാല്‍ അറിയപ്പെട്ട ചരിത്രത്തില്‍ ആദ്യമായി കൊറോണ വൈറസ് മനുഷ്യ കായികശേഷിയുടെ കുതിപ്പുകള്‍ക്ക് താല്‍ക്കാലികമായെങ്കിലും തടയിട്ടിരിക്കുന്നു. വൈറസ് ഒടുങ്ങിയിട്ട് എല്ലാം വീണ്ടും തുടങ്ങിയാലും കളത്തിലും പുറത്തും പുതിയ ശീലങ്ങളുണ്ടാകും; ഏറെ കരുതലുമുണ്ടാകും. ഓര്‍ക്കുക, കളിയിടങ്ങളെല്ലാം – ഫീല്‍ഡുകള്‍, ട്രാക്കുകള്‍, കോര്‍ട്ടുകള്‍, വെലോഡ്രോമുകള്‍, റിങ്ങുകള്‍, ഗോദകള്‍, അറീനകള്‍, ഷൂട്ടിങ്ങ് റേഞ്ചുകള്‍ – അങ്ങനെ കായിക മികവുകള്‍ ഉരുകിത്തെളിഞ്ഞ് വരേണ്ട ഇടങ്ങളിലെല്ലാം കോവിഡ് വിലക്കാണ്. ആര്‍പ്പുവിളികളും ആരവങ്ങളും ഉയരേണ്ട ഗ്യാലറികളില്‍ നിശ്ശബ്ദത കൂടൊരുക്കിയിരിക്കുന്നൂ. വിജയപരാജയപ്പട്ടികകളുടെ ഉരുക്കഴിക്കലുകള്‍ക്ക് പൊടുന്നനെ ലോക്ക് വീണിരിക്കുന്നു. അതെ, തല്‍ക്കാലം നല്ലനാളുകളില്‍ കളിക്കളങ്ങള്‍ പകര്‍ന്നുതന്ന സുന്ദരാനുഭൂതികള്‍ ഓര്‍ത്ത്, കായികവേദികളുടെ ഉണര്‍വ്വിനായി കാത്തിരിക്കാം.
കായിക വിനോദങ്ങള്‍ ജീവിതമാക്കിയവര്‍ക്കും അപൂര്‍വ്വനിമിഷങ്ങളുടെ രസാനുഭൂതികള്‍ ആസ്വദിക്കാന്‍ അവസരം പോയവര്‍ക്കും ഉണ്ടായ നഷ്ടങ്ങളില്‍ ചിലതൊന്നും ഇനി തിരിച്ചുപിടിക്കാനാകില്ല. മഹാമാരി ഒഴിഞ്ഞുപോയാല്‍ 2020 ഒളിമ്പിക്‌സ് 2021 ജൂലായ് മാസത്തില്‍ ടോക്കിയോവില്‍ യാഥാര്‍ത്ഥ്യമായേക്കാം. അങ്ങനെയായാല്‍ ഒരു ഒളിമ്പിക്‌സ് നഷ്ടം ഒഴിവാകുകയും തയ്യാറെടുപ്പുകള്‍ വിഫലമാകാതിരിക്കുകയും ചെയ്യും. എന്നാല്‍ 2020ല്‍ തന്നെ നടന്നു തീരേണ്ടതായ പ്രതിവര്‍ഷ കായിക മത്സരങ്ങള്‍ ടെന്നീസിലും ക്രിക്കറ്റിലും ഫുട്‌ബോളിലും ബാഡ്മിന്റണിലും ബാസ്‌കറ്റ്‌ബോളിലും ഷൂട്ടിങ്ങിലുമെല്ലാം – നീട്ടിവയ്ക്കാനാകാത്തതിനാല്‍, ഫലത്തില്‍ നഷ്ടമായിരിക്കുകയാണ്. റോജര്‍ ഫെഡറര്‍, റഫേല്‍ നഡാല്‍, നൊവാക് ജോക്കോവിച്ച് ത്രയങ്ങള്‍ ഒരുക്കുന്ന ടെന്നീസ് ചാരുതയുടെ വിസ്മയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന വ്യത്യസ്ത പ്രതലങ്ങളിലെ ഗ്രാന്റ് സ്ലാമുകള്‍, കോവിഡ് കൊണ്ടുപോയി. അതിവേഗ ക്രിക്കറ്റിന്റെ പുതിയ ഗാഥകള്‍ രചിക്കേണ്ടിയിരുന്ന ഇന്ത്യന്‍ പ്രിമീയര്‍ ലീഗ് ക്രിക്കറ്റ് ഇത്തവണ ഉണ്ടാകില്ലെന്നുറപ്പായി. അതിദ്രുത ചലനങ്ങളാല്‍, അസാമാന്യ മെയ്‌വഴക്കത്താല്‍, അമ്പരപ്പിക്കുന്ന കൃത്യതയാല്‍ കാണികളെ മോഹിപ്പിക്കുന്ന അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ലീഗ് – എന്‍ബിഎ അടച്ചിടലില്‍ അകപ്പെട്ടു.
മേല്‍സൂചിപ്പിച്ച മൂന്ന് കായിക ഇനങ്ങളും നടക്കാതെ വന്നപ്പോള്‍, വലിയ ചേതമുണ്ടായത് മുന്തിയ കളിക്കാര്‍ക്കും അവരുടെ പ്രതിഭയെ വര്‍ഷാവര്‍ഷം വില്‍പ്പനയ്ക്ക് വയ്ക്കുന്ന ലോകത്തെ വന്‍കിട കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കുമായിരുന്നു. സഹസ്രകോടികളാണ് ഇരുകൂട്ടര്‍ക്കും കൈവരാതിരുന്നത്. ലോക ക്രിക്കറ്റിന്റെ വാര്‍ഷിക വിറ്റുവരവില്‍ പകുതിയിലേറെ പണം വിളയുന്ന ഇന്ത്യയില്‍ നടത്തേണ്ടിയിരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, അടച്ചിട്ട മൈതാനത്തെങ്കിലും നടത്താനുള്ള ചില ശ്രമങ്ങള്‍ക്ക്, സര്‍വ്വശക്തരായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് തുടക്കമിട്ടിരുന്നു. പക്ഷേ, അതിരുവിട്ട അത്തരം നീക്കങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് അദ്ധ്യക്ഷന്‍, സാക്ഷാല്‍ സൗരവ് ഗാംഗുലി തയ്യാറാകാതിരുന്നത്, കോവിഡ് കാലത്തെ ശരികളിലൊന്നായി; അഭിനന്ദനീയവുമായി ആ തിരിച്ചറിവ്.
ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ ത്രസിപ്പിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും, സ്പാനിഷ് ലാലിഗയും ഇറ്റാലിയന്‍ സീരിഎയും ജര്‍മ്മന്‍ ബുണ്ടസ് ലിഗയുമെല്ലാം കോവിഡിന് കീഴടങ്ങി. ഏഷ്യയിലെ പ്രമുഖ ലീഗുകളായ ജാപ്പനീസ് ചൈനീസ്, കൊറിയന്‍ ലീഗു മത്സരങ്ങളും സ്തംഭിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കോവിഡിന്റെ വരവിന് മുന്‍പ് പൂര്‍ത്തിയായെങ്കിലും അനുബന്ധമായ സൂപ്പര്‍ കപ്പ് ഉപേക്ഷിക്കേണ്ടി വന്നു. വൈറസ്, ലോകത്തെ മുന്തിയ കളിക്കാരില്‍ ചിലരെ നോട്ടമിട്ട് പിന്മാറി. കാല്‍പ്പന്ത് ഉരുളേണ്ടിയിരുന്ന പുല്‍മൈതാനങ്ങളെല്ലാം നിനച്ചിരിക്കാതെയെത്തിയ ഒഴിവുകാലമാസ്വദിച്ച്, പാദസ്പര്‍ശങ്ങള്‍ക്കായി കാത്തുകിടക്കുന്നു.
എന്നാല്‍ കോവിഡ്, ഇന്ത്യന്‍ കായികരംഗത്ത് സമ്മിശ്രമായ അനുഭവങ്ങളാണുണ്ടാക്കിയത്. ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ യോഗ്യതക്കായുള്ള റാങ്കിംഗ് പോയിന്റ് നേടിയെടുക്കുന്നതിനുള്ള സാദ്ധ്യതകളാണ്, യൂറോപ്പിലും ഏഷ്യയിലുമായി നടക്കേണ്ടിയിരുന്ന സൂപ്പര്‍ – 750, സൂപ്പര്‍ – 500 മത്സരങ്ങളുടെ റദ്ദാക്കലിലൂടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നഷ്ടമായത്. 2018ലെ തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര റാങ്കിംഗില്‍ പിന്നോട്ട് പോയ കിഡമ്പി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, സായ് പ്രണീത്, സൈനാ നേവാള്‍ എന്നിവര്‍ക്ക് തിരിച്ചു വരാനുള്ള അവസരമാണ് റദ്ദാക്കലിലൂടെ ഇല്ലാതെയായത്. ഇനി, ഒളിമ്പിക്‌സിന് മുമ്പുള്ള അന്താരാഷ്ട്ര സര്‍ക്യൂട്ടുകളുടെ അടുത്ത ഊഴങ്ങള്‍ക്കായി കാത്തിരിക്കേണ്ടതുണ്ട്. നിലവില്‍ പി.വി. സിന്ധു മാത്രമാണ് യോഗ്യത കൈവരിച്ചിട്ടുള്ളത്.
ടോക്കിയോയിലേക്ക് യോഗ്യത ഉറപ്പാക്കിയിരുന്ന ഇന്ത്യന്‍ പുരുഷ-വനിതാ ഹോക്കി ടീമുകള്‍ക്ക് നിശ്ചയിച്ചിരുന്ന യൂറോപ്യന്‍ പരിശീലനവും വിവിധരാജ്യങ്ങളുമായുള്ള ടെസ്റ്റ് മത്സരങ്ങളുമാണ് നടക്കാതെ വന്നത്. വര്‍ഷാദ്യം നടന്ന അന്താരാഷ്ട്ര ഹോക്കി പരമ്പരകളില്‍ ലോക ചാമ്പ്യന്മാരായ ബല്‍ജിയത്തേയും മുന്‍നിരക്കാരായ ആസ്‌ത്രേലിയ, ഹോളണ്ട് എന്നിവരേയും തകര്‍ത്ത് ഉജ്ജ്വല ഫോമിലായിരുന്ന ഇന്ത്യന്‍ ടീമിന് അടുത്ത ഒരു വര്‍ഷം ഫോം നിലനിര്‍ത്തുകയെന്നത് കഠിനം തന്നെയാണ്.
ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ അവരുടെ നാട്ടില്‍ പിടിച്ചുകെട്ടിയതിന് ശേഷം കളിച്ച മത്സരങ്ങളില്‍ മങ്ങിപ്പോയ ഇന്ത്യന്‍ ടീം, അവശേഷിച്ച മൂന്നു മത്സരങ്ങളില്‍ തിരിച്ചുവരുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ അടച്ചിടല്‍, ഇഗോര്‍ സ്റ്റിമാച്ചിന്റെ തീവ്ര പരിശീലന പദ്ധതികള്‍ തല്‍ക്കാലത്തേക്കെങ്കിലും പാഴാക്കുകയാണുണ്ടായത് – മത്സരങ്ങള്‍ മൂന്നും മാറ്റി വച്ചതിനാല്‍.
പരിക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷമായി മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്ന ജാവലിനിലെ ഇന്ത്യന്‍ പ്രതിഭ, നീരജ് ചോപ്ര, 2020 തുടക്കത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അന്താരാഷ്ട്ര അത്‌ലറ്റിക് മീറ്റില്‍ 87.86 മീറ്റര്‍ ദൂരം കണ്ടെത്തി ഒളിമ്പിക് യോഗ്യത ഉറപ്പിച്ചിരുന്നു. 22കാരനായ നീരജിന് സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ ഒരു വര്‍ഷം കൂടിലഭിക്കുമെന്നത് ആശ്വാസം നല്‍കുന്നു. മാത്രമല്ല, നിലവില്‍ റാങ്കിങ്ങില്‍ മുമ്പിലുള്ള ഒളിമ്പിക് ചാമ്പ്യന്‍ തോമസ് വോളര്‍, ഒന്നാം റാങ്കുകാരനായ മാഗ്നസ് കിര്‍ട്ട്, ആന്‍ഡ്രിയസ് ഹോഫ്മാന്‍ എന്നീ ജര്‍മ്മന്‍ ത്രയത്തിന് ഒളിമ്പിക്‌സ് എത്തുമ്പോഴേക്കും മുപ്പത് പിന്നിടുമെന്നതും ഇന്ത്യന്‍ താരത്തിന് ഗുണം ചെയ്യും.
ഇനിയും ഒളിമ്പിക് യോഗ്യത നേടാനാകാതിരുന്ന ജിന്‍സണ്‍ ജോണ്‍സന്‍ (1500 മീ) അന്നു റാണി (ജാവലിന്‍) 8.20 മീറ്റര്‍ എന്ന മികച്ച ചാട്ടത്തിന് ശേഷം നേട്ടം ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന എം. ശ്രീശങ്കര്‍ എന്നിവര്‍ക്ക് തയ്യാറെടുപ്പിനായി അധികം സമയം ലഭിക്കുമെന്നുള്ളത് കോവിഡിന്റെ സദ്ഫലമായി കാണാം. എന്നാല്‍ രണ്ടാമത്തെ ഒളിമ്പിക് മെഡലോടെ രംഗം വിടാന്‍ ആലോചിക്കുന്ന മേരി കോമിന് അടുത്തവര്‍ഷം വയസ്സ് മുപ്പത്തിയെട്ടാകും. യോഗ്യത ഉറപ്പായാല്‍ മേരിക്ക് മത്സരിക്കേണ്ടി വരുന്നത് തന്നേക്കാള്‍ പത്തുവയസ്സിലധികം കുറവുള്ള താരങ്ങളുമായിട്ടായിരിക്കും എന്നത് ശുഭോദര്‍ക്കമല്ല. ബോക്‌സിങ്ങില്‍ 38 എന്നത് ചെറുപ്പമല്ല.
കോവിഡിന്റെ രൗദ്രത കുറഞ്ഞുവന്നാല്‍ സപ്തംബര്‍ മാസത്തോടെ കായിക വേദികള്‍ സജീവമാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ അടച്ചിട്ട കളിക്കളങ്ങളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കുള്ളില്‍ പുതിയ ശീലങ്ങളോടെ, ചുവടുവയ്പുകള്‍ ആരംഭിക്കാനാകും. നിലച്ചുപോയ ജീവിതവ്യവഹാരങ്ങള്‍ പുനര്‍ജനിക്കുന്നതോടൊപ്പം കായിക കരുത്തിന്റെ പുതുവിശേഷങ്ങളും കാണാനാകും. പിന്നെ, നിനച്ചിരിക്കാതെ കടന്നുവന്ന് മനുഷ്യകുലത്തെ തടവിലാക്കിയ മഹാവ്യാധിയില്‍ നിന്നും മോചനം കൈവരുമ്പോള്‍, ആകുലതകള്‍ ഒഴിയുമ്പോള്‍, പഴയതുപോലെ തിരിച്ചെത്തും; കളിയിടങ്ങളിലെ ഊര്‍ജ്ജപ്രവാഹവും പ്രസരിപ്പുമെല്ലാം.